26-08-19b

📚📚📚📚📚📚
തിരുമുഗൾബീഗം
ലതാലക്ഷ്മി

ഡിസി ബുക്സ്
പേജ്138
വില 130
    സംഗീത ചക്രവർത്തി ഉസ്താദ് അക്ബർ അലി ഖാൻ- മറീന ബീഗം ദമ്പതികൾക്ക് രണ്ടു പുത്രിമാർ  ഉണ്ടായിരുന്നു. സംഗീതജ്ഞയായ  മൂത്തമകൾ സറീനാര.ഇളയവൾ സയനോര. ഭർതൃവീട്ടിലെ പീഡനമേറ്റ് മൂത്തവൾക്ക് ജീവൻ നഷ്ടമായി . മകളുടെ മരണത്തിന്  സംഗീതം കാരണമായതിനാൽ ഇളയ മകളെ  ഉസ്താദ് സംഗീതലോകത്തിൽ നിന്ന് മാറ്റി നിർത്തി. പക്ഷേ ,ഒരു ദിവസം അവൾ മനോഹരമായി മധുവന്തി വായിക്കുന്നത് കേട്ടപ്പോൾ തൻറെ പിന്തുടർച്ച അവളിലൂടെ ആണെന്ന്  അദ്ദേഹം ഉറപ്പിച്ചു.

    ആർക്കിടെക്റ്റായ വിശ്വദേവബാനർജിയുടയും അധ്യാപികയായ ജയാദേവിയുടെയും മൂത്തമകൻ സൂര്യദേവ് മാതാപിതാക്കളുടെ ഇച്ഛയ്ക്ക് വിരുദ്ധമായി നൃത്തകല സ്വജീവിതത്തിൻറെ ഭാഗമാക്കി .ഇളയമകൻ  മഹാദേവ് ഉസ്താദ് അക്ബർ അലി ഖാനിൽനിന്നും സംഗീതം പഠിച്ച് തൻറെ വഴി തിരിച്ചറിഞ്ഞു . മഹ്റ്ഹസീനയുടെയും അൻമോറയുടെയും പ്രണയം ഉപേക്ഷിച്ച് അയാൾ ഗുരുവും ഗുരുപുത്രിയുമായ സയനോരബീഗം എന്ന അദ്രികന്യയെ വിവാഹം കഴിച്ചു.
     സംഗീത കച്ചേരികൾക്ക് കൂടുതൽ സാധ്യതയുള്ള ബോംബെയിലേക്ക് അവർ താമസം മാറുന്നു. ഒരുമിച്ചുള്ള കച്ചേരികൾ ദാമ്പത്യത്തിൽ പുതിയ പോർമുഖങ്ങൾ തുറന്നു. സുരേഖ എന്ന നർത്തകിയിൽ അലിഞ്ഞു തുടങ്ങിയ അയാൾ ബോംബെയിലെ ചേരി നിർമാർജനത്തിന് ധനസമാഹരണം ഉദ്ദേശിച്ചു നടത്തിയ കച്ചേരികളുടെ  തിരക്കിൽ വിദേശ സുന്ദരികളിലേക്ക് ഒഴുകിയെത്തുകയായിരുന്നു.   ബിമൽ ബർദൻ എന്ന ജ്യോതിഷി വിവാഹ ബന്ധം ഉപേക്ഷിക്കാൻ മഹാദേവനെ ഉപദേശിക്കുച്ചു.അദ്രികന്യ തൻറെ കച്ചേരികൾ പൂർണ്ണമായും ഉപേക്ഷിക്കാമെന്നു ശപഥംചെയ്ത് ഭർത്താവിന്റെ പ്രണയം തിരിച്ചു കിട്ടാൻ ശ്രമിച്ചത് വിഫലമായത് അറിഞ്ഞ് വിവാഹമോചനപത്രിക ഒപ്പിട്ട് നൽകി.
  
     മലയാളിയായ കാമുകി ഇള, മഹാദേവൻറെ  വിവാഹാഭ്യർത്ഥന  നിരസിക്കുകയും അയാളുടെ കുട്ടിയുടെ അമ്മയായ  സുരേഖ ചൗധരി എന്ന ഡാൻസറെ വിവാഹം കഴിക്കാൻ ഉപദേശിക്കുകയും ചെയ്യുന്നു.പത്രറിപ്പോർട്ടറായ മുസ്ലീം യുവതി തസ്ബീഹിനെകടന്ന് അയാൾ ഇംഗ്ലണ്ടുകാരനായ ആറോണിന്റെ മകൾ ജോആൻ-ൽ ജീവിതം പറിച്ചുനട്ടു.
     അമ്മയുടെ പിടിവാശിയോടും അനാദ്രമായ ജീവിതത്തോടും കലഹിച്ച് മകൻ സത്യേന്ദ്ര വീട് ഉപേക്ഷിച്ച് പോവുകയും ,തൻറെ ജീവിതപങ്കാളിയെ കണ്ടെത്തി അവളോടൊപ്പം അൽപ കാലം ജീവിച്ച് മരണപ്പെടുകയും ചെയ്തു.
          ലോകത്തിൻറെ ശ്രദ്ധയിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി  ഏകാന്തമായി താമസിക്കുന്ന സയനോരയെ താരാറാം എന്ന മധ്യവയസ്കൻ  കാണുന്നു. അവരിൽനിന്ന് സംഗീതം പഠിക്കുകയും  അവരെ വിവാഹം ചെയ്യുകയും കുറച്ചു നാൾക്കകം ഹൃദയസ്തംഭനം വന്ന് മരിക്കുകയും ചെയ്തു.

     ലതാലക്ഷ്മിയുടെ തിരുമുഗൾബീഗം എന്ന നോവലിൻറെ  കഥ ഈ പറഞ്ഞതാണ്. സംഗീതലോകത്ത്  താൻ പരിചയപ്പെട്ട  ചില വ്യക്തികളുടെ കഥയിൽ നിന്നാണ് ഈ നോവൽ  രൂപം കൊണ്ടത് എന്ന് ലക്ഷ്മി പറയുന്നുണ്ട്. പ്രശസ്ത സംഗീതജ്ഞയായ  അന്നപൂർണ ദേവിയുടെ ജീവിതം ആവിഷ്കരിക്കുന്ന നോവൽ  എന്ന തലക്കെട്ടോടെയാണ് പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത് .

      കഥയല്ല  അത് പറയുന്ന രീതിയാണ്  ഈ നോവലിനെ വേറിട്ടതാക്കുന്നത്. സംഗീതമാണ്  ഈ നോവലിന്റെ ഭാഷ . ഓരോ അധ്യായവും  വളരെ ചെറുതാണ് .കാര്യമാത്രപ്രസക്തം .പിന്നെയുള്ളതെല്ലാം സംഗീതമാണ് .ഇത്രമാത്രം ശാസ്ത്രീയ സംഗീതം ചാലിച്ച മറ്റൊരു നോവൽ/രചന ഏതെങ്കിലും ഭാഷയിൽ തന്നെ ഉണ്ടാവുമോ എന്ന് സംശയമാണ് .
     കൈതപ്രം ദാമോദരൻ നമ്പൂതിരി പറയുന്നു: " പ്രണയത്തിന്റെ,ഋതുവിന്യാസത്തിന്റെ, വിളമ്പ സംഗീതത്തിന്റെ അഭൗമ കാലപ്രമാണങ്ങളും രണ്ട് മനുഷ്യരുടെ രാഗോന്മാദങ്ങളിലൂടെ, ലതാലക്ഷ്മിയുടെ ഭാഷയിലൂടെ ഞാൻ അറിയുകയായിരുന്നു .ലതാലക്ഷ്മിക്ക് നന്ദി.  ആഷാമേനോൻ പറയുന്നു :"ശ്യൂന്യമായ മരുഭൂമിയിലൂടെ  ഒളിച്ചു വരുന്ന ദ്രുപദിൻറെ ആലാപനം ,മിയാതാൻസന്റെ പ്രഭാവം, ഞാൻ ഒരു മലയാള കൃതിയിലെ അനുഭവിച്ചിട്ടുള്ളൂ".

 ആലാപകരും  വാദകരും തുടർച്ചയായി വന്നു മറഞ്ഞുകൊണ്ടിരിയ്ക്കുന്ന ഒരു സംഗീത ശായിലാണ് തിരുമുഗൾബീഗത്തിന്റെവായനക്കാർ" എന്ന് പി കെ രാജശേഖരൻ അവതാരികയിൽ കുറിക്കുന്നു.
     സംഗീതപ്രേമികളെ മുഴുവനും ആനന്ദത്തിൽ ആറാടിക്കുന്ന ഈ നോവലിൽ  സാഹിത്യത്തിൻറെ മസ്സൃണ ശരീരം അന്വേഷിച്ചാൽ ചിലപ്പോൾ നിരാശപ്പെട്ടേക്കും. സംഭവങ്ങളെ അത്രമേൽ ചുരുക്കിയാണ് നോവലിൽ തുന്നിച്ചേർത്തിട്ടുള്ളത്. പെട്ടെന്ന് പിടിതരാത്ത ചില വാക്യങ്ങൾ ഇടയിൽ പെട്ടു പോയിട്ടുണ്ട്. ഇനിയുള്ള വാക്യം നോക്കുക...
 "തേൻ മാമ്പഴം കൊഴിയുന്ന കാലമായിരുന്നു അത്. മൈഹറിലെ വേപ്പുമരങ്ങളും ചന്ദനമരങ്ങളും വീശിയടിച്ച കാറ്റിൽ മഹുവാ പുഷ്പങ്ങൾ പൊട്ടിവിരിഞ്ഞു."

നോവലിലെ പ്രധാന കഥാപാത്രങ്ങൾ ജീവിച്ചിരുന്നവരാണ്  എന്ന സൂചന ഉണ്ടല്ലോ. അവരെ കൂടി ഒന്ന് പരിചയപ്പെടേണ്ടതാണ്

രതീഷ്കുമാർ
🌾🌾🌾🌾🌾🌾

അന്നപൂർണ്ണദേവി
ഹിന്ദുസ്ഥാനി സംഗീതത്തിലെ ഉന്നതമായ പാരമ്പര്യമാണ് അന്നപൂർണ്ണദേവി പ്രതിനിധീകരിക്കുന്നത്. 1927 ഏപ്രിൽ 23 ന് ഉസ്താദ് അലാവുദ്ദീൻ ഖാന്റെ മകളായി മെയ്ഹാറിൽ ജനിച്ചു. സേനിയ മെയ്ഹാർഖരാനയിലെ വിഖ്യാത സംഗീതജ്ഞനായ ഉസ്താദ് അലാവുദ്ദീൻ ഖാൻ രാജകൊട്ടാരത്തിലെ സംഗീതജ്ഞനായിരുന്നു. റോഷനാരാഖാൻ എന്നായിരുന്നു ആദ്യ പേര്. ഉസ്താദ് തന്നെയായിരുന്ന ആദ്യ ഗുരുവും. ഉസ്താദിന്റെ മൂന്നു പെൺകുട്ടികളിൽ (ജഹനാര, ശാരിജ, റോഷനാരാ) ഏറ്റവും ഇളയവളായിരുന്നു അന്നപൂർണ. ശാരിജ കുട്ടിക്കാലത്തേ മരിച്ചു പോയി. വിവാഹിതയായ ജഹനാരയ്ക്ക് ഭർത്തൃഗൃഹത്തിൽ തന്റെ സംഗീതത്തെ ചൊല്ലി ക്രൂര പീഡനങ്ങളേറ്റു വാങ്ങേണ്ടി വന്നു. ഭർത്തൃമാതാവ് ജഹനാരയുടെ തംബുരു കത്തിച്ചുകളഞ്ഞതറിഞ്ഞ ഉസ്താദ്, റോഷനാരയെ സംഗീതം പഠിപ്പിക്കേണ്ടതില്ലെന്നു വിചാരിച്ചെങ്കിലും സഹോദരനായ അലി അക്ബാർഖാനെസംഗീതം പഠിപ്പിക്കുന്നത് യാദൃച്ഛികമായി കാണാനിടയായ അദ്ദേഹം മനം മാറി അവർക്ക് ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലും സിത്താറിലും സുർബഹാറിലും പരിശീലനം നൽകി. പതിന്നാലാം വയസ്സിൽ മതം മാറി ഹിന്ദുവായി, ഉസ്താദിന്റെ ശിഷ്യനായിരുന്ന രവിശങ്കറിനെ വിവാഹം കഴിച്ചു.

ബാൻസുരി വാദകരായ ഹരിപ്രസാദ് ചൗരസ്യ‌യും നിത്യാനന്ദ് ഹാൽഡിപ്പൂരും അടക്കം നിരവധി പ്രസിദ്ധ ശിഷ്യരുണ്ട്.
1977-ൽ പത്മഭൂഷൺപുരസ്ക്കാരവും 1991 ൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചു. 1999ൽ വിശ്വഭാരതി സർവ്വകലാശാലഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.

പണ്ഡിറ്റ് രവിശങ്കർ
ലോക പ്രസിദ്ധനായ ഇന്ത്യൻസംഗീതഞ്ജനായിരുന്നു പണ്ഡിറ്റ് രവിശങ്കർ ( 7 ഏപ്രിൽ1920 - 11 ഡിസംബർ 2012 ).അദ്ദേഹം ബനാറസിലെ ഒരു ബംഗാളി കുടുംബത്തിൽ ജനിച്ചു. പൗരസ്ത്യ, പാശ്ചാത്യ സംഗീത ശാഖകളെ തന്റെ സിത്താർ വാദനത്തിലൂടെ ഇണക്കിച്ചേർക്കാനദ്ദേഹത്തിനായി. 1999-ൽ ഭരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നം ലഭിച്ചിട്ടുണ്ട്. സംഗീതത്തിലെ അതുല്യ പ്രതിഭകൾക്ക് ലഭിക്കുന്ന ഗ്രാമി പുരസ്‌കാരത്തിന് മൂന്ന് തവണ അർഹനായ അദ്ദേഹത്തിന് സമഗ്ര സംഭാവനക്കുള്ള ഗ്രമ്മി പുരസ്കാരം മരണാനന്തരം ലഭിച്ചു.അദ്ദേഹം 1986 മുതൽ 1992 വരെ രാജ്യസഭാംഗമായിരുന്നു.

പണ്ഡിറ്റ് രവിശങ്കർ
വാരണാസിയിൽ ബാരിസ്റ്റർ ശ്യാം ശങ്കറിന്റെ ഏഴു മക്കളിൽ ഏറ്റവും ഇളയവനായായി ജനിച്ചു. നർത്തകനായ ഉദയശങ്കർ അദ്ദേഹത്തിൻറെ സഹോദരനാണ്‌. നാടോടി സംഗീതമാണ് ആദ്യം പഠിച്ചതെങ്കിലും ഉസ്താദ് അലാവുദ്ദീൻ ഖാനിൽ നിന്നു സിതാർ വായന അഭ്യസിച്ചതോടെയാണ് അദ്ദേഹം പ്രശസ്തനായത്. ഗുരു തന്റെ രണ്ടാമത്തെ മകളായ റോഷനാര ഖാനെ (അന്നപൂർണ്ണാദേവി) രവിശങ്കറിന് വിവാഹം ചെയ്തുകൊടുത്തു

1949 മുതൽ 1956 വരെ ആകാശവാണിയിൽ സംഗീതസംവിധായകനായിരുന്നു.കുറച്ചു കാലം അദ്ദേഹം പാശ്ചാത്യരാജ്യങ്ങളിലെ സംഗീതവിദ്യാലയങ്ങളിൽ ഭാരതീയ സംഗീതാധ്യാപകനായി പ്രവർത്തിച്ചു. സത്യജിത്റേയുടെ “പഥേർ പാഞ്ചാലി”, “അപരാജിത” തുടങ്ങിയ സിനിമകളുടെ സംഗീത സം‌വിധാനവും നിർവ്വഹിച്ചു. . ദൽഹിയിൽ “നാഷണൽ ഓർക്കെസ്‌ട്രാ” രൂപവൽകരിക്കാൻ മുന്‌ കൈയെടുത്തു. യു.എസിലും ബോംബെയിലും “കിന്നര” സംഗീതവിദ്യാലയം സ്ഥാപിച്ചു.

യെഹൂദി മെനുഹിനെയും 'ബീറ്റിൽസ്ജോർജ്ജ് ഹാരിസണെയും കൂടാതെ, സംഗീത പ്രതിഭകളായ ഴാങ് പിയറി രാംപാൽ, ഹൊസാൻ യമമോട്ടോ, മുസുമി മിയാഷിത, ഫിലിപ്പ് ഗ്ലാസ്, കോൾട്രെൻഎന്നിവർക്കൊപ്പവും രവിശങ്കർ പ്രവർത്തിച്ചു. 1952ലാണ് യെഹൂദി മെനുഹിനുമായുള്ള ബന്ധം രവിശങ്കർ തുടങ്ങിയത്. ഇരുവരും ചേർന്ന് പുറത്തിറക്കിയ 'വെസ്റ്റ് മീറ്റ്സ് ഈസ്റ്റ്' എന്ന ഫ്യൂഷൻ സംഗീതം വളരെയേറെ ജനപ്രീതി പിടിച്ചുപറ്റിയ ഒന്നാണ് ഇന്ത്യയിൽ മാത്രമല്ല, പാശ്ചാത്യരാജ്യങ്ങളിലും രവിശങ്കറിന് ആരാധകരുണ്ട്‌. ഉസ്താദ് അല്ലാരാഖയുമൊത്ത് വുഡ്സ്റ്റോക്ക് കൺസർട്ട് നടത്തിയിട്ടുണ്ട്‌. ആന്ദ്രേ പ്രെവിൻറെ സം‌വിധാനത്തിൽ ലണ്ടൻ ഫിൽഹാർമോണിക് ഓർകസ്‌ട്രയുമായി സിതാർവാദനം നടത്തി. 30ൽ പരം രാഗങ്ങൾ രവിശങ്കർ സൃഷ്ടിച്ചിട്ടുണ്ട്1985-ല് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സിൽനിന്നു ലഭിച്ച ഡോക്‌ടറേറ്റിനു പുറമെ 1999-ലെ ഭാരത രത്നം ഉൾപ്പെടെ പല ബഹുമതികളും അദ്ദേഹം നേടിയിട്ടുണ്ട്‌. 1986 മുതൽ 1992 വരെ രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 'ഗാന്ധി' സിനിമയുടെപശ്ചാത്തല സംഗീതത്തിന് ഓസ്കർനാമനിർദ്ദേശം ലഭിച്ചിട്ടുണ്ട്.

രണ്ട്‌ ഇംഗ്ലീഷ് ഗ്രന്ഥങ്ങളുടെയും ഒരു ബംഗാളി ഗ്രന്ഥത്തിൻറെയും കർത്താവുകൂടിയാണ് രവിശങ്കർ. മൂന്നുതവണ അദ്ദേഹം വിവാഹിതനായി. ആദ്യ ഭാര്യ പ്രമുഖ സംഗീതജ്ഞയായിരുന്ന അന്നപൂർണാ ദേവിയായിരുന്നു. ഇവരിൽ ഒരു മകനുണ്ടായിരുന്നു. പിന്നീടുണ്ടായ രണ്ട് വിവാഹങ്ങളിൽ അദ്ദേഹത്തിന് രണ്ട് പുത്രിമാരുണ്ടായി. പ്രമുഖ അമേരിക്കൻ ഗായിക നോറാ ജോൺസും ഇന്ത്യൻ സിത്താർ വിദഗ്ദ്ധ അനൗഷ്ക ശങ്കറുമാണ് അവർ. 2012 ഡിസംബർ 11ന് 92ആമത്തെ വയസ്സിൽ ഈ സിത്താർ മാന്ത്രികൻ അന്തരിച്ചു.
(വിക്കിപീഡിയ യിൽനിന്ന്)
🌾🌾🌾🌾🌾🌾