21-10-19b

📚📚📚📚📚📚
ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക .
എച്ച്മുക്കുട്ടി
ഡി സി.
പേജ് 270
വില  270

      അവിശ്വസനീയതയുടെ ജീവിതസാക്ഷ്യമാണ് എച്ച്മുക്കുട്ടിയുടെ ആത്മകഥ . ഇതൊരു നോവലോ കഥയോ ആണെങ്കിൽ അവിശ്വസനീയത എന്ന ഒറ്റ കാരണം കൊണ്ട് മാറ്റിവയ്ക്കപ്പെട്ടേക്കാം.  ഇതെൻറെ രക്തവും മാംസവുമാണ് എന്ന സത്യപ്രസ്താവനയോടെ ആത്മകഥയായി  ജനിക്കുമ്പോൾ; അതും ഓരോ പിഴവും അപ്പോൾ തന്നെ ചൂണ്ടിക്കാണിക്കാൻ ആളുകൾ മത്സരിക്കുന്ന  സോഷ്യൽ മീഡിയയിലൂടെ അവതരിക്കുമ്പോൾ , വായനക്കാരുടെ ഹൃദയം നിശ്ചലമായി പോകും. അനുഭവിച്ച സത്യങ്ങൾ പലതും കെട്ടുകഥയാണ് എന്നുപറയുന്ന ഒരു ന്യൂനപക്ഷം സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണല്ലോ. അവരിൽ പലരും ഈ അക്ഷരങ്ങളിലെ  കനൽ സത്യങ്ങളിൽ അസത്യമുണ്ടെന്ന് പ്രകോപിപ്പിച്ചുകൊണ്ടേയിരുന്നു .എന്നാൽ ആധികാരികമായ ഒരു എതിർ ശബ്ദവും ഈ വായനക്കാരന്റെ ശ്രദ്ധയിൽ പതിഞ്ഞിട്ടില്ല. തുറന്നു പറച്ചിലിന്റെ ഞെട്ടലിൽ ഹൃദയംതകർന്നു പോയ ചില സൗഹൃദങ്ങൾ ഇല്ലെന്നല്ല. അവർക്കും ഇതൊന്നും  കള്ളമാണെന്ന് പറയാനാവുന്നില്ല. സത്യമാണെന്ന് വിശ്വസിക്കാനും ആവുന്നില്ല. തൻറെ ശത്രുവിന്റെ ആത്മമിത്രവും,തന്നെ ഏറെ ദ്രോഹിച്ച ആളുമായ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ  രണ്ടുവരിക്കവിത പുസ്തകത്തിൻറെ പേരാക്കത്തക്കവണ്ണം,ചില അറിവുകൾ ബാലചന്ദ്രനെ മാറ്റി മറിച്ചിട്ടുണ്ടെങ്കിൽ, അതിനൊരുകാരണമേ ഉണ്ടാവൂ. അനിഷേധ്യമാണ് സത്യം എന്ന കാരണം.

  ഒരു ബ്രാഹ്മണ യുവതിയും ആശാരി യുവാവും പ്രണയത്തിലൂടെ ഒന്നായി കഴിഞ്ഞാൽ അവരുടെ ജീവിതത്തിൽ ഉണ്ടാകാമെന്ന് സംശയിക്കുന്ന ഒന്നുമല്ല എച്ചുമിക്കുട്ടിയുടെ മാതാപിതാക്കളുടെ ജീവിതത്തിൽ സംഭവിച്ചത്. അവരുടെ ദാമ്പത്യത്തിൽ സംഭവിച്ചുകൊണ്ടിരുന്ന വിരതി ഈ പുസ്തകത്തിന് ശേഷവും ഫേസ്ബുക്കിലൂടെ മകൾ പങ്കുവയ്ക്കുന്നുണ്ട്. സ്വന്തം പിതാവിനെ ഒരു മകൾക്ക് ഇത്രമാത്രം വെറുക്കാൻ കഴിയും എന്ന് ശരാശരി മലയാളിക്ക് ചിന്തിക്കാൻ ആവാത്ത തരത്തിൽ തൊട്ടുമുമ്പെ അഷിത പറഞ്ഞുവച്ചിട്ടുണ്ടല്ലോ! മലയാളിയെ വല്ലാതെ ഞെട്ടിച്ചുകളഞ്ഞു അഷിതയുടെകുറിപ്പുകൾ. അതിനു തൊട്ടു പിന്നാലെയാണ് ഫേസ്ബുക്കിലൂടെ എച്ച്മുക്കുട്ടി തൻറെ അമ്മയുടെ കാമുകനെയും സ്വന്തം കാമുകനെയും തുറന്നു കാട്ടിത്തന്നത്.

      കനൽവഴികളിലൂടെ നടന്ന് എരിഞ്ഞു തീർന്ന ജീവിതങ്ങൾ എന്ന്, എച്ചുമുക്കുട്ടിയുടെ  അമ്മയുടെയും അനുജത്തിയുടെയും അനുഭവങ്ങൾ നമ്മെ വേദനിപ്പിക്കും. അതേ വേദന എച്ച്‌മുവിന്റെ ജീവിതത്തിലും ഉണ്ടായേനെ. എന്നാൽ സഹനത്തിന്റെ ഒരു ആഗ്നേയനിമിഷത്തിൽ പീഡാനുഭവങ്ങൾക്ക് ചായ്ച്ചുകൊടുത്തിരുന്ന സ്വന്തം തല നിവർത്തിവയ്ക്കാനവർ തീരുമാനിച്ചതോടെ ശാരീരികപീഡനങ്ങളുടെ കാണ്ഡം അവസാനിച്ചു. മാനസികപീഡയുടെ അരക്കില്ലത്തിൽ കഴിച്ചുകൂട്ടിയ പിന്നീടുള്ള ദിനരാത്രങ്ങൾ നോവുകൂട്ടി വേദനനുണഞ്ഞ അനുഭവങ്ങളുടേതായിരുന്നു.
സ്വന്തം കുട്ടിയെ സ്വന്തമാക്കാൻ,പിതാവിന്റെ കാമാഗ്നിയിൽനിന്നു രക്ഷിക്കാൻ,അവർ അനുഭവിച്ചതോരോന്നും ഓർക്കുന്നതുപോലും വേദനാജനകമാണ്. ജോസഫും കാന്തിയും പപ്പനും വായനക്കാരെ വിട്ടുപിരിയില്ലൊരിക്കലും.

പുതിയ പതിപ്പ് പറയുന്നു.
ജോസഫ്:പുരുഷന്റെ ബലിഷ്ഠതയിൽ തളർന്ന് വീഴുന്ന ഒരു പാവം പട്ടത്തിപ്പെണ്ണിൽ ഒരു കണ്ണകിക്കണ്ണ് ജ്വലിക്കുന്നത് തിരിച്ചറിയാനാവാത്തവൻ.

പപ്പൻ:ഒരു വിരലനക്കത്തിലോ ഇമയനക്കത്തിലോ അശ്ലീലമറിയിക്കാത്തവൻ ( ഇവിടെയാണ് പുരുഷ ദൈവങ്ങൾ ഉരുവം കൊള്ളുന്നത്. നമിക്കുന്നു)
 സ്വന്തം മക്കളെ മക്കളായി കാണാത്തവർ ഇദ്ദേഹത്തിന്റെ പാദധൂളിയണിയുന്നത് ഉചിതം
ഇനിയമുണ്ട് മറവിക്കു ജയിക്കാനാവാത്ത പേരുകൾ.
ലാറി ബേക്കർ, നിരാലംബയായ ഒരു പെണ്ണിന്റെ നേര്ചികയാൻ കാട്ടിയസൗമനസ്യത്തിന് പ്രണാമം.

ചുള്ളിക്കാട് , തിരിച്ചറിയാൻ വൈകിയെങ്കിലും നേരിനൊപ്പം നിന്നതിന് അഭിവാദ്യങ്ങൾ.
സാറ ടീച്ചർ,താൻ തെറ്റായിരുന്നുവെന്നറിയുന്നനാളിലൊരു കുമ്പസാരം പ്രതീക്ഷിക്കകട്ടെ!.
കവി അയ്യപ്പൻ ലൈംഗിക താൽപ്പര്യങ്ങളില്ലാത്ത ആളെന്ന് ഭാര്യയുടെ നേർസാക്ഷ്യം കേട്ടറിഞ്ഞിട്ടുണ്ട്.ഒരു സാധുവിനെ നോവിച്ചതെന്തിനെന്നിനിയാരോടു ചോദിക്കാൻ.
ഹോട്ടൽക്കാരൻവിളമ്പുന്ന ചോറിലൊതുങ്ങിയ ജീവിയുടെ കുഞ്ഞുമോഹങ്ങളെ ഇത്രവെറുക്കണമായിരുന്നോ എന്ന് എച്ച്മുവിനോടും പരിഭവമുണ്ട്.

രതീഷ്കുമാർ
11/10/19
🌾🌾🌾🌾🌾🌾🌾