19-10-19


***********
ജല ചുംബനം
ഷീബ ദിൽഷാദ്

കുഴിച്ചും കോരിയും
പടവുകൾ വെട്ടിയും
ആഴത്തിലച്ഛൻ
നോവുകൾ കുറിച്ചിട്ടു
ഇനിക്കുന്ന വെള്ളമൊരല്പം
കനിവോടെ തുടിയ്ക്കവേ
കിണറാഴങ്ങൾ കേട്ടൂ
മധുരമാം ഹൃദയസ്പന്ദം
ജലമാദ്യം കാണുമ്പോൾ,
തൊടുമ്പോൾ, മകളെന്നെ
ഓർക്കുമെന്നച്ഛൻ
കനിവുറ്റ വാക്കാൽ താരാട്ടുന്നു
എന്തു കുളിർമ്മയാണീ
വേനലിലും, കിണറാഴങ്ങളിൽ
മണ്ണേ, കനിയൂ, കണ്ണീരായ്
നനവിൽ ഊറ്റുമണങ്ങളായ്
വെട്ടിയതെത്ര കടൽ വെള്ളം
വെട്ടിയാൽ പൊട്ടാത്തതെത്ര
കരിമ്പാറക്കടൽ, ചെമ്പട്ടു
കല്ലുകൾ, വെള്ളച്ചേടികൾ
ദ്രുതമോടിപ്പോയുഷസ്സുകൾ,
പതിയിരിക്കുന്നു വിപത്തുകൾ
പതിത ജന്മങ്ങൾക്കൊപ്പം
വിരുന്നിനെത്തുന്നു വിളിക്കാതെ
മൃത്യു വന്നമ്മയെത്തേടി,
മടങ്ങി വേഗം, കുഴഞ്ഞ മണ്ണിൽ
അയ്യോ, തളർന്നിരിക്കയാണച്ഛൻ
തകർന്ന നെഞ്ചിൽ കിതപ്പുമായി
വിഷനീല ദ്രുമങ്ങളിലൊളിച്ചു നിന്നു
വിധി, ഓർമ്മയെ വലിച്ചിഴയ്ക്കുന്നു
കൂരിരുൾ മൂടിയ ഗഹ്വരങ്ങളിലേയ്ക്ക്
നിലയില്ലാതിരുട്ട്, അടിത്തറപൊട്ടി
പാഴ്ക്കിണർ, അരികിലുണ്ടച്ഛൻ
ജലചുംബനം പോലെ, നെറുകയിൽ
പതിക്കുന്നു രാത്രിയുടെ കണ്ണീർ !
***********
 
സ്നേഹം
വിദ്യ പൂവഞ്ചേരി

സ്നേഹിക്കാനും
സ്നേഹിക്കപ്പെടാനും
പേടിയാണ്.
തിരക്കേറിയ
നാൽക്കവലയിലകപ്പെട്ട
കാൽനടയാത്രക്കാരിയുടെ
അരക്ഷിതാവസ്ഥയിലേക്ക്
അതെന്റെ  വർഷങ്ങളെ
ചുരുക്കുന്നു.
വാഹനങ്ങൾ
ഭീതിപ്പെടുത്തിയിരമ്പുന്നത്
എനിക്കു വ്യക്തമായി
കേൾക്കാം.
അണ്ടർ ഗ്രൗണ്ട് പാസ്സേജിൽ
മഴവെള്ളപ്പാച്ചിൽ മുഴക്കം.
പകുതിയെത്തുമ്പോൾ
നിന്നുപോകുന്ന തരത്തിൽ
ഏതൊ ഒരു തൃഷ്ണ
എന്നെ  നയിക്കുന്നു.
ഞാൻ  നിന്നുപോകുന്നു.
നടുക്ക്.
ഒത്ത നടുക്ക്.
വാഹനങ്ങൾ അനുനിമിഷം പെരുകുന്നു.
ദൈവമേ ദൈവമേയെന്ന്
നിലവിളിച്ചുകൊണ്ട്
ഒരമ്മ ബസിലെന്നെ
കടന്നുപോകുന്നു.
മോളേ മോളേ എന്നു വിളിച്ചുകൊണ്ടൊരച്ഛൻ
അപ്പുറമെത്തി കൈനീട്ടി വിളിക്കുന്നു.
അമ്മേ അമ്മേയെന്നു വിളിച്ച്
രണ്ടു കുഞ്ഞുങ്ങൾ
പൊക്കിൾക്കൊടിത്തുമ്പിലൂടെ
വലിഞ്ഞു കയറി
ഗര്ഭപാത്രത്തോടൊട്ടുന്നു.
നിന്ന നിൽപ്പിലെനിക്ക്
ഉറക്കെ കരയണമെന്നു തോന്നുന്നു
തൊണ്ട വറ്റുന്നു.
ആ ഒത്ത നടക്കുവെച്ച്
സ്നേഹിക്കാനും
സ്നേഹിക്കപ്പെടാനും കൊതിക്കുന്നവരോട്
അന്നാദ്യമായെനിക്ക്
വെറുപ്പ് തോന്നുന്നു.
***********
 
അത്രയേയുണ്ടായുള്ളൂ.
രമണൻ ഞാങ്ങാട്ടിരി

ചെറിയൊരു തുമ്മൽ
അടുത്തിരുന്നയാൾ
അമ്മേയെന്ന്
എന്റെ മടിയിലേക്ക്...

അത്രയേയുണ്ടായുള്ളൂ.

ആരോ
അടിച്ച
ഒറ്റബെല്ലിൽ
ഒന്നു തമ്പിട്ടുനിന്ന ബസ്സിൽ
ഒരനക്കവുമില്ലാതെ
അയാൾ...

തെല്ല് വൈകിപ്പോയെന്ന്
ഒന്നു തൊട്ടു നോക്കിയതും
കണ്ടക്ടർക്കൊപ്പം
എന്നെ നോക്കി
ഡോക്ടർ.

അരികിൽത്തന്നെ വേണമെന്ന്
ആരെങ്കിലും വരാതിരിക്കില്ലെന്ന്
അടയാൻ മടിച്ച
ഒറ്റക്കണ്ണ്.

ഓരോന്നാലോചിച്ചാലോചിച്ച്
ചെറുതല്ലാത്തൊരാന്തലിൽ
നീണ്ടു നീണ്ട ആശുപത്രി വരാന്തയിൽ
ആരോരുമല്ലാതെ
ഞാൻ...

***********

പടിയിറക്കം
റബീഹ ഷബീർ

എന്റെ സ്വപ്നങ്ങൾ,
ഞാൻ നട്ടുനനയ്ക്കുന്നതാണ്.
പക്ഷെ,
അതിൽ വിരിയാൻ വെമ്പുന്ന
മൊട്ടുകളെ പിഴുതെറിയുന്നതും
ഞാൻ തന്നെയാണ്..
തളിരുകൾ കിളിർക്കുമ്പോൾ
ഹർഷം അലയടിക്കുമെങ്കിലും
ആ തളിരുകൾ വിടരുന്നതെന്റെ
സ്വപ്നങ്ങളിൽ മാത്രമാണ് ...
വസന്തം,
അതെന്നിൽ മരണപ്പെട്ടു.
ഉയിർത്തെഴുന്നേൽക്കാനാവാത്ത വിധം
കൊഴിഞ്ഞ ഇലകളും തളിരിട്ട
മോഹങ്ങളും ചീഞ്ഞളിഞ്ഞു
ദുർഗന്ധം,അതെനിക്കു മാത്രം.
തൊട്ടെടുക്കാനാവാത്ത വിധം വസന്തം
മുന്നിലുണ്ട്, അത് നിന്റെയല്ലേ ?
ഞാൻ അന്യയാണ്..

വിടവാങ്ങൽ അനിവാര്യമാണ്....
വിലാപങ്ങൾ,അതെന്റെയാണ്....
***********

ചിരുത പെങ്ങളായ കഥ...
അബ്ദുൽ മജീദ്

"ഈ കെട്ടകാലം പോലൊന്നുമല്ല മോനേ... അന്ന് മനിച്ചന്‍മാരൊക്കെ പിരിശത്തില്‍ (ഇഷ്ടത്തില്‍) കഴിഞ്ഞ നാളാ. മരിക്കുന്നബരേ എന്നെ സ്വന്തം പെങ്ങളെപ്പോല്യാ ഓര്‍ നോക്ക്യത് ..." ഓര്‍മയുടെ ഗൃഹാതുരതകളില്‍ തരിമ്പുപോലും മങ്ങലില്ലാതെ ചിരുതാമ്മ തുടരുകയാണ്. സാഹോദര്യത്തിന്റെയും വിശ്വാസത്തിന്റെയും പാരസ്പര്യത്തിന്റെയും വര്‍ണരാജികള്‍ തീര്‍ത്ത ആ സ്‌നേഹബന്ധത്തിന്റെ സുന്ദരസുരഭിലമായ കഥ.
 അശാന്തിയുടെ കാര്‍മേഘങ്ങള്‍ നാദാപുരത്തിനുമേല്‍ പെയ്തിറങ്ങിയ നാളുകള്‍.

 അക്രമം കൈവെടിഞ്ഞ് ശാന്തിയിലേക്ക് തിരികെവരാന്‍ കേരളത്തിലെ മനുഷ്യസ്‌നേഹികള്‍ മുഴുക്കെ നാദാപുരത്തുകാരോട് ആഹ്വാനം ചെയ്തുകൊണ്ടിരുന്നു. നീതിയുടെ കാവലാളും കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയിലെ നിറസാന്നിധ്യവുമായിരുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ മറന്ന് നാദാപുരത്തിന്റെ കലാപഭൂമിയിലേക്ക്. കലര്‍പ്പില്ലാത്ത സ്‌നേഹത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും നല്ല നാളുകളിലേക്ക് തിരിച്ചു പോകണമെന്ന് ജനസഞ്ചയങ്ങളെ സാക്ഷിനിര്‍ത്തിയുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ഥന.

 നാദാപുരത്തെ തെരുവന്‍പറമ്പില്‍ നടന്ന ആ സ്‌നേഹ സമ്മേളനത്തില്‍ പങ്കെടുത്ത പ്രദേശത്തുകാരനായ കെ. മൊയ്തുമൗലവവി തന്റെ പ്രസംഗത്തിനിടെ നടത്തിയ വെളിപ്പെടുത്തല്‍ കൃഷ്ണയ്യര്‍ക്കും നാട്ടുകാര്‍ക്കും അദ്ഭുതവും സന്തോഷവും നല്‍കുന്നതായിരുന്നു.
രാഷ്ട്രീയവും മതവും നോക്കി ആളുകള്‍ തമ്മില്‍ കടിച്ചുകീറുകയും ബന്ധവും ബഹുമാനവുമെല്ലാം കാറ്റില്‍ പറത്തുകയും ചെയ്യുന്ന നാളില്‍ നാളിതുവരെ പരസ്യമാക്കാതെവെച്ചിരുന്ന ഒരു ബന്ധമായിരുന്നു അദ്ദേഹം അവിടെ പ്രഖ്യാപിച്ചത്.

 തയ്യുള്ളതില്‍ ഉണിച്ചിരയുടെ മകള്‍ ചിരുത തന്റെ പെങ്ങളാണെന്ന പ്രഖ്യാപനം.
 രണ്ടു മൊയ്തു മൗലവിമാരാണ് കോഴിക്കോട്ടുകാര്‍ക്കുണ്ടായിരുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ വീരേതിഹാസങ്ങള്‍ രചിച്ച ഇ. മൊയ്തുമൗലവി. രണ്ടാമന്‍ കോഴിക്കോട്ട് നാദാപുരത്തിനടുത്ത കെ. മൊയ്തുമൗലവിയും. ജമാഅത്തെ ഇസ്ലാമിയുടെ മുന്നണിപ്പോരാളി, കവി, ചരിത്രകാരന്‍, പ്രസംഗകന്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍, അധ്യാപകന്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍ നിറഞ്ഞുനിന്ന നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു കോറോത്ത് മൊയ്തുമൗലവി.

 കോഴിക്കോട് ജില്ലയിലെ വടക്കന്‍ പ്രദേശമായ നാദാപുരത്തിനടുത്തുള്ള ചിയ്യൂര്‍ ഗ്രാമം.  ഹിന്ദു, മുസ്ലിംങ്ങള്‍ ഇടകലര്‍ന്നു പാര്‍ക്കുന്ന പ്രദേശമാണിത്. മയ്യഴിപ്പുഴയുടെ ആരംഭമായ വാണിമേല്‍പ്പുഴയുടെ ഓരത്താണീ ഗ്രാമം. കൃഷിയും കച്ചവടവും മറ്റുമായി കഴിയുന്ന ആളുകള്‍. പഴയ നാടുവാഴിത്ത കാലത്ത് ജന്മികുടിയാന്‍ ബന്ധങ്ങള്‍ നിലനിന്നു. ദാരിദ്ര്യവും കഷ്ടപ്പാടുകളും കൊടികുത്തിവാഴുമ്പോള്‍ സ്‌നേഹവും കൊടുക്കല്‍ വാങ്ങലുകളുമായി തലമുറകളോളം ഈ നാട്ടിലെ ജനതയും കഴിഞ്ഞുകൂടി. അവരവരുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും കണിശതയും കൃത്യതയുമുണ്ടായിരുന്നപ്പോള്‍ പോലും പരസ്പരബന്ധത്തിന്റെ ഇഴപിരിയാത്ത നൂലുകളാല്‍ അവര്‍ കോര്‍ക്കപ്പെട്ടിരുന്നു.

 മൊയ്തുമൗലവിയുടെ തറവാടായ പത്തായക്കോടന്‍ കുടുംബത്തിലെ കോറോത്തുകാര്‍ ഈ സ്‌നേഹബന്ധത്തിന്റെ ഊഷ്മളത നിലനിര്‍ത്തിയവരായിരുന്നു.

ചിയ്യൂരിലെ ചാത്തോത്ത് കാടന്റെയും ഉണിച്ചിരയുടെയും മൂന്നു മക്കളില്‍ ഇളയവളാണ് ചിരുത. ചന്ദമ്മനും മന്ദിയും മറ്റു മക്കള്‍. കോറോത്തു കുടുംബവുമായി ഇവര്‍ക്കുള്ള ബന്ധം അഭേദ്യമാണ്. ചിരുതയെ പെറ്റ പള്ളയുമായി ഉണിച്ചിരാമ്മക്ക് അധികകാലം തന്റെ കൂരയില്‍ കഴിയാനായില്ല. മൂത്തമക്കളെയും ശിശുവായ ചിരുതയെയും കൂട്ടി കാടനും ഉണിച്ചിരയും കോറോത്ത് പണിക്കുപോകും. കോറോത്തെ ആയിശഹജ്ജുമ്മയുടെ പുത്രനായ മൊയ്തുവിനന്ന് മുലകുടിപ്രായം. പറമ്പത്തും പാടത്തും പണിയെടുത്ത് തളര്‍ന്ന് കഞ്ഞികുടിക്കാന്‍ കോറോത്തെ കോലായിലെത്തുന്ന ഉണിച്ചിരുത വറ്റുകുറഞ്ഞ വലിയ പിഞ്ഞാണത്തിലെ കഞ്ഞിവെള്ളം കുടിച്ചുതീരുമ്പോഴേക്കും മധുരപീയൂഷത്താല്‍ നിറഞ്ഞുതുടുത്ത ഉണിച്ചിരാമ്മയുടെ മാറിടം മൊയ്തു കാലിയാക്കിയിരിക്കും. അല്ല മോനേ, ചിരുതക്ക് കൊടുക്കേണ്ട പാലു തീര്‍ത്തും നീ കുടിച്ചുതീര്‍ത്തല്‌ളോയെന്ന് ചിരിച്ചുകൊണ്ട് പരിതപിക്കുന്ന ഉണിച്ചിരാമ്മയുടെ മടിയില്‍നിന്ന് ആ കുസൃതിക്കുരുന്ന് മോണകാട്ടും.

ചിരുതക്കൊപ്പം മൊയ്തുവും ഉണിച്ചിരയുടെ മുലപ്പാല്‍ നുകര്‍ന്നു വളര്‍ന്നു. ആരും പരാതി പറഞ്ഞില്ല. തന്റെ പുന്നാരമോന്‍ അന്യജാതിക്കാരിയുടെ അമ്മിഞ്ഞപ്പാലു കുടിച്ചതിന് ആയിശുമ്മ ആശങ്കപ്പെട്ടില്ല.

ഇസ്ലാമിക വിശ്വാസമനുസരിച്ച് രക്തബന്ധത്തോളം തന്നെ പ്രാധാന്യമുള്ളതാണ് മുലകുടിബന്ധം. രക്തബന്ധത്താല്‍ നിഷിദ്ധമായതും അനുവദനീയമായതുമായ കാര്യങ്ങള്‍ ഭൂരിഭാഗവും മുലകുടിബന്ധത്തിലും പാലിക്കപ്പെടണമെന്നാണ് വിശ്വാസം. പ്രവാചകന്‍ വളര്‍ന്നതുതന്നെ ഹലീമയുടെ മുലകുടിച്ചാണെന്നാണ് ചരിത്രം. മുലകുടി ബന്ധങ്ങളെ പവിത്രമായി കണ്ടിരുന്നതിനാല്‍ ചിരുതയെ തന്റെ സ്വന്തം പെങ്ങളെപ്പോലെയാണ് മൊയ്തു മൗലവി കണ്ടത്. അവള്‍ക്കുള്ള അവകാശങ്ങളെല്ലാം അദ്ദേഹം നല്‍കിപ്പോന്നു. 2005 മാര്‍ച്ച് നാലിന് മൊയ്തുമൗലവി വിടപറയും വരെ. വാണിമേല്‍ ചിയ്യൂര്‍ പള്ളിയിലെ ആറടി മണ്ണിലേക്ക് മൗലവി യാത്രയാകുമ്പോള്‍ ആയിരങ്ങള്‍ വിടപറയാനത്തെിയിരുന്നു. തറവാട്ടു വീടിന്റെ അടുക്കള ജനലഴികള്‍ക്കിടയിലൂടെ നിറകണ്ണുകളാല്‍ തന്റെ സഹോദരന്റെ അന്ത്യയാത്രക്കു സാക്ഷിയാവുകയായിരുന്നു തയ്യുള്ളതില്‍ ഉണിച്ചിരയുടെ മകള്‍ ചിരുത.

മുലകുടിബന്ധത്തിലെ സഹോദരിയായ ചിരുതക്ക് ഒരു പെങ്ങളുടെ എല്ലാ സ്ഥാനവും കല്‍പിച്ചാദരിച്ചെന്ന് മൗലവിയുടെ മക്കളും പറയുന്നു. മരിക്കുവോളം ആ ബന്ധം നിലനിര്‍ത്തി. ചിരുതക്ക് ഒരു സ്വര്‍ണക്കമ്മല്‍ വാങ്ങിക്കൊടുത്തത് മരിക്കുന്നതിനടുത്താണ്. ഹിന്ദു കുടുംബത്തിലെ ആ സഹോദരിയെക്കുറിച്ച് പറയുമ്പോള്‍ ഉപ്പാക്കും ഉപ്പയെക്കുറിച്ച് പറയുമ്പോള്‍ ചിരുതക്കും ആയിരം നാക്കാണ്. ചിരുതയോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് ഉപ്പ ഞങ്ങളോട് ഉപദേശിച്ചിട്ടുണ്ട്. പറയുന്നത് മൗലവിയുടെ മൂത്തമകന്‍ അബ്ദുല്‍ മജീദ്. പിതാവ് പകര്‍ന്നു നല്‍കിയ സ്‌നേഹ സാഹോദര്യത്തിന്റെ ജ്വാലകള്‍ കെടാതെ സൂക്ഷിക്കുകയാണ് ചിയ്യൂരിലെ മൗലവിയുടെ തറവാട്ടു വീട്ടില്‍ താമസിക്കുന്ന ഇളയ മകന്‍ ബഷീര്‍ മുഹ് യിദ്ദീന്‍. പ്രായാധിക്യത്താല്‍ വീടുവിട്ടിറങ്ങാനാവാതെ തയ്യുള്ളതില്‍ തറവാട്ടില്‍ കഴിയുന്ന ചിരുതാമ്മയെ കാണാന്‍ ബഷീറുമൊത്തു ചെന്നപ്പോള്‍ അമ്മിഞ്ഞപ്പാലിന്റെ നറുമണമുള്ള ചിരിയുമായി എതിരേറ്റു. 'ഇതാ ഉപ്പാന്റെ പെങ്ങള് ചീരുവമ്മ', ബഷീറിന്റെ കൈവിരലുകള്‍ ആ സ്‌നേഹനിലാവിനെ തലോടി.
***********


നഗര സുന്ദരി
ശാന്തി പാട്ടത്തിൽ

പകൽ കണ്ടാൽ
ഇഷ്ടമാകില്ല..
ഒച്ച വച്ചും വിയർത്തും;
ജീവിക്കാനുളള
തത്രപ്പാട്ടിൽ
തീരക്കിട്ടോട്ടിയും;
പൊടിപുരണ്ടും,
വെയിലേറ്റുമങ്ങനെ.....

രാത്രിയിൽ വരവ്
സാമ്പ്രാണി മണമുള്ള
തലമുടിച്ചുരുളുകളിൽ
സന്ധ്യയെ ഒളിപ്പിച്ച്;
കടക്കണ്ണുകളിൽ നിന്നും
ചിറകടിക്കും പറവകൾ
നിരവരിയൊപ്പിച്ച്
കൂടണയാൻ.....
ചക്രവാളങ്ങളിൽ
അടയാളപ്പെട്ട്......

അവൾ അപ്പോഴും
തിരക്കിലാണ്..
ദീപമാലകൾ കണ്ണുകളിൽ
തിളങ്ങി നിൽക്കും.
ചിതറിയോടുന്ന യാനങ്ങളാൽ
ഉടൽ ശബ്ദമുഖരിതമാകും..

കണക്കറ്റ
സൗധങ്ങൾക്കിടയിൽ
ധ്യാനിച്ച് നിൽക്കും.
ഉറക്കംതൂങ്ങി മരങ്ങൾ
തലോടി വരുന്ന
ഇളംകാറ്റ്
അവിടമാകെ ചുറ്റി നടക്കുമ്പോൾ
നിമിഷനേരത്തേക്ക്
ഗ്രാമ കന്യകയാണെന്ന് നടിക്കും.

വെറ്റില തിന്നു മുഴുത്ത
ചുവന്ന ചുണ്ടുകൾ
ചിരിച്ചു മയക്കും.
വിടരാനൊരുങ്ങും
മുല്ല മാലകളും
കനകാംബരവും കദംബവും
തെരുവുകളെ
സുഗന്ധികളാക്കും.

ദൂരെ...
തിങ്കൾക്കലപ്പൊട്ട്
മേഘരാജികളാം കുറുനിരകളാൽ
മറയ്ക്കും; വെളിവാക്കും.
മേലേ താരകളെ വെല്ലുവിളിച്ച്
താഴെ ഒഴുകി തിളങ്ങുന്ന
അസംഖ്യം വിളക്കുകൾ
പ്രൗഢിയറിയിക്കും..

ശബ്ദമയമാകിലും
ദിവസാവസാനത്തിന്റെ
പ്രശാന്തി നിറയ്ക്കും...!
മനസ്സ് ലഘുവാകും.
കർമഭാരമിറക്കിയ
സുഖത്തിൽ
ഒഴിഞ്ഞ വയറും
നിറഞ്ഞ വയറും
ഒരുപോൽ നിശ്വാസമുതിർക്കും

നിശാസുന്ദരിയാകുമ്പോൾ
നഗരം എത്ര പ്രിയങ്കരി!
നിരാകരിക്കാനാവാത്ത കാമുകി...
***********
 
എന്റെ
ഷെറീന കൊടക്കാട്ടകത്ത്

ഞായറാഴ്ച...
മണി എഴു കഴിഞ്ഞു.. തിരിഞ്ഞു കിടന്നു.
ഏഴേകാലു കഴിഞ്ഞു. ഒന്നുമറിഞ്ഞു കിടന്നു.എട്ടിനിടയിൽ ഒന്നു രണ്ടു തവണ കൂടി തിരിഞ്ഞു മറിഞ്ഞു..
ശ്രീജ ഒന്ന് വന്നു നോക്കി പോയിട്ടുണ്ട്.ഒന്നു കൂടി വരും..മൂന്നാം തവണ മാത്രം എഴുന്നേൽക്കാനുള്ള പ്രവണത കാണിച്ചാൽ മതിയാകും.
ഒരു ചായ വേണമെന്നുണ്ട്.പല്ലുതേപ്പ് കഴിയാതെ അവൾ തരില്ല.
എഴുന്നേൽക്കണം.
കാടും പടലും വെട്ടി,രണ്ടു  തെങ്ങുള്ളതിന്റെ കടയ്ക്കലിടണം.അതിനുമുമ്പ് കടയിളക്കണം,സ്വന്തമായി മേലനങ്ങാനാണ്..മുറ്റത്തിനിറമ്പിലെ പുല്ലൊന്ന് ചെത്തണം.ഏതോ പാമ്പിൻ കുഞ്ഞിനെ കണ്ട കാര്യം പറഞ്ഞിരുന്നു.
എട്ടര.
സിറ്റൗട്ടിൽ ഇരിക്കുന്നു.
നേരെ നോക്കുമ്പോൾ മുറ്റത്തെ ചെടിച്ചട്ടിക്കുളളിൽ മൊട്ടുകൾ
,പൂവുകൾ.. മക്കളുടേതാണ്..
രണ്ടു പെൺപൂക്കളുണ്ട്..മൂത്തതിന് പതിമൂന്ന് എട്ടാം തരം,രണ്ടാമത്തവൾ അഞ്ചിൽ.പഠിക്കാൻ മോശമില്ല..
കാപ്പി.
ചുക്കും കുരുമുളകും തുളസിയിലയും ഏലക്കാത്തരിയും ശർക്കരയുമിട്ടത്..ആവിപറക്കുന്നു.
പത്രം..
ബച്ചനേതോ കൊച്ചിനെ കല്യാണം കഴിപ്പിച്ചു വിടുന്നു..പട്ടിലും പൊന്നിലും കുളിച്ചു സുന്ദരിയായ ഒരു കൊച്ച് വാരിവലിച്ചിട്ട പ്രമുഖ ജ്വല്ലറിയുടെ പൊന്നിന്റെ പലതരം മേന്മകൾ കള്ളികളിലായി ഒരു പുറം മുഴുവൻ..
ഒരു സിപ്പ് കാപ്പി..
മറിയുന്ന പത്രത്താളുകൾ.
രാവിലത്തെ നടത്തം കഴിഞ്ഞ് തിരികെ വരുന്ന സൂരജ്..സ്കൂൾ മാഷാണ്.
ഒൻപതെന്ന് വായുവിലെഴുതി എഴുതി അവനൊന്നു ചിരിച്ചു ഷുഗറുണ്ട്.
ഒന്നു തലയാട്ടി ഒരു  മറു പുഞ്ചിരി കൊടുത്തു..
രണ്ടാമത്തെ സിപ്പ് ,മൂന്നാമത്തെ സിപ്പ്, നാലാമത്തെ...
ബൈജുവിന്റെ ചെക്കൻ  പുതിയ സൈക്കിളിൽ.
സൈക്കിൾ ബാലൻ സുണ്ടെങ്കിൽ സ്കൂട്ടി പെട്ടെന്ന് വഴങ്ങും.
അഞ്ചാമത്തെ സിപ്പ്..
പത്രത്താളുകൾ  മറിഞ്ഞു തീർന്നു..
പതിവുകൾ കൊണ്ട് നിറം കെട്ടുപോയ രാഷ്ടീയ സാമൂഹിക സാംസ്കാരിക നാടകങ്ങൾ, മോഷണങ്ങൾ,പിടിച്ചു പറികൾ, ബൈക്കപകടങ്ങൾ, പൊളിഞ്ഞ റോഡുകൾ, കർഷക ആത്മഹത്യകൾ, ഒറ്റക്കും തറ്റക്കുമുള്ള ലൈംഗിക പീഡനങ്ങൾ..
അലസമായിക്കിടന്ന കൈത്തണ്ടയിൽ വന്നിരുന്ന് സൗകര്യമായ സ്ഥാനം നോക്കുകയാണ് ഒരു കൊതുക്..
" അച്ചാ, ബൈ..."
ഇത്തിരി തിടുക്കത്തിൽ മൂത്ത പൂവാണ്. കണ്ണെഴുതി, പൊട്ടു തൊട്ട്, പൗഡറിട്ട്, ഇഴയെടുത്തു പിന്നി, പിന്നിൽ വിടർത്തിയിട്ട ഈറൻ മുടിത്തുമ്പുകളിൽ നിന്ന് വെള്ളമുറ്റുന്നുണ്ടല്ലോ..
ട്യൂഷനുണ്ട്.
അര മതിലിന്റെ ചെറിയ ഗേറ്റു കടന്ന് നിരത്തിലേക്ക് .. ചെമ്പരത്തിയുടെ പച്ചകൾക്കിടയിലൂടെ ഷാളിന്റെ മഞ്ഞ നിറം ഒന്നു രണ്ടു മിന്നി ...
പോയോ...
ഒരാന്തലോടെ പിടഞ്ഞെഴുന്നേറ്റപ്പോൾ,അരത്തിണ്ണയിൽ കാപ്പിക്കപ്പൊന്നു മുട്ടുകയും പത്രം മടിയിൽ നിന്ന് ഊർന്നു വീഴുകയും ചെയ്തു.
ഒന്നുമില്ല....
ഉച്ചയാവുമ്പോഴേക്കും തിരിച്ചു വരും..
എന്നാലും...

***********

മധ്യമാർഗം
റിയാസ് കളരിക്കൽ

ചുരുട്ടാതെ പോയ മുഷ്ടിയിൽ
ചുറ്റിപ്പിണഞ്ഞ് കിടപ്പുണ്ട്
തിളയ്ക്കാതെ പോയ രോഷം
ഇരുന്നിരുന്ന്
തെരുത്ത് പോയ കാലിൽ
നീരു പോൽ
ഉറഞ്ഞ് കിടപ്പുണ്ട്
താണ്ടാതെ പോയ ദൂരം
ചൂണ്ടാതെ പോയ വിരലിൽ
തല കുനിച്ച് നിൽപ്പുണ്ട്
കണ്ണടച്ച ചില താക്കീതുകൾ
വിയർക്കാത്ത നെറ്റിയിൽ
ഫെയ്സ്ക്രീമു പോലെ
വിളറി വെളുത്ത് കിടപ്പുണ്ട്
കൊളളാതെ പോയ വെയിൽ
കണ്ണിലും
കരളിലും
കല്ലിച്ചു കിടപ്പുണ്ട്.
പറയാതെ പോയ ഇഷ്ടങ്ങൾ.
തുറക്കാതെ വച്ച
നിലവറയിൽ
കൊടികൾക്കൊപ്പം
തരം പോലെ എടുത്തണിയാനായ്
അരുമയോടെ
അലക്കി മടക്കി വച്ചിട്ടുണ്ട്
കുടുമയും കുറിയും
കൊന്തയും കുരിശും
തൊപ്പിയും തട്ടവും.
അതുവരേക്കും
കൊറിച്ചിരിക്കാനായ്
തൂവാത്ത കണ്ണീരിന്റെ
ചില ഗൃഹാതുര റസിപ്പികൾ
ഓവനിൽ വേവുന്നുണ്ട്.
***********

അലാറം
അജിത് കുമാർ.ആർ

ഞാനൊരു
അലാറം വാങ്ങി
സർക്കാർ ഓഫീസിൽ വച്ചു
ആരും ഉണർന്നില്ല.
പോലീസ് സ്റ്റേഷനിൽ വച്ചു
ആരും ഉണർന്നില്ല.
മന്ത്രിസഭയിൽ വച്ചു
ആരും ഉണർന്നില്ല.
ഒടുവിൽ ശ്മശാനത്തിൽ വച്ചു
ഉറക്കം നടിക്കാത്തവർ
അവിടെ മാത്രമല്ലേ ഉണ്ടാകൂ!
***********
 
പ്രകൃതിയുടെ നിറവിൽ...
വെട്ടം ഗഫൂർ
പൊടി മഴയുടെ നേർത്ത തണുപ്പിൽ ആലത്തിയൂർ ഹൈസ്കൂൾ ഗേറ്റിനു മുന്നിൽ പതുക്കെ ഇതൾ വിടരുന്ന പ്രഭാതം.. വയനാടിന്റെ കിസ്മത്ത് തേടി പതുക്കെയിഴയുന്ന ബസ്സ്.
               തിരൂർ ബസ് സ്റ്റാൻഡ് പരിസരത്ത് റോഡരികിൽ നിരത്തി വെച്ച തമിഴ്‌ മണമുള്ള മുല്ലപ്പൂക്കളുടെ  പൂജാപാത്രങ്ങൾ.. പണി തേടിയെത്തിയവരുടെ കലപില.. തിരൂരിന്റെ പതിവു പ്രഭാത കോലാഹലങ്ങൾ.. ബസ് മുന്നോട്ട് നീങ്ങുമ്പോൾ നിദ്രാ ദേവിയുടെ സാന്ത്വനം.. ഓർമകളിൽ കലപില കൂട്ടുന്ന മനസ്സിന്റെ ഇടത്താവളം... റോഡിലെ കുഴികളുണർത്തുമ്പോൾ കേൾക്കുന്ന കൊച്ചു കൊച്ചു സ്വകാര്യ ഭാഷണങ്ങൾ.. പാട്ടുകൾ...
   "പറയുവാനിതാദ്യമായ് വരികൾ മായേ,
   മിഴികളിൽ ഒരായിരം,മഴവിൽ പോലെ,
   ശലഭമായ് പറന്നൊരാൾ അരികിൽ ചേരും"
   ബസ്സിൽ ഒഴുകിയെത്തുന്ന നേർത്ത പാട്ടിന്റെ നെറ്റിത്തടത്തഴുകൽ ഒരു പ്രണയിനിയുടെ തൂവിരൽ സ്പർശം പോല..
                     വെന്നിയൂരെത്തുമ്പോൾ പ്രഭാതം കർമ്മോത്സുകതയുടെ പുതുമോടിയണിഞ്ഞിട്ടുണ്ട് ..ഞാനോ ആലസ്യത്തിന്റെ തേരിലും.. ഇടക്കാലാശ്വാസ രുചി വിതരണവുമായി സുകുമാരൻ മാഷെത്തിയപ്പോൾ എല്ലാവരും കർമ്മ നിരതരായി ... ചേലേമ്പ്രയിൽ  റോഡുവക്കിൽ മഴയത്തും ചോരാത്ത മനസ്സമാധാനത്തിന്റെ ചിരിയുമായി കെൻസ ടി.എം.ടി യുടെ പരസ്യത്തിൽ നടൻ സിദ്ദീഖ്. രാമനാട്ടുകരയിൽ നിന്ന് നിറഞ്ഞ ചിരിയുമായി നിഷ ടീച്ചറുടെ കടന്നുവരവ് ബസ്സിന് പുതു ചൈതന്യമേകിയ പോലെ.. വീണ്ടും പാട്ടിന്റെ തല്പത്തിൽ മയക്കത്തിലേക്ക് ..
             മാമ്പുറത്തു കാവ് റോഡരികിൽ നിന്ന് കഴിച്ച പുട്ടിന്റെയും കടലക്കറിയുടെയും ഊർജത്തിൽ , മധു പകർന്ന് മലർ ചൊരിഞ്ഞ് സാബു മാഷ് എല്ലാവരെയും കൽപ്പാന്ത കാലത്തേക്ക് യാത്രയാക്കി..എല്ലാവരും നിളയോർമയിൽ നീരാടി.. മേമ്പൊടിയായി സതീദേവി ടീച്ചറുടെ മഴവിൽക്കിനാക്കളും..
       നടുവണ്ണൂരിലെ പെട്രോൾ ബങ്കിലെ കാര്യസാധ്യത്തിന്റെ ആശ്വാസ നിർവൃതി എല്ലാവരുടെയും മുഖത്ത്.. പാട്ടിന്റെ ലഹരിയിൽ നീരാടി വീണ്ടും മുന്നോട്ട് .. വിളിച്ചിട്ടും വരാത്ത വിരുന്നുകാരനായി തളിരിട്ട കിനാക്കൾ കൊണ്ട് നൈവേദ്യമൊരുക്കി സതീദേവി ടീച്ചർ.... മുഖപടം മെല്ലെ മെല്ലെ തെല്ലൊതുക്കി പ്രണയസരോവര തീരത്തെ തീരാദാഹം പടർത്തി സാബു മാഷ്.. തൊട്ടു പിന്നാലെ വാൽക്കണ്ണെഴുതിയ മകര നിലാവിൽ മാമ്പൂ മണം പടർത്തി നിഷ ടീച്ചർ.. "വരിക്കച്ചക്കേടെ ചുള കണക്കേ ശോഭിക്കുന്ന കല്യാണിയെ" പറ്റിയുള്ള നാടൻ പാട്ടുമായി സുകുമാരൻ മാഷുമെത്തി. വാമ ഭാഗം കൂടെയുള്ളതു കൊണ്ടാവാം സുകുമാരൻ മാഷിനെ പെർഫോമൻസിന് നിറവ് കുറഞ്ഞ പോലെ ... ഏതായാലും സതീദേവി ടീച്ചർ മന്ദരപർവ്വതമായി പാട്ടിന്റെ പാലാഴി കടഞ്ഞു മധു  പകർന്നു കൊണ്ടിരുന്നു
        "ചോര തുടിക്കും ചെറുകയ്യുകളേ പേറുക വന്നീ പന്തങ്ങൾ '' എന്ന ആഹ്വാനവുമായി വിപ്ലവ വീര്യം പടർത്തി നിരഞ്ജൻ... യാത്രയിലുടനീളം അദൃശ്യമായൊരു ജീവ ഗാനം പാടി അൻസാരി മാഷ് എന്റെ കൂടെയുണ്ടായിരുന്നു, മായാത്ത നോവായി..അതുകൊണ്ടു കൂടിയാവാം പലപ്പോഴും മൗനത്തിന്റെ വൽമീകത്തിലകപ്പെട്ടതും ബസ്സിലെ ശോക ഗാനങ്ങളോട് വല്ലാത്ത അടുപ്പം തോന്നിയതും....
                   പേരാമ്പ്രയെത്തിയപ്പോൾ കൂർത്ത നഖങ്ങൾ കൊണ്ട് ജാലകപ്പഴുതിലൂടെ മാന്തുന്ന വെയിൽച്ചൂട്.... എന്തൊക്കെയോ അസ്വാസ്ഥ്യങ്ങൾ മനസ്സിൽ നുരഞ്ഞ് പൊന്തുന്നു..ബസ് മൂരികുത്തിയിലെത്തിയപ്പോൾ ആ സ്ഥലപ്പേരിന്റെ നിഷ്പത്തിയെങ്ങിനെയായിരിക്കുമെന്ന ആശ്ചര്യത്തിന്റെ ചോദ്യശരങ്ങൾ മനസ്സിനകത്ത് ... അപ്പോഴേക്കും കൂത്താളി പിന്നിട്ട ബസ്സ് തൊട്ടിൽപ്പാലത്തെത്തുമ്പോൾ സതീദേവി ടീച്ചർ യാത്രികരെ താരാട്ടുപാട്ടു പാടിയുറക്കുകയായിരുന്നു. കോഴിക്കോടൻസി ന്റെ കടന്നു വരവോടെ ബസ് പുതു ചൈതന്യം നേടി..
              കുറ്റ്യാടി പിന്നിടുമ്പോൾ പാട്ടിന്റെ അന്ത്യാക്ഷരി.. ആയിരം കണ്ണുമായി, കാത്തിരുന്ന മനസ്സ് പാട്ടിന്റെ നൗകയിലൂടെ പതുക്കെ ചുരം കയറിത്തുടങ്ങി..
       "ചില നിമിഷത്തിലേകാകിയാം പ്രാണൻ
       അലയുമാർത്തനായ് ഭൂതായനങ്ങളിൽ
       ഇരുളിലപ്പോഴുദിക്കുന്നു നിൻ മുഖം
       കരുണമാം ജനനാന്തര സാന്ത്വനം..."
                മനസ്സ് ചുള്ളിക്കാടിന്റെ 'സന്ദർശന' ലഹരിയിൽ നിറച്ച് ഛോട്ടാ സതീഷിന്റെ പ്രകടനം ..മട്ടിലയത്തിൽ തലയാട്ടി വിളിക്കുന്ന മഞ്ഞപ്പൂക്കളുടെ ധാരാളിത്തം.. സാബു മാഷപ്പോൾ യാത്രികരെ പ്രണയത്തിന്റെ സ്വരരാഗ ഗംഗാ പ്രവാഹത്തിലാറാടിക്കുന്ന തിരക്കിലായിരുന്നു...
                വാഴ കൃഷിയുടെ കൺ കുളിർമയുള്ള പച്ചപ്പ് പലയിടത്തും.. നിരവിൽ പുഴയും കോറോമും പിന്നിട്ട്  കിസ്മത്തെന്ന ബസ് ഇടുങ്ങിയ വീഥിയിലൂടെ ഇ 3 തീം പാർക്കിലേക്ക്..  പരി:സ്ഥിതി സ്നേഹികളായൊരുപറ്റം പ്രവാസികളുടെ ശ്രമഫലമായി മുപ്പത്തഞ്ച് ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സംരംഭമാണതെന്ന് ബിനീഷ് മാഷിന്റെ വിശദീകരണം..ബസ് ഇഴഞ്ഞിഴഞ്ഞ് നിലോം തൊണ്ടർ നാടിലെ പാർക്കിനടുത്തേക്ക് ...
                    അകത്ത് അലങ്കാര മത്സ്യങ്ങളുടെ വർണ വൈവിധ്യമാണ് ഞങ്ങളെ ആദ്യമെതിരേറ്റത്.. ഹൃദയം ധ്യാന സാന്ദ്രമാക്കുന്ന മൃദു സംഗീതം വഴികളിലെല്ലാം.. പിന്നീട്, അഡ്വെഞ്ചർ സോണിൽ ഭയത്തിന്റെ അമ്പരപ്പാർന്ന ഊഞ്ഞാലാട്ടം... പെറ്റ് സൂ,ദിനോസർ വേൾഡ് എന്നീ ഏരിയകളിലെ വിസ്മയക്കാഴ്ചകൾ.... ദിനോസർ ഫോസിലുകളുടെയും ആന്തരാവയവങ്ങളുടെയും പഠനാർഹ പ്രദർശനം ..
                    പിന്നെ,ചാറ്റൽ മഴയുടെ പിന്നണിയിൽ തകർപ്പൻ ഭക്ഷണം.. മഴ ബോട്ടിംഗ് നഷ്ടപ്പെടുത്തിയെങ്കിലും ജലാശയത്തിലിറ്റു വീഴുന്ന ജലത്തുള്ളികളുടെ സംഗീത സദ്യയിൽ അൽപ സമയം... വീഗാ ലാന്റിലെ ബാലരമ കൈയ് വിനെ ഓർമിപ്പിക്കുന്ന,ഹൊറർ ടണൽ കടന്ന്, മൂന്ന് മണിയുടെ ഷോ കാണാനായി തിയേറ്ററിനകത്തേക്ക് ..
                              സൂഫി സംഗീതത്തിന്റെയും നൃത്തച്ചുവടുകളുടെയും വർണ ഭംഗിയും ചടുലതയുമാർന്ന വിരുന്ന് .. ഷാജഹാനും മുംതാസും താജ്മഹലുമെല്ലാം ഹൃദയത്തിൽ പുനർജനിക്കുന്നു.. ഷാജഹാന്റെയും മുംതാസിന്റെയും പ്രണയത്തിന്റെ ശരീരഭാഷ എന്തു ഹൃദ്യം.. പ്രണയപ്പെരുമഴയുടെ തീരാപ്പെയ്ത്ത്.. മുഹബ്ബത്തിന്റെ തീവ്രതയിൽ ലയിച്ചമർന്ന ആസ്വാദക വൃന്ദം..
"എന്നിലേ ഇഷ്ക്കിന്റെ നൂറേ,
ആരും കാണാമൊളിയും നീയേ...
എന്റെ കിത്താബിലെ പെണ്ണേ,
എന്റെ കിത്താബിലെ പെണ്ണേ...."
     ഹൃദയങ്ങൾ വീണ്ടും മഴ നനയുന്നു.. ഷാജഹാനും മുംതാസും മൊയ്തീനിലൂടെ, കാഞ്ചനമാലയിലൂടെ, ആദിപുരാതന കാലം മുതൽ ഇന്നോളമുള്ള എണ്ണമറ്റ കമിതാക്കളിലൂടെ പുനർജ്ജനി നേടുന്നു..ഇഷ്ക്കിന്റെ മയിൽപ്പീലിയാട്ടം സ്റ്റേജിലും കാഴ്ചക്കാരുടെ കരളിന്നകത്തും....
                      പ്രണയപ്പെയ്ത്തൊടുങ്ങുമ്പോൾ, മഴ നനഞ്ഞ് കുളിർന്ന മനസ്സുമായി അടുത്ത ഷോ കാണാൻ.. എലിമിനേഷൻ അക്രോബാറ്റിക് ഷോ .. നൂതന സാങ്കേതിക വിദ്യകളിലൂടെ പുതു പകരലുകൾ.. കയ്യടക്കത്തിന്റെ, മനമടക്കത്തിന്റെ കൊതിപ്പിക്കും കാഴ്ചകൾ ..അതു കഴിഞ്ഞ്, സാബു മൂപ്പനോടൊപ്പം ആദി വർഗത്തിന്റെ ട്രൈബൽ ഡാൻസിന്റെ ഹൃദ്യത.
              പിന്നെ, തത്തകളുടെ വിസ്മയ ലോകത്തേക്ക് ... കാഞ്ചനക്കൂട്ടിലകപ്പെടാതെ, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് പാറി നടക്കുന്ന വൈവിധ്യമാർന്ന തത്തകൾ.. കൈകളിൽ, ദേഹത്തിൽ, തത്തകൾ പാറി വന്നിരിക്കുമ്പോൾ തരുമൂലച്ചുവടുകളിൽ, ശാന്തനായി ധ്യാനിച്ചിരിക്കുന്ന ഒരുവന്റെ മൃദുലതയിൽ മനം.. ഫോട്ടോയെടുപ്പുകൾക്കു ശേഷം, സമയം വൈകിയതുകൊണ്ട് ബാക്കി കാഴ്ചകളിൽ  പേപ്പർ നോട്ട സമാനമായ ഓട്ട പ്രദക്ഷിണമേ നടത്താനായുള്ളൂ... പരി:സ്ഥിതി സൗഹാർദ്ദ പരം, വിജ്ഞാനപ്രദം, ഉല്ലാസാമൃതം.... രാത്രിയുടെ തണുപ്പിൽ മടങ്ങുമ്പോഴും, പക്ഷികളുടെ കളകൂജനങ്ങൾ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു, ദിനോസറുകളുടെ മുരളലുകൾ ഹൃദയത്തിൽ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു..
( E3=Environment-Education-Entertainment)
***********