21-10-19

📚📚📚📚📚📚
വെട്ടത്തുനാടും മലയാളകവിതയും.  
ഡോ.രജനി സുബോധ്
പൂർണ്ണ 

പേജ്  174
വില 190

 
മലയാള ഭാഷയുടെ ജന്മദേശം ഒരു പ്രദേശമാണെന്ന് സങ്കൽപ്പിക്കുകയാണെങ്കിൽ , അതിന് ഭൂമിശാസ്ത്രപരമായും സാഹിത്യചരിത്ര സൂചനകൾ പ്രകാരവും ഏറ്റവും സാധ്യതയുള്ള പ്രദേശം വെട്ടത്തുനാടാണ്.( തിരൂർ മലയാളമെന്ന് നമ്മുടെ കൂട്ടായ്മയ്ക്ക് പേരിടാനുള്ള പ്രധാന കാരണവും അതാണ്). ഭാഷാപിതാവിൻറെ ജന്മദേശം എന്ന് സാമാന്യ ധാരണക്കപ്പുറം, അറിയേണ്ട പലതുമുണ്ട് വെട്ടത്തു നാട്ടിൽ .ആ അറിവ് തിരഞ്ഞുകൊണ്ട് തൻറെ പി എച്ച് ഡി ഗവേഷണം നടത്തിയ ശ്രീമതീ രജനി സുബോധ്നെ ആദരിക്കേണ്ടത്  തിരൂർ മലയാളത്തിന്റെയും ബാധ്യതയാണ് .തുഞ്ചൻ പഠന ഗവേഷണ കേന്ദ്രത്തിൽ നിന്നും ആദ്യത്തെ ഡോക്ടറേറ്റ് നേടിയ ഗവേഷണപ്രബന്ധം സാങ്കേതികമായ കെട്ടുപാടുകൾ പരമാവധി ഒഴിവാക്കി കഴിയുന്നത്ര ലഘുവാക്കി തയ്യാറാക്കിയതാണ് 'വെട്ടത്തുനാടും മലയാളകവിതയും' എന്ന പഠനഗ്രന്ഥം.
ഭാരതപ്പുഴ മുതൽ പൂരപ്പുഴവരെ എട്ടുകാതംവിസ്തൃതിയുള്ള വെട്ടത്തിന്റെ പ്രൗഢിതിരിച്ചറിയാൻ ഈ പുസ്തകത്തിലേക്കുവരൂ.

      കോകം സന്ദേശവുമായിപുറപ്പെടുന്നത് കുട്ടികൃഷ്ണമാരാരുടെ വീടിനുതൊട്ടടുത്തുനിന്ന്!. തൃപ്രങ്ങോട് അമ്പലത്തിന്റെ കുളത്തിനരികിൽനിന്നും യാത്രയാരംഭിക്കുന്ന ആ ചക്രവാകം മാമാങ്കംനടന്ന ഓതുപ്പറമ്പും,നാവാമുകുന്ദന്റെ തിരുനാവായയും, വഴിയൽപ്പം വളഞ്ഞാലും, കണ്ടുകോൾമയിർക്കൊണ്ടാണ് യാത്രതുടങ്ങുന്നത്.

തുഞ്ചനും കുഞ്ചനും അയൽക്കാർ!

   ഭാഷാപിതാവ്എഴുത്തച്ഛനും  ഹാസ്യസാമ്രാട്ട് കുഞ്ചൻ നമ്പ്യാരും വെട്ടത്തു നാട്ടിൽനിന്ന്മുളപൊട്ടിയവരാണ് .രാമപാണിവാദൻ എന്നത് നമ്പ്യാരുടെ മറ്റൊരുപേരാണ് എന്നൊരു വാദം ഇടക്കാലത്ത് ശക്തമായിരുന്നു. രാമപാണിവാദൻ ജനിച്ച സ്ഥലം തിരൂരിനടുത്തുള്ള മംഗലത്തെ നമ്പ്യാരു പറമ്പിലാണ്. അവിടെ ആയിരുന്നു ആദ്യം കലക്കത്തു കുടുംബം . കിള്ളിക്കുറിശ്ശിമംഗലത്തേക്ക് പിൽക്കാലത്ത് മംഗലത്ത് നിന്ന് മാറി താമസിച്ചു.ശാസ്ത്രകാരും സംഗീത, അഭിനയ പ്രതിഭകളും ഇവിടെ നമ്മോട് സംവദിക്കുന്നുണ്ട്.അവരെ വലംവച്ചൊഴിഞ്ഞ്,
വെട്ടം പ്രദേശത്തിൻറെ സാംസ്കാരികോർജ്ജം സ്വാംശീകരിച്ച കവികളുടെ പട്ടിക നമുക്കൊന്ന് പരിചയപ്പെടാം.

എ.ഡി.16ാംനൂറ്റാണ്ടിൽ ജീവിച്ച വെട്ടത്തുരവിവർമ്മ തമ്പുരാൻ-ഭാഗവതടീകാസമുച്ചയകാരൻ.
വാസുദേവകവി-സംക്ഷേപഭാരത,രാമായണാദി കാവ്യങ്ങൾ രചിച്ചയാൾ.
വാസുദേവൻ നമ്പൂതിരി-ഭ്രമരസന്ദേശകാരൻ.
മേൽപ്പത്തൂർ നാരായണ ഭട്ടതിരി-നാരായണീയാദി41കൃതികളും മുക്തകാദികളും കൃതികൾ.
രാമപാണിവാദൻ-രാഘവീയാദി 30കൃതികൾ.
തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി-പാണിനീയപ്രവേശകാദിവ്യാകരണകൃതികളും,ജ്യോതിഷ,വൈദ്യകൃതികളും.
തിരുമംഗലത്ത് നീലകണ്ഠൻ-മഹാമനുഷ്യാലയചന്ദ്രികാദി തച്ച്,ഗജ,അലങ്കാരഗ്രന്ഥങ്ങൾ.
കോകസന്ദേശകാരൻ.
കഥകളി പരിഷ്ക്കരിച്ച വെട്ടത്തുതമ്പുരാൻ.

ഭാഷാപിതാവ്

വള്ളത്തോൾ നാരായണ മേനോൻ(വള്ളത്തോൾകമ്പനിയിലെകുറ്റിപ്പുറത്ത് കേശവൻ നായർ,കുറ്റിപ്പുറത്ത് കിട്ടുണ്ണിനായർവള്ളത്തോൾ ഗോപാലമേനോൻ,കുട്ടികൃഷ്ണമാരാര്)
വെട്ടത്തുനാടിന്റെ സാംസ്കാരിക പരിസരത്തുള്ള ഇടശ്ശേരി ഗോവിന്ദൻ നായർ
എം ഗോവിന്ദൻ, കടവനാട് കുട്ടികൃഷ്ണൻ .......

 ഒരുഭാഷയുടെ ഉൽപ്പത്തിക്കും സാംസ്കാരിക വികസനത്തിനും ചാലകശക്തിയായ കവിവരന്മാരെയൊക്കെ വിശദമായറിയാൻ ഈ പുസ്തകം സഹായിക്കും.(അവരെല്ലാം 8കാതത്തിനുള്ളിൽ)
തന്റെ ഗവേഷണനിരതമായ നാലഞ്ച് വർഷം ഭാഷാപഠിതാക്കൾക്കും സാംസ്കാരികചരിത്രാന്വേഷികൾക്കും ഗുണമായിഭവിച്ചതിൽ ഗവേഷകക്ക് അഭിമാനിക്കാം.

രതീഷ്കുമാർ
🌾🌾🌾🌾🌾🌾🌾