07-10-19


📚📚📚📚📚📚

നിരീശ്വരൻ
വി ജെ ജെയിംസ്

 ഡി സി ബുക്സ്
പേജ് 320
 വില 299

   വയലാറിന്റെ ശ്രദ്ധേയമായ  ഒരുകവിതയുണ്ട് 'ഒരു ദൈവവും കൂടി' . സർവ്വതും നശിച്ച കുണ്ടുണ്ണിമേനോനാണതിലെ നായകൻ.ഏഴിലംപാലമരപ്പൊത്തിൽ  മറഞ്ഞു കിടന്ന ദൈവശില, മേനോന്റെ സ്ഥലം കൈക്കലാക്കിയ ലോനപ്പനെ കൊന്ന്,നാടിന്റെതേവരായ കഥയാണ് അതുപറയുന്നത്.   
       ബഷീറിൻറെ ശിങ്കിടിമുങ്കൻ അതുപോലെ മറ്റൊരു ദൈവം. സഞ്ജയൻ കുറേ ദൈവങ്ങളെ സൃഷ്ടിച്ചിട്ടുണ്ട് . മലയാളിക്ക്  ആൾദൈവങ്ങളെക്കാൾ അധികം കഥാദൈവങ്ങൾ ഉണ്ടെന്നു തോന്നുന്നു. കോവിലൻ തുടങ്ങിയവർ നിർമ്മിച്ച മിത്തുകൾ അതിലേറെയുണ്ടാവും.
      നിരീശ്വരൻ വായിച്ചുതുടങ്ങുമ്പോൾ ശിങ്കിടിമുങ്കനേപ്പോലെയൊരു കോമിക്ദൈവമെന്നേ തോന്നൂ.ഈശ്വരൻമാരെ കളിയാക്കാൻ ബോധപൂർവം സൃഷ്ടിച്ച താണെന്നതാണ് പ്രത്യേക.പ്രൈമറിഗണിതപുസ്തകത്തിലെ മതമൈത്രിപോലെ(ചോദ്യങ്ങളിലെല്ലാം ഒരുഹിന്ദു ഒരു കൃസ്ത്യൻ ഒരു മുസ്‌ലിം പേര് നിർബന്ധം) ഇരുസംഘങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള തുടക്കവും ഒരു കോമിക് അന്തരീക്ഷം സൃഷ്ടിക്കുന്നതിനുതകുന്നുണ്ട്.ആന്റണി ഭാസ്കരൻ സഹീർ  എന്നിവർചേർന്ന സംഘം ആഭാസൻ എന്നപേരുസ്വീകരിക്കുന്നതിലും ,തങ്ങളുണ്ടാക്കുന്ന ദൈവത്തിന് തലയുംകൈകളും വേണ്ട എന്നുതീരുമാനിക്കുന്നതിലുമൊക്കെയുള്ള ബുദ്ധിഹാസ്യം (vit) നൽകുന്ന മാനം നോവലിൻറെ പൊതുമാനത്തിന് കടകവിരുദ്ധമാണ്.

അർണോസ് ,  ഈശ്വരൻ , സൈദ് .ഈ മൂന്നു പേരടങ്ങുന്ന സംഘം വിശ്വാസസമൂഹത്തിന്റെ ഉത്തുംഗമാതൃകകളാണ്. എട്ടാംക്ലാസിൽ ഈശ്വരൻ പഠിപ്പ് നിർത്തുന്നതോടെ, ആ സംഘത്തിലെത്തുന്ന ഇന്ദ്രജിത്ത് ആത്മീയത യോട് പോരടിക്കാൻ നിൽക്കാത്ത  ഭൗതിക വാദിയാണ്. ആന്റണി ഭാസ്കരൻ സഹീർ എന്നീ ആഭാസന്മാർ ആവട്ടെ ആത്മീയതയോട് ഏതുവിധത്തിലും പോരടിക്കണം എന്ന് വിശ്വസിക്കുന്ന ഭൗതികവാദികളും.

പൂജാരിയായിരുന്ന ഈശ്വരൻ ,തനിക്ക് ഒരു പങ്കും ഇല്ലാത്ത  മോഷണക്കേസിൽ അകപ്പെട്ട് സാമാന്യ ജീവിതത്തിൽ നിന്നും ബഹിഷ്കൃതനാകുന്നു. അപകടത്തിൽപ്പെട്ട ഇന്ദ്രജിത്ത്  ഭൗതിക ജീവിതത്തിൽ നിന്നും വെട്ടി മാറ്റപ്പെട്ടു .മറുനാട്ടിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചതോടെ സൈദും ഗ്രാമത്തിന് അന്യനാവുന്നു. ഇവരുടെ അഭാവമുണ്ടാക്കിയ വിടവിലേക്കാണ് ആഭാസന്മാർ സ്വയം നിറയുന്നത്. ആഭാസന്മാർ വാഴുന്ന തെരുവിന് ആഭാസത്തെരുവ് എന്ന് നാമകരണം ചെയ്തുകൊണ്ട് അവർ തങ്ങളുടെ പ്രവൃത്തി തുടങ്ങിവയ്ക്കുന്നു.നിരീശ്വരവിഗ്രഹപ്രതിഷ്ഠയായി പിന്നത്തെ ക്രിയ.ഭാസ്‌കരന്റെ ശിൽപ്പത്തിൽനിന്നും ശിരസും കരവും വേർപെടുത്തുന്നു.തലപോയാൽ ചിന്താശേഷിയും ബുദ്ധിയും നഷ്ടപ്പെടുമല്ലോ.കൈപോയാൽ പ്രവർത്തനശേഷിയും. (കവർ ഡിസൈൻ ചെയ്ത  ബോണി ബാസ്റ്റ്യനെ നമിക്കണം.പുതിയ പതിപ്പിൽ  പെണ്ണുടലിന്റെ വശ്യതയുള്ള ആണുടൽവിഗ്രഹം കണ്ടെത്തി കവർ രൂപകല്പ്പന ചെയ്തതിന്)
      ആത്മാവുതറക്കുപണ്ടേ അഭൗമമായൊരു ചൈതന്യമുണ്ടെന്നസൂചന(ഒരു മൂത്രസത്യം) തരുന്നുണ്ട്. നിരീശ്വരൻ പ്രതിഷ്ഠിതമായി ഉടനേ ലഭിക്കുന്ന നിവർത്തിക്കാനാവാത്ത വരപ്രാർത്ഥനകൾ നിവർത്തിതമാവുന്നതോടെ തട്ടകത്തിന്റെ ദേവതയായി നിരീശ്വരനുയരുന്നു.നേരിട്ട് പ്രാർത്ഥിക്കാനാവാത്തവർക്കുസഹായത്തിന് കൂലിക്കു പ്രാർത്ഥിക്കുന്ന സംഘം നിലവിൽ വന്നത് ദേവന് പ്രസിദ്ധിയും ഭക്തർക്ക് സൗകര്യവുമാകുന്നു.യേശുവിനെപ്പോലെ തട്ടകവേശ്യയായ ജാനകിയെ പരിശുദ്ധയാക്കുന്നു.മണത്തെപ്പറ്റി ഗവേഷണം നടത്താനെത്തിയ റോബർട്ടോയുടെ സഹായം അതിനൊരുകാരണവുമായി. ഇരുപത്തിനാലുവർഷം  അബോധാവസ്ഥയിൽ കിടന്ന ഇന്ദ്രജിത്ത് ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനും  കാരണമായത്, ഒരുവിധത്തിൽ റോബർട്ടോ തന്നെ.
സൈക്കിൾ യജ്ഞക്കാരനൊപ്പം നാടുവിട്ട്; നാലുപെൺമക്കളോടൊപ്പം അനാഥയായിജീവിക്കുന്ന, ഘോഷയാത്ര അന്നാമ്മ അവരുടെ ശത്രു ബാർബർ മണിയന്റെ ആത്മമിത്രമാവുന്നു.തട്ടകം ഇനിയുമെത്രയോ അദ്ഭുതങ്ങൾക്ക് സാക്ഷിയായി.
     ആദ്യമൊക്കെ ആഭാസൻമാരുടെ ഭാഗത്തായിരുന്ന നോവലിസ്റ്റ് മെല്ലെ മറുകണ്ടം മറിയുന്നു.നിരീശ്വരൻ ജയിംസിൽ ഈശ്വരനായി നിറയുകയും,ലോകത്തെ മാറ്റാനിറങ്ങിയ മുഴുവനവതാരങ്ങളിലെയും നൻമയിൽ ചേരുകയും ചെയ്യുന്നു.
നോവലിൽ ഉടനീളമുള്ള ഗൗരവമായ ചിന്തകൾ ഇതിനൊരു ബൗദ്ധീകമാനം നൽകുന്നു.ഈശ്വര സങ്കൽപ്പത്തിലെ അശാസ്ത്രീയത തുറന്നുകാട്ടാനിത് ഉപയോഗപ്പെടുമെന്നുവായനക്കാരൻ വിചാരിക്കുന്നിടത്താണ് കഥാകാരൻ ഈ മറുകണ്ടം ചാടൽ. ഈശ്വരത്വത്തിന്റെ പതാകവാഹകനാവാനാണ് നിരീശ്വരൻ അവതരിച്ചതെന്ന അറിവ് വായനക്കാരനെ ഒട്ടൊന്ന് പരിഭ്രമിപ്പിച്ചേക്കാം.

"ആവർത്തനങ്ങൾകൊണ്ട് വഴക്കപ്പെട്ട വെറും ശീലം മാത്രമല്ലേ ജീവിതം".

രതീഷ് കുമാർ
🌾🌾🌾🌾🌾