06-07-19


ഇതാണ് ഞാൻ...
ആത്മായനം
ജസീന റഹീം

കേരളത്തിൽ നിന്നും വന്ന ചെക്കൻ വീട്ടുകാർക്ക് ജമീലായുടെ വീട്ടുകാർ ചോറും ഇറച്ചി പൊരിച്ചതും,പരിപ്പും കിഴങ്ങുമൊക്കെ ചേർത്ത ചാറ് കറിയുമൊക്കെയായി ഭക്ഷണമൊരുക്കി വച്ചിരുന്നു.. ഈ ലോകം മുഴുവൻ അകത്താക്കാനുള്ള ആർത്തിയുണ്ടായിട്ടും കറികളിലെ  കടുകെണ്ണമണം വിശപ്പിനെ കെടുത്തി.. എന്റെ അസ്വസ്ഥത മനസിലാക്കിയിട്ടാവണം ലൈലാ മൂത്തുമ്മ പെട്ടെന്ന് ഉള്ളിയും മുളകും ഉപ്പും ചേർത്ത് ഒരു ചമ്മന്തിയുണ്ടാക്കി.. വിശപ്പും യാത്രാ ക്ഷീണവും കൊണ്ട് വിശപ്പടങ്ങിയില്ലെങ്കിലും എന്തോ കൊത്തിക്കൊറിച്ച ശേഷം ഞങ്ങൾ ഉറങ്ങാൻ കിടന്നു.. പിറ്റേന്നു രാവിലെ 'ചാർമിനാർ' കാണാൻ പോകാമെന്ന് അബൂക്ക ഉറപ്പു തന്നിരുന്നു .. സ്ഥലങ്ങളൊക്കെ കണ്ട് രണ്ടു ദിവസം കഴിഞ്ഞ് മടക്കയാത്രയെന്നുറപ്പിച്ച് കിടന്ന ഞങ്ങൾ ക്ഷീണം കൊണ്ട് കിടന്നപാടെ ഉറക്കത്തിലാണ്ടുപോയി..
പിറ്റേന്ന് രാവിലെ ഉണർന്ന് പല്ല് തേപ്പും കുളിയും കഴിഞ്ഞ് ജമീലയുടെ വീട്ടുകാർ ഒരുക്കിയ ചപ്പാത്തിയും പരിപ്പുകറിയും കഴിച്ചു തീരവേ അബൂക്കയെ തിരക്കി ആരൊക്കെയോ വന്നു.. ഇക്ക പുറത്തേക്കിറങ്ങി അവരോടൊപ്പം നിന്ന് സംസാരിക്കുന്നതിൽ എന്തോ പന്തികേട് തോന്നിയ ഷാജൂക്കാ അവരുടെ അടുത്തേക്ക് പോവുകയും പോയ വേഗത്തിൽ തിരികെ വന്ന് ഞങ്ങളോട് " വേഗം റെഡിയാകാൻ..." പറഞ്ഞിട്ട് മൂത്തുമ്മാടെ കയ്യിൽ കിടന്ന രണ്ടു പവനോളം വരുന്ന സ്വർണ വള വലിച്ചൂരി പുറത്തേക്ക് പോവുകയും ചെയ്തു..
പിന്നെയും വന്ന ആളുകൾ തർക്കം തുടർന്നെങ്കിലും ഷാജൂക്ക അവരെ സമാധാനിപ്പിച്ച് വളയും കൊടുത്ത് വിട്ടിട്ട് ഓടി അകത്ത് വന്ന്.. " ഇറങ്ങ്.. നമുക്ക് പോകാം.. ഇവിടെ പ്രശ്നമാണ്.. " എന്ന് ധൃതി കൂട്ടി.. ഭയന്നു വിറച്ച ഞങ്ങൾ വലിച്ചു വാരി സാരിയുടുത്ത,ഹൈഹീൾഡ് ചെരുപ്പിട്ട,ജമീലായുടെ കയ്യും പിടിച്ച് വലിച്ച് റോഡിലിറങ്ങി ആദ്യം വന്ന ഓട്ടോയിൽ കയറി റെയിൽവേ സ്റ്റേഷനിലേക്കോടി.. അവിടെ നിർത്തിയിട്ടിരുന്ന ട്രെയിൻ കേരളത്തിലേക്കാണെന്ന് മനസിലാക്കി ഏതൊക്കെയോ കുറുക്കുവഴിയിലൂടെ പാളം മുറിച്ച് കടക്കവെ  ഹൈ ഹീഴ്സ് ചെരുപ്പ് തട്ടി മറിഞ്ഞ് പാളത്തിൽ വീണ ജമീലായെ വലിച്ചു പൊക്കി പ്ലാറ്റ്ഫോമിൽ കയറ്റി ട്രെയിനിൽ കയറി ഞങ്ങൾ കയ്യിലെടുത്തു പിടിച്ച പ്രാണനുമായി തിരികെ യാത്ര തുടങ്ങി...
കിതപ്പടങ്ങി കുറേ ശാന്തമായി കഴിഞ്ഞ് ഷാജൂക്കയോട് മൂത്തുമ്മ കാര്യങ്ങൾ തിരക്കി.. അബൂക്ക കാശ് കൊടുക്കാനുള്ളവർ ഇക്ക വന്നതറിഞ്ഞ് തിരക്കി വന്നതായിരുന്നു.. അപ്പോൾ ആ വള അവർക്ക് കൊടുത്തില്ലായിരുന്നുവെങ്കിൽ,അവർ ഞങ്ങളെ തിരികെ വിടില്ലായിരുന്നുവെന്ന് കേട്ടപ്പോൾ ഒരു തീഗോളം നെഞ്ചിൽ കത്തിയർന്നു.. ഞാൻ കൂടെയുള്ളതായിരുന്നു ഷാജൂക്കായെ ഭീതിയിലാഴ്ത്തിയതും ഉടനെ രക്ഷപ്പെടാൻ ശ്രമിച്ചതും..ഈ സംഭവത്തിന് ശേഷം വർഷങ്ങളോളം   ഇക്കാമാർക്കിടയിൽ വാക്കുകൾ മൗനം പാലിച്ച് അകന്നു മാറി നിന്നു..
**************
 
ചരിത്രം
സ്വപ്നാ റാണി

മാഞ്ഞു പോയ
ഒരു നഗരത്തിന്റെ
നാശാവശിഷ്ടങ്ങൾക്കിടയിലൂടെ
നടക്കുമ്പോൾ
ഒരാൾക്ക്
താൻ പൂർവ്വജന്മത്തിലാണെന്ന്
തോന്നിയേക്കാം '
പൊടുന്നനേ അയാൾ
മഹായുദ്ധങ്ങൾ ജയിച്ച രാജാവോ
തലയറ്റു വീണ
പേരില്ലാത്തൊരു പടയാളിയോ
ധാന്യങ്ങൾ കൊയ്തെടുക്കുന്ന
കർഷകനോ
നഗര സൗധങ്ങളുടെ
ഉയരം കൂട്ടുമൊരു
കല്പണിക്കാരനോ
അജ്ഞാതമായ ഒരു രാഗം തേടുന്ന
ഗായകനോ
രുചി ഭേദങ്ങളിൽ
തളച്ചിടപ്പെട്ട കുശിനിക്കാരനോ
ആയി
സ്വയം അവരോധിച്ചേക്കാം
മറന്നു പോയെന്ന്
ഒരിക്കൽ കരുതിയ
അറിവുകളെയെല്ലാം
വീണ്ടെടുക്കുന്ന
ചരിത്രകാരന്റെ മേലങ്കിക്കുള്ളിൽ
താൻ പല പല ഭാവങ്ങളിൽ
ഉയിർക്കൊള്ളുന്നത്
സത്യമാണോ സങ്കല്പമാണോ
എന്ന് വേർതിരിക്കാനാവാതെ
തനിക്കു ചുറ്റും
കറങ്ങിക്കൊണ്ടിരിക്കുന്ന
അയാളെയുപേക്ഷിച്ച്
നഗരാവശിഷ്ടങ്ങൾ അപ്പോൾ
പുതിയ ഇര തേടുകയായിരിക്കും
**************

കവി
ലാലൂർ വിനോദ്

കവിത കുഞ്ഞുങ്ങളെ
പ്രസവിക്കാൻ
ഭാവനയെ ഗർഭംധരിക്കാൻ
അനുഭവത്തിന്റെ
ബീജം തേടി അലഞ്ഞപ്പോൾ
അറിയാതെപോയതു
കുടുംബമെന്ന
സമുദ്രത്തെയാണ്..
പല കവികളും.. 
************** 👇🏻
 
ആകാശക്കാഴ്ചകൾ..
യൂസഫ് നടുവണ്ണൂർ

നീലാകാശം
വാരിയെടുക്കുമ്പോൾ
കൈ വെള്ളയിലൂടൂർന്ന്
നക്ഷത്രങ്ങളായ് ചിതറിക്കിടക്കുന്നു.
ആകാശം ശൂന്യതയാണെന്ന്
പറഞ്ഞതാരാണ്?
വിസ്മയങ്ങളെ
നിഷേധിക്കാനാവുമോ!
അപ്പൂപ്പൻ താടി
നീലാകാശത്തിലൂടെ പാറുന്നത്
കുഞ്ഞുനാളിൽ
വിടർന്ന കണ്ണുമായ്
നോക്കി നിന്നിട്ടുണ്ട്.
ആകാശ നീലിമ
പടർന്നൊരു കണ്ണിൽ നോക്കി
പലതവണ
ഭാരമില്ലാതെ പാറിപ്പറന്നിട്ടുണ്ട്!
മേഘങ്ങൾ
പഞ്ഞിക്കെട്ടുകളുടുക്കി
വെയ്ക്കുമ്പോൾ
ചാടി മറിഞ്ഞ് കളിക്കുന്ന
അമ്പിളി മാമനോട്
അസൂയപ്പെട്ടിട്ടുണ്ട്.
ഒരമ്പിളിത്തെല്ലിന്റെ കൊഞ്ചിക്കുഴയലിൽ
ദിനരാത്രങ്ങളലഞ്ഞു നടന്നിട്ടുണ്ട്!
ചില നനഞ്ഞ നേരങ്ങളിൽ
എഴു നിറങ്ങൾ തുന്നിയ
കുപ്പായമിട്ട്
ആകാശം ഒളികണ്ണിട്ട്
നോക്കിച്ചിരിക്കുന്നതും
പച്ചപ്പട്ടാൽ മുഖം പാതിമറച്ച ഭൂമി
നാണിച്ച് നിൽക്കുന്നതും
ഒളിച്ചു നിന്ന് കണ്ടിട്ടുണ്ട്.
അതുപോലൊരു നോട്ടത്തിലലിഞ്ഞ്
കുളിരായ് പെയ്തു നനച്ച മഴ
കരളിന്റെ വേരുപറിച്ചെടുത്ത്
പുഴയായൊഴുകിയകന്നതും
വെറുതെ നോക്കി നിന്നിട്ടുണ്ട്.
അറിയാമോ
എന്നിട്ടും എന്റെ ആകാശം
നരച്ചിട്ടേയില്ല!
**************

ഊദ്ഗന്ധത്തിൽ മുക്കിയ വെള്ളിമോതിരങ്ങൾ...
സംഗീത ഗൗസ്

സായാഹ്നങ്ങളിൽ അവിടം നേരത്തെ ഇരുട്ടുമൂടും ,'പത്ത് ഡിഗ്രി ക്ക് താഴെ തണുപ്പ് തുടങ്ങുന്നസമയം.വിളക്കുകാലുകളെല്ലാം മഞ്ഞുമറകൊണ്ട് പൊതിഞ്ഞപോലെ,നീണ്ടവഴി ദൂരക്കാഴ്ച്ചമറച്ചുകൊണ്ട് മഞ്ഞ് വീഴുന്നത് കൺനിറയെ കണ്ട് മെല്ലെയാണ് നടത്തം..ഡിപ്പാർട്ട്മെന്റ് അതിർത്തി കടന്ന് റോഡിലേക്കെത്തി.ടാക്സിയോ ഒാട്ടറിക്ഷകളോ അന്ന് നിരത്തിലില്ല ഒാരോ അഞ്ചോ പത്തോ മിനുട്ട് കൂടുമ്പോൾ വേഗത്തിൽ കടന്നു പോകുന്നകുതിര വണ്ടികൾ. എനിക്കതെല്ലാം കൗതുക കാഴ്ച്ചകളായിരുന്നു. സ്വറ്ററിന്റെ പോക്കറ്റിൽ കൈ തിരുകി ഷാൾ കൊണ്ട് ചെവിയടക്കം പൊതിഞ്ഞ് ചുറ്റി ഞാൻ വീണ്ടും നടന്നു..
നീ എങ്ങോട്ടോ ഇവിടെ നിൽക്കാം കുതിരവണ്ടി വരും,എന്റെ സഹോദരി ,(മൂത്ത താത്ത )പറഞ്ഞു.
നടക്കാനുള്ള ദൂരമേ ഉള്ളൂ ന്നല്ലേ പറഞ്ഞത് ,നമുക്ക് നടക്കാം എനിക്കീ വഴികളൊക്കെ ഒന്ന് മനസ്സിലാക്കാല്ലോ..
ഞാനും പറഞ്ഞു..
എന്ത് തണുപ്പാ സങ്ങീ..നിനക്ക് തണുക്കുന്നില്ലേ? പല്ല് കൂട്ടി കടിച്ച് സ്വറ്ററിന്റെ തൊപ്പി ഒന്ന്കൂടി നേരെയാക്കി അവൾ  ചോദിച്ചു..
ഇല്ല, തണുക്കുന്നില്ല..
എനിക്ക് നടക്കണമായിരുന്നു. തൊട്ടടുത്തുള്ള ചെറിയ അങ്ങാടിയിലേക്ക്.കേരളത്തിൽ നിന്നും യുപിയിലെത്തിയിട്ട് ഒന്നും കാണാതേയും അറിയാതെയും പോകരുതല്ലോ
ഞാനോർത്തു.കുതിരവണ്ടി വരുന്നതും അവർ കയറുന്നും തിരിഞ്ഞ് നോക്കുന്നതിനിടയിൽ കണ്ടു..കാൽനടക്കാരും സൈക്കിൾ യാത്രക്കാരും മുന്നിലും പിന്നിലുമൊക്കയായി ഉണ്ട്. ഒരുകിലോമീറ്റർ ദൂരമേ ഉണ്ടായിരുന്നു പേര് ഒാർമ്മയില്ലാത്ത ചെറിയ അങ്ങാടി കാണാൻ ധൃതിയായി..പതിനെട്ട്കാരിയുടെ എല്ലാ കുസൃതികളോടും കൂടി മനസ്സിൽ പാട്ടും പ്രണയവുമൊക്കെയായി മഞ്ഞ് വീഴുന്ന വഴിയിലൂടെയുള്ള നടത്തം അതെങ്ങനെ എഴുതി വെക്കും ? ചില വികാരങ്ങൾ അങ്ങനെയാണ് വാക്കുകളെ കൊണ്ട് പ്രതിഫലിപ്പിക്കാനാകാത്തവ....അതുപോലെ ആയിരുന്നു അന്നത്തെ പകലുകളും രാത്രികളും.ഗോതമ്പ് പാടങ്ങളാണ് ഇരുഭാഗത്തും
നിറയെ മയിലുകൾ, പലശബ്ദങ്ങൾ , ഞാനവയെ ശ്രദ്ധിച്ചുകൊണ്ട് നടന്നു..
താഴ്ന്നു തുടങ്ങിയ സൂര്യനെ നേരാംവണ്ണം ഒരു നോക്ക് കാണാനാകാത്ത പകലുകളെയാണ് ഞാൻ എന്നും എണ്ണാറ്, ഡയറിയിൽ ഒാരോ പകലിനെക്കുറിച്ചും കുറിച്ചിടുക പതിവായിരുന്നു..
അങ്ങാടിയിലെത്തിയതറിഞ്ഞില്ല. ഇഷ്ടമേറെയുള്ള നടത്തത്തിന് അങ്ങനെയൊരു ഗുണമുണ്ട്, ലക്ഷ്യത്തിലെത്തുന്നത് എത്ര പെട്ടെന്ന് !
താത്തയും മോളും എവിടെ എന്ന് തിരഞ്ഞ് വീണ്ടും മുന്നോട്ട് നടന്നു..
ചെറിയ അങ്ങാടിയിലെ അത്യാവശ്യം വലിയ കട, അതിന് മുമ്പിൽ അവരുണ്ട്, കണ്ട സന്തോഷത്തിൽ കുഞ്ഞുമോൾ ഉറക്കെ എന്നെ വിളിച്ചു, റോഡ് മുറിച്ച് കടന്ന് ഞങ്ങൾ ആ കടയിലേക്ക് കയറി, കേറുന്നതിന് മുമ്പേ പേരൊക്കെ വായിച്ചു..''കുന്തൻസ് '' വസ്ത്രങ്ങളും കോസ്മെറ്റിക്സും ഒന്നും അല്ല അവിടെ, നിറയെ വെള്ളി ആഭരണങ്ങൾ ,എന്ത് ഭംഗി, കണ്ണാടികൂടുകൾക്കുള്ളിലെ ആഭരണങ്ങളെ ഞാൻ നോക്കി നിൽക്കുമ്പോ ചോദ്യം ''ക്യാ ചാഹിയേ ജീ?''
nothing.. എന്നും
വെറുതേ നോക്കുകയാണ് എന്ന് മലയാളത്തിലും പറഞ്ഞു. അയാൾക്ക് മനസ്സിലായോ എന്നൊന്നും എനിക്കറിയണ്ടായിരുന്നു, ആഭരണങ്ങളിലുള്ള  ഒാരോ ചിത്രപണികളിലേക്കും, വെള്ളിരൂപങ്ങളിലുള്ള കരവിരുതിനെക്കുറിച്ചുമായിരുന്നു എന്റെ ചിന്ത.അന്ന്മൊബൈൽഫോണുണ്ടായിരുന്നെങ്കിലെന്ന് ഇന്ന് ആഗ്രഹിച്ചിട്ടെന്താ?
മോതിരത്തിന്റെ വലിയ പെട്ടികൾ മുന്നിലേക്കെടുത്ത് വച്ച് അയാൾ പറഞ്ഞു.. ''ദേഖോ..അച്ഛാ ഹെ ,ആപ്പ്കീ ഊഗ്ലിമെ ഏ അച്ഛാ ലഗേഗാ..''
കൊള്ളാല്ലോ  നിറയെ മോതിരങ്ങൾ.
നോക്കാംല്ലേ , എടുത്തോ എന്ന് അവളും.
മെലിഞ്ഞ വിരലായതുകൊണ്ട് പാകമുള്ളത് കിട്ടാൻ തിരഞ്ഞു കൊണ്ടിരുന്നു അയാളും തിരഞ്ഞു..തിരയുന്നതിനിടയിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന ആയാളെ അപ്പോഴാണ് ശ്രദ്ധിച്ചത്, പേരും നാടും ചോദിച്ച് പരിചയം ദൃഢമാക്കി മോതിരം തിരഞ്ഞുകൊണ്ട് സംസാരിച്ചുകൊണ്ട്..
ഊദിന്റെ മണം ,വെള്ള കുർത്തയും പൈജാമയും വെളുത്ത മുഖത്ത് കറുത്തതാടി അയാൾ ഒരു യുവാവാണെന്ന് പറഞ്ഞ് തന്നു.. എന്തൊരു തേജസ്സ് ! പണ്ടേ താടിയുള്ളവർക്ക് കൂടുതൽ ആകർഷണീയത തോന്നിയിരുന്നു..
വലിയ വിലപിടിപ്പുള്ള കല്ലുവച്ച മോതിരവും വെള്ളി ചങ്ങലയും ഇട്ട കൈയ്യിൽ എന്റെ വിരലിന് പാകമായ രണ്ട് മൂന്ന് മോതിരങ്ങൾ..
തിരിച്ച് വരാനൊരുങ്ങുമ്പോൾ അയാൾ പറയുന്നുണ്ടായിരുന്നു ഇനിയും വരണമെന്ന്,''ആപ്പ് അച്ഛാ ..ഖൂബ്..'' തുടങ്ങി എന്തൊക്കെയോ ..ഉർദു അൽപ്പം വശമുള്ളതുകൊണ്ട് മനസ്സിലാകുകയും ചെയ്തു, ഉള്ളിൽ ഊറിയ ചിരി അടക്കി  ഞാനയാളോടും പറഞ്ഞു. ''സറൂർ ആവൂംഗീ ...''
കൈകൂപ്പി ഇറങ്ങിയപ്പോ ഞാനവളുടെ (ഇത്തയുടെ) മുഖത്തേക്ക് നോക്കി, വലിയ ഗൗരവത്തിലാണ് എന്താ കാര്യമെന്ന് പിടിയില്ല. പിറ്റേന്നാണ് അവളുടെ മുഖത്തെ കെട്ടഴിഞ്ഞത്, എന്റെ വിരലിൽ അയാൾ മോതിരമിട്ട് തന്നത് അവൾക്കത്ര ഇഷ്ടായീല എന്ന്..
അടുത്ത കടയിലേക്ക് നീങ്ങി ''മൂങ്ക്ദാൽ''
വാങ്ങി കുതിരവണ്ടിയിൽ കയറി ഇരുന്ന് ഞാനെന്റെ വിരലിലേക്ക് നോക്കി, കൊള്ളാം രണ്ട് വിരലിലും നല്ല ഭംഗിയുള്ള മോതിരങ്ങൾ ! കൊറിച്ചുകൊണ്ടിരുന്ന ദാലിന് ഉപ്പായിരുന്നെങ്കിലും നേരിയ മധുരമുള്ളതായി തോന്നി..മഞ്ഞ് വീണ് നനഞ്ഞ വഴിയിലൂടെ  ഇരുട്ട് വീണ തണുത്ത വഴിയിലൂടെ മനസ്സിലെ പാട്ടിനൊപ്പം കുതിരവണ്ടിയുടെ ശബ്ദവും.. അകാരണമായ ഏതോ വികാരം ,മനസ്സുംചിന്തകളും പ്രായത്തിനനുസരിച്ച്മാറികൊണ്ടിരിക്കുമെന്നും പലതും ഒാർമ്മകൾ മാത്രമായി അവശേഷിക്കുമെന്നതുമല്ലേ സത്യം.
കുന്തനെന്ന കടയിലെ  സോഹൻ എന്ന സുമുഖനും ഊദിന്റെ ഗന്ധവും  പാക്കും വെള്ളിമോതിരങ്ങളും നറോറയെന്ന ഗ്രാമവും ഇന്നും ഒരു  തണുപ്പുള്ള സന്ധ്യയുടെ ഒാർമ്മകളിലേക്ക് കൊണ്ടു പോകാറുണ്ട്..
 ************** 👇🏻

ക്യൂ ആർ കോഡ്
ശ്രീലാ അനിൽ

എനിക്ക് ചോദിക്കാനും പറയാനുമുള്ളതെല്ലാം
ഒരു ക്യൂ ആർ കോഡിൽ ഒതുക്കി ഞാൻ
ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ട്
എന്റെ കണ്ണുകളിൽ
നോക്കൂ.....
അത് ഡീ കോഡ് ചെയ്ത്
ഞാനെന്ന വിവരസഞ്ചയത്തിലേയ്ക്ക്
കടന്നു കയറണമെങ്കിൽ
മിനിമം ഒരുകോഡ് റീഡറെങ്കിലുo നിന്നിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാവണം....
ഇനി നീ വായിച്ചു തുടങ്ങുമ്പോഴാവും
വലക്കണ്ണികൾക്ക് ഭേദിക്കാനാവാത്ത ച്ചുഴികളും മലരികളും തെളിയുക
ഇത്രയേറെ
കാര്യങ്ങൾ ഈ കൊച്ചു ചതുരത്തിനെങ്ങിനെ
അടക്കി ഒതുക്കാനാവുമെന്ന
അമ്പരപ്പിനൊടുവിൽ.....
ഹൃദയത്തിനുള്ളിൽ
ഓരോ അറകളിലും
ഒരു വിരലമർത്തലിൽ നിന്നും
വിതുമ്പലും
നോവും
പ്രണയവും
സ്നേഹവും
കുറുമ്പും
വെറുപ്പും
ദേഷ്യവും
ആർദ്രതയുമൊക്കെ
ഉറവ പൊട്ടിയേക്കാം
ഒരു കാര്യമുറപ്പാണ് എന്നിലേയ്ക്കു പടരുന്ന വലക്കണ്ണികളിൽ സ്നേഹത്തിന്റെ ഡേറ്റാചാർജ് ചെയ്തിട്ടുണ്ടെങ്കിലേ
കോഡ് സ്കാനിംഗ് നടക്കുകയുള്ളു.......
************** 👇🏻

അടയാളം
ഷൈജു .വി.ടി

ഒരുത്തനോട്
വീടെവിടെയാണെന്ന് ?
വറ്റിവരണ്ട പുഴയ്ക്കക്കരെ,
മണ്ണെടുത്തു മെലിഞ്ഞുപോയ
മലയ്ക്കരികെ.
വെട്ടി നിരത്തിയ
വനഭൂമിയോട് ചേർന്ന്
മക്കളുപേക്ഷിച്ച
അമ്മയുടെ കുടിലിന്
പടിഞ്ഞാറ്.
പട്ടിണി പിഴപ്പിച്ച പെൺകുട്ടി
ചാടി ചത്ത കിണറിനരികിലൂടെ
അറവുശാലയുടെ
മതിലിനോട് ചേർന്ന്.
മദ്യശാലയുടെ പിന്നിലൂടെ
വ്യഭിചാരപ്പുരയുടെ
മുറ്റത്തിന്റെ അതിർത്തിയിൽ.
ആളുമാറി കൊല്ലപ്പെട്ട
ആരുടേയുമല്ലാത്ത
രക്തസാക്ഷിയുടെ
കാട് മൂടിയ
കുഴിമാടവും കടന്ന്.....
...............
.........
മതി മതി
ഞാൻ വീട്ടിലേക്കില്ല !!
ഒരു ഭ്രാന്തന്റെ
കുറവെങ്കിലും
നിന്റെ വീടിന്
നല്ല അടയാളമാകട്ടെ.
**************
 
കുടിപ്പള്ളിക്കൂടം
ഷീബ ദിൽഷാദ്

നീയും ഞാനും പോയതൊരേവഴി
സൂര്യനും ചന്ദ്രനും
കാത്തുനിൽക്കുന്ന ചക്രവാളത്തിൽ
നാമുണരും മുൻപേ
കോടവന്നിലകളെ
നനച്ച ഋതുക്കളിൽ
ചുരമിറങ്ങിപ്പോകുന്ന വഴി...
അന്നു കത്തുന്ന
സൂര്യനെയോർക്കാതെ
നെഞ്ചു നീറി പതുങ്ങിയൊരോന്ത്
എന്റെ ഗുരുനാഥനായി പച്ചിലകൾക്കിടയിലെന്നെ
പിന്തുടരാനുണ്ടായിരുന്നു
നിറം മാറുന്നതിൻ മാന്ത്രികം
പറഞ്ഞു തന്നവൻ
ഇല,തളിര്,കാണ്ഡമെന്നു
കിളിപ്പാട്ടിനെ, ക്രൗഞ്ചത്തിന്നൊച്ചയെ
എന്റെ വിശക്കുന്ന കാഴ്ചയെ കാണിച്ചിരുന്നു....
പാറമേലലിവ് പഠിപ്പിച്ചിരുന്നു
മാന്ത്രികൻ
ഞാനും നീയും ജലത്തിന്നാദ്യ
പാഠം നനഞ്ഞ മണ്ണിൽ
നിന്നടർത്തി ഖരാക്ഷരങ്ങളായ്
നുണയുന്നു,മണ്മയെ തൊടുന്നു
അതേ വനനിഗൂഢതയിൽ
ഇരു കാലങ്ങളിൽ
കവിതയ്ക്കെന്തു
പേരിടണമെന്നൊരിക്കൽ
 ചോദിച്ചു,
ഏതോ കാട്ടു മഞ്ഞളിൻ
പേരാണ് കല്പന
 പച്ചിലപ്പടർപ്പിൽ നിന്നവൻ
 അമ്മയായിപ്പരിണമിക്കുന്നു
 ഉറക്കം,സ്വപ്നത്തിന്റെ ഗൂഢാക്ഷരം
 കണ്ണിമകളിൽ എഴുതുന്നു
 ഒരു തടാകത്തിൻ
 കരയിലേക്കാനയിക്കുന്നു
  പഴുത്തൊരിലയെ തിരിച്ചും മറിച്ചും
  കാണിക്കുന്നു
 ഒരു ജീവൻ, വാക്കുപോലതിൽ  പറ്റിയിരിക്കുന്നു
മുങ്ങിപ്പോകാതതിനെ
കോരിയെടുക്കുന്നു
പശിമയുള്ളൊരു നാവു നീട്ടി
എന്റെ മൺ പള്ളിക്കൂടം!!
**************
  
ബഷീറോർമ്മകൾ
ഫർസാന അലി

അന്നും പതിവ് പോലെ മദ്രസയിലേക്ക് പോവാനുള്ള തത്രപ്പാടിലായിരുന്നു. നേരം വൈകിയിരുന്നു. ചുവന്ന കുഞ്ഞു സ്കാർഫ് തലയിലിട്ട്, ചൂടോടു കൂടിയ പത്തിരി കട്ടിമധുരമിട്ട ചായയിൽ ഒപ്പി കഴിക്കാനായി അടുക്കളയിൽ തന്നെ ഞാൻ ഇടം പിടിച്ചിരുന്നു. ചായ കുടിയ്ക്കുന്ന സമയത്ത് ആറേമുക്കാലിന്റെ വാർത്ത തുടങ്ങിക്കഴിഞ്ഞാൽ മദ്രസയിലെത്താൻ നേരം വൈകുമെന്നതാണ് എന്റെ കണക്കുകൂട്ടൽ. എന്നത്തേക്കാളും ധൃതിയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അടുക്കളയുടെ പിറകിലായുള്ള കിടപ്പുമുറിയിലെ റേഡിയോയിൽ നിന്നും അന്നാദ്യമായി ഞാൻ വൈക്കം മുഹമ്മദ് ബഷീർ എന്ന പേര് കേട്ടത്; അന്തരിച്ചു എന്നൊരു വാലോടു കൂടെ! ഏതോ ഒരു മരണ വാർത്ത നൽകിയ അസ്വസ്ഥത എന്നിൽ ഉണ്ടായെന്നല്ലാതെ, പ്രൈമറി ക്ലാസ്സിൽ പഠിക്കുന്ന ഏതൊരു കുട്ടിയെയും പോലെ എനിക്കും അറിയില്ലായിരുന്നു ബഷീർ ആരാണെന്ന്!
                      വർഷങ്ങൾക്കപ്പുറം, ബഷീറിയൻ രചനകൾ നൽകിയ ഉന്മാദത്താൽ എന്റെ ഹൈസ്ക്കൂൾ കാലഘട്ടത്തെ ഞാൻ സുന്ദരസുരഭിലമാക്കിയപ്പോൾ, തലയോലപ്പറമ്പിൽ ജനിച്ചു ബേപ്പൂരിന്റെ സുൽത്താനായി മാറിയ ബഷീറിന്റെ മാങ്കോസ്റ്റിൻ മരവും ‘സോജാ രാജകുമാരീ..’ തുടർച്ചയായി പാടിയ ഗ്രാമഫോണും മനസ്സിൽ നിന്നും പടിയിറങ്ങാൻ കൂട്ടാക്കാതെ നിന്നപ്പോഴാണ്, 1994 ൽ കേട്ട ആകാശവാണി വാർത്തയുടെ കാഠിന്യം എത്രത്തോളമായിരുന്നു എന്നെനിക്കു മനസ്സിലാക്കാനായത്!
സ്വർഗ്ഗലോകം പൂകിയ ബഷീറിനെ ഒന്ന് കാണാനുള്ള കൊതി കൂടി മൂക്കുമ്പോൾ, പുനലൂർ രാജന്റെ ക്യാമറയിൽ പതിഞ്ഞ പുസ്തകത്തിന്റെ ആദ്യതാളുകളിലെ വിവിധ പോസിലുള്ള ബഷീറിനെ കണ്ണിമ ചിമ്മാതെ നോക്കിയിരുന്നത് ഇന്നും ഞാൻ മറവിക്ക്‌ വിട്ടുകൊടുത്തിട്ടില്ല.. ഇന്ന്, കാരശ്ശേരി മാഷിന്റെ സംസാരങ്ങളിലെ ബഷീറിനെ കൊതിയോടെ കേൾക്കുമ്പോൾ, ബഷീർ എന്ന വ്യക്തിയെ അറിയുമ്പോൾ, ഒന്നു കാണാനായില്ലല്ലോ എന്ന വേദന ശക്തമായി ഉള്ളിലുണ്ടാവാറുണ്ട്. അത്രമേൽ ആഗ്രഹിച്ചിട്ടും കാണാനാവാതെ പോയ ഒരുപാട് എഴുത്തുകാർ ഉണ്ടെന്റെ കണക്കുപുസ്തകത്തിൽ. പക്ഷെ, ബഷീറെന്ന എഴുത്തുകാരനെ അറിയാനുള്ള ദിവസത്തിലേക്കുള്ള സൂചനയുമായി വന്ന ആകാശവാണി വാർത്ത ഒരിക്കലും മറക്കില്ല. അതെന്റെ ചെവിയിൽ, ഇതാ ഇപ്പോഴും മുഴങ്ങുന്നുണ്ട്.

ആഖ്യയുടെയും ആഖ്യാതത്തിന്റെയും വേലിക്കെട്ടുകൾ മുറിച്ചു കടന്ന, പുതുവാക്കുകളാൽ എഴുത്തിനെ സമ്പന്നമാക്കിയ, മനസ്സിൽ ഇപ്പോഴും ചോര പൊടിയിക്കുന്ന വായനാനുഭവങ്ങൾ നൽകിയ സുൽത്താൻ, അങ്ങ് സ്വർഗ്ഗത്തിലെ മാങ്കോസ്റ്റിൻ മരത്തിനു കീഴെ സുലൈമാനി കുടിച്ചു, ബീഡിയും വലിച്ചു, സോജാ രാജകുമാരിയും കേട്ട് കഥയെഴുതുക തന്നെയായിരിക്കും എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം!
**************