19-11-18b

🌾🌾🌾🌾🌾🌾🌾🌾🌾🌾
എണ്ണപ്പാട
ഹെലൻ ഹബില
വിവർത്തനം: നന്ദിനി സി മേനോൻ
🌾🌾🌾🌾🌾🌾🌾🌾🌾🌾

ഓയിൽ ഓൺ വാട്ടർ എന്ന ഹെലൻ ഹബിലയുടെ നോവലിൻറെ പേരുതന്നെ നോവലിൻറെ പ്രതിപാദ്യവും വ്യക്തമാക്കുന്നു. എണ്ണകൊണ്ട് നശിച്ചുപോയ ഗ്രാമങ്ങളുടെ കഥ, തങ്ങളുടെ ഗ്രാമത്തിൽ എണ്ണ ഉണ്ടെന്നു തിരിച്ചറിയുന്നതിനു മുമ്പ് സ്വസ്ഥമായി ജീവിച്ചിരുന്നവർ .തങ്ങളുടെ മണ്ണടരുകളിൽ അടങ്ങിയിരിക്കുന്ന വിഷ പദാർത്ഥത്തെ മാത്രം പേടിച്ചിരുന്ന പാവം നൈജീരിയൻ ജനത, അവിടെ വ്യാവസായികമായി എണ്ണ ഉല്പാദിപ്പി ക്കാം എന്നുകണ്ടെത്തിയതോടെ ആത്മഹത്യ ചെയ്യേണ്ടി വന്നവർ .
പോരാട്ടങ്ങളുടെ കഥയാണ് നൈജീരിയൻ ഗ്രാമീണ നുള്ളത്. പട്ടാളത്തോട് ,പട്ടാളത്തെ എതിർക്കുന്ന വിപ്ലവ സേനയോട് ,;മണ്ണിനെ, വെള്ളത്തെ ,സർവ്വത്തെയും മലീമസമാക്കുന്ന എണ്ണയോട് ,അവർക്ക് പോരാടേണ്ടി വന്നു .ഇത് പോരാട്ടമല്ല ,നിശബ്ദമായി-ഇഞ്ചിഞ്ചായി-മരണം ആക്രമിച്ചു കീഴടക്കുന്നത് ,വേദനയോടെ കണ്ടുകൊണ്ടിരിക്കാൻ വിധിക്കപ്പെട്ട ഒരു ജനതയുടെ കഥ.

 ബ്രിട്ടീഷ് ഓയിൽ കമ്പനിയിലെ എഞ്ചിനീയറുടെ ഭാര്യയുടെ തിരോധാനമാണ് കഥപറയാനുള്ള പശ്ചാത്തലം. എൻജിനീയർക്ക് ഭാര്യയെ തിരിച്ചുകിട്ടണമെന്ന് ആഗ്രഹം ഉണ്ടാകാൻ ഒരു വഴിയുമില്ല .കിട്ടാതിരിക്കുന്ന താവും ഇഷ്ടപ്പെടുക. കാരണം ഭാര്യഭർത്താക്കന്മാർ എന്ന നിലയിൽ അത്രയേറെ അകന്നുകഴിഞ്ഞിരുന്നു അവർ. ആ സ്ത്രീയെ തട്ടിക്കൊണ്ടുപോയത് വിപ്ലവ സംഘടനയാണെന്ന് ഊഹിക്കുന്നു കാരണം പണത്തിന് ആവശ്യത്തിനായി അവിടുത്തെ പോരാളികൾ സാധാരണ സ്വീകരിക്കുന്ന ഒരേർപ്പാടാണ് വെള്ളക്കാരെ തട്ടികൊണ്ടുപോവുക. ബന്ധികളെ വീണ്ടെടുക്കണമെങ്കിൽ അവർക്ക് പണം നൽകണം. വിപ്ലവകാരികളുടെ പ്രധാന ധനാഗമമാർഗ്ഗം കൊള്ളയടിക്കൽ അല്ലെങ്കിൽ തട്ടിക്കൊണ്ടുപോകലാണ് .അവരെ കണ്ടെത്താൻ റൂഫസ് എന്ന നൈജീരിയൻപുതു പത്രപ്രവർത്തകനും പത്രപ്രവർത്തനരംഗത്തെ അതികായനായ സാക്കും നടത്തുന്ന യാത്രയാണ് .

    ആദ്യമായി എണ്ണക്കമ്പനികൾ ഉണ്ടായപ്പോൾ അവയുടെ വെളിച്ചത്തിൽ അവർ രാത്രി ആഘോഷമാക്കി .ആ വെളിച്ചം കച്ചവട സ്ഥലമായി ,വിനോദകേന്ദ്രമായി ,ജീവിതം പറിച്ചുനടുന്ന സ്ഥലമായി, മെല്ലെമെല്ലെ ചിത്രം മാറി .ഓയിൽ കമ്പനികൾ സ്ഥാപിച്ച പൈപ്പ് ലൈനിൽ നിന്നും ചോർന്ന എണ്ണ വെള്ളത്തിനു മേൽ ഒരു പാടയായിപ്പരന്നു .നദിയിലെ മത്സ്യങ്ങൾ ചത്തുപൊന്തി. ഒരു ജീവിക്കും ജീവിക്കാൻ കഴിയാത്ത സ്ഥിതിയായി. എണ്ണക്കമ്പനികൾക്ക് പട്ടാള കാവലായി .അവർ ഗ്രാമങ്ങളെ മുച്ചൂടും നശിപ്പിച്ചു തുടങ്ങി .അവരെ എതിർക്കാൻ വിപ്ലവ സംഘടനകൾ ഉണ്ടായി. എണ്ണക്കിണറുകൾ തീയിട്ടു കൊണ്ട് അവർ വിപ്ലവം നടത്തി .പട്ടാളവും വിപ്ലവകാരികളും ചേർന്ന് ജനങ്ങളെ ആത്മഹത്യയുടെയും കൊലയുടെയും ഒത്തനടുവിൽ നിർത്തി. എണ്ണപ്പാട ആരംഭിക്കുന്നത് റൂഫസ് എന്ന പുതു പത്ര പ്രവർത്തകന്റെ കഥയോടെയാണ് .ഒരു എണ്ണകമ്പനി ദുരന്തത്തിൽ മുഖം പൊള്ളി പോയ സഹോദരി .അതേ കേസിന് അറസ്റ്റിലായ പിതാവ് .നൈജീരിയൻ എണ്ണ ഗ്രാമത്തിൻറെ കഥയാണിത് .

      രണ്ടു ഭാഗങ്ങളാണ് നോവലിനുള്ളത് ആദ്യഭാഗത്തിൽ രണ്ട് പത്രപ്രവർത്തകരുടെ യാത്രയെക്കുറിച്ചാണ് പറയുന്നത് അതിനു തൊട്ടുമുമ്പ് സമാനദൗത്യവുമായി പോയ പത്ര പ്രവർത്തകരിൽ ചിലർ മരിച്ചുപോയതുകൊണ്ട് ഇത് ഏറ്റെടുക്കാൻ ആരുമുണ്ടായിരുന്നില്ല. അങ്ങനെയാണ് തുടക്കക്കാരനായ റൂഫസിന് ഈ ജോലി തരമായത് .ഒപ്പം പോകുന്ന മറ്റൊരു പത്രത്തിൻറെ  പ്രതിനിധിയായ  സാക്ക് ആകട്ടെ പേരെടുത്ത പത്രറിപ്പോർട്ടറാണ് .പക്ഷേ ഇപ്പോൾ അദ്ദേഹത്തിൻറെ കരിയർ ഗ്രാഫ് താഴോട്ടാണ്. സാഹസികമായ അവരുടെ യാത്ര ഒന്നാം ഭാഗത്തിലും ,രോഗിയായ സാക്കിന്റെ മരണവും എണ്ണപ്പാടത്തെ -അല്ല എണ്ണപ്പാടയുടെ കഥയോടൊപ്പം ആ നാടിൻറെ കഥയും- അവിടുത്തെ പോരാട്ടത്തിൻറെയും ,പട്ടാള കാട്ടാളത്തത്തിന്റെയും,എണ്ണപ്പാട മുക്കിക്കൊല്ലുന്ന ഗ്രാമങ്ങളുടെയും
കഥ- രണ്ടാംഭാഗത്തിലും പറയുന്നു.

 264 പേജ് മാത്രമുള്ള ഈ പുസ്തകത്തിൽ നാം കാണാത്ത ജീവിതങ്ങൾ കണ്ടെത്തും;നാം പരിചയിക്കാത്ത ഒട്ടുവളരെ കഥാപാത്രങ്ങളും. കഥപറച്ചിലിന് ഒരു നൈരന്തര്യം കാണാനാവില്ല ഒരു എണ്ണപ്പാടയിലെ സപ്തവർണ്ണചിത്രം എന്നോണം വട്ടം തിരിയുകയാണ് ഈ നോവലും. എങ്കിലും രസച്ചരട് മുറിയുന്നതേയില്ല .മികച്ച സാമൂഹിക പ്രവർത്തകയും വക്കീലുമായ നന്ദിനി മേനോൻറെ വിവർത്തനം നമ്മെ നിരാശപ്പെടുത്തില്ല.ആളുകളോട് ;നോവൽ ആസ്വാദകരോട്, വായിക്കാൻ ശുപാർശ ചെയ്യാവുന്ന വിവർത്തന നോവലാണ് എണ്ണപ്പാട.കറുത്തവന്റെ കണ്ണീരിന്റെ കഥയുടെ മറ്റോരു ചിത്രം.
🌾🌾🌾🌾🌾
രതീഷ് കുമാർ
🌾🌾🌾🌾🌾