07-09-19

ഉറക്കം കളഞ്ഞ ഡോ.ഗൂഗിൾ
ജസീന റഹീം

നാല്പത്തഞ്ചു വർഷങ്ങൾക്കിടയിൽ ഒരിക്കൽ പോലും പല്ലുവേദന അറിഞ്ഞിട്ടില്ലാത്ത ഞാൻ പതിവായി പല്ലിന്റെ പോട് അടയ്ക്കാനും,പല്ല് വൃത്തിയാക്കാനും,പല്ല് പറിയ്ക്കാനും ഒക്കെ നടക്കുന്ന ചിലരെ പരമപുച്ഛത്തോടെ നോക്കുകയും പരിഹാസാസ്ത്രങ്ങൾ തൊടുത്ത് വിടുകയും ചെയ്ത് പുളകിതയായി കഴിഞ്ഞ് വരവെയാണ് ഇക്കഴിഞ്ഞ മേയ്പാതിയിലെ ഒരു നട്ടുച്ചയ്ക്ക് ഒരു അയലക്കഷണം ചോറിനുള്ളിൽ ഒളിപ്പിച്ച് ആസ്വദിച്ച് തിന്ന് ഇരുപത്തിനാല് മണിക്കൂറിനു ശേഷമാണ് എന്റെ വായിലെ തൊലി പൊളിയാൻ തുടങ്ങിയത്.. വീട്ടുവൈദ്യം, നാട്ടുവൈദ്യം എല്ലാം പരീക്ഷിച്ച് മോണവേദനയിലേക്ക് സ്ഥിതി വഷളായപ്പോൾ  രണ്ട് പല്ലൻമാർ, രണ്ട് വയറൻമാർ, ഒരു തലയൻ എന്നിവരെ വ്യത്യസ്ത കാലയളവിൽ വ്യത്യസ്ത ആശുപത്രികളിൽ പോയി വാ പൊളിച്ച് കാണിച്ചു.. അലർജി, വൈറ്റമിൻ കുറവ് തുടങ്ങിയവയല്ലാതെ മറ്റൊന്നും അവർക്ക് കണ്ടെത്താനായില്ല.. എന്റെ വേദന ശമിച്ചതുമില്ല.. ഒടുവിൽ ഗൂഗിൾ ഡോക്ടറെ സമീപിച്ചു... മോണരോഗമെന്ന് പറയുമ്പോഴെ വായിൽ ക്യാൻസർ വന്ന ഭീകരചിത്രങ്ങളും .ചികിത്സാരീതികളും തന്ന് ഗൂഗിൾ എന്റെ ഉറക്കം കളഞ്ഞു.. ഗൂഗിൾ നോക്കി നോക്കി ടെൻഷൻ കയറി  മോണ കൂടുതൽ ചുവന്നു,വേദന കടുത്തു.. വയറാകെ സൂപ്പർ സോണിക് പായുന്ന മൂളലും ഇരമ്പവും.. ഒടുവിൽ ആശുപത്രിയിൽ നിന്ന് തരുന്ന മരുന്ന് കഴിക്കാത്തതാണ്  അസുഖം മാറാത്തതെന്ന് വിദേശ വിദ്ഗധാഭിപ്രായം മാനിച്ച് പരിചയ സമ്പന്നനായ മറ്റൊരു പല്ലനെ കൂടി കാണാൻ തീരുമാനിച്ചു..
ഒരു പാട് വർഷം പരിചയ സമ്പത്തുള്ള സുന്ദരനായ ഡോക്ടറെ കണ്ടപ്പോൾ  ശാന്തിതീരത്തണഞ്ഞ സുഖം മനസിലുണ്ടായി.. ഇനിയിപ്പോ മോണ വേദന പതിയെ മാറിയാലും മതി എന്ന മനസോടെ ഡോക്ടറുടെ അരികിലേക്ക്.. വാ.. ആകാവുന്നത്ര പിളർന്ന് .. ഇടക്കിടെ വേദനക്കഥകൾ പറഞ്ഞ് ഡെന്റൽ ചെയറിൽ കിടന്നു.. പരിശോധനക്കിടെ ഗൂഗിൾ നോക്കിയതും ടെൻഷനടിച്ചതുമൊക്കെ എന്റെ സത്യസന്ധത കൊണ്ട് ഡോക്ടറോട് പറഞ്ഞു.. പരിശോധന കഴിഞ്ഞ ഉടൻ ഡോക്ടർ സ്വന്തം മൊബൈൽ തുറന്ന് ഒരു ഇംഗ്ലീഷ് ആൽബം പ്ലേ ചെയ്തിട്ട്.. "നിങ്ങൾക്ക് പറ്റിയ താ.. കാണ്.. " എന്നും പറഞ്ഞ് ഒരു കള്ളച്ചിരി സമ്മാനിച്ച് അടുത്ത രോഗിയുടെ വായ്  നോക്കാൻ പോയി.. ഡോക്ടർ കൊള്ളാല്ലോ.. രോഗികൾക്ക് മൊബൈലിൽ പാട്ട് വച്ചു കൊടുക്കുന്നൊരു ഡോക്ടറെ ഞാനാദ്യമായി കാണുകയായിരുന്നു..
never google Your symptoms.. എന്നു തുടങ്ങുന്ന Henric widegren ന്റെ ഫണ്ണി ആൽബം കണ്ട് ഞാൻ,ഡോക്ടർ എനിക്കിട്ട് തന്ന പണിയോർത്ത് ചിരിക്കാൻ തുടങ്ങി.അനീമിയയെ ലുക്കീമിയ ആക്കുന്ന ഗൂഗിൾ ഇനി നോക്കില്ലെന്ന ശപഥമെടുത്ത ഞാൻ,ഡോക്ടർ പറഞ്ഞ പോലെ  ചികിത്സ തുടരാൻ തീരുമാനിച്ചു കഴിഞ്ഞു..
ഈ ആൽബം കാണാത്തവർ കാണണേ.,റോക്കിങ് ആണ് ..
 
വേവ്...
സ്വപ്നാ റാണി

വേവ് ഒരാപേക്ഷികതയാണ്..
ഒരേ വറ്റിനെ ചൊല്ലി
വെന്തില്ലേയെന്നും
വേവേറിയെന്നും
നമുക്ക് തർക്കിക്കാം.
വേവ് ഒരാപേക്ഷികതയാണ്....
ഒരേ ഭൂമിയുടെ
ഇരുവശവുമിരുന്ന്
ഇപ്പോൾ രാവാണെന്നും
പകലാണെന്നും
രണ്ടു പേർക്കു തമ്മിൽ
പറയാവുന്ന പോലെ ..
അടുക്കളപ്പാത്രം തൊട്ട്
പൂമുഖം വരെയും
കിടപ്പുമുറിയുടെ
ആഴങ്ങൾ വരെയും
വേവാത്ത വറ്റുകൾ
വെന്തളിഞ്ഞവയും
ദഹിക്കാതെ തന്നെ കിടക്കും.
പുറം വെന്തിട്ടും
അകം പച്ചയായിരിക്കുന്ന
ചില പലഹാരങ്ങൾ പോലെ
അകം വെന്തെരിയുമ്പോഴും
പുറമെ തണുത്തും
ചിരിച്ചുമിരിക്കേണ്ടി വരുന്ന
ചില ജന്മങ്ങളുണ്ട്......
വേവ് ഒരാപേക്ഷികതയാണ്...
വെന്തൊടുങ്ങലിന്റെയും
ചാരമാവലിന്റെയും
ഉയിർത്തെഴുനേൽപ്പിന്റെയും
ആകെത്തുകയാണത്....

എത്രയെത്ര യാത്രകൾ
റബീഹ ഷബീർ

ജനിമൃതിയുടെ ഒരൊറ്റയാത്രയിൽ
എത്രയെത്ര യാത്രകളാണ്
നമ്മൾ കോർത്തുവെക്കുന്നത്.
നിശ്ചയിക്കപ്പെട്ടതും
അപ്രതീക്ഷിതമായതും
ആഗ്രഹിക്കുന്നതും
സ്വപ്നം കാണുന്നതും
അങ്ങിനെയങ്ങിനെ
എത്രയെത്ര യാത്രകൾ..
പലായനങ്ങളുടെ
സങ്കീർണ്ണതകളും
സങ്കോചങ്ങളും
സങ്കടങ്ങളും ചേർന്നവ.
ആനന്ദത്തിന്റെ
ആഘോഷത്തിന്റെ
അനുഭൂതിയുടെ
അനുരാഗത്തിന്റെ
ആത്മാഭിലാഷത്തിന്റെ
സ്വർഗ്ഗയാത്രകൾ.
ഓരോ യാത്രകളുടെയും
അനുഭവങ്ങൾ വ്യത്യസ്ത
വികാരങ്ങളുൾക്കൊണ്ട്
ഓർമ്മകളെ ഭ്രമിപ്പിച്ച്
ആത്മലിഖിതങ്ങളായി
അവശേഷിക്കുന്നു ,
എന്നന്നേക്കുമായി.
ഇതൊന്നുമല്ലാതെ
എത്രയെത്ര അദൃശ്യ
സഞ്ചാരങ്ങളാണ്
രേഖപ്പെടുത്താതെ
ഹൃദയങ്ങളിൽ
നിശ്ശബ്ദമായിരിക്കുന്നത്!
👇🏻
പേക്കേജ്
ഷൈജു.വി.ടി

ഇത്തിരി മുൻപ് വരെ
വീട്
കുന്നിൻ ചരിവിൽ ആയിരുന്നു
ഇപ്പോൾ
ഞങ്ങളൊക്കെ
മണ്ണിന്നടിയിലാണ്.
ഉറ്റവരും ഉടയവരും
ഇല്ലാതെ
ഉള്ളുരുകി തീരാൻ
പതിവ് പോലെ
കുറച്ചു പേരെ
ദൈവം
ശിക്ഷിച്ചിട്ടുണ്ട്.
അവരൊക്കെ
ദുരിതാശ്വാസ ക്യാമ്പിൽ
വിചാരണ തടവുകാരായി
ഉണ്ട്.
ഉരുൾ പൊട്ടിയതാണെന്ന്
ചാനലുകാർ
ഉറക്കെ വിളിച്ച് പറയുന്നത്
മണ്ണിനടിയിലേക്ക് കേൾക്കാം.
മല നിറയെ
വലിയ കുഴിയെടുത്ത്
റബ്ബർ വെച്ചും
പാറപൊട്ടിച്ചും
മുതലാളിയായ
 കോൺട്രാക്ടറുടെ
സ്കൂൾ ആണ്
ദുരിതാശ്വാസ കേന്ദ്രമായി
പ്രവർത്തിക്കുന്നത്.
മുതലാളിക്ക്
മല തുരക്കാനും
പാറ ഖനനത്തിനും
അനുമതി നേടിക്കൊടുത്ത
ജനപ്രതിനിധി തന്നെയാണ്
ദുരിതാശ്വാസ കേന്ദ്രത്തിന്റെ
പ്രവർത്തനത്തിനും
നേതൃത്വം.
മല തുരന്ന
അങ്ങേരുടെ
ജെ സി ബി  തന്നെയാണ്
മണ്ണിനടിയിൽ
ഞങ്ങളെ
തിരയുന്നതും.
മണ്ണിനടിയിൽ നിന്നും
മാന്തി എടുക്കുമ്പോൾ
ബോഡിക്ക്
കേടുപാടുകൾ പറ്റാതെ
സൂക്ഷിക്കാൻ
സർക്കാരിൽ നിന്നും
പ്രത്യേക നിർദേശം ഉണ്ട്.
ചത്താലും
സർക്കാർ
ഞങ്ങൾക്കൊപ്പമാണ്.
നോക്കൂ
ഞങ്ങൾ
എത്ര ഭാഗ്യവാൻമാർ ആണ് !
എല്ലാം
ഒരു കുടക്കീഴിൽ !

എനിക്കു നിന്നോട് പറയണം...
ജെനി ജയരാജ്

                    ഈ രാത്രി ഇനിയും തീർന്നിട്ടില്ല, നീ കാത്തുനിൽക്ക്..... അടുത്ത സൂര്യോദയം നമുക്കൊരുമിച്ചു  കാണാം..... കാത്തുനിൽക്കു......
കാരണം എനിക്ക് പറയാൻ ഉള്ളതൊന്നും ഞാൻ ഇനിയും പറഞ്ഞു തീർന്നിട്ടില്ല.ഞാൻ പറയാത്തതും നീ അറിയാത്തതും ഒരുപാടുണ്ട് നമുക്കിടയിൽ. ഒരല്പം സമയം നീ എനിക്ക് തരണം , ഓരോ അക്ഷരങ്ങളെയും ഏറെ ശ്രദ്ധയോടെ ചേർത്ത് വെക്കാൻ,അതൊരു സംഗീതമായി നിന്റെ ആത്‌മാവിനെ തൊടാൻ. കാത്തുനിൽക്കു.......
     എനിക്ക് നിന്നോട് പറയണം  കുഞ്ഞുടുപ്പിട്ടു ഞാൻ ഓടിക്കളിച്ചിരുന്ന ആ പറങ്കിമാവിൻ പറമ്പിലെ ബാല്യത്തെക്കുറിച്ച്...ആഴ്ചയിൽ ഒരിക്കൽ അമ്മവീട്ടിൽ വരുമ്പോൾ ആകാംഷയോടെ ഓടി വന്ന് എന്നെ എടുത്തിരുന്ന അമ്മമ്മയെ പറ്റി,ഏട്ടന്റെ കഥകൾ കേട്ട് ഒപ്പം നടന്നിരുന്ന   ആ അനിയത്തികുട്ടിയെ പറ്റി , അച്ഛന്റെ ബൈക്കിനു മുന്നിലിരുന്ന് മായക്കാഴ്ചകളാൽ  വാതോരാതെ സംശയങ്ങൾ ചോദിച്ചിരുന്ന മൂന്ന് വയസുകാരിയെ പറ്റി, അച്ചാച്ചൻ വാങ്ങി തന്നിരുന്ന പ്ലാസ്റ്റിക് ബൊമ്മകളെ പറ്റി, അവരെ ഒക്കത്തു വെച്ച് ഒരു കുഞ്ഞു അമ്മയായ്  മാറി സാരി ചുറ്റി നടന്നിരുന്ന ഒരു കുഞ്ഞു പെണ്ണിന്റെ ഉള്ളിലെ കുഞ്ഞുമനസിനെ കുറിച്ച്, അമ്മ  തന്നിരുന്ന പുളിവാറടികളിൽ അലമുറയിട്ടു കരഞ്ഞിരുന്ന ഒരു വാശികാരിയെ പറ്റി, കണ്ണൊന്നു തെറ്റിയാൽ പറമ്പിലേക്കോടുന്ന കിടാവിനെ തൊടാൻ കൊതിച്ചിരുന്ന, കാട്ടാളനെ കണ്ട് പേടിച്ചോടി വീണു മുട്ടെല്ലാം പൊട്ടിയ ഒരു ബാല്യത്തെ പറ്റി......നാലാം വയസിൽ അമ്മൂനെ കൂട്ടു കിട്ടിയപ്പോൾ ഏറെ അത്ഭുതത്തോടെ ആ കുഞ്ഞി വായും കൈയ്യും തൊട്ടു നോക്കിയതും, പനിച്ചൂടിൽ വിറച്ചു കിടക്കുന്ന എന്നെ വാരിപ്പുണരുന്ന  അച്ഛന്റെ കരങ്ങൾക്കുള്ളിൽ ഞാൻ  അനുഭവിച്ചിരുന്ന കരുതലിനെ  പറ്റി,മുടി  നീട്ടി വളർത്താൻ ഞാൻ നടത്തിയ ലോകമഹായുദ്ധങ്ങളെ പറ്റി...അലമാരക്കകത്തെ ''അമ്മ  സാരി"കളിൽ കണ്ണ് വെച്ച്  നടന്നതും  ആരും  കാണാതെ അത് ഉടുത്തു നിന്നപ്പോൾ അമ്മക്കുട്ടി തന്നെ എന്ന് പറഞ്ഞതിൽ എനിക്കുണ്ടായ തെല്ലൊരഹങ്കാരത്തെ പറ്റിയുമൊക്കെ എനിക്ക് നിന്നോട് പറയണം ...എന്നെ തഴുകിപ്പോയ ഓരോ സൗഹൃദങ്ങളെ പറ്റിയും പറയണം, എന്തിനും ഏതിനും അച്ഛനെ വിളിച്ചിരുന്ന അച്ഛൻ കുട്ടിയെ പറ്റി,കാരണങ്ങൾ ഇല്ലാതെ അമ്മയോട് വഴക്കിടുന്ന മൂശേട്ടയെ പറ്റി,കൂട്ടുകാരെ പിരിയാനാകാതെ   പൊട്ടിക്കരഞ്ഞിരുന്ന ഒരു പത്താം ക്ലാസുകാരിയെ പറ്റി, പരിഭവങ്ങളും പരാതികളും ആരോടും പറയാതെ ഡയറിക്കുറിപ്പുകളിൽ ഒളിപ്പിച്ചുവച്ചവളെ പറ്റി എനിക്ക് നിന്നോട് പറയണം. 
             പിന്നെയും എനിക്ക് വേണ്ടി   നീ കാത്തുനിൽകണം......എന്റെ ഉള്ളിലെ പെണ്ണിഷ്ടങ്ങളെക്കുറിച്ച് നീ അറിയണം, എന്റെ നിറങ്ങളെ, രുചികളെ, മണങ്ങളെ.........എന്തിനായിരുന്നു കാറ്റിനേയും മഴയേയും ,നിലാവിനെയും,പുസ്തകങ്ങളെയും ഞാൻ കൂടെ കൂട്ടിയതെന്ന്. പലരുടെയും വിയോഗങ്ങളിൽ മരവിച്ചു പോയ എന്നെ പറ്റി എനിക്ക് നിന്നോട് പറയണം. ആ മരവിപ്പില്ലേക്ക് നീ വന്നു തൊട്ടപ്പോൾ  എന്റെ ഉള്ളിൽ അനുഭവിച്ച നേർത്ത സ്‌നേഹച്ചൂടിനെ പറ്റി.......നിന്റേതു മാത്രം എന്ന് പറഞ്ഞു നീ അവകാശം സ്ഥാപിച്ചപ്പോൾ എനിക്കുള്ളിൽ ഒരുമിച്ചു തെളിഞ്ഞ ആയിരം നക്ഷത്രങ്ങളെ പറ്റി..... നീ കേൾക്കാതെ അവയെന്നോട് സ്വകാര്യം പറഞ്ഞിരുന്ന നമ്മളെ ചേർത്തുള്ള   തമാശകളെ പറ്റി, ഇന്ന് ഓരോ നക്ഷത്രങ്ങളെയും കാണുമ്പോൾ നിന്നെ ഓർത്തു ഒരു ചെറു പുഞ്ചിരി എന്റെ മുഖത്തു നിഴലിടുന്നത്, അകലങ്ങളിലെ നക്ഷത്രങ്ങൾ ഇത്രമേൽ ആഴത്തിൽ എന്നെ തൊടുമ്പോൾ അടുത്ത് നിൽക്കുന്ന നീ   എന്തുമാത്രം  ആഴത്തിൽ എന്റെ ആത്‌മാവിനെ തൊടുന്നുണ്ടായിരിക്കും എന്നെല്ലാം എനിക്ക് നിന്നോട് പറയണം...... എനിക്കറിയാം ഈ ജീവിതത്തിൽ എനിക്കുമപ്പുറത്തേക്ക് നിനക്ക് പലതും ചെയ്തു തീർക്കാനുണ്ടെന്ന്, ഞാൻ പലതിനും നിനക്കൊരു തടസ്സമാണെന്ന്,നിനക്കെവിടെയൊക്കെയോ ഞാൻ കാരണം നിന്നെ തന്നെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന്,  സ്വയം  ഒഴുകാൻ നിനക്കിനിയുമൊരുപാട് ദൂരങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഒരുവളാണ് ഞാനെന്ന് എനിക്ക് നിന്നോട് പറയണം...പക്ഷെ ഇതാണ് ഞാൻ,ഒരല്പം കൂടി സമയം എനിക്ക് വേണ്ടി കാത്തുനിൽക്കാൻ ആവശ്യപ്പെടുന്ന ഞാൻ..കാരണം ഈ രാത്രി പകുതിയും കഴിഞ്ഞു പോയ്........വെളിച്ചം പരന്നു  തുടങ്ങി. വാ നമുക്ക്  ഒരുമിച്ചു പോയി,ആ സൂര്യോദയം കാണാം.
 
ഓർമ്മാംശം
വിനോദ്.കെ.ടി

The past beats inside me
like a second heart
     - John Banville
മുതിർന്നു പോയതിന്റെ
ഇരകളായ നമ്മൾക്ക്
നഷ്ടങ്ങളിന്മേലുള്ള
സന്തോഷങ്ങളാകുന്നു
ഓർമ്മകൾ.......
തിരഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ
ഓർമ്മകളുടെ
സാങ്കേതികമായ എല്ലാ
ഇടങ്ങളും സുവ്യക്തമായി
പൂരിപ്പിക്കുന്നതായിക്കാണാം...
നടവഴികളിലെ
പുൽക്കാടിനിടയിലെ
സിഗരറ്റ് പഞ്ഞികൾ ...
ആകാശത്തേക്ക്
നമ്മുടെ സൗഹൃദത്തിന്റെ
പുകയെഴുത്തുകൾ
അsർന്ന ചുമരുകളിലെ
ഇങ്ക്വിലാബ് മുദ്രണങ്ങൾ
നീലമഷിപ്പേന കൊണ്ടുള്ള
ഡസ്കിലമർത്തി വരച്ച
അവളുടെ ചിത്രങ്ങൾ...
ഗോളങ്ങൾ
ത്രികോണങ്ങൾ
സമവാക്യങ്ങളുടെ
വിഷമവൃത്തങ്ങൾ,
അക്കങ്ങൾ
അക്ഷരങ്ങൾ
മനുഷ്യനെ നേരിടാൻ മാത്രം പഠിപ്പിക്കാൻ
എത്രയെത്ര ഉപകരണങ്ങൾ?
Nothing is ever really lost to us
as long as we remember it-
                 - L.M. Montgomery
 അന്ന് മഞ്ഞിനെക്കുറിച്ചാരും
 സംസാരിച്ചു കേട്ടിട്ടില്ല.
 മഴയെക്കുറിച്ചും
 മരണത്തെ കുറിച്ചും.
ജീവിതത്തിന്റെ
അവശിഷ്ടങ്ങൾക്കിടയിൽ
എന്തായാലും
ഞാനുണ്ട്!
നീയുണ്ട്!
ഓർമ്മകളുടെ
നിലക്കാത്ത
ആശ്വാസങ്ങളുമുണ്ട്......

കാത്തിരിപ്പ്
ഇസ്മായിൽ കുറുമ്പടി

അയാൾ കാത്തിരിക്കുകയായിരുന്നു ...
നല്ലൊരു ജോലി ലഭിക്കാൻ,
ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കാൻ,
ഒരു കുഞ്ഞിക്കാല് കാണാൻ,
ശേഷം ... മക്കളുടെ പഠനം പൂർത്തിയാവാൻ,
അവർക്ക് മികച്ച ജോലി ലഭിക്കാൻ,
യോജിച്ച ഇണകളെ കണ്ടെത്താൻ,
പിന്നെയവരുടെ കുഞ്ഞുങ്ങളെ കാണാൻ ....
വിശ്രമമില്ലാത്ത കാത്തിരിപ്പുകൾ ....
ഒടുവിൽ,
വാർധക്യത്തിന്റെ വിറയലിൽ അയാൾക്ക് ബോധ്യമായി, ഈ കാത്തിരിപ്പുകളിലൊന്നും ഒരർത്ഥവുമില്ലെന്ന്!
ഉള്ളുരുകി അയാൾ പ്രാർത്ഥിച്ചു.
"ദൈവമേ... അധികം കാത്തു നിർത്താതെ അങ്ങെടുത്തോളണേ...!"
പക്ഷേ, വിധി വീണ്ടും കാത്തിരിക്കുന്നുണ്ടായിരുന്നു.
അമേരിക്കയിലുള്ള തന്റെ മക്കൾക്കു വേണ്ടി
രണ്ടാഴ്ചയാണ് ഫ്രീസറിനുള്ളിൽ അയാൾ കാത്തു കിടന്നത്..!!!!

ചിങ്ങക്കതിരൊളി
ലാലൂർ വിനോദ്

ചിങ്ങക്കതിരൊളി മായുകയായ്..
ചന്ദനമതിലേഖ മറയുകയായ്..
അഞ്ജനമെഴുതിയ നിറമിഴിയോടവൾ..
മക്കളെ ചാരത്തു ചേർത്തു..
അങ്ങകലെ മരുഭൂവിൽ.
ഓണമുണ്ണാത്തൊരാ
പ്രിയനേ ഓർത്തു വിതുമ്പി.
ശയ്യമേൽ മിഴിമീർപൂക്കളമിട്ടു..
(ചിങ്ങക്കതിരൊളി)
മിഴികൾ തുണവന്ന പടിപ്പുരയ്ക്കപ്പുറം
വസന്തങ്ങളെത്രയോ വന്നുപോയി..
നീതന്നൊരോണ കോടിതൻ മണമേറ്റു
എത്രവസന്തങ്ങൾ ഞാനറിഞ്ഞു..
ഇന്നീയോണവും നിന്നെയോർക്കാതെ...
അത്രമേലെങ്ങനെ ധന്യമാകും...
(ചിങ്ങക്കതിരൊളി)
ഉത്രാടരാവിനു പൂനിലാവാൽ..
പുടവകൊടുക്കുന്നു തിങ്കൾ.
ഓണക്കിനാവിന്റെ പൂക്കളിറുത്തവൾ
വാടാത്ത മണിമാല കോർത്തു..
ഇന്നിതിലെ നിഴൽവീഥിയിൽ.
ഓരോ പദനിസ്വനങ്ങളാ  പ്രിയനേ
ഓർത്തു തുളുമ്പി..
ഇനിമേൽ..
നിന്നോർമ്മപൂക്കുകയായിരുന്നു
(ചിങ്ങക്കതിരൊളി)
 
ഓണമൊരോർമ്മ
ശ്രീലാ അനിൽ

ഓണമൊരോർമ്മയാണെന്നിൽ
നിറയുന്ന
ബാല്യത്തിൽ നിറമാർന്നൊരോർമ്മ
അത്തം
തുടങ്ങുമ്പോൾ
മുറ്റത്തു മെഴുകുന്ന
ചാണക മണമുള്ള
ഓർമ്മ......
മുറ്റത്തും തൊടിയിലും
വിരിയുന്ന
പൂക്കളാൽ
കളമിട്ടു
വിരിയുന്നൊരോർമ്മ.....
പൂക്കള മുറ്റത്തു
മഴയൊന്നു ചാറിയാൽ,,,
 ഒഴുകി പരക്കുന്നു പൂക്കളെല്ലാം,,
മഴനൂലുമായ്ക്കുന്ന പൂവിതളൊക്കെയും
പിന്നെയും ചേർക്കുവാൻ വെമ്പിടുന്നു.....
ആണ്ടിലൊരിക്കലായ്
പുതുതായ്
അണിയുന്ന
പുത്തനുടുപ്പിന്റെ
ഓർമ്മ.......
അമ്മതൻ
അവിയലിൻ കൊതിയൂറുംമണമായ്....
രുചിയായി...
നാവിൽ നിറയുന്ന
ഓലനായ്.....
ഓണത്തിൽ കാളനായ്
മധുരമാർന്നൊരിഞ്ചിയായ്....
എരിവായ്
ചവർപ്പായ്
പുളിയായ്
ജീവിത രുചികളായ്
നിറയുന്നൊരോർമ്മയാണോണം
ഊഞ്ഞാലിൽ കൊതി തീരെ ആട്ടമായ്
ഓണക്കളികളായ്
തുമ്പി തൻ തുള്ളലായ്
നിറയുന്നോരോണമാണോർമ്മ
പഴമയെ
പ്രണയിക്കും
നമുക്കിന്ന്
പഴയോണം തന്നെയാണോണം

തിളച്ച എണ്ണയിലെരിഞ്ഞ കുഞ്ഞു മനസ്സ്
(കഥാ വായന- വെട്ടം ഗഫൂർ)

സ്ത്രീത്വത്തിന്റെ സംഘർഷാത്മകമായ ഭിന്ന ഭാവങ്ങൾ അതീവ ഹൃദ്യതയോടെ ആവിഷ്ക്കരിക്കുന്ന മികവുറ്റ കഥാകാരിയാണ് ഫർസാന അലി.സചേതനം അയാൾ, നിലയ്ക്കാത്ത വേനൽ, ഒപ്പീസ് തുടങ്ങിയ കഥകളെല്ലാം അതിന്റെ നിദർശനങ്ങൾ.. ഇപ്പോഴിതാ,ശീർഷകം മുതൽ വൈവിധ്യമാവുന്ന പുതിയ കഥ - "ച്യേ..."
           വാങ് ലങ്ങ് എന്ന പന്ത്രണ്ടു വയസ്സുള്ള കുട്ടിയുടെ മനസ്സിലൂടെ ചുരുൾ നിവരുന്ന കഥ. എത്ര വിദഗ്ദ്ധമായാണ് സ്കൂൾ ബസ്സിൽ കയറാൻ നിന്ന വരിയുടെ അവസാനത്തിൽ നിന്നും, ഷൂ ലെയ്സ് മുറുക്കിക്കെട്ടുന്ന മിസ്. ചിനിന്റെ കണ്ണ് വെട്ടിച്ച് ചിന്തയുടെ കനൽപഥങ്ങളിലൂടെ അവൻ ഓടിയത്....
               അങ്കിൾ സൂ വീട്ടിലെത്തിയാൽ പിന്നെ മാതൃത്വത്തിന്റെ മട്ട് മാറുന്ന മാമയെ തിരിച്ചു കിട്ടാൻ ഇനി മാസം ഒന്ന് കഴിയണം.... നൈനൈ മുത്തശ്ശി പലപ്പോഴായി മാമയുടെ രണ്ടാം വിവാഹത്തെ പറ്റി പറഞ്ഞ എല്ലാ കപടതകളെയും തകർത്തെറിഞ്ഞ്, എത്ര വിദഗ്ദ്ധമായാണ് കടും ചുവപ്പു നിറമുള്ള നീളൻ ഗൗണുകളും പനിനീർപ്പൂ ഇതളുകളിട്ട കണ്ണാടിപ്പാത്രത്തിലെ വെള്ളവും ചായം പൂശി കൂടുതൽ മിനുക്കിയ കവിളുകളും തൂവൽ മാത്രമായ കനം പേറുന്ന മാമയെയും ഒളി കണ്ണാൽ കണ്ടെടുത്ത്, ഒരു മുതിർന്ന ചെറുപ്പക്കാരനായി അവൻ വളർന്നത്...
             തന്നെ കാണാഞ്ഞാൽ മാമയുടെ കണ്ണ് നിറയുമോ എന്നറിയാൻ ഒളിച്ചോടുമ്പോൾ,അവന്റെ മനസ്സിൽ വിങ്ങി നിറയുന്നതെന്താണ്?ചരിത്ര ക്ലാസ് മുറിയിൽ കേട്ട ചിങ് രാജവാഴ്ചക്കാലത്ത് ചക്രവർത്തിമാരെ സന്തോഷിപ്പിക്കാനായി മാത്രം ജീവിക്കുന്ന ച്യേ എന്ന വ്യക്തിത്വമില്ലാത്ത സ്ത്രീയവസ്ഥകളുടെ അധ്യാപക വിവരണങ്ങൾ തന്നെ ..മുത്തശ്ശിയോടൊപ്പം പതിനൊന്ന് വർഷം ജീവിച്ച ഇഷ്ടിക കൊണ്ടുള്ള കുഞ്ഞു വീട്ടിനു മുന്നിലെ അക്കേഷ്യ മരം ഹൃദയത്തിൽ പൂക്കുന്ന ആ നാട്ടിൻ പുറത്തുകാരന്റെ നെറ്റി അപ്പോൾ ആപ്രിക്കോട്ട് കച്ചവടക്കാരന്റെ സംശയച്ചുളിവുപോലെ  ച്യേ എന്ന് ചുളിഞ്ഞു. ഒരാൾക്കു മാത്രം പ്രാപ്യമാവുന്ന കൊട്ടാരസ്ത്രീകൾക്ക്,മുത്തശ്ശി വെള്ളത്തിൽ നീലമിറ്റിക്കുമ്പോൾ  വ്യാപിക്കുന്ന നീലനിറം പോലെ മാമയുടെ മുഖഛായ പടരുന്നത് നീറ്റലോടെ അവനറിഞ്ഞു....
       എത്ര വിദഗ്ദ്ധമായാണ് തെളിഞ്ഞൊഴുകുന്ന ഒരു അരുവി പോലെ കഥാഗതിയെ ഫർസാന അലി മുന്നോട്ട് നയിക്കുന്നത്... ചൈനയിൽ താമസിക്കുന്ന കഥാകാരി അവിടത്തെ കാഴ്ചകളിൽ അഭിരമിക്കുമ്പോഴും കേരളീയ ഗ്രാമന്തരീക്ഷത്തിന്റെ ഓർമച്ചെപ്പുകൾ ചികഞ്ഞെടുക്കുന്നത് കഥയെ അതീവ സുന്ദരമാക്കിയിരിക്കുന്നു..ഒളിച്ചോട്ടത്തിൽ തുടങ്ങി, മാമയുടെ സ്നേഹ നൊമ്പരത്തിൽ വളർന്ന്, അത് നഷ്ടമാവുന്നതിന്റെ വേദനയിൽ നീറ്റി, മാമയുടെ നിസ്സഹായതയിലൂടെ പരന്നൊഴുകി ആസ്വാദകനെ മൗനത്തിന്റെ നിലവിളിയിൽ ആഴ്ത്തിക്കളയുന്ന അതിവിദഗ്ദ്ധമായ കരവിരുത്....
                         അനുയോജ്യമായ പശ്ചാത്തല സന്നിവേശങ്ങൾ, കവിത്വം പ്രസരിപ്പിക്കുന്ന പ്രയോഗങ്ങൾ,ഓർമകളുടെ താളാത്മകമായ പ്രവാഹം തുടങ്ങി എത്രയെത്ര ഘടകങ്ങളാണ് കഥയെ ഹൃദ്യമായ ഒരനുഭൂതിയാക്കുന്നത്....  വെള്ളത്തിൽ ഒഴുകിപ്പരക്കുന്ന നീല നിറം എന്തൊക്കെയാണ് പറയാതെ പറയുന്നത്?തെരുവോരത്ത് ഉന്തുവണ്ടിക്കാരൻ തിളച്ച എണ്ണയിൽ മുക്കിപ്പൊരിച്ചെടുക്കുന്ന മാംസ വിഭവങ്ങളിൽ വാങിന്റെ കരളുമുണ്ടോ?
                    "നീ എത്ര നിറമുണ്ടായിരുന്നവനാ വാങ്, വെയിലു കൊണ്ട് നീയാകെ കരുവാളിച്ചു പോയി" എന്ന സ്നേഹ വചസ്സുകളോടെ രാത്രി മുത്തമേകി കിടപ്പറയിലേക്ക് തന്നെ വാത്സല്യം പുതപ്പിക്കാൻ ഇനി എത്രനാൾ കഴിയണം.... രാത്രി പനിച്ചൂടിൽ വിറക്കുമ്പോൾ അങ്കിൾ സൂവിന്റെ കരവലയത്തിൽ നിന്നു പുറത്തു ചാടി, മാമ വിളിക്കുന്നതും പ്രതീക്ഷിച്ച് നൈനൈ മുത്തശ്ശിയുടെ ഫോണിലേക്ക് വിളിയും പ്രതീക്ഷിച്ച് ഒരു രാത്രി മുഴുവനും നീറ്റലോടെ കാത്തിരുന്നിട്ടും... ??!!
                       മാമ സ്ത്രീ ഭാവത്തിന്റെ മറ്റൊരു അനിവാര്യമായ പകർന്നാട്ടത്തിന്റെ ഉൾച്ചൂടിൽ, അദൃശ്യമായൊരു ചങ്ങലക്കെട്ടിൽ കുരുങ്ങി, ശബ്ദമില്ലാതെ കരയുമ്പോൾ, പറഞ്ഞറിയിക്കാനാവാത്ത ഗദ്ഗദത്തിന്റെ വിങ്ങൽ ആസ്വാദകന്റെ കരൾ പൊള്ളിക്കും....  ഉന്തുവണ്ടിക്കാരന്റെ തിളച്ച എണ്ണയിൽ വീണുപോയതിന്റെ നോവ് മാറാൻ മനസ്സിന് എത്രകാലംവേണ്ടിവരും,അറിയില്ല..നിർവ്വചിക്കാനാവാത്ത അത്ഭുതമേ നിന്റെ പേരത്രേ സ്ത്രീ...