10-07-19


🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
ആറു മലയാളിക്ക് നൂറു മലയാളം
എന്ന പ്രതിവാര പംക്തി
ഏതാനും സമയത്തിനുള്ളിൽ
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
മലയാളം സർവ്വകലാശാല
പ്രസിദ്ധീകരിച്ച
ഭാഷാപഠനം: മലപ്പുറം
എന്ന കൃതിയെ ആധാരമാക്കി തയ്യാറാക്കിയ കുറിപ്പുകളുടെ പതിനൊന്നാം ഭാഗമാണിത് ഈ ലക്കം
🏕🏕🏕🏕🏕🏕🏕🏕🏕🏕🏕🏕🏕🏕
മലപ്പുറം ജില്ലയിലെ ഭാഷാപ്രണതകൾ എന്ന ഭാഗത്തിലെ
ഭാഷണത്തിലെ അസ്ഥിരത
ഏലോ
ആരെ
എന്നീ കുറിപ്പുകളും
മലപ്പുറം മലയാള നിഘണ്ടു വിന്റെ നാലാം ഭാഗം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
🏕🏕🏕🏕🏕🏕🏕🏕🏕🏕🏕🏕🏕🏕
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑
ഈ ലക്കം
പീഡിയെഫ്
രൂപത്തിലാണ്
പോസ്റ്റ് ചെയ്യുന്നത്.
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑
മലപ്പുറം ജില്ലയിലെ ഭാഷാ പ്രവണതകൾ (തുടരുന്നു)
ഭാഷണത്തിലെ അസ്ഥിരത
       മലയാള ഭാഷയിൽ വക്താവിന് ഒരു കാര്യത്തെക്കുറിച്ച് ഉറപ്പോടെയും, ഉറപ്പില്ലാതെയും സംസാരിക്കാം. അതായത് സ്വയമേ ബോധ്യമുള്ള ഒരു കാര്യവും ബോധ്യമില്ലാത്ത ഒരു കാര്യവും ഭാഷണത്തിൽ ഉൾക്കൊള്ളിക്കാം.
  'അവൾ ഇന്നു വരും' എന്ന വാക്യം കേട്ടാൽ പറയുന്ന ആൾക്ക് അക്കാര്യത്തിൽ സംശയമില്ല എന്നു ഉറപ്പിക്കാം. എന്നാൽ എപ്പോഴും ഉറപ്പുള്ളതു മാത്രമേ സംസാരിക്കാവൂ എന്നല്ല മലയാള ഭാഷയുടെ രീതി.
അവൾ ഇന്നു വരാം
അവൾ ഇന്നു വന്നേക്കും
അവൾ ഇന്നു വരുമായിരിക്കും
അവൾ ഇന്നു വന്നേക്കാം
അവൾ ഇന്നു വരുമായിരിക്കാം

അവൾ ഇന്നു വരും എന്ന വാക്യത്തിൽ നിന്ന് അവൾ ഇന്നു വരുമായിരിക്കാം എന്ന വാക്യത്തിലേക്കുള്ള ഉറപ്പില്ലായ്മയുടെ അകലം വ്യക്തമാണ്. മലപ്പുറം മലയാളം 'വരുമായിരിക്കും' എന്നതിനെ സ്വത്വമുദ്രയാക്കിയിട്ടുണ്ട്. 'ഐക്കാരം' എന്ന വ൪ണ പരിണാമം സംഭവിച്ച വാക്കിലൂടെയാണ് ഇതു സാധ്യമാക്കിയിരിക്കുന്നത്.

അവൾ വര്വൈക്കാരം എന്നാണ് ' അവൾ വരുമായിരിക്കും' എന്നതിന്നു പകരം വള്ളുവനാട്ടിലും ഏറനാട്ടിലുമുള്ള മൊഴിവഴക്കങ്ങളിൽ പ്രചാരത്തിലുള്ളത്. 'ആയിരിക്കും' എന്നത് ' ആയ്ക്കാരം' ആകുകയും പിൽക്കാലത്ത് 'ഐക്കാരമായി' ഉച്ചാരണഭേദം സംഭവിക്കുകയും ചെയ്തതായിരിക്കാം. മലയാളത്തിലെ ഒരു വ൪ണ പരിണാമമാണ്  ഐക്കാര ത്തിലൂടെ പ്രകടമാവുന്നത്.

ഏലോ
പറയുന്ന ആൾക്ക് തന്നെ ഒരു കാര്യത്തിൽ തീർച്ചയില്ലാതിരിക്കുന്ന സന്ദർഭങ്ങളിൽ പൊതുവേ മലയാളത്തിൽ ' അത്രെ' ചേ൪ത്ത് ഉപയോഗിക്കുക പതിവാണ്. മലപ്പുറം മലയാളത്തിൽ  'അത്രെ' ക്ക് പകരം 'ഏലോ' ആണ് ഉപയോഗിക്കുന്നത്. തീരെ ഉറപ്പില്ലാത്ത സന്ദർഭങ്ങളിൽ പ്രസ്താവനയോടൊപ്പം 'ഏലോ' ചേ൪ക്കുന്നു.

അയാളാണത്രെ അതു പറഞ്ഞത്.
അയാളാണേലോ അ് പറഞ്ഞ്
അവളെയാണത്രേ അയാൾ കല്യാണം കഴിക്കുന്നത്.
ഓളെണാലോ അയാള് കല്യാണ് കയിക്ക്ണത്
നാളെ പണിമുടക്കാണത്രെ
നാളെ പണിമൊടക്കാണേലോ
ചില സന്ദർഭങ്ങളിൽ പോലും എന്ന പ്രയോഗത്തിന് തുല്യമായും ഇത് ഉപയോഗിക്കുന്നു.
അവനൊരു പുലിയെ കണ്ടു പോലും.
അനൊരു പുലിയെ കണ്ടേലോ.
ആശ്ചര്യം, സന്ദേഹം തുടങ്ങിയ വികാരങ്ങൾ ദ്യോതിപ്പിക്കാൻ 'ഏലോ'എന്ന പ്രയോഗത്തിന് കഴിയുന്നു.

മലപ്പുറം മലയാള നിഘണ്ടു(നാലാം ഭാഗം)
കഅ്ബ     - മക്കയിലെ വിശുദ്ധ ഗേഹം
കക്കിരി   - കത്തിരിക്ക
കക്കുക - മോഷ്ടിക്കുക
കക്കുക - പൂച്ച ഓക്കാനിക്കുക/ഛ൪ദ്ദിക്കുക
കക്ക്      - ചെറിയ ഓട്ടിൻ കഷ്ണം
കക്ക് കളി - നിശ്ചിത കള്ളിക്കുള്ളിൽ ഓടിൻ കഷ്ണം കാൽകൊണ്ട് ചാടിച്ചാടി നീക്കി കളിക്കുന്ന ഒരിനം കളി
കങ്ങുക   - വേവിക്കുന്ന ചെമ്പിനടിയിൽ പിടിക്കുക
കച്ചറ കൂടുക - ശണ്ഠ കൂടുക/ കലഹിക്കുക
കച്ചറ         - പാഴ് വസ്തുക്കൾ
കഞ്ഞി കുമ്പിൾ  - കഞ്ഞി കുടിക്കാൻ പ്ലാവില കൊണ്ടുണ്ടാകുന്ന കുമ്പിൾ
കഞ്ഞി      - പിശുക്കൻ
കഞ്ഞി കൂ൪ക്കൽ - പനികൂ൪ക്ക
കഞ്ചൂസ്      - പിശുക്കൻ
കടി        - ചായയ്ക്കുള്ള പലഹാരം
കടിഞ്ഞൂൽ - ആദ്യത്തെ
കടുപ്പം     - ഉപദ്രവം (കടുപ്പം കാട്ടുക)
കടുക്ക   - കല്ലുമ്മക്കായ
കട്ട        - ഇഷ്ടിക
കട്ടി      - കനം
കട്ട്ല    - വാതിൽ കട്ടിൽ
കണല് (ൽ).  - കനൽ
കണ്ണീരും കയ്യുമായി നടക്ക്ണോ൪ - ദുഃഖിതർ
കണ്ണ്ചോരയുള്ള - അലിവുള്ള
കണ്ണ് വെച്ച പത്തിരി - ഗോതമ്പും നെയ്യും ചേർത്ത് പൊരിച്ചെടുക്കുന്ന ഒരു തരം പത്തിരി
കണ്ണ്ന്റെ ഉണ്ണി  -കൃഷ്ണമണി
കണ്ണ്മ്മപൊന്തിക്കൽ - ഗമയും പുച്ഛവും പ്രകടിപ്പിക്കൽ
കണ്ണ്മ്മ്ല്ട്ക്കൽ  - പുച്ഛ ഭാവം പ്രകടിപ്പിക്കൽ
കണ്ണ് ചിമ്പ്അ   - കണ്ണ് ചിമ്മുക
കണ്ണും മോറും കാട്ട്അ - അനിഷ്ടം പ്രകടിപ്പിക്കുക
കണ്ണും മോറും - മുഖം
കണ്ണൂക്ക്/കണ്ണോക്ക് - മരിച്ച് മൂന്നാം ദിവസം ബന്ധുമിത്രാദികൾ കൂട്ട പ്രാർത്ഥനയ്ക്ക് വേണ്ടി വീട്ടിൽ ഒത്തുചേരുന്ന ചടങ്ങ്.
കണ്ണ്വൊട്ടി     - അന്ധ
കണ്ണോട്ടംണ്ടാവുക - ശ്രദ്ധയുണ്ടാവുക
കണ്ടം    - കഷ്ണം
കണ്ടി പൊട്ടുക - മഴ വെള്ളത്തിന്റെ ശക്തിയിൽ വരമ്പ് പൊട്ടുക
കണ്ടം ആക്ക്അ - ഒടിക്കുക
കണ്ടം മുറിക്ക്അ  - പൊട്ടിക്കുക
കത്തലടക്കൽ  - വിശപ്പടക്കൽ
കത്തിച്ച്അ  - കത്തിക്കുക, ഏഷണി കൂട്ടി പ്രശ്നം ഗുരുതരമാക്കുക
കത്തിരി/കത്രി - കത്രിക
കാനോല്     - നിയമം, നാട്ടുനടപ്പ്, സമ്പ്രദായം
കനംള്ള    - ഭാരിച്ച. പ്രയാസമുള്ള
കന്നൂട്ട്     - കന്നുപൂട്ട്
കപാലത്തിൽ കേറുക - രോഗം മൂർച്ഛിക്കുക
കപ്പുക      - നായ നക്കുക
കഫൻ ചെയ്യുക - മൃതദേഹം കുളിപ്പിച്ച് വസ്ത്രമണിയിക്കുക
കബറിടം   - മറവ് ചെയ്യുന്ന സ്ഥലം
കബൂലാക്കുക - സമ്മതിക്കുക
കമ്ച്ച് വെക്ക്അ  - കമിഴ്ത്തി വെക്കുക
കമ്മട്ടം    - ഏകദേശകണക്ക്
കമ്മി     - കുറവ്
കമ്പം     - താത്പര്യം
കയ്പ   - പാവയ്ക്ക
കയിച്ചലാക്ക്അ - രക്ഷിക്കുക
കയിഞ്ഞ്റ്റ്    - ശേഷം
കയില് ഇട്ട് എളക്ക്അ -അനാവശ്യമായി ഒരു കാര്യത്തിൽ ഇടപെടൽ
കയ്യിൽത്തത് - വള
കയ്യ് അ      - കഴിയുക
കയ്യ്/ കജ്ജ്  - കൈ
കയ്യ് കാട്ട്അ - യാചിക്കുക
കയ്യൂല    - കഴിയില്ല
കയ്യൊറപ്പ്   - കാര്യം ചെയ്യാനുള്ള ധൈര്യം (ദൃഡ നിശ്ചയം)
കയം     - ആഴമുള്ള ജലാശയം
കരണ്ടി  -   കയിൽ
കരണ്ട്  - കറന്റ്, ഇലക്ട്രിസിറ്റി
കരി    - ഉഴവുപകരണം
കര്യേപ്പ്ന്റെല  - കറിവേപ്പില
കൽകുഞ്ഞൻ - പഴുതാര
കലമ്പൽ     - ത൪ക്കം/ബഹളം
കലത്തപ്പം  -കനലിന്റെ ചൂടിൽ വേവിച്ചെടുക്കുന്ന ഒരു തരം അപ്പം
കലി .   . - കോപം
കലിമ- വിശ്വാസ വചനം
കവച്ച് വെക്ക് ആ - മറി കടക്കുക
കസാല     - കസേര
കളിച്ച്അ  - കളിക്കുക
കള്ളിവെളിച്ചത്താക്ക്അ - ഗോപ്യമായത് പുറത്തു കൊണ്ടുവരിക
ക൪മ്മത്തി /ക൪മൂസ- പപ്പായ
കറാമ്പ്ട്ട - കറുവപ്പട്ട
കറാമ്പൂ  - ഗ്രാമ്പൂ
കറാമ്പർപ്പ്  - വികൃതി
കറാമത്ത്   - അത്ഭുത സിദ്ധി
കഴുത്തിൽത്തത് -കണ്ഠാഭരണം
ക്ണാപ്പൻ/മണികുണാഞ്ചൻ - വിഡ്ഢി
കാച്ചിലാത്തൻ - പഴുതാര
കാടന്മാർ       - അപരിഷ്കൃത൪
കാട്ടപ്പ     - കമ്മ്യൂണിസ്റ്റപ്പ
കാട്ടി    - കാട്ടുപോത്ത്
കാതില്ത്തത്   - ക൪ണാഭരണം
കാത്തോം കളി   - കുട്ടിയും കോലും
കാനോത്ത്  - നിക്കാഹ്/ വിവാഹം
കാഫിർ     - അവിശ്വാസി
കാഭാഗം    - കാൽ ഭാഗം
കായ വറുത്തത് - വാഴപ്പഴം ചെറുതായി അരിഞ്ഞ് എണ്ണയിൽ വറുത്തെടുത്തത്
കായി       - കാശ്
കായിക്കാരൻ - പൈസക്കാരൻ
കാരയ്ക്ക   - ഈത്തപ്പഴം
കാൽസറായി  - പൈജാമ
കാലി    - ഒഴിഞ്ഞ
കാലേകൂട്ടി - നേരത്തെ
കാല് മാറ്ക  - ചതിക്കുക
കാവച്ചാൽ    - അഴുക്ക് ചാൽ, ഓവ് ചാൽ
കാവ്ത്ത്    - കാച്ചിൽ കിഴങ്ങ്
കാളം     - കാഹളം
ക്ലാസ്     - ഗ്ലാസ്
കാറുക   - തൊണ്ട ശരിയാക്കുക, തേങ്ങ കേടുവരിക
കാറ്       - കാ൪മേഘം
കിക്കിളി       - ഇക്കിളി
കിബ്റ്        - വിദ്വേഷം
കിര്ണി കടി - ഗ്രഹണിശല്യം
കില്ക്കാകുഞ്ഞൻ/പീക്കാകുഞ്ഞൻ   - ചിവീട്
കിർഷി      - കൃഷി
കി൪വ     - സ്നേഹം, കൃപ
കീപ്പെട്ട്   - കീഴോട്ട്
കീയുക  - ഉയരത്തിൽ നിന്ന് ഊ൪ന്നിറങ്ങുക, (മരത്തിൽ നിന്ന്)  വസ്ത്രം കീഞ്ഞിറങ്ങുക - (അഴിയുക)
കീശ     - പോക്കറ്റ്
കീസ്    - ചെറിയ സഞ്ചി
കുച്ചി   - കീഴ് വായു ശബ്ദമില്ലാതെ പുറത്തു വരുന്നത്
കുച്ചിപ്പുത്/കുച്ചിപ്പുറ്റ് - വാശി പിടിച്ച് മിണ്ടാതെ ഇരിക്കുക, ദേഷ്യത്തിൽ പിറുപിുപിറുക്കുക
കുജ്ജി - കുഴി
കുഞ്ഞി - ചെറിയ
കുഞ്ഞിപ്പത്തിരി -ആവിയിൽ വേവിച്ചെടുക്കുന്ന ഒരിനം പത്തിരി
കുഞ്ഞാക്ക     - ഇളയ ജ്യേഷ്ഠൻ, ചെറിയ അമ്മാവൻ
കുഞ്ചി         - മുട്ടയുടെ മഞ്ഞ, കാശ്/നാണയം സൂക്ഷിച്ചു വെയ്ക്കാൻ ഉപയോഗിക്കുന്ന ഒരു പാത്രം
കുട്ക്കുള്ള   - ബുദ്ധിമുട്ടുള്ള
കുടിയിരിക്കൽ/കുറ്റൂസ - ഗൃഹപ്രവേശം
കുടി   .        - വീട്
കുടിനീര്      - ഉമിനീർ
കുടുക്ക      - കലം
കുട്ടൻ         - കാള
കുണ്ടൻ     - ചെറുപ്പക്കാരൻ
കുണ്ടൻ പിഞ്ഞാണം - കറിയെടുക്കാനുള്ള പിഞ്ഞാണ പാത്രം
കുണ്ടനാച്ചി    - കുഴി
കുണ്ടിൽ ചാടിയ്ക്ക  - ചതിക്കുക
കുണ്ട്       - കുഴി
കുണ്ടം പാത്രം  - ആഴമുള്ള പാത്രം
കുതുകുലം     - ബഹളം
കുത്ത്൪ക്ക്അ   - ഇരിക്കുക
കുത്തിരിക്കി/കുത്തിരി  - ഇരിക്കുക
കുത്തിച്ചൂളൻ   - കാലൻകോഴി
കുത്തിപ്പറിക്കുക  - വേദനിക്കുക
കുത്ത് പിഞ്ഞാണം  - കറിയെടുക്കുന്ന പിഞ്ഞാണം
കുത്ത് കൊടുക്ക/ മുട്ട് കൊടുക്ക   - താങ്ങ് കൊടുക്കുക
കുദ്റത്ത്   - അത്ഭുതം
കുനിയ്അ  - കുമ്പിടുക
കുന്തിയിടുക - കൂമ്പാരം കൂട്ടുക
കുപ്പിക്കണ്ടം    - കുപ്പിക്കഷ്ണം, പാരവെയ്ക്കുന്നവ൪
കുഫ്ഒക്കുക  - ചേ൪ച്ചയുണ്ടാകുക
കുമ്പളകൊറ്റൻ  - മുറിച്ചു വെക്കുന്ന പച്ചക്കറിയിലും മറ്റും വരുന്ന ഒരിനം പ്രാണി
കുമ്മത്ത്   - ഒരു തരം ക൪ണാഭരണം
കുയ്ക്കാകുഞ്ഞൻ  - ചിവീട്
കുയിക്കുക  - കുഴിക്കുക
കുയിന്ത്     - കുശുമ്പ്
കുയ്യാര   - കുഴിപ്പാര
കുയ്യ്യാക്ക്അ - കുഴിക്കുക
കുരുട്ട് / കുനുട്ട്  - വക്രബുദ്ധി
കുരുത്തോം പൊരുത്തോം വാങ്ങുക   - അനുഗ്രഹം നേടുക
കുരുത്തം കെട്ടോൻ - തെമ്മാടി
കുരള്       - കഴുത്ത്/ചങ്ക്
കുരൽ    - ഒച്ച
കുലുമാല്/ ഗുലുമാൽ  - കുഴപ്പം പിടിച്ച, ബുദ്ധിമുട്ട്
കുലുക്കുഴിക - വായിൽ വെള്ളം നിറച്ച് വൃത്തിയാക്കി തുപ്പിക്കളയുക
കുശാൽ   - സന്തോഷം
കുളിക     - ഗുളിക
കുളിപ്പുര  - കുളിമുറി
കുളിമറ     - കുളിമുറിയുടെ ധ൪മം നിർവ്വഹിക്കുന്ന മറപ്പുര
കുളു൪ക്കുക / കൊള൪ക്കുക - ഓ൪ക്കുക, പ്രതീക്ഷിക്കുക
കുറച്ചിൽ   - അവമതി
കുറുമ്പ്     - ചെറു പ്രാണി, കുസൃതി
കുറികല്യാണം - ചായസൽക്കാരത്തോടനുബന്ധിച്ച് ഗ്രാമീണ൪ പരസ്പരം പണം നൽകി സഹായിക്കുന്ന സമ്പ്രദായം.
കൊറച്ചീച്ചേ  - കുറേശ്ശെ
കുറ്റാക്ക്അ  - കുറ്റപ്പെടുത്തുക
കുറ്റിപ്പുര   - ചെറുപുര
കുറ്റിക്കാർ  - പതിവ് ഉപഭോക്താക്കൾ
കുറ്റിച്ചൂല്   - മുറ്റമടിക്കുന്ന നീളം കുറഞ്ഞ ചൂല്

ആരെ
പ്രചാരലുപ്തം വന്നിട്ടുള്ള പല പദങ്ങളും വ്യാകരണിക രൂപങ്ങളും മലപ്പുറം മലയാളത്തിൽ ഇപ്പോഴും സജീവമായി ഉപയോഗിച്ചു വരുന്നു. ആരെ എന്ന പ്രയോഗം  അതിനുശേഷം
എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു.
ഉദാ..:  ചെന്നാരെ= ചെന്നതിനു ശേഷം,
പോയാരെ = പോയതിനു ശേഷം
എന്നിങ്ങനെ മലപ്പുറം ഭാഷാഭേദത്തിൽ വള്ളുവനാടിലും ഏറനാട് പ്രദേശത്തും ഈ പ്രയോഗരീതി നടപ്പിലുണ്ട്.