02-09-19

📚📚📚📚📚📚
കർണൻ
ശിവാജി സാവന്ത്

അവതരണം
(സുജാത അനിൽ
ഗവ.എച്ച്.എസ് പൂയപ്പള്ളി)📗📕📕

 
പ്രസിദ്ധമറാത്തി നോവലായ മൃത്യുഞ്ജയ യുടെ മലയാളം പരിഭാഷയാണ് ഭാരതീയ ജ്ഞാനപീ0ത്തിന്റെ മൂർത്തീ ദേവി പുരസ്കാരം നേടിയ കർണൻ.ഡോ.പി.കെ ചന്ദ്രനും ഡോ. ടി. ആർ ജയശ്രീയും ചേർന്ന് വിവർത്തനം നടത്തിയ ഈ നോവൽ D C ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 525 രൂപ.

      നോവൽ എന്ന സങ്കല്പം അതിന്റെ പൂർണാർത്ഥത്തിൽ ഉൾക്കൊള്ളുന്ന കൃതിയാണ് 'കർണൻ.' മഹാരാഷ്ട്രയിലെ കേസരിയുടെ പത്രാധിപരായ പരാഞ്ജപേയുടെ ഒന്നാം പാണ്ഡവൻ എന്ന നാടകമാണ് ഈ കൃതി എഴുതാൻ സാവന്തിന് പ്രേരണയായത്. ഭാരത യുദ്ധവുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും സഞ്ചരിച്ച് പഠിച്ചാണ് അദ്ദേഹം ഈ നോവൽ രചിച്ചത്.

   മഹാഭാരത കർത്താവ് വേദവ്യാസൻ സൂര്യ പുത്രനായ കർണന് നൽകിയ പ്രാധാന്യം വളരെ വലുതാണ്.ഒരു പക്ഷേ കർണനെന്ന ശക്തികേന്ദ്രമില്ലായിരുന്നു എങ്കിൽ ശ്രീകൃഷ്ണന് അർജുനനോട് ഗീതാരഹസ്യം പറയേണ്ടി വരില്ലായിരുന്നു. ഒരു രാജകുമാരിയുടെ വെറും കൗതുകത്തിൽ നിന്നും സർവനാശത്തിന്റെ കൊടിക്കൂറയായി ഒരാശയം എങ്ങനെ വളർന്നു പന്തലിക്കുന്നു എന്ന് വ്യാസൻ നമുക്ക് കാണിച്ചു തരുന്നു.

   സൂര്യപുത്രനായിട്ടും സൂത പുത്രനായി ജീവിക്കാൻ വിധിക്കപ്പെട്ടവൻ...
പാണ്ഡവ ജ്യേഷ്ഠനായിട്ടും കൗരവ പക്ഷത്തു നിൽക്കേണ്ടി വന്നവൻ..
രാജകുമാരനായിട്ടും അംഗരാജ്യ പദവി ദാനമായി വാങ്ങേണ്ടി വന്നവൻ....
മഹാരഥി ആയിരുന്നിട്ടും അർദ്ധരഥിയായി മുദ്രകുത്തപ്പെട്ടവൻ .. സ്നേഹവും ത്യാഗവും ആത്മധൈര്യവും ആദർശ ശുദ്ധിയും കായിക ബലവുമുണ്ടായിട്ടും  വഴിയിലെറിഞ്ഞ നിർമാല്യം പോലെ ചവിട്ടി മെതിക്കപ്പെട്ടവൻ
കർണന്റെ 70 വർഷത്തെ സംഭവ ബഹുലമായ ജീവിതത്തിലൂടെ മഹാഭാരത കഥ അനാവരണം ചെയ്യുകയാണ് ഈ നോവലിൽ.9 അധ്യായങ്ങളിലായി 6 കഥാപാത്രങ്ങൾ തങ്ങളുടെ കഥ പറയുന്ന നോവൽ തികച്ചും വെന്തു നീറുന്ന മനസോടെ യേ വായിച്ചു തീർക്കാനാകൂ.

കുന്തി, കർണപത്നി വൃഷാലി, ദുര്യോധനൻ, കർണസഹോദരൻ ശോണൻ, ശ്രീകൃഷ്ണൻ എന്നീ കഥാപാത്രങ്ങളുടെ ആത്മ പരിശോധനയിലൂടെയാണ് നോവൽ വളർന്നു നീങ്ങുന്നത്.

 കർണസഹോദരൻ ശോണനും ഒറ്റ മാത്രയിൽ മനസാ വരിച്ച ധർമപത്നി വൃഷാലിയുമെല്ലാo അവരവരുടെ ചിന്തകളിലൂടെ വായനക്കാരനെ മറ്റൊരു ലോകത്തെത്തിക്കുന്നു. ഇവരോടൊപ്പംഅശ്വത്ഥാമാവ് എത്ര മാത്രം ഔന്നത്യമുണ്ടായിരുന്ന കഥാപാത്രമാണെന്ന് നമുക്ക് ബോധ്യം വരുന്നു. കഥാപാത്രങ്ങളെ കണ്ട് കണ്ട് കേട്ട് കേട്ട് വായിച്ചു പോകുക എന്ന മാജിക്കാണ് സാവന്ത് ഇതിൽ പരീക്ഷിച്ചിരിക്കുന്നത്.

  കുന്തിയുടെ അനുജത്തിയായി, പാണ്ഡുവിന്റെ പത്നിയായി ജീവിതാവസാനം വരെ സഹനത്തോടെ കഴിഞ്ഞ മാദ്രി മറ്റൊരു സവിശേഷ കഥാപാത്രമാണ്. കുന്തിയുടെ കാൽക്കീഴിൽ നാളമില്ലാത്ത വിളക്കു തിരി പോലെ കിടന്ന മാദ്രി ഭർത്താവിന്റെ ഒരു നിമിഷത്തെ കാമ ചാപല്യത്തിനു മുന്നിൽ അടിയറവ് പറഞ്ഞതറിഞ്ഞ് പൊട്ടിത്തെറിച്ച കുന്തി ഊക്കോടെ മാദ്രിയെ അടിക്കുന്നു. കിന്ദമ മഹർഷിയുടെ ശാപത്തിൽ 32  വയസിൽ വിധവയായ കുന്തിയോടൊപ്പം കൗമാരം കഴിയാത്ത മാദ്രിയും വിധവയായി. കുളിച്ചു ശുഭ്രവസ്ത്രം ധരിച്ച് കുന്തിയുടെ പാദം തൊട്ടു വണങ്ങി ചിതയിലേക്ക് ഇറങ്ങിയ മാദ്രി ഭർത്താവിന്റെ ആലിംഗനത്തിന് തന്റെ മൃത്യു കൊണ്ട് വില നൽകി.
 
മലയാളികളുടെ മനസിൽ അശ്വത്ഥാമാവെന്നാൽ ദുഷ്ട കഥാപാത്രം എന്നാണർത്ഥം. പക്ഷേ പിതാവ് ദ്രോണാചാര്യരേക്കാൾ സ്വഭാവ ഗുണം കൊണ്ട് ,ബുദ്ധിസാമർത്ഥ്യം കൊണ്ട്, സ്നേഹം കൊണ്ട് വായനക്കാരുടെ ഹൃദയം കവരുന്നു. അച്ഛന്റെ സ്വാർത്ഥതയും പക്ഷാ ഭേദവും ഒട്ടും തന്നെ തീണ്ടാത്ത അശ്വത്ഥാമാവ് സാവന്തിന്റെ തൂലികയിലെ  മിഴിവാർന്ന വ്യക്തിത്വമാണ്.

    നൂതനമായ കഥാഖ്യാന രീതിയും ഭാവതലങ്ങളെ തൊട്ടുണർത്തുന്ന വൈകാരിക സംഭവങ്ങളുo നിറഞ്ഞു നിൽക്കുന്ന ഈ നോവൽ വായിച്ചപ്പോൾ ശ്രീ നരേന്ദ്ര കോഹ്ലിയുടെ അഭ്യുദയം എന്ന നോവലാണോർമ വന്നത്. സീതയെ ശാന്ത സ്വരൂപിണിയായ ഒരു സാധാരണ വീട്ടമ്മയായും അനാഥയായും ഒപ്പം തന്റേടമുള്ള ,ആയുധ വിദ്യ പഠിപ്പിക്കുന്ന ഗുരുവായുമൊക്കെ അവതരിപ്പിക്കുന്ന അഭ്യുദയവും മനോവിചാരങ്ങളുടെ മൂർധന്യത പ്രകടമാക്കുന്ന നോവലാണ്.

   എഴുപതിനായിരത്തിൽപ്പരം കോപ്പികൾ വിറ്റഴിച്ച് പതിനൊന്നാം പതിപ്പുംപുറത്തിറക്കിയ ഈ കൃതി പറഞ്ഞറിയിക്കാനാകാത്ത വായനാനുഭവം പ്രദാനം ചെയ്യുന്നു.

🌾🌾🌾🌾🌾