14-09-19

ഇന്നത്തെ നവ സാഹിതിയിലേക്ക് എല്ലാ സഹൃദയർക്കും ഹൃദ്യമായ സ്വാഗതം..🙏🌹🌹🙏
ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാന്നിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." തുടർന്ന് വായിക്കാം..👇🏻
രണ്ടാഴ്ചത്തെ ഇടവേളക്കു ശേഷം പ്രണയത്തിന്റെ ഞാണിന്മേൽ കളി തുടരുന്നു..🌹👇🏻
ഇതാണ് ഞാൻ...
ആത്മായനം
ജസീന റഹീം

1994-96..
എം.എ പഠന കാലം സങ്കടങ്ങളുടേത് മാത്രമായിരുന്നു.. ഒരു വശത്ത് വീട്ടിലെ സാമ്പത്തിക ഞെരുക്കങ്ങൾ.. പഠിത്തം നിർത്താനുള്ള നിർബന്ധിക്കലുകൾ.. ഇടക്ക് വന്നുകൊണ്ടിരുന്ന വിവാഹാലോചനകൾ.. മറുവശത്ത് പ്രാരാബ്ധങ്ങളുടെ നടുക്കടലിൽ ഓട്ടത്തോണിയുമായി നിൽക്കുന്നൊരാൾ..മറ്റൊരു ജീവിതത്തെ കൂടി എങ്ങനെ അതിലേക്ക് വലിച്ച് കേറ്റുമെന്ന ആധിയിൽ വലയുന്ന കാഴ്ച.. എന്തുമാത്രം വേവലാതികളുടെയും സങ്കടങ്ങളുടെയും നടുവിലാണ്,എം.എയുടെ ദീർഘമായ രണ്ടു വർഷങ്ങൾ പൂർത്തിയാക്കിയത്.. രണ്ടു വർഷങ്ങൾക്കിടയിൽ ആകെ പരസ്പരം കണ്ടത് അഞ്ചോ ആറോ തവണ.. എനിക്ക് അയക്കുന്ന കത്തുകൾ ഏറെയും വഴിയിലെവിടെയോ  ഇല്ലാതായിരുന്നു എന്ന യാഥാർഥ്യം എത്രയോ കാലങ്ങൾ കഴിഞ്ഞാണറിയുന്നത്.. എന്റെ വീട് വളരെ താഴ്ന്ന പ്രദേശത്ത് വയലിന്റെ ഭാഗത്തായിരുന്നതിനാൽ പോസ്റ്റുമാൻ താഴെ ഇറങ്ങാൻ മടി കാരണം മുകളിലെ ഏതെങ്കിലും  വീട്ടിൽ ഏൽപ്പിച്ചു പോകയായിരുന്നു പതിവ്. എനിക്കൊരു പ്രണയമുണ്ടെന്ന് അയൽക്കാർ ഇതിനകം എങ്ങനെയോ മനസിലാക്കിയിരുന്നു.. എന്റെ മേൽവിലാസത്തിൽ വന്ന കത്തുകൾ പലതും അപ്രത്യക്ഷമായതിന്റെ പ്രധാന കാരണവും അതായിരുന്നു.. എന്റെ നല്ലവരായ അയൽക്കാർ പ്രണയലേഖനം വായിക്കാനുള്ള കൗതുകം കൊണ്ട് പല കത്തുകളും പൊട്ടിച്ച് വായിച്ചിട്ട് ഉപേക്ഷിച്ചിരുന്നു.. പശ പാതി ഇളകിയതും, ഒട്ടുമേ ഒട്ടാത്തതുമായ ചിലതൊക്കെ എപ്പോഴെങ്കിലുമൊക്കെ കിട്ടിയിരുന്നു.. ആശയ വിനിമയത്തിനു നേരിട്ട ദൈർഘ്യം പലപ്പോഴും പ്രതിസന്ധികൾ സൃഷ്ടിച്ചു..
കുട്ടികൾക്ക് ട്യൂഷനെടുക്കുന്നതിനൊപ്പം പത്രത്തിൽ കാണുന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷകൾ അയച്ചു തുടങ്ങി.. അങ്ങനെയാണ് കൊട്ടാരക്കരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ക്ലെറിക്കൽ പോസ്റ്റിന്റെ ഇൻറർവ്യൂവിന് കത്ത് വന്നത്.. ആദ്യമായി ഞങ്ങൾ ഒരുമിച്ച് നടത്തിയ യാത്രയായിരുന്നു അത്.എന്നെ തനിച്ച് വിടാതെ എന്റൊപ്പം വന്നു.. ആദ്യമായി ഒന്നിച്ച് ഭക്ഷണം കഴിച്ചെങ്കിലും പേടിയും ടെൻഷനും കൂടീട്ട് ആകെ വിയർത്ത് വിറച്ച് പോയിരുന്നു.. കാണാൻ കൊതിച്ചാലും അടുത്തെത്തുമ്പോൾ സംസാരം കുറയുന്ന ഒരു രോഗം എന്നെ പിടികൂടിയിരുന്നു.. അവനാകട്ടെ കൂടുതൽ സംസാരിച്ചുകൊണ്ടിരുന്നു..
എം.എ കഴിഞ്ഞ് കൂട്ടുകാരൊക്കെ ബി.എഡിന് പോകാൻ ശ്രമിച്ചപ്പോൾ  അപേക്ഷിക്കാൻ ഞാനും തീരുമാനിച്ചു.. ഡിഗ്രി ക്ലാസിലെ കൂട്ടുകാരിൽ ചിലർ ഡിഗ്രി കഴിഞ്ഞ ഉടനെ ബി.എഡിന് പോയിരുന്നു.. അന്ന് ബി.എഡ് ഒരു വർഷമായിരുന്നു.. എനിക്ക് ബി.എഡിന് പോകണമെന്ന് പറഞ്ഞ ഉടനെ എന്നെയും കൂട്ടി വർക്കല ബി.എഡ് കോളേജിലേക്കവൻ പോയി.. ഒരുമിച്ചുള്ള രണ്ടാമത്തെ യാത്രയായിരുന്നു അത്... ഒന്നിച്ചുള്ള യാത്രകൾ ഞങ്ങളെ കൂടുതൽ അടുപ്പിച്ചു.. പ്രണയ ചാപല്യങ്ങളേതുമില്ലാതെ തികഞ്ഞ പാകതയോടെയുള്ള പെരുമാറ്റങ്ങളെ ഞാൻ തെല്ലൊരാശ്ചര്യത്തോടെയാണ് നോക്കിക്കണ്ടത്..
 തിരുവനന്തപുരം ബി.എഡ് ഗവ. ട്രെയിനിംഗ് കോളേജിലേക്കുള്ള അപേക്ഷ തപാൽ വഴിയായിരുന്നു വന്നതും,തിരിച്ച് പ്രതീക്ഷയേതുമില്ലാതെ അയച്ചതും..
ഫാത്തിമയിലെ ക്ലാസ്മേറ്റ്സിനിടയിൽ കത്തിലൂടെ സൗഹൃദം സൂക്ഷിച്ച കൂട്ടുകാരനായിരുന്നു സുനി.. മനു എന്ന മനോജ് കുമാർ ഒന്നിച്ച് പഠിക്കുന്ന കാലത്ത് മൗനത്തിന്റെ വത്മീകത്തിനുള്ളിൽ സ്വയം ഒളിപ്പിച്ചവൻ,പിന്നീട് എന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായി.. ഞങ്ങളുടെ വീടുകൾ അടുത്തായിരുന്നു..ഇടയ്ക്കു വഴികളിലെവിടെയെങ്കിലും വച്ചു കണ്ടുമുട്ടി.. അവന്റെ കത്തുകൾ ഇല്ലാതെ ഞാൻ വിഷമിച്ച നാളുകളിൽ എനിക്ക് സാന്ത്വനം പകർന്ന രണ്ടു കൂട്ടുകാരായിരുന്നു മനുവും സുനിയും..
ഇതിനിടയിൽ ഒപ്പം പഠിച്ച പെൺകുട്ടികൾ പലരും കുടുംബിനിമാരായി മാറിക്കഴിഞ്ഞിരുന്നു..
പ്രീഡിഗ്രിക്കാലത്തെ എന്റെ കിറുക്കുകളുടെ തോഴിമാരിൽ ഒരാളായ ബിന്ദുവും സുന്ദരനായൊരു ഗൾഫുകാരനെ കല്യാണം കഴിച്ചു പോയി..
കത്തുകൾക്ക് മറുപടി കാണാതെ കാത്തിരുന്നൊരു ദിവസം മദ്രാസിൽ നിന്നുമവന്റെ കത്ത് വന്നു., കൂട്ടുകാരന്റെ ഗൾഫു യാത്രയ്ക്ക് മദ്രാസ് വരെ കൂട്ടു പോയതായിരുന്നു.. താനും ഉടനെ ഗൾഫിലേക്ക് പോയേക്കാമെന്നൊരു സൂചനയായിരുന്നു ആ കത്ത്. മദ്രാസിൽ നിന്നു വന്നയുടനെ ഞാൻ എം.എ പരീക്ഷയുടെ  ഹാൾ ടിക്കറ്റ് വാങ്ങാൻ പോയ ദിവസം എന്നെ കാണാൻ വന്നു.. കൊല്ലം ചിന്നക്കടയിലെ പോസ്റ്റ് ഓഫീസിലായിരുന്നു ഞങ്ങൾ  മിക്കപ്പോഴും കാണാറുണ്ടായിരുന്നത്..
എം. എ പരീക്ഷയുടെ ദിവസങ്ങൾ ഒന്നൊന്നായി കടന്നു പോയി.. എന്റെ വേവലാതികളുടെ നടുവിൽ വ്യാകരണവും ക്രിറ്റിസിസവുമൊക്കെ എനിക്ക് വഴങ്ങാതെ മാറി നിന്നതിനാൽ ഓരോ പരീക്ഷയും കഴിഞ്ഞിറങ്ങുമ്പോൾ ജയിക്കുമോയെന്ന ഭയമലട്ടാൻ തുടങ്ങി..
ഒരാളെ പ്രണയിക്കുക എന്നത് മരണത്തിനും ജീവിതത്തിനുമിടയിലുള്ള ഞാണിൻമേൽ കളിയാണെന്ന സത്യം നെഞ്ചു പൊടിയുന്ന വേദനയോടെ തിരിച്ചറിഞ്ഞു.. അവനു വേണ്ടി ഏതു യാതനകളെയും സഹിക്കാനാവുമെന്നെനിക്കുറപ്പായിരുന്നു.. കാരണം അത്രമേൽ ശക്തമായി ഞാനവനെ ആഗ്രഹിച്ചിരുന്നു.. എനിക്ക് വേണ്ടി കല്യാണാലോചനകളുമായി വരുന്നവരെ ഞാൻ പകയോടെ നോക്കി,ഉപദേശിച്ചവരെല്ലാം ശത്രുക്കളായി.. ഉമ്മായുമായി നിരന്തരം വഴക്കായതോടെ വീട്ടിലെ ജീവിതം ദുസ്സഹമായി.. എല്ലാവർക്കുമിടയിൽ ഒറ്റപ്പെട്ടു പോകുന്നതിന്റെ നൊമ്പരം ഞാനറിഞ്ഞു..
ഉമ്മാടെ മൂത്താങ്ങള,ഞങ്ങളുടെ വല്യമാമ വർഷങ്ങളുടെ ഇടവേളകളിൽ മധ്യ പ്രദേശിൽ നിന്ന് നാട്ടിൽ വന്നു പൊയ്ക്കൊണ്ടിരുന്നു..മാമായ്ക്ക് ട്രെയിൻ യാത്രയ്ക്കുള്ള ടിക്കറ്റുകൾ എപ്പോഴും ഞാനായിരുന്നു ബുക്ക് ചെയ്ത് കൊടുത്തിരുന്നത്.. മാമ വരുമ്പോൾ സമ്മാനമായി എനിക്ക് ചുരിദാർ കൊണ്ടു വന്നു..
 ഡിഗ്രി കാലത്ത് സാരിയുടുത്തു തുടങ്ങിയ ഞാൻ ഡിഗ്രി മൂന്നാം വർഷമായപ്പോൾ ചുരിദാറിലേക്ക് മാറിയിരുന്നു.. വല്യമാമ ആയിരുന്നു എനിയ്ക്കാദ്യമായി മഞ്ഞയിൽ നിറയെ സ്വീക്കൻസ് പതിപ്പിച്ച ഒരു ചുരിദാർ വാങ്ങിത്തന്നത്.. ഇഷ്ടമുള്ള  സാരികൾ വാങ്ങാൻ വീട്ടിൽ ബുദ്ധിമുട്ടായതിനാൽ ജാസിന്റെയും മറ്റു ബന്ധുക്കളുടെയും സാരികൾ മാറി മാറി കോളേജിൽ ഉടുത്തു.. എം. എ ആയതോടെ ചുരിദാറായി വേഷം.. സാരി എന്റെ ശരീരത്തിന്റെ മെലിച്ചിലിനെ കൂടുതൽ വ്യക്തമാക്കിയിരുന്നു എന്നതിനാലാണ് ചുരിദാറിലേക്ക് മാറിയത്..
          എം.എ ആയപ്പോഴേക്കും എന്റെ വേഷവും രൂപവുമൊക്കെ കുറേ മാറിത്തുടങ്ങിയിരുന്നു..
 പ്രണയം ഒരുവളെ ഒരേ സമയം വേദനയും സന്തോഷവും സൗന്ദര്യവുമുള്ളവളാക്കുന്നു..
 എം.എ ക്ലാസിലെ അടുത്ത കൂട്ടുകാരായിരുന്നു ബേബിയും ഷൈനിയും..ബേബി വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് സ്വന്തം നാട്ടുകാരനായ ഒരാളുമായി ഗാഢമായ പ്രണയത്തിലായിരുന്നു.. ഒന്നിച്ച് ജീവിച്ചില്ലങ്കിൽ ഒന്നിച്ച് മരിക്കുമെന്ന വിധമുള്ള പ്രണയം..പക്ഷേ വളരെ ലാഘവത്തോടെ അവർ പിന്നീട് രണ്ടു ജീവിതങ്ങൾ തേടിപ്പോവുകയാണുണ്ടായത്.. കല്ലടയിൽ നിന്നും വന്നിരുന്ന ഷൈനി പ്രായത്തിൽ ഞങ്ങളെക്കാൾ മുതിർന്നതാണെങ്കിലും എല്ലാ സങ്കടങ്ങളും പറയാവുന്ന ഉറ്റ ചങ്ങാതിയായി.. എം. എ ആദ്യ വർഷം തന്നെ അവളുടെ വിവാഹം കഴിഞ്ഞു.. ഉളിയക്കോവിലിലെ അവളുടെ ഭർതൃഗൃഹത്തിലേക്ക് പിന്നീട് പലപ്പോഴും അവളോടൊപ്പം പോയി.. വിവാഹം ഒരു പെൺകുട്ടിയുടെ ജീവിതത്തെ എത്രമാത്രം അലങ്കോലപ്പെടുത്തുമെന്ന് ഷൈനിയുടെ സങ്കടങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞു..
എം. എ പരീക്ഷകൾ കഴിഞ്ഞ് .. ലൈബ്രറിയും വായനയും കുട്ടികൾക്ക് ട്യൂഷനുമായി ദിവസങ്ങൾ പോകവേ ഡിഗ്രി ക്ലാസ്സിലെ കൂട്ടുകാരി മെറീനയുടെ കല്യാണമായി.. 1996 മെയ് 12 ഞായറാഴ്ചയായിരുന്നു അവളുടെ കല്യാണം.. ഒരു ഡിപ്ലോമാറ്റിക് കല്യാണം..
                        മെറീനയുടെ കല്യാണത്തിന് ശക്തികുളങ്ങരയിലേക്ക് ഞങ്ങൾ ഒരുമിച്ചാണ് പോയത്.മെറീന ക്ലാസ്സിലെ ഒരു പൂത്തിരിയായിരുന്നു.. ആർത്തിരമ്പി പെയ്ത മഴ പെട്ടെന്ന് നിലച്ചാലെന്ന പോലെ കളിചിരികൾ നഷ്ടമായ മെറീനയെക്കുറിച്ച് പിന്നീടറിഞ്ഞു.. ഒടുവിൽ വെല്ലുവിളികളെയെല്ലാം തരണം ചെയ്ത് അയൽപക്ക പ്രണയത്തെ അവൾ സ്വന്തമാക്കി.. തനിയെ സഹിച്ച സങ്കടങ്ങളാകാം,വിവാഹ ദിവസം വല്ലാതെ മെലിഞ്ഞ് കോലം കെട്ട് പോയിരുന്നു അവൾ.. പ്രണയത്തിനു വേണ്ടി ഏതറ്റം വരെയും പോകാനും ജീവൻ വരെ കളയാനും തയ്യാറായ ഒരു കാഞ്ചന മാല - മൊയ്തീൻ ലെവലിലായിരുന്നു അവൾ.. വീടിനടുത്തുള്ള അവളുടെ ഇഷ്ടത്തെക്കുറിച്ച് ക്ലാസ്സിൽ അധികമാർക്കും അറിവില്ലായിരുന്നതിനാൽ പിന്നീട് കല്യാണമടുക്കാറായപ്പോൾ അറിഞ്ഞ അവളുടെ സഹനസമരകഥകൾ അമ്പരപ്പുളവാക്കി..ഡിഗ്രി കഴിഞ്ഞ് രണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടും ഞങ്ങളെ ഒന്നിച്ചു കണ്ടപ്പോൾ ക്ലാസ്സിലെ മറ്റു കൂട്ടുകാർക്ക് അതിശയമായി..എം. എ യുടെ വൈവ പരീക്ഷയും കഴിഞ്ഞ് റിസൾട്ടിന്  വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നീട്..അവധിയായതിനാൽ പുതുതായി ഒന്നു രണ്ടു കുട്ടികൾക്കു കൂടി ഹോം ട്യൂഷനെടുക്കാൻ തുടങ്ങി.എന്തിലെങ്കിലും മുഴുകിയില്ലെങ്കിൽ സമനില തെറ്റിപ്പോകാവുന്ന ഒരവസ്ഥയിലായിരുന്നു ഞാൻ.. വീടുകളിൽ ചെന്ന് ട്യൂഷനെടുത്താലും  അമ്പത് രൂപയായിരുന്നു അന്ന് ഫീസായി കിട്ടിയിരുന്നത്.. എങ്കിലും ആരെയും ആശ്രയിക്കാതെ കഴിയണമെന്ന തോന്നൽ വളരെ ശക്തമായിരുന്നു.. എം. എ യ്ക്ക് പഠിക്കുമ്പോഴും വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുന്നതും അത്യാവശ്യം മരംകയറ്റവും ഞാൻ നിർവ്വഹിച്ചു വന്നു.. അങ്ങനെയാണ് ആ വേനൽക്കാലത്ത് കിണർ വൃത്തിയാക്കാൻ ഞാൻ കിണറ്റിലിറങ്ങിയത്.. എനിക്ക് മുന്നേ കിണറ്റിലിറങ്ങിയ പെണ്ണുങ്ങൾ ഉണ്ടാവുമോ.. ആവോ....?!! ഒരാവേശത്തിൽ ഇറങ്ങി കിണർ വൃത്തിയാക്കിയെങ്കിലും തിരികെ കയറാൻ ഇത്തിരി ബുദ്ധിമുട്ടിയതിനാൽ ആ പരിപാടി അന്നത്തോടെ അവസാനിപ്പിച്ചു...
                    മെറീനയുടെ വിവാഹ ദിവസം കണ്ടതിൽപ്പിന്നെ ഒരു മാസത്തോളം കത്തോ കാണലോ ഇല്ലാതെ കടന്നു പോയി..
 ജൂൺ പാതിയോടെ എന്നെ ഞെട്ടിച്ചു കൊണ്ട് തിരുവനന്തപുരം ഗവ. ട്രെയിനിംഗ് കോളേജിൽ നിന്ന് ബി എഡിന്റെ ഇന്റർവ്യൂവിനുള്ള മെമ്മോ വന്നു.. ഇന്റർവ്യൂവിന് സമർപ്പിക്കാനുള്ള ജാതി-വരുമാന സർട്ടിഫിക്കറ്റുകൾ സംഘടിപ്പിക്കാനുള്ള തിരക്കുകളിലായി ഞാൻ. തൊട്ടടുത്ത ദിവസം വാപ്പായുമൊത്ത് കോളേജിൽ പോയി അഡ്മിഷൻ എടുത്തു മടങ്ങി..
 ഹോസ്റ്റലിൽ താമസിക്കുകയല്ലാതെ മറ്റ് പോംവഴിയില്ലായിരുന്നു.. കാര്യങ്ങൾ അവനെ അറിയിക്കാൻ കഴിയാതെ ഞാനാകെ വിഷമിച്ചു.. അഡ്മിഷൻ എടുത്തതിന്റെ പിറ്റേ ദിവസം തന്നെ ഹോസ്റ്റലിൽ ചേരാനുള്ള തയ്യാറെടുപ്പോടെ വാപ്പായുമായി വീണ്ടും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.. കുണ്ടറ മുക്കടയിൽ നിന്നേ ബസിൽ കയറിയതിനാൽ സൈഡ് സീറ്റ് തന്നെ കിട്ടി. വാപ്പ തൊട്ടു മുന്നിലെ സീറ്റിലായിരുന്നു.. രാവിലെ ഏഴു മണി സമയമായിരുന്നു അത്.. ബസ് കൊട്ടിയം ജംങ്ഷനിൽ നിർത്തിയപ്പോൾ വെറുതെ,പുറത്തേക്ക് നോക്കിയ ഞാൻ അതിശയവും ആഹ്ലാദവും കൊണ്ട് എന്തു വേണമെന്ന് അറിയാനാവാത്ത അവസ്ഥയിലാണ്.. റോഡിന്റെ മറു സൈഡിൽ കൂടി ഒരു സൈക്കിളിലവൻ.. ഞങ്ങൾപരസ്പരം കണ്ടു.. എവിടെ പോകുന്നുവെന്ന് അവനും  തിരുവനന്തപുരത്തേക്കെന്ന് ഞാനും പറ്റാവുന്നതു പോലെ ആംഗ്യ ഭാഷയിൽ സംസാരിച്ചു... അടുത്തേക്ക് വരാൻ തുടങ്ങിയ ആളോട് വാപ്പ കൂടെ ഉണ്ടെന്നാംഗ്യം കാട്ടി നിരുൽസാഹപ്പെടുത്തി.. സെക്കന്റുകൾക്കുള്ളിൽ ബസ് മുന്നോട്ടെടുത്തു ... കണ്ട് കൊതിതീരാതെ ഞാനവനെ നോക്കി നിറകണ്ണുകളോടെ ബസിൽ ഞാനും,മുന്നോട്ട് നീങ്ങിയ ബസിലേക്ക് നോക്കി അവനും.. അതൊരു യാത്ര പറച്ചിലായിരുന്നുവെന്ന് ഞാനറിഞ്ഞിരുന്നില്ല.. എന്നിട്ടും ഒന്നു കാണുവാൻ,ആ സമയത്ത് ദൈവനിയോഗം പോലെ എന്റെ മുന്നിലേക്കവനെ എത്തിച്ചതാരാണ്..??!

ഉഭയജീവിതം
മുനീർ അഗ്രഗാമി

എത്ര കുടകൾ നാം
മാറി മാറിച്ചൂടി!
എന്നിട്ടും മഴ ശമിച്ചില്ല
ശമനത്തിന്റെ താളം
എന്റെ നെഞ്ചിലോ
നിന്റെ നെഞ്ചിലോ
മിടിച്ചില്ല
ഒരുൾവിളിയാൽ
കുടകൾ മാറ്റി വെച്ച്
ഉടലളവുകളിൽ
പാകമായ നനവ്
നാം രണ്ടു പേരുമണിഞ്ഞു
ഉഭയജീവിതത്തിന്റെ
ആദ്യപടി കടന്നു
രണ്ടാം ഘട്ടത്തിൽ
പ്രണയം ചിറകുകൾ തന്നു
നമുക്കിപ്പോൾ
ആഴത്തിന്റേയും
ഉയരത്തിന്റേയും രഹസ്യങ്ങളിൽ
ഒരുമിച്ച് ചെവി ചേർക്കാം
ഇപ്പോൾ പെയ്യുന്നതൊക്കെയും
നമുക്കിടക്കൊരു ചാറ്റൽ മാത്രം
വെറും മഴച്ചാറ്റൽ മാത്രം.

ഇങ്ങനെ.....!
രാജു കാഞ്ഞിരങ്ങാട്

ഒരായുസ്സിന്റെ
ചിത്രം തുന്നിടുന്നു
ജീവിതം
കാറ്റ് ചില്ലയിൽ
പകർത്തുന്നത് പോലെ .
നാം ജീവിതത്തിലേക്ക്
നടക്കുന്നുവെന്ന് തോന്നും
ജീവിതം നമ്മിലേക്കാണ്
നടക്കുന്നതെന്ന്
തോന്നുകയേയില്ല
ബസ്സ് മുന്നിലേക്കോടുമ്പോൾ
സ്ഥലങ്ങളെല്ലാം പിന്നിലേ -
ക്കോടുന്നതുപോലെ.
ചില ജിവിതങ്ങുണ്ട്
കഞ്ഞിപ്പശമുക്കിയ ഖദറുപോലെ
വടിവിൽ, വെടിപ്പിൽ
മറ്റു ചിലതുണ്ട്
വാരിവലിച്ചിട്ടെന്നവണ്ണം
മുഷിഞ്ഞ് ,കീറി
വേറെ ചിലത്
ഓടയിലെന്നപോലെ
മിടുക്കില്ലാതെ മിടിപ്പു മാത്രമായി
ഒരിക്കലുണ്ട് ഗർജനവും
ഗരിമയും വിട്ട്
ഏകാന്ത ശാന്തത പുതച്ച്
തീക്കനലിലും മൗനമായ്
മൃദുല ചാരമായൊരു കിടപ്പ്.
പച്ചമരത്തിന്റെ കത്തിയെരി -
യലാണ് ജീവിതം
മൗനമാകുന്ന മണ്ണും .

രാത്രി...
അബ്ദുൽ മജീദ്

തുമ്പിക്കെെ  വണ്ണത്തില്‍ കോരിച്ചൊരിയുന്ന മഴ..! മുറ്റത്തും തൊടിയിലും  മുറ്റമേത് പറമ്പേതെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം  പുഴ തീര്‍ത്തു.
ഉമ്മറത്തിരുന്ന് അവസാനത്തെ ബീഡിയും ആഞ്ഞുവലിച്ചു വേലായുധന്‍.
ആറു ദിവസമായി നിര്‍ത്താതെ പെയ്യുന്ന
മഴ പലയിടത്തും ഉരുള്‍പൊട്ടലായും ഒഴുക്കായും കുറെ ജീവനെടുത്തു.
കടപുഴകിയ മരങ്ങള്‍ പുരക്ക് മീതെ പതിച്ച് കൂര നഷ്ടപ്പെട്ടവരുടെ സങ്കടങ്ങള്‍.
രാത്രി മുഴുവന്‍ വീശിയടിക്കുന്ന കാറ്റിന് പുറമെ ഇടിയും മിന്നലും..പുര കെട്ടാ
ത്തതിനാല്‍ ചോര്‍ന്നൊലിക്കുന്നുണ്ട്.
ചോരുന്നിടത്ത്  വക്കൊടിഞ്ഞ പാത്രങ്ങള്‍ നിരത്തിയിട്ടും പുതിയ ചോര്‍ച്ചകള്‍ വന്നുകൊണ്ടിരുന്നു .!പുരക്ക് ഭീഷണിയായി മുകളിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ചെമ്പന്‍ തെങ്ങ് അയാളുടെ ഉറക്കം കെടുത്തി.
അറമുഖന്‍ മുതലാളിയോട് തെങ്ങ് വെട്ടിമാറ്റിതരാന്‍ പറഞ്ഞു മടുത്തു.
രാത്രി കാറ്റാഞ്ഞടിക്കുമ്പോള്‍ മക്കളെ കെട്ടി
പിടിച്ചു കിടന്ന് നേരം വെളുപ്പിക്കുകയായിരുന്നു.
'' ഏട്ടാ വെക്കാനരിയില്ല, മക്കള്‍ക്ക് എന്താ കൊടുക്കാ?'' നാളെ തിരുവോണമല്ലെ..ഒരുപിടി ചോറെങ്കിലും..!!
ഭാര്യ അകത്തുനിന്നും വിളിച്ചു ചോദിക്കുന്നു.
വേലായുധന്‍ ചിന്തയില്‍ നിന്നുണര്‍ന്നു.
എന്ത് ചെയ്യാനാ ഈ മഴ ഇങ്ങനെ നില്‍ക്കാതെ പെയ്താല്‍..!!
 ആറോ എഴോ ദിവസമായി പണിയുണ്ടായിട്ട്.
ഇന്നലെ മീന്‍കാരന്‍ മുയ്തീന്‍ മാപ്പിളയുടെ കയ്യില്‍ നിന്നും കുറച്ച് പെെസ കടം വാങ്ങിയാണ് അരിയും ചില്ല്വാനവും വാങ്ങിയത് .
കടല്‍ ക്ഷോഭിച്ചതിനാല്‍ തോണിക്കാര്‍
കടലില്‍ പോകുന്നില്ല, അതിനാല്‍ മൊയ്തീന്‍
മാപ്പിളയുടെ പക്കലും കാശില്ലാതായി..
മീനില്ലാത്തതിനാല്‍ കടപ്പുറം ആകെ വറുതിയിലാണത്രെ..
'' ഏട്ടാ...വിഷ്ണുവിന് പനികൂടിയിട്ടുണ്ട് '''
രണ്ടു ദിവസമായി മകന് പനിതുടങ്ങിയിട്ട്.
ഡോക്ടറെ കാണിക്കാന്‍ കഴിഞ്ഞിട്ടില്ല.
പുഴയിലെ കുത്തിയൊഴുക്കും ജീര്‍ണിച്ച
സ്കൂള്‍ കെട്ടിടവും വലിയ അപകടം തന്നെ.!
മൂന്നു ദിവസമായി സ്കൂളിനും അവധിയാണ്.
കഴിഞ്ഞവര്‍ഷം തോണിമറിഞ്ഞ് നാലു
പേരാണ് മുങ്ങിമരിച്ചത്..!
 ഞായറാഴ്ചയായതിനാല്‍ തോണിയില്‍ സ്കൂള്‍ കുട്ടികളുണ്ടായിരുന്നില്ല. അതിനാല്‍ അതിലും വലിയ ഒരത്യാഹിതം ഒഴിവായി..!
''വേലായ്ധേട്ടാ വേലായ്ധേട്ടാ''
ചെത്തുകാരന്‍ രാമന്‍ ഒരു കുടയും ചൂടി
മുട്ടിനൊപ്പം വെള്ളത്തില്‍ മുറ്റത്ത് നിന്ന്
വിളിക്കുകയാണ്.
അവസാനത്തെ പുകയും വലിച്ച് കെെ
പൊള്ളിയപ്പോള്‍ ബീഡികുറ്റി പുറത്തേക്കെറിഞ്ഞ് വേലായുധന്‍ ചോദിച്ചു.
''എന്താ രാമാ?''
''മ്മളെ കാരാറ്റു കടവില്‍ക്ക് പോണെ-
വഴീലാരൊ കരന്റ് കമ്പി തട്ടി മരിച്ചു--
കെടക്കണ്ടത്ര.''
''കരന്റ് കമ്പി പൊട്ടി വെള്ളത്തില് വീണിര്ന്ന്.!
അതറിയാതെ ആ വഴിക്ക് പോയ ആളാ.! ആരാണെന്ന് അറിഞ്ഞിട്ടില്ല.
കമഴ്ന്നാ കെടക്ക്ണത്,
ഒന്ന് പോയിനോക്കാര്‍ന്ന്.''
രാമന്‍ പറഞ്ഞു നിര്‍ത്തി.
ഈസമയത്ത്‌ ചില്ലുമേടയിലിരുന്ന്
ഒരു കവി മഴയുടെ സൗന്ദര്യത്തെക്കുറിച്ചും മഴയോടുള്ള പ്രേമത്തെക്കുറിച്ചും ഒരു കവിത രചിക്കുകയായിരുന്നു.
ദൂരെ ഒരു കുടിലില്‍ പുഴക്കക്കരെ ചായക്കട നടത്തുന്ന ഉപ്പയെ കാത്ത് രണ്ടു പെെതങ്ങള്‍.
അവര്‍ക്ക് രാവിലെ ഉണര്‍ന്നാല്‍ കിട്ടുന്ന തണുത്ത പലഹാരം ഇന്ന് കിട്ടിയിട്ടില്ല..!
തണുത്തു മരവിച്ച കെെകളിലിരുന്നൊരു
പലഹാരപ്പൊതി  കലങ്ങിയിളകുന്ന വെള്ളത്തില്‍ പൊങ്ങിക്കിടന്നു.
 
കവിതയായ്
ശ്രീലാ അനിൽ

ഒരു കവിത ഉള്ളിലിരുന്നു വിങ്ങുകയാണ്
നീയെന്നെ വരയ്ക്കാൻ
വൈകുന്നതെന്തെന്ന
പിടച്ചിലോടെ...
ഓണയാണ്ടപ്പൂവുകടെ ഭംഗി വേണം
തുമ്പയുടെ വെൺമയെ ലാളിത്യ ലാവണ്യത്തെ
കൂട്ടുവിളിക്കണം
ആ വരികളിൽ ആയിരം കല്പനകൾ മയങ്ങിക്കിടക്കണം
കൺകൾ തുറക്കുമ്പോൾ നക്ഷത്രങ്ങൾ പുക്കണം
പ്രിയങ്ങളുടെ നഷ്ട നെടുവീർപ്പുകൾ പേറണം
എവിടുന്നോ വീണു കിട്ടിയ
ഉതിർ മണി പോലൊരു പ്രണയം കാലങ്ങൾക്കു ശേഷം മുളയ്ക്കണം
സ്നേഹം കൊണ്ട് പൂക്കളമിടണം
മഞ്ഞിൻ കുളിരിൽ മുഴുകണം
മഴയിൽ കുളിച്ചു കലമ്പണം
അങ്ങനെ പുനർജനിക്കുന്ന നിന്നെ നീയായി
എനിക്ക് വായിക്കണം
 
നിറമാർന്നവർ...
രമ.ജി.വി

ഏടുകൾ മറിയുന്നു
തുറന്നവ
തുറക്കാത്തവ
കരംപിരിവു നടത്തി
ചോർന്നൊലിക്കുന്നവ
കരഞ്ഞും ചിരിച്ചും
തലതകർത്തും
മതിമറന്ന മണ്ണിനെ
വാരിപ്പുണർന്ന്
ലാളിച്ചുറക്കി
പിന്നീടെപ്പഴോ....
വീടു പുഴയായി
കടലായി
ആർത്തിരമ്പി
ദംഷ്ട്ര നീട്ടി
നാക്കുവലിച്ച്
തുടച്ചെടുത്തു
അടുത്തറിഞ്ഞവരെ
പ്രണയംനടിച്ചവരെ
സ്വപ്നം നിറയും
കുഞ്ഞിക്കണ്ണുകളെ,
അടയാളങ്ങൾ
ബാക്കിവയ്ക്കാതെ......
ഇനിയങ്ങോട്ട് ......
തൊട്ടുനോക്കാതെ
ചുണ്ടനക്കാതെ
നിശ്ചലതയുടെ
കയ്യെത്തിപ്പിടിച്ച്
നിറങ്ങളുള്ള
സ്വപ്നത്തിലേറി.......

എന്റെ അമ്മ യാത്ര, മൂന്നാറിലൂടെ
സംഗീത ഗൗസ്

മടിയില്‍ നിന്ന് കുഞ്ഞ് തെറിച്ച് വീണതറിയാതെ രണ്ട് മണിക്കൂര്‍ !
തുറന്നവാഹനങ്ങളില്‍,സഞ്ചരിക്കുമ്പോള്‍ കുഞ്ഞുങ്ങളെ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞ് കൊടുക്കണോ ഒരമ്മയോട് ??
                 ഒരമ്മ , മടിയിലുറങ്ങുന്ന കുഞ്ഞിനെ മറന്നു പോകണമെങ്കില്‍ അത്രയേറെ ഉറക്കത്തിലാണ്ടു പോകണമെങ്കില്‍ അതിന് കാരണങ്ങളുണ്ടാകാം......എങ്കിലും കുഞ്ഞുങ്ങളെ കുറിച്ച് മറ്റാരേക്കാളും ഉണര്‍ന്നിരിക്കേണ്ട മനസ്സാണ് അമ്മക്കുണ്ടാകേണ്ടത്, അത്ഭുതകരമായി രക്ഷപ്പെട്ട ആ കുഞ്ഞും തുടര്‍ന്നുണ്ടായ സംഭവങ്ങളും എല്ലാവര്‍ക്കും പാഠമാകട്ടെ !
       ''അവളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഞാനിരുന്നു. ചുരം കയറുകയാണ്..." വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്നാര്‍ തേക്കടി യാത്ര,നാല് കുടുംബം,മൂന്ന് പേര്‍ക്ക് ഒരേ പ്രായത്തിലുള്ള ഒരോ കുഞ്ഞുങ്ങള്‍. വാഹനത്തില്‍ സീറ്റിനറ്റത്ത് ഇടംപിടിക്കുക കാഴ്ച്ചകള്‍ കണ്ട്,യാത്ര ചെയ്യുക പതിവായിരുന്നു.ചാലഞ്ചര്‍ എന്ന് വിളിച്ചിരുന്ന വാഹനം, അന്ന് ദൂരയാത്രകള്‍ക്ക് ആ വാഹനമായിരുന്നു കൂടുതലും. തുറന്ന വണ്ടി, തണുപ്പിനെ അകറ്റാന്‍ പ്ലാസ്റ്റിക് കര്‍ട്ടന്‍ ഇട്ടിട്ടുണ്ട്....
              ഞാന്‍ ഒന്നരവയസ്സുള്ള മോളെയും കൊണ്ട് ഒരറ്റത്ത് എന്റെ ഇണയും അടുത്തുണ്ട്, അര്‍ദ്ധരാത്രിയാണ് പലരും ഉറക്കത്തില്‍ ,ഡ്രൈവര്‍ ഉറങ്ങാതിരിക്കാന്‍ ആണുങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട്.ഞാനും ഒന്ന് മയങ്ങി, ഉറങ്ങുമ്പോള്‍ നമ്മള്‍ ശക്തി കുറഞ്ഞവരാകുന്നു, കൈയ്യിലുള്ളതെല്ലാം ഊര്‍ന്നു പോകുന്നു. ഒരു ഭാഗം ചെരിഞ്ഞിരുന്ന് എന്റെ പൊന്നിനെ മടിയില്‍,വച്ച് ഞാനുംശക്തി കുറഞ്ഞവളായി ഉറക്കത്തിലാണ്ടു, വണ്ടി ചുരത്തില്‍  ഒാരോ ഹെയർ പിൻ വളവ് പിന്നിടുമ്പോഴും ചെരിഞ്ഞും നിവര്‍ന്നും..പെട്ടെന്നൊരു ബ്രേക്ക് ഞാനിരുന്ന ഭാഗത്ത് അഗാധമായതാഴ്ച്ചയാണ്, എന്റെ കൈയ്യില്‍ നിന്നവള്‍ പോയി ,ഞാനൊന്നുറക്കെ ഉമ്മാന്ന് വിളിച്ച് കരഞ്ഞു, എല്ലാവരും ഉണര്‍ന്നു. ഞാനും ഉറക്കംവിട്ട് മടിയിലേക്ക് നോക്കി അവള്‍,സുഖമായുറങ്ങുന്നു. കൂടുതല്‍ ശക്തിയോടെ അവളെ അമര്‍ത്തിപ്പിടിച്ച് ഉമ്മവച്ച് ഞാനെന്റെ അമ്മ മനസ്സിനെ സ്തുതിച്ചു,,
           യാത്ര പുറപ്പെടുന്നത് രാത്രിയാണ് നല്ല തണുപ്പും, ഞാനുറങ്ങുമെന്നെനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കട്ടിയുള്ള ഷോള്‍ കൊണ്ട് എന്റെ നെഞ്ചിലൊരു തൊട്ടിലുപോലുണ്ടാക്കി.. എന്റെ മോളെ പൊതിഞ്ഞ് ഞാനുമായി കെട്ടി റെഡിയാക്കിയാണ് യാത്ര തുടങ്ങിയത്, ഞാനുറങ്ങിയാലും അവളുണരരുത്, മടിയില്‍,സുരക്ഷിതയായുറങ്ങണം.
ഇന്നും ആ ബ്രേക്ക് ഉള്ളിലൊരാന്തലുണ്ടാക്കാറുണ്ട്, കെട്ടിയുണ്ടാക്കിയ നെഞ്ചിലെ തൊട്ടില്‍ കണ്ട് അവരൊക്കെ ചിരിച്ചിരുന്നു.ഇന്ന് അതോര്‍ത്ത് ഞാനും ചിരിക്കുന്നു ആത്മാവിന്റെ അമ്മയുടെ ചിരി.
         ഇന്നെന്റെ മോള്‍ ''എന്റെ രാജകുമാരി ''യെയും (അവളുടെ മോള്‍ ) കൊണ്ട് യാത്ര പുറപ്പെടുമ്പോള്‍ പറഞ്ഞ് കൊടുക്കും, അതിന്റെ ആവശ്യമില്ലെങ്കിലും, കാരണം അവളും കരുതലുള്ള ഒരമ്മയാണ്.
അമ്മ ഉണര്‍ന്നിരിക്കേണ്ടവളാണ്, എപ്പോഴും മനസ്സുകൊണ്ടും.....
 
പരാജിതന്റെ  ചിരി
ഗ്രീന

പരാജിതന്റെ ചിരി കണ്ടിട്ടുണ്ടോ?
ഇരുതലമൂർച്ചയുള്ള വാളുപോലെ
ഉയിരിനെ രണ്ടായി പിളർക്കാൻ
ശക്തിയുള്ള ഇടിമിന്നലാണത്....
ഏറെനേരമത് നോക്കി നില്ക്കുവാനോ
ഒരുചിരി മടക്കി നൽകാനോ കഴിയില്ല,
പച്ചക്കൊരാത്മാവ് കത്തുന്നതിൻ
നോവാണത്........
മുഴുവനും നേടിയെന്ന ബോധത്തെ
നിമിഷാർദ്ധത്തിൽ തളർത്തി
വിജയിയേയും വിജയിക്കുന്ന
ആഭിചാരമന്ത്രമാണത്..
ഗ്രഹണത്തിന് ശേഷം സൂര്യൻ
മറനീക്കി വരുന്നതിന്റെ
തീക്ഷ്ണ രാഗം
ആ ചിരിയിൽ കാണാം.
കയറില്ലാതെ കെട്ടിയിടാനും
തല്ലാതെ കരയിക്കാനും
ഉയിരോടെ മണ്ണിൽ പുതയ്ക്കാനും
പരാജിതന്റെ ചിരിക്ക് കഴിയും.
ഒഴിവാക്കപ്പെട്ടവനും
ഒഴിവായിക്കൊടുത്തവനും
പരാജിതൻ തന്നെയാണ് .
അഴലിന്റെ ഇത്തിരി
നിഴൽ വെട്ടത്തിൽ
മറഞ്ഞിരുന്നവൻ നിശബ്ദം
ജീവിതം നോക്കിക്കാണും.
മുകിലിന്റെ മറനീക്കി പൂനിലാവ്
ചന്ദനരശ്മി വിതറും പോലെ
വിങ്ങുന്ന മനസ്സിൽ നിന്നുമപ്പോൾ
തിളങ്ങുന്നചിരി ഉദിക്കും.
കോമാളിയുടെ കരച്ചിൽ
കാണികളെ ചിരിപ്പിക്കുമ്പോൾ,
പരാജിതന്റെ ചിരി
പലരേയും കരയിക്കും.
ചിരിച്ചുകൊണ്ടു കരയാനും
കരയുമ്പോൾ ചിരിക്കാനും
പരാജിതന് കഴിയും.
അതിന്റെ ദീപ്തിയിൽ
വിജയിച്ചവരെല്ലാം
കേവല പ്രതിബിംബങ്ങളായി
മാറുന്നു...........     ചിലപ്പോഴെല്ലാം ..

ഓർമയിലെ ഓണക്കാലം
ജോസഫ് ചേലങ്കര

 ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരോണക്കാലം.ബാല്യത്തിലെ ഓണാവധി പൊള്ളുന്ന ചില ഓർമകളുടെ നിത്യ സ്മാരകമാണ്..  പള്ളിക്കുറുപ്പ് ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം...   അഭ്യാസം എന്ന് പറയുന്നതാണ് കൂടുതൽ ശരി ...ഓണാവധിക്ക് പത്ത് ദിവസത്തെ സ്ക്കൂൾ വെക്കേഷൻ കൂട്ടുകാർക്ക് പലർക്കും വലിയ സന്തോഷത്തിന്റെ ഉത്സവനാളുകളായിരുന്നു... പക്ഷേ എനിക്ക് അത് നഷ്ടങ്ങളുടെ പത്ത് ദിവസമായിരുന്നു 
          ഒന്ന്,സ്ക്കൂളിലെ കഞ്ഞിയും ചെറുപയർ പുഴുങ്ങിയതും പിന്നെ ഇടക്ക് കൂട്ടുകാർ വാങ്ങി തരുന്ന പാലൈസിന്റെ,കടലമിഠായിയുടെ .. കുഞ്ഞുനാളിലെ മറക്കാനാവാത്ത ഇട നെഞ്ചെരിയുന്ന ഒരു ഓണക്കാലം എന്ന് പറയുന്നത് ഇതാണ് ...
എന്റെ വീടിനടുത്ത് അടുത്ത് എന്നു പറഞ്ഞാൽ സുമാർ ഒരു ഇരുനൂറ് മീറ്റർ ദൂരമെങ്കിലും ഉണ്ടാവും..അത്യാവശ്യം നെല്ലും പച്ചക്കറിയും തെങ്ങിൻ തോട്ടവുമൊക്കെയുള്ള ഒരു തറവാട്....
ആ തറവാട്ടിലേക്ക് ഞാൻ കയറി ചെന്നു.. ചെല്ലുമ്പോ അവിടുത്തെ അമ്മ കിണറ്റിൽ നിന്നും വെള്ളം കോരുന്നു.അവരുടെ മുറ്റത്ത് പനമ്പായയിൽ ഉണക്കാനിട്ടിരിക്കുന്ന നെല്ലും കൊപ്രയും ഇപ്പോഴും കണ്ണിൽ കാണുകയാണ് .
ആ കൊപ്രയിൽ നിന്നും ഒരു തേങ്ങാ കൊഞ്ഞെടുത്തു തിന്നപ്പോൾ ഭയങ്കര രുചി തോന്നി..ഒരു മൂന്നാലെണ്ണം കൂടി എടുത്തു തിന്നപ്പോ ആ അമ്മ വഴക്കു പറഞ്ഞു... കയ്യിലുള്ള തേങ്ങാ കൊത്തും കടിച്ചു കൊണ്ട് ആ അമ്മയോട് ചോദിച്ചു......  "അമ്മേ എനിക്കിത്തിരി ചോറു തര്യോ ഭയങ്കര വിശപ്പാണ് " അപ്പോ ആ അമ്മ അടുത്ത് വന്നു ചോദിച്ചു "ഉച്ചയായിട്ടും നീ ചോറുണ്ണാൻ പോകതെ റോഡിൽ കളിച്ചു നടക്കുകയാണോ ?" ഞാൻ പറഞ്ഞു
"അതല്ല അമ്മേ,വീട്ടിൽ ആരും ഉണ്ടിട്ടില്ല വീട്ടിൽ ചോറു ഉണ്ടാക്കിയിട്ടില്ല   വീട്ടിൽ അരിയില്ല....."
      ആ അമ്മ എന്നെ ചേർത്തു പിടിച്ചു ചോദിച്ചു.. 'ഇത്തിരി മുമ്പേ നിന്റെ വീടിനു മുമ്പിലൂടെ ഞാൻ വന്നപ്പോ  ഊണു കഴിഞ്ഞോ എന്ന് വിളിച്ചു ചോദിച്ചപ്പോ നിന്റെ അമ്മ പറഞ്ഞൂലോ ഊണുകഴിഞ്ഞുന്ന് "       
                 "അത്, എന്റമ്മ നുണ പറഞ്ഞതാണ്  ... എനിക്ക് വല്ലാതെ വിശക്കുന്നു ചോറ് തര്യോ ?" ആ ചോദ്യത്തോടൊപ്പം വീടിന്റവിടെയുള്ള തിണ്ടിൽ ഞാനിരുന്നു ...
അപ്പോ ആ അമ്മ  ഒരു ഇലയിൽ നല്ല നെല്ലു കുത്തരിയുടെ ചോറും ,സാമ്പാറും ,പയറുപ്പേരിയും ,വേറെ ഒന്നു രണ്ടു കറികളും  പപ്പടവും തന്നു ...വലതു കൈ നിക്കറിൽ നല്ലതു പോലെ ഒന്നു തുടച്ചിട്ട് ആ ചോറ് മുഴുവനും ഞാൻ കഴിച്ചു
ചോറുണ്ട് തീർന്നപ്പോൾ ഒരു വല്ലാത്ത ഒരു അസ്വസ്ഥത  തോന്നി....ഞാൻ ആ തിണ്ടത്ത് കിടന്ന് ഒന്നു മയങ്ങി പോയി....
                      തിണ്ടത്ത് തളർന്ന് ഉറങ്ങി പോയ എന്നെയും ഒരു തോളിലിട്ട് മറുതോളിൽ തോർത്തുമുണ്ടിൽ ഒരു നാരായം അരിയും  കുറച്ച് വാഴക്കയും പയറും കൂട്ടികെട്ടിയതും ഇട്ടു കൊണ്ട് ആ അമ്മ എന്നെ വീട്ടിലെത്തിച്ചു അപ്പോഴും ഞാൻ നല്ല ഉറക്കമായിരുന്നു
വീട്ടിലെത്തിയ അവർ എന്റെ  അമ്മയെ ഒരു പാട് വഴക്കു പറഞ്ഞു......എന്നിട്ട് പറഞ്ഞു... "ആ അരിയെടുത്ത് കുട്ടികൾക്ക് കഞ്ഞി വെച്ച് കൊടുക്ക് നീയെന്തൊരു പെണ്ണാണ് ? നിന്റെ വായിൽ നാക്കില്ലേ എന്നോട് നിന്നക്ക് പറയാർന്നില്ലേ വീട്ടിൽ അരിയില്ലാത്ത കാര്യം?എന്നു പറഞ്ഞു കൊണ്ട് ആ അമ്മ തിരിച്ചുപോയി...
              ഉണർന്നെഴുനേറ്റ എന്നെ അമ്മ ഒരു പാട് വഴക്കു പറഞ്ഞു ...എനിക്ക് വഴക്കു കേട്ടാലും  അന്ന് അമ്മയും എന്റെ ചേച്ചിമാരും വയറുനിറച്ച് ചോറുണ്ടു....
                        ഊണ് കഴിഞ്ഞ് അമ്മ മൂത്ത ചേച്ചിയോട് പറഞ്ഞു "നീ ജോർജ് ചേട്ടായിയുടെ വീട്ടിൽ പോയി ഇത്തിരി എലിവിഷം മേടിച്ചു കൊണ്ടുവരണം ഭയങ്കര എലിശല്യമാണ് എന്നു പറഞ്ഞാമതി ചേട്ടായി തന്നോളും...."
എന്തോ ചേച്ചി അമ്മയെ അനുസരിച്ചില്ല ജോർജ് ചേട്ടായിയുടെ വീട് പെരിമ്പടരിയാണ് അവിടെ വരെ നടക്കാനുള്ള മടിക്കൊണ്ടാണ് ചേച്ചി പോകാതിരുന്നത്....
പിറ്റേ ദിവസം അമ്മ വഴക്കു പറഞ്ഞപ്പോ ചേച്ചി എലിവിഷം മേടിക്കാൻ ജോർജ്ജ് ചേട്ടായിയുടെ വീട്ടിൽ പോയി
ചേച്ചി വന്നപ്പോഴേക്കും അമ്മ ചോറും വാഴക്ക ഉപ്പേരിയുമുണ്ടാക്കി പതിവില്ലാതെ അമ്മ കരഞ്ഞുകൊണ്ടാണ് ചോറുണ്ടാക്കുന്നതും കറിയുണ്ടാക്കുന്നതുമൊക്കെ അമ്മ എന്തിനാണ് കരയുന്നത് എന്ന എന്റെ ചോദ്യത്തിന് അമ്മ ഉത്തരം പറഞ്ഞില്ല
ചോറും കറിയുമൊക്കെ ഏകദേശം വേവാറായപ്പോ പോസ്റ്റുമാൻ കേറി വന്നു ബാഗിൽ നിന്നും ഒരു കടലാസെടുത്തു അമ്മയോട് ഒരൊപ്പിടാൻ പറഞ്ഞു അമ്മ ഒപ്പിട്ടപ്പോ പോസ്റ്റുമാൻ കുറച്ചു പൈസ അമ്മയുടെ കയ്യിൽ കൊടുത്തു
ചാച്ചൻ [ അച്ഛൻ] വയനാട്ടിൽ നിന്നും അയച്ച മണിയോഡറായിരുന്നു അത്.... മാസങ്ങളോളമായി ചാച്ചന്റെ യാതൊരു വിവരവുമില്ലായിരുന്നു.
ഈ സമയം ചേച്ചി ഭദ്രമായി പൊതിഞ്ഞ ഒരു പ്ലാസ്റ്റിക്ക് കൂടുമായി വീട്ടിലെത്തി ആ കവർ അമ്മയെ ഏൽപ്പിച്ചിട്ട് പറഞ്ഞു... "സൂക്ഷിച്ച് പെരുമാറണം എന്ന് ചേട്ടായി പ്രത്യേക പറഞ്ഞിട്ടുണ്ട് "
               അമ്മ ആ കവർ വാങ്ങി പറമ്പിൽ കുഴിച്ചിട്ടു.....എന്നിട്ട് ഞങ്ങൾക്ക് ചോറുവിളമ്പി തന്നു...അപ്പോഴും അമ്മ കരയുന്നുണ്ടായിരുന്നു അതെന്തിനാണ് എന്ന് അപ്പോ എനിക്കും ചേച്ചിമാർക്കും അറിയില്ലായിരുന്നു!!
                         പിന്നീട് കുറച്ചു വർഷങ്ങൾക്ക് ശേഷമാണ് അമ്മ കരഞ്ഞതിന്റെ കാര്യം അറിഞ്ഞത് ...പട്ടിണി കൊണ്ട് നിവൃത്തിയില്ലാതെ വന്ന അമ്മ ഞങ്ങൾ മക്കൾ പട്ടിണി കിടന്നു കരയുന്നത് താങ്ങാതെ വന്നപ്പോ അടുത്ത വീട്ടിലെ അമ്മ കൊണ്ടു വന്നു തന്ന അരി കൊണ്ട് ചോറുണ്ടാക്കി... അതിൽ വിഷം ചേർത്തു ഞങ്ങൾക്കു തന്ന് ബാക്കി അമ്മയും കഴിച്ച് പട്ടിണിയില്ലാത്ത ലോകത്തേക്ക് പോകാൻ അമ്മ തീരുമാനിച്ചിരുന്നു
         മണ്ണിടിച്ചിലുണ്ടായി ഗതാഗതം നിലച്ച വയനാട്ടിൽ നിന്നും ചാച്ചൻ അയച്ച കത്തും ,മണിയോഡറും വൈകിയാണ് വീട്ടിൽ കിട്ടിയത് .....അന്ന് പോസ്റ്റുമാൻ അതുമായി വീട്ടിലെത്തിയിരുന്നില്ല എങ്കിൽ ഈ ഓണത്തെ കുറിച്ചെഴുതാൻ ഞാനിവിടെ ഉണ്ടാവുമായിരുന്നില്ല......
       അങ്ങിനെ ഓണം കഴിഞ്ഞ് ഏതോ ഒരു ദിവസം അമ്മ ഞങ്ങൾക്ക് വയറു നിറച്ച് ചോറും കറിയും പപ്പടവുമൊക്കെ ഉണ്ടാക്കി തന്നു..ഇന്ന് ഓരോ ഓണകാലത്തും ഞാൻ ആ കാലത്തെ പേടിയോടെ ഓർക്കും.... ഇപ്പോഴും ചോറുണ്ണുമ്പോൾ പാത്രത്തിനു പുറത്തു പോയ ഓരോ വറ്റും ഞാൻ പെറുക്കിയെടുത്ത് കഴിക്കും.....അങ്ങിനെ കഴിക്കാനുള്ള കാരണം എന്റെ മക്കൾക്ക് ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട്
ഇന്ന് ഓരോ കല്യാണങ്ങളിലും മറ്റു വിശേഷങ്ങളിലും ഭക്ഷണം പാഴാക്കിക്കളയുന്നതു കാണുമ്പോ എനിക്ക് സങ്കടമാണ്....അന്ന് ആ അമ്മ തന്ന ചോറിന്റെ രുചി ഇന്നും എന്റെ  നാവിലുണ്ട്
ആ അമ്മ ഇന്നു ജീവിച്ചിരിപ്പില്ല......പക്ഷേ ഞാൻ ഇന്നും പ്രായമായ അമ്മമാരിൽ  ആ അമ്മയെ കാണുന്നു....
ഹൈടെക്കായി മാറിയ ഇന്നത്തെ ഓണാഘോഷങ്ങളേക്കാൾ വിലയുണ്ടായിരുന്നു അന്നത്തെ ഓണത്തിന്...
ഇത്രയും കാര്യങ്ങൾ ആദ്യമായാണ് ഞാൻ ഇങ്ങനെ പങ്കുവയ്ക്കുന്നത് ..ബാല്യകാലത്ത് നിന്നും കൗമാരകാലത്തിലെത്തിയപ്പോ ഒരു പാട് സുഹൃത്തുക്കളും ഒരു പാട് ബന്ധങ്ങളുമായി പച്ചാക്കാടിലെ ഒരു കൂട്ടുകാരന്റെ വീട്ടിൽ വർഷങ്ങളോളം ഞങ്ങൾ കുറേ പേർ ഒന്നിച്ചിരുന്നു ഓണമാഘോഷിച്ചത് മറക്കാൻ കഴിയില്ല.. ജാതി മത ഭേദമന്യേ ഞങ്ങൾ ആ വീട്ടിൽ രണ്ടു തരം പായസമൊക്കെ കൂട്ടി സദ്യ ഉണ്ടത് മറക്കില്ല.....
ഇനിയും ഒരുപാട് ഉണ്ട് പറയാൻ പക്ഷേ എഴുതാൻ കഴിയുന്നില്ല ......
നമ്മുടെ ആഘോഷങ്ങളിൽ ഒരിക്കലും ഭക്ഷണം ആവശ്യത്തിനപ്പുറവും ഉണ്ടാക്കി നശിപ്പിക്കരുതേ എന്ന് ഓർമിപ്പിച്ചു കൊണ്ട്.....

എന്റെ നോവോണം...
വെട്ടം ഗഫൂർ

പൂവിളികൾ കേൾക്കാതെ, തുമ്പയുടെ കൺകുളിർമയുള്ള പൂക്കളം കാണാതെ ഒരു ഓണക്കാലം കൂടി കടന്നു പോവുന്നു....മനസ്സിൽ പഴയോണം വന്ന് മുട്ടിവിളിക്കുന്നു....
                               ആദ്യമുണരുന്നത് വീടിന് തെക്കേപ്പുറത്തുള്ള കല്യാണിയമ്മയുടെ വീട്ടിലെ സൗഹൃദ സദ്യയാണ്... തലമുടി മുകളിലേക്ക് കെട്ടി വച്ച് എന്റെ കണ്ണ് തെറ്റുമ്പോഴെല്ലാം ഇലയിലേക്ക് പിറകിലൂടെ ചോറിട്ടു തരുന്ന കല്യാണിയമ്മ...ഞാൻ നിസ്സഹായതയോടെ നോക്കുമ്പോൾ, എന്നെ പറ്റിച്ചതിന്റെ കള്ളപ്പുഞ്ചിരി മുഖത്തു വിടരും.. മോരൊഴിച്ചിത്തിരി, രസമൊഴിച്ചിത്തിരി, പച്ചമോരോഴിച്ചിത്തിരി,അങ്ങിനെയങ്ങിനെ പകർച്ച തുടരുന്നു.. തൊട്ടുകൂട്ടാനായി പ്രഭാകർജിയുടെ നേരമ്പോക്കുകൾ... കാരണവന്മാർക്ക് നേദിക്കാനായി വെച്ച മഞ്ഞ വീര്യം രുചിനോക്കണോ എന്ന കുസൃതിയുടെ കടക്കൺ ചോദ്യം, പുഞ്ചിരിയുടെ നിരാസം .. പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ മഹാബലി മന്നനെ വാക്കുകൾ കൊണ്ട് വരച്ചാടി കല്ലാണിയമ്മയങ്ങനെ മനസ്സിൽ പടർന്നു കയറും.ഒടുവിൽ, സദ്യ കഴിഞ്ഞ് മാവേലിയുടെ വീർത്ത കുടവയറുമായി, ഓലക്കുടയില്ലാതെ, ഏമ്പക്കം വിട്ട് വീട്ടിലേക്ക് മടങ്ങും.. കാലങ്ങൾക്കു ശേഷം, യവനിക വീഴും മുമ്പ്, ചിതറിത്തെറിച്ച ഓർമകളുമായി കഴിയുന്ന കല്യാണിയമ്മയെ കണ്ടപ്പോൾ, ഒരു പാട് നേരം പരസ്പര ബന്ധമറ്റ്, എന്തൊക്കെയോ എന്നെ കെട്ടിപ്പിടിച്ച് പിറുപിറുത്തത്, മനസ്സിൽ തേങ്ങലുണ്ടാക്കുന്നു.
         പിന്നീടെപ്പോഴാണെന്നോർമയില്ല, ഗൂഗിൾ മാപ്പിൽ തൊട്ടടുത്തായതു കൊണ്ടാവാം, വടക്കേപ്പുറത്തുള്ള കോച്ചിയമ്മ ആ വിളമ്പവകാശം പിടിച്ചെടുക്കുകയായിരുന്നു .. ഓണത്തലേന്ന് സന്ധ്യക്ക് തൃക്കരപ്പന് നേദിക്കാനായി തയ്യാറാക്കിയ ചൂടുള്ള പൂവട കഴിക്കാനായി സന്ധ്യാപ്രാർത്ഥന കഴിഞ്ഞാലുള്ള കാത്തിരിപ്പിനായിരുന്നു ഏറെ മധുരം. റോഡിലൂടെ നടന്ന് പോവുമ്പോഴെല്ലാം, തലയിൽ ചെമ്പൂക്കുടയുമേന്തി പൂത്തറയിലിരിക്കുന്ന, തൃക്കാക്കരപ്പനെ ഹൃദയം കൊണ്ട് നോക്കും.... മഴ നനയാതിരിക്കാൻ കുടയുമുണ്ടാകും. അതിനെ പരിചരിച്ച് കോച്ച്യമ്മ തൊട്ടരികിലുണ്ടാവും..
            ഓണ ദിവസമായാൽ, മിതഭാഷിയും സൗമ്യ ഭാവവുമായ അപ്പുവേട്ടന്റെ സ്നേഹം ചാർത്തിയ ക്ഷണിച്ചു കൊണ്ടു പോകൽ...."ഒഹൂർ മോന് "സ്നേഹക്കൂട്ടുകൾ വിളമ്പാനുള്ള കോച്ച്യമ്മയുടെ തത്രപ്പാടുകൾ... 'ഒഹൂർ മോനേ' എന്ന സ്നേഹ വിളിയുടെ അലയൊലികൾ കാതിലിപ്പോഴും പ്രതിധ്വനിക്കുന്നുണ്ട്.... ഓർമകൾ കൂട്ടം തെറ്റിത്തുടങ്ങിയ ബാല്യത്തിൽ കേട്ട ഓണക്കളിയുടെ ശീലുകളും കോച്ചിയമ്മയുടെ മുറ്റത്തു നിന്നായിരുന്നു. അന്ന്, അവരെന്റെ ഹൃദയത്തിന്റെ അയൽപക്കത്തായിരുന്നില്ലെന്നു മാത്രം.
                 കുളിച്ചീറനണിഞ്ഞ തലമുടിയുമായി, ഓണനിലാപ്പുഞ്ചിരിയോടെ, എന്റെ കണ്ണു തെറ്റിയാൽ, ചോറ് കോരിയിടുന്ന വിലാസിനിയമ്മ.... പുലർച്ചെ എണീറ്റ് അവർ തയ്യാറാക്കിയ സ്നേഹ വിഭവങ്ങളുടെ രുചി മാധുര്യം.. എനിക്കു മാത്രമായി,വല്യ കഷ്ണങ്ങളാക്കി മുറിച്ച്,പൊരിച്ചെടുത്ത കോഴിയുടെയും ഉണക്ക സ്രാവിന്റെയും കൊതി ഇപ്പോഴും വായിൽ നിറയുന്നു.. ഒടുവിൽ, പായസത്തിന് വയറിനകത്ത് ഒരു പഴുതുമില്ലാതെ അത് പിന്നീട് വീട്ടിലേക്കെത്തിക്കുകയാണ് പതിവ്...
                                    ഉമ്മ കഴിഞ്ഞാൽ പിന്നെ രണ്ടുമ്മമാരായിരുന്നു കോച്ച്യുമ്മയും വിലാസിനിയുമ്മയും ... ഓണമല്ലാത്ത ഒരുപാടവസരങ്ങളിലും ആ സ്നേഹ വിളമ്പ് പല തവണ ആസ്വദിച്ചിട്ടുണ്ട്. എന്നെ തനിച്ചാക്കി ബന്ധുവീടുകളിൽ പോവാനുള്ള ഉമ്മയുടെ ബലം ആ രണ്ടുമ്മമാരായിരുന്നുവല്ലോ.. പിന്നീട്, പലപ്പോഴായി, ആ സ്നേഹ മുഖങ്ങളോരോന്നായി ഹൃദയത്തെ മുറിപ്പെടുത്തി കാലയവനികക്കുള്ളിലേക്ക് പിൻവാങ്ങിക്കൊണ്ടിരുന്നു.... അപ്പുവേട്ടൻ അരങ്ങൊഴിയും വരെ ആ മധുരവിളമ്പ് തുടർന്നു .. നാല് മുഖങ്ങൾ, മൺമറഞ്ഞപ്പോൾ ഇല്ലാതായത്, കൊടുക്കൽ വാങ്ങലുകളുടെ, സ്നേഹപ്പകർച്ചകളായിരുന്നു, സംസ്കാരത്തിന്റെ, സ്നേഹത്തിന്റെ പങ്കു വെക്കലുകളായിരുന്നു .. പുതു തലമുറയ്ക്ക് സ്വപ്നം കാണാനാവാത്ത ഗൃഹ പാഠങ്ങളായിരുന്നു. ഗൃഹാതുരത തുളുമ്പുന്ന ആ ഓർമകളാണ്, ഇന്നും എന്റെ നോവോണം.... ഓണം ഒരോർമയാണല്ലോ, ഒരു പ്രതീക്ഷയും .. നാല് സ്നേഹ മൂർത്തികൾക്കും എന്റെ പ്രണാമം...

 *****************************
ഇന്നത്തെ നവ സാഹിതി പതിവുപോലെ ഗംഭീരം ആയിരുന്നു ജസീന ടീച്ചറിന്റെആത്മായനം ഒരു സീരിയലിനെ ആകാംക്ഷയോടെ മുന്നേറുന്നു ഗ്രൂപ്പ് അംഗങ്ങളിൽ പലർക്കും ഇതുപോലുള്ള അനുഭവങ്ങൾ  അറിയാവുന്നത് കൊണ്ട് തന്നെ അത് കൃത്യമായി സംവേദനം ചെയ്യപ്പെടുന്നു.
മുനീറിന്റെ ഉഭയജീവിതവും പ്രണയത്തിൻറെ മധുരം തന്നെയാണ് അടുത്ത കവിതയിലുംമുനീറിന്റെ ഉഭയജീവിതവുംജീവിതവും പ്രണയത്തിൻറെ പര്യായമായി മഴ ഉൾക്കൊണ്ടിരിക്കുന്നു.
രാജുവിന്റെ ഇങ്ങനെ!
ഒരു ജീവിതവും അന്ത്യയാത്രയും അതിന്റെ കാഴ്ചകളും ഭംഗിയാക്കുന്നു.
അബ്ദുൾ മജീദിന്റെ
രാത്രി
ജീവിതത്തിന്റെ ആധിയും സമകാലിക കേരളീയന്റെ ജീവിത പശ്ചാത്തലവും വ്യക്തമാക്കുന്നത്!ശ്രീല
കവിത ജീവിത കല്പനയുടെ പുതിയ ഭാഷ്യം!
രമയുടെ നിറമാർന്നവർ
ജീവിതവും പ്രളയവും പ്രണയവും ഇഴചേർന്ന് കവിതയിൽ മരണത്തിലേക്കുള്ള വഴി ഭംഗിയാക്കുന്നു!
സംഗീതയുടെ അമ്മയാത്ര!
അമ്മമാരുടെ മനസിന്റെ ആധികളും വൃഥകളും ഉൾക്കൊണ്ടിരിക്കുന്നു!
ഗ്രീഷ്മയുടെ പരാജിതന് ചിരി വിജയിച്ചവർക്കും അനുവാചകർക്ക് മുള്ള മുന്നറിയിപ്പായി മാറുന്നു.
 പിന്നീട് വന്ന ജോസഫിൻറെ ഓണക്കാല ഓർമ്മകൾഉൾക്കൊള്ളിക്കുന്ന അനുഭവസാക്ഷ്യങ്ങളുമായി നിലനിൽക്കുന്നു പഴയകാലത്തെ നേർചിത്രം ഇന്നത്തെ തലമുറയ്ക്ക് അന്യമായ സത്യം !
അവതാരകന്റെ ഓർമ്മകളും ചിത്രങ്ങൾ തുറന്നുതന്നെ വയ്ക്കുന്നു പഴയകാലത്ത് പുണ്യമായ പങ്കുവയ്ക്കാൻ പകർന്ന അക്ഷരങ്ങൾ നാല് അമ്മമാരുടെ ഗൃഹാതുരത്വമുള്ള ഓണം ഓർമ്മകൾ എല്ലാം കൊണ്ടും എന്ന് പറയാൻ!
നവ സാഹിതി കേമം!

*********************