12-10-19

 **********
ഒഴിഞ്ഞ വളയങ്ങൾ കറുപ്പിക്കുന്ന പെൺകുട്ടി.
ജനനത്തിനും മരണത്തിനുമിടയ്ക്കു
അനേകം തുളകൾ വീണ
നിഴലുകളെ
ഒട്ടും മയത്തിലല്ലാതെ
കറുപ്പിച്ചു തുടങ്ങുന്നു.
ഇടയ്ക്കൊരു വളയത്തിൽ
ഊഞ്ഞാൽ കെട്ടിയാടുന്നു
സ്വയം കറുത്തുപോകുന്നു.
അത്രയേറെ വ്യക്തമല്ലാതെ
കറുത്തു പോയൊരു ചോദ്യത്തിന്
അവൾ സ്വയം തുടച്ചു നോക്കുന്നു
പിന്നീടൊരു ചോദ്യമായി വളഞ്ഞിരിക്കുന്നു.
ഇനിയും പൂരിപ്പിക്കപ്പെടാത്ത കറുപ്പുകൾ എല്ലാം
അരക്ഷിതമായ
അവളുടെ മേഘങ്ങളാണ്.
ഏത് നട്ടുച്ച നേരത്തും പെയ്തു പോയേക്കുമെന്ന
അവൾ ഭയക്കുന്ന
പൂവിന്റെ ഞെട്ടുകളാണ്. തീവളയങ്ങൾ
ചാടിക്കടന്ന അവളുടെ
പൊള്ളൽ പാടുകളാണ്.
അവളിലെ കടുവയെന്ന മൃഗത്തിന്റെ
കാൽപ്പാടുകളാണ്.
അവളുടേത് മാത്രം
നിശ്ശബ്ദമായ നിലാവാണ്‌.
ഓർമ്മകൾ
കണ്ണ് പൊത്തിക്കളിക്കുന്ന
ശൂന്യതയുടെ തൂവൽ പാടങ്ങളാണ്.
ഇപ്പോൾ
അവളുടെ കൈവിരലുകൾ പത്തും
കറുത്തു തുടങ്ങിയതാണ്.
ഉറഞ്ഞു പൊട്ടിയ കടലാസിനടിഭാഗത്തേക്ക്
അവളൊരു നീലിച്ച ഹൃദയം കൂടി കറുപ്പിച്ചിടുന്നു.
ചിലയിടങ്ങളിൽ
അവളുടെ മാത്രം അമാവാസികൾ
തെറ്റെന്നു കണ്ടെത്തപ്പെടുന്നു.
ഒരു പക്ഷെ
കറുപ്പുകളുടെ
വേലിയേറ്റം കുടിച്ചിറക്കിയേക്കും അവൾ.
ഏറ്റവുമൊടുവിൽ
കറുത്ത വളയങ്ങളുടെ
മഴപെയ്ത്തെന്നിലുമുണ്ടാകുന്നു.
ഏതു വിധേനയും
ഒഴിഞ്ഞ വളയത്തിൽ നിന്നും
പുറത്തു കടക്കാനാകാത്ത വിധം
അവൾ എന്നെയും കറുപ്പിച്ചിരിക്കുന്നു.
**********

ഇര പിടിയൻ
സ്വപ്നാ റാണി

വട്ടമിട്ടു പറക്കുന്ന
കഴുകൻ കണ്ണുകൾക്കു കീഴെ
ഒരിരകോർത്തു വച്ച
ചൂണ്ടയുമായി
നിൽക്കുന്നയാളെ
പരിചയമുണ്ടോ?
ചൂണ്ടയിൽ കൊത്തുന്ന
മീനിന്
ഒരിക്കലും
തന്റെ ഇരയെ
തിന്നു തീർക്കാനാവില്ല.
ചൂണ്ടയെറിഞ്ഞയാൾക്കും
ഒരിക്കലും
തന്റെ മീനിനെ
സ്വന്തമാക്കാനാവില്ല.
എന്തിനും മീതേ
കാത്തിരിപ്പുണ്ടൊരു
കഴുകൻ കണ്ണ്,
ഏത് ഇരതേടലിനെയും
വിഫലമാക്കിത്തീർക്കാവുന്നത്.
എങ്കിലും നമ്മളിങ്ങനെ
ഇരയും വേട്ടക്കാരനുമായി
പരസ്പരം കുരുക്കുന്ന
കണ്ണികളുടെ
അവസാനിക്കാത്ത
ഗണിത കേളികൾ
തുടരുക തന്നെ വേണം
അടഞ്ഞു പോകുന്ന
കണ്ണുകൾ
തുറന്നു വച്ച്
ജാഗരൂകതയുടെ
പുതിയ പാഠങ്ങൾ
പരിശീലിച്ചു കൊണ്ടേയിരിക്കണം.
ഒടുവിലത്തെ കഴുകനായി
സ്വയം മുദ്രണം ചെയ്യപ്പെടുന്ന ദിനത്തിനായി
കാത്തിരിപ്പിന്റെ കാവൽമാടങ്ങൾ
തീർക്കുകയും വേണം.
**********

മുഖപടങ്ങൾ
  രാജി

ഒളിപ്പിച്ചു വെച്ച സ്വപ്നങ്ങൾ
ആർക്കും പിടി തരാതെ
തെന്നി മാറുന്നു.
മഞ്ഞു തുള്ളിയുടെ
തെളിമയോടെ
അടരാതെ നിന്നവ....
തീനാളങ്ങളുടെ ആളലും
ഹൃദയത്തിന്റെ താളവും
ഇടകലർന്നവ.
കൊടുമുടിയുടെ
ഗാംഭീര്യവും
അസ്തമനത്തിന്റെ
വിരഹവും
അലകടലിന്റെ
പ്രക്ഷുബ്ധതയും
നിലാവിന്റെ
സൗമ്യതയും
നിറഞ്ഞു നിൽക്കുന്നവ.
സ്നേഹത്തിന്റെ മുള്ളുകൾ പൂക്കുന്ന
കിനാവിന്റെ തൊട്ടാവാടികൾ.
മുഖപടങ്ങൾ
ദ്രവിച്ചു പോയിരിക്കുന്നു.
കനത്ത ഭാണ്ഡങ്ങൾ
അഴിച്ചു വെക്കാൻ
നേരമായെന്ന തോന്നലിൽ
ഞാനെന്നെ
തിരഞ്ഞുകൊണ്ടിരിക്കുന്നു
ഒളിപ്പിച്ചു വെച്ച സങ്കല്പങ്ങളെ,
കാലങ്ങളോളം
ഞാൻ തീർത്ത
തടവറയിൽ
തടവിലായി കിടന്ന എന്നെ!
എന്നെ നോക്കൂ..
ഒഴുകി പടരുന്ന
വർണങ്ങൾ കാണുന്നില്ലേ
ചുറ്റിലും.
അതിൽ എന്റെ വിരലുകൾ പതിയുന്നു.
ഞാൻ ചിത്രങ്ങൾ
വരയുകയാണ്
ഹൃദയത്തിലൊളിപ്പിച്ച
ചില്ലു പേടകം
തുറക്കുകയാണ്.....
ആർക്കുംപിടി തരാതെ.
**********

ലെഫ്റ്റ് റൈറ്റ്
രമണൻ ഞാങ്ങാട്ടിരി

എന്തെങ്കിലുമൊന്ന് പറയും മുമ്പ്
അവളെന്റെ വാ പൊത്തി
കൺവെട്ടത്തിനപ്പുറം
എന്തോ സംഭവിക്കുന്നുണ്ടെന്ന്
അലമുറയിട്ടോടുന്ന ആംബുലൻസുകൾ.
ചീറിപ്പാഞ്ഞ് പോലീസ് വണ്ടികൾ...
സമയം തെറ്റിയ സയറണുകൾ....
ആണിക്കുളമ്പുള്ള ബൂട്ടുകൾ
അധികമകലെയല്ലാതെ
മാർച്ചു ചെയ്യുന്നുണ്ട്.
മതിലിനപ്പുറം
എന്തൊക്കെയോ ചതഞ്ഞരയുന്നുണ്ട്.
ഹൃദയത്തിനിപ്പുറം
എന്തൊക്കെയോ നിശ്ചലമാകുന്നുണ്ട്.
ആരൊക്കെയോ എന്തൊക്കെയോ
പുലമ്പിയടുക്കുന്നുണ്ട്
അധികാരഭാഷയിൽ
മാർച്ചു ചെയ്ത്
അടുത്തടുത്ത് ...
ഒരേ നിറം
ഒരേ മണം
ഒരേ രുചി
ലെഫ്റ്റ് റൈറ്റ്.....
ലെഫ്റ്റ് റൈറ്റ്.....
**********

അതിജീവനം
ഷൈജു.വി.ടി.

പ്രസവത്തോടെ മരിച്ചുകൊണ്ട്
അമ്മയാണ്
അതിജീവനത്തിന്റെ വിത്ത്
ആദ്യം കയ്യിൽ വച്ചുതന്നത് .
കാലുറയ്ക്കും മുൻപ്
പുനർവിവാഹിതനായ്
അച്ഛനാണ് അത്
മുളപ്പിച്ചുതന്നത് .
ശാപജന്മമെന്ന്
പുലമ്പിക്കൊണ്ട്
കുടുംബക്കാരാണ്
വെള്ളവും വളവുമിട്ടത്
വാനോളം വളർത്തിയത് .
പിന്നെ
പ്രണയിച്ചവൾ
പാതിവഴിയിലിട്ടുകൊണ്ട് ,
പ്രകൃതി
പ്രളയമായ് പ്രഹരിച്ചുകൊണ്ട് ,
എന്നിട്ടും
തുടരുകയാണ്
എന്റെ അതിജീവനം !
**********

തിരുമുറ്റം
റംല പാറപ്പുറം

വീണ്ടുമൊരിക്കലാ
തിരുമുറ്റത്തെത്തുവാൻ
വർണ്ണ കിനാക്കൾക്കു
പൊട്ടുകുത്താൻ ഞാൻ
ഓർക്കുമ്പോളെത്രയോ
പൂക്കുട നിറയുന്ന
ഓമൽ കിനാക്കളെ- യോമനിക്കാൻ
നേർത്ത കുളിരോടെ
എന്നെയുണർത്തുന്ന
ഒരു മയിൽ പീലിയായ് ഓർമ്മയിന്നും
ആത്മാവിൽ വിസ്മയക്കാഴ്ചയായ്
തേങ്ങലായ്
ആർത്തലച്ചീടുന്നു
കാലമിന്നും ...
കാലത്തിൻ നുരയിലും
കോളിലും സഹനത്തിൻ
കരയാക നമ്മളൊടുവരെയും ....!!!
**********

ഓർമ്മകൾ
റബീഹ ഷബീർ

പ്രണയം തളയ്ക്കപ്പെട്ട നിലവറയിൽ നിന്ന്
നിലവിളികളുയരുന്നുണ്ട്.
ഇനിയും തുറക്കാത്ത
ഹൃദയത്തിന്റെ
താക്കോൽ പരതി
കാലം തളർന്നു പോയിരിക്കുന്നു.
സ്വപ്നങ്ങൾ തൂങ്ങി മരിച്ച
അരയാൽത്തറയിൽ
ഏകാന്തതയുടെ മുൾക്കാടുകൾ
വളർന്നിരിക്കുന്നു..
കൊന്നൊടുക്കി സംസ്കരിച്ച
ഓർമ്മകളുടെ കല്ലറകളിൽ നിന്നും
ദുർഗന്ധം വമിക്കുന്നുണ്ട്.
ചത്തുപൊന്തിയ കിനാക്കളിന്നെന്റെ
ആത്മാവിലൊരു ശ്മശാനം
തന്നെ സൃഷ്ടിച്ചിരിക്കുന്നു..
**********

രാജ്യദ്രോഹി
യൂനസ് വിനോദ

രാവിലെ ജോലിക്ക് പോകാനിറങ്ങിയതാ ഗോപൻ ....ഒരു ഫോൺ കാൾ,പോലീസ് സ്റ്റേഷനിൽ നിന്ന് .ഗോപൻ ജോലി കളഞ്ഞ്  സ്റ്റേഷനിൽ എത്തി .
റൈട്ടർ:
പ്രധാനമന്ത്രിക്ക് കത്ത് എഴുതിയിരുന്നോ?
ഗോപൻ : എഴുതി അയച്ചു.
  : എന്താണ് എഴുതിയത്
  : നാട്ടിലെ അക്രമവും കൊള്ളയും കൊലപാതകവും അഴിമതിയും അവസാനിപ്പിക്കണമെന്ന് .
  : നിനക്ക് എന്തവകാശം
  : ഞാൻ തിരഞ്ഞെടുത്ത എന്റെ പ്രധാനമന്ത്രിയോട് പരാതി പറയാൻ എനിക്ക് അവകാശമില്ലെ
  :   .ഇത്തരം കാര്യങ്ങൾ പ്രജകൾക്ക് പറയാനധികാരമില്ല. രാജ്യദ്രോഹമാണ് .
  നിങ്ങൾ പണിയെടുക്കുക ,
  നികുതി നൽകുക. ,
  :രാജ്യദ്രോഹികളോട് ബന്ധപ്പെട്ടാൽ ഞാൻ രാജ്യദ്രോഹിയല്ലെ ,
  അവരെ സഹായിച്ചാൽ ഞാൻ രാജ്യദ്രോഹിയല്ലെ.
  :അതെ
  :എന്റെ പ്രധാനമന്ത്രിയോട് ഞാൻ രാജ്യദ്രോഹികളെ  പറ്റി പരാതി പറഞ്ഞാൽ ഞാൻ  എങ്ങനെ രാജ്യദ്രോഹിയാകും?
:പ്രതികരിക്കാൻ പ്രജകൾക്ക് അനുവാദമില്ല .
അനുഭവിക്കാനെ അനുവാദമുള്ളു.
ജാമ്യമില്ലാ വകുപ്പ് പ്രകാരം താങ്കളെ അറസ്റ്റ് ചെയ്തിരിക്കുന്നു.
**********

ബാല്യം..
ജിജി കേളകം

നിങ്ങളിലിപ്പോഴും ബാല്യമുണ്ടോ
ബാല്യ സ്മരണയിലേക്ക് പറക്കാറുണ്ടോ
ബാല്യത്തിലെ കൊച്ചു കുറുമ്പുകൾ കാട്ടി
മനസിന്റെയുള്ളിൽ ചിരിക്കാറുണ്ടോ
ഓലപമ്പരം തന്നയാ ചങ്ങാതി ഇപ്പളും
അയലത്തെ വീട്ടിലുണ്ടോ
ഓർമ്മതൻ ഭിത്തിയിൽ പമ്പരമിപ്പഴും
വാടാതെ വട്ടം കറങ്ങണുണ്ടോ
'ഓല പന്തുകൾ ഓർമ്മയുണ്ടോ
കളി തോഴരെ ഓർമ്മയുണ്ടോ
ആരാരും കാണാതെ മനസിന്റെ മുറ്റത്തു
കളിപ്പന്തുകളിക്കാറുണ്ടോ
മുവാണ്ടൻ മാങ്ങയുണ്ടോ
പങ്കിട്ട കാലം മനസ്സിലുണ്ടോ
 കൂട്ടുകാരോടൊത്ത് മാവിന്റെ ചില്ലയിൽ
 മാമ്പഴം തിന്നുവാൻകേറാറുണ്ടോ
മാവിന്റെ കൊമ്പിലിന്നാടാറുണ്ടോ
വവ്വാലു പോലെ കിടക്കാറുണ്ടോ
മനസ്സിലെ ചില്ലയിൽ വവ്വാലിൻ കൂട്ടമായ്
കളി തോഴരാടുവാനെത്താറുണ്ടോ
ആറ്റുവക്കത്തോളം ചെല്ലാറുണ്ടോ
മീനിനോടിപ്പഴും മിണ്ടാറുണ്ടോ
വീട്ടിലെ കുളിമുറി പുഴയായിരുന്നെങ്കിലെന്ന വിടിരുന്നാരോമൊഴിയാറുണ്ടോ
ചിലന്തി  കൊട്ടാരം കെട്ടുന്നതോർമ്മയുണ്ടോ
നൂലുകൊണ്ടങ്ങനെ കൊട്ടാരം കെട്ടുമ്പോൾ
നോക്കി വിസ്മയത്തോടെയിരുന്ന കാലം
ആടുമേയ്ക്കാൻ പോയതോർമ്മയുണ്ടോ
കളി തോഴരെല്ലാം കൂടെയുണ്ടോ
ആ കുന്നിൻ ചെരുവിലായിപ്പഴും
കൂട്ടുകാർ ഒളിച്ചു കളിക്കുവാൻ കൂടാറുണ്ടോ
ആ പോയ ബാല്യകാലം
ഓർമ്മയിൽ നല്ല കാലം
ഓടക്കുഴൽ പാട്ടുകേൾക്കുമ്പോലിപ്പഴും
മരിക്കാതെ മനസിലുണ്ടോ
നിങ്ങളാ ഓർമ്മയിലിരിക്കാറുണ്ടോ
**********


അമ്മയെന്ന മഹാശക്തി
നരേന്ദ്രൻ.എ.എൻ

സ്വസ്ഥരായി സുരക്ഷിതരായി മനുഷ്യർ ഉറങ്ങി,ഒരു ദിവസം പുറത്തേക്ക് വലിച്ചെടുക്കുന്നതു വരെ.വായുവിലേക്ക്, വെളിച്ചത്തിലേക്ക് പിറന്നു വീണപ്പോൾ അവർ ഉറക്കെക്കരഞ്ഞു. അസ്വസ്ഥരായി, അരക്ഷിതരായി.
ഓരോ മനുഷ്യരിലും ആ ഓർമ്മ ഉറങ്ങാതെ കിടന്നു. വേദനകളിൽ,പരാജയങ്ങളിൽ ഒരു നിമിഷം തിരിച്ചു പോവാൻ അവർ കൊതിച്ചു. അപാരമായ ആ സ്വാസ്ഥ്യത്തിലേക്ക് ,സുരക്ഷയിലേക്ക്..അമ്മ അങ്ങനെ അവർക്ക് അനാദിയായ ആശ്രയത്തിന്റെ ബിംബമായി.
വന്യതയുടെ നിഗൂഢതകളിൽ പകച്ചു നിന്ന അവർ ഈ ലോകത്തോളം വലിയൊരു ഗർഭപാത്രം തിരഞ്ഞു.മടിത്തട്ടു തിരഞ്ഞു... ഒടുവിൽ പ്രപഞ്ചത്തോളം വലിയൊരമ്മയെ അവർ സ്വയം സൃഷ്ടിച്ചു. മനുഷ്യന്റെ ഏറ്റവും മനോഹരമായ സൃഷ്ടി..ഈ പ്രപഞ്ചം സൃഷ്ടിച്ചു സംരക്ഷിക്കുന്ന മാതാവ്. മനുഷ്യരാശി നിർമ്മിച്ച ആദ്യത്തെ ദൈവസങ്കല്പം...
പതുക്കെ പുരുഷൻ സമൂഹത്തിൽ ആധിപത്യം നേടി.അവർ അവരെപ്പോലുള്ള ദൈവങ്ങളെ സൃഷ്ടിച്ചു.സർവ്വാധിപതിയായ,സർവ്വസംഹാരകനായ പുരുഷദൈവം. സ്ത്രീ പെറ്റു വളർത്തിയ പുരുഷൻ സ്ത്രീവർഗ്ഗത്തിന്റെ അധികാരിയായി മാറിയപ്പോൾ സ്ത്രീ ദൈവങ്ങൾ പുരുഷ ദൈവങ്ങളുടെ കാൽക്കീഴിൽ അമർന്നു. ആദിപരാശക്തി പാർവതിയായി,പരമേശ്വരന്റെ പത്നിയായി,ഒതുങ്ങി...
"ഏവം വാദിനി ദേവർഷൗ
പാർശ്വേ പിതുരധോമുഖി
ലീലാകമലപത്രാണി
ഗണയാമാസ പാർവ്വതി"
എന്നു പറഞ്ഞത് കാളിദാസനാണ്. ഈരേഴു ലോകങ്ങളെ സൃഷ്ടിച്ചു പരിപാലിക്കുന്ന അമ്മ ലജ്ജാവതിയായി തല താഴ്ത്തി നിൽക്കുന്നുവെന്ന്! എത്ര വലിയ അവഹേളനമാണത്!
അറുത്തുമുറിച്ചു കളയാൻ ശ്രമിച്ചിട്ടും മനുഷ്യരുടെ ആദിമവികാരമായ നാഭീനാള ബന്ധം അങ്ങനെത്തന്നെ കിടക്കുന്നുണ്ട്. ചിലപ്പോഴെങ്കിലും അത് മുറിവുകൂടി ഉയിർത്തുവരാറുണ്ട്.
"ഘനസംഘമിടയുന്ന
തനുകാന്തി തൊഴുന്നേൻ
അണി തിങ്കൾക്കല ചൂടും
പുരിജട തൊഴുന്നേൻ"
നവരാത്രി കഴിഞ്ഞെങ്കിലും...
ഞാൻ എന്റെ സ്വന്തം അമ്മയെപ്പോലും സ്നേഹത്തോടെ വിളിക്കാറില്ലെങ്കിലും...
**********

 
പൊന്നുമ്മ
ജസീന റഹീം

പരോളിനിറങ്ങുന്ന പ്രതിയുടെ ആഹ്ലാദത്തോടെയാണ് ഉമ്മ വല്ലപ്പോഴും  വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നത്.. ഉമ്മാ യുടെ യാത്രകൾ പലപ്പോഴും ആശുപത്രികളിലേക്കായിരുന്നു.. ഇടക്ക് ആങ്ങളമാരെ സ്വപ്നം കാണാറുണ്ടത്രേ.. പിന്നെ അവരെ കാണുന്നത് വരെ ആവലാതിപ്പെട്ടി തുറന്ന് വച്ച് പിറുപിറുക്കൽ തുടങ്ങുകയായി.. "നെനക്കും നിന്റെ മക്കൾക്കും ചോറും കറീം വച്ച് വീടിന് കാവല് കിടക്കാൻ എനിക്ക് വയ്യ.. എനിക്ക് മാത്രം എവിടേം പോണ്ട..നെനക്കൊക്കെ നേരം വെളുക്കുമ്പോ ഒരുങ്ങിക്കെട്ടി പോയാൽ മതിയല്ലോ.. "
     അഞ്ചാറ് വർഷം മുമ്പ് വരെ ..തനിച്ച്... എൺപത് കിലോമീറ്ററിലേറെ  തമിഴ്നാട്ടിലേക്ക് മൂത്ത മോളെ കാണാൻ കെട്ടും കിഴിയുമായി ബസിൽ പോയിരുന്ന ആളാണ് കഥാനായിക. ഉത്സവത്തിമിർപ്പോടെ ആരംഭിക്കുന്ന ഓരോ യാത്രയും ഒടുവിൽ ഛർദ്ദിച്ച് വാരി കെട്ടി കത്തിത്തീർന്ന പൂത്തിരിയുടെ കോലത്തിൽ അവസാനിക്കയാണ് പതിവ്.. അത്തരമൊരു യാത്രയിലാണ് ഉമ്മ മോൾടെ വീട്ടിൽ നിന്ന് കേരളത്തിലേക്ക് അഞ്ചാറ് സുന്ദരൻ പാണ്ടിക്കോഴികളെ കൂടി സഞ്ചിയിലാക്കി ബസിൽ പുറപ്പെട്ടത്.. ഉമ്മ എത്രയൊക്കെ പൊത്തി പൊതിഞ്ഞ് വച്ചിട്ടും സഞ്ചിയിലെ അനക്കം കണ്ടക്ടർ കണ്ടു പിടിച്ചു...
     സഞ്ചിയിലുള്ളത് കാണണമെന്നായി.. സഞ്ചി തുറന്നതും കോഴികൾ തമിഴിൽ കൊക്കരിച്ച് ബസിലാകെ ഓടി നടക്കാൻ തുടങ്ങി ... പിന്നെ  എല്ലാവരും കൂടി ഓടിച്ചിട്ട് പിടിച്ച് സഞ്ചിയിലാക്കി... വീണ്ടും ഇറങ്ങി ഓടാതിരിക്കാൻ ഉമ്മ അവയെ അമർത്തിപ്പിടിച്ചു.. വീട്ടിലെത്തി സഞ്ചി തുറന്നപ്പോഴേക്കും ശ്വാസം കിട്ടാതെ  പാവങ്ങൾ ഇഹലോകവാസം വെടിഞ്ഞിരുന്നു.. "എന്നുടെ കോളികളെ കൊന്നു വിട്ടാരേ.. " യെന്ന് മൂത്ത മകൾ തമിഴിൽ അലമുറയിട്ടു...
          ഇപ്പോഴാകട്ടെ ... ലോകത്തുള്ള സകല രോഗങ്ങളും ...വണ്ടി കണ്ടാലുടൻ ഛർദ്ദിയും ഒടുവിൽ തൊണ്ട മുറിഞ്ഞ് ചോര വരവും ഷുഗർ താഴ്ന്നും ബി.പി കൂടിയും എന്നെ വിഭ്രാന്തിയിലാക്കിയതിനാൽ  ദീർഘദൂര യാത്രകൾക്ക് ഞാനീയിടെ വിലക്കേർപ്പെടുത്തി.. തമിഴ്നാട്ടിൽ മൂത്ത മോൾടെ പുത്തൻ വീട് കാണണമെന്ന ആഗ്രഹം തുടങ്ങിയിട്ട് മാസങ്ങളായി... " വീട് കാണണോ...? ജീവൻ വേണോ.. ?" എന്ന് ഞാൻ ചോദിക്കുമ്പോൾ "നീ കൊണ്ടു പോണ്ട .. ഞാനൊറ്റയ്ക്ക് ട്രെയിനിൽ എന്റെ മോളെ കാണാൻ പോകും.... "എന്നെ തവിട് കൊടുത്ത് വാങ്ങിയതിനാലും.. കൂടെയുള്ളവർക്ക് കുറ്റമേറുമെന്നതിനാലും വല്ലപ്പോഴും വരുന്നമൂത്ത മോളെ കാണുമ്പോൾ മോൾക്കിഷ്ടപ്പെട്ട കറി വക്കലും... ചക്കവറുക്കലും..ചീനി പുഴുങ്ങലും... ആകെ മേളമാണ്... പിന്നെ ചോറിന് തൊട്ടുകൂട്ടാൻ എന്റെ കുറ്റങ്ങളിട്ട സ്പെഷ്യൽ മീൻ കറി വേറെയും.. മോൾ പോകാൻ നേരം കൊടുക്കുന്ന തുക യുടെ വലിപ്പം കുറഞ്ഞാൽ.... "അവളല്ലേലും അറുത്ത കൈ ക്ക് ഉപ്പു തേക്കാത്തോളാ..." എന്ന് പറയുന്നത് കേൾക്കുമ്പോൾ ഗൂഢമായ ആനന്ദത്തോടെ " ങ്ങടെ.. മോളല്ലേ..." എന്ന് ഞാൻ തിരിച്ചടിക്കും...
                   ഇപ്പോൾ ആകെ 5 കിലോമീറ്റർ  അപ്പുറമുള്ള ആങ്ങളമാരെ കാണാൻ പോയിരിക്കയാണ്.. പെങ്ങൾ വച്ച മീൻ കറി .... ചീരത്തോരൻ എല്ലാം പൊതിഞ്ഞെടുത്തിട്ടുണ്ട്... ഓരോ തവണ പോകമ്പോഴും "ഇനി ഒരാഴ്ച കഴിഞ്ഞേ വരു.... " എന്ന പതിവ് ഗീർവ്വാണം ഇത്തവണയും പുറപ്പെടുവിച്ചു... "ഇങ്ങോട്ട് വരണ്ട.... ഉമ്മുമ്മ അവിടങ്ങ് നിന്നോ.... " എന്ന് സുഹ്റ പരിഭവിച്ചു...
                        നാളെ ഉച്ച കഴിഞ്ഞ് പതിവ് പോലെ ചമ്മിയ മുഖത്തോടെ .. ഒരു മടങ്ങി വരവ്ണ്ട്... ഞാനൊന്നും ചോദിക്കില്ല.. എന്നാലും ഞാൻ കേൾക്കാൻ ഒരു പറച്ചിലുണ്ട്.. "ഓ.. ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചില്ല.. അവിടുത്തെ കക്കൂസൊന്നും എനിക്ക് ശരിയാവത്തില്ല.. "
                             അടുത്ത സഞ്ചാരത്തിന് മോഹവുമായി ആങ്ങള സ്വപ്നത്തിൽ  വരും വരെ ... ഇനി കുറച്ച് ദിവസം സ്വസ്ഥം... പക്ഷേ മൂത്തമോളുടെ തമിഴ്നാട്ടിലെ വീട് ഇടയ്ക്കിടെ ബി.പി കൂട്ടാനെത്തുന്നുണ്ട്.. ഞങ്ങൾ രണ്ടാൾടെയും..