07-10-19b

📚📚📚📚📚📚

ഉത്ഭവം(കന്നഡ)
ബി.വി.വൈകുണ്ഠരാജു
വിവ:എം.എസ്.ലക്ഷ്മണാചാർ

മാതൃഭൂമി
പേജ് 116
വില 60

    വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുന്നതിന് ചിലകർമ്മങ്ങൾ ആവശ്യമുണ്ട്.അത് മറ്റൊരിടത്തുനിന്ന് കൊണ്ടുവരുന്നവയാണല്ലോ. എന്നാൽ സ്വയംഭൂവാകുന്ന പ്രതിഷ്ഠകൾക്ക് അതിന്റെ ആവശ്യമില്ല. ദേവൻ സ്വയം പ്രതിഷ്ഠിതനായ സ്ഥിതിക്ക് പൂജകൾ തുടങ്ങാം. ഒരു തെരുവിന്റെ ഇരുഭാഗങ്ങളിലും സംഭവിച്ച ഉത്ഭവപ്രതിഷ്ഠകളുടെ കഥയാണ് വൈകുണ്ഠരാജു തന്റെ നോവലിലൂടെ പറയുന്നത്.
      കൈക്കൂലി കേസിൽ പിടിക്കപ്പെട്ട് ജോലി നഷ്ടപ്പെട്ട ;ഒരു നേരത്തെ ആഹാരത്തിനു പോലും ഗതിയില്ലാതെ ജീവിക്കുന്ന,  മുഴുക്കുടിയനായ രാഗണ്ണയാണ് ഈ നോവലിലെ നായകൻ. കടക്കാരെ പേടിച്ച് പലപ്പോഴും വഴിമാറി നടക്കുന്നവൻ. തൻറെ  വാക്ചാതുര്യം കൊണ്ട് ആരെയും മയക്കാൻ സമർത്ഥനാണ് അയാൾ.

ഒരിക്കൽ സ്വന്തം തെരുവിൽ  ഒരു സൈക്കിൾ-സ്കൂട്ടർ അപകടം കണ്ട് അയാൾ ഒരു പ്ലാൻ തയ്യാറാക്കുന്നു. തെരുവിന് വീതി കൂട്ടുക. വീതികൂട്ടി വരുമ്പോൾ കട നഷ്ടമാകുന്ന കച്ചവടക്കാരിൽ നിന്നും, കച്ചവടക്കാരെ ഒഴിപ്പിക്കാൻ കാത്തിരിക്കുന്ന കെട്ടിട ഉടമസ്ഥന്മാരിൽ നിന്നും തനിക്ക് ജീവിക്കാനുള്ളത് സമ്പാദിക്കാം എന്നയാൾ കണക്കുകൂട്ടി. തൻറെ കൂട്ടുകാരെ ഉപയോഗിച്ച്  അയാൾ സ്വന്തം കരുക്കൾ നീക്കാൻ തുടങ്ങി .തെരുവ് യാഥാർഥ്യമായപ്പോൾ ഒരു അതിസമ്പന്നന് തൻറെ സ്വത്ത് നഷ്ടമാകുമെന്ന് വരുന്നു .അതിൽ നിന്ന് രക്ഷ നേടാൻ രാഗണ്ണയുടെ സഹായം തേടുന്നു. വക്രബുദ്ധിയായ രാഗണ്ണ നാട്ടിലെ ചെറുപ്പക്കാരെക്കൂടി  ഇരയിട്ടുപിടിച്ച് തൻറെ പദ്ധതി നടപ്പിലാക്കുന്നു. വഴിയുടെ അലൈൻമെൻറ്  മാറ്റാൻ ദൈവത്തിനു മാത്രമേ കഴിയൂ എന്നയാൾ കണക്കു കൂട്ടിയിരുന്നു.

ഒരു ഗണപതിപ്രതിഷ്ഠ സ്വയംഭൂ ആക്കി അയാൾ വേണ്ട കാര്യം നേടിയെടുത്തു. തന്നോടൊപ്പം കൂടിയ യുവ നേതാവ് രാധാകൃഷ്ണയെ പഞ്ചായത്ത് ഇലക്ഷനിൽ ജയിപ്പിക്കാനായതോടെ അയാൾ നാട്ടിലെ ഏറ്റവും പ്രമുഖ വ്യക്തിയായി തീർന്നു.
     രാധാകൃഷ്ണ രാഗണ്ണയുടെ കുരുട്ടുബുദ്ധി കണ്ടു പഠിച്ച് നാട്ടിൽ അയാളറിയാതെ പണപ്പിരിവ് നടത്തുകയും, ചോദ്യംചെയ്ത രാഗണ്ണയെ
തെരുവിൽ നിന്നു തന്നെ ഓടിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. തൻറെ വീടിരിക്കുന്ന ഭാഗവും  ഇനി വഴിക്കു വേണ്ടി ഏറ്റെടുക്കാതെ ഇരിക്കേണ്ടതിനുള്ള പണികൾ മറ്റ് സ്ഥലം ഉടമകളുടെ ചെലവിൽ അയാൾ തുടങ്ങുന്നു. ഒപ്പം രാധാകൃഷ്ണയെ പീഡനകേസിൽ കുടുക്കുന്നു .ഗണപതിയുടെ യുടെ എതിർവശത്ത്  ശിവൻ സ്വയംഭൂവാകുന്നതിനുള്ള അയാളുടെ ശ്രമം  സഫലമാകുന്നതോടെ നോവൽ അവസാനിക്കുന്നു. ബുദ്ധിമാന്മാർ ദൈവങ്ങളെ കൊണ്ട് കാര്യം സാധിക്കുന്നതിന് കണ്ടെത്തുന്ന വഴികൾക്ക് മലയാളത്തിലും  കന്നടത്തിലും എന്തൊരു സാമ്യമാണ് ഉള്ളത് .
തികച്ചും പാരായണ ക്ഷമതയുള്ള നോവലാണ്  ഉത്ഭവം .ഒരു ആക്ഷേപഹാസ്യ നോവലെഴുതാൻ ഗൗരവമുള്ള ഭാഷാരീതി ഉപയോഗിക്കണമെന്ന് ഈ നോവൽ നമുക്ക് പറഞ്ഞു തരും.

രതീഷ് കുമാർ
🌾🌾🌾🌾🌾🌾