19-08-19

📚📚📚📚📚📚
വയനാടൻ രാമായണം
അസീസ് തരുവണ

 മാതൃഭൂമി ബുക്സ്
പേജ് 224
വില 150

     രാമായണം ഭാരതീയരുടേതു മാത്രമാണെന്ന നമ്മുടെധാരണ ഏതാണ്ട് തിരുത്തപ്പെട്ടുണ്ട്. ലോകമെമ്പാടുമുള്ള  വ്യത്യസ്ത രാമായണങ്ങളെക്കുറിച്ച്  ഇന്ന് നമുക്കറിയാം. കേരളത്തിലെ  വാമൊഴി രാമായണങ്ങളെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ പുസ്തകമായ വയനാടൻ രാമായണത്തിലൂടെ അസീസ് തരുവണ കേരളീയ ഗോത്ര രാമായണങ്ങളുടെ ലിഖിത പാഠം ഉണ്ടാക്കുകയാണ് ചെയ്യ്തത് .

അടിയ രാമായണം  വയനാടൻ ചെട്ടി രാമായണം  വയനാടൻ സീതായനം എന്നിവയാണ് വയനാടൻ രാമായണം  എന്ന തലക്കെട്ടിൽ വരുത്താവുന്ന ലേഖനങ്ങൾ ഏതാണ്ട് 25 പേജ് മാത്രമാണ് ഇത് മൂന്നും കൂടി ഉൾക്കൊള്ളുന്നത്. രാമായണകഥകൾ നടന്നു എന്ന് വിശ്വസിക്കുന്ന വയനാടൻ  പ്രദേശങ്ങൾ പരിചയപ്പെടുത്തുകയും വയനാട്ടിലെ പല സ്ഥലങ്ങൾക്കും രാമായണ കഥയുമായി ബന്ധപ്പെട്ട പേരുകൾ സിദ്ധിച്ചത് എങ്ങനെയെന്ന് ആലോചിക്കുകയും ചെയ്യുന്ന ലേഖനങ്ങളാണ് ഒന്നാം ഭാഗത്തിൽ ബാക്കിയുള്ളവ.
       ആദ്യ ഭാഗത്ത് ചേർക്കാമായിരുന്ന മാപ്പിള രാമായണത്തെ മുസ്‌ലിംകളും രാമായണവും  എന്ന ഭാഗത്തേക്ക് മാറ്റിവച്ചിരിക്കുന്നത്  ചിന്തനീയമാണ്. രാമായണത്തിലെ ബഹുസ്വരത  എന്നാണ് രണ്ടാംഭാഗത്തിന്  പേര് നൽകിയിട്ടുള്ളത്. സാധാരണ മലയാളിക്ക്  ഒന്നാം ഭാഗത്തേക്കാൾ അറിവ്  നൽകുന്നത് (ഇൻഫർമേറ്റിവ്) രണ്ടാം ഭാഗം ആണെന്ന് ഞാൻ വിചാരിക്കുന്നു.

ഹൈന്ദവ ബൗദ്ധ-ജൈന മുസ്ലിം ആദിവാസി  വിഭാഗങ്ങൾക്കിടയിൽ ഏറിയോ കുറഞ്ഞോ രാമകഥാ സ്വാധീനം നിലനിൽക്കുന്നുണ്ട് .ഓരോ ജനതതിയും രാമകഥയെ പുതുക്കി പണിതത് സ്വന്തമാക്കുകയാണ് ഉണ്ടായത് .രാമായണത്തിന്  സവർണ്ണ പാഠങ്ങളും  ദളിത്,ആദിവാസി, പാഠങ്ങളും സ്ത്രീപക്ഷ പാഠങ്ങളും ഉണ്ടായിട്ടുണ്ട് . ഈ വൈപുല്യം ആണ് അസീസിനെ ഇത്തരമൊരു ഗ്രന്ഥം രചനയിലേക്ക് നയിച്ചത്.

വയനാടന്‍സ്ഥലനാമോല്‍പ്പത്തികഥകള്‍,വിശ്വാസങ്ങൾ, വാമൊഴി കഥകള്‍, വാമൊഴിപ്പാട്ടുകള്‍, ഉല്‍പ്പത്തികഥകള്‍,കലാരൂപങ്ങള്‍, ക്ഷേത്രകേന്ദ്രീകൃതമായ സങ്കല്‍പ്പങ്ങള്‍,വയനാടന്‍ മലകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഐതിഹ്യകഥകളും ഇന്ത്യന്‍ ഇതിഹാസങ്ങളും തമ്മിലുള്ള ബന്ധമാണ്‌  `വയനാടന്‍ രാമായണം'സൂക്ഷ്മനിരീക്ഷണം ചെയ്യുന്നത് .

     അടിയരാമായണവും ചെട്ടിരാമായണവുമാണ്‌ വയനാടന്‍ രാമായണങ്ങളിലെ ശ്രദ്ധേയമായ രണ്ട്‌ പാഠങ്ങള്‍. രാമായണത്തിന്റെ സവര്‍ണ ഭാഷ്യങ്ങളോട്‌ കലഹിക്കുന്നതാണ്‌ ദളിതരുടെ രാമായണങ്ങള്‍. ബ്രാഹ്‌മണാധിപത്യത്തിന്റെ സ്‌തുതികളല്ല ഈ രാമാണയങ്ങള്‍. വനവാസ കാലത്തെ സംഭവങ്ങളില്‍ പലതും വയനാട്ടിലാണെന്ന വിശ്വാസമാണ്‌ ഇതിനെ വ്യത്യസ്‌തമാക്കുന്നത്‌.

അടിയ-ചെട്ടി രാമായണങ്ങള്‍

തൃശ്ശിലേരി സ്വദേശി മാതൈ എന്ന അടിയസമുദായ മൂപ്പനാണ്‌ അടിയരാമയാണത്തിന്റെ ആവേദകന്‍. തലമുറകളായി വാമൊഴിയായി പ്രചരിച്ച രാമായണമാണ്‌ മാതൈ പറയുന്നത്‌. സീതയെ രാമന്‍ കണ്ടുമുട്ടുന്നത്‌ മുതല്‍ സീത ഭൂമി പിളര്‍ന്ന്‌ പോകുന്നത്‌ വരെയുള്ള ഭാഗങ്ങളാണ്‌ ഇതിലുള്ളത്‌.

     അടിയരാമായാണത്തില്‍ കഥ മുഴുവന്‍ നടക്കുന്നത്‌ വയനാട്ടിലും തൊട്ടടുത്ത കുടകു ജില്ലയിലുമാണ്‌.
പുല്‍പ്പള്ളി രാജ്യത്ത്‌ അടിയരുടെ പാക്കതെയ്യം ഉണ്ട്‌. പാക്കതെയ്യം ഒരിക്കല്‍ പുല്‍പ്പള്ളി രാജ്യത്ത്‌ വസിക്കുന്ന സീതയോട്‌ ഇവിടെ നിന്നും പുറത്തുപോവാന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന്‌ പുല്‍പ്പള്ളിയില്‍ നിന്നും കുട്ടയും വട്ടിയുമെടുത്ത്‌ കുന്നും മലയും കയറിയിറങ്ങി പോകുമ്പോഴാണ്‌ ഒരു യുദ്ധം കഴിഞ്ഞ്‌ രാമലക്ഷ്‌മണന്മാര്‍ അതുവഴി വന്നത്‌. സീത അവര്‍ക്കു വഴിമാറി കൊടുത്തു. കുറച്ചു ദൂരം ചെന്നപ്പോഴാണ്‌ സീതയെ തനിക്ക്‌ ഏറെ ഇഷ്‌ടപ്പെട്ട വിവരം രാമന്‍ സഹോദരനായ ലക്ഷ്‌മണനോട്‌ പറയുന്നത്‌.
ഈ സമയം കുന്നിന്റെ മറ്റൊരു ചെരിവില്‍ അതുവഴി വന്ന രാവണന്‍ സീതയെ തടഞ്ഞുനിര്‍ത്തുകയും കുശലം പറയുകയും ചെയ്‌തു. അവര്‍ തമ്മില്‍ സ്‌നേഹമായി. തുടര്‍ന്ന്‌ സീതയെ രാവണന്‍ ലങ്കയിലേക്ക്‌ കൊണ്ടുപോയതായി അടിയരാമായണം പറയുന്നു.

        ലങ്കയിലേക്കുള്ള പാലം നിര്‍മിച്ചത്‌ ഹനുമാനും കരടിയും ചേര്‍ന്നാണത്രേ. പാലം നിര്‍മിക്കുന്നതിനിടെ കരടിയും ഹനുമാനും തര്‍ക്കമുണ്ടാവുകയും ദേഷ്യം വന്ന ഹനുമാന്‍ ഗരുഡമല വാലുകൊണ്ട്‌ ചുറ്റി മറിച്ചിടാന്‍ ശ്രമിക്കുകയുംചെയ്‌തു. സീതയുടെ അപേക്ഷയെ തുടര്‍ന്നാണ്‌ ഹനുമാന്‍ പിന്‍വാങ്ങിയത്‌. ലങ്കയിലെത്തിയ സീത, പന്ത്രണ്ട്‌ വര്‍ഷം കഴിയുന്നതുവരെ തന്റെ ശരീരത്തില്‍ തൊടരുതെന്ന നിബന്ധനയും രാവണന്‌ മുന്നില്‍ വെക്കുന്നുണ്ട്‌.
സീതയെ അന്വേഷിച്ച്‌ രാമന്‍ കാട്ടിലൂടെ അലയുന്നതിനിടെ കണ്ടുമുട്ടിയ ഹനുമാനോട്‌ തിരക്കിയപ്പോഴാണ്‌ സീത ലങ്കയിലെത്തിയതായി അറിയുന്നത്‌. തുടര്‍ന്ന്‌ സീതയെ കൊണ്ടുവരാന്‍ ഹനുമാന്‍ ലങ്കയിലെത്തി നഗരം കത്തിക്കുകയും ചെയ്‌തു. സീതയെ കണ്ട്‌ രാമനെ കുറിച്ച്‌ നല്ലതും രാവണെ കുറിച്ച്‌ കുറ്റവും പറഞ്ഞു. അങ്ങനെ സീതയുമായി ഇരപ്പിലേക്ക്‌(കുടക്‌ ജില്ല) എത്തി രാമന്‌ കൈമാറി. പിന്നീട്‌ രാമനും സീതയും വിവാഹിതരായതായും അടിയരാമായണം പറയുന്നു.

വാല്‍മീകി രാമായണത്തില്‍ നിന്ന്‌ വളരെ വ്യത്യസ്‌‌തമായ ഒരു പാഠമാണ്‌ അടിയരാമായണം മുന്നോട്ടു വയ്ക്കുന്നത്‌.
വിചാരണ ചെയ്യപ്പെടുന്ന രാമന്‍;
തുടര്‍ന്നുള്ള കഥാഭാഗങ്ങളില്‍ രാമനിലെ ഭര്‍ത്താവിനെയും അച്ഛനെയും അടിയരാമായണം ചോദ്യം ചെയ്യുന്നുണ്ട്‌‌. വേട്ടയാടി വരുന്ന രാമന്‌ സീത കാപ്പിയും പലഹാരവും നല്‍കും. അതിലെല്ലാം മാലിന്യങ്ങള്‍ ഉള്ളതായി ചൂണ്ടിക്കാട്ടി രാമന്‍ സീതയെ മിക്കപ്പോഴും വഴക്കു പറയും. സീത ഗര്‍ഭിണിയായപ്പോള്‍ നാട്ടില്‍ സന്തോഷവും സംശയവുമുണ്ടായി. ഇത്‌ രാമന്റെ ചെവിയിലുമെത്തി. ചോറില്‍ കല്ല്‌ പെട്ടതിനെ തുടര്‍ന്ന്‌ ഒരിക്കല്‍ സീതയെ വഴക്കുപറഞ്ഞു. തുടര്‍ന്നാണ്‌ പിഴച്ചവളെന്ന്‌ മുദ്രകുത്തി കൊന്നുകളയാന്‍ ലക്ഷ്‌മണനോട്‌ പറയുന്നത്‌. ജേൃഷ്‌ഠന്റെ ഈ തെറ്റിദ്ധാരണ തിരുത്താന്‍ ലക്ഷ്‌മണന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. രാമന്റെ ആജ്ഞപ്രകാരം ലക്ഷ്‌മണന്‍ സീതയെയും കൂട്ടി ഗരുഡമലയിലെത്തി. പക്ഷേ, ഗര്‍ഭിണിയായ സീതയെ കൊല്ലാന്‍ ലക്ഷ്‌മണനാവുന്നില്ല. സ്വന്തം ഭാര്യയുടെ സ്‌നേഹവും പാതിവ്രത്യവും തിരിച്ചറിയാന്‍ കഴിയാത്തവനായി രാമനെ ചിത്രീകരിക്കുമ്പോള്‍ സ്‌നേഹസമ്പന്നനായാണ്‌ ലക്ഷ്‌മണനെ അടിയരാമായണം ചിത്രീകരിക്കുന്നത്‌.
ഉപേക്ഷിക്കപ്പെട്ട സീതയെ പുല്‍പ്പള്ളിക്കടുത്ത ആശ്രമംകൊല്ലിയിലേക്ക്‌ വാല്‍മീകിയുടെ ശിക്ഷ്യന്മാര്‍ കൊണ്ടുപോയി. ലവനും കുശനും വളര്‍ന്നുവരികയും അയോധ്യയില്‍ നിന്നും രാമന്‍ അഴിച്ചുവിട്ട യാഗാശ്വത്തെ പിടിച്ചുകെട്ടുകയും ചെയ്യുന്നുണ്ട്‌. കുതിരയെ അന്വേഷിച്ചുവന്ന ഹനുമാനെയും ലക്ഷ്‌മണനെയും പരാജയപ്പെടുത്തിയ ലവകുശന്മാര്‍ പിതാവായ രാമനെയും ലക്ഷ്‌മണനെയും ഹനുമാനെയും ബന്ധിച്ചു. സീത ഉടനെ വള്ളിയൂര്‍ക്കാവിലെയും പുല്‍പ്പള്ളിയിലെയും ഭഗവതിമാര്‍ക്കും തിരുനെല്ലി, കൊട്ടിയൂര്‍ എന്നിവിടങ്ങളിലെ പെരുമാള്‍മാര്‍ക്കും സിദ്ധപ്പനും നെഞ്ചപ്പനും മാതപ്പ ദൈവത്തിനും കത്തയച്ചു. അവര്‍ വന്ന്‌ രാമലക്ഷ്‌മണന്‍മാരെ വിചാരണ ചെയ്‌തു. വിചാരണക്കൊടുവിലാണ്‌ രാമന്‍ തന്റെ മക്കളെയും ഭാര്യയെയും തിരിച്ചറിയുന്നത്‌.
പിതാവിന്റെ സ്‌നേഹവും പരിലാളനയും ലഭിക്കാതെ വളര്‍ന്ന കുട്ടികള്‍ ഇതിലപ്പുറവും ചെയ്യുമെന്ന്‌ രാമനെ ഈ അവസരത്തി ല്‍ ഉദ്‌ബോധിപ്പിക്കുന്നുണ്ട്‌. തെറ്റ്‌ ബോധ്യപ്പെട്ട രാമന്‍ സീതയെ അയോധ്യയിലേക്ക്‌ തിരികെ വിളിച്ചുവെങ്കിലും അഭിമാനിയായ സീത അത്‌ നിരസിച്ചു. അങ്ങനെ പുല്‍പ്പള്ളിക്കടുത്ത്‌ തന്നെ സ്വീകരിക്കാന്‍ ഭൂമിയോട്‌ ആവശ്യപ്പെട്ടു. രണ്ടായി പിളര്‍ന്ന ഭൂമിയിലേക്ക്‌ സീത ഇറങ്ങിചെല്ലമ്പോള്‍ രാമന്‍ സീതയെ വിലക്കി തലമുടിയില്‍ പിടിച്ച്‌ വലിച്ചു. ജഡ മുറിഞ്ഞ്‌ വരികയല്ലാതെ പരാജയപ്പെട്ട ഭര്‍ത്താവിന്‌ മുന്നില്‍ വീണ്ടും സീത വന്നില്ല. ഈസംഭവം നടന്ന പ്രദേശമാണ്‌ ജഡയറ്റകാവ്‌ എന്ന പേരിലറിയപ്പെടുന്നതെന്ന്‌ അടിയരാമായണവും ചെട്ടിരാമയണവും പറയുന്നു.

വയനാടന്‍ സ്ഥലനാമങ്ങളും രാമായണവും

വയനാട്ടിലെ 23 സ്ഥലനാമങ്ങള്‍ക്കു പിന്നില്‍രാമായണവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ ഉള്ളതായി വിശ്വസിക്കപ്പെടുന്നു. ഈ സ്ഥലനാമങ്ങളെല്ലാം രാമായണത്തിലെ ഓരോ സംഭവങ്ങള്‍ നടന്ന ഇടങ്ങളാണെന്ന മിത്തുകള്‍ ഇവിടങ്ങളിലെ വ്യത്യസ്‌ത ജനവിഭാഗങ്ങള്‍ കാത്തുസൂക്ഷിക്കുന്നുന്നതായി ഡോ. അസീസ്‌ തരുവണ പറയുന്നു.
രാമനാല്‍ ഉപേക്ഷിക്കപ്പെട്ട സീത ബത്തേരിക്കടുത്ത പൊന്‍കുഴിയെന്ന സ്ഥലത്ത്‌ വെച്ച്‌ കരഞ്ഞു. ഈ കണ്ണീര്‍ ഒരു തടാകമായതായും ഇതാണ്‌ ഇന്ന്‌ സീതാകുളം എന്ന്‌ അറിയപ്പെടുന്നതെന്നും ചെട്ടിരാമായണം പറയുന്നു. ഇവിടെ നിന്നുള്ള വിലാപം കേട്ടാണ്‌ ആശ്രമംകൊല്ലിയിലെ വാല്‍മീകി ആശ്രമത്തില്‍ നിന്നും മുനിമാര്‍ വന്നത്‌. ആശ്രമത്തിലേക്ക്‌ കൊണ്ടുപോകുന്ന വഴി ഇരുട്ടുപടര്‍ന്നതിനാല്‍ സീത ഒരു മരച്ചുവട്ടില്‍ വിശ്രമിച്ചു. ഈ സ്ഥലം പിന്നീട്‌ ഇരുളം എന്നപേരില്‍ അറിയപ്പെട്ടു.
ഗര്‍ഭിണിയായ സീത ആശ്രമംകൊല്ലിയിലെ ഒരു ഊരാളിക്കുറുമ കുടിലില്‍ വെച്ചാണ്‌ ലവനെ പ്രസിവിച്ചത്‌. ലവകുശന്മാര്‍ കളിച്ചുവളര്‍ന്ന കുന്നുകളാണ്‌ ശിശുമല എന്ന്‌ പറയുന്നത്‌.(ഇന്ന്‌ ശശിമല). ലവകുശന്മാര്‍ വിവാഹം ചെയ്‌തത്‌ ചെട്ടി സമുദായത്തില്‍ നിന്നാണെന്ന്‌ ചെട്ടിരാമായണം പറയുന്നു. ഏരിയപള്ളിയിലെ ഒരു ദരിദ്രചെട്ടി കുടുംബത്തിന്‌ ഒരു വലിയ തൊഴുത്തും നിറയെ എരുമകളെയും ഇവര്‍ നല്‍കി. ഏരിയപള്ളി എന്ന്‌ ഈ സ്ഥലത്തിന്‌ പേരുവന്നത്‌ അങ്ങനെയാണ്‌.വയനാട്ടിലും പരിസര പ്രദേശങ്ങളിലും ഒട്ടേറെ സ്ഥലങ്ങള്‍ക്ക്‌ അമ്പുകത്തിയെന്ന്‌ പേരുണ്ട്‌. സീതയെ അന്വേഷിച്ച്‌ ഹനുമാന്‍ അമ്പ്‌കുത്തി അടയാളം സൃഷ്‌ടിച്ച്‌ പോയ വഴിയാണ്‌ ഇതെന്നും വയനാടന്‍ രാമായണങ്ങള്‍ പറയുന്നു. ആല്‍ത്തറ, ആലില്‍കുളം, രാംപള്ളി, യോഗിമൂല, വരദൂര്‍, ചെതലയം, പുല്‍പ്പള്ളി, സീതാമൗണ്ട്‌, അമ്പുകുത്തി, കണ്ടത്തുവയല്‍, ജടയറ്റകാവ്‌, പൂതാടി,ചൂതുപാറ, മാനിക്കാവ്‌, തിരുനെല്ലി, മാനന്തവാടി എന്നീ സ്ഥലനാമങ്ങളുമായും വയനാടന്‍ രാമായണത്തെ ബന്ധിപ്പിക്കുന്നുണ്ട്‌.
രാമായണത്തിന്‌ വയനാട്ടില്‍ ഒരൊററ പാഠമല്ല നിലനില്‍ക്കുന്നത്‌. ആദിവാസികള്‍ക്കും അല്ലാത്തവര്‍ക്കും ഇടയില്‍ വ്യത്യസ്‌ത പാഠഭേദങ്ങളുണ്ട്‌. സ്ഥലനാമങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ഇവയുടെയും വളര്‍ച്ച. നൂററാണ്ടുകളായി വയനാട്ടില്‍ വാമൊഴിയായി പ്രചാരത്തിലുള്ള രാമായണകഥകള്‍ ആദ്യമായാണ്‌ പുസ്‌തക രൂപത്തിലാവുന്നത്‌.

 വയനാടന്‍ രാമായണമെന്ന ഈ പുസ്‌തകത്തിന്നു രണ്ടു ഭാഗങ്ങളുണ്ട്‌.രണ്ടാം ഭാഗത്തില്‍, വിദേശ രാമായണങ്ങളെ കുറിച്ചും ജൈന-ബൗദ്ധ-മുസ്ലിം രാമായണങ്ങളെ പറ്റിയുംമറ്റും വിവരിക്കുന്നു.
ചരിത്രവും മിത്തും തമ്മിലുള്ള ബന്ധങ്ങളെ വിലയിരുത്തുന്ന ഡോ. കെ എന്‍ പണിക്കറുടെ അവതാരിക പുസ്‌തകത്തെ മികവുറ്റതാക്കുന്നു. തൃശ്ശൂര്‍കറന്റ്‌ ബുക്‌സാണ്‌ വയനാടന്‍ രാമായണത്തിന്റെ ഒന്നാംപതിപ്പ് പ്രസാധനം ചെയ്‍തത്.
മാതൃഭൂമി അതിൻറെ പരിഷ്കരിച്ച പതിപ്പാണ്  ഇപ്പോൾ  ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്

🛐 തരുവണയുടെ അന്വേഷണം ഗംഭീരമാണ്  പക്ഷേ  വിവരങ്ങളെ അപഗ്രഥിക്കുമ്പോളും കണ്ടെത്തലുകൾ നടത്തുമ്പോഴും സത്യവിരുദ്ധമായ പക്ഷപാതം വന്നുപോയി. അതിവിടെ തുറന്നുപറഞ്ഞു വായനക്കാരുടെ ചിന്തയെ വഴി തിരിച്ചു വിടാൻ ഉദ്ദേശിക്കുന്നില്ല .സ്വയം വായിച്ച് തീർച്ചപ്പെടുത്തുക

രതീഷ് കുമാർ
🌾🌾🌾🌾🌾🌾