21-09-19

ഇന്നത്തെ നവ സാഹിതിയിലേക്ക് എല്ലാ സഹൃദയർക്കും ഹൃദ്യമായ സ്വാഗതം..🙏🌹🌹🙏
നവ സാഹിതിയെ ചേതോഹരമായ രചനകൾ കൊണ്ട് സമ്പന്നമാക്കി കടന്നു പോയ ഷാഹിന കരുവാരക്കുണ്ടിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് നവ സാഹിതിയിലേക്ക് ..🙏🌹🌹🙏

ഓർമ്മയിലെ പൂക്കൾ.....
ഷാഹിന കരുവാരക്കുണ്ട്(ഇരിങ്ങാട്ടിരി)

ഒരുനാൾ ഇവിടെയും ഉണ്ടായിരുന്നു
ഒരു വസന്ത കാലം...
തേൻ നിറഞ്ഞ പനിനീർപ്പൂക്കൾ
 നാണത്താൽ തല താഴ്ത്തി നിന്നിരുന്നു.....
ആ പൂക്കളുടെ  ചുറ്റും
ചിത്രശലഭങ്ങൾ വർണ്ണചിത്രങ്ങൾ രചിച്ചിരുന്നു.....
സൂര്യൻ ആ സുന്ദരപ്പൂക്കളെ
ഉമ്മ വെക്കുമ്പോൾ
ഇതളുകൾ നാണത്താൽ
തല താഴ്ത്തി നിന്നിരുന്നു....
പുൽക്കൊടിത്തുമ്പുകളിൽ
വൈഡൂര്യങ്ങൾ
വെട്ടിത്തിളങ്ങിയിരുന്നു.....
ഇമയൊന്നു ചിമ്മും മുൻപേ
റോസാപ്പൂക്കൾ വാടിക്കരിഞ്ഞ്
വസന്തം മരിച്ചുവീണു...
കാറ്റു പോലും നിശ്ശബ്ദയായ
ഈ ഊഷരഭൂമിയിൽ
ഉണങ്ങി കരിഞ്ഞ
പൂക്കളുടെ തണ്ടുകൾക്ക്  ഇപ്പോൾ പറയാനുള്ളത്
വേദനകളുടെ കഥകൾ മാത്രം....
ഒരു വസന്തകാലത്ത്
സൂര്യൻ ചുംബിച്ചിരുന്ന
ആ പനിനീർ പൂക്കൾ
ഇന്ന് വെറും ഓർമ്മകൾ
മാത്രമാകുമ്പോൾ
ആ  പൂന്തോട്ടത്തിൽ
ഇന്ന് കാണാൻ കഴിയുന്നത്
 ഉണങ്ങിക്കരിഞ്ഞ
 പൂവിതളുകളിൽ
 ഉതിർന്നുവീഴുന്ന
 കണ്ണീർത്തുള്ളികൾ മാത്രം....

ഇതാണ് ഞാൻ...
ആത്മായനം
ജസീന റഹീം

അടർത്തിമാറ്റാനാവാത്ത വിധം ആത്മാവിനോട് ചേർന്ന ഒന്നിനെ എന്താണ് വിശേഷിപ്പിക്കേണ്ടത്.. പൈങ്കിളിയെന്നോ, പഞ്ചാരയെന്നോ എന്തു വേണമെങ്കിലും വിളിക്കാം.. എന്നാൽ എനിയ്ക്കത്  പ്രാണവായു പോലെ അത്യന്തം വിലപ്പെട്ട ഒന്നായിരുന്നു..
എന്നെ തിരുവനന്തപുരത്തെ അശ്വതി എന്ന സ്വകാര്യ ലേഡീസ് ഹോസ്റ്റലിലാക്കി വാപ്പ മടങ്ങിപ്പോയിട്ടും അടക്കാനാവാത്ത  എന്തോ ഒന്ന് നെഞ്ചിൽ തിക്കു മുട്ടി... ആദ്യമായി വീട്ടിൽ നിന്ന് മാറി നിൽക്കുന്നതിന്റെ സങ്കടമായിരുന്നില്ല അതെന്ന് എനിക്ക് നന്നേ ബോധ്യമുണ്ടായിരുന്നു..
ഒരു മാസത്തിനു ശേഷം തമ്മിൽ കണ്ടിട്ടും ഒന്നു മിണ്ടാനോ അടുത്തേക്ക് വരാനോ കഴിയാത്ത നിസ്സഹായതയ്ക്കു മേൽ, അവസാനമായി കണ്ട മേയ് പന്ത്രണ്ടിനു ശേഷം ഒരു മാസം കൊണ്ട് അവനെത്ര മാത്രം മെലിഞ്ഞ് കോലം കെട്ട് പോയി എന്നതും  നെഞ്ചിലെ തിക്കുമുട്ടൽ കണ്ണിൽ കൂടി പൊട്ടിയൊലിയ്ക്കാൻ തുടങ്ങി.. വീട്ടിൽ നിന്ന് ആദ്യമായി മാറി നിൽക്കുന്നവളുടെ ഗൃഹാതുരത്വക്കണ്ണീരായി ഹോസ്റ്റലിലെ മറ്റുള്ള താമസക്കാർ കരുതിക്കാണും. ആരുമേതും തിരക്കിയില്ല.. രാവെളുക്കുവോളം ഞാൻ കരഞ്ഞുകൊണ്ടേയിരുന്നു..
പിറ്റേന്ന് കോളേജിൽ ക്ലാസ്സാരംഭിച്ചു.. ഉച്ചവരെ ക്ലാസ്സും കഴിഞ്ഞ് ഹോസ്റ്റലിലെ കവിതയെന്ന കൂട്ടുകാരിയെ കൂട്ടി കിഴക്കേ കോട്ടയിലേക്ക് പോയി സോപ്പ്,ചീപ്പ്,ബക്കറ്റ് ഇത്യാദി സാധനങ്ങൾ വാങ്ങി.. തുടർന്നുള്ള രണ്ട് ദിവസങ്ങൾ അവധി ആയതിനാൽ ഹോസ്റ്റലിൽ തന്നെ കരഞ്ഞു കഴിച്ചു കൂട്ടി.. പിറ്റേ ദിവസമാണ് കോളേജിലെ ക്ലാസ്സ്മേറ്റ്സ്നെ പരിചയപ്പെടുന്നത്.. നജീബ് .. ബിനു.. സെലിൻ..ഡാലിയ.. സൈനബ.. ഷീബ.. മിനി.. സന്ധ്യ .. തിരുവനന്തപുരം ഗ്യാങ്ങിലേക്ക് ഞാനും ചേർന്നു.. സൈനബ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ.. യു.ജി.സി പാസായ നജീബ്.. അങ്ങനെ കേരളാ യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം മിടുക്കരുടെ ഇടയിലേക്ക് ഞാനും ചേർന്നു.. മൂന്നു വർഷം ഫാത്തിമയിൽ ഒരേ ക്ലാസ്സിൽ പഠിച്ചിട്ടും ഒരിക്കൽ പോലും ഒന്നു വർത്തമാനം പറഞ്ഞിട്ടില്ലാത്ത ഡിഗ്രി ക്ലാസ്മേറ്റ്സിൽ നിന്ന് വ്യത്യസ്തരായിരുന്നു ബി.എഡ് കൂട്ടുകാർ..
ഏറ്റവും പ്രശസ്തയായ ശ്രീദേവി ടീച്ചറായിരുന്നു അന്നത്തെ പ്രിൻസിപ്പാൾ.. ഞങ്ങളുടെ മലയാളം ബാച്ചിന്റെ മേധാവി നാരായണപിള്ള സാറും.. ബഹുമാനവും ഭയവും കലർന്നൊരിഷ്ടമായിരുന്നു സാറിനോടെന്നും തോന്നിയിരുന്നത്..
കോളേജിൽ പോകുന്ന സമയമൊഴിച്ചാൽ അശ്വതിയിലെ താമസം അങ്ങേയറ്റം മടുപ്പിക്കുന്നതായിരുന്നു.. അവിടെയെത്തി ഒന്നരയാഴ്ച കഴിഞ്ഞപ്പോഴാണ് ക്ലാസിലെ മിനിയുടെ താമസം യൂണിവേഴ്സിറ്റി വിമൻസ് ഹോസ്റ്റലിലാണെന്നറിഞ്ഞത്.. അവിടെയാകുമ്പോൾ വാടകയും കുറവായിരുന്നു.. അവിടെ ഏകദേശം റൂമുകൾ ഫുൾ ആയിയെങ്കിലും ഒരു ശ്രമം നടത്താമെന്ന് കരുതി ഹോസ്റ്റലിലേക്ക് പോയി..
അപേക്ഷ തന്നിട്ട് പോകൂ.. ഒഴിവ് വരുമ്പോൾ തരാം എന്നൊക്കെ ആദ്യം പറഞ്ഞെങ്കിലും മൂന്ന് ദിവസം കഴിയുമ്പോൾ ഉണ്ടാകുന്ന ഒഴിവിലേക്ക്,ആ റൂമിൽ എന്നെ ചേർക്കാമെന്ന് വാർഡൻ ഉറപ്പു തന്നതോടെ മൂന്ന് ദിവസം കൂടി അശ്വതിയിൽ താമസിച്ചാൽ മതിയല്ലോ എന്ന സമാധാനത്തോടെ മടങ്ങി..
തിരികെ വീട്ടിലേക്ക് പോയി വാപ്പായെയും കൂട്ടി അശ്വതിയിലെത്തി..യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് മാറുന്ന കാര്യം അറിയിച്ചപ്പോൾ വിടാൻ പറ്റില്ലെന്നും .. പോയാൽ അഡ്വാൻസ് നൽകിയ തുക തിരികെ തരില്ലെന്നും അവർ നിർബന്ധം പിടിച്ചെങ്കിലും അവിടെ നിന്ന് അന്നു തന്നെ മാറി.. വിമൻസ് ഹോസ്റ്റലിലെത്തി റൂം നമ്പർ 205 ലെ അന്തേവാസിയായി.. കോളേജിലെ ഹിന്ദി ബാച്ചിലെ നാസിലയും വിമൻസ് കോളേജിൽ ഡിഗ്രിയ്ക്ക് പഠിക്കുന്ന ജ്യോതിയുമായിരുന്നു റൂം മേറ്റ്സ്..
ഇതിനിടയ്ക്ക് വീട്ടിലേക്ക് പോയപ്പോഴാണ് എന്നോ എഴുതിയ അവന്റെയൊരു കത്ത്  വീട്ടിൽ വന്നു കിടന്നത് എനിക്ക് കിട്ടിയത്.. കത്തുകൾ കൈക്കലാക്കി വായിച്ചുപേക്ഷിക്കുന്ന എന്റെ നല്ലവരായ നാട്ടുകാർക്ക് കത്തിലുള്ള താല്പര്യം അവസാനിച്ചതിനാലാവാം.. 'അത്യാവശ്യമായി കാണണം' എന്നു മാത്രമെഴുതിയ കത്തു വായിച്ച് ഞാനാകെ തളർന്നു.. എന്തിനായിരിക്കാം..? എങ്ങോട്ടാണ് പോയത് ? ഒന്നുമറിയാത്ത ദിവസങ്ങൾ പോകവെ സുനിയുടെ കത്ത് ഹോസ്റ്റൽ വിലാസത്തിൽ വന്നു.. അവൻ ബോംബെയ്ക്ക് പോയി എന്ന് സുനിയിൽ നിന്നുമറിഞ്ഞപ്പോൾ സമാധാനമായി..എങ്കിലും തമ്മിൽ ബന്ധപ്പെടാൻ പഴുതുകളില്ലാതെ വല്ലാത്തൊരവസ്ഥയിൽ ഉഴന്നു പോയി.. ബോംബെയിൽ നിന്നു വരുമ്പോൾ കിട്ടട്ടേയെന്ന് കരുതി കോളേജിലെയും ഹോസ്റ്റലിലെയും അഡ്രസുകൾ അറിയിച്ചു കൊണ്ട് അവന്റെ വീട്ടിലേക്ക് കത്തയച്ചു കൊണ്ടേയിരുന്നു.. കോളേജിൽ എത്തി ഒരു മാസം പിന്നിട്ടു.. കൂട്ടുകാരും ഹോസ്റ്റൽ ജീവിതവും ഏറ്റവും നന്നായി ആസ്വദിക്കുമ്പോഴും എല്ലായ്പ്പോഴും ഉളളിൽ എരിയുന്നൊരു തീജ്വാലയെ പേറി നടന്നു..  ഡിഗ്രി കൂട്ടുകാരിൽ ചിലർ.. സുജ.. ഷമിത..മനു.. എന്റെ ബി.എഡ് ക്ലാസ്മേറ്റ്സുമായി എം.എ യ്ക്ക് പഠിച്ചവരായിരുന്നു.. അവരിൽ നിന്നറിഞ്ഞ് എന്റെ പ്രണയം പലരുമറിഞ്ഞു..
കോളേജ് ജീവിതത്തിന്റെ രസങ്ങളിലേക്ക് ഞാനറിയാതെ ആഴ്ന്നു പോയി.. ഹോസ്റ്റലിൽ നിന്ന് ഞങ്ങളെ കലാഭവൻ തിയറ്ററിലെ പ്രശസ്തരുടെ പരിപാടികൾ കാണാൻ കൊണ്ടു പോകുമായിരുന്നു.. തിക്കുറിശ്ശിയെ കുറിച്ചുള്ള ഒരു ഡോക്യുമെൻററി പ്രദർശന വേളയിലാണ് .. അടൂർ ഗോപാലകൃഷ്ണൻ, ഒ.എൻ.വി കുറുപ്പ് ,പി.ഭാസ്ക്കരൻ.. തിക്കുറിശ്ശി, ആറന്മുള പൊന്നമ്മ, നെയ്യാറ്റിൻകര കോമളം, കൃഷ്ണൻകുട്ടി ,സണ്ണി, മാധവൻ ജഗന്നാഥൻ,മുൻ മുഖ്യമന്ത്രി നായനാർ തുടങ്ങിയ കലാ-സാഹിത്യ - രാഷ്ട്രീയ  രംഗത്തെ പ്രമുഖരെ ഒരുമിച്ച് കാണാനുള്ള ഭാഗ്യമുണ്ടായത്..
ആ ആഴ്ചാവസാനം വീട്ടിലെത്തിയപ്പോഴാണ് എന്നെ കാത്ത് കിടന്ന പരിഭവങ്ങൾ നിറഞ്ഞൊരു കത്ത് കയ്യിൽ കിട്ടിയത്.. ബോംബെയിൽ വച്ചെഴുതിയതായിരുന്നു അത്.. പിറ്റേന്ന്  കുണ്ടറ വച്ച് കണ്ട കൂട്ടുകാരനാണ് അവനെ സംബന്ധിച്ച ആ വാർത്ത എന്നോട് പറഞ്ഞത്......

വിളക്കണയാത്ത വീടകങ്ങൾ
സംഗീത ഗൗസ്

രാവുറങ്ങാത്ത ജാലകവാതിലില്‍
രാക്കിളികള്‍ അടക്കം പറയുന്നു
ദൂരെനിന്നും തെളിയുന്ന ചിത്രത്തിന്‍
നേരരെന്തെന്നോര്‍ത്ത് നിലാവും പരതുന്നു
മരണഗന്ധം പരത്തുന്ന കാറ്റിന്റെ
ചെവികളില്‍ രാവ് പതിയെ മൂളുന്നു
വിളക്കണയാത്തതെന്തേയെന്നാരാഞ്ഞ്
വഴിവിളക്കുകള്‍ മൗനം പകരുന്നു
രാത്രിതന്‍ പാതയിലതിവേഗമോടുന്ന
രോദനങ്ങളെന്‍ നെഞ്ചില്‍ പിടയുന്നു
കാത്തിരിപ്പിന്റെ തിരിവെട്ടമണയുന്നു
കാലമതെത്ര കദനങ്ങളെഴുതുന്നു
മടിയിലലസമായ് ചിതറിയ നോവിന്ന്
പ്രിയനേ..നിന്റെ ഗന്ധമെന്നറിയുന്നു
മുടിച്ചുരുളില്‍ പരതിയ വിരലുകള്‍
മൃത പ്രാണനെയോര്‍ത്ത് വിങ്ങിക്കരയുന്നു.
അകലെ മറ്റൊരു ജാലകപ്പാളികള്‍
പ്രണയകാവ്യമെഴുതുന്നു സ്വകാര്യമായ്
അരിച്ചിറങ്ങിയ നീലവെളിച്ചത്തിലലഞൊറിഞ്ഞവ മന്ദം ഇളകുന്നു..
ഇടവഴിക്കപ്പുറം ഉറങ്ങാത്തകണ്ണുകള്‍
വഴിയിലാരെയോ ഇനിയും തിരയുന്നു
ഇടവപ്പാതിയില്‍ ഇരമ്പുന്ന കടലിന്റെ
തിരയിളക്കങ്ങളവളെ ഉലക്കുന്നു..
നോവു തീര്‍ക്കുമൊരാരാത്രി പറയുന്നു
നേരുകണ്ടെന്റെ ഉള്ളം പിടയുന്നു.
പൊലിയുന്ന സ്വപ്നങ്ങള്‍ വിരിയുന്ന കനവുകള്‍ ..
പകലും രാത്രിയും പതിവായ് പറയുന്നു
വിദൂര ചിത്രങ്ങളവയില്‍ പതിയുന്നു
വിളറിയ പകലും  തെളിയുന്ന സൂര്യനും
വിളക്കണയാത്ത വീടകങ്ങളില്‍
വിടരുന്നു വസന്തവും കൊഴിയുന്നു
ശിശിരവും.

മറുമൊഴി
ഹരി

ബ്രേക്കിങ്ങ് ന്യൂസ്,
മണ്ണിൽ മറഞ്ഞവരുടെ
മറുമൊഴി പുറത്ത് ,
മരണമൊഴി പുറത്ത് !
മണ്ണ്,
നമ്മുടെ മോഹങ്ങൾക്ക്
പറുദീസയായവൾ
വിതുമ്പുന്നതിങ്ങനെ,
കൊന്നതാണ്, സത്യം ,
നമ്മൾ കൊന്നതാണ് !
അഭിനവ ദിനോസറുകളുടെ
ദംഷ്ട്രകൾ സാക്ഷി!
ഇടിയുന്ന മലകളുടെ
മരണമൊഴിയിങ്ങനെ,
സ്വപ്നങ്ങളുടെ നിറകുംഭങ്ങൾ
വെടിയേറ്റു വീഴുകയായിരുന്നു ,
നമ്മുടെ  പൊങ്ങച്ചങ്ങൾക്ക്
തറക്കല്ലാകുന്നതിന് !
കുഴിമാടങ്ങൾ അത്
സാക്ഷ്യപ്പെടുത്തുന്നു !
മരങ്ങൾ മരണപ്പെട്ടത്
നമ്മുടെ കുതിപ്പുകളുടെ
നഖമുനയേറ്റിട്ട്,
ആക്രാന്തങ്ങൾക്ക്
ആരവമാകുന്നതിന്,
ഭോഗാലസ്യങ്ങൾങ്ങൾക്ക്
ആട്ടുകട്ടിലാകുന്നതിന് !
നാളത്തെ ചാപിള്ളകൾ
സാക്ഷികളാണ് !
പൊൻകതിർ ചൂടിയ വയലുകൾ
പുടവത്തുമ്പിൽ തൂങ്ങിമരിച്ചത്
നമ്മുടെ അതിമോഹങ്ങൾക്ക്
താജ് മഹളാകുന്നതിനാണ് !
വിതക്കാത്ത വിത്തുകളുടെ
മുളക്കാത്ത സ്വപ്നങ്ങൾ സാക്ഷി,
ഉണരാത്ത പേക്കോലങ്ങളുടെ
നിറയാത്ത മനസ്സുകൾ സാക്ഷി!
പുളകമായിരുന്ന പുഴകൾ
പ്രളയമായതും
ചുഴികളായ് താഴ് വരകളെ
മുറിച്ചൊഴുകിയതും
നമ്മുടെ ആർത്തികൾക്ക്
തീർത്ഥമാകുന്നതിനു വേണ്ടി !
വിശുദ്ധഗർഭങ്ങൾ സാക്ഷി !
ഇനി ഇടവേളയാണ് ,
പുതിയ കെട്ടുകാഴ്ചകളുടെ
എഴുന്നള്ളത്തുകൾ ,
ജാര സുഖങ്ങളുടെ
കൂട്ടിക്കിഴിക്കലുകൾ
വരുംകാല ചാവുകളുടെ
കണക്കെടുപ്പുകൾ,
മരണമൊഴികളുടെ
മുഖക്കുറിപ്പുകൾ,
ഇന്നലെയുടെ , ഇന്നിന്റെ ,
നാളെയുടെ അടിക്കുറിപ്പുകൾ !
 
ഒറ്റയ്ക്കൊരു തെരുവിൽ
രമണൻ ഞാങ്ങാട്ടിരി

രാത്രി
ഒറ്റക്കൊരു തെരുവിൽ
മഞ്ഞുമലയ്ക്കടിയിലെന്ന പോലെ
ഞാൻ.....
വിളക്കുകാലുകളൊന്നും മിന്നുന്നില്ല
വണ്ടികളൊന്നും മുരളുന്നില്ല
ഒരു ചീവീടുപോലും....
പെട്ടെന്നൊരു പട്ടി
ഓളിയിട്ടു പാഞ്ഞു
ഇനി വണ്ടികളൊന്നും വരാനില്ലെന്ന്
കാറ്റ് ഒരു മരച്ചില്ലയൊടിച്ച്
മുന്നിലേക്കിട്ട് ചോദിച്ചു
തെക്കോ വടക്കോയെന്ന്
ദിക്കറിയാത്തിടത്തുനിന്നും
തെറിച്ചുവീണൊരു മിന്നൽ
എന്താണിവിടെയെന്ന്
എന്തെങ്കിലുമെന്ന് പറയും മുമ്പ്
എവിടെ നിന്നോ ഒരു പശു
വലിയ വായിലമറി
മഴയിരച്ചു വന്ന്
എന്റെ വാ പൊത്തി
മിണ്ടരുതെന്ന്
ദിക്കറിയാതെ,വഴിയറിയാതെ
ഞാൻ...
ഒറ്റയ്ക്കൊരു തെരുവിൽ
ഒറ്റപ്പെട്ടൊരുരാജ്യത്തെന്ന പോലെ...
 
അനാഥൻ
സുചി നായർ

പതിവു പോലെ തിരക്കുപിടിച്ച ഓഫീസിൽ നിന്നും നന്ദൻ വീട്ടിലെത്തി. മക്കൾ രണ്ടാളും പഠിയ്ക്കുകയാണ്. "നാട്ടിൽ നിന്നും അമ്മാവൻ വിളിച്ചു. അമ്മയ്ക്ക് വളരെ കൂടുതലാണ്, നന്ദേട്ടനെ കാണണമെന്ന് പറയുന്നു; ചായയുമായി പാറു എന്ന പാർവ്വതി. ഇത് കേട്ടതും അയാളുടെ മുഖം ചുവന്നു. നിന്നോട് എത്ര വട്ടം പറഞ്ഞിരിയ്ക്കുന്നു അവരുടെ കാര്യം ഇവിടെ മിണ്ടരുത് എന്ന് ദേഷ്യത്തോടെ അയാൾ മുറിയിലേയ്ക്ക് കയറി വാതിലടച്ചു. പാറുന്  വേദനിച്ചില്ല. വിവാഹം കഴിഞ്ഞ അന്നു മുതൽ അവൾ ഇത് കേൾക്കുന്നതാണ്. അമ്മയോടുള്ള വെറുപ്പ് കാണുമ്പോ ഇത്  നന്ദേട്ടന്റെ പെറ്റമ്മ തന്നെ അല്ലേ എന്ന് തോന്നാറുണ്ട്. വെറുപ്പിന്റെ കാരണം ഇത് വരേം തുറന്നു പറഞ്ഞിട്ടില്ല. അല്ലേലും നന്ദേട്ടൻ എന്താ തന്നോട് തുറന്നു പറഞ്ഞിട്ടുള്ളത്. തന്നെയും മക്കളെയും ഒരുകുറവും വരാതെ നോക്കുന്നുണ്ട്. അത് തന്നെ വല്യ കാര്യാണ്. ഒരു നെടുവീർപ്പോടെ പാറു തന്റെ സ്ഥിരം ജോലിയിലേക്ക് മുഴുകി.
അകത്ത് നന്ദൻ തന്റെ ദേഷ്യവും വെറുപ്പും എല്ലാം ബാത്റൂമിലെ ഷവറിന്റെ കീഴിൽ ഒഴുക്കി കളയാനുള്ള ശ്രമത്തിലാണ്. ഓർമ വെച്ച നാള് മുതൽ അമ്മയിൽ നിന്നും നേരിട്ട വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഒന്നൊന്നായി അയാൾ ഓർത്തെടുക്കുകയായിരുന്നു. ഇളയ അനിയന്മാരോട് കാണിക്കുന്ന സ്നേഹവും വാത്സല്യവും കണ്ട് കണ്ണ് നിറഞ്ഞു നിന്നിട്ടുണ്ട്. ഒരുപാട് തവണ തന്നോട് തന്നെ ചോദിച്ചിട്ടുണ്ട്, അമ്മ എന്റെ സ്വന്തം അമ്മയല്ലെ ചിറ്റമ്മ ആണോ എന്നൊക്കെ. അമ്മ നിഷേധിച്ച സ്നേഹവും വാത്സല്യവും വേണ്ടുവോളം തന്നത് അച്ഛനായിരുന്നു. അനിയന്മാരെ അമ്മ ഉമ്മ വെയ്ക്കുന്നതും കെട്ടിപ്പിടിക്കുകയും കൂടെ കിടത്തി ഉറക്കുന്നതുമോക്കെ കണ്ട് കണ്ണ് നിറഞ്ഞ ഒരു രാത്രിയിൽ അവൻ അച്ഛനോട് ചോദിച്ചു. ഇതെന്റെ അമ്മ തന്നെ അല്ലേ അച്ഛാ : ഒരു നെടുവീർപ്പോടെ മകനെ ചേർത്ത് പിടിച്ചു അച്ഛൻ പറഞ്ഞു ഇത് നിന്റെ സ്വന്തം അമ്മ തന്നെയാ അതിൽ ഒരു സംശയവും എന്റെ മോന് വേണ്ടാ എന്ന്. നന്ദൻ വളർന്നപ്പോൾ അവന്റെ സങ്കടങ്ങളും അമ്മയുടെ വെറുപ്പും കൂടെ വളർന്നു. ഒരു രക്ഷപ്പെടൽ എന്നോണം ആണ് വിദേശത്ത് ജോലി കിട്ടി വന്നത്. അച്ഛനെ മാത്രം വിളിച്ച് വിശേഷങ്ങൾ തിരക്കി നന്ദൻ ഒരു പ്രവാസിയായി. അനിയന്മാരുടെ കല്യാണം നാട്ടുകാർക്ക് ഒപ്പം അറിയിച്ചും സ്വത്ത് വീതം വെയ്പ്പിന് നന്ദനെ ഒഴിവാക്കിയും അമ്മ നന്ദനോടുള്ള വെറുപ്പ് കാട്ടികൊണ്ടിരുന്നു. അനിയന്മാർക്ക് കുട്ടികളും ആയി കഴിഞ്ഞിട്ടാണ് അച്ഛന്റെ സുഹൃത്തിന്റെ മകളെ വിവാഹം കഴിക്കണമെന്ന് അച്ഛന്റെ ആഗ്രഹം നിറവേറ്റി കൊടുത്തത്.പാവപെട്ട  വീട്ടിലെ  പാറുനെ കൂടെക്കൂട്ടിയത് ആ കുടുംബത്തെ കൂടെ രക്ഷപ്പെടുത്താൻ ആയിരുന്നു. രണ്ടു കുട്ടികൾ ആയിട്ടും പാറുനെ ഉൾകൊള്ളാൻ മനസ്സ് സമ്മതിച്ചിട്ടില്ല. അവളൊട്ടും പരാതി പറഞ്ഞിട്ടും ഇല്ല ഇത് വരെയും. അമ്മയിൽ നിന്നും കിട്ടിയ നൊമ്പരങ്ങളിലൂടെ അവൻ സ്ത്രീ വർഗത്തെ മുഴുവനും വെറുക്കുകയായിരുന്നു'.
അച്ഛൻ മരിച്ചുന്ന വിവരം കിട്ടിയപ്പോഴാണ് നന്ദൻ അവസാനമായി  നാട്ടിലെത്തിയത്. പക്ഷേ അവിടേയും അമ്മ അവനെ വേദനിപ്പിച്ചു. അവൻ എത്തുന്നതിനു മുന്നേ തന്നെ അനിയനെ കൊണ്ട് കർമം ചെയ്യിച്ചു. ഇല്ലാ ഇനി ഒരു ബന്ധവും അവശേഷിക്കുന്നില്ല എന്ന തിരിച്ചറിവോടെ വീടിന്റെ ഉമ്മറത്ത് തന്നെ  നന്ദൻ കിടക്കുകയായിരുന്നു. ആരും അവനെ അകത്തേയ്ക്ക് വിളിച്ചില്ല. കൊണ്ട് വന്ന ബാഗ് തലയിൽ വെച്ച് സോപനത്തിലാണ് അവൻ ഉറങ്ങാൻ കിടന്നത്. പതിവില്ലാത്ത വിധം ശക്തിയായി മഴ പെയ്യുന്ന അ രാത്രിയിൽ മോനെ എന്ന അച്ഛന്റെ  ശബ്ദം കേട്ട് നന്ദൻ ഞെട്ടി ഉണർന്നു. അച്ഛന്റെ ചിത കത്തി തീർന്നിട്ടുണ്ടാവില്ല എന്ന് ഓർത്തു അവൻ അ രാത്രിയിൽ ചിതയ്ക്കരികിലേക്കൊടി. വിറകുപുരയിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് ടാർപോളിൻ എടുത്തു അവൻ അ ചിതയ്ക്ക് മുകളിൽ താൽക്കാലിക ഷെഡ് ഉണ്ടാക്കി. വെള്ളം ചിതയിലേക്ക്‌ ഒഴുകിവരാതിരിയ്ക്കാൻ അവൻ അടുത്തുണ്ടായിരുന്ന മമ്മട്ടി എടുത്തു തടവും ഉണ്ടാക്കി.   സഹായിക്കാൻ ശബ്ദം കേട്ട് വന്ന അമ്മാവനും ഒപ്പം കൂടി
പിന്നീട് ഉറങ്ങാൻ കിടന്നെങ്കിലും  അച്ഛന്റെ സ്വരവും മുഖവും അവനെ ഉറക്കിയതേ ഇല്ല. അച്ഛന് എന്നോടെന്തോ പറയാനുണ്ടായിരുന്ന പോലെ. അച്ഛന്റെ മുറിയിലേക്ക് ചെന്ന് അച്ഛൻകിടന്നു മരിച്ച കട്ടിലിൽ തലവെച്ച് നിലത്ത് കിടന്നു നോക്കി. പതിയെ കണ്ണുകൾ അടച്ചു;. അന്ന് ഇറങ്ങിയതാ ആ തറവാട്ടിൽ നിന്ന്. ഇപ്പൊ കാണണം എന്ന് പറഞ്ഞു വിളിപ്പിച്ചേക്കുന്നു പോലും.
അന്ന് ഉറങ്ങാൻ കിടന്ന നന്ദന്റെ സ്വപ്നത്തിൽ, മോനേ അവളെ ഒന്ന് പോയി കാണെടാ , നിന്നോട് എന്തോ പറയാനുണ്ട് അവൾക്ക് എന്ന് അച്ഛൻ. നന്ദന് വല്ലായ്മ തോന്നി . പിറ്റേന്ന് രാവിലെ ചായയുമായി വന്ന പാറു കണ്ടത് പോകാനുള്ള ബാഗ് ഒക്കെ പാക്ക് ചെയ്യുന്ന നന്ദനെ ആണ്. അദ്ഭുതത്തോടെ നോക്കിയ അവളോട് ഞാൻ നാട്ടിൽ പോവുകയാണ് ഒരാഴ്ച കഴിഞ്ഞേ വരുള്ളു എന്ന് പറഞ്ഞു നന്ദൻ ഇറങ്ങി..
ഉമ്മറത്ത് തന്നെ അനിയൻ ഉണ്ടായിരുന്നു വരൂ ഏട്ടാ അമ്മ കാത്തിരിക്കയാണ് എന്ന് പറഞ്ഞു അകത്തേയ്ക്ക് കൊണ്ട് പോയി. സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ ആയില്ല നന്ദന്. എല്ലാവരെയും അനുസരിച്ചിച്ചും ആജ്ഞ കൊടുത്തും രാജ്ഞിയെ പോലെ കഴിഞ്ഞ അമ്മ വെറും എല്ലും തോലും ആയി കിടക്കയിൽ. അയാൾ അടുത്ത് ചെന്നിരുന്നു. അമ്മേ ദേ ഏട്ടൻ വന്നിരിയ്ക്കുന്നു എന്ന അനിയന്റെ വാക്ക് കേട്ട് അമ്മ കണ്ണ് വലിച്ചു തുറന്നു. ആ കണ്ണിൽ നിന്നും ധാര ധാര ആയി കണ്ണുനീർ പുറത്തേക്ക്. നന്ദന് ഒന്നും തോന്നിയില്ല. നിർവികാരതയോടെ അയാൾ  കിടക്കയിൽ ഇരുന്നു. അമ്മയുടെ നോട്ടത്തിൽ തന്നെ അനിയൻ മുറി വിട്ട് പുറത്ത് പോയി. പതിയെ അവർ മോനെ എന്ന് നീട്ടി വിളിച്ചു.  45 വർഷമായി  കേൾക്കണ്ടിയിരുന്ന അല്ലേൽ കേൾക്കാൻ കൊതിച്ച സ്വരം മോനെ എന്ന വിളി . നന്ദനിൽ ഒരു ചെറിയ ഇളക്കം തട്ടി. അവർ തുടർന്നു. ക്ഷമിക്കണം പൊറുക്കണം എന്ന് പറയാൻ യോഗ്യത ഇല്ല. എന്നാലും നിന്നോട് തെറ്റ് മാത്രേ ചെയ്തിട്ടുള്ളൂ. അതും അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റ്. എന്നാലും നീ അറിയേണ്ട ഒരു കാര്യം നിന്നോട് പറയാതെ ഇവിടുന്ന് ഈ ഭൂമിൽ നിന്ന് എനിക്ക് പോകാൻ പറ്റില്ല. അതാ നിന്നെ വിളിപ്പിച്ചത്.  ആ സത്യം നീ അറിയണം. നീ മാത്രേ അത് അറിയേണ്ടുള്ളു. അച്ഛന്റെ കർമം നിന്നെ കൊണ്ട് ചെയ്യിക്കത്തത് അത്  നിന്റെ അച്ഛൻ അല്ലാത്തതു കൊണ്ടാണ്. നാട്ടുകാരുടെ മുന്നിൽ നാണം കെടത്തിരിക്കാനും അഭിമാനം പോകാതെയും, വഴി പിഴച്ചു പോയ എന്നെ ഒരു ജീവിതം തന്ന് രക്ഷിച്ച ആളാണ് അത്.
 എന്നെ വഞ്ചിച്ചിട്ട്  പോയ ആളോടുള്ള വെറുപ്പും ദേഷ്യവും ആണ് നിന്നോട് കാട്ടിയത്. ജീവിതം തന്ന ആളോടുള്ള കടമ അദ്ദേഹത്തിന്റെ മക്കളോട് അമിത വാൽസല്യം കാട്ടി വീട്ടി. നിന്റെ മുന്നിൽ ഞാൻ തെറ്റുകാരി ആയിരിക്കാം. പക്ഷേ എന്റെ മനസ്സാക്ഷിയുടെ മുന്നിൽ എനിക്ക് ജയിക്കണമായിരുന്നു.  ഈ സത്യം നിന്നെ അറിയിക്കാണ്ട് പോകാൻ മനസ്സ് അനുവദിക്കുന്നില്ല. എന്നോടുള്ള നിന്റെ മനോഭാവം  ഒന്നും മാറ്റേണ്ട. ഇനി എനിക്ക് കണ്ണടയ്ക്കം. മരിച്ച മനസ്സോടെ പുറത്തിറങ്ങിയപ്പോൾ അകത്ത് അലമുറ കേൾക്കുന്നുണ്ടായിരുന്നു.
ഇത്രയും നാൾ അച്ഛനെന്ന് കരുതിയത് അച്ഛനല്ലത്രെ . ഇപ്പൊ അമ്മയും പോയി. ശരിക്കും ഞാൻ ഇപ്പോഴാണ് അനാഥൻ ആയത്. സ്വയം ചോദ്യങ്ങൾ ചോദിച്ചു വീർപ്പു മുട്ടിയ നന്ദന്റ മനസ്സ്എത്രയും പെട്ടെന്ന് പാറൂന്റെയും മക്കളുടേയും അടുത്തെത്താൻ കൊതിച്ചു. കൊടുക്കാതെ പിശുക്കി വെച്ച സ്നേഹത്തിന്റെ കടൽ അവർക്ക് പകുത്തു നൽകാൻ.
ചില നഷ്ടങ്ങൾ അങ്ങിനെ ആണ്. ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് അറിയുമ്പോഴെ അതെത്ര  വലുതായിരുന്നു എന്ന് നമ്മൾ തിരിച്ചറിയാറുള്ളൂ...

ഒറ്റ നടത്തം
ശ്രുതി.വി.എസ്.വൈലത്തൂർ

പിന്നാമ്പുറങ്ങളിൽ കൂടി
കൈ വീശി
നീ ,നടന്ന് പോവുകയാണെങ്കിലും
മുന്നിലിരിക്കുന്ന
ഊശാൻ താടിക്കാരനെ
വണങ്ങണം
വരണ്ടുണങ്ങിയവനെങ്കിലും
നീയങ്ങ്
പോഷിപ്പിക്കണം
ഇക്കിളിക്കൂട്ടി
നുണക്കവിൾ ഇല്ലെങ്കിലും
തോണ്ടി ,കളിച്ച്
എവിടേക്കാ ... പെണ്ണേ
എന്നയാൾ ചോദിച്ചാൽ
നീ ,നിൽക്കണം
ഒന്നു ഭയക്കണം
കൊതുമ്പു പോലെ
ഉണങ്ങിയ
ശരീരത്തിലൊന്ന് ചായണം
പിന്നാമ്പുറത്ത് നിന്ന്
മുന്നിലെത്തി
ഓക്കാനിച്ച്
കരുത്തനെ ,സ്വപ്നം കണ്ട്
ഓക്കാനിച്ച്
നീ ,തിരികെ
അടുക്കള വഴി കയറണം
നടക്കുമ്പോൾ
നീയാരേം കണ്ടിട്ടില്ലെന്ന്
കട്ടായം പറയണം
ഊശാൻ താടി ഒന്നുഴിയണം
നിന്റെ സ്വപ്നത്തിലെ
കറുത്ത താടിക്കാരന്റെ
ബലിഷ്ട കരങ്ങളിൽ
നിന്റെ ചാരിത്ര്യം
മുറിഞ്ഞുപോയില്ലെന്ന്
നീ മനസിനെ
പഠിപ്പിക്കണം
ഇടയ്ക്കിടെ നിനക്ക്
മുൻ വഴിയിലൂടെ
കൈ വീശി നടന്നു പോകാവു-
ന്നതാണ്
ഒന്നുമറിയാത്ത പോലെ
അയഞ്ഞു തൂങ്ങിയ
കൈകളിൽ
ഊഞ്ഞാലാടാവുന്നതാണ്
ഉടലഴിച്ചും
മനസഴിച്ചും
നിനക്ക്
മേഞ്ഞു നടക്കാവുന്നതാണ്
പിന്നെ ,കൈ
കൈ നേരെ
നീട്ടി വീശാൻ
മറക്കണ്ട....

പെണ്ണ്....!
നസീറ നൗഷാദ്

ലോകമെന്നെ
നോക്കുമ്പോൾ
ഞാനെന്ന വീട്ടമ്മ
ലോകത്തിന്റെ
ഇങ്ങേ കോണിൽ
ജീവിതമെന്ന
പുസ്തകത്തിന്റെ
അടുക്കും
ചിട്ടയുമില്ലാത്ത
ഏടുകൾ
തുന്നിയുറപ്പിക്കുന്ന
തിരക്കിലായിരിക്കും...
ഒരിക്കലും നിങ്ങൾ
എന്നിൽ പരിചിതഭാവം
തിരയരുത്...
കാരണം,
പാരമ്പര്യം കൈമാറിയ
ജീവിത മൂല്യങ്ങളെ
എന്നിലേക്ക്‌
അടിച്ചേൽപ്പിക്കാൻ
ശ്രമിച്ചു പെണ്ണെന്ന
ചട്ടക്കൂട്ടിലേക്ക്
സ്വയമൊതുങ്ങാൻ
വൃഥാ ശ്രമിച്ചു
കൊണ്ടിരിക്കുന്ന
ദയനീയ കാഴ്ചയാവും
നിങ്ങൾ ദർശിക്കുക...
ലോകമേ...
നീഎന്നെ നോക്കി
പുച്ഛത്തോടെ ചിറി
കോട്ടരുത്...
കാരണം എന്റെ സമൂഹം
എന്റെ പെണ്ണുടലിനെ 
അലങ്കരിക്കാൻ
എനിക്കായി  തുന്നിത്തന്ന
പെണ്ണലങ്കാരങ്ങൾ
നിങ്ങൾ കണ്ടില്ലെന്ന്
നടിക്കരുത്...
അതിന്റെ ഭാരവും പേറി
ഒരു ജന്മം കഴിയാൻ
വിധിക്കപ്പെട്ട ഒത്തിരി
പെൺരൂപങ്ങളിൽ
ഒന്ന് മാത്രമായി
നിങ്ങളെന്നെ കാണുക...
ഒരു പക്ഷേ ലോകം
ചില്ലിട്ടു സൂക്ഷിച്ച
പ്രശസ്തരുടെ മുഖങ്ങളിൽ
നിങ്ങളെന്നെ തിരയരുത്...
കാരണം ഞാൻ
"പെണ്ണായി പിറവികൊണ്ടവൾ"...
ഇനി, ഹൈടെക് ആശുപത്രികൾ എല്ലാം കയ്യേറിയ കാലത്ത് പഴയ കാലത്തെ മാപ്ല കുട്ട്യോളുടെ ഉറക്കം കളഞ്ഞിരുന്ന കള്ളക്കഥകളുടെ ഗൃഹാതുരത വായിച്ചാലോ ..?😊👇🏻

സുന്നത്ത് കല്യാണം.
അബ്ദുൽ മജീദ്.കെ.ടി

ബാല്യകാല ഓർമ്മകളൊന്നും മാറാല കെട്ടുകയില്ല.  സന്തോഷമായാലും സങ്കടമായാലും ഓർമ്മയിൽ അവയ്ക്ക് ഒരു വർണ്ണമെയുള്ളൂ..
ഞാനും  ആബിദും, ഷറഫും പറമ്പിലെ പഞ്ചാരമണലിൽ ഓല പന്ത് തട്ടി കളിക്കുമ്പോഴാണ് കുറച്ചാളുകൾ അയൽവാസിയായ സക്കീറിന്റെ വീട്ടിലേക്ക് പോകുന്നത് കണ്ടത്.
സക്കീർ ഞങ്ങളെക്കാൾ മുതിർന്ന കുട്ടിയായതിനാൽ അവന്റെ കൂട്ട് വേറെ കുട്ടികളുമായിട്ടായിരുന്നു.!
ആബിദാണ്  പറഞ്ഞത് ഇന്ന് സക്കീറിന്റെ സുന്നത്ത് കല്യാണമാണെന്ന് ..!! അന്ന് ആദ്യമായാണ് കേൾക്കുന്നത് ഈ സുന്നത്ത് കല്യാണത്തെക്കുറിച്ച് ..!!
ആബിദിന് ഞങ്ങളെക്കാൾ പ്രായക്കൂടുതൽ ഉണ്ടെങ്കിലും ഞങ്ങളുടെ കൂടെ എല്ലാ കളികളിലും ഉണ്ടാവും ..!
ഞങ്ങളുടെ എല്ലാ സംശയങ്ങളും ആബിദ് തീർത്തു തരും.. സുന്നത്ത് കല്യാണത്തെകുറിച്ച് ആബിദിന്റെ വിവരണങ്ങൾ ഞങ്ങളെ വല്ലാതെ ഭയപ്പെടുത്തി ..!ഉരലിന്‍ മുകളിൽ ചുക്കാണി  വെച്ച് വലിയൊരു വെട്ടുകത്തികൊണ്ട് ഒസാന്‍ വെട്ടിയെടുക്കും ..!വെട്ടുന്നതിനു മുമ്പായി ചുക്കാണിയിലേക്ക് പച്ച ഈർക്കിലി കയറ്റും..!
               സ്കൂളിലെ ഏറ്റവും വലിയ കുട്ടിയായ ബഷീറിന്റെ വിവരണം ഇതിലേറെ ബീഭൽസമായിരുന്നു.. ചുക്കാണി വെട്ടുമ്പോള്‍ ഒസാന് തെറ്റി ചുക്കാണിയോടൊപ്പം കിടുക്കാമണികൂടെ ചിലപ്പോള്‍ വെട്ടാറുണ്ട് .!! അങ്ങനെ സംഭവിച്ചാല്‍ പിന്നില്‍ വാളുമായി നില്‍ക്കുന്ന കുട്ടിയുടെ മാമന്‍ ഒസാന്റെ തല വെട്ടും..!!
കേട്ടത് മുഴുവന്‍ ഭീതിപ്പെടുത്തുന്ന കഥകൾ.
ഞങ്ങളുടെ സുന്നത്ത് കല്യാണ ദിവസം വന്നെത്തി..
ആരാണ് ഈ  ദിവസത്തിന് കല്യാണം എന്ന പേര് വെച്ചത്..!! തിന്നുന്നവനാകും കല്യാണം! കൊള്ളുന്നവന് ബേജാറും വേദനയും.!!
വീട്ടില്‍ പന്തലിട്ട് നെെച്ചോറും ഇറച്ചിയും വിളമ്പുന്നു..
വന്നവരൊക്കെ വെട്ടിവിഴുങ്ങുന്നു..പലരും ഞങ്ങളെ സഹതാപത്തോടെ നോക്കുന്നുണ്ട്.
ആബിദ് ഒരു ഭയവുമില്ലാതെ നല്ല കീറുകീറുകയാണ്..തീറ്റ കണ്ടാല്‍ തോന്നും അവന്‍ വേറെ ആരുടേയോ സുന്നത്ത് കല്യാണത്തിന് വന്നതാണെന്ന്...
ഞാന്‍ ഷറഫിനെ നോക്കി ..! അവന് എന്നേക്കാള്‍ ഭയമുണ്ട്.!
ചുക്കാണി വെട്ടാന്‍ വന്ന ആരാച്ചാരെ ആബിദ് കാണിച്ചു തന്നു..! കഷണ്ടിയും കൊമ്പന്‍ മീശയുമുള്ള ഒരു തടിയന്‍.!!
സാധാരണ ഞങ്ങളുടെ മുടിവെട്ടുന്ന ബാപ്പുട്ട്യക്കയല്ല ചുക്കാണി വെട്ടാന്‍ വന്നിട്ടുള്ളത്. ..!
അയാളുടെ കയ്യില്‍ കണ്ട കടലാസ് പൊതി വെട്ടുകത്തിയാകുമെന്ന് ഞാനൂഹിച്ചു..!
എനിക്കയാളെ കണ്ടപ്പോള്‍ ഒന്നിനും രണ്ടിനും മുട്ടി...ഞാന്‍ അവസാനമായി എന്റെ ചുക്കാണിയെ നോക്കി നെടുവീര്‍പ്പിട്ടു...
ആദ്യം എന്നെയാണ് പിടിച്ചു കൊണ്ടുപോയത്.!
ഞങ്ങളുടെ വീട്ടിലെ ഒരു മുറിയില്‍ ഞാന്‍ കണ്ട ആരാച്ചാരും ബാപ്പുട്ട്യാക്കയും ഒരു പായയില്‍ താഴെ ഇരിക്കുന്നു.! പിന്നെ ഒരു ഉരുളിയും സ്ററൂളും ..!! എന്നെ കാദര്‍ക്ക സ്ററൂളില്‍ പിടിച്ചിരുത്തി...!!
ഞാന്‍ പേടിച്ച് അലമുറയിട്ടു കരഞ്ഞു.. അപ്പോൾ കാദർക്ക എന്റെ  കണ്ണുപൊത്തി വേറെ ആരോ  എന്റെ കയ്യുംകാലും പിടിച്ചുവെച്ചു.!
 അതിനിടക്ക് കാദർക്ക പറയുന്നത് ഞാൻ കേട്ടു . ''കരയണ്ട ഒരുറുമ്പ് കടിക്കുന്ന വേദനയെ ഉണ്ടാകൂ''.
പിന്നെ എനിക്ക് ചെറിയ വേദനയും ഒരു തരിപ്പും തോന്നി..
എന്നെ ഒരു കട്ടിലില്‍ കൊണ്ട് കിടത്തി..ഞാന്‍ ''ഉപ്പാനെ കാണണം'' എന്നു പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു..ഉപ്പ വന്ന് സാന്ത്വനപ്പെടുത്താൻ പല ഒാഫറുകളും നിരത്തി വെച്ചു..! ചോദിച്ച് കിട്ടാതിരുന്ന പലതും അന്ന് ഞാന്‍ നേടിയെടുത്തു.!!!
ഭയം കൊണ്ട് ഞാന്‍ ചുക്കാണിയില്‍ നോക്കാതെ അങ്ങനെ കിടന്നു..
പിന്നീടാണ് ഞാനറിഞ്ഞത് രസകരമായ ചില കാര്യങ്ങള്‍ ...
ഷറഫ് പേടിച്ച് മാവില്‍ കയറിയതും ,അവിടെ  നിന്ന് പിടിച്ചിറക്കി ചുക്കാണി വെട്ടിയ സമയത്ത് സ്ററൂളില്‍ ഒന്നും രണ്ടും നടത്തിയതും ,ആബിദ് ഒസാന്റെ നെഞ്ചില്‍ ചവിട്ടിയതുമെല്ലാം..
ഷറഫ് അന്ന് പറഞ്ഞ് കരഞ്ഞ ''ഞാന്‍ പൊത്തിക്കോളാ...ഞാന്‍ മുറിച്ചോളാ''
ഞങ്ങള്‍  കുറക്കാലം പറഞ്ഞവനെ കളിയാക്കി.
ഞങ്ങളെല്ലാം സഹോദരങ്ങളുടെ മക്കളായതിനാല്‍ സുന്നത്ത് നടത്തിയത് തൊട്ടടുത്ത് തന്നെയുള്ള അവരവരുടെ വീട്ടിലായിരുന്നു.
മുന്നില്‍ മൂടി തൂക്കിയ തുണിയുടെ മുകളിലുള്ള ചെറിയ കെട്ട് എന്താണെന്ന് ചോദിച്ചപ്പോള്‍ അത് മുറിച്ചുമാറ്റിയ ചുക്കാണിയുടേതാണെന്ന് മൂത്തമ്മ ..!!!
അതൊന്ന് കെട്ടഴിച്ചു നോക്കണം എന്ന് ഞാന്‍ ചിന്തിച്ചിരുന്നു.
ഏന്റെ കട്ടിലിനടിയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ചുവന്ന അലുവ വെച്ചിരുന്നു ..!
അത് കടിച്ചപ്പോഴാണ് എനിക്ക് ആദ്യത്തെ പല്ല് പറിഞ്ഞത്.
രണ്ടു ദിവസം കഴിഞ്ഞു വരുന്ന ഓസാന്‍ ബാപ്പുട്ട്യാക്ക ചുക്കാണിയില്‍ കെട്ടിയ തുണി ടെറ്റോള്‍ ചേര്‍ത്ത വെള്ളമൊഴിച്ച് മൃഗീയമായി പറിച്ചെടുത്തിരുന്നതിനാൽ ടെറ്റോൾ ഗന്ധം ഇപ്പോഴും  പഴയ ഓർമയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നുണ്ട്.
ഒരു മാസത്തെ കിടത്തം കഴിഞ്ഞ് കുളിച്ച് പുതിയ ഡ്രസ്സിട്ട് അത്തറു പൂശി  നാടു ചുറ്റാനിറങ്ങിയതും , പുതിയ സൂരിതുണി തോലുകേറ്റി വെച്ചിടത്ത് തട്ടുമ്പോഴുള്ള പ്രയാസം തീര്‍ക്കാന്‍  കാലുകള്‍ അകറ്റി നടന്നതും, കണ്ണാടിയില്‍ നോക്കിയപ്പോള്‍ വെളുത്ത് തുടുത്ത വേറെ ഒരു ചെക്കനെ കണ്ടതും....
പലരും ''പച്ച നാറ്റ''മുണ്ടെന്ന് പറഞ്ഞ് കളിയാക്കിയിരുന്നതും ഇന്നും  ഒാര്‍മ്മയിലുണ്ട്...

വീടുകൾക്കും സ്വപ്നങ്ങളുണ്ട്....
ശ്രീലാ അനിൽ

തറയിടുമ്പോൾ മുതൽ,,,
അത് പ്രതീക്ഷിക്കുന്നുണ്ടാവും,,,,
ഒരു സ്ത്രീ അടുപ്പിൽ
തീയുണർത്താൻ,,,,,,
അവളുടെ പദചലനങ്ങളാൽ
ഓരോ ഇടവും
മുഖരിതമാവാൻ,,,,,
ത്രിസന്ധ്യകളിൽ തിരി കൊളുത്തപ്പെടാൻ,
കുഞ്ഞുങ്ങളുടെ പിച്ചവയ്ക്കലിൽ
കളിയിൽ
കരച്ചിലിൽ
ഓരോ മുറിയും കൂടെ കൂടുക തന്നെ ചെയ്യും,,,,
ഭർത്താവും ഭാര്യയും ഒരുമിച്ചുറങ്ങുന്നിടത്ത്
തലയിണ മന്ത്രങ്ങൾക്ക് കാതോർക്കുന്നതും
ഓരോ വീടിന്റെയും
സന്തോഷമാണ്
മനുഷ്യന്റെ സാന്നിദ്ധ്യമില്ലാത്തപ്പോൾ
വീടുകൾ വെറും കൽമണ്ഡപങ്ങൾ
ആരോടും മിണ്ടാനില്ലാതെ
ഒറ്റയ്ക്കത് വിതുമ്പി നിൽക്കും
ദൂരെയെവിടെയോ
അതിന്റെ ഉടമ ഉണ്ടാകും,,,,
വീടുപണി പോലും ദൂരെയിരുന്ന്
കണ്ട് അനുനിമിഷം പണമൊഴുക്കിയവർ
വീട് അവരെ സ്നേഹിക്കുമോ
കോട്ട പോലെ കെട്ടിപ്പൊക്കിയ ആത്മാവില്ലാത്ത
എത്രയോകൂടുകളാണ്
പാർക്കാനാളില്ലാതെ
 ശ്വാസം മുട്ടി പിടയുന്നത്,,,
ചിലയിടങ്ങളിൽ കാലം വലിച്ചെറിഞ്ഞ,,, മാതാവോ പിതാവോ
ഒറ്റയ്ക്ക്,,,
അവരുടെ നെടുവീർപ്പുകളുടെ നോവു കൂടി
അപ്പോൾ ആ വീടിന് ഭാരമാകുന്നു
ഒരിടത്ത് പാർക്കാനിടമില്ലാതെ,,, തെരുവോരത്ത്,,,,
മഴയും പുഴയും മലയുംചേർന്ന് വീട് കവർന്നവർ വേറെ
ഒരു കാര്യം സ്പഷ്ടം,,,,
ആളില്ലാത്ത വീടുകൾ
വല്ലാത്ത സങ്കട ഇടങ്ങളാണ്........