28-08-19

🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
🐠🐠🐠🐠🐠🐠🐠🐠🐠🐠🐠🐠🐠🐠
മലയാളം സർവകലാശാല പ്രസിദ്ധീകരിച്ച ഭാഷാപഠനം: മലപ്പുറം എന്ന കൃതിയെ ആധാരമാക്കി തയ്യാറാക്കിയ കുറിപ്പുകളുടെ പതിനാറാം ഭാഗമാണ് ഈ ലക്കം
🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
മലപ്പുറം ജില്ലയിലെ ഭാഷാപ്രവണതകളിൽ പദപ്പഴമ ഇതിനോടൊപ്പം മലപ്പുറം മലയാള നിഘണ്ടു(ഒമ്പതാം ഭാഗം ) കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑
മലപ്പുറം ജില്ലയിലെ ഭാഷാപ്രവണതകൾ (തുടരുന്നു)
പദപ്പഴമ
••••••••••••••
 മലപ്പുറം ഭാഷാഭേദം മലയാള ഭാഷയുടെ പരിണാമത്തിന്റെ സാക്ഷികളായി ഒട്ടേറെ പ്രാചീനപദങ്ങളെ ഇപ്പോഴും നിലനിർത്തിപ്പോരുന്നുണ്ട്. പ്രാചീനകാല മലയാള കൃതികളിൽ കാണാൻ കഴിയുന്നതും പിൽക്കാലത്ത് പ്രയോഗലുപ്തം സംഭവിച്ചതുമായ ഒട്ടേറെ പദങ്ങൾ മലപ്പുറം മലയാളത്തിൽ ഇപ്പോഴും പ്രചാരത്തിലുണ്ട്.
ആറ്റൽ - ഓമനയായ എന്ന അർത്ഥത്തിൽ കൃഷ്ണഗാഥയിൽ ഉപയോഗിച്ചിട്ടുള്ള വാക്കാണിത്. സമാനാർത്ഥത്തിൽ ഇപ്പോഴും ഈ വാക്ക് പ്രയോഗത്തിലുണ്ട്.
കഴനി - വയലായും ഒരു മരത്തിന്റെ പേരായും പഴയ മലയാളത്തിൽ ഉണ്ടായ വാക്കാണിത്. വയൽ എന്ന  അർത്ഥം പൊതുവായി നിലനിർത്തുമ്പോഴും ഒരു മരത്തിന്റെ പേരായി മലപ്പുറത്ത് ഇത് അറിയപ്പെടുന്നു. ഇതിനെ ' കയനി ' എന്നും അറിയപ്പെടുന്നു.
കാട്ടി - കാട്ടുപോത്ത് എന്ന അർത്ഥത്തിൽ പണ്ടു കാലത്തു തന്നെ പ്രയോഗത്തിലുള്ള വാക്കാണിത്.
കൂറ്റ് - ശബ്ദം എന്ന അർത്ഥത്തിലുള്ള പഴയ പദം അതേ അർത്ഥത്തിൽ ഇപ്പോഴും മലപ്പുറത്ത് ഉപയോഗത്തിലുണ്ട്.
കൊള൪ക്കുക - ഓർക്കുക, ശ്രദ്ധിക്കുക എന്ന അർത്ഥത്തിൽ ഈ പ്രയോഗം ഇപ്പോഴും മലപ്പുറം ഭാഷയിലുണ്ട്.
ചെങ്ങായിച്ചി - ചങ്ങാതി, ചങ്ങാതിച്ചി എന്നീ പുല്ലിംഗ, സ്ത്രീലിംഗ രൂപങ്ങൾ കൂട്ടുകാരൻ, കൂട്ടുകാരി എന്നതിനെ പഴയ മലയാളത്തിൽ പ്രതിനിധീകരിച്ചിരുന്നു. കാലക്രമേണ ചങ്ങാതിച്ചിയുടെ പ്രയോഗക്ഷമത നഷ്ടപ്പെട്ടു. ചങ്ങാതി പൊതു മലയാളത്തിൽ ഇപ്പോഴുമുണ്ടെങ്കിലും 'ചങ്ങാതിച്ചി 'യെ 'ചെങ്ങായിച്ചി' യായി മലപ്പുറം മലയാളം ഇപ്പോഴും സംരക്ഷിക്കുന്നു.
തങ്കേരിക്കുക - എന്നത് പഴയ മലയാളത്തിലെ സൂക്ഷിക്കുക, ശേഖരിക്കുക എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന പദമാണ്. പിൽക്കാലത്ത് ഈ പദം മൃതിയടഞ്ഞതായി കാണാം. എന്നാൽ ഇപ്പോഴും പഴയ അർത്ഥത്തിൽ തന്നെ മലപ്പുറം മലയാളത്തിൽ ഈ വാക്കിന് പ്രചാരമുണ്ട്. കൂടാതെ ' തങ്കാരം' ( സൂക്ഷിപ്പ്) എന്ന രൂപം കൂടെയുണ്ട്.
തേരോടിച്ചി - ഇത് ഒരശ്ലീല പദമായി കരുതുന്നു. പഴംതമിഴിൽ ഇതിന് യാചകൻ, തെണ്ടി എന്ന അർത്ഥമാണുള്ളത്. ' തേര' പ്രയോഗത്തിൽ നിന്ന് രൂപം കൊണ്ട 'തേരോടിച്ചി' ഇന്നും മലപ്പുറത്തുണ്ട്.
ബുദ്ധിമുട്ടാക്കൽ/ സ്വൈര്യം കെടുത്തൽ എന്നീ അർത്ഥത്തിൽ കടുപ്പം എന്നൊരു പഴയപദം ഇപ്പോഴും മലപ്പുറത്തുണ്ട്. കുഞ്ചൻ നമ്പ്യാരുടെ കല്യാണസൌഗന്ധികത്തിൽ ഇതേ അർത്ഥത്തിൽ ഉപയോഗിച്ചു കാണുന്നുണ്ട്.
"മിടുക്കും ശൌര്യവുമെല്ലാം
ഒടുക്കം നാസ്തിയാം നിന്റെ
കടുപ്പം കാട്ടിലെങ്ങാനും
കിടക്കും വാനരത്തോടു "
       ( കല്യാണസൌഗന്ധികം)

എകിർ - ആനക്കൊമ്പെന്നും തേറ്റപ്പല്ലെന്നും പഴയ മലയാളത്തിൽ ഉപയോഗത്തിലുണ്ടായിരുന്ന ഈ പദം വേലികെട്ടാൻ ഉപയോഗിക്കുന്ന  ' മുളച്ചില്ല'കളെ കുറിക്കാൻ മലപ്പുറത്ത് ഉപയോഗത്തിലുണ്ട്.
പള്ള - ( വയറ്) എന്നത് പ്രചാരലുപ്തം വന്ന ഒരു മലയാള പദമാണ്. പള്ള എന്ന ദ്രാവിഡ വാക്കിന് മലപ്പുറത്ത് നല്ല പ്രചാരമുണ്ട്. ' പള്ളേലുണ്ടാവുക' (ഗർഭം ധരിക്കുക) , ' പള്ളേലാക്കുക'
വയറ്റിലുണ്ടാക്കുക (ഗർഭം) എന്ന അർത്ഥത്തിൽ മലപ്പുറത്ത് ഉപയോഗിച്ചു വരുന്നു.
ഏൽപ്പന - ഏൽപ്പിച്ച ചുമതല എന്ന അർത്ഥത്തിൽ മലപ്പുറത്ത് പ്രചാരത്തിലുള്ള വാക്ക്. ഏൽപ്പന, ഏൽപ്പ്, ഏറ്റിരിപ്പ്, ഏൽക്കൽ എന്നിങ്ങനെ വിവിധ രൂപങ്ങൾ പണ്ടു കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. ചുമതലയേൽക്കുക, സ്വീകരിക്കുക എന്നിങ്ങനെയൊക്കെയായിരുന്നു അർത്ഥം. അതിൽ ഏൽപ്പന എന്ന വാക്ക് ഇന്നും മലപ്പുറം ഭാഷയിൽ നിലനിൽക്കുന്നു. കൂടാതെ ദല്ലാൾ എന്ന അർത്ഥത്തിൽ "ഏലാക്കി" എന്ന വാക്കും നിലനിൽക്കുന്നു.
മായ്പ്പ്- മായ്പ്പ് എന്നത് മായ്ക്കുക, മഷിതുള്ളിയുടെ പാട്, ഇല്ലാതാക്കുക എന്നീ അർത്ഥത്തിൽ പണ്ടു കാലത്ത് പ്രചാരത്തിലുള്ള വാക്ക്. ഇപ്പോൾ ഈ വാക്ക് പൊതു മലയാളത്തിൽ സാധാരണമല്ല. 'മായ്ക്കുക' എന്ന ക്രിയയുമായാണ് ഇതിന് ബന്ധം. മായ്ക്കാനുള്ളത് എന്ന അർത്ഥത്തിൽ മായ്ക്കുന്ന വസ്തുവിനെ "മായ്പ്പ്" എന്നാണ് പറയുന്നത്.
ഉറൂദി - ഉപദേശം, പ്രസംഗം എന്നീ അർത്ഥത്തിൽ പ്രയോഗത്തിലുണ്ട്. ഇത്  'ഉറുതി' (ധൈര്യപ്പെടുത്തൽ) എന്ന പഴയ പദം മലപ്പുറത്തുണ്ടെന്ന തെളിവാണ്.
ആവത്-   കഴിവ്. കൃഷ്ണഗാഥയിൽ ഉപയോഗിച്ചിട്ടുള്ള ഈ പദം മലപ്പുറത്ത് ഇന്നും അതേ അർത്ഥത്തിൽ ഉപയോഗിക്കുന്നു.
ആകാച്ചി/ ആകാത്ത - ഈ വാക്കിന് പഴയ മലയാളത്തിൽ കഴിവില്ലാത്ത, കൊള്ളരുതാത്ത, ചീത്ത എന്നിങ്ങനെ അർത്ഥമുണ്ടായിരുന്നു. 'ആകാച്ചി' ക്ക് മലപ്പുറത്ത് ഇപ്പോഴും അർത്ഥം ചീത്ത എന്നു തന്നെ. അത് ആകാം - അത് നന്നല്ല ഇവിടെ പഴയ നിഷേധ  രൂപം കാണാം.
അനാദി - പാഴാക്കുക എന്നാണ് ഈ വാക്കിന് ഇപ്പോഴുള്ള അർത്ഥം. അനാദിക്ക് 'നിത്യമായ', 'പണ്ടു പണ്ടേ തരിശായ സ്ഥലം' എന്നിങ്ങനെ പഴയ മലയാളത്തിൽ അർത്ഥമുണ്ട്.
അതേപോലെ 'അനാദി' എന്നത് 'അനാഥ' മാണെന്നും അർത്ഥമുണ്ട്.
ഔമ്യം - (രഹസ്യം, /ആന്തരാർത്ഥം) എന്ന പഴയ പദം മലപ്പുറത്തെ ചിലയിടങ്ങളിൽ ഇപ്പോഴും പ്രചാരത്തിലുണ്ട്.
ചിറി- ചുണ്ട്, ചിരി എന്നീ അർത്ഥങ്ങളിൽ സാർവ്വത്രികമായി പ്രയോഗിക്കുന്നു. ' ചുണ്ടും ചിറിയും' ഒന്നിച്ചുള്ള പ്രയോഗവും സാർവ്വത്രികമാണ്.
കുന്നിക്കുക ( ഒന്നിച്ചു കൂടുക) , പിളുത്തുക( പിള൪ക്കുക), എടങ്ങേറ് (ബുദ്ധിമുട്ട്), മോന്ത,മോറ്- മൊകറ് (മുഖം), ചൊട്ട (തെങ്ങിന്റെ ചൊട്ട, തുടക്കം), കച്ചു ( കയ്ച്ചു, - വിപ്രതിപത്തിസൂചകം) , കൊഞ്ഞം (കൊഞ്ഞനം), കൊമ(ദണ്ഡിക്കുക, അടിക്കുക), ഒപ്പ(തുല്യത), അരക്കൻ (രാക്ഷസൻ്റെ പഴയ തത്ഭവം, കടുപ്പക്കാരൻ)  എന്നിങ്ങനെ ഒട്ടേറെ മലയാള പദങ്ങൾ ഇപ്പോഴും മലപ്പുറത്ത് സജീവമായി ഉപയോഗിച്ചു വരുന്നു.

മലപ്പുറം മലയാള നിഘണ്ടു(ഒമ്പതാം ഭാഗം)
പകരം വീട്ട്അ  -പ്രതികാരം ചെയ്യുക
പക്കെ    - പക്ഷേ
പകട്  - ഓടാമ്പൽ
പച്ചേങ്കില്  - പക്ഷേ
പച്ചപ്പയ്യ്   - പുൽച്ചാടി
പഞ്ചാരന്റെ അസുഖം - പ്രമേഹം
പഞ്ചാരടി   - ശൃംഗാരം
പങ്ക     - ഫാൻ
പതംള്ള  - കൈകാര്യം ചെയ്യാൻ എളുപ്പമുള്ള വസ്തുക്കളും ആളുകളും അവസ്ഥകളും, പിടിയിൽ ഒതുങ്ങുന്ന
പതം വന്ന - പക്വമായ
പതിനാലാം രാവ് - പൌ൪ണമി
പത്തൽ  - ഓലമടലിന്റെ അഗ്രഭാഗം
പത്തായം - ധാന്യങ്ങൾ സൂക്ഷിച്ചു വെക്കുന്ന കൂറ്റൻ മരപ്പെട്ടി.
പത്തിരി  - അരി കൊണ്ടുണ്ടാക്കുന്ന ചപ്പാത്തി പോലുള്ള വിഭവം
പത്തിരിക്കല്ല് - പത്തിരി പരത്തുന്ന കല്ല്
പത്തിരി ചട്ടി - പത്തിരി ചുടാനുള്ള മൺചട്ടി
പത്തൊമ്പഅ് - പത്തൊൻപത്
പടപ്പ്അള്   -  സൃഷ്ടികൾ
പടന്ന് പിടിക്ക്യ - പട൪ന്നു പിടിക്കുക
പടലെം - പടവലം
പടച്ചോൻ - പടച്ചവൻ
പടുമുള /പടൊ്ള -തനിയെ മുളച്ചത്
പട്ടി ചെലയ്ക്കുക -  പട്ടി കുരയ്ക്കുക
പണ്ടാരി - പാചകക്കാരൻ
പണ്ടം  - ആഭരണം
പണ്ടൊരീസം  - പണ്ടൊരിക്കൽ/ഒരിക്കൽ
പന്ത൪ണ്ട്   - പന്ത്രണ്ട്
പന്ത്കളി   - ഫുട്ബോൾ
പയ   - കടലാസിന്റെ അളവ് (നാലുപുറമുള്ള ഒറ്റ ഷീറ്റ് പേപ്പർ)
പയിനായിരം  - പതിനായിരം
പയിമൂന്ന്  - പതിമൂന്ന്
പയിനൊന്ന് - പതിനൊന്ന്
പയ്പ്പ്  - വിശപ്പ്
പയ്യ്, പയ്യി,പജ്ജ് - പശു
പയംഞ്ചക്ക - പഴംചക്ക
പലപ്പളും   - പലപ്പോഴും
പലക   - ഇരിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്നത്
പവനത്താക്കുക - സൂക്ഷിച്ചു വെക്കുക, സുരക്ഷിതമായ സ്ഥലത്ത് വെക്കുക
പവ്തി  - പകുതി
പശ൪മ  - ഈർപ്പം
പസാദ്  - അസത്യം, കുഴപ്പം, ഏഷണി, പരദൂഷണം
പള്ള   - വയറ്
പള്ളേല്ണ്ടാവ്ക - ഗർഭം ധരിക്കുക
പള്ളേന്നോക്ക്   - വയറിളക്കം
പള്ളിക്കാട്   - ഖബ൪സ്ഥാൻ
പ൪ദ   - ദേഹഭാഗങ്ങൾ മുഴുവനും മറയ്ക്കുന്ന വസ്ത്രം
പറങ്കൂച്ചി  - കശുമാവ്
പറച്ചിൽ  - ചൊല്ല്
പറഞ്ഞ് നന്നാക്കുക - ഉപദേശിക്കുക
പറഞ്ഞതിനപ്പുറം - വിപരീതം
പറമ്പത്തയ്യൻ   - ഒരിനം കിളി
പറ്റ്     - കാതിനോടൊട്ടി നിൽക്കുന്ന തൂങ്ങാത്ത ക൪ണാഭരണം
പറ്റിക്കുക  - ഒട്ടിക്കുക, ചതിക്കുക
പറ്റിക്ക്അ  - ചതിക്കുക
പറ്റുക      - കഴിയുക
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഭാഷാഭേദപഠനം മലപ്പുറം എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് മുകളിൽ നൽകിയിരിക്കുന്നത്.  പുസ്തകം തയ്യാറാക്കിയ ഗവേഷകരോടുള്ള  കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏