31-12-2018c

🌾🌾🌾🌾🌾📚📚📚📚📚

ലിംഗ ജാതകം
റ്റോം മുളന്തുരുത്തി

യെസ്പ്രസ് ബുക്സ്
110 രൂപ

   കവിതയുടെ ചൊൽവടിവുകൾ കേരളത്തിന്റെമാത്രം പ്രത്യേകതയാണെന്ന് തോന്നുന്നു .ഇനി പറയേണ്ടത് കേരളത്തിന്റെ പ്രത്യേകതയായിരുന്നു എന്നാണ്.  അത്രയധികം ഗദ്യകവിതകൾ കൊണ്ട് കവിതാമണ്ഡലം നിറയുകയാണ്. ഉക്തിവൈചിത്ര്യങ്ങൾ മാത്രം കവിതയായി പിറക്കുന്ന ഈ കാലത്ത്, കൈരളിയുടെ പാരമ്പര്യ താളത്തിൽ വാർന്നുവീണ കവിതകളാണ് റ്റോംമുളന്തുരുത്തിയുടെ ലിംഗ ജാതകം .

   വനിത മതിൽ എന്ന പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിയുടെ ഉപോൽപ്പന്നമാണ് ലിംഗ ജാതകം എന്ന കവിതയുടെ ജൈവപരിസരം. ഞാനെന്ന പുരുഷൻ എൻറെ പെണ്ണിനോട് അനുവർത്തിക്കുന്ന വൃത്തി രാഹിത്യം ഈ കവിതയുടെ വൃത്തി മേഖലയാണ്. ആർപ്പോ ആർത്തവം എന്ന കവിതയിൽ പ്രമേയപരമായ ബന്ധമുണ്ടെങ്കിലും രചനാപരമായ വ്യതിരിക്തതകാണാം.കിളിപ്പാട്ട് വൃത്തങ്ങളുടെഎല്ലാം നിറച്ചാർത്ത് ഈ സമാഹാരത്തിലെ കവിതകളിൽ കണ്ടെടുക്കാം. സാലഭഞ്ജിക എന്ന കവിതയിൽ ദ്രുതകാകളിയും മഞ്ജരിയുടെ രണ്ടാം പാദവും കലരുന്ന കോമ്പിനേഷൻ ചില പുതു വൃത്ത ചിന്തകൾ ഉണർത്തുന്നുണ്ട്.

   സ്ത്രീത്വത്തിന്റെ വിപണി വൽക്കരണത്തിനെതിരെ തീവ്രമായി പ്രതികരിക്കാൻ പാരമ്പര്യ താളങ്ങൾക്ക് ശക്തിയുണ്ടെന്ന് കാവ്യസമാഹാരം നമുക്ക് കാട്ടിത്തരും. പ്രണയവും വിരഹവും ഈ കവിതകളിൽ നിറഞ്ഞുനിൽക്കുന്നു. ശൈലിയിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനോട് വല്ലാതെ കടപ്പെട്ട പോകുന്നതിൽനിന്ന് രണ്ട് കവിതകൾ ഒഴികെ ബാക്കി ഒക്കെയും ഒരുവിധം രക്ഷപ്പെട്ടിട്ടുണ്ട് .ചില കവിതകളിൽ കുമാരനാശാനെയും വൈലോപ്പിള്ളിയെയും ഓർമ വന്നു എന്നു വരാം. പ്രത്യേകിച്ചും വൈലോപ്പിള്ളി ഓർമയിൽ നിറയുന്ന അങ്കണത്തൈമാവ് എന്ന കവിതയിൽ വൈലോപ്പിള്ളി നിറഞ്ഞുനിൽക്കുന്നത് ,ആ കവിതയ്ക്ക് ഒരു പ്രത്യേക ചാരുത നൽകുന്നു. ഒപ്പം പൊതുവിദ്യാലയം വാക്കുകളിൽ വരച്ചിടുന്നസങ്കൽപ്പമല്ല സത്യത്തിനു സാക്ഷ്യപത്രം എന്ന് കാട്ടിത്തരികയും ചെയ്യുന്നു .

    മിട്ടു എന്ന ഹാഷ് ടാഗിൽ ഒഴുകിപ്പരന്ന സത്യത്തിൻ നൊമ്പരം അടയാളപ്പെടുത്താൻ താളത്തിന് കൂട്ട് നഷ്ടപ്പെടുത്തിയവർ കൊപ്പം മീട്ടു പറയുന്നു. പ്രണയത്തിൻറെ രക്ത ജാതകം കുറിക്കുമ്പോൾ സയനൈഡ് ചിരിയുടെ സ്വന്തം രാശിയിലെ താളമാണ് രാസസൂത്രമാവുന്നത്. എന്തിന് ,കാതൽ ,മടക്കം, എന്നീ കവിതകളെല്ലാം തുടിക്കുന്ന പ്രണയത്തിൻറെ താളമല്ല; ഒരു യാത്രയുടെ  അവസാനം എന്ന കവിതയിൽ നാം തൊട്ടറിയുന്നത് .'പ്രണയ മാപിനിയുടെ' ഏകകങ്ങൾ തുടിക്കുന്ന ഹൃദയ സ്പന്ദനങ്ങൾ അത്രേ.

   ചില നല്ല ഓർമ്മക്കുറിപ്പുകളുണ്ട് ഈ കവിതാസമാഹാരത്തിൽ. കുരീപ്പുഴയെ ഓർമിക്കുന്ന 'കുരീപ്പുഴ' എന്ന കവിത കവി വൈലോപ്പിള്ളി മാമ്പഴം എന്ന കവിത എഴുതുന്നതിന് പ്രചോദനമായ മുളന്തുരുത്തി ഗവൺമെൻറ് ഹൈസ്കൂൾ അങ്കണത്തിലെ മാവിനോടൊപ്പം, ഹൈസ്കൂളിലെ ഇന്നത്തെ അവസ്ഥയെ കുറിക്കുന്ന അങ്കണത്തൈമാവ് എന്ന കവിത .
കാത്വയിൽ കൊല്ലപ്പെട്ട ആസിഫയോടുള്ള ഓർമ്മക്കുറിപ്പ് ആയ 'ഇഫ്താർ' ,പണ്ടത്തെ സാഹിത്യക്യാമ്പിന്റെ ഓർമ്മക്കുറിപ്പായ 'സാഹിത്യക്യാമ്പ്' ക്ഷേത്രമുറ്റത്ത് ബലാൽസംഗം ചെയ്തു കൊന്നുകളഞ്ഞ പെൺകുട്ടിയെ ഓർക്കുന്ന 'വയലറ്റ് പൂക്കൾ' ഇങ്ങനെ ഈ ലിസ്റ്റ് നീണ്ടുപോകുന്നു. ഈ ഓർമ്മക്കുറിപ്പുകളാണ് ഈ കവിതാസമാഹാരത്തിന് ചാരുത കൂട്ടുന്നത്. ചൊൽവടിവിലുള്ള കവിതകൾ മലയാളത്തിൽ അന്യം നിന്നിട്ടില്ല എന്ന് നമ്മെ ഓർമിപ്പിക്കുന്ന കുറെ നല്ല കവിതകളുടെ സമാഹാരമാണ് ലിംഗ ജാതകം. ചുരുക്കം ചില അച്ചടി പിഴവുകളും എഡിറ്റിംഗ് പോരായ്മകളും ഉണ്ടെങ്കിലും

 രതീഷ് കുമാർ

🌾🌾🌾🌾🌾