28-10-19

📚📚📚📚📚📚📚📚
പർവ്വതങ്ങളും കാട്ടുവഴികളും
പി സുരേന്ദ്രൻ

പൂർണ്ണ
പേജ്. 150
വില.   125
യാത്രയുടെയും ഓർമ്മയുടെയും പുസ്തകത്തിലൂടെ നടത്തുന്ന അനുയാത്രയും അനുഭൂതിദമല്ലോ.നമുക്ക് പി.സുരേന്ദ്രനൊപ്പം നടക്കാം.
ആദ്യയാത്ര ശ്രീരംഗപട്ടണത്തിനും ശ്രാവണബലഗോളക്കുമിടയിലുള്ള ഗ്രാമമായ പാണ്ഡവപുരത്തേക്ക്. സേതുവിന്റെ നോവലിലെ സ്ഥലം ഇതല്ല എന്നറിഞ്ഞുകൊണ്ടുതന്നെ ആ കരിമ്പുഗ്രാമത്തിലും അവിടുത്തെ റയിൽവേ സ്റ്റേഷനിലും നോവലിലെ സ്ഥലം തിരയുകയാണ് പി സുരേന്ദ്രൻ.

     ഒരു നോവലായി എഴുതാനാഗ്രഹിക്കുന്നവയാണ് അമ്മപറഞ്ഞപുരാവൃത്തങ്ങൾ.നല്ല കാഥികയായിരുന്നുവത്രേ അവർ.അച്ഛന്റെ വൈദ്യവും,നാട്ടിലെ ഒടിയന്മാരുമെല്ലാം ആവാക്കുകളിലൂടെ  പുനർജനിച്ചു.കഥപറയുന്ന ചെറിയമ്മാവനെയും പരാമർശിക്കുന്നുണ്ട്.
      കുഞ്ഞിനെ മാറോടടക്കിപ്പിടിച്ച് മരിച്ചുകിടന്ന അമ്മയുടെ മൃതദേഹത്തിന് കാവൽനിൽക്കുന്ന പട്ടാളക്കരന്റെ ചിത്രം അലോക്മിശ്ര അഭ്രപാളിയിലാക്കിയിരുന്നു.(1983-അസ്സം )ടി.രാമചന്ദ്രന്റെ കഥകൂടി കേട്ടപ്പോൾചിത്രത്തിലെ പട്ടാളക്കാരന്റെ  സ്ഥാനത്ത് ബന്ധുവായ ബാലേട്ടനെ സങ്കൽപ്പിച്ച് രചിച്ചതാണ് 'സ്വാതന്ത്ര്യം, യുദ്ധം, മരണം'എന്ന കഥ.
      നിഴലുകളുടെ വസ്ത്രം മനോരാജ്യം ആഴ്ചപ്പതിപ്പിൽ വന്ന കഥയാണ്. അതിലെ വേലുമേസ്ത്രിയുടെ പ്രോട്ടോടൈപ്പ് കുട്ടിമാമയാണത്രേ.മഞ്ചേരി നഗരം ഗ്രസിച്ച ആനപ്പാറഗ്രാമത്തിന്റെ, കാലഹരണപ്പെട്ട തയ്യൽക്കാരൻ.
പിരിയൻഗോവേണിയിലെ കഥകളുടെ ചോപ്പൻപശ്ചാത്തലം ഒരു ലേഖത്തിന്റെ ഭൂമികയാണ്. (കൂടല്ലൂർ ഗവ:ലോ.പ്ര.സ്കൂളിലെ)സഹാദ്ധ്യാപിക(താൽക്കാലികം )യായ വാസന്തി ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് പറയാനാഗ്രഹിച്ചവ വെറുതേ ഒന്നുകേൾക്കാൻ മനസ്സ് കാണിച്ചിരുന്നെങ്കിൽ ....
       കോയമ്പത്തൂർ അറവാണി അസോസിയേഷൻ പ്രവർത്തക മലരിനൊപ്പംവില്ലുപുരത്തിനടുത്ത കുവാഗം കൂത്താണ്ടവക്ഷേത്രത്തിലേക്ക് യാത്രചെയ്തതും,ഇരാവാന്റെ(അറവാൻ)വധു അറവാണിയായി വിവാഹവും അതുകഴിഞ്ഞ് കരയാനുള്ളതോട്ടത്തിൽ വിധവക്കരച്ചിലും ആചരിക്കുന്നത് കൗതുകത്തോടെ വായിക്കാം.പക്ഷിനിരീക്ഷകരായ ഇന്ദുചൂഡൻ,എം.ടി.ബാലകൃഷ്ണൻ നായർ (എംടിയുടെ സഹോദരൻ )ബീഡിക്കമ്പനി നടത്തിയ സഖാവ് ഹനീഫ ,വിക്ടർ ജോർജ്ജ്,കാനഡയിലെ 'പക്കറ്റവാഗൺ'ലെ മലയാളി എഴുത്തുകാരിയും പി സുരേന്ദ്രൻ വിവർത്തകയുമായ എൽസി, കർണ്ണാടകത്തിലെ ആയിരക്കണക്കിന് ദേവദാസി(ജോഗമ്മ-യെല്ലമ്മക്ക് സമർപ്പിക്കപ്പെട്ടവൾ)കളിലൊരാളായ രൂപ,ചെന്നൈ റസ്ക്യുഹോമിലെ സൂപ്രണ്ട് ചെളിയിൽ നിന്ന് കരകയറ്റിയ റാണി,മുനീറ എന്നിവർ,ബെല്ലാരിയിലെ കപ്പൂച്ചിയൻസന്യാസി സംഘത്തിന്റെ കറുത്ത ക്രിസ്തു,ആശ്രമമുറ്റത്തെ ശിവയേശുവിന്റെ കരിങ്കൽശിൽപ്പം,ഇങ്ങനെ ഓർമ്മയുടെ അടയാളക്കല്ലുകളാണ് ഈ സമാഹാരത്തിൽ ഏറെയുള്ളത്.

    കാവേരിയുടെ പുരാവൃത്തം,കാവേരിയുടെ നേരിൽ ഗ്രേസി പറയുന്ന അതേ വാക്കുകൾ കൊണ്ടുതന്നെയാണ്!ആലംകോട് ലീലാകൃഷ്ണനും ഏതാണ്ട് ഇങ്ങനെ തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് ഓർമ്മ.പക്ഷേ, ഇവർചേർന്നുനടത്തിയ യാത്രകളൊന്നും പരാമർശിക്കുന്നതേയില്ല.അവയൊക്കെ ലീലാകൃഷ്ണൻ എഴുതിപ്പോയതുകൊണ്ടാവും.

രതീഷ്കുമാർ

🌾🌾🌾🌾🌾🌾🌾🌾