09-09-19B

📚📚📚📚📚📚
കഥയില്ലാത്തവന്റെ കഥ
എം എൻ പാലൂര്
പൂർണ്ണ പബ്ലിക്കേഷൻസ്
 പേജ് 114
 (2006) വില 65

ഒരു കവി  ഓർമ്മക്കുറിപ്പ് എഴുതിയാൽ കവിതയുടെ കാൽപ്പാടുകൾ പൂർണ്ണമായും ഒഴിച്ചു നിർത്തുമോ? സാധാരണഗതിയിൽ കവിയുടെ കഥ കവിതയുടെ കഥ കൂടിയാവും .എന്നാൽ  എം എൻ പാലൂരിന്റെ 'കഥയില്ലാത്തവന്റെ കഥ' വ്യക്തി ജീവിതത്തിൻെറ മാത്രം  അനുഭവസാക്ഷ്യമാണ് . സ്വന്തം ജീവിതകഥ എന്നതിലുപരി ഒരു കാലഘട്ടത്തിലെ ബ്രാഹ്മണ ഇല്ലങ്ങളിലെ തരഭേദങ്ങളുടെ കഥകൂടിയാണ്. ആ മനുഷ്യരുടെ വിചിത്രമെന്ന് തോന്നാവുന്ന ഇന്ന് ജീവിതത്തിൻറെ കഥയും.
        ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ തിരുവിതാംകൂർ രാജാവ് പത്മനാഭസ്വാമി ക്ഷേത്രം തീണ്ടിപ്പൊട്ടിച്ചതിന് ശേഷമുള്ള  മുറജപത്തിന്   പങ്കെടുക്കാൻ പ്രമാണിമാരുടെ വാക്ക് ധികരിച്ച് ജ്യേഷ്ഠൻ പോയതും തിരികെ വന്നപ്പോൾ,  കൽപ്പിച്ച പ്രായശ്ചിത്തം അനുസരിക്കാത്ത കുറ്റത്തിന് കോളറ ബാധിച്ച് മരിച്ചസഹോദരിയുടെ ശവം സംസ്കരിക്കാൻ അനുവദിക്കാതിരുന്നതും രണ്ട് ദിവസത്തിന് ശേഷം ഇല്ലത്തെ പുരോഹിതൻ ആയ വിഷ്ണു ഓതിക്കൻ പ്രമാണിമാരെ ധിക്കരിച്ച് ശവസംസ്കാരം നടത്തിയതും ആണ് 'അമ്മ പറഞ്ഞ കഥ' എന്ന ഒന്നാമധ്യായം പറയുന്നത്. സ്വന്തം അനുജത്തി  ഇട്ടിച്ചിരി (ശ്രീദേവി) എന്ന ഉർവശി ബാല്യത്തിൽ മരിച്ചത്  രണ്ടാം അധ്യായം. തുടർന്നുള്ള അധ്യായങ്ങളിലൂടെ ഇന്നത്തെ മനുഷ്യർക്ക്  തീരെ അപരിചിതമായ ഒരു കാലഘട്ടമാണ്  അവതരിപ്പിക്കുന്നത്. കേട്ടുകേൾവിയില്ലാത്ത ചില ആചാരങ്ങളും!
        പാലൂർമന അന്യം നിൽക്കുമെന്ന സ്ഥിതിവന്നു .തറവാട്ടിൽ സന്തതികൾ ഏതാണ്ട് ഇല്ലാതായി .ഒരു പെൺകുട്ടി മാത്രം അവശേഷിച്ചു. ആ കാലത്ത്  അടുത്തുള്ള ക്ഷേത്രത്തിൽ ശാന്തിക്കുവന്ന , വള്ളുവനാട് താലൂക്കിലെ എടമന ഇല്ലത്തെ ഉണ്ണിനമ്പൂതിരി പാലൂർ  മനക്കലെ ഏകകന്യകയെ  സർവ്വസ്വദാനമായി വേളി കഴിച്ചതോടെ എടമന ഇല്ലത്തെ പരദേവതയായ  നാഗകന്യക,പാലൂർ മനയിലെയും പരദേവതയായി .
       കവിയുടെ അമ്മയുടെ പതിനാലാം വയസ്സിൽ 18 വയസ്സുള്ള അച്ഛൻ വേളികഴിച്ചു .അവർ പാലും പഞ്ചസാരയും പോലെ ജീവിച്ചു വരുകയായിരുന്നു. രണ്ടുവർഷം കൂടുമ്പോൾ ഓരോ പ്രസവവും! സഹോദരിയെ വിവാഹം കഴിച്ച് അയക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ സ്ത്രീധനത്തിനായി  രണ്ടാമത് ഒരു വേളിയും കൂടി വേണ്ടിവന്നു. അതോടെ കുടുംബപ്രശ്നങ്ങൾ ഉണ്ടാവുകയും ,പിതാവ് ഭ്രാന്തിൻറെ  ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും ചെയ്തു. കുടുംബം  നിത്യനിദാന ഗതിയില്ലാതെ കുഴങ്ങിയപ്പോൾ അമ്മമാർ തൃശ്ശൂർ ദേവസ്വം മഠത്തിൽ ദേഹണ്ഡം ആയി കൂടിയിരുന്ന അപ്ഫനെ വിളിച്ചു വരുത്തി കുടുംബ ഭരണം ഏൽപ്പിച്ചു .

     കവിയുടെ ഇല്ലത്തിനു സുമാർ രണ്ടു നാഴിക വടക്കുള്ള ഇല്ലത്തെ നമ്പൂതിരി 20 നും 40 നും ഇടയിൽ പ്രായമുള്ള ഉള്ള 4 അന്തർജനങ്ങളുടെ വേളികഴിച്ചിരുന്നു. ഭർത്താവിൻറെ ഉപദ്രവം കലശലായപ്പോൾ അതിൽ ഒരു സ്ത്രീ അയാളെ നടുമുറ്റത്തേക്ക് തള്ളിയിട്ടു. നാലുഭാഗത്തും  ആയുധവുമായി നിന്ന നാല് പെണ്ണുങ്ങളും ചേർന്ന് അയാളെ മര്യാദ പഠിപ്പിച്ചു. ഒടുവിൽ മേലിൽ ഉപദ്രവിക്കില്ലന്ന് പൂണൂൽ പിടിച്ചു സത്യം ചെയ്തു രക്ഷപ്പെട്ട അയാൾ താമസിയാതെ പക്ഷവാതം വന്ന് കിടപ്പിലായപ്പോൾ  നാലു സ്ത്രീകളും ഭക്തിയോടെ ശുശ്രൂഷിച്ചു .

      ക്ഷേത്രദർശനത്തിനും അടിയന്തരങ്ങൾക്ക് ങ്ങൾക്കും ആയി  അന്തർജനങ്ങൾ നടത്തുന്ന ദീർഘയാത്രകൾ വായിക്കുക കൗതുകകരമാണ്. ഗുരുവായൂരിൽ തൊഴാൻ പോകുമ്പോൾ തൻറെ ഇല്ലത്തുനിന്ന് ഒരു തുണ കാരിയെ കൂട്ടി ഒന്നോ രണ്ടോ അന്തർജനങ്ങൾ തുടങ്ങുന്ന യാത്ര, വഴിയിൽ ഓരോ ഇല്ലങ്ങളിൽ എത്തി അംഗങ്ങളെ ചേർത്തുകൊണ്ട്  ഗുരുവായൂരിൽ എത്തുമ്പോൾ 50 പേരുടെ  വലിയ സംഘം ആയിട്ടുണ്ടാവും. ഈ യാത്രയെക്കുറിച്ച് പറയുന്നതിനിടയിലാണ്, തിരുവിതാംകൂറിനെയും കൊച്ചിയെയും വേർ തിരിക്കുന്ന  വരമ്പി്നെ കുറിച്ച് പറയുന്നത്.

     ഓത്തു പഠനത്തിനായി അദ്ദേഹം കുറേ ഇല്ലങ്ങളിൽ താമസിച്ചിട്ടുണ്ട്. ആചാരപ്രകാരമുള്ള ഓതിക്കൻവീട്ടിൽ ഒരു കൊല്ലം കടുത്ത ശിക്ഷ അനുഭവിച്ച് ഓത്ത് ചൊല്ലി.  കൊല്ലം കഴിഞ്ഞ് സ്വന്തം ഇല്ലത്തെത്തി തിരിച്ചു പോകാൻ കൂട്ടാക്കിയില്ല. അപ്ഫൻ കഠിനമായി ശിക്ഷിച്ചതും കാര്യമാക്കിയില്ല. അവിടുന്ന്  ചെത്തിയാട്ട് മനയിൽ ഒരു വർഷത്തെ പഠനം. ഇല്ലത്തുനിന്ന് മരണത്തിൻറെ പുലയിൽ സ്വന്തംഇല്ലത്തെത്തി .മടങ്ങി പോകാതെ വന്നപ്പോൾ കുത്തേക്കാവ് മേക്കാട്  ഇല്ലത്ത് ഒരാഴ്ചത്തെ  പഠനം .ഇല്ലത്തെ സ്ഥിതി പരിതാപകരമായിരുന്നു. അവിടെനിന്ന്  ചാലക്കുടിക്കടുത്ത് ചിറ്റാരി മേക്കാട് ഇല്ലത്തെ സുന്ദര ജീവിതം. ഓത്തു ചൊല്ലാൻ മോഹം ഇല്ലെന്ന് പറഞ്ഞു വിദ്യാഭ്യാസം  അവസാനിപ്പിച്ചപ്പോൾ ഓത്തു പഠനം കലാശിച്ചു.
നിത്യനിദാനം ഞെരുക്കമായ സ്വന്തം ഇല്ലം, തീരെ ദരിദ്രമായ കുത്തേക്കാവ് മേക്കാട്ട് ഇല്ലം, കുറേക്കൂടി സമ്പന്നമായ രണ്ടുമൂന്ന് ഇല്ലങ്ങൾ .യാത്രകളിൽ ഇടത്താവളങ്ങളിയ സമ്പന്ന ഇല്ലങ്ങൾ .സമ്പന്നതയുടെ  അവസാനവാക്കായ പെരുമ്പാവൂർ സ്വർണ്ണത്തുമന. വരേണ്യവർഗ്ഗ ത്തിൻറെ സാമ്പത്തിക അന്തരം എത്ര ഗുരുതരമായിരുന്നു എന്ന് നമുക്ക് ഈ ചിത്രങ്ങളിൽ കണ്ടെടുക്കാം. സ്വർണ്ണത്ത് മനയിലെ കുടിയിരുത്തൽ വിശേഷങ്ങൾ ക്ഷ വർണ്ണിക്കുന്നുണ്ട്.5ദീവസത്തിനുമുമ്പ് വീട്ടിൽനിന്ന് യാത്രതുടങ്ങി തലേദിവസം അവിടെയെത്തി .ആയിരത്തിലധികമുണ്ടപ്പോളവിടെ.നാലായിരം പേർക്കിരിക്കാവുന്ന പന്തൽ.ജീവിതത്തിലാദ്യം കാണുന്ന പലഹാരങ്ങൾ. വൈദ്യുതി വിളക്ക്.

    ഒരിക്കൽ ഇല്ലത്ത് മോഷ്ടിക്കാൻ എത്തിയ അബ്ദുള്ളയെ കയ്യോടെ പിടിച്ചു . അയാളുടെ കദന കഥകേട്ട് അരിയും സാമാനങ്ങളും  കൊടുത്തുവിടുന്ന അപ്ഫൻറെ ചിത്രമുണ്ട്. യാചിച്ചിട്ടും കവിക്ക്  ബീഡി വലിക്കാൻ കൊടുക്കാത്തചങ്ങാതി, അബ്ദുല്ലയുടെ മകൻ മൊയ്തീൻ പറഞ്ഞത് തനിക്ക് ബീഡി തന്നു എന്നറിഞ്ഞാൽ ബാപ്പ എന്നെ കൊന്നുകളയും എന്നാണ്.
 അവൻ ബിഡി വലിക്കുന്നത് കണ്ടു കൊതിച്ചു തറവാട്ടു വാലിയക്കാരനായ പപ്പുനായരുടെ പിന്നാലെ കൂടി .ഇളയമ്മയുടെ പെട്ടിയിൽനിന്ന് നാണയം മോഷ്ടിക്കുകയും ചെയ്തു!
         വസൂരി ബാധിച്ച് മരിച്ചുവെന്ന് കരുതിയ  സ്വന്തം ഗുരുനാഥൻ മരിച്ചിട്ടില്ലെന്ന് മനസ്സിലാക്കി അയാളെ ശുശ്രൂഷിച്ച് രക്ഷപ്പെടുത്തിയ ഒരു ശിഷ്യന്റെകഥയും കവി പറയുന്നുണ്ട്.

വീടുവിട്ടിറങ്ങിയ കവി ഒരുത്സവകാലം മുഴുവൻ, ആനപ്പുറത്ത് കൂലിക്ക് കയറിയും;അരദിവസം ഹോട്ടൽപണിക്കാരനായി ജീവിച്ചതും ആ സമുദായത്തിലെ ചില(ലോകത്തിനപരിചിതമായ )സമ്പ്രദായങ്ങൾ നമ്മെ പരിചയപ്പെടുത്തും.

      ഈ കുറിപ്പുകളിലെ ഏറ്റവും തീഷ്ണമായ അനുഭവത്തിലേക്ക് വരാം.
അമ്മാത്ത് അമ്പലത്തിൽ  ശാന്തിപ്പണിയുമായി കവി കൂടിയിരിക്കുന്ന കാലം. (രാമപുരത്ത് വാര്യര് അടുത്ത താമസക്കാരനാണ്) അമ്മാവൻറെ ഇളയമകൾ നങ്ങത, എട്ടൊൻപത് വയസ്സുള്ള കുട്ടി, കവിയുടെ പിന്നിൽ വാലായി കൂടിയിരിക്കുകയാണ്. ഒരിക്കൽ ഒരു ഗർഭിണി  21 ദിവസത്തെ വ്രതമനുഷ്ഠിക്കാൻ അമ്പലത്തിലെത്തി്. വൃതം കൂടുന്നത് ഒരു തിങ്കളാഴ്ചയാണ് .നങ്ങത തിങ്കളാഴ്ച വൃതത്തിലാണ്. 21 ദിവസത്തെ വൃതം പൂർത്തിയാക്കാനുള്ള പായസം തയ്യാറാക്കിയിട്ടുണ്ട് തിങ്കളാഴ്ചവൃതം എടുത്ത്  ക്ഷീണിച്ച കുട്ടിക്ക് ഒരു തേക്കിലയിൽ കുറച്ച് പായസം നൽകി  .അവൾ കഴിച്ചു കഴിഞ്ഞപ്പോൾ തേക്കില അടുപ്പിലിട്ടു .അത് കണ്ടപ്പോൾ അപ്പോൾ നേദിക്കാതെയാണ് തനിക്ക് പായസം തന്നത് എന്ന് മനസ്സിലാക്കി കരയാൻ തുടങ്ങി .കരച്ചിൽ കണ്ടാൽ  21 വ്രതക്കാരി സംഭവം അറിയും. കുട്ടി കരച്ചിൽ അടക്കുന്നില്ല .അമ്പലത്തിൽ ഒരു വെറും കല്ലാണ് ഉള്ളത് .അത് ദൈവം ഒന്നുമല്ല . ദൈവകോപം വരില്ല . എന്നൊക്കെ  പറഞ്ഞു നോക്കിയിട്ടും അവൾ കരച്ചിൽ അടക്കുന്നില്ല. ഒടുവിൽ അവളൊരു ഉപാധി വച്ചു. ശ്രീകോവിൽ ഉള്ള ശിവലിംഗത്തിന്റെ മൂർധാവിൽ മൂത്രമൊഴിക്കുക . അങ്ങനെയെങ്കിൽ അവൾ വിശ്വസിക്കാം. പക്ഷേ ചതിക്കരുത് .ഓവുചാലിൽ വരുന്ന മൂത്രം അവൾ മണത്തു നോക്കും. ഗത്യന്തരമില്ലാതെ കവി ശ്രീകോവിൽ കയറി ഭയത്തോടെയും ശിക്ഷയുണ്ടാകുമെന്ന് അറിയുമെങ്കിലും കാക്കണേ എന്നു പ്രാർത്ഥിച്ചും,  ശിവലിംഗത്തിൽ , ആവുന്നത്ര മുക്കി മുഴുവനായും മൂത്രമൊഴിച്ചു. കുട്ടി ഒലിച്ചു വരുന്ന മൂത്രം എടുത്ത് മണത്തു നോക്കിയിട്ട് പറഞ്ഞു : "മാധവേട്ടൻ പേടിക്കേണ്ട .ഈശ്വരൻ ഇല്ല എന്ന് എനിക്ക് നല്ലവണ്ണം ബോധ്യപ്പെട്ടു .ശിവലിംഗശിരസ്സിൽ മൂത്രം വീഴ്ത്തിയാൽ കണ്ണു പൊട്ടിത്തെറിക്കും എന്നാണ് ആണ് ഞാൻ കരുതിയത്"

രതീഷ് കുമാർ
🌾🌾🌾🌾🌾🌾