09-10-19


 🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
ആറു മലയാളിക്ക് നൂറു മലയാളം എന്ന പ്രതിവാര പംക്തി ഏതാനും സമയത്തിനുള്ളിൽ
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄

🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
മലയാളം സർവ്വകലാശാല പ്രസിദ്ധീകരിച്ച ഭാഷാഭേദപഠനം:മലപ്പുറം എന്ന ഗവേഷണ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളുടെ ഇരുപത്തിരണ്ടാം ഭാഗമാണ് ഈ ലക്കം
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
☀⚡☀⚡☀⚡☀⚡☀⚡☀⚡☀⚡
ഇന്നത്തെ ആറുമലയാളിക്ക് നൂറു മലയാളം പംക്തിയിൽ മലപ്പുറം മലയാളത്തിലെ ഉച്ചാരണ ഭേദങ്ങൾ ഇവയോടൊപ്പം മാതൃകാ വാക്യങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു
☀⚡☀⚡☀⚡☀⚡☀⚡☀⚡☀⚡

🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑

മലപ്പുറം മലയാളത്തിലെ ഉച്ചാരണഭേദങ്ങൾ

17 . ക~വ ~ഔ
പദമധ്യത്തിലെ 'ക'കാരം 'വ'കാരമായി മാറുന്നു. തുട൪ന്ന് 'വ' കാരലോപം സംഭവിച്ച് ദ്വിസ്വര പരിണാമം സംഭവിക്കുന്നു.
ഉദാ:
 ചെകിട് ~ചെവിട് ~ ചൌട്
 അകത്ത്~ അവ്ത്ത് ~ഔത്ത്

18.  ഹ~ക
പദാന്ത്യ  ' ഹ' കാരം  'ക'കാരമായി മാറുന്നു.
ഉദാ:
    ഊഹം ~ ഊകം
    ദാഹം  ~ ദാകം

19.  ന  ~ ഞ
പദാദിയിലൊഴിച്ച് 'ഇ' കാരം പരമായ വത്സ്യാനുനാസികം'ഞ' ആയി മാറും.
ഉദാ;
      ഇനി   ~ ഇഞി
      ഇനിയും  ~ഇഞ്യും
പദാന്ത്യ അക്ഷരത്തിലെ 'ഞ' കാരം. ദൃഡമായി ഉച്ചരിക്കുന്നു  - 'ഞ്ഞ' പോലെ.

20. ഖ ~ ക
അതിഖര ശബ്ദങ്ങളെ ഖരമാക്കി മാറ്റുന്ന ഒരു പ്രവണത മലപ്പുറം മലയാളത്തിൽ ദൃശ്യമാണ്. ദ്രാവിഡ വ൪ണപ്രവണതയാണിത്.
ഉദാ:
     ഖേദം  ~ കേദം

21.  സ ~ ച
സംസ്കൃത പദങ്ങളിലുള്ള
'സ' കാരത്തെ 'ച'കാരമാക്കി മാറ്റി ഉപയോഗിക്കുന്ന പ്രവണത മലപ്പുറം മലയാളത്തിലുണ്ട്. വിശേഷിച്ചും പദാദിയിൽ.
ഉദാ;
    സ്വാദ്   ~ചാദ്

മാതൃകാ  വാക്യങ്ങൾ
ഇതൊരാടാകുന്നു - ഇതൊരാടാണ്, ഇതൊരാടാ
ഇവിടെ രണ്ട് ആടുകളുണ്ട്  - ഇവ്ടെ രണ്ടാട്ാള്ണ്ട്
ഇവിടെ മൂന്ന് ആടുകളുണ്ട്  - ഇവ്ടെ മൂന്നാട്ാളുണ്ട്
ഇതൊരു പൂച്ചയാണ്  ~ ഇതൊരു പൂച്ചേണ്
ഇവിടെ ഒരു പൂച്ചയും നായയുമുണ്ട്  - ഇവ്ടെ ഒരു പൂച്ചിം  നായിം  ണ്ട്
നായ പൂച്ചയെ നോക്കി കുരയ്ക്കുന്നു - നായ പൂച്ചനെ നോക്കി കൊരക്ക്ണ്
ഇതൊരു വീടാണ്  - ഇതൊരു വീടാ
ഇവിടെ രണ്ടു വീടുകളുണ്ട്  - ഇവ്ടെ രണ്ട് വീടാളുണ്ട്
ഇതെന്റെ വീടാണ്  - ഇത് ഇന്റെ വീടാ
ഞാനെന്റെ വീട്ടിലാണ്  - ഞാൻ ന്റെ പുര/ കുടി/വീട്ടിലാ
എന്റെ വീട്ടിലേക്കു വരൂ - ന്റെ വീട്ടിൽക്ക് വാ / വരീ/ വന്നോളീ
എനിക്ക്  രണ്ട് ചെറിയ വീടുകളുണ്ട്  -ഇക്കി രണ്ട് ചെറ്യേ വീട്കള്ണ്ട്
നിന്റെ വീട്ടിലേക്കു പോകൂ - അന്റോട്ക്ക് പോയ്ക്കോ
ഇവനെന്റെ മകനാണ് - ഇത് ഇന്റെ മോനാ
എനിക്ക് രണ്ട് ആൺമക്കളാണ് ഉള്ളത് - ഇക്കി രണ്ട് ആൺമക്കളാ
എന്റെ മകൻ വീട്ടിലുണ്ട് - ന്റെ മോൻ പൊരേല്ണ്ട്
എന്റെ മകൻ ഇപ്പോൾ വന്നതേയുള്ളൂ - ന്റെ മോൻ ഇപ്പം വന്ന്ട്ടേള്ളൂ/ വന്ന്ട്ടൊള്ളൂ
എനിക്ക് മൂന്നു പെൺകുട്ടികളുണ്ട് - ഇക്ക് മൂന്ന് പെങ്കുട്ട്യള്ണ്ട്
അവൾ നിങ്ങളുടെ സഹോദരിയാണോ - ഓള് ങ്ങളെ പെങ്ങളാ?
അല്ല, അവൾ എന്റെ മകളാണ് - ല്ല, ഓള് ന്റെ മോളാ
നിങ്ങളുടെ മകളെ വിളിക്കൂ - ങ്ങളെ മോളെ വിളിക്കീ
നിന്റെ സഹോദരന്മാരും സഹോദരിമാരും വീട്ടിലുണ്ട് - അന്റെ ആങ്ങളാരും പെങ്ങൻമാരും പൊരേല്ണ്ട്
നിങ്ങളുടെ കുട്ടികൾ എവിടെയാണ്? ങ്ങളെ കുട്ട്യള് എവ്ടെ/ഏടേണ്?
എന്റെ കുട്ടികൾ സ്കൂളിൽ പോയി  - ന്റെ കുട്ട്യള് ഉസ്കൂളിൽ പോയിക്ക്ണ്/ പോയീണ്
അവൻ എന്റെ മകനാണ് -ഓൻ ന്റെ മോനാണ്
അവൻ നിന്റെ മകനാണ് - ഓൻ അന്റെ മോനാണ്
അവൾ എന്റെ മകളാണ് - ഓള് ന്റെ മോളാണ്
അവൾ നിന്റെ മകളാണ് - ഓള് അന്റെ മോളാണ്
എന്റെ കൈ   - ന്റെ കയ്യി/കജ്ജ്/കജ്ജി
എന്റെ കൈകൾ - ന്റെ കൈകള്/ന്റെ കജ്ജ്
എന്റെ കാലുകൾ - ന്റെ കാൽകള്
അവരുടെ കാലുകൾ - ഓരെ കാല്കള്
അവൾ നിങ്ങളുടെ മകളാണോ - ഓള് ങ്ങളെ മോളാ?
നിങ്ങളുടെ മകനെ വിളിക്കൂ - ങ്ങളെ മോനെ വിളിക്കീ
എന്റെ കുട്ടികൾ സ്കൂളിലാണ് -ന്റെ കുട്ട്യള് ഉസ്കൂളിലാ
അദ്ദേഹത്തിന്റെ വേലക്കാ൪ - ഓരെ/ഓലെ വാല്യാക്കന്മാർ
അവന്റെ വീട് - ഓന്റെ വീട്
ഇത് എന്റെ ജോലിയല്ല  - ഇത് ന്റെ പണ്യല്ല
ഈ കുട്ടിയുടെ കൈകൾ ചെറുതാണ് - ഈ കുട്ടിന്റെ കൈകള് ചെറുതാ
ഞാനത് കാണുന്നു - ഞാനഅ് കാണ് ണ്
കുട്ടി അയാളെ നോക്കുന്നു - കുട്ടി അയാളെ നോക്ക്ണ്
ഞങ്ങൾ ഇവിടെ വന്നു - ഞങ്ങള് ഇവ്ടെ വന്ന്
അവൻ അവിടെ പോകുന്നു - ഓൻ ഔടെ പോകാണ്
ഞങ്ങൾ ഇവിടെ നിൽക്കും - ഞമ്മൾ ഇവ്ടെ നിക്കും
ആടുകൾ മേയുന്നു  - ആടുകള് മേയ്ണ്
നീ എന്താണ് തിന്നുന്നത് - ഇജി/ജ്ജ് എത്താ തിന്ന്ണ്
നിങ്ങൾക്ക് എത്ര കുട്ടികളുണ്ട് - ങ്ങൾക്ക് ത്ര കുട്ട്യളാ?
നിങ്ങളുടെ പേരെന്താ - ങ്ങളെ പേരെന്താ?
നിങ്ങൾക്ക് എത്ര വയസ്സുണ്ട് - ങ്ങക്ക് ത്ര വയസ്സാ?
നിങ്ങൾ എപ്പോഴാണ് എഴുനേൽക്കാറ്  - ങ്ങള് എപ്ലാ ണീക്ക്യല്?
നിങ്ങൾ എവിടെയാണ് താമസിക്കുന്നത് - ങ്ങള് എവ്ടേ പാ൪ക്ക്ണ്അ (ത്) ?
നിങ്ങൾ എന്തു ചെയ്യുന്നു - ങ്ങള് എന്താ ചെയ്യണ (അ്) ത്?
എന്താണ് നിങ്ങളുടെ ജോലി - ന്താ ങ്ങളെ പണി?
എനിക്ക് വയസ്സായി - ഇച്ച്/ക്കി വയസായി
എനിക്ക് പൊക്കമുണ്ട് - ഇച്ച്/ക്കി പൊക്കംണ്ട്
അവൾക്ക് പൊക്കമുണ്ട്- ഓക്ക് പൊക്കംണ്ട്
ഞങ്ങൾക്ക് വീടുണ്ട് - ഞമ്മക്ക്/ഞങ്ങക്ക് വീട്ണ്ട്
അവൾ സാമർത്ഥ്യക്കാരിയാണ് - ഓള് സാമർഥ്യക്കാര്യാ
അവൾ മടിച്ചിയാണ് - ഓള് മടിച്ച്യാ
അവൻ സമ൪ത്ഥനാ - ഓന് സമ൪ഥനാ
ഈ കഥ നല്ലതാണ് - ഈ കത നല്ലതാ
ഈ കഥകൾ നല്ലതാണ് -ഈ കതകള് നല്ലതാ
പതുക്കെ സംസാരിക്കൂ - മെല്ലെ വ൪ത്താനം പറീ
ഉറക്കെ സംസാരിക്കരുത് - ഒ൪ക്കെ വ൪ത്താനം പറ്യര്ത്
ഇത് പിടിക്കൂ - ഇത് പിടിച്ചാ/ പിടിച്ചാണി/ഇതൊന്ന് പിടിച്ചാണി
അത് തുറക്കൂ - അത് തൊ൪ക്ക്/തൊറന്നാണീ/തൊ൪ന്നെര്വോ?
അവൻ കുന്നിറങ്ങി വന്നു - ഓൻ കുന്നെറങ്ങി വന്ന്
ഞാനത് എല്ലായിടത്തും തിരഞ്ഞു - ഞാന (ത്) എല്ലോട്ത്തും തെരഞ്ഞ്
രണ്ടു പേരും വരൂ - രണ്ടാളും വരീ/വന്നോളീ
നമുക്കൊരു ജോലി കണ്ടെത്തണം- ഞമ്മക്കൊരു/ മ്മക്കൊരു/ മ്പൾക്കൊരു പണി കണ്ടെത്തണം
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഭാഷാഭേദപഠനം മലപ്പുറം എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് മുകളിൽ നൽകിയിരിക്കുന്നത്. പുസ്തകം തയ്യാറാക്കിയ ഗവേഷകരോടുള്ള  കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏🙏🙏🙏