09-11-19

ഇന്നത്തെ നവ സാഹിതിയിലേക്ക് എല്ലാ സഹൃദയർക്കും ഹൃദ്യമായ സ്വാഗതം..🙏🌹🌹🙏ആലത്തിയ ൂർ: ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാന്നിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." തുടർന്ന് വായിക്കാം..👇🏻നീണ്ട ഇടവേളക്കു ശേഷം പ്രണയമഴ തുടരുന്നു...🌹❤
ഇതാണ് ഞാൻ.
ആത്മായനം
ജസീന റഹീം

അപകർഷതകളുടെ ബാല്യകൗമാരങ്ങളിൽ നിന്ന് ആത്മവിശ്വാസത്തിന്റെ യൗവ്വനത്തിലേക്കെത്തുമ്പോൾ എന്നിൽ പോസിറ്റീവ് എനർജി നിറച്ച ബി.എഡിന്റെ ഒരു വർഷക്കാലം എന്നും ഓർമ്മയിൽ നിറഞ്ഞു നിന്നു.. ഒരു അധ്യാപക വിദ്യാർഥിയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച പരിശീലനമായിരുന്നു തൈക്കാട്. ഗവ. ട്രെയിനിംഗ് കോളേജിലേത്‌ .. കേരളത്തിലെ നിരവധി പ്രമുഖർ പഠിച്ചിറങ്ങിയ മോഡൽ ബോയ്സ് ഹൈസ്കൂളിനോട് ചേർന്നായിരുന്നു ഞങ്ങളുടെ കോളേജ്.. രാജപ്രതാപങ്ങളുടെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന കോളേജും മോഡൽ സ്കൂളും..
ക്രിറ്റിസിസം ക്ലാസുകൾ കഴിഞ്ഞതോടെ ഞങ്ങൾ ടീച്ചിംഗ് പ്രാക്ടീസിനുള്ള ഒരുക്കങ്ങൾ തുടങ്ങി.. ഓരോരുത്തരും അവരവർക്കിഷ്ടമുള്ള സ്കൂളുകൾ ടീച്ചിംഗ് പ്രാക്ടീസിനായി തെരഞ്ഞെടുത്തു.. ഹോസ്റ്റലിൽ താമസിയ്ക്കുന്ന എന്നെ സംബന്ധിച്ച് ഏതു സ്കൂളായാലും ഒരു പോലെയായിരുന്നു.. എങ്കിലും അട്ടക്കുളങ്ങള ഗവ. സെൻട്രൽ സ്കൂളിലേക്കാണ് ഞാൻ പോകുന്നതെന്നറിഞ്ഞപ്പോൾ ഹോസ്റ്റലിലും ക്ലാസ്സിലും കൂട്ടുകാർ അതിശയിച്ചു... ചെങ്കൽച്ചൂളയിൽ നിന്നും വരുന്നവരാണ് അട്ടക്കുളങ്ങര സ്കൂളിലെ ഭൂരിപക്ഷം വിദ്യാർഥികളെന്നും അവർ വല്ലാത്ത പ്രശ്നക്കാരാണെന്നും പലരും പറഞ്ഞെങ്കിലും ഞാൻ തെരഞ്ഞെടുത്ത മേഖലയിൽ ഭാവിയിലും നേരിടേണ്ടി വന്നേക്കാവുന്ന സകല സങ്കീർണതകളെയും അഭിമുഖീകരിക്കാനുള്ള പരിശീലനക്കളരിയാവട്ടെ അട്ടക്കുളങ്ങരയെന്ന് ഞാൻ ആശ്വസിച്ചു..
നവംബർ ആദ്യമാരംഭിക്കുന്ന ടീച്ചിംഗ് പ്രാക്ടീസിനായി ഒരുക്കങ്ങൾ തുടങ്ങി.ഒക്ടോബറിലെ അവസാന ദിവസങ്ങളിലൊന്നിൽ അട്ടക്കുളങ്ങര സ്കൂളിലെത്തി.അവിടുത്തെ മലയാളം അധ്യാപികയായ ഗീത ടീച്ചറിനായിരുന്നു ഞങ്ങൾ മലയാളംകാരുടെ ചുമതല. ടീച്ചറിനെ കണ്ട് ടൈം ടേബിളും പോർഷൻസും വാങ്ങി.. എട്ട്, ഒമ്പത് ക്ലാസ്സുകളായിരുന്നു ഞങ്ങൾക്ക് തന്നിരുന്നത്..
ഉറക്കമൊഴിഞ്ഞിരുന്ന് ടീച്ചിംഗ് നോട്ടുകളും ചാർട്ടുകളും തയ്യാറാക്കി.. ടീച്ചിംഗ് പ്രാക്ടീസിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ചോദ്യപേപ്പർ തയ്യാറാക്കൽ. ബ്ലൂ പ്രിന്റ് .. അങ്ങനെ പുക പോലെ  എന്തൊക്കെയോ അവ്യക്തതകളോടെ ടീച്ചിംഗ് പ്രാക്ടീസ് ആരംഭിച്ചു..
ആശങ്കകളോടെ ക്ലാസ്സ് മുറികളിലേക്ക് .. സദാ ശബ്ദ കോലാഹലങ്ങൾ നിറഞ്ഞ ക്ലാസ്സുകളെ അടക്കിയിരുത്തുക എന്നത് ഏറെ ശ്രമകരമായ ഒന്നായിരുന്നു.. ചെങ്കൽച്ചൂള കോളനിയിൽ നിന്നും ബാലികാസദനത്തിൽ നിന്നുമൊക്കെ വരുന്ന കുട്ടികൾ.. മടിയേതുമില്ലാതെ അധ്യാപകരെ പോലും മാനിക്കാതെ അവർ പരസ്പരം വിളിക്കുന്ന ചില ' വിളികൾ'.. എല്ലാറ്റിനെയും പകയോടെയും ദേഷ്യത്തോടെയും മാത്രം നോക്കുന്ന അവർക്കു മുന്നിൽ ഒരു അധ്യാപക വിദ്യാർഥിയായ ഞാൻ ആദ്യമൊക്കെ പകച്ചും,പിന്നീട് അവരോടൊപ്പം ചേർന്നും ദിവസങ്ങൾ ഒന്നൊന്നായി കടന്നു പോയി..
മലയാളംകാരായ എന്നെയും മിനിയെയും സന്ധ്യയെയും ജനിയെയും കൂടാതെ തമിഴിൽ നിന്നും മോഹൻരാജും വിജയനും .. സോഷ്യൽ സയൻസിൽ നിന്ന് സതീഷും ശശിയും ഒക്കെയായി ഞങ്ങൾ ടീച്ചിംഗ് പ്രാക്ടീസ് ദിനങ്ങളെ ഏറ്റവും സുന്ദരമാക്കി മാറ്റി..
ഇടയ്ക്ക് മറ്റ് സ്കുളുകളിൽ പ്രാക്ടിസിനു പോയ നജീബും കൂട്ടുകാരും ഞങ്ങളെ കാണാൻ വന്നു..
ഗീത ടീച്ചർ വല്ലപ്പോഴും ക്ലാസ്സ് നിരീക്ഷണം നടത്തി.. ഞങ്ങളുടെ സ്വന്തം നാരായണപിള്ള സാർ ക്ലാസ്സ് നോക്കാൻ വരുന്ന ദിവസമെടുക്കാൻ എനിക്കേറെ പ്രിയപ്പെട്ട 'രാത്രിമഴ'  മാറ്റി വച്ച് ഞാൻ കാത്തിരുന്നു.. ക്ലാസ്സ് നോക്കാൻ സാർ വന്ന ദിവസം കുട്ടികൾ നിശബ്ദരായിരുന്നു.. ക്ലാസ്സ് കണ്ട് നാരായണപിള്ള സാർ നല്ല അഭിപ്രായം പറഞ്ഞു,.. ഒപ്പം വേഗത കുറയ്ക്കണമെന്ന നിർദ്ദേശവും തന്നു..
ടീച്ചിംഗ് പ്രാക്ടീസിന്റെ തിരക്കിനിടയിലും ടീച്ചിംഗ് നോട്ടിനെക്കാൾ അധികമായി ഞാനവന് സൗദിയിലേക്കെഴുതിക്കൊണ്ടിരുന്നു.. റിയാദിൽ നിന്നും ബുറയ്ദയിലേക്ക് മാറിയ ശേഷമാണ്.. ഒരു ദിവസം ..നാളുകൾക്ക് ശേഷം ..കടൽ കടന്ന് അവന്റെ വിളി എന്നെ തേടിയെത്തിയത്..
മെസ്സിൽ ഭക്ഷണം കഴിക്കാനിരിക്കവെയാണ് 205 ലെ ജസിക്ക് ഫോൺ എന്ന മോളിയുടെ ഉച്ചത്തിലുള്ള വിളി വന്നത്.. ഓടിക്കിതച്ച് ഫോണിനടുത്തെത്തി അടുത്ത വിളിയ്ക്കായി കാത്തിരുന്നു.. ഒരുപാട് അകലെ നിന്നും ഫോണിൽ കൂടി ഏറെ അടുത്ത് ..കാതിൽ വീണ അവന്റെ ശബ്ദമെന്നെ പ്രണയാതുരയാക്കി..
ഡിഗ്രി കഴിഞ്ഞ ശേഷം നാട്ടിലുണ്ടായിരുന്ന മൂന്ന് വർഷങ്ങൾ ഞങ്ങൾ നേരിട്ട അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും അറുതിയാവുകയായിരുന്നു..
ഞങ്ങൾ പ്രണയിച്ചു തുടങ്ങുകയായിരുന്നു.. ഉപാധികളില്ലാതെ ..
സുഗന്ധം നിറഞ്ഞ എയർമെയിലുകൾ ആഴ്ചയിൽ മൂന്നും.. നാലും പരസ്പരം അയച്ചു.. വെള്ളികളിൽ ഹോസ്റ്റലിലെ ഫോണിൽ കൃത്യമായി വിളിച്ചു... ജീവിതത്തിന് കൂടുതൽ പ്രതീക്ഷകളും അർഥങ്ങളുമുണ്ടായി.. ജീവിതത്തെക്കുറിച്ച് ഒരു പാട് സ്വപ്നങ്ങൾ പങ്കുവച്ചു.
ബി.എഡ് പഠനം.. ഹോസ്റ്റൽ താമസം.. പിന്നെ എന്റെ മേൽ പെയ്തിറങ്ങിയ സ്നേഹ മഴ ഒക്കെക്കൂടി ഞാനടിമുടി മാറിത്തുടങ്ങി..
**********************

നിഴലോ നിലാവോ
വാസുദേവൻ.ടി.ടി

പൂതമേ
വനനീലിമേ
നീലിയേ,
ഇത്തിരി ചുണ്ണാമ്പു തേച്ച
ചിരിയുമായ്
നീ വന്നെന്റെ വാതിലിൽ മുട്ടിയോ?
വാതിൽ തുറന്നകത്തെത്തിയെൻ
ചുണ്ടിൽ താമ്പൂലം പകർന്നുവോ?
നാട്ടുപാട്ടുകൾ പാടിയെന്നിൽ
പുതുരാഗമുണർത്തിയോ?
പുതുതാളങ്ങളെന്നിൽ
നിറച്ചുവോ?
നിഴലും നിലാവും നുരഞ്ഞൊരാ -
ക്കാട്ടു പാതയിലൊപ്പം
നടന്നുവോ?
പൂത്ത പാലതൻ ചോട്ടിലിരുത്തി
'നിൻ കൂട്ടുകാരി ഞാ'നെന്നു
പറഞ്ഞുവോ?
ദൂരെ നിൽക്കും കരിമ്പനക്കാട്ടിലേ
ക്കെന്റെ കൈപിടിച്ചൊപ്പം നടന്നുവോ?
കാടുറങ്ങുന്ന നേരത്തു നീയെന്നെ
കാടു കാട്ടുവാൻ കൂടെ വിളിച്ചുവോ?
കാടരാണു നാമെന്നെൻ
ചെവിയിൽ
പാടിയെന്നെ
ഉറക്കിക്കിടത്തിയോ!
**********************

ഒരു തിരുത്ത്
രാജേഷ് താമരശ്ശേരി

എന്റെ നെഞ്ചിനുള്ളിൽ
താക്കോൽ
കളഞ്ഞു പോയ,
നിലവറയ്ക്കകത്ത്
ചത്തുകിടന്ന
കവിതകൾക്ക്
പാതിരാവുകളിൽ
ജീവൻവെക്കും.
ചിന്തകൾക്ക് ഭാരം
കുറഞ്ഞ
വൈകുന്നേരങ്ങളിൽ
ഇരന്ന് കുടിച്ച
കള്ളിന്റെ പുളിപ്പിനാൽ
ഉറക്കം,
നാലാം ലോക വാദവും,
മവോയിസത്തിന്റെ
സത്യാന്വേഷണങ്ങളും,
സോഷ്യലിസത്തിന്റെ
വെല്ലുവിളികളും.
പിറുപിറുത്തു.
ഉൾക്കരുത്തില്ലാതെ
പുനർജനിച്ച
കവിതകൾ
രാവിന്റെ ഇരുളിൽ
ഊരുതെണ്ടാനിറങ്ങി,
മുറ്റത്തെ
കാലഗുളികന്റെ തറയിൽ
തീയണയാത്ത ചുടലയിൽ
പിഴച്ചപെണ്ണിന്റെ മടപ്പുരയിൽ
വിശപ്പുറക്കാത്ത
കിടാങ്ങളുടെ കൂരയിൽ
കാവലില്ലാത്ത
കള്ളുപുരയിൽ
അങ്ങനെ
പുലരിയോളം
അവ ഉൻമാദികളെപോലെ
മദിച്ചു നടന്നു.
ഒന്നാമത്തെ
സദസ്സിൽ
ഭരണാധികാരിയും
പ്രജകളും
കാലയോഗ്യമല്ലാത്ത
വിപ്ലവത്തിനു
ആർത്തുവിളിച്ചപ്പോൾ
ഉറക്കത്തിന്റെ
ശിരസ്സറ്റ് ഞാൻ
വിതുമ്പിയുണർന്നു.
ഭാരമില്ലാത്ത നെഞ്ചിൽ
ശ്വാസം പിടഞ്ഞു
കണ്ണുകൾ മിഴിച്ചു
വാക്കുകൾ തിരിച്ചിറങ്ങി
നാവു വരണ്ടു,
കവിതകൾ
എന്തോ തിരഞ്ഞ്
പുലരുവോളം
മേഞ്ഞു നടന്നു.
**********************

കിട്ടാതെ പോയ ഉമ്മകളുടെ ഏകദേശചരിത്രം
കലവൂർ രവി കുമാർ

ഫുട്ബോളിൽ പ്രകാശന്റെയും മനോഹരന്റെയും
ടീമിനെ തോൽപ്പിച്ചാൽ
ഉമ്മ തരാമെന്നു
അവൾ വാഗ്ദാനം ചെയ്തത്
എട്ടിൽ വെച്ചാണ്....
കളി അഞ്ചു മിനിട്ടാവും മുൻപേ
ചവിട്ടേറ്റ് ഞാൻ കളത്തിനു പുറത്തായി...
ഒൻപതിലായപ്പോൾ
ജോണിന്റെയും രാകേഷിന്റെയും
ടീമിനെ ക്രിക്കറ്റിൽ തോൽപ്പിച്ചാൽ
ഉമ്മ തരുമെന്ന്
വീണ്ടും വാഗ്ദത്തം.
എവിടെ.....
ആദ്യ പന്ത് തന്നെ
എന്റെ കുറ്റിയെ ചുംബിച്ചു...
പത്തിലായപ്പോൾ
ഡിസ്റ്റിoഗ്ഷൻ മേടിച്ചാൽ
ഉമ്മ ഉണ്ടെന്നായി.. ..
അവൾക്ക് മാത്രമാണ്
അത് ലഭിച്ചത്...
അതിനു അങ്ങോട്ട്
ഉമ്മ നൽകാൻ
അനുവാദം ഉണ്ടായിരുന്നില്ല...
എത്രയോ വർഷങ്ങൾക്കു
ശേഷം
ഇന്നലെ തീവണ്ടിയിൽ
കണ്ടപ്പോൾ
ലഭിക്കാതെ പോയ
ആ ഉമ്മകളുടെ
ചരിത്രം ഞാൻ ഓർമ്മിപ്പിച്ചില്ല...
അവളും അതു മറന്നെന്നു തോന്നി..
ഒടുവിൽ ഇറങ്ങി പോകുമ്പോൾ
അവൾ ചോദിച്ചു...
തോറ്റാലും ഉമ്മ വേണമെന്ന്
നിനക്ക് വാശി പിടിക്കാമായിരുന്നില്ലേ..
എനിക്കു പറയണം
എന്നുണ്ടായിരുന്നു...
ജയിച്ചിട്ടില്ലല്ലോ ഇപ്പോഴും .....
**********************

നളിനിയും  സുധാകരനും...
ജയ മനോജ് ഭാസ്ക്കരൻ

രാത്രിമുഴുവൻ  നല്ല  മഴപെയ്തതുകൊണ്ടാവാം പുലർച്ചയ്‌ക്കൊരു  കുളിർമ്മ  തോന്നുന്നു ..പുതപ്പിന്റെ  ഉള്ളിലേക്ക്  കാലുകളെ  വലിച്ചെടുത്ത്  കണ്ണുതുറക്കാതെ  ഞാൻ  ഇത്തിരി  ഉറക്കെ  പറഞ്ഞു ...."നളിനി ...നല്ലൊരു  കാപ്പിയെടുക്കടോ ...."
ഇത്തിരി  നേരം  കഴിഞ്ഞിട്ടും  അനക്കമൊന്നും  കേൾക്കാതായപ്പോൾ ഇത്തിരി  നീരസത്തോടെ  ഞാൻ  കണ്ണുതുറന്നു .....മാറോടു ചേർത്ത് ഞാൻ  കെട്ടിപ്പുണർന്നു  കിടക്കുന്ന  തലയിണയിലെ നിറംമങ്ങിയ  ഇതളറ്റ പൂക്കളുടെ  ചിത്രം  കണ്ണുകളിൽ  ഉടക്കി ..നെഞ്ചിൽ  ഒരു  നടുക്കവും ....
നളിനി  പോയിട്ട്  ഇപ്പൊ  നാളുകൾ  എത്രയായി ....എങ്കിലും  ഇടയ്ക്കിടെ  അവൾ  കൂടെയുള്ളപോലെ  തോന്നും ..അവളെ  കുറിച്ചോർക്കുമ്പോൾ  മാത്രം  കണ്ണുകൾ  നനയുകയും  ചുണ്ടിൽ  പുഞ്ചിരി  വിരിയുകയും  ചെയ്യാറുണ്ട് .
നിറങ്ങളോട്  അവൾക്ക്  അടങ്ങാത്ത  പ്രണയമായിരുന്നു .പ്രായം  അവളിൽ  യാതൊരു  മാറ്റവും  വരുത്തിയിട്ടില്ലായിരുന്നു ..ഇടാൻ  മേടിക്കുന്ന  വസ്ത്രങ്ങൾ  ആയാലും  ജനാലയിലെ  കർട്ടൻ  ആയാലും  കട്ടിലിൽ  വിരിക്കുന്ന  പുതപ്പയായും  നല്ല  നിറമുള്ളതെ  അവൾ  എടുക്കൂ ...എന്റെ  ആഗ്രഹങ്ങളെ  വകവെയ്ക്കാറേയില്ല ...പല  പ്രാവശ്യം  ഞാൻ  പറഞ്ഞുനോക്കിയിട്ടുണ്ട് .പ്രായം  അനുസരിച്ചുള്ള  വസ്ത്രങ്ങളാണ്  മനുഷ്യർക്ക്  ചേരുന്നതെന്ന് ..അവൾ  സമ്മതിക്കില്ല ...നിറമാണ്  ജീവിതമെന്നും  മങ്ങിയ  നിറം  മരണത്തിനാണെന്നും  അവൾ  വാദിക്കും .ചിലപ്പോൾ  മോനും  മരുമോൾക്കും  വരെ  നീരസം  തോന്നാറുണ്ടെന്ന്  എനിക്ക്  തോന്നിയിട്ടുണ്ട് ..പക്ഷെ  നളിനി  ഒരു  മാറ്റത്തിനും  തയ്യാറല്ലായിരുന്നു  ..
പൊട്ടിച്ചിരിച്ചുംകൊണ്ട്  കൊച്ചുമകനൊപ്പം  അവൾ  ഓടിക്കളിക്കുമായിരുന്നു ... അറുപത്തഞ്ച് വയസ്സായെന്ന്  അവൾക്ക്  സ്വയം  വിശ്വാസമില്ലാത്തതുപോലെ ...
രാത്രിയിൽ  കിടക്കുമ്പോൾ  രണ്ട്  തലയിണയും  ഇടയ്ക്ക്  സ്ഥലം  വരാത്ത  രീതിയിൽ  ചേർത്തുവെയ്ക്കും .എന്നിട്ട് എന്റെ  വലതുകൈയിലെ  വിരലുകളിൽ  അവളുടെ  വിരലുകൾ  കോർത്ത്‌  ഇടതു നെഞ്ചിൽ  തലചായ്ച്ചാണ്  അവൾ  കിടക്കുന്നത് ..രാവിലെ  കാപ്പി  വേണമെന്ന്  പറഞ്ഞാൽ കണ്ണുതുറക്കാതെ ഒന്നൂടെ  പുതപ്പിലേക്ക്  വലിയും  എന്നിട്ട്  എന്നെയും  നന്നായി പുതപ്പിച്ച്‌  കെട്ടിപിടിച്ചുകിടക്കും ..ഞാൻ  മിക്കവാറും  ഒന്നുടെ  ഉറങ്ങിപോകും ...പിന്നെ  എപ്പോഴോ  ഞാനറിയാതെ  ഉണർന്ന്  കാപ്പിയുമായെത്തും ..അതായിരുന്നു  അവളുടെ  പതിവ് .
ഒരു  കാര്യത്തിൽ  ഞങ്ങൾ  മറ്റുള്ള ഭാര്യാ  ഭർത്താക്കൻമാരെക്കാൾ  വ്യത്യസ്തരായിരുന്നു ..അവൾ  എന്റെ  ദീർഘായുസ്സിന്  വേണ്ടി  പ്രാർത്ഥിക്കാറില്ലായിരുന്നു ..ഞാൻ തിരിച്ചും .
അവളെന്നും  പറയും  എന്നേക്കാൾ  മുൻപ്  സുധിയേട്ടൻ  പോയാൽ മതിയെന്ന് ..അവൾ  നേരത്തെ  പോകട്ടെയെന്ന്  ഞാനും  ആഗ്രഹിച്ചിരുന്നു ...അവളുടെ  ഈ  കുസൃതിയും,,കുട്ടിത്തവും  പൊട്ടിച്ചിരിയും  എല്ലാം  എനിക്കുവേണ്ടിയാണെന്ന്  എനിക്ക്  നന്നായറിയാമായിരുന്നു .അവൾക്ക്  വെളുപ്പിനെ  ഒരിക്കലും  സ്നേഹിക്കാനാവില്ലെന്നും  ഞാൻ  മനസിലാക്കി ....ഞാനില്ലെങ്കിൽ  പിന്നെ  അവളുമില്ല ...ഞാനതറിഞ്ഞിരുന്നു .
പക്ഷെ  അവളുടെ  ന്യായങ്ങൾ  മറ്റെന്തൊക്കെയോ  ആയിരുന്നു ...അവൾ  പറയുന്നത്  സുധിയേട്ടൻ  പോയാൽ  ഞാൻ  എങ്ങിനെയെങ്കിലും  കഴിഞ്ഞുകൂടും ..മീരയുടെ  കൂടെ  അടുക്കളയിൽ  സഹായിച്ചും ..മോനുന്  പലഹാരങ്ങൾ  ഉണ്ടാക്കികൊടുത്തും  അവന്റെകൂടെ  കളിച്ചും  കഥപറഞ്ഞും  നാമംജപിച്ചും  രാമായണം  വായിച്ചുമൊക്കെ ഞാനങ്ങു  കഴിയും  പക്ഷെ  സുധിയേട്ടനാവില്ല ഞാനില്ലെങ്കിൽ ....
മീര  അടുക്കള  ഏറ്റെടുത്തതോടെ  സുധിയേട്ടൻ  ആ  അടുക്കളയിൽപോലും  ഒന്ന്  കയറിയിട്ടില്ല ...കുട്ടികൾക്ക് കഥ പറഞ്ഞുകൊടുത്തിട്ടില്ല ..എല്ലാകാര്യത്തിനും  ഞാനുള്ളതുകൊണ്ട്  ഇതുവരെ  ആരെയും  ആശ്രയിച്ചിട്ടില്ല ..എന്തിന്  മീശ  വെട്ടാൻ  പോലും  ഞാനല്ലേ  വരുന്നത് ...
ശെരിയാണ് ..ഇപ്പൊ  കൈവിറയ്ക്കാറുള്ളതുകൊണ്ട്  അവളാണ്  മീശ  വെട്ടിത്തരുന്നത് ...നന്നായി വെട്ടിത്തന്നിട്ട് വിരലുകൾകൊണ്ട്  ഒന്നൊതുക്കി  വെച്ചിട്ട്  ചുണ്ടുകളിൽ  ഒരു  ചുംബനം  തരും  അവളുടെ  പതിവാണത്  ..എന്നിട്ട്  പൊട്ടിചിരിച്ചുകൊണ്ട്  പറയും  മീശയൊക്കെ  വെട്ടി  നല്ല  കുട്ടപ്പനായപ്പോൾ  ഒരു  പത്തുവയസ്സ്  കുറഞ്ഞിട്ടുണ്ട്  ട്ടോ ....നീണ്ടു  വളർന്നുനിൽക്കുന്ന വെളുത്ത താടിയിൽ ഞാൻ  വെറുതെ   കൈതടവി ....
മെല്ലെ  കട്ടിലിൽ  നിന്നും  എഴുനേറ്റ്  വെള്ളമെടുക്കാൻ  തുനിഞ്ഞപ്പോൾ  ആണോർമ്മവന്നത്  ഇന്നലെ  മീര  വെള്ളം  വെയ്ക്കാൻ  മറന്നിരുന്നു ...പാവം  ഇപ്പൊ  വീടിന്റെ  മുഴുവൻ  ചുമതലയും  അവളുടേതല്ലെ  ....
ഞാൻ  ഗ്ലാസ്സുമായി  അടുക്കളയിലേക്ക്  നടന്നു ...
തിണ്ണയുടെ  കിഴക്കേമൂലയിൽ  ചെറിയ  തടികൊണ്ട്  നിർമ്മിച്ച  അമ്പലത്തിൽ  കൃഷ്ണന്റെ  മൂർത്തി ...അവിടെ  തെളിഞ്ഞു  നിൽക്കുന്ന  ചുവന്ന ബൾബ് ...ഇപ്പൊ  സന്ധ്യയാകുമ്പോൾ മീര  വിളക്കുകൊളുത്തുന്നതിനുപകരം  ഈ  ബൾബ്  ഓൺ  ചെയ്യും  അത്  പുലർച്ചെവരെ  തെളിഞ്ഞുനിൽക്കും ...ഞാൻ  വിളക്ക് കെടുത്തി വെറുതെ  ആ  വിഗ്രഹത്തെ  ഒന്ന്  നോക്കി ...ഒരു  പഴയ  സന്ധ്യ  ഓർമ്മയിൽ  ഓടിയെത്തി ....
ഞാൻ  ഓഫീസിൽ  നിന്നും   വന്നയുടനെ ഒരു  ഇൻട്രൊഡക്ഷനും ഇല്ലാതെ  കതക്‌തുറന്ന് നളിനി പറഞ്ഞു ...ഈ  കൃഷ്ണൻ  ഭയങ്കര   സാധനമാ .....ഞാൻ  ചോദിച്ചു  ഏതു  കൃഷ്ണൻ .....ദാ ആ  ഓടക്കുഴലും  പിടിച്ചോണ്ട്  നിക്കുന്ന   ചെക്കൻ  അവളുടെ  ദേഷ്യത്തിലുള്ള  പറച്ചിൽ കേട്ട്  എനിക്ക്  ചിരിവന്നു .....എന്താ  ആ  ചെക്കൻ  നിന്നോട്  ചെയ്തത് .....ഞാൻ  ചോദിച്ചു ..
സുധിയേട്ടാ ..ഞാൻ  എന്നും  വൈകിട്ട്  നിലവിളക്കു കൊളുത്തി കഴിയുമ്പോൾ  സുധിയേട്ടനുവേണ്ടിയും  കുട്ടികൾക്ക്  വേണ്ടിയും  പ്രാർത്ഥിക്കും  അപ്പൊ  കൃഷ്ണൻ  എന്നെ തന്നെ  നോക്കിനിൽക്കും ...എന്റെ കാര്യം  പറയാൻ തുടങ്ങുമ്പോൾ  ഒരുമാതിരി  കോങ്കണ്ണുപോലെ കാണിച്ച്  തെക്കോട്ടും  നോക്കിനിൽക്കും ....ഭഗവാനാണെങ്കിലും  അഹങ്കാരം  ഇത്തിരി  കൂടുതലാ ...
ഉള്ളിലൊരു  പുഞ്ചിരി നിറഞ്ഞതിനെ  വരണ്ട ചുണ്ടുകൾ  ഏറ്റെടുത്തു ...അപ്പോഴാണ്  ദാഹിച്ചതിനെപ്പറ്റി  ഓർത്തത് ...അടുക്കളയിലേക്ക്  നടന്നപ്പോൾ  വെറുതെ  തിരിഞ്ഞ്  ആ കണ്ണുകളിലേക്ക്  ഞാനൊന്ന്  നോക്കി ...പണ്ടത്തെ  ആ  തിളക്കം  കൃഷ്ണന്റെ കണ്ണുകളിൽ  ഇല്ലെങ്കിലും നോട്ടം നേരെതന്നെ ...നളിനിയുടെ  ഓരോരോ കാര്യങ്ങൾ ....
അടുക്കള ആകെ  മാറിയിരുന്നു  ..ഞാനും  നളിനിയും ഒരുമിച്ച്  അളന്നും  ഗണിച്ചും  പണിതതാണ് ..എല്ലാ ആധുനിക  ഉപകരണ ങ്ങളും  വാങ്ങിയെങ്കിലും  അവൾക്ക്  അരകല്ലിനോട്  വല്ലാത്ത  അടുപ്പമായിരുന്നു ..എനിക്ക്  അതിൽ  അരച്ച ചമ്മന്തി  ഒരുപാട്  ഇഷ്ട്ടമായിരുന്നു ..മോനും  കുടുംബവും  വെളിയിൽ  ആഹാരം  കഴിക്കാൻ പോകുമ്പോൾ നളിനി  സ്പെഷ്യൽ  ആണ്  ഇന്നെന്നുംപറഞ്ഞു  ചോറും  ചമ്മന്തിയും  ഇത്തിരി  മോരും  ഉണ്ടാക്കും ...ഒരു  മടിച്ചിപ്പാറു  ആയിരുന്നവൾ ...എങ്കിലും  അവൾ  ഉണ്ടാക്കുന്ന  ആഹാരത്തിനോട്  എന്നും  ഒരു  അടുപ്പമായിരുന്നു  എനിക്ക് ....
ആഹാരം  കഴിക്കുമ്പോൾപോലും  അവൾ  കലപില സംസാരിച്ചുകൊണ്ടേയിരിക്കും  ...എത്ര  പ്രാവശ്യമാണെന്നോ  ഞങ്ങൾ  തമ്മിൽ  വഴക്കുണ്ടായത് ....പക്ഷെ അവളിൽ  ഒരു  മാറ്റവും  ഉണ്ടാവാറില്ല ഇത്തിരി  വെള്ളം  കുടിച്ചപ്പോൾ  ഒരാശ്വാസം  തോന്നി ....വെറുതെ  ആ  അരകല്ലിലേക്ക് ഒന്നുനോക്കി ....നളിനിയുടെ വളകളുടെ  കിലുക്കം ..ആ പൊട്ടിച്ചിരിയുടെ  മാറ്റൊലികൾ ...നാവിൽ  ആ  പഴയ  രുചി ഹൃദയത്തിൽ  നിന്നൊരു  മിഴിനീർ മെല്ലെ  ഒഴുകി  വയറ്റിൽ  എത്തിയപ്പോഴേക്കും  അത്  ഉമിനീരായി  മാറിയപോലെ ....വിശപ്പ്‌ തോന്നുന്നു ....ഒരുപാട്  നാളുകൾകൂടെ ....
നളിനി ....എനിക്ക്  താനില്ലാതെ  ഒക്കുന്നില്ലല്ലോ ...നീ  പറഞ്ഞതായിരുന്നു  ശെരി ...അല്ലെങ്കിലും  നീ  എപ്പോഴും  ശെരിയായിരുന്നു .....നിന്റെ  ശബ്ദങ്ങൾ  ആയിരുന്നു  എന്റെ  ലോകം ...ഇന്ന്  ചുറ്റും  നിശബ്ദതയാണ്  നളിനി ...ഞാൻ  ഇപ്പോൾ  ഏറ്റവും  കൂടുതൽ  വെറുക്കുന്ന അവസ്ഥ ....
പുറത്തപ്പോഴും  മഴ  പെയ്യുന്നുണ്ടായിരുന്നു .....
വേർപാടിൽ  വേദനിക്കുന്ന  എന്റെ  ഭാവമാണോ ....ഉച്ചത്തിൽ  പൊട്ടിച്ചിരിക്കുന്ന നളിനിയുടെ ചിത്രമാണോ  ആ  മഴത്തുള്ളികൾ  വരയ്ക്കുന്നതെന്ന് തിരിച്ചറിയാനാവാതെ ഞാൻ  ഒന്നുകൂടി  കിടക്കയിലേക്ക് ചാഞ്ഞു ......
**********************

അപരിചിത....
ദിവ്യ.സി.ആർ

നഗരത്തിരക്കിനെ പഴിക്കുമ്പോഴും
ഞാനെൻെറ അസ്ഥിത്വത്തെ
തിരക്കുകളിലേക്ക്
ഒഴുക്കി വിട്ടിരുന്നു...!
എവിടേക്കെന്ന് ചോദിക്കാതെ..
ആരാണെന്ന് പരിചയപ്പെടുത്താതെ..
പലർക്കുമൊപ്പം ഞാനും..!
പരിചിതയിടങ്ങളിൽ
അപരിചിതർക്കിടയിൽ
ഞാനെന്നെ തേടുകയായിരുന്നു !
മുഷിഞ്ഞ ചിന്തകളിൽ,
പൊടിപിടിച്ച വിശ്വാസങ്ങളെ
തള്ളുവാനും കൊള്ളുവാനുമാകാതെ...
ഞാനങ്ങനെ അലയുകയാണ്..!
**********************

ചുവന്ന മകൾ..
മുനീർ അഗ്രഗാമി

യെരോമന്റെ
ചുവന്ന മകളായിരുന്നു ഞാൻ
തെളിവില്ലാതെ
സംഹരിക്കപ്പെട്ടതിനു ശേഷം
ഒരു തുമ്പിയായി
സ്കൂൾ മുറ്റത്തു വന്നു
എല്ലാ ക്ലാസിലും കയറും
കൂട്ടുകാരെ കാണും
ഓർമ്മിക്കാൻ സമയമില്ലാതെ
അവരെന്തൊക്കെയോ
പഠിക്കുകയാണ്.
കണ്ണീരു പോലെ വേഗം
പുറത്തേക്കു പാറും
വീണ്ടും പ്രളയം വന്നു
എല്ലാം ഒലിച്ചുപോയി
എന്റെ കഥയും
വീടും ഒലിച്ചുപോയി
അച്ഛന്റെ മണമുള്ള കുന്നിൻ ചെരിവിൽ
ഇപ്പോൾ തുമ്പികളില്ല
ചുവന്ന മണ്ണ്
തിന്നെടാ തിന്ന്!
പച്ചയ്ക്ക് തിന്നെന്നു പറഞ്ഞ്
മലർന്നു കിടക്കുന്നു
യെരോമന്റെ കറുത്ത മകൻ;
എന്റെ അനിയൻ
അവനെ
ആരോ ദത്തെടുത്തു
വെളുക്കുവാൻ പഠിപ്പിക്കുന്നു.
പാവം കുട്ടി !
**********************


നടന്ന വഴികൾ
നരേന്ദ്രൻ എ എൻ

ബസ്സു വന്നു പോയ്, ദൂരാ -
ലിരമ്പം കേൾപ്പൂ, വേഷം
വിസ്തരിച്ചതു പോരും
അമ്പലത്തിലേക്കല്ലേ?...
മലപ്പുറം ഗവൺമെന്റ് കോളേജ്.ഒന്നാം വർഷ ഡിഗ്രി ക്ലാസ്.സുധാകരൻ സാർ മേശമേൽ ചാരി നിന്ന് കവിത ചൊല്ലിത്തുടങ്ങി.ഞങ്ങൾക്കു മുകളിലൂടെ ആ ശബ്ദം ഇരമ്പിയൊഴുകിപ്പരന്നു. ക്ലാസ് പതുക്കെ നിശ്ശബ്ദമായി...
കണ്ണീർപ്പാടം.വൈലോപ്പിള്ളിയുടെ മാസ്റ്റർ പീസ്.പക്ഷേ, ആ കവിത എന്നിൽ ഒരനക്കവുമുണ്ടാക്കിയില്ല.അതിലെനിക്ക് എന്നെക്കണ്ടെത്താൻ കഴിയാതിരുന്നതുകൊണ്ടുതന്നെ.
ഒരു കൗമാരക്കാരന്,വിവാഹത്തെക്കുറിച്ച് സ്വപ്നത്തിൽപ്പോലും ചിന്തിച്ചു തുടങ്ങിയിട്ടില്ലാത്ത ഒരാൾക്ക് ദാമ്പത്യത്തെക്കുറിച്ചുള്ള കവിത വായിച്ചിട്ട് എന്തു തോന്നാനാണ്...
പക്ഷേ, പതുക്കെ ആ കവിത എനിക്കിഷ്ടമായി. എന്നെക്കാണുന്നതിനു പകരം അതിൽ ഞാനെന്റെ അച്ഛനമ്മമാരെക്കണ്ടു...
പിന്നീടെപ്പോഴോ ഒരാൾ എനിക്കൊപ്പം നടക്കാൻ തുടങ്ങി...
തമ്മിലത്രമേലിഷ്ട
മാകിലും,സ്നേഹസ്വാർത്ഥ -
ജൃംഭിതങ്ങളാൽ, പരി-
ഭവത്താലസൂയയാൽ
കാറുമൂടിയ കണ്ണീർ -
പാടത്തു മുന്നോട്ടേക്കു,
കാലിടറവേ, നീങ്ങും
മുഗ്ദ്ധമാം രണ്ടാത്മാക്കൾ...
ആ പാടത്തു കൂടി ഞങ്ങൾ നടന്നു. ഉതിർന്നിടിയുന്ന വരമ്പിലൂടെ, മൂടി നിൽക്കുന്ന വെള്ളത്തിലൂടെ, വഴുക്കലിലൂടെ.
ഒരിക്കലും,ആ വരമ്പിൽ ഞാൻ അവളെ കൈ പിടിച്ചു നടത്തിയില്ല. എനിക്കൊപ്പം അവൾ സ്വയം നടന്നു. ചിലപ്പോഴെങ്കിലും എന്റെ മുന്നിൽ നടന്നു. എനിക്ക് വഴികാട്ടിത്തന്നു.
പൂവിരിനടക്കാവു
വിട്ടു ഹാ പുണ്യവ്രതേ
നീ വരിച്ചല്ലോ ചളി-
ക്കുഴമ്പുവരമ്പുകൾ!
കാലം കുറച്ചായി...ഇപ്പോൾ ഞങ്ങളുടെ വഴി ഉതിർന്ന് ഇടിയുന്നില്ല.വഴുതിപ്പോവുന്നില്ല. കാലുകൾ ഉറപ്പിച്ച്,പതുക്കെ ഞങ്ങൾ മറുകര പറ്റിക്കഴിഞ്ഞു...
ഞാനിപ്പോഴും ഇടക്കൊക്കെ പഴയ ഉതിർന്നു പോകുന്ന,വഴുതി വീഴുന്ന വരമ്പിലൂടെ നടന്നു നോക്കാറുണ്ട്. വെറുതെ. ഒരു ഓർമ്മക്ക്...
**********************

മരണപ്പെട്ടവന്റെ അഭിമുഖം
ശ്രീജിത്ത് ശ്രീകുമാർ
ചുറ്റും കൂടി നിന്നവരെല്ലാം കരയുകയായിരുന്നല്ലോ..?
അതുകൊണ്ട് തന്നെ ഞാൻ കണ്ണ് തുറന്നതേയില്ല,നിന്നെ പോലും ആൾക്കൂട്ടത്തിനിടയിൽ തിരഞ്ഞതുമില്ല.
നെഞ്ചിൽ സങ്കടം കാർമേഘങ്ങൾ പോലെ മൂടി കെട്ടുന്നുണ്ടായിരുന്നില്ലേ..?
എങ്കിലും കണ്ണുനീർ പൊഴിക്കാനാവാത്തതിനാൽ ഞാൻ കരഞ്ഞിരുന്നില്ല.
അത്രമേലാർദ്രമായൊരിക്കലും തീ പുൽകുന്നത് കണ്ടിട്ടേയില്ലല്ലോ..?
അതല്ലേ ഞാൻ പുകയോടൊപ്പം വായുവിൽ ചേർന്നത്.
പിന്നെയും എന്തൊക്കെയോ അവശേഷിച്ചിരുന്നില്ലേ..?
ഓഹ്! അത് ചാരമല്ലേ, മണ്ണിനുള്ളതല്ലേ..!
അല്ല, ഓർമ്മകൾ..?
ആഹ്! ഓർമകളും മരിക്കും.
അടക്കം ചെയ്യപ്പെടുന്നത് മനുഷ്യന്റെ മനസ്സിലാണെന്ന് മാത്രം...
**********************

സമസ്യ
ശ്രീലാ അനിൽ

നഗരത്തിരക്കുകൾക്കിടയിൽ
നിന്ന്
ഊളിയിട്ടുമുങ്ങാൻ  ആയിരം ഊടുവഴികളുള്ളതുപോലെ ....
എന്റെ ഹൃദയത്തിനും
ധാരാളം കൊച്ചു കൊച്ചു കൈവഴികളുണ്ട്......
നിന്റെ കൂടെ തോളുരുമ്മി നടക്കാറുള്ളത്
അത്തരം ഇരുണ്ട ഇടവഴികളിലൂടെയാണ് .....
നീ കാണാതെ പോയ
മൗനങ്ങൾ അവിടെ എപ്പോഴുമുണ്ട് .....
നിഴലുകൾ ഉറങ്ങുന്ന തണലിടങ്ങളുണ്ട്.....
മരച്ചില്ലകൾക്കിടയിലൂടെ
മണിത്തെന്നൽ വന്നവിടെയടക്കം പറയാറുണ്ട്....
പിണങ്ങി പിടി വിട്ടു
പിൻവലിയുന്ന പഴുത്തിലകൾ
തൊട്ടുഴിഞ്ഞ് പോവാറുണ്ട്....
ആരുമറിയാത്തൊരു പ്രിയ ചുംബനത്താലെന്നിൽ
ആകാശമഴവില്ല് വിടരുന്നുണ്ടവിടെ  ...
നിന്നൊപ്പം നടക്കാൻ നീയറിയാതെ കൂടെ കൂടുന്നത് അതുപോലേതോ
വഴിയരികിൽ വച്ചു തന്നെ.....
പരസ്പരം പറയാറുള്ള കഥകളുടെ മൃദുമർമ്മരങ്ങൾ ഇടക്കിടെ ഉയരാറുണ്ട്.....
നഗരത്തിരക്കിൽ
ഒഴുകുന്ന വണ്ടികൾ
കടലിരമ്പൽ പോലെ....
നിലകാണാവെള്ളം പോലെ....
അതിൽ പെട്ടുപോയാൽ എതിലെ തിരിയണമെന്ന് വെപ്രാളപ്പെടുന്ന വണ്ടിക്കാരനെപ്പോലെ
പകലിരവുകളുടെ
ആയിരമായിരം
 സമസ്യകൾക്കിടയിൽ കുടുങ്ങുമ്പോൾ.....
 ഈ ഊടുവഴികളാണ്
 നമ്മുടെ പ്രണയത്തിന് കാതോർക്കുന്നത്......
 അപ്പോഴാ വഴികളിൽ മായികമായൊരു
 സ്നേഹത്തിൻ ചെമ്പകപ്പൂ മണം നിറയാറുണ്ട്.....
 ഈവഴികൾ സ്വയം പ്രകാശിക്കുന്നതപ്പോഴാണ്.....
 സമസ്യകളുടെ കുടുക്കഴിക്കാൻ ആ പ്രകാശം ഇത്തിരി വെട്ടം ചൊരിയുന്ന തങ്ങനെയാണ്......
**********************