31-08-19

ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാന്നിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." തുടർന്ന് വായിക്കാം..👇🏻
ആത്മായനം മറ്റൊരു പ്രണയപ്പൂക്കാലത്തിലൂടെ ..👇🏻

ആത്മായനം
ജസീന റഹീം

ചെറിയ സങ്കടങ്ങൾ പോലും താങ്ങാനാവാത്ത ഞാൻ ..സഹിക്കാനാവാത്ത ഒട്ടേറെ സങ്കടങ്ങളിലൂടെ എം.എ യുടെരണ്ടു വർഷങ്ങൾ തരണം ചെയ്തു..
ഇതിനിടയ്ക്ക് ജാസിന് മൂത്ത മകൻ അപ്പു ജനിച്ചിരുന്നു.. പിറന്നതിന്റെ മൂന്നാം നാൾ പൊക്കിൾ വഴി അണുബാധ കയറി കുഞ്ഞു ശരീരമാകെ നീല നിറം പടർന്ന്,നിർത്താതെ നിലവിളിക്കുന്ന കുഞ്ഞിനെയും കൊണ്ട് ആംബുലൻസിലെ പരക്കം പാച്ചിലും.. പ്രസവിച്ച് മൂന്നാം ദിവസം മകനു വേണ്ടി കരഞ്ഞു തളർന്ന ജാസും ചെറുമകന്റെ ജീവനു വേണ്ടി സകലയിടങ്ങളിലും പ്രാർഥിക്കാൻ ഓടിയ ഉപ്പുപ്പായും .. അങ്ങനെ മരണ വായിൽ നിന്ന് തിരികെ വന്ന അവൻ എല്ലാവർക്കും കൂടുതൽ പ്രിയങ്കരനായി വളർന്നു.. ഈ ദിവസങ്ങളിലെല്ലാം എന്റെ പ്രിയപ്പെട്ട ഉമ്മുമ്മ എനിക്ക് കൂട്ടായി വീട്ടിൽ നിന്നു.. ഉമ്മുമ്മ വയ്ക്കുന്ന നാടൻ മണവും  രുചിയുമേറുന്ന കറികൾ ഒരു ഭാഗ്യമായി ഞാൻ കരുതി..
ഇതിനിടയ്ക്ക് ആരോരുമറിയാതെ മുളച്ചു വളർന്നൊരു പ്രണയം പൂക്കാലത്തിലേക്ക് വിടർന്നു തുടങ്ങിയിരുന്നു.. ലൈലാ മൂത്തുമ്മാടെ മകൻ ഷാജൂക്കയും ചവറയിലെ മാമായുടെ മകൾ കലിമായും തമ്മിൽ ഒരു മൗനപ്രണയം ഇതൾ വിരിയുന്നത് കുട്ടിത്തം മാറിയ കാലം മുതൽ ശ്രദ്ധയിൽ പെട്ടെങ്കിലും  അവളോട് ഒരിക്കലും അതേപ്പറ്റി സംസാരിച്ചിരുന്നില്ല.. കുട്ടിക്കാലത്ത് നെടുവത്തൂരെ ഓണനാളുകളിൽ രണ്ടു പേർ മാത്രം.. പതിയെയാടുന്ന ഊഞ്ഞാലിൽ, അവരുടെ മാത്രം ലോകത്ത്, നിശബ്ദമിരിക്കുന്നത് എത്രയോ തവണ ശ്രദ്ധയിൽ പെട്ടിരുന്നു.. അവളെ ഹാലിളക്കാനായി ഇക്കായുടെ കുസൃതികളും അടിയിടലുമെത്ര കണ്ടിരുന്നു.. ഒടുവിൽ ഒരു ദിവസം എല്ലാവരുടെയും ഇഷ്ടത്തോടെ കല്യാണം കഴിച്ച് കുഞ്ഞു കുസൃതികളുമായി അവർ ജീവിതമാരംഭിച്ചു.. പിന്നെ ഇക്ക അവളുമായി ആൻഡമാനിലേക്ക് കപ്പൽ കയറി..
ഷാജൂക്കായുടെയും കലിമായുടെയും കല്യാണത്തിന് ഏതു വീട്ടിൽ പോകണമെന്ന ശങ്കയിലായി ഞാൻ.. രണ്ടു പേരും പ്രിയപ്പെട്ടവർ.. ഒടുവിൽ കല്യാണത്തലേന്ന് ഇക്കാടെ വീട്ടിൽ നിന്ന്,പിറ്റേന്ന് ചെക്കൻ കൂട്ടർക്കൊപ്പം പെണ്ണിനെ കൊണ്ടുവരാൻ പോയി..കല്യാണം കൂടിച്ചേരലാണെങ്കിലും,അതാഹ്ലാദമാണെങ്കിലും പെൺകുട്ടി അതുവരെ തന്റെ എല്ലാമായിരുന്ന ലോകത്തു നിന്ന് പുതിയ ഇടത്തേക്ക് പോകുമ്പോൾ അവൾക്കൊപ്പം എന്തെല്ലാമോ ഇറങ്ങിപ്പോകുന്നുണ്ട്..
ജാസിന്റെ കല്യാണത്തോടെ തനിച്ചായ ഞാൻ.. കലിമായും കൂടി ആൻഡമാനിൽ പോയതോടെ ഒരു ചരടിൽ കോർത്ത പോലെ ജീവിച്ച ഞങ്ങൾ  അഞ്ചു പേർക്കും മുന്നിൽ വഴി അഞ്ചായി പിരിയുകയായിരുന്നു..
എന്റെ കോളേജ് കഥകൾ പൊടിപ്പും തൊങ്ങലും ചേർത്ത് ഞാൻ പറയുമ്പോൾ എന്റെ നല്ലൊരു കേഴ്‌വിക്കാരിയായിരുന്നു അവൾ.. അവധി ദിനങ്ങളത്രയും ചവറയിൽ ചെലവിടാൻ കാരണവും അവളായിരുന്നു..
ഒരിക്കൽ ഞാൻ ചവറയിൽ ചെന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടാണ് ഉമ്മുമ്മ കിടക്കുന്ന കട്ടിലിനടിയിൽ ഒരു വലിയ കുട്ടുവത്തിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ അത്യാവശ്യം വലിയൊരു ഞാലിപൂവൻ കുല മഞ്ഞനിറമോടി തുടങ്ങിയത് ശ്രദ്ധയിൽ പെട്ടത്.. ഭക്ഷണ സാധനങ്ങൾ നശിപ്പിച്ചു കളയരുതെന്ന് പഠിപ്പിച്ച ഗുരുവര്യൻമാരെ മനസാ സ്മരിച്ച് കുലയിൽ നിന്ന് ആദ്യ പഴം അടർത്തിയെടുത്ത് ഭക്തിപൂർവ്വം കഴിച്ചു... നാടൻ പഴത്തിന്റെ മാസ്മരിക സ്വാദിൽ നാവിൻത്തുമ്പ് ത്രസിച്ചു.. അടുത്ത പഴം അടർത്താനായി കൈകൾ  നീണ്ടു.. അപ്പോൾ അതുവഴി വന്ന കലിമായേം കൂടെ കൂട്ടി..
രണ്ടു ദിവസം കൊണ്ട് പല തവണകളായി ഞങ്ങളാ വിശുദ്ധ കർമം നിർവ്വഹിച്ചു.. മൂന്നാം നാൾ കൊമ്പൻ മീശയും വിറപ്പിച്ച് ജലാൽ മാമ എന്തിനോ ഒച്ചയിടുകയും ഒരു കുലയുടെ കാളാമണ്ടം പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു.. പാവം മാമിയാണ് പഴം കിട്ടാത്ത കൊതിക്കെറുവിന്റെ വഴക്കത്രയും കേട്ടത്.. ഞങ്ങൾ അപ്പോഴും പതിവുപോലെ ചിരിച്ചു കൊണ്ടേയിരുന്നു...
ആത്മായനത്തിന്റെ എഴുത്തുകാരിയെ സംബന്ധിച്ച് ചില സന്തോഷങ്ങൾ പങ്കുവെക്കട്ടെ ...
ഒന്നാമത്തെ കാര്യം, കൊട്ടാരക്കര പെരുംകുളം ബാപ്പുജി സ്മാരക വായനശാലയും അവിടത്തെ ഗവ.ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂനിറ്റും കൊല്ലം ജില്ലയിലെ മികച്ച അധ്യാപകർക്കായി ഏർപ്പെടുത്തിയ ഗുരു നന്മ അധ്യാപക പുരസ്കാരത്തിന് ജസീന ടീച്ചറെ തെരഞ്ഞെടുത്തു എന്നതാണ്.കുട്ടികളാണ് വിധികർത്താക്കൾ എന്നതാണ് ഈ പുരസ്കാരത്തിന്റെ ശ്രദ്ധേയ സവിശേഷത.. നമ്മുടെ യഥാർത്ഥ വിധി കർത്താക്കൾ കുട്ടികളല്ലാതെ മറ്റാരാണ്...??
രണ്ടാമത്തെ സന്തോഷം "ഇതാണ് ഞാൻ "ആത്മായനം പുസ്തക രൂപത്തിലാക്കാൻ ഒരു പ്രസാധക സംഘം സന്നദ്ധതയറിയിച്ച് വിളിച്ചു എന്നതാണ്..
മികച്ച എഴുത്തുകാരിയും ആകാശവാണിയിലെ ഉജ്ജ്വല ശബ്ദ സാന്നിധ്യവും നല്ല അധ്യാപികയുമായ പുരസ്കാര ശോഭയിൽ മിന്നുന്ന ജസീന  റഹീമിന് തിരൂർ മലയാളത്തിന്റെ ഹൃദയം തൊട്ട അഭിനന്ദനങ്ങൾ ...

🙏🌹🌹🌹🌹🙏

രാവൊടുങ്ങുമ്പോൾ
പി.സുരേന്ദ്രൻ

സ്കൂൾ വിട്ടു വരുമ്പോൾ വഴിയോരത്ത് നിന്നാണ് അവൾ എന്നെ കണ്ടെത്തിയത്. മനോഹരമായ പൂക്കൾ വിരിയുന്ന ചെടിയാണ് ഞാനെന്ന് അവൾക്കേ മനസ്സിലായുള്ളൂ. ആരാലും ശ്രദ്ധിക്കാതിരുന്ന എന്നെ ഒരു കുഞ്ഞെങ്കിലും തിരിച്ചറിഞ്ഞല്ലോ..
"നീയെന്തിനാ ആർക്കും വേണ്ടാതെ ഇവിടെയിങ്ങനെ നിക്കണേ.. എന്റൊപ്പം പോരുന്നോ? " അവൾ ചോദിച്ചു.
സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു എനിക്ക്.
"ഇപ്പോൾ തന്നെ കൊണ്ടു പോകൂ" എന്ന് ഞാൻ പറഞ്ഞു.
അങ്ങനെയാണ് ഞാനീ വീട്ടുമുറ്റത്തെത്തിയത്.സ്കൂൾ വിട്ടാൽ അവൾ ആദ്യം ഓടിയെത്തുക എന്റടുത്താണ്.ഒരു ദിവസം വരുമ്പോൾ അവളുടെ കയ്യിൽ ഒരു കുടന്ന ചാണകവുമുണ്ടായിരുന്നു.അത് എനിക്കുള്ളതായിരുന്നു.
"ഓണമാണ് വരുന്നത്. അതിനു മുമ്പ് നീ പൂക്കുമോ?"
"നീയെന്നെ എന്നും തൊട്ടാ മതി. കർക്കടകം കഴിയുമ്പോഴേക്ക് ഞാൻ പൂക്കില്ലേ?"
അവൾക്ക് സന്തോഷായി...
"ഒന്ന് ഉമ്മ വെച്ചാൽ വേഗം പൂക്കാം .." ഞാൻ പറഞ്ഞു.
"അതു വേണ്ട. പൂക്കുമ്പോ ഉമ്മ തരാം നിനക്ക്."
ഒരു ദിവസം അവൾ പറഞ്ഞു.
"നോക്ക്, ആ കാണുന്ന മലയിൽ നിന്ന് നിന്നെ കണ്ട് മോഹിക്കണം സൂര്യൻ."
ആ മലമോളിൽ നിന്നാണ് ഒറ്റ രാത്രി കൊണ്ട് ഉരുൾപൊട്ടി വന്ന് ആ വീടിനെ തകർത്തു കളഞ്ഞത്.
ഒരാളും ബാക്കിയായില്ല..
കന്നുകുട്ടിയും നായയും കോഴിയും പ്രാവും ഒറ്റ രാത്രിയിലെ നിലവിളിയിൽ അവസാനിച്ചു.വീടിനു മേൽ ഉരുളൻ കല്ലുകളുടെ മറ്റൊരു കുന്നു പിറന്നു.രക്ഷാപ്രവർത്തകർ വന്ന് മണ്ണിനടിയിലെ ജഢങ്ങൾ എടുത്തു മാറ്റുമ്പോൾ ഒരു കുരുന്നു കൈപ്പത്തി പെറുക്കിയെടുത്തത് എന്റെ തൊട്ടടുത്തു നിന്നാണ്. എന്നെ ഓമനിച്ച്,പൂക്കാലത്തിനായി പ്രാർത്ഥിച്ചത് ആ വിരലുകളാണ്.
ഒരു വീടും മുറ്റവും മോഹിക്കേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി.
ആ വഴിയോരത്തെവിടെയെങ്കിലും ഒടുങ്ങിപ്പോയാൽ മതിയായിരുന്നു.
      പക്ഷേ,രാവൊടുങ്ങിയപ്പോൾ ഈ താഴ്വരയിലേക്ക് സെൽഫി എടുക്കാൻ വന്ന ചങ്ങാതീ,നീയെന്നെ കണ്ടില്ലല്ലോ..ഷൂസണിഞ്ഞ പാദങ്ങൾ കൊണ്ട് നീയെന്നെ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തിയല്ലോ.....

പറയാതെ
ശ്രീലാ അനിൽ

ഞാനെപ്പോഴും പറയുന്ന നീ ആരെന്ന് നിനക്കറിയുമോ,,,,,
നിന്നെ കണ്ടതുകൊണ്ടല്ലേ
വസന്തം
ഈ കാട്ടുകടമ്പിലും
പൂവായ് വിരിഞ്ഞത്,,,,
എന്റെ നീലയിൽ ,,,,
കോലരക്കിൻ ചോപ്പായ് നീ ലയിച്ചത്,,,,
സ്നേഹാക്ഷരങ്ങൾക്ക്
ഹൃദയം കൊണ്ട് മറുകുറി,,,,,,
അത് മൗനമായാലും,,,,,
നീതന്നെയാണ്
തന്നത്,,,,
നിന്റെ മൗനത്തിനും ആയിരം വാക്കുകളുടെ വസന്തമുണ്ടെന്ന്
എനിക്ക് മാത്രമേ അറിയൂ
നിന്റെ ഋതുസംക്രമണങ്ങൾ,,,
എന്നിൽ ഗ്രീഷ്മവും,,, വർഷവും,,, വസന്തവും നിറയ്ക്കാറുണ്ട്,,,
നിന്റെ കണ്ണിലെ സ്നേഹത്തിൻ പൂത്തിരി
ആയിരം കുടമുല്ല പൂക്കളായി എന്നിൽ വിടരാറുണ്ട്
ആകാശത്തുവാരി വിതറിയ നക്ഷത്രപ്പൂവുകൾ ആ കണ്ണിൽ
തിളങ്ങുമ്പോൾ
അവയ്ക്ക് നറുമണം കൂടി ചേർക്കുന്നത്
പറയാതെ പറയുന്ന
പ്രണയമാണ്

ഒരു കുടന്ന വെള്ളപ്പൂക്കൾ
സുനിത ഗണേഷ്

നോക്കു,
എന്റെ കാലുകൾ കാണുന്നില്ല.
കമ്പിവേലി കെട്ടിത്തിരിച്ച
കാടുകളിൽ
ഇത്തിരി
നനവുള്ള മണ്ണുതേടി
അവ പൊയ്ക്കഴിഞ്ഞിരിക്കുന്നു.
എന്റെ കൈകളോ!
അവയുമിപ്പോൾ
സ്ഥാനത്തില്ല.
ചില്ലു പാത്രത്തിലെ
ഉപ്പു നിറച്ച
നീലക്കടലിൽ
നീന്തൽ
പഠിക്കാൻ പോയിരിക്കുന്നു.
എന്റെയുള്ളിലേക്ക് നോക്കിയോ?
കരളും, ഹൃദയവും
ഇത്ര നേരവും അടിപിടിയായിരുന്നു.
ചിതയ്ക്ക് മേലേയമരുമ്പോൾ
തീപ്പട്ടുകുപ്പായം
പുതയ്ക്കാൻ തുടങ്ങുമ്പോൾ
ആരാദ്യം
നിന്നെ മറക്കുമെന്ന്?
അവരുമിപ്പോൾ
ഇറങ്ങിപ്പോയതേയുള്ളു.
വെന്തുപോകും മുൻപ്
ദാഹം തീർക്കാൻ
ഇത്തിരി
മധുനീർ തേടി.
നോക്കു,
എന്റെ കണ്ണുകൾ
ആ കുഴികളിൽ തന്നെയുണ്ടോ?
നീ വരുന്ന വഴിയിൽ
പാത ചുരുട്ടിച്ചുരുട്ടി,
നീളം കുറുക്കി,
അവ തളർന്നു പോയിരുന്നു.
ഒന്നും പറയാൻ തോന്നിയില്ല,
അവയും
ഇറങ്ങിപ്പോയപ്പോൾ.
ദൂരെയെങ്ങോ
ചോന്ന പൂക്കൾ
പൂവിട്ടിരിക്കുന്ന വിവരം
മൂക്ക് അവരോട് പറഞ്ഞുവത്രേ.
ഇവിടെ നോക്കു,
എന്റെ
ശിരസ്സിലെ ആഴമുള്ള
കുഴികളിലേക്ക്.
മുടി വകഞ്ഞു നീക്കി,
എന്റെ
തലച്ചോറ് ഇറങ്ങിപ്പോയത്
ആ വഴികളിലൂടെയാണ്.
അപ്പോഴും
ഞാൻ ഒന്നും പറഞ്ഞില്ല.
ഇത്തിരി ചോന്നപൂക്കൾക്കായി,
ഇത്തിരി നനവുള്ള മണ്ണിനായി,
ഇത്തിരി ലവണാംശത്തിനായി,
ഇത്തിരി മധുനീരിനായി,
അവ
ഇറങ്ങിപ്പോയപ്പോൾ
ഞാൻ ഒന്നും മിണ്ടിയില്ല.
നീ വരുമെന്നോ,
എന്റെ ചിതയിലേക്ക്
ഒരു കുടന്ന
വെള്ളപ്പൂക്കൾ
അർപ്പിക്കുമെന്നോ,
അതുവരെ
കാത്തിരിക്കണമെന്നോ,
ഒന്നും ...
ഒന്നും ഞാൻ പറഞ്ഞില്ല.

ഞാൻ
ഷൈജു.വി.ടി

എനിക്ക്
ദാഹിക്കുന്നു
ചുണ്ടിൽ നിന്നും
തുടച്ചു കളയാൻ
കഴിയാത്തൊരു
ചുംബനം തരൂ......
എനിക്ക്
വിശക്കുന്നു
നെഞ്ചിലിട്ട്
വേവിക്കാത്തൊരു
സ്വപ്നം തരൂ......
എനിക്ക്
സ്നേഹിക്കണം
ഉപ്പിലിട്ടു വെക്കാത്തൊരു
ഉമ്മ  തരൂ......
എനിക്കൊരു
യാത്ര പോകണം
എങ്ങോട്ടാണെന്ന്
ചോദിക്കാത്തൊരു
കൂട്ട് തരൂ....
ഇതൊന്നുമില്ലെങ്കിൽ
എന്നെയെങ്കിലും
എനിക്ക് തരൂ....

കൗശലം
യൂസഫ് നടുവണ്ണൂർ

ഒന്നാംതരത്തിലെ
പാഠപുസ്തകത്തിൽ വെച്ചാണ്
നമ്മൾ അടുപ്പത്തിലായത്.
ചാടിച്ചാടി വിയർത്ത്
ഒടുവിൽ
മുന്തിരി പുളിക്കുമെന്ന് പറഞ്ഞ്
തിരിഞ്ഞു നടന്നപ്പോൾ
കിട്ടാത്ത മുന്തിരി പുളിക്കുമെന്ന പാഠം
നീയെന്നെ പഠിപ്പിച്ചു!
പിന്നീടങ്ങോട്ട്
എന്റെ നേർവഴികളെല്ലാം
നീ കുറുക്കുവഴികളാൽ അളന്നെടുത്തു!
പരന്ന പാത്രത്തിൽ ഭക്ഷണം വിളമ്പി
കൊക്കിനെ പറ്റിച്ചപ്പോൾ
ഞാൻ നിന്റെ തൊട്ടു പിന്നിൽ
അമ്പരന്ന്
നില്പുണ്ടായിരുന്നു.
മാളത്തിൽ വാലിട്ടിളക്കി 
ഞണ്ടിനെ പിടിക്കുന്ന വിദ്യ
നിന്റെ കൂടെ നടന്നാണ്
ഞാൻ പഠിച്ചെടുത്തത്!
നീ തിന്ന ഞണ്ടിനേക്കാളും
രുചിയുണ്ടായിരുന്നു
ഞാൻ പിടിച്ച പൂമ്പാറ്റകൾക്ക്!
നീ ചുറ്റിയ വട്ടത്തോളം വരില്ല
തല ചുറ്റി വീണ
ഒരു കോഴിയുടെ ചരിത്രവും!
ചത്താലും നിന്റെ കണ്ണ്
എവിടെയായിരിക്കുമെന്ന്
എന്നോളമറിയുന്നവർ
മണ്ണിലാരുണ്ട് വിഭോ!
നിന്റെ നിറം മാറ്റമിപ്പോൾ
കാട് ആഘോഷിക്കുകയാണ്.
നിറത്തിൽ തന്നെയാണ് കാര്യം!
കാണാത്തൊരു ജീവിയെ
കണ്ടുമുട്ടിയ സന്തോഷം!
നീ വീണ ചായപ്പാത്രം
കണ്ടത് ഞാൻ മാത്രമാണല്ലോ!
പറയാനായുമ്പോഴെല്ലാം
നിന്റെ നോട്ട വിലക്കിൽ
ഞാനുലയുന്നു.
പെട്ടെന്നുണ്ടായ സൗകര്യത്തിൽ
വാരിവലിച്ചു തിന്നുന്നതൊക്കെ കൊള്ളാം
വയറു നിറയുമ്പോൾ
ഓരിയിടാതെ നോക്കിയാൽ
നിനക്ക് നന്ന്!

ചോദ്യചിഹ്നമായവൾ
പ്രീതി രാജേഷ്

അവളൊരു  ചോദ്യചിഹ്നമാണ്
എത്രയെത്ര ചോദ്യങ്ങൾക്കിടയിലും
ഉത്തരം കിട്ടാത്ത ചോദ്യമായി
അവളെ ആരോ ആശയക്കുഴപ്പത്തിന്റെ
ആഴക്കടലിലെറിഞ്ഞു
കടലെടുക്കാതെ തന്നെ
കരയിലെത്തിച്ച
കൂറ്റൻ തിരമാലയ്‌ക്കൊപ്പം
അവളൊരു നിസ്സഹായതയുടെ
കുഞ്ഞു മീനായി
കണ്ണും മിഴിച്ചോരേയിരിപ്പ്...
പൂഴി മണ്ണിൽ പൊതിഞ്ഞ ഏതോ
കൈപിടിച്ചു വീണ്ടും
ഉയർത്തെഴുന്നേറ്റെങ്കിലും
അവളിന്നും
ഉത്തരം തേടുന്നുണ്ട്
അരക്കൊപ്പം വളർന്ന മുടി
വേര് നിർത്തി കഷ്ണിച്ചപ്പോഴും
പറക്കാനുള്ള ചിറകിനെ താലോലിച്ചു
സ്വയം ആശ്വസിച്ചും
വിരിഞ്ഞ ആകാശത്തെ
മുഴുക്കെ കയ്യെത്തിപിടിക്കുവാൻ
ആഗ്രഹിച്ചപ്പോഴും
എന്തിനെന്നില്ലാതെ
ചോദിച്ച ചോദ്യങ്ങളൊക്കെയും
പ്രിയപ്പെട്ടവരുടേതായിരുന്നു
വാക്ക് പൊള്ളി കൂട്ടിലിട്ട
ഒരു കിളിയായ്
ഇന്നും തുറന്ന ജനലിലൂടെ
ആകാശം നോക്കി
മുറിഞ്ഞ മനസ്സുമായി
അവൾ പുറം ലോകം കാണുന്നു...
അവിടെ ആകാശമില്ല
ചുവരുകളും മാറാല പിടിച്ച
മട്ടുപ്പാവും
ഇനിയും നേരം വെളുക്കാത്ത
കുറച്ചാളുകളും മാത്രം... 
അവളൊരു ചോദ്യചിഹ്നമാണ്
എത്രയെത്ര ചോദ്യങ്ങൾക്കിടയിലും
ഉത്തരമില്ലാതെ,  പച്ചയിൽ
മുരടിച്ചു പോയവൾ....

ഒരു ഇറച്ചിക്കഥ
അസ്ലം തിരൂർ

മലപ്പുറം ജില്ലയിലെ ഒരു സാധാരണ മുസ്ലിം കുടുംബത്തിലെ കല്യാണത്തലേന്നത്തെ അന്തരീക്ഷം അനിതരസാധാരണമായ കയ്യടക്കത്തോടെ വരച്ചിടുന്ന കഥാകൃത്ത് കല്യാണ വീട്ടിലെ ആരവങ്ങളിലേക്ക് വായനക്കാരനെ മുഖത്തൊരു പുഞ്ചിരി ചാർത്തിക്കൊടുത്തുകൊണ്ട് കൂട്ടിക്കൊണ്ട് പോകുന്നിടത്താണ് കഥയാരംഭിക്കുന്നത്...
       സ്വന്തം കല്യാണത്തിന് ആസ്വദിക്കാൻ കഴിയാതെ പോയ "ഇറച്ചിവെട്ട് " വിശാലമായിരുന്ന് ആസ്വദിക്കുകയാണ് കഥാകൃത്ത്... ഇറച്ചിവെട്ടുകാരുടെയും, അവിടുത്തെ അന്തരീക്ഷത്തിന്റെയും വർണ്ണന ജീവൻ നിലക്കാത്ത പച്ച മാംസത്തിന്റെ ഗന്ധം വായനക്കാരന്റെ നാസാരന്ധ്രങ്ങളെ ചൂഴ്ന്നു നിൽക്കുന്നിടത്തോളമെത്തിക്കുന്നതിൽ കഥാകൃത്ത് വിജയിച്ചിരിക്കുന്നു....
     പിതാവിനോടൊപ്പമിരുന്ന് ഇറച്ചിവെട്ട് തനിക്കും കാണണമെന്ന് വാശി പിടിക്കുന്ന മകൾ, ഇറച്ചിവെട്ടു കാണുന്നതിനിടയിൽ ആ നിഷ്കളങ്കമായ കുഞ്ഞു മനസ്സിൽ നിന്ന് ഉയരുന്ന  ചെറിയ ചെറിയ ചോദ്യങ്ങൾ ചെന്നു തറക്കുന്നത് അയാളുടെ ചിന്തയിലാണ്,
പോകെപ്പോകെ ആ കുരുന്നിന്റെ വിഹ്വലതകൾ എളുപ്പത്തിൽ വായനക്കാരന്റേതു കൂടിയായി മാറുന്നു...
           അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെടുന്ന ഒരു ഹർത്താലിന്റെ ആധിയിൽ  വീട്ടുകാരൻ ഉരുകുമ്പോൾ, ഹർത്താലിന്റെ കാരണമായ കൊലപാതകത്തെക്കുറിച്ചുള്ള ചിന്ത കഥാകൃത്തിന്റെ ചിന്തയിൽ മറ്റൊരാധിയായി നിറയുകയും മുന്നിൽ തൂങ്ങിയാടുന്ന മാംസത്തിന് മനുഷ്യ രൂപം കൈവന്നതായി തോന്നുകയും ചെയ്യുന്നിടത്ത് കഥയവസാനിക്കുന്നു.
വർഗ്ഗ മത രാഷ്ട്രീയ വൈരത്തിന്റെ ഇരകളായി മാടുകളെപ്പോലെ മാംസക്കഷ്ണങ്ങളായി മാറാൻ മനുഷ്യർ വിധിക്കപ്പെടുന്ന ആസുര കാലത്തിന്റെ നേർക്കുള്ള ഒരു  വിരൽച്ചൂണ്ടായി മാറുന്ന കഥ   എൻ.അബ്ദുൽ ഗഫൂറിന്റെ മികച്ച കഥകളിലൊന്നാണ്,തീർച്ച...

ജീവിതായനം
ലാലൂർ വിനോദ്

കെട്ടിയാടേണമോരോരോ വേഷം.
മരണമെത്തുന്ന നേരംവരെയ്ക്കും..
പിറവികൊണ്ടിന്നു നേടുന്നതൊക്കെയും
ഇവിടെ ആറടിമണ്ണിൻ  തടത്തിനായ്..
കഷ്ടനഷ്ടങ്ങൾ കൂട്ടിക്കിഴിച്ചു നാം
ശിഷ്ടമാകുന്നിതാ  കണ്ണീരുമാത്രം
നന്മയൊന്നിതേ വാഴ്ത്തുമെല്ലോരും.
തിന്മയല്ലോ തഴച്ചുവളരുന്നതെന്നും
ഒന്നുകണ്ടാൽ വെളുക്കെചിരിക്കുവോർ.
കണ്ണുതെറ്റിയാൽ കുറ്റം പറഞ്ഞിടും.
കാഴ്ചകാണുന്ന കണ്ണുകളൊക്കയും
കണ്ട കാഴ്ചകൾ എന്നേ മറന്നിടും
ബാലനായുള്ള കാലത്തൊരു ദിനം.
ബാല്യമെത്ര കഷ്ടമെന്നോർത്തിടും.
ബാല്യമൊന്നു കടന്നു പോയെന്നാൽ
കൗമാരമെത്ര സുഖമെന്നറിഞ്ഞിടും.
കൗമാരത്തെയും ആഘോഷമാക്കിടാം
യൗവനം വന്നുവാതിക്കൽ മുട്ടുംവരെ
പുത്രകളത്രാദി നാടകമൊക്കയും
ആടിത്തീർക്കേണ്ട വേദിയോ യൗവനം
ചെയ്ത കർമ്മത്തിൻ ഓർമ്മകൾ
ഊന്നുവടിപോലെ വന്നിടും കാലത്തു
തോന്നുമെല്ലാർക്കുമുള്ളിലായ്.
ഇത്രയെന്തിന്നു വാണതീ ഊഴിയിൽ?!!
കൂട്ടിവെച്ചുള്ള കാശിന്റെ ചൂടിലോ..
ഓർത്തുപോയിടും നീണ്ടു പോകണേ
ശിഷ്ടജന്മമൊന്നിത്തിരി നാൾകൂടി.
കാലനെത്താത്ത വരാന്തയിൽ,
ചിന്തയിങ്ങനെ വളർന്നിടുമ്പോൾ..
അന്തമില്ലാതെ നീളുന്നിതാശയും
മർത്യനായി പിറന്നവരൊക്കെയും
ആശതീർന്നു അഗ്നി ചുംബിക്കുമോ.?

പീലിച്ചൻ എന്ന കൊലയാളി
രാധാകൃഷ്ണൻ ആശാരിപ്പറമ്പൻ

നാളെ രാത്രി അവൻ കൊല്ലപ്പെടും
പുറത്തുനിന്നുള്ള ടീമ്സ് ആണ് ചോരകൊണ്ട് അറപ്പു മാറിയവർ
ഏത് ടീമ്സ് ആണ്
കൊടുവാൾ പീലിച്ചൻ
ആ പേര് എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു
ആളെ കണ്ടാൽ തന്നെ പാതി ചത്തത് പോലെയാകും.
ചുവന്ന കണ്ണുകൾ  ആറടി പൊക്കം
പോരാത്തതിന്
 വീരപ്പന്റെ മീശയും
ആ രൂപം ഓർത്തപ്പോൾ തന്നെ വല്ലാത്തൊരു ഭയം സിരകളിൽ ഇരച്ച് കയറി.
 തലയുടെ പുറകിൽ കമ്പിവടിക്ക്
അടിച്ചത് പോലൊരു മന്ദത.
ഷിജി നമുക്ക് എങ്ങനെയെങ്കിലും രക്ഷിക്കണം?
ഒഴിഞ്ഞ ഗ്ലാസ്സിലേക്ക് നോക്കിയിട്ട് അവൻ എന്നോട് പറഞ്ഞു
കിച്ചു ഒരു നാല്പത് രൂപ കൂടി ഉണ്ടായിരുന്നെങ്കിൽ ഒരു ഗ്ലാസ് വാറ്റ് കൂടി ഞാൻ മേടിച്ചു അടിച്ചേനെ.
സാമ്പത്തികമാണ് വിഷയം നമ്മൾ കൂട്ടിയാൽ കൂടില്ല
നിന്നെക്കൊണ്ടു പറ്റുമോ അവൻ എന്നോട് ചോദിച്ചു
ഒന്നാമത്തെ അന്യനാട്.
മുന്നിലുള്ളത് അത് 36 മണിക്കൂറുകൾ മാത്രം
പകരം കൊടുക്കേണ്ടത്  വലിയൊരു തുകയാണ്
എന്റെ തല കുനിഞ്ഞു പോയി
അത് കണ്ടിട്ട് ഷിജി പറഞ്ഞു
എനിക്കറിയാം നിനക്കോ എനിക്കോ
 അത് പറ്റില്ലെന്ന്
അവന്റെ വിധിയാണെന്ന് സമാധാനിക്കാനേ നമുക്ക്‌ ഇപ്പോൾ പറ്റു...
എന്നാലും
എന്റെ വാക്കുകൾ ഇടറിപ്പോയി.
ഒരു എന്നാലും ഇല്ല നീ വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ ഓർത്തു മനസ്സ്
പുണ്ണാക്കണ്ട.
ആരൊക്കെ പോയാലും ,
 അത് ഞാൻ ആയാലും നീ ആയാലും ഈ ലോകത്തിനു ഒന്നും സംഭവിക്കില്ല
ഒന്നോ രണ്ടോ ദിവസങ്ങൾ എല്ലാവരും ഓർക്കും പിന്നെ എല്ലാവരും മറന്നു തുടങ്ങും
നമ്മളെ സ്നേഹിക്കുന്നവരുടെ മനസ്സിൽ നമുക്ക് പകരം മറ്റൊരാൾ  അത്രയേ ഉള്ളൂ അതാണ് ഈ ലോകം
അവനോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ  ഓർത്തപ്പോൾ എന്റെ മനസ്സ് വല്ലാതെ പൊള്ളിപിടിച്ചു...
എന്റെ കരച്ചിൽ ഉച്ചത്തിലായി
നാശം പിടിക്കാൻ ആയിട്ട്
ഷിജിക്ക് ദേഷ്യമായി
കുടിച്ചത് എല്ലാം നീ കളയും ഒന്ന് നിർത്തുന്നുണ്ടോ
അവൻ പറഞ്ഞു.
ഞാൻ കരച്ചിലടക്കി അവന്റെ മുഖത്തേക്ക് നോക്കി
നിനക്ക് എങ്ങനെ സാധിക്കുന്നു
നമ്മൾ കൂടപ്പിറപ്പിനെ പോലെ അല്ലേടാ അവനെയും കണ്ടിട്ടുള്ളു
എനിക്ക് വാക്കുകൾ മുഴുപ്പിക്കാനായില്ല.എന്റെ ഉള്ളിൽ വേദന
ഇല്ലെന്നാണോ  നീ കരുതിയത്
എത്ര മാസമായി ഞാൻ കുടിച്ചിട്ട്
ഈ ഒരൊറ്റ കാരണം കൊണ്ട് അല്ലേ ഇന്ന് ഞാൻ കുടിച്ചത്
ജനലിലൂടെ ഷിജി ദൂരേക്ക് നോക്കി നിന്നു
എന്നിട്ട് പറഞ്ഞു
കിച്ചു ചില ഓർമ്മകൾ  ആത്മവീര്യം കെടുത്തുന്ന  ഒറ്റുപുരകൾ ആണ്.
നേരമ്പോക്കിന് പോലും തിരിഞ്ഞു നോക്കരുത്
നോക്കിയാൽ ആ ഒഴുക്കിൽ നമ്മൾ ഒലിച്ചു പോകും
വീണ്ടും തളിരണിയും,
പൂവിടും
സ്വപ്നങ്ങളും ജീവിതങ്ങളും
ഞാൻ ഇന്ന് അമ്മിണി ചേട്ടത്തിയുടെ അടുത്ത് പോകുവാണ്....
കടം പറഞ്ഞിട്ട് ആണെങ്കിലും ഇന്ന് കുടിക്കണം
ഇല്ലെങ്കിൽ ഈ രാത്രി എനിക്ക് ഉറങ്ങാൻ പറ്റില്ല
വരുന്നുണ്ടോ
ഷിജി ചോദിച്ചു
യാന്ത്രികമായി ഞാൻ അവന്റെ പുറകെ നടന്നു തുടങ്ങി
അവന്റെ കാലുകൾ നിലത്ത് ഉറക്കാതായപ്പോഴാണ്
ഞങ്ങൾ അവിടുന്ന് മടങ്ങിയത്
രാത്രി ഒരുപാട് വൈകിയിരിക്കുന്നു ഒരു പക്ഷേ ഇനി അവന്റെ ജീവിതത്തിൽ ശേഷിക്കുന്നത് പത്ത് മുപ്പത് മണിക്കൂറുകൾ മാത്രം
എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്യണം എന്റെ മനസ്സ് മന്ത്രിച്ചു
നമുക്ക് അവനോട് ചെന്ന്
ഒന്ന് പറഞ്ഞാലോ ഞാൻ ചോദിച്ചു
എടാ അവൻ ഒരു ഊമയല്ലേ അല്ലേ അവനു നമ്മുടെ ഭാഷ മനസ്സിലാവണ്ടേ.
രണ്ടുദിവസമായി വല്ലാത്ത ഒരു പേടി അവന്റെ മുഖത്ത് ഉള്ളതുപോലെ എനിക്ക് തോന്നുന്നു
മരണം അവൻ മുൻകൂട്ടി കാണുന്നുണ്ടോ എന്ന് എനിക്കൊരു സംശയം
ഇനി നമ്മൾ  പറഞ്ഞാൽ പോലും  അവൻ ഒരു തമാശയായിട്ടേ കാണൂ
ഇനി എങ്ങോട്ട് എങ്കിലും
ഓടി പോകാൻ പറഞ്ഞാൽ
എങ്ങനെ പോകും
കഴിഞ്ഞ ആഴ്ച
അല്ലേ അപകടമുണ്ടായത്
വയ്യാത്ത കാലുമായി എങ്ങോട്ട് ഓടിരക്ഷപ്പെടാൻ
 നിഴൽപോലെ ഉണ്ടാകും
പീലിച്ചന്റെ ആൾക്കാർ
കൊട്ടേഷൻ  അയാൾ
എടുത്തു... എങ്കിൽ തീർത്തു കളയും ഉറപ്പാണ്
വല്ലാത്തൊരു ക്രൂരനാണ് അയാൾ.
നമുക്ക് മുതലാളിയോട് ചെന്ന് പറഞ്ഞാലോ
അതിലൊന്നും ഒരു കാര്യവുമില്ല
പണം ആണ് ഈ ലോകത്തെ ഏറ്റവും വലുത്
അതിനുവേണ്ടി അയാൾ എന്തും ചെയ്യും
എന്റെ  ഉള്ളിലെ അവസാനത്തെ പ്രതീക്ഷയും അറ്റു
നാളെ കഴിഞ്ഞു മറ്റന്നാൾ അവനീ ഭൂമിയിൽ ഉണ്ടാവില്ല എന്ന് ഓർക്കുമ്പോൾ
ഉളള് പിടയുന്നു
നിറ ഗർഭിണിയായ അവന്റെ ഭാര്യ ഇത് എങ്ങനെ സഹിക്കും
സ്വന്തം കുഞ്ഞിന്റെ  മുഖം പോലും കാണാനാവാതെയാണല്ലോ അവനീ ലോകത്ത് നിന്ന് പോകുന്നതെന്ന് ഓർത്തപ്പോൾ ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി...
രാത്രി എനിക്ക് അവനെ കണ്ടേ പറ്റൂ എന്ന് എന്റെ മനസ്സ് മന്ത്രിച്ചു
സമയം എന്തായി എന്നാണ് വിചാരം
ഷിജി ചോദിച്ചു
ആ എനിക്ക് അറിയില്ല
എനിക്കിപ്പോൾ കാണണം
ഞാൻ തറപ്പിച്ചു പറഞ്ഞു
നാളെ ഒരുപക്ഷേ പീലിച്ചന്റെ ആൾക്കാർ അവനെ തീർത്തു എങ്കിൽ
ജിവിതത്തിൽ ഒരിക്കലും
എനിക്ക് അവന്റെ മുഖം കണാൻ പറ്റില്ല
അത് എന്നെ വല്ലാതെ സങ്കടപ്പെടുത്തി
അപ്പോൾ തന്നെ ഞാനും ഷിജിയും അവന്റെ അടുത്തേക്ക് പോയി
ഞങ്ങളെ കണ്ടതും  അവന്റെ ഭാര്യ സൈഡിലേക്ക് ഒതുങ്ങി തന്നു
ഞാൻ അവളുടെ വയറിലേക്ക് നോക്കി
ഉടനെയുണ്ടാകും പ്രസവം അതിന്റെ തളർച്ച ആ മുഖത്തുണ്ട്
ഞങ്ങളെ കണ്ടിട്ട് അവൻ എഴുന്നേൽക്കാൻ പറ്റാത്തതുകൊണ്ട് ആവാം സ്നേഹത്തോടെ അവൻ വാലാട്ടി
തലകുലുക്കി....
എടാ എന്ന് കരഞ്ഞുകൊണ്ട്
ഞാൻ ഓടിച്ചെന്ന് അവന്റെ കൊമ്പിൽ പിടിച്ച്  മുഖത്ത് തെരു തരാ ഉമ്മ വച്ചു...
ആ പാവം മിണ്ടാപ്രാണിയുടെ കണ്ണ് നിറഞ്ഞൊഴുകി
തറയിൽ ഉള്ള  ചാണകമോ മൂത്രമോ
ഞങ്ങൾ അറിഞ്ഞില്ല
ഈ ഭൂമിയിലെ അവന്റെ അവസാനരാത്രി
അവനോടൊപ്പം ആ തൊഴുത്തിൽ ആ രാത്രി ഞങ്ങൾ ഉറങ്ങി
ഞങ്ങൾ ജോലികഴിഞ്ഞ് വൈകുന്നേരങ്ങളിൽ വാടക വീട്ടിലേക്ക് വരുമ്പോൾ കഴുത്തിലെ മണികിലുക്കി ഞങ്ങളെ വിളിക്കാറുണ്ടായിരുന്നു അവൻ
ഞായറാഴ്ചകളിൽ  ആറ്റിൽ കുളിക്കുവാൻ പോകുമ്പോൾ
ഓടി ഞങ്ങളുടെ അടുത്തേക്ക് വരും പിന്നെ  തിരിച്ചു ഓടിയും കുസൃതി കാണിക്കുന്നവൻ
ആ വാടക വീട്ടിൽ ഞങ്ങളുടെ കൂട്ടുകാരനായി കൂടപ്പിറപ്പിനെ പോലെ
അവൻ വളർന്നു
ഒരു മാസം മുന്നേ പാമ്പിനെ കണ്ടു പേടിച്ചപ്പോൾ
കയ്യാലപ്പുറത്തെ താഴേക്ക് പോയി
കാലൊടിഞ്ഞു
ഇനി അവനെ വളർത്തീട്ട് ഒരു കാര്യമില്ല എന്ന് തോന്നിയത് കൊണ്ടാവാം കരുണൻ ചേട്ടൻ
അറക്കാനായ് വിറ്റത്
പീലിച്ചൻ
എന്ന കൊലയാളി ഏതുനിമിഷവും വരാം
ആ കാഴ്ച ഞങ്ങൾക്ക് കാണാൻ സാധിക്കില്ല  അത്രയേറെ ഞങ്ങൾ അവനെ സ്നേഹിച്ചിരുന്നു
അത്തവണ ക്രിസ്മസിന്
കരോൾ കളിക്കാൻ ഞങ്ങൾ പോയില്ല.
രാത്രി കുർബാന കഴിഞ്ഞ് മടങ്ങി വരുന്നവർക്ക് വേണ്ടി  അവന്റെ ചോരയിൽ കുതിർന്ന മാംസം മുറിച്ചു നീക്കുന്നത്
കാണാനുള്ള ഉള്ള ധൈര്യം ഞങ്ങൾക്ക് ഇല്ലായിരുന്നു
ഇന്നേവരെ അവനൊരു പേരിട്ടിട്ടില്ല
ഒരു പേരിലെന്തിരിക്കുന്നു
ഞങ്ങളുടെ ആത്മാവിന്റെ ആഴങ്ങളിലേക്കിറങ്ങി ഇറങ്ങി വേരുപിടിച്ച മരമായി നിൽക്കുന്നവൻ
പേരില്ലാത്തവൻ
എന്റെ അച്ഛമ്മ  പറയാറുണ്ട്
വീട്ടിൽ ഒരു പൂച്ചയെയോ
 ഒരു കിളിയെയോ
എങ്കിലും സ്നേഹിച്ചു
വളർത്തണം എന്ന്
സ്നേഹിക്കുന്നവർക്ക് സംഭവിക്കാൻ പോകുന്ന അപകടങ്ങളും വേദനകളുംഅവർ ഏറ്റു വാങ്ങുമെന്ന്.
അന്ന്
അവൻ കൈയ്യാല പുറത്തു നിന്നും താഴേക്ക് വീണ ദിവസം അന്ന് ഞങ്ങളും വീണു
കുത്തനെ ഉള്ള ഇറക്കം ഇറങ്ങി വരുന്ന വഴി.
ഞങ്ങളുടെ
ബൈക്ക് സ്കിഡ് ആയി
നേരെ താഴേക്ക്  ഉരുണ്ടു പോയി
പാഞ്ഞു വന്ന ജീപ്പ് ചവിട്ടി നിർത്തിയത്  കൊണ്ട് ഞങ്ങൾ മരിക്കാതെ രക്ഷപ്പെട്ടു
കണ്ടു നിന്നവർ ഒക്കെ തലയിൽ കൈ വെച്ചു നിന്നപ്പോൾ ഒന്നും സംഭവിക്കാതെ ഞങ്ങൾ
മരണത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റു..
ഞങ്ങൾ വീണിട്ടു  ഉയർത്തെഴുന്നേറ്റപ്പോൾ അവൻ  വീണത്
മരണത്തിനു കീഴടങ്ങാനായിരുന്നു..