05-08-19

📚📚📚📚📚📚
ഏഴാമത്തെ ആകാശം
റഹീം കടവത്ത്

ലോഗോസ്
പേജ് 160
വില 140


     നോമ്പിൽ ഗ്രാമത്തിൻറെ കഥയാണ് ,റഹീം കടവത്തിൻറെ ഏഴാമത്തെ ആകാശം പറയുന്നത്. ബീരാൻ മൊല്ലാക്കയുടെ അൽഭുത ജീവിതത്തിൻറെ കഥയ്ക്ക് ഇടയിൽ ധാരാളം കഥാപാത്രങ്ങൾ വന്നു പോകുന്നുണ്ട് .ഷെയ്ഖ് അബ്ദുൽ ഖാദർ ജീലാനി തൻറെ കുതിരയുമായി വന്ന് എത്രയെത്ര അത്ഭുതങ്ങൾ  സംഭവിപ്പിക്കുന്നു. ഒപ്പം ഒരു നാടിൻറെ തനിമയും ജീവിതത്തിൻറെ  വ്യത്യസ്തതയും വ്യക്തമാക്കുന്ന  ഒട്ടനവധി കഥാപാത്രങ്ങൾ അനുവാചകനിൽ അത്ഭുത ത്തിൻറെ ഫലകങ്ങൾ സൃഷ്ടിച്ചുകൊണ്ട് കടന്നുവരുന്നു.

     ഫാൻറസിയുടെ തൊങ്ങലിൽ ഒളിപ്പിച്ചുവെച്ച ആക്ഷേപഹാസ്യത്തിൻറെ സൗന്ദര്യം അപാരമായ അനുഭൂതിയാണ് തരുന്നത്. ഫാൻറസിയുടെ  ഏഴാം ലോകത്തുനിന്ന്  യാഥാർത്ഥ്യത്തിന്റെ ലോകത്തിലേക്ക് ആടിക്കളിക്കുന്ന ഊഞ്ഞാലാണ് ഈ നോവൽ . ചെറു ചെറു അധ്യായങ്ങളിലെ അല്പ വാക്യങ്ങളിലൂടെയേണ് ഉപകഥകളുടെ കെട്ടഴിക്കുന്നത്.

       പ്രവാചകൻമാരെ  കാലം ഉണ്ടാക്കുന്നത് ആരുടെയോ വക്രബുദ്ധിയുടെ മൂർച്ചയിൽ നിന്നുമാണ്. ജനക്കൂട്ടം ഒരാളെ വിശുദ്ധനും മരണപര്യന്തം പലരുടെയും ധനസമ്പാദനത്തിനുള്ള ഉപാധിയും ആക്കി മാറ്റിയേക്കാം .അതിൽ നിന്ന് രക്ഷനേടണമെങ്കിൽ ആരും അറിയാതെ പാലായനം ചെയ്യുക, ബീരാൻ മൊല്ലാക്ക എന്ന വടിത്തങ്ങൾ ചെയ്തതുപോലെ .
     ഈ കുറിപ്പ്  ഏഴാമത്തെ ആകാശം  എന്ന  നോവലിൻറെ സൗന്ദര്യാനുഭൂതികളെ ഒരു ശതമാനം പോലും ഉൾക്കൊള്ളുന്നില്ല  എന്ന് എനിക്കറിയാം. ചില സംഗതികളെ ഇഴകീറി പരിശോധിക്കാതെ മാറിനിന്ന് നോക്കാനേ നമുക്കാവൂ എന്ന് സമാധാനിക്കാനേ നിവൃത്തിയുള്ളൂ.

രതീഷ്കുമാർ
🌾🌾🌾🌾🌾🌾