08-07-19b


📚📚📚📚📚
ഹിമാവാൻ മടിത്തട്ടിലൂടെ ചാർധാം യാത്ര
സി ആർ ലാൽമോഹൻ
ശ്രീവാണി പബ്ലിക്കേഷൻസ്
പേജ്150
വില 150

ഞാൻ ആദ്യം വായിച്ച  ഹിമാലയയാത്രാവിവരണം രാജൻ കാക്കനാടൻറെ  ഹിമവാൻറെ മുകൾത്തട്ടിൽലാണ്.  മലയാളിയെ ഏതാണ്ട് അര നൂറ്റാണ്ടായി ത്രസിപ്പിക്കുന്ന ആ യാത്രാവിവരണത്തിന് പകരംവയ്ക്കാനൊന്ന്   ഉണ്ടായിട്ടില്ല .മലയാളത്തിൽ  ഏറ്റവുമധികം യാത്രാവിവരണങ്ങൾ ഉണ്ടായിട്ടുള്ളത്  ഹിമാലയ യാത്രയുടെതാവും എന്ന കൗതുകകരമായ യാഥാർത്ഥ്യം ചേർത്തുവായിക്കുമ്പോഴേ അതിന്റെ ആഴവും പരപ്പും മനസ്സിലാവൂ. 'ഹിമവാൻറെ  മുകൾത്തട്ടിൽ'ഒറ്റപ്പെട്ടു നിൽക്കുന്നത്  രാജൻകാക്കനാടൻ  യാത്രയോട് കാണിച്ച് ആത്മാർത്ഥത കൊണ്ടാവാം .ഭക്തിയുടെ സ്പർശമെഴാതെ ഹിമവാനെ കാട്ടിത്തരുന്നത് പാരായണക്ഷമത ഉയർത്തുന്നതുമാവാം.

   ഇതിപ്പോൾ പറയാൻ കാരണം ഹിമവാൻറെ മടിത്തട്ടിലൂടെ സി ആർ ലാൽ മോഹൻ നടത്തിയ യാത്രാവിവരണം വായിച്ചതുകൊണ്ടാണ്.
തികഞ്ഞ ഭക്തനാണ് ലാൽമോഹൻ. ആ ഭക്തിയുടെ തികവ്  യാത്രാവിവരണത്തിൽ തെളിഞ്ഞു കാണാം .ഒരു വലിയ തീർത്ഥയാത്രാ സംഘത്തോടൊപ്പം യാത്ര ചെയ്തു കൊണ്ടാണ് അദ്ദേഹം ശിവാലയത്തെ നമുക്കു മുമ്പിൽ തുറന്നിടുന്നത് .ചാർധാം   ഇപ്പോൾ  ഒരു പ്രധാന വിനോദസഞ്ചാര ലക്ഷ്യമാണ് .ധാരാളം ഏജൻസികൾ  യാത്ര സംഘടിപ്പിക്കുന്നുണ്ട് .പോകാൻ താല്പര്യമുള്ള യാത്രികരുടെ എണ്ണം ദിനേന വർദ്ധിക്കുകയും ആണ് .ഈ പുസ്തകം പ്രസക്തമാകുന്നതും അതുകൊണ്ടുതന്നെ . ഇങ്ങനെ പറയാൻ രണ്ടു കാരണങ്ങളുണ്ട്. ഒന്നാമത്തേത്,ഒരു ഹിമാലയയാത്ര സ്വപ്നം കാണാൻ ലാൽമോഹൻ  സാധാരണക്കാരനെ പ്രേരിപ്പിക്കുന്നു എന്നതുതന്നെയാണ്. രണ്ടാമത്തേത്, ഭക്തനായ യാത്രികന് വേണ്ടി താൻ കാണുന്ന സ്ഥലത്തിൻറെ ചരിത്രവും   ഐതിഹ്യവും തെളിമയോടെ  വിവരിക്കുന്നു എന്നതും.

ഹിമാലയയാത്ര  എപ്പോഴാണ് നടത്തേണ്ടത്, അതിന് എന്തെല്ലാം മുന്നൊരുക്കങ്ങൾ വേണം, എത്രമാത്രം  അപകടകരമാണ് യാത്ര, തുടങ്ങിയ കാര്യങ്ങളെല്ലാം ഈ പുസ്തകം നമ്മെ പഠിപ്പിക്കും .സന്തോഷകരമായകാര്യം എന്തെന്നാൽ ഇവയൊന്നും  പ്രസ്താവനാ രൂപത്തിൽ  ഈ പുസ്തകത്തിൽ ചേർത്തിട്ടേയില്ല. ലാൽ മോഹനോടൊപ്പം ഈ പുസ്തകത്തിലൂടെ യാത്ര ചെയ്യുമ്പോൾ  നാം ആർജ്ജിക്കുന്ന അറിവുകളാണ് അവ.  ഗംഗോത്രി സൂര്യകുണ്ഡ് ഇവയൊന്നും,കേരളത്തിൽ ഏറ്റവുമധികം  വിൽക്കപ്പെട്ട, മാതൃഭൂമിയുടെ ഹിമാലയ യാത്രാ വിവരണത്തിൽ കാണുന്നത് പോലെ ആവില്ല .അവയൊക്കെ  വായിച്ച് നാം മനസ്സിൽ ചേർത്ത രൂപങ്ങൾ മാറ്റിമറിക്കാൻ ഈ കൊച്ചു പുസ്തകത്തിനാവും. അഥവാ രാജൻകാക്കനാടൻ വരച്ചു തന്നചിത്രത്തിൽ കാലം വരുത്തിയ മാറ്റം നാം ഇവിടെ കാണും. മഹാപ്രളയം  തകർത്തെറിഞ്ഞ മഹാനദീതീരഭൂമി നമ്മെ ഒരേസമയം ഭീതിപ്പെടുത്തുകയും ക്ഷണിക്കുകയും ചെയ്യും.

         സ്ഥലകാലങ്ങളുടെ  ചെറുവിവരണമേ ഇവിടെ നിങ്ങൾക്ക് ലഭിക്കുകയുള്ളൂ. കാര്യമായി കിട്ടുന്നത് ആ സ്ഥലവുമായി ബന്ധപ്പെട്ട ഐതിഹ്യവും ചരിത്രവുമാണ് .ഒപ്പം  തീർഥയാത്രാസംഘത്തിൽ നിന്നുവേറിട്ട് ,ഒറ്റയ്ക്കുനടന്ന് പരിചയപ്പെടുന്ന വിവിധ ആളുകളിൽനിന്ന് ലഭിക്കുന്ന അറിവും, അറിയാത്ത സ്ഥലത്തുകൂടി ഒറ്റയ്ക്ക് യാത്രചെയ്ത് അകപ്പെട്ടുപോകുന്ന വൈഷമ്യങ്ങളും കൂടിയാണ്.

   ചാർധാം തീർത്ഥാടനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു വഴികാട്ടിയാണീപുസ്തകം. അതിന് കഴിയില്ല എന്ന് സങ്കടപ്പെടുന്നവർക്ക് മനസ്സുകൊണ്ട്  ഭക്തിസാന്ദ്രമായ ഒരു യാത്ര  ഇത് പ്രദാനം ചെയ്യും .

   ഈ കുറിപ്പിന്റെ തുടക്കത്തിൽ രാജൻ കാക്കനാടന്റെ പുസ്തകം സ്മരിക്കുന്നുണ്ട്. അതിനർത്ഥം ഇരുപുസ്തകങ്ങളെ താരതമ്യംചെയ്യുക എന്നതോ ഏതെങ്കിലുമൊന്നിനെ മഹത്വപ്പെടുത്തുക എന്നതോ അല്ല.
അത്തരം ഒരു താരതമ്യശ്രമം അസംഗതവുമാണ്.
എന്റെമാന്യസുഹൃത്തിന്റെ പുസ്തകം എനിക്കുതന്ന പ്രതീക്ഷക്കുപരിയായ സന്തോഷം ,എന്നെ മുക്തകണ്ഠനാക്കിയതല്ലെന്ന് ഒറ്റവായനയിൽ ആർക്കും ബോദ്ധ്യമാവും

രതീഷ് കുമാർ
🌾🌾🌾🌾🌾🌾