08-07-19






📚📚📚📚📚📚
ഹിമവാന്റെ മുകൾത്തട്ടിൽ
(യാത്രാ വിവരണം)
രാജൻ കാക്കനാടൻ
പൂർണ


 

 

ഹിമാലയത്തിലേക്കുള്ള യാത്രകൾ നമ്മളെ ത്രസിപ്പിക്കുന്നതാണ്. കാളിദാസന്റെ കാവ്യഭാവനയെപ്പോലും നിരന്തരം പ്രചോദിപ്പിച്ച ഹിമാലയ പർവ്വതത്തെ ദേവതാത്മാവായാണ് പരിഗണിച്ചു വരുന്നത്.
"അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ
ഹിമാലയോ നാമ നഗാധിരാജ:
പൂർവ്വാപരൗ വാരി നിധീ വ ഗാഹ്യ
സ്ഥിത: പൃഥി വ്യാ ഇവ മാനദണ്ഡ: "
കുമാര സംഭവത്തിലെ ഒന്നാം ശ്ലോകം ഹിമാലയ ത്തോളം പ്രസിദ്ധമാണ്. ഹിമാലയത്തിന്റെ മുഗ്ദ്ധ ഭാവങ്ങളിൽ ആകർഷിക്കപ്പെട്ട് ദിനംതോറും അവിടെയെത്തുന്ന ധാരാളം സഞ്ചാരികൾ ... കൊടിയ മഞ്ഞിലൂടെയും തണുപ്പിലൂടെയുമുള്ള അതിസാഹസികമായ യാത്ര...' മാർഗേ ശിലീഭൂത ഹിമേ " എന്ന് കാളിദാസൻ പോലും പറയുന്ന വഴിത്താരകൾ.. അതിലൂടെ ഏകാകിയായി കാൽനടയാത്ര ചെയ്യുന്ന അവധൂതനായൊരു യാത്രികൻ... രാജൻ കാക്കനാടൻ .
ഹരിദ്വാറിൽ നിന്ന് കേദാർനാഥിലേക്കും അതുവഴി ബദരിനാഥിലേക്കും ഒടുവിൽ തുംഗനാഥിലേക്കുമുള്ള ഒരു കാൽനടയാത്ര.1975 ജൂണിൽ തുടങ്ങിയ ഈ യാത്രയുടെ അനുഭവങ്ങൾ രണ്ടു പതിറ്റാണ്ടിനിപ്പുറവും വായനക്കാരുടെ ഹൃദയത്തിൽ ചെന്നു തൊടുന്നു.
         മൗണ്ട് ആബുവിൽ വച്ച് കൃഷ്ണ ശരൺ എന്ന സന്യാസി യിൽ നിന്നുമാണ് ഹിമാലയൻ യാത്രയുടെ പ്രാധാന്യം രാജൻ കാക്കനാടൻ അറിഞ്ഞത്. ഋഷി ശ്രേഷ്ഠനായ വസിഷ്ഠ മുനിയുടെ ശിഷ്യ പരമ്പരയിലെ 108 -മത്തെ ശിഷ്യനാണത്രേ കൃഷ്ണ ശരന്റെ ഗുരു .1975 ജൂൺ ആദ്യവാരത്തിൽ രാജസ്ഥാനിൽ നിന്നു ഡൽഹിയിലേക്കും അവിടെ രണ്ട് ദിവസം തങ്ങി പിന്നീട് ട്രെയിൻ മാർഗം ഹരിദ്വാറിലേക്കും ലേഖകൻ യാത്ര ചെയ്യുന്നു. ഹരിദ്വാറിൽ നിന്നു ഹൃഷികേശ് വരെ ടാക്സി മാർഗം യാത്ര ചെയ്തു.ഹൃഷികേശിൽ ഒരു രാത്രി ചെലവഴിച്ച ശേഷം കാൽനടയായി ഹിമവാനിലേക്ക് .....
ഹൃഷികേശിൽ നിന്ന് വടക്കോട്ടുയാത്ര തിരിച്ചാൽ അറുപത് എഴുപത് കി.മീ. നുള്ളിലാണ് ആദ്യ താവളം ദേവപ്രയാഗ്. ഭാഗീരഥിയും അളകനന്ദയും ഒന്നിച്ചു ചേരുന്ന ദേവപ്രയാഗ് പുരാണ പ്രസിദ്ധമാണ്.ദേവപ്രയാഗിൽ നിന്ന് ഒരു വഴി കേദാർനാഥ് - ബദരീനാഥ് എന്നിവിടങ്ങളിലേക്കും മറ്റൊരു വഴി ഗംഗോത്രിയിലേക്കും തിരിയുന്നുണ്ട്. ലേഖകൻ കേദാർനാഥ് - ബദരീനാഥ് എന്നിവിടങ്ങളിലേക്കുള്ള വഴിയാണ് തിരഞ്ഞെടുത്തത്.
     നാലാം ദിവസം വൈകിട്ട്അഞ്ചു മണിയോടെ ഗഡുവാളിലുള്ള ശ്രീനഗർ പട്ടണത്തിലെത്തുന്നു.അവിടെ നിന്ന് രുദ്രപ്രയാഗ് ലക്ഷ്യമാക്കി നടക്കുന്നു. രുദ്ര പ്രയാഗിൽ വച്ച് മന്ദാകിനി നദിയും അളകനന്ദയും പരസ്പരം സന്ധിക്കുന്ന കാഴ്ച മനോഹരമായിത്തന്നെ വിവരിക്കുന്നുണ്ട്. ഗഡുവാളികളുടെ ജീവിത ചിത്രണങ്ങൾ തുടർന്നുള്ള വരികളെ സ്പന്ദിപ്പിക്കാൻ പര്യാപ്തമാണ്. കേദാർനാഥിന്റെ മായിക സൗന്ദര്യം വരികളിലാ വിഷ്കരിക്കാൻ യാത്രികൻ കൃതഹസ്തനാണ്. നാഗാസ്വാമികളുടെ ഗുഹയിലുള്ള താമസവും ചിലത്തിൽ നിറച്ച കഞ്ചാവിന്റെ രൂക്ഷ ഗന്ധവുമെല്ലാം വായനക്കാരനെ വേറേതോ ലോകത്തേക്ക് എത്തിക്കുന്നു.
     കേദാർ ക്ഷേത്രം ഉത്തരഖണ്ഡത്തിലെ മറ്റു ക്ഷേത്രങ്ങളെ പോലെ വർഷത്തിൽ 6 മാസമേ തുറക്കാറുള്ളൂ.കേദാർനാഥിന്റെ മാസ്മരിക ഭംഗി മുഴുവൻ രാജൻ കാക്കനാടൻ വരികളിലാവാഹിക്കുന്നുണ്ട്.
     കേദാർനാഥിൽ നിന്ന് ബദരീനാഥിലേക്ക് ഒരു നേർരേഖ വരച്ചാൽ 30 കി.മീറ്ററിലധികം കാണില്ല. ബദരിയിൽ വച്ചു കണ്ട ഒരു ശൈവ സന്യാസി ലേഖകനോട് പറഞ്ഞത്, സത്യയുഗത്തിൽ കേദാറിൽ പ്രഭാത പൂജ നടത്തിയ അതേ സന്യാസി തന്നെ മലയടിവാരത്തിലൂടെ സഞ്ചരിച്ച് സന്ധ്യാ പൂജയ്ക്ക് ബദരിയിലെത്തി അതും നിർവഹിച്ചിരുന്നുവെന്നാണ്. എന്നാൽ കാലാകാലങ്ങളിലായി മനുഷ്യർ ചെയ്തു വന്ന പാവ പ്രവൃത്തികൾ കുമിഞ്ഞുകൂടി മഞ്ഞുമലകളായി മാറി, ഇന്നാ മാർഗം അടഞ്ഞിരിക്കുന്നു പോലും .
കേദാറിൽ നിന്ന് ബദരിയിലേക്ക് ഏറെക്കുറെ 200 കി.മീ. കാൽനടയാത്രയുണ്ട്. കേ ദാറിൽ നിന്ന് അയ്യായിരത്തോളം അടി മലയിറങ്ങി ഗൗരീകുണ്ഡിലെത്താം.ഗൗരീ കുണ്ഡം തപോനിഷ്ഠയായ പാർവ്വതിയുടെ കുളിക്കട വായിരുന്നു എന്നാണ്ഐതിഹ്യം. അവിടെ നിന്ന് കുത്തിയൊലിച്ചൊഴുകുന്ന സോനാർഗംഗ തരണം ചെയ്ത് സോനപ്രയാഗിൽ ... സോനപ്രയാഗിൽ നിന്ന് അതിരാവിലെ നടന്ന് ഉച്ചയോടു കൂടി ഫാട്ടായിൽ. വഴിയിൽ കാണുന്ന ഗഡുവാളികളിൽ നിന്ന് അന്നം കഴിച്ചെന്നു വരുത്തി ഗുപ്തകാശി വഴി തുംഗനാഥിലേക്ക് .. വഴിയാത്രയ്ക്കിടയിലെ താവളങ്ങൾ ... മരണം മണക്കുന്ന താഴ്വാരങ്ങൾ ... ഭംഗിന്റേയും കഞ്ചാവിന്റേയും പുകയിൽ കൊടിയ തണുപ്പിനെ അകറ്റാൻ ശ്രമിക്കുന്ന കാഷായവസ്ത്രധാരികൾ.. ഏകാകികളായ പഥികർ ....
   ഹനുമാൻ ഘട്ട് എന്ന ഗ്രാമം.. അവിടെ പഹാഠികളിൽ നിന്ന് ആതിഥ്യം സ്വീകരിച്ചുകൊണ്ടുള്ള യാത്രയിൽ പിന്നീടെത്തുന്നത് കരടിയുടെ സങ്കേതത്തിലാണ്. മരണത്തെ മുന്നിൽ കാണുന്ന ചില നിമിഷങ്ങളെ വളരെ സ്വാഭാവികമായി ലേഖകൻ നേരിടുന്നു. ബദരിയിൽ നിന്നുള്ള യാത്രയിൽ ചമോളിവിട്ട ശേഷം ആദ്യമായി ഒരു തീർത്ഥാടകനെ വഴിയിൽ കണ്ടുമുട്ടിയ സന്തോഷം പങ്കുവയ്ക്കുന്നുണ്ട്.... അയർലണ്ടുകാരനായ ജോൺ തന്റെ ഊന്നുവടി ലേഖകനു നൽകുന്നുണ്ടെങ്കിലും അദ്ദേഹമത് സ്നേഹപൂർവ്വം നിരസിക്കുന്നു.
ഒടുവിൽ മഞ്ഞു വീണ ഹിമവൽസാനുക്കളിൽ തട്ടിയും തടഞ്ഞും തെന്നി വീണുമൊക്കെ തുംഗനാഥ ക്ഷേത്രത്തിൽ.. തുംഗനാഥ സന്നിധിയിലെ കാഴ്ചകൾ അക്ഷര ചിത്രങ്ങളായി കാക്കനാടൻ വായനക്കാർക്ക് സമ്മാനിക്കുന്നുണ്ട്.
ചമോളി ധർമ്മശാലയിലെ അനുഭവങ്ങൾ, പിപ്പൽക്കോട്ടിലേക്കുള്ള യാത്ര ,ജ്യോഷിമഠിലെ ശ്രീ ശങ്കരഅദ്വൈതാശ്രമത്തിലെ സന്യാസികളുടെ സ്നേഹ രഹിതമായ പെരുമാറ്റം തുടങ്ങിയവ യാത്രയിലെ ദുരിതകാണ്ഡങ്ങൾ ... പാണ്ഡുരംഗ വഴി ബദരീനാഥിലേക്കുള്ള യാത്ര അവസാനിക്കുമ്പോൾ ഉത്തരേന്ത്ര്യൻ ഗ്രാമ ചിത്രങ്ങളുടെ ധാരാളം നേർസാക്ഷ്യങ്ങൾ വായനക്കാരന് സ്വന്തമാകുന്നു.

യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്ന സന്യാസികൾ ... ഗ്രാമീണർ.. വഴിയമ്പലങ്ങൾ.. ആൾപ്പാർപ്പില്ലാത്ത മഞ്ഞു ഗുഹകൾ..ഒരു ബൊഹീമിയൻ ചിത്രത്തിലേതുപോലെ യാത്രികൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. മരണത്തിനും ജീവിതത്തിനുമിടയിലൂടെയുള്ള നൂൽപ്പാലത്തിലൂടെ ഒരു യാത്ര... സത്യത്തിലേക്കുള്ള വഴി ദുർഘടമാണ് എന്ന് വിളിച്ചോതുന്ന യാത്ര... ആപൽ സന്ധികളെ തരണം ചെയ്ത്ഒടുവിൽ ബദരിയിലെത്തിയ ലേഖകനോടൊപ്പം വായനക്കാരനും ദീർഘമായി നിശ്വസിക്കുന്നുണ്ട്.
ട്രാവലോഗുകൾ ഇന്നത്തെ സാഹിത്യത്തിലെ പ്രിയ വിഭവങ്ങളാണ്. ഹിമാലയൻ യാത്രകളെ പറ്റിയുള്ള മലയാളവിവരണങ്ങളിൽ തപോവനസ്വാമികളുടെ കൈലാസയാത്ര, ഹിമഗിരി വിഹാരം എന്നിവയാണ് പ്രഥമ പ്രധാനം. പിന്നീട് ഉത്തരാഖണ്ഡിലൂടെ, ഹൈമവതഭൂവിൽ എന്നീ സ മീപകാല കൃതികൾ. മലയാളിയെ ഏറെ സ്പർശിച്ച, മലയാളി അനുഭവിച്ച ഹിമാലയൻ യാത്ര രാജൻ കാക്കനാടനോടൊത്തുള്ളതാണെന്ന് നിസ്സംശയം പറയാം.കാരണം അക്ഷരാർത്ഥത്തിൽ അത് വായനക്കാരനെ ഹിമവാന്റെ മുകൾത്തട്ടിലെത്തിക്കുന്നു.

വാൽക്കഷണം:
പിപ്പൽക്കോട്ടിലേക്കുള്ള യാത്ര എന്ന അധ്യായത്തിന്റെ ഒരു ഭാഗം ഏഴാം ക്ലാസിലെ മലയാള പാഠപുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ' അളകനന്ദയുടെ വെള്ളാരങ്കല്ലുകൾ ' എന്ന പേരിൽ .
രജനി സുബോധ്
🌾🌾🌾🌾🌾🌾
📚📚📚📚📚
ഗ്രന്ഥകാരനെ പറ്റി -
ചിത്രകാരനായ രാജൻ കാക്കനാടൻ (1942- 1991) പ്രശസ്ത സാഹിത്യകാരൻ കാക്കനാടന്റെ അനുജനാണ്. ഇന്ത്യയൊട്ടാകെ അനേക തവണ ചുറ്റി സഞ്ചരിച്ചിട്ടുണ്ട്. നാടകം, സിനിമ തുടങ്ങിയ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. അരവിന്ദൻ ചിത്രമായ 'എസ് തപ്പാനി'ലെ നായകനായിരുന്നു. അമർനാഥ് ഗുഹയിലേക്ക് [യാത്രാ വിവരണം], നേരമല്ലാത്ത നേരത്ത് [നോവൽ) എന്നിവ ഇതര കൃതികൾ.1975 ൽ ഹിമാലയത്തിലേക്ക് നടത്തിയ കാൽനടയാത്രയാണ് ഈ പുസ്തകത്തിന്റെ രചനയ്ക്കു പിന്നിൽ...

📚📚📚📚📚