15-10-19


🌹🌹🌹🌹🌹🌹🌹🌹🌹🌹

😊ചിത്ര സാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം😊

🌹🌹🌹🌹🌹🌹🌹🌹🌹🌹
നമ്മുടെ "കീരവാണി" എം.ടി. സ്പെഷ്യൽ ദ്വൈവാരിക പ്രിയ കൂട്ടുകാർ കണ്ടുവല്ലോ... എഴുത്തിന്റെ രാജശില്പി   എം.ടി.യെക്കുറിച്ചുള്ള സമഗ്ര വിവരം ലിങ്കുവഴി വായിച്ചും കണ്ടും കേട്ടും അറിഞ്ഞപ്പോഴാണ് യാദൃച്ഛികമായി എം.ടി.യുടെ താഴെ കൊടുത്ത ചിത്രം ശ്രദ്ധയിൽ പെട്ടത്. ഇത്ര അതിമനോഹരമായി എം.ടി.യെ വരച്ചതാരാകും എന്ന ചിന്തയാണ് ഇന്നത്തെ ചിത്രകാരനിലേക്ക് എന്നെ എത്തിച്ചത്.

പി.ശരത് ചന്ദ്രൻ _ജലച്ചായം, എണ്ണച്ചായം, അക്രിലിക്,ചാർക്കോൾ തുടങ്ങിയ എല്ലാ മാധ്യമങ്ങളിലും ഒരുപോലെ വരച്ച് പ്രതിഭ തെളിയിച്ച ചിത്രകാരൻ... അദ്ദേഹത്തെ ലോക പ്രശസ്തനാക്കിയതിൽ വലിയ പങ്കു വഹിച്ചത് ഒരു സിനിമാ പോസ്റ്ററിന്റെ രചനയാണ്. ഏതാണ് ആ പ്രശസ്ത സിനിമ എന്നറിയേണ്ടേ?
ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി....
 ലോകപ്രശസ്തമായ ഈ സിനിമയുടെ പോസ്റ്റർ രചിച്ച ....ഇത്രയും മനോഹരമായി എം.ടി.യെ വരച്ച...പ്രഗത്ഭനായ ചിത്രകാരൻ  ശരത് ചന്ദ്രനെ നമുക്കിന്ന് പരിചയപ്പെട്ടാലോ?
പി.ശരത് ചന്ദ്രൻ
🌼🏵🌼🏵🌼🏵🌼🏵🌼🏵

ജനിച്ച് രണ്ടാം മാസം അനാഥമാക്കപ്പെട്ട ബാല്യം... ഓർമ്മ വെയ്ക്കും മുമ്പേ അച്ഛൻ പഞ്ഞിക്കൽ പത്മനാഭനും അന്തരിച്ചു. അച്ഛന്റെ മരണത്തോടെ തലശ്ശേരിയിലെ അമ്മ വീട്ടിലായി താമസം. ബാല്യം മുതലേ ചിത്രരചനയിൽ അതീവ താത്പര്യം. തലശ്ശേരിയിലെ കേരള സ്കൂൾ ഓഫ് ആർട്സ് സ്ഥാപകൻ സി.വി ബാലൻ നായരെ ഗുരുവായി കണ്ടെത്തിയതോടെ ശരത് ചന്ദ്രന്റെ ജീവിതത്തിലെ കറുത്ത കാൻവാസിൽ വെളുത്ത വരകൾ തെളിയാൻ തുടങ്ങി. ക്രമേണ ആ വെള്ള വരകൾ വർണരാജികളായി മാറി.. ഗുരുവിന്റെ ഉപദേശപ്രകാരം 19 വയസായപ്പോൾ മുംബൈയിലേക്ക് വണ്ടി കയറി. പട്ടിണിയുടെ സ്വാദറിഞ്ഞ നാളുകൾക്കൊടുവിൽ ശാന്തിനികേതനിൽ പഠിച്ച NR ഡേയുടെ അടുത്തെത്തി.ആ പരിചയം പോസ്റ്റർ ഡിസൈനിങ്ങിലെത്തിച്ചു. ലോകത്തെമ്പാടും വിൽക്കുന്ന 800 ൽ പരം സിഗരറ്റ് റ്റുകൾ ഡിസൈൻ ചെയ്തത് മലയാളിയായ ഈ ശരത് ചന്ദ്രനാണ്.മുംബൈ വാസത്തിനിടെ കണ്ട കാഴ്ചകളെല്ലാം കടലാസിലേക്ക് പകർത്താനാരംഭിച്ചു.നിരവധി മുംബൈ ജീവിതങ്ങൾ ശരത് ചന്ദ്രന്റെ ബ്രഷ് തുമ്പാൽ അനശ്വരമായി. യാത്രയിൽ അദ്ദേഹത്തിന്റെ ക്യാമറയിൽ പതിഞ്ഞവ ആർച്ച് ഷീറ്റ് കാൻവാസിൽ പുനർജ്ജനിച്ചു.
    1982ലാണ് ശരത് ചന്ദ്രന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളിലൊന്നായ ഗാന്ധി സിനിമയിലെ പോസ്റ്റർ രചന.

🌼🏵🌼🏵🌼🏵🌼🏵🌼🏵

ഗാന്ധി സിനിമയുടെ പോസ്റ്റർ രചനാവിശേഷങ്ങൾ അറിയേണ്ടേ😊😊😊
വായിക്കൂ👇👇👇👇
 

ആറ്റന്‍ബറോയുടെ ഗാന്ധി, ശരത്ചന്ദ്രന്റെയും
〰〰〰〰〰〰〰〰〰
(ശരത്ചന്ദ്രനുമായി അനൈഡ ഡേവിസ് നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ
29 Sep 2019 ൽ മാതൃഭൂമി ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്)

മയ്യഴിപ്പുഴയ്ക്കപ്പുറം കാണില്ല എന്നു കരുതിയിരുന്ന യുവാവ് യാദൃച്ഛികമായി മുംബൈ മഹാനഗരത്തിലെത്തി. അവിടെ അയാളെക്കാത്ത് ഒരദ്ഭുതമുണ്ടായിരുന്നു -മഹാത്മാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി സർ റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പോസ്റ്ററുകൾ ഒരുക്കുക. ആ പോസ്റ്ററുകൾ ഗാന്ധി സിനിമയെ ഇന്ത്യൻ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ശരത്ചന്ദ്രന്റെ ജീവിതത്തെ ഗാന്ധിചരിത്രത്തിന്റെ ഭാഗവുമാക്കി


1964. നട്ടുച്ചയുദിച്ചുനിൽക്കുന്ന തലശ്ശേരിയുടെ തെരുവുകളിലൂടെ സൈക്കിൾ ചവിട്ടുമ്പോൾ ശരത്ചന്ദ്രൻ എന്ന ചെറുപ്പക്കാരന്റെയുള്ളിൽ വീട്ടിലെത്തി ഊണുകഴിച്ചുമടങ്ങണമെന്നേയുണ്ടായിരുന്നുള്ളൂ. വരുന്നവഴി കവലയിലെ ആൽത്തറയിൽക്കണ്ട കൈനോട്ടക്കാരൻ വൃദ്ധന്റെയടുക്കൽ മടിച്ചുമടിച്ച് കൈനീട്ടുമ്പോൾ ശരത്ചന്ദ്രന്റെ വിദൂരസ്വപ്നങ്ങളിൽപ്പോലും മാറിമറിയാൻപോകുന്ന തന്റെ ഭാവിയെക്കുറിച്ചുള്ള ആകാംക്ഷയുണ്ടായിരുന്നില്ല. ചുളിഞ്ഞ നെറ്റിയിൽ കീറിയ വെറ്റിലയൊട്ടിച്ച, ആ വൃദ്ധനന്ന് പറഞ്ഞ വാക്കുകൾ എഴുപത്തേഴാം വയസ്സിലും ശരത്ചന്ദ്രനോർമയുണ്ട്: പത്രത്തിൽ പേരുവരും, രണ്ടുമാസത്തിനുള്ളിൽ മറ്റൊരു നാട്ടിൽ ജോലി ലഭിക്കും. കൈയിലാകെയുണ്ടായിരുന്ന ഒരു രൂപ അയാൾക്കുമുന്നിൽവെച്ച് തിരിഞ്ഞുനടക്കുമ്പോൾ തന്റെ മുഖത്തുവിരിഞ്ഞ ചിരി പരിഹാസത്തിന്റേതായിരുന്നെന്ന് ശരത്ചന്ദ്രൻ ഇന്നും ഓർക്കുന്നു.

എന്നാൽ, ശരത്ചന്ദ്രൻ എന്ന മനുഷ്യനായി കാലം കരുതിവെച്ച നിയോഗം; നിമിത്തങ്ങളായി, മറ്റാർക്കും മനസ്സിലാക്കാത്ത അദ്ഭുതങ്ങളായി കാത്തിരിക്കുന്നുണ്ടായിരുന്നു. രണ്ടു ദിവസങ്ങൾക്കുശേഷം പത്രത്തിൽ പേരുവന്നു. മാസങ്ങൾക്കുമുമ്പ് പത്രപ്പരസ്യം കണ്ട് 'ഏക് മുസാഫിർ, ഏക് ഹസീന' എന്ന ഹിന്ദി ചലച്ചിത്രത്തിനായി ശരത്ചന്ദ്രൻ ഡിസൈൻ ചെയ്തയച്ച പോസ്റ്റർ രണ്ടാം സമ്മാനത്തിനർഹമായെന്നായിരുന്നു 'സ്ക്രീൻ' എന്ന സിനിമാസംബന്ധിയായ പത്രത്തിൽവന്ന ആ വാർത്ത. ഹിമാലയത്തിന്റെ പശ്ചാത്തലത്തിൽ നീലമേഘങ്ങൾക്കിടയിൽനിൽക്കുന്ന ജോയി മുഖർജിയെയും സാധനയെയുമാണ് അന്ന് ശരത്ചന്ദ്രൻ വരച്ചത്. 350 രൂപയായിരുന്നു സമ്മാനത്തുക (അത് മേടിച്ചെടുക്കാൻ നിർമാതാവിന് വക്കീൽ നോട്ടീസയക്കേണ്ടിവന്നെന്നത് മറ്റൊരുകഥ). അതായിരുന്നു സിനിമയുമായുള്ള ശരത്ചന്ദ്രന്റെ ആദ്യ സമാഗമം.

സമ്മാനം കിട്ടിയ തുകയ്ക്ക് വാങ്ങിയ ടിക്കറ്റുമായി അക്കൊല്ലത്തെ ക്രിസ്മസ് രാത്രിയിൽ ശരത്ചന്ദ്രൻ മുംബൈയ്ക്ക് വണ്ടികയറി; പത്തൊമ്പതാം വയസ്സിൽ. അവിടെ, അകന്ന ബന്ധത്തിലുള്ളൊരാൾ വാഗ്ദാനംചെയ്ത ചെറിയ സ്കെച്ചിങ് ജോലിയിൽ ഒതുങ്ങിക്കൂടിയ കാലത്ത്, അവിചാരിതമായിപ്പോലും സിനിമ തന്റെ ജീവിതത്തിലേക്കിനി വരാനിടയില്ലെന്ന് ശരത്ചന്ദ്രനുറപ്പിച്ചിരുന്നു. സ്കൂളിൽ കൂടെപ്പഠിച്ചവരും ബന്ധുക്കളുമൊക്കെ നിയമപഠനത്തിലേക്കും വൈദ്യപഠനത്തിലേക്കും തിരിഞ്ഞപ്പോൾ, ചെറുപ്പത്തിൽതന്നെ ഉള്ളിലെ ചിത്രകാരനെ തിരിച്ചറിഞ്ഞിരുന്ന ശരത്ചന്ദ്രൻ നേരെപ്പോയത് സി.വി. ബാലൻ നായരുടെ പ്രശസ്തമായ 'കേരള സ്കൂൾ ഓഫ് ആർട്സി'ലേക്കായിരുന്നു.

അന്നത്തെ തലശ്ശേരിയെ കലാകാരൻമാരുടെ കേന്ദ്രമാക്കിയ സ്കൂൾ ഓഫ് ആർട്സിൽ വിദ്യാർഥിയും അധ്യാപകനുമൊക്കെയായിരുന്ന ഭൂതകാലമായിരുന്നു ശരത്ചന്ദ്രന്റെ ബ്രഷിലെ ചായങ്ങൾക്ക് നിറംനൽകിയത്. ബോംബെയിലെ ഗുരു എൻ.ആർ. ഡേ ആയിരുന്നു. ടഗോറിന്റെ ശാന്തിനികേതനിൽനിന്ന് പരിശീലനം നേടിയ ഡേയുടെ കീഴിലെ പരിശീലനക്കാലമാണ് സിഗരറ്റ് കവറുകൾ ഡിസൈൻ ചെയ്യുന്നതിലേക്ക് ശരത്ചന്ദ്രന്റെ ശ്രദ്ധതിരിച്ചത്. ഏഴുവർഷങ്ങൾക്കുശേഷം അക്കാലത്തെ പ്രശസ്തമായ ഗോൾഡൻ ടൊബാക്കോ കമ്പനിയിലെ ആർട്ട് ഡയറക്ടറായി ശരത്ചന്ദ്രൻ. തലശ്ശേരിയിലെ പഴയ ഗുരുവിൽനിന്നും അഭ്യസിച്ച ചിത്രംവരയിലെ ജ്യാമിതിയും കണക്കുകളുമൊക്കെ ഡിസൈനിൽ സൂക്ഷ്മതപുലർത്താൻ കരുത്തായി.

📝ഗാന്ധി സിനിമ വന്ന വഴി?
സിഗരറ്റ് കവറുകൾ വരയ്ക്കുന്നതിൽ അഗ്രഗണ്യനായിത്തീർന്ന ശരത്ചന്ദ്രനെത്തേടി അവിചാരിതമായാണ് വീണ്ടും സിനിമയെത്തുന്നത്. ഒരു പരസ്യക്കമ്പനിവഴി ആറ്റൻബറോയുടെ ഗാന്ധി സിനിമയുടെ പോസ്റ്റർ ചെയ്യാനുള്ള അവസരം ശരത്ചന്ദ്രന് ലഭിച്ചു. പറഞ്ഞ സമയത്തിനുള്ളിൽ പോസ്റ്റർ വരച്ചുകൊടുക്കുന്ന ഒരാളെ ജോലിയേൽപ്പിക്കണമെന്ന് സോഴ്സ് മാർക്കറ്റിങ് ഏജൻസിയിലെ ശാന്തകുമാർ എന്ന സുഹൃത്ത് പറഞ്ഞപ്പോൾ, ശരത്ചന്ദ്രൻ തന്നെ ആ ജോലിയേറ്റെടുക്കുകയായിരുന്നു. 'ഷോലെ'യുടേതുപോലുള്ള ബഹുവർണ പോസ്റ്റർ വേണമെന്നായിരുന്നു ലഭിച്ച നിർദേശം. എന്നാൽ, സിനിമയുടെ കളർ പാലെറ്റ് മനസ്സിലാക്കാൻ അക്കാലത്ത് കളർ ചിത്രങ്ങളുണ്ടായിരുന്നില്ല. സിനിമയുടെ പ്രത്യേക പ്രിവ്യൂവിലേക്കുള്ള പാസ് മാത്രമാണ് ശരത്ചന്ദ്രന് ലഭിച്ചത്.

ബ്ലാക്ക് ആൻഡ് വൈറ്റ് പ്രിവ്യൂ കണ്ട് മടങ്ങുമ്പോൾ ചരിത്രപ്രസിദ്ധമായ ജലിയൻവാലാബാഗ് പ്രമേയമാക്കി പോസ്റ്ററൊരുക്കാൻ ശരത്ചന്ദ്രനു തോന്നി. അങ്ങനെ ബൈശാഖി ദിനത്തിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട അമ്മയ്ക്ക് സമീപത്തിരുന്ന് കരയുന്ന കൊച്ചുപെൺകുട്ടിയുടെ ചിത്രമടങ്ങിയ 10ഃ20 വലുപ്പത്തിലുള്ള പോസ്റ്ററും ഗാന്ധിയുടെ കുട്ടിക്കാലവും വിവാഹവുമൊക്കെ ചിത്രീകരിച്ച മറ്റ് മൂന്ന് ചെറിയ പോസ്റ്ററുകളും ശരത്ചന്ദ്രനൊരുക്കി. ഇന്ത്യൻ അഭിരുചിക്കിണങ്ങുന്ന പോസ്റ്ററുകൾ ആറ്റൻബറോയെ സംതൃപ്തനാക്കി. ഇത്തവണ ശരത്ചന്ദ്രന് പറഞ്ഞ പ്രതിഫലം മുഴുവനും കിട്ടി.

📝ആ പോസ്റ്ററുകൾ ഇന്നെവിടെയുണ്ട്...?
കൈകൊണ്ട് വരച്ച് നിറംകൊടുത്ത പോസ്റ്ററുകൾ നഷ്ടമായി. കൈയിലാകെയുണ്ടായിരുന്ന കോപ്പികൾ കാലത്തെ അതിജീവിച്ചില്ല. മുംബൈയിലെ മഴക്കാലങ്ങളൊലിച്ചുപടർന്ന ഈർപ്പവും കാലപ്പഴക്കവും അവയെ ദ്രവിച്ച ഓർമകളാക്കിമാറ്റി. അന്ന് വീണ്ടെടുക്കാനാവാത്തവിധം നഷ്ടപ്പെട്ടത് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ വിലയേറിയ സ്വത്തുക്കളായിരുന്നെന്ന് മനസ്സിലാക്കാൻ വൈകി. പിന്നീടൊരു സിനിമയ്ക്കുവേണ്ടിയും ഞാൻ പോസ്റ്റർ തയ്യാറാക്കിയിട്ടില്ല.

എന്നാലൊരിക്കൽ മാത്രം ശരത്ചന്ദ്രൻ അതേ പോസ്റ്ററുകൾ പുനഃസൃഷ്ടിച്ചു. 1982-ലെ ഗാന്ധി സിനിമയ്ക്കുവേണ്ടിയൊരുക്കിയ അതേ പോസ്റ്ററുകൾ 2016-ൽ ഓർമകളിൽനിന്നും ശരത്ചന്ദ്രൻ വീണ്ടും വരച്ചെടുത്തു, സിനിമാ ആരാധകർക്കുവേണ്ടി.

📝എന്നെങ്കിലും ഗാന്ധി സിനിമയുമായി ബന്ധപ്പെട്ടവരെ കണ്ടുമുട്ടിയിരുന്നോ...?

ഏജൻസിവഴി ഫ്രീലാൻസായിചെയ്ത ജോലിയായിരുന്നു അത്. അതിനാൽതന്നെ ഞാനാണ് പോസ്റ്ററുകൾ ഡിസൈൻ ചെയ്തതെന്നുപോലും ആരുമറിഞ്ഞിരുന്നില്ല. വർഷങ്ങൾക്കുശേഷം ഗോൾഡൻ ടൊബാക്കോ വിട്ട് ശരത്ചന്ദ്രൻ സ്വന്തമായി ഓർബിറ്റ് എന്ന പരസ്യക്കമ്പനി തുടങ്ങി. പിന്നീട് നഷ്ടത്തിലായപ്പോൾ എല്ലാം അവസാനിപ്പിച്ച് തിരികെ നാട്ടിലെത്തി ഫ്രീലാൻസ് ഡിസൈനറായി. കോഴിക്കോട് എരഞ്ഞിപ്പാലത്തെ 'മുസ്കാൻ' എന്ന വീട്ടിലിരുന്ന് പഴയ കൈനോട്ടക്കാരന്റെ കഥപറഞ്ഞ് ചിരിക്കുമ്പോൾ കൊങ്കൺ റെയിൽവേയിൽ ഉദ്യോഗസ്ഥയും മെട്രോമാൻ ഇ. ശ്രീധരന്റെ പ്രൈവറ്റ് സെക്രട്ടറിയുമൊക്കെയായിരുന്ന ഭാര്യ വിമല തിരുത്തും; അതും ഒരു നിമിത്തമായിരുന്നിരിക്കാം.

ഗാന്ധി സിനിമയ്ക്കു വേണ്ടി ശരത് ചന്ദ്രൻ വരച്ച പോസ്റ്ററുകൾ👇👇👇👇


രണ്ടു ദിവസം മുമ്പ് മദനൻ മാഷ്(ആർട്ടിസ്റ്റ് മദനൻ)എനിക്ക് അയച്ചു തന്ന വീഡിയോ...ചോമ്പാലയിൽ നടക്കുന്ന ചിത്ര പ്രദർശനം നടന്നു കാണുന്ന ശരത്. ചന്ദ്രൻ സർ.....ഈ പ്രായത്തിലും(75വയസ്സ്) അദ്ദേഹത്തിന്റെ ചുറുചുറുക്കും ചിത്രങ്ങൾ കാണുമ്പോഴുള്ള സന്തോഷവും കാണൂ....👇👇👇

തന്റെ കലാസപര്യയുടെ പാരമ്യത്തിലാണ് വലതുകൈക്ക് തളർച്ച ബാധിച്ചത്.നിശ്ചയദാർഢ്യം ആ തളർച്ചയെ നിഷ്പ്രഭമാക്കി...അതിനു ശേഷം വരച്ചതാണ് ആദ്യം കാണിച്ച എം.ടി യുടെ ചിത്രം

ഇനിയൊരു ഓഡിയോ ക്ലിപ്പ്... എന്റെ പ്രിയ സുഹൃത്ത് അസ്ലം മാഷ്...നമ്മുടെ അസ്ലം മാഷ്...അയച്ചു തന്ന ഓഡിയോ.👇👇👇
ഇങ്ങനെയും ഒരു തലശ്ശേരിക്കാരനോ !
അനർഘമായഎല്ലാ മുത്തുകളെയും കോർത്തെടുക്കുന്നതിന് അഭിനന്ദനങ്ങൾ
അദ്ഭുതാദരങ്ങളോടെ
💐💐💐💐💐

ശരത് ചന്ദ്രന്റെ ചിത്രപ്രദർശനം കാണാൻ പോയ വിശേഷങ്ങൾ അപ്പോൾ തന്നെ അസ്ലം മാഷ് പറഞ്ഞിരുന്നു....ആ അനുഭവം തിരൂർ മലയാളത്തിലും പങ്കുവെയ്ക്കാൻ ഒരു മണിക്കൂർ മുമ്പാണ് മാഷെ വിളിച്ചു പറഞ്ഞത്... ഒരു മടിയും പറയാതെ അസ്ലം മാഷ് എനിക്ക് ഓഡിയോ യും കുറച്ചു ചിത്രങ്ങളും തന്നു...ചിത്രങ്ങൾ ഇതാ👇👇
അസ്ലം മാഷ്


ശരത് ചന്ദ്രനെക്കുറിച്ച് മാതൃഭൂമി പത്രം ഞായറാഴ്ച പതിപ്പിൽ വായിച്ചിരുന്നു.
കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭിച്ചു.
സന്തോഷം✨💕

കുറച്ചു കൂടി ചിത്രങ്ങൾ👇👇














ആർട്ടിസ്റ്റ് ശരത് ചന്ദ്രൻ വരച്ച MT വാസുദേവൻ നായരുടെ ഛായാചിത്രം ചിത്രകാരൻ എം.ടി.യുടെ വസതിയിലെത്തി സമ്മാനിക്കുന്നു.
കഴിഞ്ഞ ആഗസ്റ്റിൽ മാഹി  കലാഗ്രാമത്തിൽ വെച്ചു നടന്ന ചിത്രപ്രദർശനത്തിന്റെ പത്രവാർത്ത
വീഡിയോ ലിങ്കുകൾ👇
https://youtu.be/t7CANyoPM0w
https://youtu.be/QOlOAG6bozw