30-11-19

മലയാളത്തിന് ആറാം നിറവായി മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം ലഭിച്ച സന്തോഷത്തോടൊപ്പം ഇന്നത്തെ നവസാഹിതിയിലേക്ക് എല്ലാവർക്കും ഹൃദ്യമായ സ്വാഗതം..
🙏🌹🌹🙏
സംസ്ഥാന സ്കൂൾ കലാ മാമാങ്കത്തിൽ ഹയർ സെക്കണ്ടറി വിഭാഗം കവിതാ രചനയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയ കൊച്ചു മിടുക്കി ഷെഹ്റാസാദിന്റെ സമ്മാനാർഹമായ രചന ഇപ്പോൾ വായിക്കാം...👇🏻
സൈബർ സ്പേസിൽ ഒരു പൂമ്പാറ്റ...
.
..👇🏻
ഒരു സൈബർ വാർത്താക്കുറിപ്പ്
ഷെഹ്റാസാദ്

പണ്ടുപണ്ടെങ്ങോ പ്രഖ്യാപിച്ച
ഏതെല്ലാമോ പദ്ധതികളിലുൾപ്പെട്ട
ആരെല്ലാമോ വെട്ടിത്തെളിച്ച
പഴയ കാവിലെ 'വിർച്വൽ' പാർക്ക്
 'വികസനമന്ത്രി'ഇന്നലെയാണ്
  (അതോ?) ഇന്നോ ഉദ്ഘാടനം ചെയ്തത്
  അകത്തേക്കു മാത്രം വാതിലുള്ള
  തുളയടച്ചു പണിത മതിലുള്ള
  അനന്തവിശാലമായ പാർക്കിലേക്ക്
  ഒരു പീക്കിരിപ്പൂമ്പാറ്റ-വികൃതി!
  രാവിലെ പത്തു മണിക്കാണ്
  (അതോ പതിനൊന്നിനോ ?)
  പറന്നു കയറിയത്
  വെളിച്ചപ്പെട്ടികളുടെ പൂങ്കാവനത്തിലെ
  എണ്ണമറ്റ ഊടുവഴികളിലൂടെ
  പാറിപ്പാറി വലഞ്ഞപ്പോഴാണ്
  (അതോ വെളിച്ചപ്പെട്ടികളിലെ
  പൂക്കളിൽ മുഖമടിച്ചു വീണപ്പോഴോ ?)
  പൂമ്പാറ്റയ്ക്ക് തലകറങ്ങിത്തുടങ്ങിയത്
വേരറ്റു പോയതും പോകാനിരിക്കുന്നതുമായ
പൂക്കളെല്ലാം നിറഞ്ഞ പാർക്കിൽ
ഒരു തുള്ളി തേൻ കിട്ടാതെയാണ്
(അതോ ആർക്കും കാണാനാവാത്ത
ആ കൂറ്റൻ ചിലന്തിവലയിൽപ്പെട്ടോ?)
പൂമ്പാറ്റ അന്തരിച്ചത്..

പി.എസ്-"സൈബർസ്പേസിലെ പൂമ്പാറ്റ"
ദൃശ്യങ്ങൾ ഇവിടെ ലഭിക്കും..

ഷെഹ്റസാദ്
പൊന്നാനി എ.വി.എച്ച്.എസ്.എസ്സിൽ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനി ..
മാതാവ്: ഗ്രൂപ്പംഗമായ ഹസീന ടീച്ചർ (ജി.എച്ച്.എസ്.എസ്.മാറഞ്ചേരി)
പിതാവ്: എഴുത്തുകാരനായ ഫാസിൽ.
കുട്ടാടൻ വിളിക്കുന്നു,രാമന്റെ യാത്രകൾ, വരിനെല്ലിന്റെ പടയോട്ടം,എപ്പിസോഡിൽ ഒതുങ്ങാത്ത കൃഷ്ണൻകുട്ടി എന്നീ കഥാ സമാഹാരങ്ങളും കോമ്പസ്സും വേട്ടക്കോലും, ഭൂതയാത്ര എന്നീ നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്..
ഷെഹ്റാസാദ് എന്ന കൊച്ചു മിടുക്കിയും ആനുകാലികങ്ങളിലും നവ മാധ്യമങ്ങളിലും പതിവായി എഴുതാറുണ്ട്.


പുതിയ കവിതയ്‌ക്ക് സ്നേഹം പകുത്ത് പി.യുടെ മകള്‍..
കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്തിന് എതിര്‍വശത്തെ മണ്‍വഴിയിലൂടെ നാല്‍വ‌ര്‍
സംഘം നടന്നത് കവിതയുടെ തമ്പുരാന്‍ കളിച്ചുവളര്‍ന്ന തറവാട് കാണാനുള്ള ത്രില്ലിലായിരുന്നു. വീടിനു മുന്നിലെത്തിയപ്പോഴേക്കും കറവീണ പല്ലുകാട്ടി വെളുക്കെച്ചിരിച്ച്‌ പി.കുഞ്ഞിരാമന്‍ നായരുടെ ഇളയമകള്‍ രാധമ്മ ഇറങ്ങിവന്നു. കുട്ടിക്കവികള്‍ക്ക് നെല്ലിക്കയും ഉപ്പേരിയും നല്‍കി രാധമ്മ ഹൃദയത്തില്‍ സ്നേഹം കുറിച്ചു.
"വിണ്ണിന്റെ ഉത്സവപ്പന്തലിന്‍ താഴെയായ്
പൊന്നു കെട്ടിച്ച തഴകള്‍, തൈത്തെങ്ങുകള്‍
സ്വച്ഛതയ്ക്കൂഞ്ഞാലിലാടുവാന്‍ ചാരത്തു
പച്ചക്കടലായ പുഞ്ചവയല്‍ നിലം"
'ആ നിത്യകന്യക'യിലെ വരികള്‍ ഓര്‍ത്തെടുത്ത് ചൊല്ലുമ്പോള്‍ മഹാകവി കുഞ്ഞിരാമന്‍ നായരുടെ അദൃശ്യസാന്നിദ്ധ്യം നിറഞ്ഞൊരനുഭൂതി.
       പ്രകൃതിയെയും പ്രണയത്തെയും വിശ്വാസങ്ങളെയും എണ്ണിത്തീരാത്ത കവിതകളാക്കിയ മഹാകവി പി.യുടെ വീടുകാണാനെത്തിയ പുതിയ കാലത്തിന്റെ കവികള്‍ക്ക്, എല്ലാം അപൂര്‍വ നിമിഷങ്ങള്‍.
കവിതയെഴുത്തിനെത്തി കൂട്ടുകാരായ ഇടുക്കി അടിമാലി ശ്രീവിവേകാനന്ദ വിദ്യാസദനം ഇംഗ്ളീഷ് മീഡിയം എച്ച്‌.എസ്.എസിലെ ആതിര സുഭാഷ്, എറണാകുളം കൈതാരം ജി.വി.എച്ച്‌.എസ്.എസിലെ ഡിയാമേരി, മലപ്പുറം പൊന്നാനി എ.വി.എച്ച്‌.എസ്.എസിലെ ഷെഹ്റസാദ്, പത്തനംതിട്ട വടശ്ശേരിക്കര എം.ആര്‍.എസ്.എച്ച്‌.എസിലെ പി.ബി.സിദ്ധാര്‍ത്ഥ് എന്നിവരാണ് പി.യുടെ കവിതവീട്ടിലെത്തിയത്.
നിമിഷംകൊണ്ട് കുട്ടികളും മുത്തശ്ശിയും അടുപ്പക്കാരായി. പിന്നെ പറഞ്ഞതു മുഴുവന്‍ അച്ഛന്റെ വിശേഷങ്ങള്‍. ''അമ്മ കാര്‍ത്യായനിയുടെ മടിയിലിരുന്നാണ് കുട്ടിക്കാലത്ത് അച്ഛന്റെ കവിതകള്‍ കേട്ടിരുന്നത്.''
കടന്നുപോയ ജീവിതത്തിന്റെ നല്ലതെല്ലാം ചേര്‍ത്ത് പാടിയും പറഞ്ഞും അവര്‍ അഞ്ചുപേര്‍ ഒരു കുടംബം പോലെയായി. പേര് ഒറ്റ അക്ഷരത്തിലൊളിപ്പിച്ച അമൂല്യ പ്രതിഭയെ മകളിലൂടെ അറിഞ്ഞപ്പോൾ ജീവിതത്തിലെന്നും ഓർത്തു വെക്കാനുള്ള ഭാഗ്യ നിമിഷവുമായി ..
 
പിണക്കം...
രമണൻ ഞാങ്ങാട്ടിരി

പുലർച്ചെയെഴുന്നേറ്റ്
ഒന്നും മിണ്ടാതെ ഞാൻ
അടുക്കളയിൽ
ചുക്കു തിരഞ്ഞപ്പോൾ
അവളുണ്ട് പുറംതിരിഞ്ഞ്
കുരുമുളകു തിരയുന്നു.!
മുഖം വീർപ്പിച്ചു ഞാൻ
മുറ്റത്തു നിന്നും
രണ്ട് പേരയില നുള്ളിയപ്പോൾ
ചുണ്ടുകൂർപ്പിച്ചവൾ
തുളസിയില നുള്ളുന്നു.!
പാത്രം കലമ്പിയെടുത്തു ഞാൻ
സ്റ്റൗവ്വിൽ വെച്ചപ്പോൾ
തല ചൊറിഞ്ഞവൾ
വെള്ളം മുക്കിയൊഴിക്കുന്നു.!
മൂക്ക് ചൊറിഞ്ഞുചൊറിഞ്ഞ് ഞാൻ
തീ കത്തിച്ചപ്പോൾ
പല്ലിറുമ്മിയിറുമ്മിയവൾ
ശർക്കരയെടുത്ത് പാത്രത്തിലേക്കിടുന്നു!
തിള പൊട്ടാൻ തുടങ്ങിയിട്ടും
അവളൊന്നും പറഞ്ഞില്ല
തിള പൊട്ടിമറിഞ്ഞിട്ടും
ഞാനൊന്നും ചോദിച്ചുമില്ല.!
വലിയ രണ്ട് ഗ്ലാസുകൾ
ഞാൻ നന്നായി കഴുകിയെടുത്തു.
അവൾ സ്റ്റൗ കെടുത്തി
നിറച്ച് പകർന്നു.
ഓരോ ഗ്ലാസെടുത്ത്
തണുപ്പിൽ ചൂളിപ്പിടിച്ചിരുന്ന്
ഊതിയൂതിക്കുടിക്കുമ്പോൾ
വെന്ത തുളസിയിലയോടെന്ന പോലെ
അവൾ....
" പനിയ്ക്കുന്നോ..?''
വിറച്ചു വിറച്ച്
പേരയിലയോടെന്ന പോലെ ഞാൻ....
" നിനക്കോ.?''
കണ്ണൊന്ന് ചിമ്മിത്തുറന്നതും
അവളെന്റെ വിരലൊന്ന് തൊട്ടു.
തൊട്ടു തൊട്ട്
കൈ പൊള്ളിച്ചു
നെറ്റി പൊള്ളിച്ചു
ഹൃദയം പൊള്ളിച്ചു.
ഒരാഴ്ചയായി
ഞങ്ങൾ
കടുത്ത പിണക്കത്തിലായിരുന്നു..!
 
തള്ളവിരൽ..
യൂസഫ് നടുവണ്ണൂർ

ഒന്നുറങ്ങിയെണീറ്റപ്പോൾ
അഞ്ചാമത്തെ വിരൽ
കാണാനില്ല.
എന്നെ ഞാൻ തലങ്ങും വിലങ്ങും
വരച്ചു വെച്ച നേർസാക്ഷ്യം!
ഒറ്റ തുമ്മലിൽ
തെറിച്ചു പോകാൻ മൂക്കല്ലല്ലോ!
ഇനിയെങ്ങനെ
ഞാനെന്നെതന്നെയമർത്തി
അടയാളപ്പെടുത്തും?
തുപ്പല് തൊട്ട് എണ്ണിയെടുക്കും?
കാട് കുലുക്കും
ഞാണൊലിയുർത്തും
കുരയ്ക്കും പട്ടീടെ
വായിലമ്പയയ്ക്കും!
അതൊന്നുമല്ല കഷ്ടം
ഞാനെന്തിനി തളിർവെറ്റിലയിൽ
ദക്ഷിണ വെച്ച് വണങ്ങും? 

എരിഞ്ഞു തീരാത്ത കനലുകൾ ....
ബീനാ കുമാരി

മങ്ങി മറഞ്ഞു പോകുന്ന ആകാശക്കാഴ്ചകൾക്കപ്പുറം
 മനസ് ഒരു ദേവാലയത്തിന്റെ തിരുമുറ്റത്ത്
കളം വരച്ചു കൊണ്ടേയിരുന്നു...!
 എന്നെ നിന്റെ ഇഷ്ടത്തോട് ചേർത്തു വയ്ക്കാനാവണം
അന്നാ അൾത്താരക്കു മുന്നിൽ
വിശുദ്ധ കുർബാനയുടെ ദിവ്യബലി നമ്മളൊപ്പം അർപ്പിച്ചത്....
 പരിഭ്രമം കൊണ്ട് വിറക്കുന്ന ഉടലിനെ
കൗതുകക്കണ്ണാൽ നീ
ആവാഹിച്ചു കൊണ്ടേയിരുന്നു...!
യോഗിയെ ഓർമ്മിപ്പിക്കുന്ന നിന്റെ മുഖം
ഒരു നറുപുഞ്ചിരിയുടെ
വർണത്തെല്ലിൽ അമർന്നതും
പിന്നീടതൊരു ചിരിയുടെ വർണ്ണച്ചെപ്പായ് എന്നിലേക്കു മറിഞ്ഞുവീണതും ....
ആ നിലാവിൽ അലിഞ്ഞലിഞ്ഞ് ഇല്ലാതായതും ഇന്നലെയെന്ന പോലെ...!!!
പീഢാനുഭവങ്ങളുടെ തിളക്കമുള്ള
ഒരു കുഞ്ഞുമിന്ന്
 ഞാനറിയാതെ അണിയിച്ചിരിക്കണം അന്ന്...!
അതു കൊണ്ടാവണം
നീ വിട്ടു പോയിട്ടും
പീഢാനുഭവങ്ങൾ
പാതിവെന്ത കനൽ പോലെ
പിന്തുടരുന്നതിപ്പോഴും....!!!
 
ഹെൽമറ്റ്.....
ഷൗക്കത്ത് മെയ്തീൻ

                 '' രാവിലെ  ബാർബർഷോപ്പു തുറക്കാൻ  വീട്ടിൽ നിന്ന്  ഇറങ്ങാൻ തുടങ്ങുകയാണ്  പാക്കരൻ ...
കടയുടെ താക്കോലുമെടുത്ത്  മുറിയിലൂടെ വട്ടം ചുറ്റുന്ന പാക്കരനോട് ഭാര്യ രമണി ചോദിച്ചു...
''എന്താ മനുഷ്യാ  പോണില്ലേ ..!?
''ഫോണുണ്ടെടി  വിളിക്കാൻ ബാലൻസില്ല,...
''ഫോണില്ലേ .. എന്നല്ല ചോയ്ച്ചത്  '' കടയിലേക്ക് പോകുന്നില്ലേന്ന് ..,!!
''പോണം .. പക്ഷേ  ഹെൽമറ്റ് കാണുന്നില്ല...!
''ബൈക്കിന്റെ ഹാൻഡലിലുണ്ടായിരുന്നല്ലോ ...?_രാവിലെ  മുറ്റമടിക്കാൻ നേരം ഞാൻ കണ്ടതാ..!!
''ആണോ ....?
''അതേന്ന് ..,!
''അത് പിന്നെ എവിടെ പോയി  ..? പാക്കരൻ  മുറ്റത്തേക്കിറങ്ങി,  അയൽവാസിയായ  ദിവാകരനെ  കൂകി വിളിച്ചു,...
''ദിവാകരന്റെ വീടിനുളളിൽ നിന്ന്  അഞ്ചിൽ പഠിക്കുന്ന കുസൃതിക്കാരനായ മകൻ  ചിക്കു  ഇറങ്ങി വന്നു,...
''അച്ചനെന്ത്യേടാ ..?
''കുളിക്കാൻ കേറി ...!!
എവിടെയാണ്  കേറീത്.....
''മരത്തേലാണോ  കുളിക്കാൻ കേറീത്..!
'എന്റെച്ഛൻ കുളിക്കാൻ മരത്തേൽ
കേറും...അങ്കിളിനെ പോലെ മരത്തിൽ കയറി കുളിസീൻ കാണാറില്ല....!!
''പാക്കരൻ ചമ്മി...ആരെങ്കിലും  കേട്ടോ എന്നറിയാൻ ചുറ്റും നോക്കി  ..ശേഷം  മതിലിനരികിലേക്ക് വന്നിട്ടു മെല്ലെ   പറഞ്ഞു,...
''എടാ  കൊതുകേ ....ആവശ്യമില്ലാത്ത വർത്താനം പറയല്ലേ ...
''ആ കാര്യം ഇന്നാട്ടിൽ  എല്ലാവർക്കും അറിയാവുന്നതല്ലേ അങ്കിൾ ...!
 എടാ ..എന്റെ ഹെൽമറ്റ്  കാണുന്നില്ല...നിങ്ങടെ വീട്ടിലെ പട്ടിയെങ്ങാൻ കടിച്ചെടുത്തോണ്ട്  വന്നായിരുന്നോ ..,?
''പട്ടിയോ ..,ഏതു പട്ടി ....?
''നിങ്ങടെ വീട്ടിലെ പട്ടി...
''അങ്കിളേ  ഇവിടെ രണ്ട് പട്ടിയുണ്ട് ..!
'രണ്ടു പട്ടിയോ ...?
''ങാ ...അമ്മയ്ക്ക് ദേഷ്യം വരുമ്പോൾ അച്ഛനെ പട്ടീന്നാ വിളിക്കണെ ...!
''ചേട്ടാ ...!
''പാക്കരൻ  തിരിഞ്ഞു നോക്കി ...
''എന്താടി ...?
'' മോന്റെ സ്കൂളിൽ നിന്നു  അവന്റെ ടീച്ചർ ഫോൺ ചെയ്തു ..,ഉടനെ സ്കൂളിലെത്താണമെന്ന് അത്യാവശ്യമാണെത്രേ...!!
''ദൈവമേ ..,എന്റെ മോനെന്താ പോലും സംഭവിച്ചത് .... രമണി  കരയാൻ തുടങ്ങി,...
ഒന്നടങ്ങെടി ....ഞാൻ പോയി അന്വേഷിച്ചിട്ട് വരാം,...  പാക്കരൻ  ബൈക്കിനടുത്തേക്ക് നടന്നു,..
''ഞാനും വരാം ചേട്ടാ ...എനിക്കു പേടിയാകുന്നു ....ആ സ്കൂളാണേൽ  ഇടിഞ്ഞു വീഴാറായതാ...  !
പാക്കരൻ ബൈക്ക് സ്റ്റാർട്ടാക്കി,
രമണി പിന്നിൽ കയറി,...
''ദൈവമേ  രണ്ടാൾക്കും ഹെൽമറ്റില്ല...പോലിസെങ്ങാൻ കൈകാണിച്ചാൽ ..,!! പാക്കരൻ  ആശങ്കയോടെ  ബൈക്ക് മുന്നോട്ടെടുത്തു,...
''ടൗണിലെത്തിയപ്പോൾ രമണി പറഞ്ഞു ... ''ചേട്ടാ  സർക്കാർ ആസ്പത്രിയിൽ ഒന്നു കേറീയേച്ചും പോകാം ..,!
'അതുശരിയാണെന്നു പാക്കരനും തോന്നി,...
''ആസ്പത്രി യുടെ പാർക്കിംങ്ങ് ഏരിയായിൽ ബൈക്കൊതുക്കി വച്ച്  കൗണ്ടറിലെത്തി അന്വേഷിച്ചു,...
''കുട്ടീടെ പേരെന്താ ..!
തുളസി,...
''നഴ്സ് രജിസ്ട്രേഡ് ബുക്ക് പരിശോധിച്ച ശേഷം ചോദിച്ചു,
'' കളളിപ്പാറ സ്കൂളിലെ കുട്ടിയല്ലേ,?
''അതെ ..
ഗൈനക്കോളജിസ്റ്റിന്റെ അടുത്തേക്ക്  ചെല്ല്,!
';അയ്യോ ...രമണി കരയാൻ തുടങ്ങിയപ്പോൾ,
സ്കൂളിലെ  ഒരു ടീച്ചർ  എതിരെ വരുന്നത്   പാക്കരൻ  കണ്ടു,...
''ടീച്ചറേ ...തുളസിക്കെന്തു പറ്റി,..?
''നിങ്ങളാരാ ..!
''ഞങ്ങൾ തുളസീടെ അച്ഛനുമമ്മയുമാണ്,...
''പേടിക്കാനൊന്നുമില്ല...ടീച്ചർ  ചിരിച്ചു കൊണ്ടു പറഞ്ഞു,....
''തുളസിക്ക് പ്രായമായി,... ക്ഷീണം കാരണം  ഒരു ട്രിപ്പിടാൻ കൊണ്ടു വന്നതാ,...
''പാക്കരനും രമണിയും ഞെട്ടി ...
തങ്ങളുടെ മകൻ .....?അയ്യേ 
ടീച്ചർ ...രമണി സംശയത്തോടെ  വിളിച്ചു,...
''പത്ത് ബി യിലെ തുളസീധരന്റെ അച്ഛനുമമ്മയുമാണ് ഞങ്ങൾ ..,!!
''അയ്യോ ....ഇത്  ഒമ്പത് ബി യിലെ ''തുളസി  പി എസ് '' ആണ്,...!
പാക്കരൻ ചിരിച്ചു കൊണ്ട് രമണിയുടെ കൈയ്യും പിടിച്ച് പുറത്തേക്ക് വന്നപ്പോൾ പാക്കരന്റെ മൊബൈൽ ശബ്ദിച്ചു,...
''ഹലോ  സ്കൂളിലെ  സാറാണ് ..തുളസീധരന്റെ അച്ഛനല്ലേ ...നിങ്ങൾ എവിടെയെത്തി....
' ഇപ്പയെത്തും സാറെ എന്താ പ്രശ്നം,...
''പെട്ടന്ന് വാ ..ഇവിടെ വന്നിട്ട് പറയാം,...!
ഫോൺ കട്ട്,
''ഒന്നു വേഗം പോ മനുഷ്യാ ...
പാക്കരൻ ബൈക്കിന്റെ  വേഗത കൂട്ടി ,ഒരു വളവ് തിരിഞ്ഞ് ചെന്നതേ വഴിയിൽ പോലീസ് പരിശോധന,..
''ബൈക്കൊതുക്കി വച്ച് പാക്കരൻ എസ് ഐയുടെ അടുത്തെത്തി...
''ഹെൽമറ്റുമില്ലാതെ ഇത്രയും വേഗത്തിൽ എങ്ങോട്ടാടാ  രണ്ടെണ്ണവും..... ചാകാൻ പോകുകയാണോ,..?
''സ്കൂളിൽ  പോകുവാ സാറെ,...
മകന് സുഖമില്ല...
''രണ്ടാൾക്കും ഹെൽമറ്റുമില്ല,...ഓവർ സ്പീഡും,...
റസാക്കേ ..എസ് ഐ  കോൺസ്റ്റബിളിനെ വിളിച്ചു,
എന്താ സാർ,..?
ബൈക്ക് മോഷ്ടാക്കളുടെ കൈയ്യിൽ നിന്ന് കിട്ടിയ ആ ഹെൽമറ്റ് ഇങ്ങെടുക്ക്...
''പോലിസ് ജീപ്പിന്റെ പിറകിൽ നിന്നും രണ്ട് ഹെൽമറ്റുമായി കോൺസ്റ്റബിളെത്തി...
''ഭഗവാനെ ...! പാക്കരൻ  നെഞ്ചിൽ  കൈവച്ചു,... എത്ര നല്ല മനുഷ്യനാണ് ഈ എസ് ഐ....
ഭവ്യതയോടെ നില്ക്കുന്ന പാക്കരനോട് എസ് ഐ,...
''ഇന്നാ  ഇതു വച്ചോ .. രണ്ടിനും കൂടി ആയിരത്തഞ്ഞൂറാകും... താൻ ആയിരം തന്നാൽ മതി ....!!
''സാറെ....!!
''ഹെൽമറ്റ് വേണ്ടെങ്കിൽ ആയിരം രൂപ ഫൈനടച്ചോളു,
പാക്കരൻ കുഴങ്ങി...ഏതായാലും ആയിരം രൂപ ഗോവിന്ദ...എന്നാ പിന്നെ ഹെൽമറ്റ് വാങ്ങാം...
''ഞാൻ പറഞ്ഞതാ  ഈ മറുതയോട് വരണ്ടാന്ന് ...!
രമണിക്ക് ഹെൽമറ്റ് നീട്ടികൊണ്ട്  പാക്കരൻ പറഞ്ഞു...
''ആയിരം  രൂപയാണോ സ്വന്തം മകനാണോ വലുത് ..ഒന്നു വേഗം പോ ചേട്ടാ...!  രമണി തലയിൽ  ഹെൽമറ്റ് വച്ച് പിന്നിൽ കയറി,...
''സ്കൂളിലെ  ഗേറ്റു കടന്ന് ബൈക്ക് പാർക്ക് ചെയ്ത്  രണ്ട് പേരും ഇറങ്ങി,...
''പ്രിൻസിപ്പളിന്റെ മുറിയിൽ  എത്തിയപ്പോൾ  , പ്യൂണിനെ വിട്ട്  ,തുളസീധരനെ വിളിപ്പിച്ചു,..
''എന്താണു സർ പ്രശ്നം, !? പാക്കരൻ  ചോദിച്ചു,...
''നിങ്ങളുടെ മകൻ  ഇന്ന് സ്കൂളിലെത്തിയത്  എങ്ങനെയാണെന്നറിയാമോ ?
''എങ്ങനെയാണ് സർ ..? വീട്ടിൽ നിന്ന് സാധാരണ വരുന്നതു പോലെയാണ് വന്നത്,..!
''അല്ല...
പിന്നെ....
പ്രിൻസിപ്പാൾ  ഒരു ഹെൽമറ്റെടുത്ത് കാണിച്ചു...
''ഇത് നിങ്ങടെയാണോ .,?
''പാക്കരൻ അത്ഭുതത്തോടെ ...ഇതെന്റേതാണ് സർ ..ഇത് നോക്കാത്ത സ്ഥലമില്ല..!
''എങ്ങനെ കാണാനാ ..നിങ്ങടെ മകൻ ഇതും വച്ചോണ്ടാ ഇന്ന്  ക്ളാസിൽ വന്നത്,..!!
''അതെന്തിനാ ..?
''അവനോടു തന്നെ ചോദിക്ക് ..,!
''എടാ തുളസി ..നീ എന്തിനാടാ എന്റെ ഹെൽമറ്റും എടുത്തോണ്ട് വന്നത്,..?
''അത് ..അച്ഛാ .പോലിസുകാരെ ഭയന്നിട്ടാണ് ...പുതിയ നിയമം വന്നത് അച്ഛനറിഞ്ഞില്ലേ...
''എന്തോന്ന് നിയമം ...?
 പുറകിലിരിക്കുന്നവരും ഹെൽമറ്റ് വയ്ക്കണമെന്ന് ..,ഞാൻ ക്ളാസിലെ ഏറ്റവും ''പുറകിലാ '' അച്ഛാ  ഇരിക്കുന്നത് ...അതു കൊണ്ടാ ഹെൽമറ്റ് വച്ചോണ്ട് വന്നത്,...!!
 തന്നയുമല്ലച്ഛാ ..ഇവിടുത്തെ  സ്കൂൾ  ഇടിഞ്ഞു വീഴാറായതാ.....
''രമണിയും പ്രിൻസിപ്പാളും ചിരിച്ചപ്പോൾ,
പാക്കരൻ  തന്റെ കൈയ്യിലിരുന്ന ഹെൽമറ്റ് വച്ച് തുളസിയുടെ തലയ്ക്കിട്ട്  ഒരു പെട കൊടുത്തു  കൊണ്ടു പറഞ്ഞു,
''വെറുതെയല്ലെടാ  മണ്ടാ  നീ പുറകിലത്തെ ബെഞ്ചിലായത് ...!!
 
പത്താംക്ലാസ്.. 93
ലാലൂർ വിനോദ്

കാത്തിരിപ്പിന്റെ കരിയിലകൾ
കൊഴിഞ്ഞ ഇടവഴികളിൽ
പാദസരക്കിലുക്കം
കാതിലെത്തിയ നാദ
മഴകളായിരുന്നു...
എന്നുമെനിക്ക്..
നിന്റെ ഓർമ്മകൾ
തോരുന്നില്ല..സഖി.. 
കലാലയത്തിന്റയും...
ഗുണന ഹരണനങ്ങളുടെ..
ഒച്ചയനക്കങ്ങളിൽ..
വീണലിഞ്ഞ സമയങ്ങൾ
വിരസതയുടേതായിരുന്നു.
വെറ്റിലക്കറയുടെ
ചുണ്ടനക്കങ്ങളിൽ
കേട്ട മലയാള കവിത
അരോചകവും..
നാരിജനങ്ങളിൽ ചിരി
പടർത്തിയ ഭൗതികശാസ്ത്രം.
ആദ്യമായി നമ്മളെ
നാണത്തിന്റെ.
ആദവും ഹവ്വയും  പഠിപ്പിച്ചു.
പ്രകാശവേഗത്തേക്കാൾ
ഓടിയ നോട്ടത്തിനു
നിന്നടുത്തായിരുന്നു
ഊർജ ജ്വലനം..
ഇടവേളയിലെ മണിയൊച്ച
അന്നൊക്കെ ദൈവവിളി
ആയിരുന്നു..
വാട്ടിയ ഇലയുടെ ഗന്ധം
നുകരാൻ കൊതിച്ചു.
നിന്റെ ചാരത്തുള്ള
തിണ്ണയ്ക്കടുത്തിരിക്കാൻ  
വാശിപിടിച്ച സുഖമുള്ള
പഴകിയ ഓർമ്മകൾ..
പുസ്തകപ്പുഴുക്കളായി
അരിച്ചുനടന്ന മുൻ
ബെഞ്ചുകാരിൽ അസൂയ
തോന്നിയത് കവിളിലെ
മറുകുകാരിയോട്...
കാര്യം ഹാജർ വിളിയിലും
അവളാണ് പ്രഥമ...
പ്രായംകൊണ്ടു പല
ക്ലാസും കടക്കേണ്ടവർ
അമർന്നിരുന്ന പിറകിലെ
ബഞ്ചിൽ എന്നും
പുകയില മണമായിരുന്നു.
എനിക്ക് കൂട്ട് അങ്ങകലെ
എന്റെ പാവാടക്കാരിയുടെ
പശുവിന്റെ കരച്ചിൽ....
അത്രമാത്രം,
ഞാനോർത്തുപോയ്‌..
അവളെയും അവളഴിച്ചു
കെട്ടുന്ന പൂവാലിപ്പശുനേം.
കുസൃതിക്കും ചെറു
പിണക്കത്തിനും
ഒരു നെല്ലിക്ക തൂക്കം
മാത്രമാണന്ന്..
താഴെ കടയുടെ വറുത്ത
എണ്ണയുടെ മണത്തിൽ
മുങ്ങിയ വിശപ്പുകൾ....
അവധികൾ ആനന്ദം
തന്ന ഓർമ്മപുസ്തകം
അവൾക്കായി എഴുതിയ
കടലാസ് തുണ്ട്
എന്നും വിയർപ്പിൽ
കുതിർന്നു നനഞ്ഞിരുന്നു.
ഒരിക്കൽ എല്ലാവരും
വീണ്ടും വരിക..
നമ്മുടെ ചിതലരിക്കാത്ത
ഓർമ്മപ്പുസ്തകം
നനയാതെ സൂക്ഷിക്കാൻ
സ്നേഹത്തിന്റെ
ചൂട് പകർന്നു സ്വയം
ഒന്നുപൊട്ടിക്കരയാൻ.. 

കനലുകൾ
ജ്യോതി സനിൽ

കനലാണു മനസ്സിലെൻ
പൈതലേ നീയെന്റെ
കരമൊന്നു വിട്ടു -
പോയീടിലും കാൺകിലും..
പുകയുന്നൊരഗ്നിസ്ഫുലിംഗ-
മാണിന്നെന്റെ ഹൃദയ-
മതിലൊരു ചെമ്പനീർപ്പൂ
പകുതി വിരിഞ്ഞോരിതളുമായ്
ജീവന്റെ ഹരിതാഭ തേടി
സ്മിതമുതിർക്കെ..
നിറയുന്നു വേദന
മനമിതിലാകവേ
പിടയുന്നെന്നാത്മാവിലൊരു
കുഞ്ഞുപൈങ്കിളി..
ഇരുൾപൂണ്ട വഴിയിതിൽ
മൃതിയൊന്നു മാത്രമല്ലതിലു-
മത്യുഗ്രമാം ചതിയിരിപ്പൂ..
കണ്ണിമപൂട്ടാതെ കാത്തിരിയ്ക്കാമിന്നു
നിന്നെ ഞാനോമലേ
കാത്തു വെയ്ക്കാം..
ഇടറുന്ന കാൽവെയ്പ്പു -
റച്ചതാക്കീടു നീ
പിറവിയെടുത്തു
പോയെന്നതു കാരണം...
അലമാല പോലെ നീ-
യടരാടി നിൽക്കുക
മണിനൂപുരങ്ങൾ
വലിച്ചെറിഞ്ഞിടുക..
ഇതിഹാസമാകട്ടെയിനി
നിന്റെ ചെയ്തികൾ
ഇരുകണ്ണിലും സ്ഥൈര്യ
മുകുളങ്ങൾ വിടരട്ടെ..
അഭിശപ്തകാലമേ
വാക്കുകളില്ല നിന്നപദാന -
മൊന്നു പറഞ്ഞിരിക്കാൻ...
കനലാണു മനസ്സിലെൻ
പൈതലേ നീയെന്റെ
കരമൊന്നു വിട്ടു -
പോയീടിലും കാൺകിലും...

പഴമയുടെ കാഴ്ചകൾ
അബ്ദുല്‍ മജീദ് കെ ടി

ഇപ്പോഴും പഴമയുടെ കാഴ്ചകള്‍ ചിലയിടങ്ങളിലൊക്കെ ബാക്കിയുണ്ട്.
ഞാന്‍ ഇടക്കൊക്കെ കടന്ന് പോവാറുള്ള രണ്ടില്ലത്തെ   പാതയോരത്തുള്ള ഒരു ചെറിയ അങ്ങാടി. ഒരു കാലത്ത് എല്ലാവരുടേയും പ്രിയങ്കരമായിരുന്ന തപാല്‍ പെട്ടി ഇന്നും അവിടെ വൃത്തിയോടുകൂടി തൂങ്ങിക്കിടക്കുന്നത് തെല്ലൊന്നുമല്ല എന്നെ അത്ഭുതപ്പെടുത്തിയത്.
ഒാര്‍മ്മയിലെവിടെയൊ ഇനിയുമുണങ്ങാത്ത മുറിവില്‍ ഇടക്കൊക്കെ നൊമ്പരപ്പെടുത്തു ന്നതും ഈ കാഴ്ചതന്നെയാണ്..
അന്ന് നിറയെ പാടങ്ങളും പാടവരമ്പുകളുമുണ്ടായിരുന്നു. വരമ്പുകളിലൊക്കെയും കൊറ്റികള്‍ പറ്റമായി നിലയുറപ്പിക്കും. പരല്‍മീന്‍ തിളക്കങ്ങള്‍ നിമിഷങ്ങള്‍ കൊണ്ട് കൊറ്റിയുടെ വായിലവസാനിക്കും. ചെറുമികളുടെ മുറുക്കാന്‍ തുപ്പേറ്റ് വരമ്പുകളിലെവിടെയൊക്കെയോ ചോര പൊടിയും. ആയിശാത്തയും ബീത്താത്തയും അവര്‍ക്കിടയില്‍ തലമറച്ച് പണിക്കൂട്ടത്തിലുണ്ടാവും. പണിക്കാര്‍ക്കുള്ള കപ്പ പുഴുക്ക് പിടിച്ച് ഞാന്‍ പിന്നിലും ചായപ്പാത്രവുമായി  എളേമ്മയും പാടവരമ്പിലൂടെ നടന്നതും. തെളിഞ്ഞ പ്രകാശത്തില്‍ പണിക്കാരുടെ ചായകുടി കൗതുകത്തോടെ നോക്കിയതും എളേമ്മയുടെ ആയിച്ചോത്താ, ചീരോ വിളികളും ഇന്നും ഒാര്‍മ്മകളില്‍ തെളിഞ്ഞും മാഞ്ഞും ...ചെളിമണ്ണിന്റെ മണം വായുവിലങ്ങോളമിങ്ങോളവും പ്രകൃതിഗന്ധം പരത്തും.
അനന്തമായി കിഴക്കോട്ട് പോകുന്ന റെയില്‍ പാളത്തില്‍ ഒാടിക്കിതക്കുന്ന ഒാരോ ട്രെയിനുകളുടെയും അലര്‍ച്ച കേള്‍ക്കുമ്പോള്‍
നാട്ടുകാര്‍ സമയം തീരുമാനിക്കും. പണിക്കാര്‍ പാടത്തുനിന്നും കയറും, പലപ്പോഴും വെെകിയോടുന്ന വണ്ടികള്‍ ജന്മികള്‍ക്ക് ലാഭമുണ്ടാക്കി.
പാടവും പാളവും ചേരുന്നിടവും പാളവും തെങ്ങിന്‍ തോപ്പും ചേരുന്നിടവുമുണ്ടായിരുന്നു. പരമേശ്വരന്‍ മാസ്റററുടെ തൊടിയുടെ അവസാനത്തില്‍ രണ്ട് മുറികളുള്ള നിരപ്പലകയിട്ട പീടികയുണ്ടായിരുന്നു. ചീട്ടുകളിക്കാരുടേയും, പനങ്കുരുകളിക്കാരുടേയും  പോര് വിളികളും അട്ടഹാസങ്ങളും കൊണ്ട് പീടികയുടെ പിന്‍വശമെപ്പോഴും ശബ്ദമുഖരിതമായിരിക്കും
ഒന്നില്‍ ദാസന്‍ മാഷിന്റെ പലചരക്ക് കട, അടുത്തതില്‍ മൊയ്തീന്‍ക്കയുടെ ചായക്കട. ഇതിന് മുകളിലായിരുന്നു ഞങ്ങളുടെ ''സരിഗ'' ക്ലബ്ബ്.
എല്ലാവര്‍ഷവും വാര്‍ഷികം ആഘോഷിക്കുക എന്നത് പ്രധാനമായിരുന്നു. അന്ന് ക്ലബ്ബിലുള്ള സകല കലാപ്രതിഭകളും തങ്ങളുടെ കഴിവ് പുറത്തെടുക്കും.
ബെറ്റ് വെച്ചുള്ള കാരംസ് കളികളേറേയും ചായക്കുവേണ്ടിയുള്ളതായിരുന്നു. ബോര്‍ഡിലേക്ക് തൂക്കിയിട്ട നൂറ് വാട്ട് ബള്‍ബിന്റെ ഉഷ്ണമൊന്നുമേൽക്കാത്ത  വീറും വാശിയും.
കളികളുടെ അവസാനത്തില്‍ മൊയ്തീന്‍ക്കയുടെ ചായപ്പീടികയിലെ അനുസരണയില്ലാത്ത ബഞ്ചുകളിലിരുന്ന് അടുത്ത കളിക്കുള്ള അങ്കം കുറിക്കലും വീരവാദങ്ങളും നടക്കും.
പലചരക്കുകടയുടേയും ചായപ്പീടികയുടേയും നടുവിലെ ചുമരില്‍ ഒരാഭരണമായി തൂങ്ങിക്കിടക്കുന്ന ചുവന്ന തപാൽ പെട്ടി.
സങ്കടങ്ങളും, പരാതികളും,  പ്രണയവും  ഇഷ്ടവും, വിരഹവും, സന്തോഷങ്ങളും, അതിലേറെ ആവശ്യങ്ങളും കുത്തിക്കുറിച്ച കുറിമാനങ്ങൾ നെഞ്ചിലേറ്റി നിന്നു.
PB No. 86,
post Parit Raja,
Batupahat,
Johar Malesyia.
                     എന്ന അഡ്രസ്സില്‍ ഉമ്മ എഴുതിയ എത്രയോ കത്തുകളാണ് ഞാനതില്‍ ഇട്ടിട്ടുള്ളത്. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷവും മലേഷ്യയിലുണ്ടായിരുന്ന ഉപ്പാന്റെ വിലാസം ഇപ്പോഴും ഒാര്‍മ്മയില്‍ നിന്നും മായാത്തത് അന്നത്തെ ബാല്യം അത്രത്തോളം ഞെഞ്ചിലേറ്റിയിരുന്ന ഒരു കാര്യമായിരുന്നത് കൊണ്ടുതന്നെയാവാം.  അന്ന് കത്തിടാന്‍ വന്നിരുന്ന എന്നെ മൊയ്തീന്‍ക്ക പറഞ്ഞു പറ്റിച്ചിരുന്നപോലെ ഞാന്‍ ആസിഫിനേയും ഹഫീസിനേയും പറഞ്ഞു പറ്റിച്ചിരുന്നത് ഇപ്പോഴും സങ്കടങ്ങളായി നില്‍ക്കുന്നു.
ഹുസെെന്‍ക്കയുടെ ഇരട്ടക്കുട്ടികളായ ആസിഫും ഹഫീസും ഗള്‍ഫിലുള്ള അവരുടെ ഉപ്പ ഹുസെെന്‍ക്കക്ക്  അവരുടെ ഉമ്മ  കൊടുത്തയക്കുന്ന കത്തുകളുമായി വരും.
കണ്ടാല്‍ അവരെ പരസ്പരം തിരിച്ചറിയാന്‍ പ്രയാസമായിരുന്നു. ആസിഫിന് കുറച്ച് വണ്ണകൂടുതലുണ്ടായിരുന്നത് കൊണ്ടുമാത്രമായിരുന്നു ഞങ്ങള്‍  തിരിച്ചറിഞ്ഞിരുന്നത്.
കുട്ടികള്‍ക്ക് തപാല്‍ പെട്ടിയിലേക്ക് കയ്യെത്താതിരുന്നതിനാല്‍ അവരവിടെ പെട്ടിക്ക് ചുറ്റും നിന്ന് മുയ്തീന്‍ക്കയെ നോക്കും. പിന്നീട് അവരിലൊരാളെ ഉയര്‍ത്തി പെട്ടിയില്‍ കത്തിടേണ്ട ചുമതല മൊയ്തീന്‍ക്കാക്കൊ  കണ്ടു നില്‍ക്കുന്ന ഞങ്ങള്‍ക്കാര്‍ക്കെങ്കിലുമാകും. കത്ത് അവര്‍ ആരുടേയും കയ്യില്‍ തരില്ല! അവരുടെ കെെ കൊണ്ട് തന്നെ നിക്ഷേപിക്കണമെന്ന് നിര്‍ബന്ധം. ഒരു പക്ഷെ അവരുടെ ഉമ്മ റുഖിയാത്ത 'ആരുടെ കയ്യിലും കൊടുക്കരുത്' എന്ന് പറയുന്നത് കൊണ്ടുമായിരിക്കും. അങ്ങാടിയിലെ അലമ്പുകളായ ഞങ്ങള്‍ പൊട്ടിച്ചു വായിച്ചാലൊ എന്നവര്‍ സംശയിക്കുന്നതില്‍ അത്ഭുതപ്പെടാനുമില്ല.
'' ഹുസെെന്‍ ദുബായി'' എന്ന് കത്തിടുമ്പോള്‍ പെട്ടിയില്‍ പറയണമെന്ന് അവരെ പറഞ്ഞു പറ്റിക്കുമ്പോള്‍ ഒരു രസമായിരുന്നു. ഒരു ദിവസം മൊയ്തീന്‍ക്ക പറഞ്ഞു '' എന്തിനാ പഹയാ ആ കുട്ടികളെ പറ്റിക്കുന്നതെന്ന്.
'' ഞാന്‍ ചെറുപ്പത്തില്‍ കത്തിടാന്‍ വരുമ്പോള്‍ എന്നെ ഇതുപോലെ പറ്റിച്ചിരുന്നത് ഇങ്ങള് മറന്നോ''
''അതിന് ജ്ജ് കാഞ്ഞ വിത്തല്ലായിരുന്നോ,
പഞ്ചാര കവറ് കുത്തി പഞ്ചാര തിന്നിട്ട് ഉമ്മാനോട് ദാസന്‍മാഷ് പഞ്ചാരയില്‍ കൂറയെ കൂട്ടി പൊതിഞ്ഞിരുന്നു, കൂറെ പുറത്ത് ചാടിയപ്പോ പഞ്ചാര പുറത്ത് പോയതാണെന്ന് പറഞ്ഞ ജഗലല്ലേ''
കുറ്റി ബീഡിയൊന്നാഞ്ഞു വലിച്ച് ഇത്രയും പറഞ്ഞ് നെഞ്ചില്‍ ഒരു ചിലമ്പലോടെ മൊയ്തീന്‍ക്ക പൊട്ടിച്ചിരിച്ചു. മഴക്കും മൊയ്തീന്‍ക്കയുടെ ബീഡി വലിക്കും നെഞ്ചിൻകൂടില്‍ നിന്നുത്ഭവിക്കുന്ന ചിലമ്പലുകള്‍ക്കും എന്തോ ബന്ധമുള്ളത് പോലെ തോന്നും..
ഒരു തണുത്ത നവംബർ മാസത്തിലെ പ്രഭാതത്തില്‍ നാടിനെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഒരു ദുരന്ത വാര്‍ത്ത വന്നു. ആസിവും ഹഫീസും എന്ന രണ്ട് കുഞ്ഞുപൂവുകള്‍ ഇനിയില്ല. ആ വാര്‍ത്ത തികച്ചും അവിശ്വസനീയമായി തോന്നിയെങ്കിലും അത് സത്യമാണെന്നുറപ്പിക്കാന്‍ നാട്ടുകാര്‍ക്ക് ഏറെ സമയം വേണ്ടി വന്നില്ല. മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് ഹോസ്പിറ്റൽ സ്ഥിരീകരിച്ചു.
കാരണമന്വേഷിച്ച പോലീസ് പുട്ടുണ്ടാക്കാന്‍ വെള്ളം തിളപ്പിക്കുന്ന തൂക്കു പാത്രത്തില്‍ നിന്നും വെന്തലിഞ്ഞ ഒരു അരണയെ പുറത്തെടുത്തു. കുട്ടികള്‍ മദ്രസയില്‍ പോകാന്‍ രാവിലെ കഴിച്ചത് പുട്ടായിരുന്നു.
രാവിലെ പുട്ടിന് തൂക്ക് പാത്രം വെള്ളം നിറച്ച് അടുപ്പത്ത് വെച്ചപ്പാേള്‍ തന്റെ പൊന്നുമക്കളെ കൊല്ലാനുള്ള വിഷം അതിനകത്തുണ്ടെന്ന് റുഖിയാത്ത അറിയാതെ പോയി.
കുട്ടികളുടെ മരണം  ഹുസെെന്‍ക്കയെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. സരിഗ ക്ലബ്ബിന്റെ തുടക്കക്കാരില്‍ ഒരാളായിരുന്ന ഹുസെെന്‍ക്ക ഒരു കാലത്ത് വളരെ സജീവമായ ഒരു  നാടകകൃത്തും അഭിനേതാവും ഒക്കെയായിരുന്നു.
പിന്നീട് വീട്ടില്‍ റുഖിയാത്തയുമായി എന്നും പ്രശ്നങ്ങളായി. അവരുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് മക്കള്‍ നഷ്ടപ്പെട്ടെതെന്ന് കുറ്റപ്പെടുത്തികൊണ്ടിരുന്നു.
ഇത്തരം ആരോപണങ്ങളൊക്കെ ഹുസെെന്‍ക്ക പുറത്തും പറയാന്‍ തുടങ്ങി.
ഹുസെെക്ക പറഞ്ഞതെല്ലാം ശരിയായിരുന്നു വെന്ന് കാലം തെളിയിച്ചു. എന്നെ തിരയേണ്ട എന്ന ഒരു കത്തെഴുതിവെച്ച്  റുഖിയാത്ത അപ്രത്യക്ഷയായി. പിന്നീടവരെ ഒരു ചെറുപ്പക്കാരന്റെ കൂടെ തൃശൂരില്‍ വെച്ച് കണ്ടെന്ന് ലോട്ടറിക്കാരന്‍ വാസുവിന്‍റെ മൊഴി.
കാലം ഒരുപാട് കഴിഞ്ഞു. വര്‍ഷവും വേനലും മാറി മാറി വന്നു. നിളാ നദിയും
മുട്ടിക്കലെ പുഴയും പിന്നീട് കരകവിഞ്ഞൊഴുകിയത് ഈ വര്‍ഷത്തിലാണ്.  ഇടവഴികളിലൂടെ കുത്തിയൊഴുകിയിരുന്ന മലവെള്ളം പോവാന്‍ വഴികളില്ലാതെ, വഴി തടഞ്ഞവരുടെ വീട്ടിലേക്കൊഴുകി. സരിഗ ക്ലബ്ബും താഴെയുള്ള കടകളും അതിലെ രണ്ട് ഉടമസ്ഥരും ഒാര്‍മ്മകളായി. ഹുസെെന്‍ക്ക ഒരു ബാലമന്ദിരം നിര്‍മ്മിച്ചു അതിന് ''ആസിഫഫീസ് അനാഥാലയം'' എന്ന് പേരിട്ടു.
എഴുത്തും വായനയും കുട്ടികളുടെ കാര്യങ്ങളും മാത്രമായി ഒതുങ്ങി.
എഴുത്തുകളൊക്കെ വേറെ ഏതോ പേരില്‍ ചില മാസികകളില്‍ വരാറുണ്ടെത്ര. മൂപ്പര്‍ ഇപ്പോഴും എഴുതുന്നത് നര്‍മ്മ കഥകളാണ് എന്നതാണ് അതിന്റെ ആശ്ചര്യം.
''ഹുസെെന്‍ക്ക ഇങ്ങക്കെങ്ങനെയാണ് നര്‍മ്മം ഇപ്പോഴും എഴുതാന്‍ കഴിയുന്ന''തെന്ന എന്റെ ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയായിരുന്നു.
''മുനീറെ എനിക്ക് നര്‍മ്മം എഴുതുമ്പോള്‍ കിട്ടുന്ന ഒരാശ്വാസമുണ്ട് അത് ഞാനനുഭവിക്കുന്നുണ്ട് , സങ്കടം വന്നാല്‍ നീ കരഞ്ഞു തീര്‍ക്കില്ലേ , അത് പോലെയാണ് എനിക്ക് എഴുത്തുകളും. എന്റെ എഴുത്ത് നാലാളുകള്‍ വായിച്ച് ചിരിക്കുമ്പോള്‍ എന്റെ മനസ്സിലെ സങ്കടവും കുറച്ച് കുറഞ്ഞു കിട്ടും.
കണ്ണീര്‍ മഴയത്ത് ചിരിയുടെ കുട ചൂടിയവരാണ് ഏറെയും എഴുത്തുകാര്‍''
ഇന്നും തപാല്‍ പെട്ടികാണുമ്പോള്‍ ഒാര്‍മ്മയിലെത്തുക ആ രണ്ട് കുരുന്നുകളേയാണ്. ഓർമ്മച്ചെപ്പില്‍ മങ്ങാതെ ഇപ്പോഴും ആസിവും ഹഫീസുമുണ്ട്. അവരെന്റെ ഒാര്‍മ്മയിലെ  തിളങ്ങുന്ന മുത്തുകളാണിന്നും! സ്വര്‍ഗ്ഗത്തിലെ മാലാഖക്കുട്ടികള്‍.

വിരഹം
ബെന്നി.ടി.ജെ

അതിരുകളില്ലാത്ത ആകാശംപോലേ
ഓർമ്മകളോടിഴ ചേർക്കപ്പെട്ട്  
ഉള്ളിൽ നിറയുന്ന വിരഹം
നീർമാതളത്തിന്റെ ഇതളുകൾപോലേ
അടർന്നുവീണ് നിഴലുകളോടു
കലഹിക്കുമ്പോൾ,
ജിജ്ഞാസ തേടുന്ന ബാല്യം
പാഠപുസ്തകത്താളിനുള്ളിൽ
ഒളിപ്പിച്ചുവെച്ച മയിൽപ്പീലിത്തുണ്ട്
തുറന്നു നോക്കുന്നതുപോലേ 
നമ്മേ, ഭൂതകാലക്കുളിരണിയിക്കും.
കടലിലെയോളങ്ങൾപ്പോൽ
വിരഹം ഹൃദയ ഭിത്തികളെ തഴുകിക്കൊണ്ടിരിക്കുമ്പോൾ,
ചിറകടിയൊച്ച കേൾക്കാത്ത
പ്രതീക്ഷകളുടെ തുരുത്തുകളിൽ
ഒറ്റപ്പെട്ടുപോകുന്ന പെൺകിളികൾ
ഇണകളെ കണ്ടുമുട്ടിയതുപോലേ
മൗനത്തിലൊളിപ്പിച്ച വിരഹം
മനസ്സിനുള്ളിൽ സംഗീതം വിരിയിച്ചു
ഹൃദയത്തെ പെരുമ്പറകൊട്ടിക്കും.
ഏകാന്തതയിൽ ഉണർന്നിരിക്കുമ്പോൾ
ഇളംതെന്നൽപോലേ കടന്നുവന്ന് , 
മനസ്സിനെ തൊട്ടുണർത്തി ചിന്തകളെ
തോല്പിക്കുമ്പോൾ ആത്മാക്കളുടെ സംഗീതമാകാറുണ്ട് വിരഹം.
പ്രണയത്തിന്റെ തീച്ചൂളയിൽ
വീണപ്പോളാണ് ശലോമോന്റെ
ഉത്തമഗീതത്തിലെ
ജെറുസലേം കന്യകയെപ്പോലേ
വിരഹവും മാടിവിളിക്കാൻതുടങ്ങിയത്.
കാത്തിരിപ്പിന്റെ വിളനിലമാണു വിരഹം.

കളിപ്പാട്ടങ്ങൾ
പി.ജി.നാഥ്

തൊട്ടിലിനു മുകളിൽ, പല വർണങ്ങളിലുള്ള വസ്തുക്കൾ കറങ്ങിക്കൊണ്ടിരിക്കുന്ന കളിക്കോപ്പാണ് അന്ന് ആദ്യം വാങ്ങിയത്.
അതു നോക്കി അവൻ തുള്ളി ച്ചാടാനും ചിരിക്കാനും പഠിച്ചു.
ശബ്ദമുണ്ടാക്കുന്ന കിലുക്ക്, ചെണ്ട, പീപ്പി,.... ഇവയായി പിന്നെ....
കാർ,ലോറി, ആന... കീ കൊടുത്തും, ബാറ്ററി ഉപയോഗിച്ചും ഓടുന്നവ
ലെറ്ററുകളും, നമ്പറുകളും, ബിൽഡിംഗ്ബ്ലോ
ക്കുകളും..
ബാലരമ, ബാലഭൂമി, കോമിക്സ്. പന്ത്, ബാറ്റ്....
കളിപ്പാട്ടങ്ങൾ തെരഞ്ഞെടുക്കുവാനും, വാങ്ങാനും അച്ഛനെയാണ് കൂട്ടാറ്. അമ്മ പലപ്പോഴും നിരുത്സാഹപ്പെടുത്തും.
"എത്രയെണ്ണം വീട്ടിലുണ്ട്. ഒന്നും സൂക്ഷിക്കില്ല. വെറുതെ പൈസ കളയേണ്ട ",എന്നൊക്കെ യാണ് പരാതി.
ആവശ്യം കഴിഞ്ഞ, കേടുവന്ന കളിക്കോ പ്പുകൾ ആക്രി സാധനങ്ങളുടെ പെട്ടിയിലിടു മ്പോൾ മനസ്സു നൊമ്പരപ്പെടും. ബാല്യം ദിവസം തോറും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു,
കുഞ്ഞു വലുതാകുന്നു.....
കളിക്കോപ്പുകളുടെ ഗ്രേഡ് കൂടി....
സൈക്കിൾ, മൊബൈൽ ഫോൺ, ബൈക്ക്.....
അവൻ വളരുകയായിരുന്നു. തമ്മിലുള്ള അകലവും കൂടുന്നുണ്ടായിരുന്നു ശാരീരികമായും, മാനസികമായും...
ഇന്നവൻ ജീവനുള്ള ഒരു കളിപ്പാട്ടവുമായി മുന്നിൽ നില്ക്കുന്നു!
അത് തെരഞ്ഞെടുക്കുവാൻ അവൻ എന്നെയോ, അമ്മയെയോ കൂട്ടിയില്ല...
സ്വയംപര്യാപ്തതയുടെ, പൗരുഷത്തിന്റെ, ധിക്കാരത്തിന്റെ വിജയ ഭാവം,
ഇന്നുവരെ കാണാത്ത, അത്ഭുതപ്പെടുത്തുന്ന, പുതിയ ഭാവം അവന്റെ കണ്ണിൽ!

നിനക്കായ്...
ജസീന റഹീം

നിനക്കായ് ഞാൻ കൊണ്ട
വെയിലിന്റെ ചൂടത്രയും
 ഇന്നുമെന്റെ നെറുകയിൽ പൊള്ളിപ്പടരുന്നു..
നിന്റെ ഒരായിരം ചുംബനപ്പാടുകൾക്കും
മീതേയാണാതിണർപ്പുകൾ..
നെടുവീർപ്പുകളാൽ ഏന്തി വലിഞ്ഞ വിരഹാർദ്രരാവുകളെ
തൊട്ടടുത്തെത്തി നീയെത്ര
 പ്രണയത്താൽ നിറച്ചിട്ടും ..
പരിഭവങ്ങളാൽ നിന്റെ സ്വാസ്ഥ്യം കെടുത്തി
നിന്നിലേക്ക് ഞാനെന്നേ വരച്ചിട്ട
 കാണാവരയ്ക്കുള്ളിൽ
 ഉയിരും ഉടലും ചേർത്ത്
 വന്യമായ് പുണർന്നെന്നിലേക്ക്
  ഉന്മാദിനിയായി നിന്നെ
  ചേർത്തു പിടിച്ചെത്രയെന്നോ...
  ഭ്രാന്തിന്റെ വക്കോളമെത്തുന്ന
  എന്നെ നീയെത്ര ക്ഷമയോടെ കാത്തിട്ടും..
  ചുറ്റും തിരയാർക്കുന്നൊരേകാന്ത ദ്വീപിൽ
  തനിച്ചാണ് ഞാൻ പ്രിയനേ..
  ഇപ്പോഴും ഞാൻ കൊള്ളുകയാണ്
 പഴയ അതേ വെയിൽ..
അന്നത്തെക്കാൾ തീവ്രതയോടെ..

" ഒരു കണ്ണീർക്കണം മറ്റു -
ള്ളവർക്കായ് ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം.
ഒരു പുഞ്ചിരി ഞാൻ മറ്റു-
ള്ളവർക്കായ് ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യ നിർമല പൗർണമി ----"
"തെരുവിൽ കാക്ക കൊത്തുന്നു
 ചത്ത പെണ്ണിന്റെ കണ്ണുകൾ,
  മുല ചപ്പി വലിക്കുന്നു നരവർഗ നവാതിഥി,
  വെളിച്ചം ദു:ഖമാണുണ്ണീ
   തമസ്സല്ലോ സുഖപ്രദം.."
   ഇരുപതാം നൂറ്റാണ്ടിലെ കവിനോവിൽ നിന്നും ഇപ്പോഴും ചോരയിറ്റുന്നു....
   അതിനാൽ,ജ്ഞാനപീഠമേറിയ കവിയുടെ പ്രാർത്ഥനാമന്ത്രം ജപിച്ച് നമുക്ക് കണ്ണീർ കൊണ്ട് സ്നേഹക്കടൽ തീർക്കാം...