01-06-19

*****************
ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാന്നിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." കഴിഞ്ഞയാഴ്ചയിലെ ബാക്കി ഇപ്പോൾ വായിക്കാം..👇🏻
ആലത്തിയ ൂർ: പ്രീഡിഗ്രി വിശേഷങ്ങൾ അവസാന ഘട്ടത്തിലേക്ക്...👇🏻
ഇതാണ് ഞാൻ..
ആത്മായനം
ജസീന റഹീം
പ്രീഡിഗ്രി അവധിക്കാലം ബന്ധുവീടുകളിലേക്ക് യഥേഷ്ടം യാത്രകൾ ചെയ്തും  കയ്യിൽ കിട്ടിയതൊക്കെ വായിച്ചും ചെലവഴിക്കുമ്പോഴും വരാൻ പോകുന്ന റിസൾട്ടിനെക്കുറിച്ചുള്ള ആധിയായിരുന്നു മനസു നിറയെ... അന്നത്തെ അവധിക്കാലമേറെയും ചവറയിൽ മാമായുടെ വീട്ടിലായിരുന്നു .ഞാനും ഹമീദും ഒരേ പ്രായമായിരുന്നു.. രണ്ടാളും പ്രീഡിഗ്രി കഴിഞ്ഞ് റിസൾട്ട് നോക്കിയിരിക്കുന്നവർ. അവൻ എസ്.എൻ കോളേജിലായിരുന്നു പ്രീഡിഗ്രി ..ഹമീദിന് എം-ബി.ബി.എസ് എഴുതാനും ഡോക്ടർ ആകാനുമായിരുന്നു മോഹം.. ഞാനാകട്ടെ സെക്കന്റ് ഗ്രൂപ്പ് മടുത്ത് ഇനി എന്ത് പഠിക്കും എന്നറിയാതെ നിസംഗ യായി നിൽക്കയും..ജാസ് പ്രീഡിഗ്രി കഴിഞ്ഞ് ടി.കെ.എം കോളേജിൽത്തന്നെ ഡിഗ്രി ബി.എസ്.എസി സുവോളജിയ്ക്കു പഠിക്കുന്നതിനാൽ എന്റെ പല കള്ളത്തരങ്ങളും അവൾ കയ്യോടെ പിടികൂടി...
പ്രീഡിഗ്രി തോറ്റാൽ എല്ലാവരിൽ നിന്നും ഉണ്ടാകാൻ പോകുന്ന മാനസിക പീഢനമോർത്ത് ദിവസങ്ങൾ തള്ളി നീക്കവേ.. മേയ് അവസാനം റിസൾട്ടു വന്നു.
അന്ന് പത്രം വരുത്തുന്ന വീടുകൾ കുറവായതിനാൽ രെജിസ്റ്റർ നമ്പറുമായി കുറച്ച് മുകളിലുള്ള ഷാനവാസിന്റെ വീട്ടിലേക്കോടി.. അവനെന്റെ സ്കൂൾ ക്ലാസ്മേറ്റായിരുന്നു.. ഞായറഴ്ചകളിലെ മഹാഭാരതവും മലയാള സിനിമയും കളറിൽ കാണാൻ  മാത്രമായിരുന്നു ഞങ്ങളവിടെ പോയിരുന്നത്..വിറയ്ക്കുന്ന വിരലോടെ ..പത്രം നിവർത്തി റിസൾട്ടു നോക്കി.. നമ്പർ കണ്ടപ്പോൾ ജയിച്ചു എന്ന്  വിശ്വസിക്കാനാവാതെ സന്തോഷം കൊണ്ട് എന്തു വേണമെന്നറിയാത്ത അവസ്ഥയായി..
പോകുന്ന വഴിയെല്ലാം ..''തളിർ വെറ്റിലയുണ്ടോ..വരദക്ഷിണവക്കാൻ.." എന്ന് പാടി നടന്ന ധ്രുവത്തിലെ ഗൗതമിയെ പോലെയായിരുന്നു എന്റെ അവസ്ഥ..
കഷ്ടിച്ചു ജയിച്ചതേ ഉള്ളുവെങ്കിലും പത്താം ക്ലാസിൽ കിട്ടിയ ഫസ്റ്റ് ക്ലാസിനെക്കാൾ ഇരട്ടി മധുരമായിരുന്നു എനിക്ക് വിജയം..
കാരണം പഠിച്ചു എന്നല്ലാതെ ഫിസിക്സ് .. കെമിസ്ട്രി ..പുസ്തകത്തിനുള്ളിൽ എന്തായിരുന്നു എന്നത്  അന്നുമിന്നും എനിക്ക് അജ്ഞാതമായിരുന്നു. സുവോളജിയും ബോട്ടണിയും പിന്നെയും എന്തൊക്കെയോ അറ്റവും മൂലയും അറിഞ്ഞു.. റിക്കോർഡും പ്രാക്ടിക്കലും .. പിന്നെ സെക്കന്റ് ലാംഗ്വേജ് മലയാളവുമില്ലായിരുന്നെങ്കിൽ എന്റെ ഭാവി എത്ര കറുത്തിരുണ്ട് പോകുമായിരുന്നു.
                              കൊല്ലത്തെ മൂന്നു പ്രധാന കോളേജുകളിലേക്കും ഡിഗ്രിയ്ക്കുള്ള അപേക്ഷകൾ അയച്ചു കാത്തിരിപ്പായി പിന്നീട്..ജീവിതമെന്നും കാത്തിരിപ്പുകളുടെതാണെന്ന് അന്ന് അറിഞ്ഞ് തുടങ്ങിയിരുന്നില്ല.. സിംലയും ബിന്ദുവും എന്നെക്കാൾ ഭേദപ്പെട്ട മാർക്കോടെ ജയിച്ചിരുന്നു.. അവർ രണ്ടാളും സയൻസ് വിഷയങ്ങളിൽ തന്നെ ഡിഗ്രിയെടുക്കാൻ തീരുമാനിച്ചപ്പോൾ ഞാനാകട്ടെ സയൻസ് വിട്ട് സാഹിത്യത്തിലേക്ക് ചുവട് മാറ്റാൻ ഉറപ്പിച്ചിരുന്നു..കാത്തിരുന്നിട്ടും അഡ്മിഷനായി കത്തുകളൊന്നും മൂന്ന് കോളേജിൽ നിന്നും വന്നില്ല.. ഒടുവിൽ കൊല്ലത്തെ അന്നത്തെ പ്രശസ്തമായ 'മേനോൻ ആന്റ് കൃഷ്ണ'നിൽ ബി.എ ഇംഗ്ലീഷിന് പ്രൈവറ്റായി ചേർന്ന് ക്ലാസ്സിന് പോയി തുടങ്ങി..ടി.കെ.എം കോളേജിന്റെ തുറന്ന ക്യാമ്പസും വായുവും വെളിച്ചവും നിറഞ്ഞ ക്ലാസ്സ് മുറികളും പ്രിയപ്പെട്ട കൂട്ടുകാരികളും കോളേജ് ജീവിതത്തിന്റെ എല്ലാ രസങ്ങളൂം ഒരു പാരലൽ കോളേജിന്റെ ഇടുങ്ങിയ ഇരുണ്ട മുറികളിൽ ഇല്ലാതാകുന്നത് നിസ്സഹായതയോടെ ഞാനറിഞ്ഞു.. കടപ്പാക്കടയിൽ ബസിറങ്ങി ദീർഘദൂരം തനിച്ചുള്ള നടപ്പും .. എല്ലാം കൂടി കൂടുതൽ ..മടുപ്പിലേക്ക് ഞാനെത്തപ്പെട്ടു..
അപ്പോഴേക്കും കോളേജുകളിൽ ഡിഗ്രി ക്ലാസ്സുകൾ ആരംഭിച്ചിരുന്നു.. ക്ലാസ്സു തുടങ്ങി അധികം വൈകാതെ ഫാത്തിമാ കോളേജിൽ നിന്ന് മലയാളം ബി.എയ്ക്ക് ഇന്റെർവ്യു കാർഡു വന്നു.. പിന്നെ ആലോചിക്കാൻ മറ്റൊന്നുമില്ലാത്തതിനാൽ.. രണ്ടാഴ്ച കൊണ്ട് തന്നെ മടുത്ത് തുടങ്ങിയ പാരലൽ കോളേജ് ജീവിതത്തിൽ നിന്ന് രക്ഷപ്പെടാൻ.. എനിക്ക് ഫാത്തിമ കോളേജിൽ ചേർന്നേ മതിയാകുമായിരുന്നുള്ളൂ.. അല്ലെങ്കിൽ വിധി എന്നെ ഏതെങ്കിലും വിധത്തിൽ ഫാത്തിമയിലെ ബി.എ മലയാളത്തിലേക്ക് വലിച്ചിടുമായിരുന്നു..ടി.കെ.എം കോളേജിൽ നിന്ന് ഫാത്തിമയിലേക്ക് ഞാനെത്തുമ്പോൾ.. കാലം എനിക്കായി ഞാനറിയാതെ പലതും ഒരുക്കി വച്ചിരുന്നു.....
*****************

ഇനി ഗ്രൂപ്പംഗമായ സ്വപ്ന ടീച്ചറുടെ കവിത👇🏻
മോർച്ചറിയ്ക്കകത്ത് ഒരു രാത്രി
സ്വപ്നാ റാണി
അടഞ്ഞുകിടക്കുന്ന
കൂറ്റൻ വാതിലിനു പിന്നിൽ
അവർക്കെല്ലാം
ഒരേ നിറം, ഒരേ സ്വരം
ഒരേശ്വാസ താളം ..
അതെ,
മൃതദേഹങ്ങൾക്കുമുണ്ട്
നമുക്കന്യമായ
ചില ശ്വാസവേഗങ്ങൾ.
കാത്തിരിപ്പിന്റെ
ഒരേ നിമിഷങ്ങൾ
കടന്നു പോകുന്നു.
ആരാണ്
പോസ്റ്റ്മോർട്ടം ടേബിളിലേക്ക്
ആദ്യം എടുക്കപ്പെടുക ?
നെടുകെയും കുറുകെയും
കീറി മുറിച്ച് മാത്രം
ചമയ്ക്കപ്പെടേണ്ട
കാര്യകാരണങ്ങളുടെ
നിരവധി രേഖകൾ.
പുറത്ത്
അക്ഷമരായ ബന്ധുക്കൾ,
ദുഃഖത്തിന്റെ, നിരാശ്രയത്വത്തിന്റെ
നിരവധി കണ്ണീർച്ചാലുകൾ.
ഏറ്റുവാങ്ങാനാരുമില്ലാതെ,
ഒരു തുള്ളി കണ്ണീർ പോലും
പൊഴിയ്ക്കപ്പെടാനില്ലാതെ
മറ്റു ചിലർ.
മണ്ണായും ചാരമായും
പലവിധത്തിലൊടുങ്ങേണ്ടവർ
പലതുകളുടെ ജീവിതം
പലവിധത്തിൽ ജീവിച്ചു തീർത്തവർ !
എങ്കിലും
ഇപ്പോൾ അവരെല്ലാം
ഒരേ അസന്ദിഗ്ദ്ധതയുടെ
പങ്കുപറ്റുന്നവർ
ഒരൊറ്റ രാത്രിയിലെങ്കിലും
സമത്വത്തിന്റെ നാനാർത്ഥങ്ങളെ
തേടുന്നവർ.
*****************

ഇനി ഗ്രൂപ്പംഗമായ ജസി കാരാടിന്റെ കഥ...👇🏻
പടിയിറക്കം
ജസി കാരാട്
നീണ്ട മുപ്പത്താറ് വർഷത്തെ അധ്യാപന ജീവിതത്തിനു
ശേഷം ബാലൻ മാഷ് പെൻഷനാവുകയാണ്
രണ്ട് ജില്ലകളിലായി ഒമ്പത് സ്കൂളുകൾ....
ഒരുപാടൊരുപാട്  അനുഭവങ്ങൾ
പറയാനൊരുങ്ങിയാണ് മാഷ് സഹധർമിണി ശാന്ത ടീച്ചറോടൊപ്പം യോഗത്തിനെത്തിയത്... നന്നെ ചെറുപ്പത്തിലെ മാഷായത്,
തന്നോളം പ്രായമുള്ള കുട്ടികളെ പഠിപ്പിച്ചത്,
 ബോർഡിൽ ശ്രദ്ധാപൂർവം വരച്ചിട്ട പാറ്റയെ, നോക്കി കുട്ടികൾ കൂറ---, സാർ -- .കൂറ എന്നാർത്തു വിളിച്ചത് "മോന്റെ പേരെന്താ" എന്ന് ഏഴാം ക്ലാസുകാരൻ പയ്യനോട് ചോദിച്ചതിന് പാത്തുമ്മക്കുട്ടി എന്ന ആവർത്തിച്ചു മറുപടി കിട്ടിയതും
"അതെ സർ ,അവൻറുമ്മാന്റെ പേര് പാത്തുമ്മക്കുട്ടീന്നു തന്നെയാ " എന്ന്
സംശയമന്യേ മറ്റു കുട്ടികൾ ഉറപ്പിച്ചത്,
മോനും, മോളും ഒന്നും ഇവിടെ വേണ്ട
'ഇജ്ജ് പേരെന്താ ' എന്നു ചോദിച്ചാലെ
പേരു കിട്ടൂ എന്ന് വ്യാഖ്യാനിച്ചു തന്ന സഹപ്രവർത്തകർ....മാഷ്ക്ക് അടയ്ക്കാപ്പഴം വേണോ തിന്നാൻ   എന്ന് ചോദിച്ച മുത്തശ്ശിയെ  നോക്കി അടയ്ക്ക പഴുത്താൽ തിന്നുന്നതെങ്ങനെ,അത് നാലും കൂട്ടി മുറുക്കാനല്ലേ എടുക്കുക എന്ന് ശങ്കിച്ചു നിന്നപ്പോഴേയ്ക്കും അവർ തോർത്തുമുണ്ടിൽ പൊതിഞ്ഞ ഒന്നാന്തരം പഴുത്ത പേരയ്ക്കകൾ കുടഞ്ഞിട്ടത്, ഒന്നൊഴിയാതെ പെറുക്കിയെടുത്തത് .....
അങ്ങനെ എത്രയെത്ര അനുഭവങ്ങൾ...മാഷന്മാർക്കായി സ്നേഹം പൊതിഞ്ഞു തന്ന നാട്ടുവിശേഷങ്ങളും, സ്കൂൾ വിശേഷങ്ങളും
ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോഴാണ്, പറയുക
സർവീസ് രംഗത്ത് നേരിടേണ്ടി വന്ന ഒറ്റപ്പെടുത്തലുകൾ അവയെയെല്ലാം കഠിന പരിശ്രമത്തിലൂടെ അതിജീവിച്ചത്
അതൊക്കെ ഇവിടല്ലെങ്കിൽ പിന്നെ
 മറ്റെവിടെയാണ് പങ്കുവയ്ക്കുക?
ബാലൻ മാഷ് പലതും തരം തിരിച്ച്  മനസിൽ അടുക്കി വച്ചു.
                ഗംഭീരമായ യാത്രയയപ്പ് സമ്മേളനം
വേദിയിലും സദസിലും നിറഞ്ഞു കവിഞ്ഞ് ആളുകൾ സംഘാടക സമിതിക്കാരായ അഞ്ചെട്ടു ചെറുപ്പക്കാർ പ്രമുഖ യൂണിയനുകളുടെയെല്ലാം സബ് ജില്ലാ, ബ്രാഞ്ച് തല, യൂണിറ്റ് തല,  സെക്രട്ടറിമാർ, പ്രസിഡണ്ടുമാർ, വൈസുമാർ,
സ്ഥലംജനപ്രതിനിധികൾ
തുടങ്ങി ഒഴിവാക്കാനാവാത്ത
പത്തിരുപത്തഞ്ചു പേർ ഇരുന്നതേ വേദിയിലെ കസേരകളെല്ലാം  നിറഞ്ഞു കവിഞ്ഞതിനാലാവണം പിന്നാമ്പുറത്ത് ഉടനടി തന്നെ നാലഞ്ച് ബഞ്ചുകൾ റെഡിയായി
വിശിഷ്ടാതിഥികൾ ഓരോരുത്തരും
പതിനഞ്ച്, ഇരുപത്  മിനിറ്റ് പുകഴ്ത്തലും, ഇകഴ്ത്തലുമായി കയറിയിറങ്ങിയപ്പോഴേയ്ക്കും സമയം രാത്രി ഒമ്പത് മണി. ഒന്നും പറയാനവസരം കിട്ടിയില്ലെങ്കിലും വീട്ടിലെത്തിയാൽ മതി എന്നായി മാഷ്ക്ക്ഈ കുന്ത്രാണ്ടം കഴിയുന്നതിനു മുമ്പ് ഇറങ്ങി പോയാൽ അതും അനൗചിത്യം. അഞ്ച് മണിയ്ക്ക് സംഘാടകർ കനിഞ്ഞു നൽകിയ ചായയും വടയും എപ്പോഴേ ദഹിച്ചു കഴിഞ്ഞിരിക്കുന്നു
പണ്ടെ ലോ പ്രഷർ കൂട്ടിനുള്ളതാണ്
കുടിക്കാൻ തുള്ളി വെള്ളത്തിനായി പരതിയ മാഷുടെ കണ്ണിൽ പ്രാസംഗിക പീഠത്തിലെ ശീതളപാനീയക്കുപ്പിയാണ് പതിഞ്ഞത്.
അതിനിനിയും രണ്ട് മണിക്കൂറെങ്കിലും കഴിയണം.ചെയർമാൻ സംസാരിച്ചു തുടങ്ങിയിട്ടേയുള്ളു.മാഷ്ടെ ആത്മഗതം ഗ്രഹിച്ചതിനാലാവണം സദസിലിരുന്ന പ്രാണ പ്രേയസി ഓടിയെത്തി കലേ കൂട്ടി കരുതിയ ഫ്ലാസ്കിന്റെ മൂടി തുറന്നു.. "നോക്കണേ സ്ത്രീ ജനങ്ങളുടെ ദീർഘവീക്ഷണം"..
വെള്ളം കുടിച്ചു കഴിഞ്ഞ മാഷ്
സംഘാടക സമിതി പയ്യന്റെ ചെവിയിൽ മൊഴിഞ്ഞു..ഞാനൊന്നു മയങ്ങിയിട്ടു വരാം കൃത്യം പതിനൊന്നരയ്ക്ക്  വരണേ അവൻ മറുമൊഴിയും നൽകി.....
*****************

ഇനി ഗ്രൂപ്പംഗമായ ദിവ്യ.സി.ആറിന്റെ കവിത👇🏻
എന്നിലെ നീ..
ദിവ്യ.സി.ആർ
കാത്തിരിപ്പിൻെറ
ദൈർഘ്യമറിയാവുന്നതു
കൊണ്ടാവണം നീ എന്നോട്
സമയത്തെ കുറിച്ച്
വാചാലമാകാത്തത്.
വിയർത്തൊഴുകിയ,
രക്തത്തുള്ളികളുടെ
മഹത്വമറിഞ്ഞതു-
കൊണ്ടാവണം
നീ എന്നോട്
തണൽ മരച്ചുവട്ടിലെ
കാത്തുനിൽപ്പിന് കണക്കുകൾ
സൂക്ഷിക്കാത്തത്.
വിശപ്പിനെക്കാൾ വലിയൊരു
വികാരം
മറ്റൊന്നില്ലെന്നറിഞ്ഞതു
കൊണ്ടാവണം ,
തീരത്തെ തഴുകി കടന്നു പോയ
തിരകളിലൊരുമിച്ചു നടന്നിട്ടും
വിരഹത്തെ കുറിച്ചു നീ
മൗനമണിയായത്തതും..
*****************
ഇനി ഗ്രൂപ്പംഗമായ ശ്രീലാ അനിലിന്റെ ആരാണു നീ..👇🏻
ആരാണു നീ
ശ്രീലാ അനിൽ
ആരാണു നീ
രാത്രിയുടെ അരണ്ട വെളിച്ചങ്ങളിൽ
നഗരത്തിരക്കിന്റെ
ഒഴിഞ്ഞ മൂലകളിൽ
ഒറ്റക്കൊരുവൾ,
ഇരുട്ടിൽ പകക്കാതെ,,,
രാത്രിസഞ്ചാരങ്ങളെ കൂസാതെ ,,,
ഭയമില്ലാ കണ്ണുകൾ
ദൈന്യത ഉടലിലും മിഴിയിലും ,,,,
അഴകളവുകളില്ല
ഇരുട്ടിന്റെ നിറമാണവൾക്കും
ചന്തമില്ല
ഇരുട്ടിലെന്തിനു ചന്തം?
ആർക്കും കാണാനല്ലല്ലോ,,,
പെൺ രൂപം മാത്രമാകണം,,,
മദ്യം മണക്കുന്നൊരു ചോദ്യവുമായി ആരോ ഒരാൾ
വിലപേശലാണ്,,
ഒടുവിലവളൊരു മുപ്പതു രൂപ ചോദിച്ചു
അൽപം കഞ്ഞി വാങ്ങിക്കൊടുത്തിട്ടേ വരൂ അമ്മയും കുഞ്ഞുമപ്പുറം
വയറാണ് വിശപ്പാണു
കാമം
പെൺജന്മങ്ങൾക്കിങ്ങനെയും വേഷമുണ്ട്
ഈ രാത്രി എത്ര പേർക്കായും പകുക്കാനും അവൾക്കാകും,, എണ്ണങ്ങൾ അവളുടെ പകലിന്റെ വിശപ്പാറ്റും
രാത്രിക്ക് കണ്ണില്ലല്ലോ,,
ആരൊക്കെ വന്നു പോകുന്നു,,,,
ആർക്കറിയാം
അതിലാരൊക്കെ നിന്റെ ബന്ധുവാകാം,,
തെരുവിൻറെ പുത്രിക്ക്
രക്തബന്ധങ്ങളില്ലല്ലോ,,,
നോവുകളില്ലല്ലോ,,,
*****************
ഇനി വൈവിധ്യ സമ്പന്നമായ ഒരു യാത്രാക്കുറിപ്പാകാം ..👇🏻
ഒരു യൂറോപ്യൻ യാത്ര
സബിതാ ജാസ്മിൻ
സ്ക്കൂളിൽ പഠിയ്ക്കുമ്പോൾ തന്നെയുള്ള എന്റെ ഒരാഗ്രഹമായിരുന്നു സ്വിറ്റ്സെർലന്റിൽ പോകുക എന്നത്..അടുത്തയിടെ ഏപ്രിൽ മാസത്തിൽ അതിനൊരവസരം കിട്ടി .
യൂറോപ്പിലെ നാല് രാജ്യങ്ങളിലേക്ക് ഏഴ് ദിവസം കൊണ്ടൊരു യാത്ര .കേട്ടപ്പോൾ തന്നെ ഒരാകർഷണം  തോന്നി .
യാത്ര തടസ്സപ്പെടുവാനുള്ള ഒരു പാട് കാരണങ്ങൾ ഉണ്ടായെങ്കിലും അവസാന നിമിഷം എല്ലാം മാറ്റി ഞങ്ങൾക്ക് പോകുവാൻ കഴിഞ്ഞു .സാധാരണ ടൂറുകൾ സ്വദേശത്താണേലും വിദേശത്താണേലും. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ   കുടുംബങ്ങളോടൊത്താണ് യാത്രകൾ..എന്നാൽ ഇപ്പോൾ തികച്ചും അപരിചിതരായ ഇരുപത്തെട് ആളുകളോടൊപ്പം അറിയാത്ത ഒരു ഭൂഖണ്ഡത്തിലേയ്ക്ക് ഞങ്ങൾ മൂന്ന്പേർ . ഭാഷ അറിയില്ല.ഇംഗ്ലീഷ് അവിടങ്ങളിൽ അത്ര ഉപയോഗിയ്ക്കാറില്ലെന്ന് കേട്ടിരുന്നു . അതുലിനെ ഓർത്തും ടെൻഷൻ ഉണ്ടായിരുന്നു. അവന് കമ്പനി കിട്ടുമോന്നൊക്കെ.അവനെ  മറ്റാളുകൾക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ എന്നു തിരിച്ചും അങ്ങനെ പലതും .
           അങ്ങനെ വിവിധ ടെൻഷനുകളോടെ രാവിലെ ആറ് മണിയ്ക്ക് തിരുവനന്തപുരം ഇന്റർ നാഷണൽ എയർ പോർട്ടിൽ നിന്നും ഡൽഹിയിലേക്ക് യാത്ര തിരിച്ചു. ഞങ്ങളുടെ ടൂർ കമ്പനി ഹോളിഡേ ഷോപിന്റെ കൂടെ വരുന്ന രണ്ട് ഫാമിലിയും പിന്നെ ടൂർ മാനേജർ സോനുവും കൂടെ ഇവിടെ നിന്നും കയറി. കൊച്ചിയിൽ നിന്നും ആയിരുന്നു മറ്റുള്ളവർ. ഡൽഹിയിൽ എയർപോർട്ടിൽ നിന്നും വേറെ ഫ്ലൈറ്റിൽ ആയിരുന്നു യാത്ര. ഡൽഹിയിൽ ഇറങ്ങിയപ്പോൾ സൗഹാർദ്ദത്തോടെ നിറചിരിയോടെ നിന്ന സ്മിതയെയും പ്രേം സാറിനെയും കുട്ടികൾ വിഷ്ണു,ദേവു  എന്നിവരെയും പരിചയപ്പെട്ടു. പിന്നെ സൈബിയെയും ബെന്നി സാറിനെയും കുടുംബത്തെയും .ജോണും ജെറാൾഡും ആണ് അവരുടെ മക്കൾ  . രണ്ടു കുടുംബങ്ങളിലും  കുടുംബങ്ങളിലും കൗമാര പ്രായക്കാരായ രണ്ടു കുട്ടികൾ വീതം ഉണ്ടായിരുന്നു. അവരെയൊക്കെ പരിചയപ്പെട്ടപ്പോൾ തന്നെ കുറെ സമാധാനമായി.
              എയർ ഇന്ത്യ യുടെ ഡ്രീം ലൈൻ എന്ന വലിയ ബോയിങ്  737 വിമാനത്തിലായിരുന്നു ഡൽഹിയിൽ നിന്നും പാരീസിലേക്കുള്ള യാത്ര. നീണ്ട 11മണിയ്ക്കൂർ യാത്ര
തിരുവനന്തപുരത്തുനിന്നും   പാരീസ് വരെ .
ഇതിനിടയിൽ ഇരുട്ട് കാണാനേ കഴിഞ്ഞില്ല. യാത്രയിലുടനീളം നീലാകാശം വെൺമേഘത്തുണ്ടുകൾ വിതറി അങ്ങനെ മനോഹരിയായി അനന്തമായി കിടക്കുകയായിരുന്നു. ഇടയ്ക്കെപ്പോഴോ നോക്കുമ്പോൾ താഴെ മഞ്ഞുമൂടിയ പർവത നിരകളും കാണാമായിരുന്നു.  സിനിമകൾ  കണ്ടും പാട്ട് കേട്ടും കുറച്ചു നേരം ഉറങ്ങിയും സമയം പോക്കി.
                                  പാരീസിൽ അവിടത്തെ
8.30 യ്ക്ക് എത്തുമ്പോൾ തിളങ്ങുന്ന  പകൽവെളിച്ചമായിരുന്നു . ഫത്തുവിനോട്  സംശയം ചോദിച്ചു ഇത് രാവിലെ 8.30 ആണോ അതോ രാത്രി ആണോ എന്ന്. അതിനിടയിൽ ഗ്രൂപ്പിലെ കുറച്ചു ആൾക്കാരെ കൂടി പരിചയപെട്ടു.  അവർക്കും ഇത് കൗതുകമായിരുന്നു . ഇതായിരിയ്ക്കും പാരീസിലെ നൈറ്റ് ലൈഫ് എന്ന് ഞങ്ങൾ  അതിശയിച്ചു. പുറത്തിറങ്ങിയ ഞങ്ങൾക്ക് 7 ഡിഗ്രി സെൽഷ്യസ്‌ പെട്ടെന്ന് താങ്ങാൻ ആയില്ല. ഞങ്ങളെ നേരെ ഒരു വലിയ ബെൻസ് ബസിലേക്ക് ആണ് കൊണ്ടുപോയത്. ആ വലിയ ബസിന്റെ പിറകു ഭാഗത്തെ സീറ്റുകളിൽ ആയി ഞങ്ങൾ നേരത്തെ പരിചയപ്പെട്ട മൂന്നു ഫാമിലികളും ഇരുന്നു. പിന്നെയും അവിടെ ഒഴിഞ്ഞ സീറ്റുകൾ അവശേഷിയ്ക്കുന്നുണ്ടായിരുന്നു. ബസിൽ താപ ക്രമീകരണം ഉണ്ടായിരുന്നതിനാൽ പുറത്തുള്ള തണുപ്പ് ഞങ്ങൾ അറിഞ്ഞില്ല.
അതിനു ശേഷം ഹോട്ടലിലേക്ക് പോകുന്ന വഴിയ്ക്ക് ഈഫൽ ടവറിന്റെ നിശാ ദൃശ്യം കാണുവാൻ ബസ് അവിടെ നിർത്തി. അപ്പോഴേയ്ക്കും നല്ല ഇരുട്ടായിക്കഴിഞ്ഞിരുന്നു.ദീപങ്ങളിൽ കുളിച്ചു നിൽക്കുന്ന ഈഫൽ ടവറിന്റെ കാഴ്ച അതി മനോഹരമായിരുന്നു.പിന്നീട് ഡിന്നർ കഴിയ്ക്കാൻ ഒരു റസ്റ്റോറന്റിൽ  കേറി. ചപ്പാത്തിയും ചോറും ദാലും ചിക്കൻ കറിയും റെയ്‌തയും പിക്കിളും പപ്പടവും പായസവുമുള്ള തനി ഇൻഡ്യൻ ഭക്ഷണം കഴിച്ച് വേഗം ബസിൽ കേറി . ഏകദേശം ഒരു മണിയ്ക്കൂർ കഴിഞ്ഞാണ് തങ്ങുന്ന ഹോട്ടൽ മെർക്കുറിയിൽ എത്തിയത്. ബസിൽ നിന്നിറങ്ങിയപ്പോൾ 2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ടെമ്പറേച്ചർ.ബസിൽ നിന്നും ലഗേജ് എടുത്ത് ഓടിയാണ് ഹോട്ടലിൽ കേറിയത് .അവിടെയും താപനില ക്രമീകരിച്ചിട്ടുണ്ടായിരുന്നു. നല്ല ഭംഗിയും വൃത്തിയും വെടിപ്പുമുള്ള ,താപനില ക്രമീകരിച്ചതായിരുന്നു റൂം. കുളിച്ച് സുഖമായി കിടന്നുറങ്ങി .7.30 യ്ക്ക് വേക് അപ്പ്  കാൾ .കുളിച്ചുറെഡിയായി ബ്രേക്ക് ഫാസ്റ്റ് കഴിയ്ക്കാൻ ചെന്നു.
        കോൺടിനെന്റൽ ബ്രേക്ക് ഫാസ്റ്റ് ആയിരുന്നു. കുറെയധികം വിഭവങ്ങൾ. എല്ലാം രുചിച്ചു നോക്കി .കോൺ ഫ്‌ളെക്‌സും സോസ്സെജും യോഗർട്ടും ബ്രഡും ഫ്രൂട്സും അടങ്ങിയ  ബ്രേക്ക് ഫാസ്റ്റ് കുറച്ചു കഴിച്ചു. 8.30 യ്ക്ക് തന്നെ ബസിൽ കേറി അന്നത്തെ യാത്ര തുടങ്ങി. പാരീസ് നഗര വീഥിയിൽ കൂടിയുള്ള യാത്രയിലുടനീളം പ്രധാനപ്പെട്ട ഓരോ സ്ഥലങ്ങളും മോനു വിശദീകരിയ്ക്കുണ്ടായിരുന്നു.
                     ആദ്യം ബസ് നിർത്തി ഞങ്ങൾ ഇറങ്ങിയത്  arc .de triomphe എന്ന ലോകത്തിലെ ഏറ്റവും വലിയ ആർച്ചുകളിലൊന്നിന്റെ മുന്നിൽ ആണ്. ഒന്നാം ലോകമഹായുദ്ധത്തിന്റെയും നെപ്പോളിയന്റെയും വിജയം ആഘോഷിയ്ക്കുന്നതിനായി നിർമിച്ചതാണിത്. മഹായുദ്ധത്തിൽ കൊല്ലപ്പെട്ട പേരറിയാത്ത ഏതോ പടയാളിയുടെ കല്ലറയുടെ മുകളിൽ ആണ് ഇത് പണിഞ്ഞിരിയ്ക്കുന്നത് . പിന്നീട് place de la concorde എന്ന സ്ഥലതാണ്  പോയത് .  ഫ്രാൻസിലെ ഏറ്റവും വലുതും പ്രശസ്തവുമായ ഒരു ചത്വരമാണ് . ഫ്രഞ്ച് വിപ്ലവകാലത്ത് പ്രഭുക്കന്മാരെ ഗില്ലറ്റിൻ ശിരച്ഛേദം ചെയ്ത സ്ഥലമാണിത്. ഇപ്പോഴും ആഘോഷ ദിവസങ്ങളിൽ ജനങ്ങൾ ഇവിടെ തടിച്ചു കൂടാറുണ്ട്.
       അതിനു ശേഷം പ്രസിദ്ധമായ നോട്ടർഡാം പള്ളിയിലേക്കാണ് പോയത്. ഗംഭീരമായ ആ എടുപ്പിനു മുന്നിൽ ഒരു നിമിഷം നമ്മൾ നിശ്ശബ്ദരായിപോകും. നോറ്റർഡാമിലെ കൂനൻ എന്ന പ്രസിദ്ധ കൃതിയും കൂനൻ ക്വാസിമെഡോയെയും നാടോടി നർത്തകി la esmeralda യെയുമെല്ലാം ഓർമ വന്നു.
    ഫ്രഞ്ച് ഗോഥിക് വാസ്തു വൈദഗ്ദ്ധ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് മനോഹരവും ഗംഭീരവുമായ ഈ പള്ളി. കാഴ്ചകൾ കാണാനായി കേറുന്നവർക്കും പ്രാർത്ഥിയ്‌ക്കാനായി എത്തുന്നവർക്കും വിവിധ സ്ഥലങ്ങളാണ് പള്ളിയിൽ. സാധാരണ ഇത്തരം സ്ഥലങ്ങളിൽ എത്തുമ്പോൾ അതുൽ കൈകൂപ്പി നിൽക്കാറുണ്ട്. അവനെയും കൂട്ടി ഞാൻ അൾത്താരയ്ക്കു മുന്നിലെ ബെഞ്ചിൽ തന്നെ ഇരുന്നു. പ്രാർത്ഥിയ്‌ക്കാനായി കുറച്ചു പേരെ പള്ളിയിൽ ഉണ്ടായിരുന്നുള്ളൂ. ജീസസ് ക്രൈസ്റ്റിന്റെ മുൾക്കിരീടം ഇവിടെയാണ് സൂക്ഷിച്ചിരിയ്ക്കുന്നത് .ഞങ്ങൾ ഇരുന്നത് പ്രശസ്ത ശില്പിയായ നിക്കോളാസ് കോസ്‌റ്റൗവിന്റെ 'പിയത്ത'എന്ന ശില്പത്തിനു മുന്നിൽ ആയിരുന്നു.  പള്ളിയിൽ കുറച്ചു സമയം ചെലവഴിച്ച ശേഷം ലഞ്ച് കഴിയ്ക്കാൻ പോയി. ലഞ്ച് കഴിച്ച ശേഷം ഈഫൽ ടവറിൽ കേറാൻ പോയി. വലിയ ആവേശത്തോടെയാണ് പോയതെങ്കിലും നീണ്ട ക്യൂ കണ്ടപ്പോൾ കുറച്ചൊന്നു മങ്ങി ആവേശം. ഏകദേശം രണ്ട് മണിക്കൂർ ക്യൂ നിന്ന് ഞങ്ങളും കേറി ഈഫൽ ടവറിൽ . ടവറിനു മുകളിൽ നിന്നുള്ള പാരീസ് നഗരദൃശ്യം മനോഹരമാണ്. എന്നാലും ടവറിൽ നിന്നിറങ്ങിയപ്പോൾ എല്ലാവരും ക്ഷീണിച്ചിരുന്നു. അതിനു ശേഷം സീൻ നദിയിലൂടെ ഒരു മണിയ്ക്കൂർ നീണ്ട ക്രൂയിസ് യാത്ര. ഞങ്ങളും  എല്ലാവരോടൊപ്പം ക്രൂയിസിന്റെ ഡെക്കിൽ കേറി  . എന്നാൽ ചാരിയിരിയ്ക്കാൻ പറ്റാത്തതുകാരണം ഞങ്ങൾ താഴത്തെ നിലയിൽ ഇറങ്ങി അതിന്റെ ബാൽകണിയിൽ  ഇരുന്നു.
                         പാരീസിലെ ശാന്തസുന്ദരമായ വൈകുന്നേരങ്ങൾ നമുക്ക് ക്രൂയിസ് യാത്രയിൽ കാണാൻ കഴിയും. വായിയ്ക്കുന്നവർ ,വെറുതെ സംസാരിച്ചിരിയ്ക്കുന്നവർ ,മദ്യപിയ്ക്കുന്നവർ, കമിതാക്കൾ അങ്ങനെ നിരവധി പേർ നദീതീരത്തു കെട്ടി ഉണ്ടാക്കിയ സിമന്റ് ബെഞ്ചുകളിലും പടവുകളിലും ഇരിക്കുന്നുണ്ടായിരുന്നു.
              അതെല്ലാമാസ്വദിച്ച് അങ്ങനെ ഇരിയ്ക്കുമ്പോഴാണ് ദൂരെ കനത്ത പുകപടലങ്ങൾ ഉയരുന്നത് കണ്ടത് . നിമിഷം കഴിയും തോറും അത് വലുതാവുകയും പുകയും തീയും കണ്ടു തുടങ്ങുകയും ചെയ്തു. ഏതോ  ഗോപുരത്തിൻ മുകളിൽ തീ വിശന്ന പാമ്പിനെപ്പോലെ ആർത്തിയോടെ പടർന്നു കേറുന്നു. പൊതുവെ ശാന്തവും നിശ്ശബ്ദവും ആയ പാരീസ് നഗര വീഥി ആംബുലൻസുകളുടെയും പോലീസ് വാഹനങ്ങളുടെയും സൈറണുകളാൽ ശബ്ദമുഖരിതമായി .
            അപ്പോൾ ക്രൂയിസിനകത്തുള്ള ടി.വി യിൽ വാർത്ത പ്രക്ഷേപണം കേട്ടു.  പതിമൂന്നാം നൂറ്റാണ്ടിൽ  പണി കഴിപ്പിച്ച അറുന്നൂറിലധികം വർഷം പഴക്കമുള്ള നോട്ടർഡാം ചർച്ചിലെ 69 മീറ്റർ ഉയരമുള്ള ഗോപുരം കത്തി നശിച്ചു.
വിശ്വസിയ്ക്കാൻ കഴിഞ്ഞില്ല. അപാരമായ സങ്കടവും തോന്നി .
ക്രൂയിസിൽ നിന്നിറങ്ങി നേരെ ഹോട്ടലിലേക്ക് പോയി. അന്ന് രാത്രി ഫ്രഞ്ച് ഫുഡ് ആയിരുന്നു ഡിന്നറിന് .സോസിൽ മുക്കിയ ഒരു വലിയ കഷ്ണം മീനും അധികം വേവാത്ത കുറച്ചു ചോറും കുറെ ഇലകളും ഒക്കെ ആയി. കൂടെ കേക്കും.
             പിറ്റേ ദിവസം ബസിൽ കേറി നേരെ ലക്സംബർഗിലേയ്ക്ക് യാത്ര തിരിച്ചു. യാത്ര മൊത്തവും ആ ബസിൽ തന്നെ ആണ്.ടോയ്ലറ്റ് സൗകര്യമുള്ള യാത്രാക്ഷീണമുണ്ടാകാത്ത ബസ് ആണ്. കുറച്ചു ദൂരമുണ്ടായിരുന്നു ലക്സംബർഗിലേയ്ക്ക്. ബസിലെ മൈക്കിൽ അന്താക്ഷരി കളിച്ചും പാട്ടു പാടിയും ഒക്കെ രസകരമായിരുന്നു യാത്ര. പ്രശസ്ത നടൻ ടൊവീനോ തോമസിന്റെ പിതാവ് അഡ്വ തോമസ് സാറും ഭാര്യയും സഹയാത്രികർ ആയിരുന്നു. തോമസ് സാറിന്റെ വക്കീൽ തമാശകളും രസകരമായിരുന്നു.
കൈയിൽ കരുതിയിരുന്ന ലഞ്ച് ബസിൽ തന്നെ ഇരുന്ന് കഴിച്ചു. ഉച്ചകഴിഞ്ഞാണ്‌ ലക്സംബർഗിൽ എത്തിയത്.
       മനോഹരവും വൃത്തിയുള്ളതുമായ ഒരു ചെറിയ സിറ്റി ആണ് ലക്സംബർഗ് ..അവിടെ സിറ്റി ഒന്ന് കറങ്ങി നടന്നു കണ്ടതിനു ശേഷം ബസിൽ കേറി നേരെ സ്ട്രാസ്ബർഗിലേക്ക് തിരിച്ചു. അവിടെ ആയിരുന്നു രാത്രി തങ്ങിയത്. അവിടെയും മറ്റൊരു മെർക്കുറി ഹോട്ടലിൽ ആയിരുന്നു താമസം.
പിറ്റേ ദിവസം രാവിലെ 8.30 യ്ക്ക് വീണ്ടും ബസിൽ കേറി യാത്ര തുടങ്ങി.
     നേരെ  പോയത് ജർമനിയിലെ ബ്രെയ്ട്ണ്  എന്ന സ്ഥലത്തെ കുക്കൂ ക്ളോക്കുകൾ നിർമ്മിയ്ക്കുന്ന ഒരു വില്ലേജിൽ ആണ്. അവിടെ കുക്കൂ ക്ളോക്കുകൾ നിർമ്മിയ്ക്കുന്ന രീതി  കുറച് കാണിച്ചും  വിശദമായി പറഞ്ഞും തന്നു. അതിനുപയോഗിയ്ക്കുന്ന തടിയും എല്ലാം കാണിച്ചു തന്നു.  ആ വില്ലേജിലേയ്ക്ക് ഞങ്ങൾ നടന്നാണ് പോയത്. നടപ്പാതയുടെ ഇരുവശത്തേയും പ്രകൃതി ഭംഗി മനം മയക്കുന്നതായിരുന്നു .
കുറച്ചു സമയം അവിടെ എല്ലാം ചിലവഴിച്ചതിനു ശേഷം നേരെ ജർമനിയിലെ റ്റിറ്റിസി വില്ലേജിലേയ്ക്ക് ആണ് പോയത്. അവിടെ തന്നെ ലഞ്ച് കഴിച്ചു.റ്റിറ്റിസി വില്ലേജ് ജർമ്മനിയിലെ മനോഹരമായ ഒരു സ്ഥലമാണ്. അവിടത്തെ നദി കരയിൽ  ചുറ്റി നടന്നതിനു ശേഷം കുറച് ഷോപ്പിംഗ് നടത്തി
             പിന്നെ നേരെ റെയ്ൻ ഫാൾ കാണാൻ ആണ് പോയത്. സ്വിറ്റസർലണ്ടിലെയും യൂറോപ്പിലെ തന്നെയും ഏറ്റവും വലിയ വെള്ളച്ചാട്ടമാണിത്. ഹൈ  റെയ്ൻ നദിയിൽ ഉള്ള ഈ വെള്ള ചാട്ടത്തിന് 150 m വീതിയും 23 m ഉയരവും ഉണ്ട് .ബോട്ടിൽ കേറി വെള്ളച്ചാട്ടം താഴേയ്ക്ക് പതിയ്ക്കുന്ന സ്ഥലത്തു  ചെന്ന് വെള്ളച്ചാട്ടത്തിന്റെ അലർച്ചയും  ആശ്ചര്യദായകമായ ഭംഗിയും ആസ്വദിയ്ക്കാൻ കഴിഞ്ഞു. വെള്ളച്ചാട്ടത്തിന്റെ താഴെ ചെന്ന് എല്ലാവരും കുറച്ചു നനഞ്ഞു ,അതും രസകരമായിരുന്നു. വെള്ളച്ചാട്ടം അതിന്റെ ഉയരത്തെക്കാളും മുകളിലെ വീതിയും ശക്തിയും സമൃദ്ധിയും കൊണ്ട് മനോഹരമായിരുന്നു. ഇതിനിടയിൽ റ്റിറ്റിസി വില്ലേജിൽ നിന്നും ബസിൽ കേറിയപ്പോൾ ഫോൺ കാണാനില്ലെന്ന് മനസ്സിലായി. ബസിൽ ഉണ്ടെന്ന് കരുതി ഒരുപാട് തിരഞ്ഞിട്ടും കിട്ടിയില്ല. ഫത്തു ബർത്ത്ഡേ ഗിഫ്റ് ആയി തന്ന പുതിയ ഫോൺ ആയതിനാൽ ഞാൻ ആകെ ഡെസ്പ് ആയിരുന്നു. എന്നാൽ റെയ്ൻ ഫാളിൽ എത്തിയപ്പോൾ പോയത് പോട്ടെ നമുക്ക് വേറെ വാങ്ങിയ്ക്കാം എന്നു പറഞ് ഫത്തു സമാധാനിപ്പിച്ചപ്പോൾ കുറച്ചാശ്വാസമായി.
            റെയ്ൻ ഫാൾ കണ്ടതിനു ശേഷം നേരെ engleberg ലൈക്കാണ് പോയത്. അവിടെയാണ് സ്വപ്നഭൂമിയായ ആൽപ്സ്.
റെയ്ൻ ഫാളിൽ നിന്നും ഏങ്ക്ൾബർഗ് ലേയ്ക്ക് ഏകദേശം 150km ദൂരം ഉണ്ട്. യാത്രയിലുടനീളം റോഡിന്റെ ഇരുവശത്തും മനോഹരമായ പുൽ മേടുകളും ഒറ്റപ്പെട്ട മരക്കുടിലുകളും ചെറിയ അരുവികളും ആണ് കാണാൻ കഴിയുക. കണ്ണെടുക്കാൻ തോന്നാത്ത പിന്നീട് അതിമനോഹരങ്ങൾ ആയ സ്വിസ് ഗ്രാമങ്ങളിൽ കൂടി ആയിരുന്നു യാത്ര  . ദൂരെ പച്ച പുതച്ച കുന്നിൻ മുകളിൽ പശുക്കൾ മേയുന്നതും കാണാമായിരുന്നു.
രാത്രി ആകുന്നതിനു മുൻപ് ഏങ്ക്ൾബർഗ് ൽ എത്തി  .ടെറസ് എന്ന ഹോട്ടലിൽ ആയിരുന്നു താമസം. റൂമിന്റെ ബാൽക്കണിയിൽ നിന്ന് നോക്കുമ്പോൾ നേരെ കാണുന്നത് മഞ്ഞുമൂടിയ ആൽപ്സ് /മൗണ്ട് റ്റിറ്റിലിസ് ആണ് .എവിടെ നിന്നാലും മഞ്ഞണിഞ്ഞ കൊടുമുടികൾ കാണാം എന്നതാണ് ടെറസ് ഹോട്ടലിന്റെ പ്രത്യേകത. ഡൈനിങ്ങ് ഹാളിൽ ഇരുന്നാലും അതിന്റെ താഴെയുള്ള വിശാലമായ അങ്കണത്തിലായാലും ചുറ്റും മഞ്ഞ് മലകൾ മാത്രം. താപനില മൈനസിലേയ്ക്ക് താഴ്ന്നിരുന്നു. തെർമൽ വെയർ അണിഞ്ഞ്അതിനു മുകളിൽ സാദാ ഡ്രസ്സ് ഇട്ട് അതിനും മുകളിൽ രോമക്കുപ്പായങ്ങളും ധരിച്ചു കൈയ്യുറകളും രോമ തൊപ്പിയും ഒക്കെ ധരിച്ച് ഹോട്ടലിന്റെ വിശാലമായ അങ്കണത്തിലേക്കിറങ്ങി. സമയം 10 മണി കഴിഞ്ഞിരുന്നു. കുറച്ചു കസേരകൾ എടുത്ത് ഒരു മേശയുടെ ചുറ്റും വട്ടത്തിലിട്ട് ഗാനമേള ആരംഭിച്ചു. അതുലിന്റെ കൊട്ട് ആയിരുന്നു കെങ്കേമം. 11.30. വരെ അത് തുടർന്നു. ഇതിനിടയിൽ പലരാജ്യക്കാരും നമ്മോടൊപ്പം ചേർന്ന് കുറച്ചു സമയം ഡാൻസ് ഒക്കെ കളിച്ചു. ആ കൊടും തണുപ്പിലും പാട്ടും ഡാൻസും ഞങ്ങൾ എല്ലാവരും വളരെ അധികം ആസ്വദിച്ചു  .
                    അടുത്ത ദിവസം രാവിലെ തന്നെ ആൽപ്സിലെയ്ക്ക് യാത്ര തിരിച്ചു.
ഞങ്ങൾ താമസിച്ചിരുന്ന ടെറസ് ഹോട്ടലിൽ നിന്നും ബസിൽ 10 മിനിറ്റ് യാത്രയെ ഉണ്ടായിരുന്നുള്ളൂ മൌണ്ട് റ്റിറ്റിലിസിലേക്ക്.
അവിടെ ആദ്യം ഒരു കേബിൾ കാറിൽ  കേറി പകുതിയോളം ഉയരത്തിലെത്താം. അതുകഴിഞ് ഒരു വലിയ റിവോൾവിങ് കേബിൾ കാറിൽ കുറച്ചധികം ആൾക്കാരോടൊപ്പം മൌണ്ട് റ്റിറ്റിലിസ് ലേയ്ക്ക്. ഇറങ്ങിയ ഉടൻ തന്നെ ആദ്യം കണ്ടത് ഷാരൂഖ് ഖാനും കജോളും ദിൽവാലെ ദുൽഹനിയ ലേജായേംഗേ എന്ന സിനിമ പോസ്റ്ററിൽ നിൽക്കുന്ന വലിയ ഹോൾഡിങ് ആണ്. ഉത്തരേന്ത്യക്കാരൊക്കെ അതിനു മുന്നിൽ നിന്നും ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു  ..മഞ്ഞിന്റെ അപാരമായ സൗന്ദര്യം കണ്ട് പകച്ച് നിന്നുപോയ എനിയ്ക്ക് പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയാൻ വയ്യാതായിപ്പോയി. മഞ്ഞിലേയ്ക്ക് ഓടി ഇറങ്ങി കുറെ മഞ്ഞ്  വാരി എറിഞ്ഞ് എന്തൊക്കെയോ ചെയ്തു. ബാല്യം തിരിച്ചു വന്നത് പൊലെ തോന്നി. എത്രയോ നാളത്തെ ആഗ്രഹം ഒരു സ്വപ്നം പോലെ സഫലമായിരിയ്ക്കുന്നു. അതുലും ഫതുവും മഞ്ഞ് വാരി എറിഞ്ഞ് കളിയ്ക്കുന്നുണ്ടായിരുന്നു. പിന്നെ നടന്നു കേറി ഏറ്റവും ഉയരത്തിലെത്തി. അവിടെ നിന്നുള്ള കാഴ്ചകൾ കണ്ട് നിശ്ശബ്ദയായി നിന്ന് പോയി ഞാൻ. അതുകഴിഞ്ഞ് ഐസ് കേവ്ൽ കേറി തണുത്തുറഞ്ഞ് പുറത്തിറങ്ങി.
          ഉച്ചയൂണ് ആൽപ്സിൽ തന്നെയുള്ള ഒരു ഹോട്ടലിൽ ആയിരുന്നു.
 പിന്നീട് വീണ്ടും കേബിൾ കാറിൽ കേറി ആൽപ്സിന്റെ താഴെ വന്ന് ആ മഹാമഞ്ഞു പർവ്വതത്തോടു വിടപറഞ്ഞു  ബസിലേക്ക്.
                      പിന്നീട് ലുസെൺ തടാകവും സിംഹസ്മാരകവും  എല്ലാം കണ്ട്
വീണ്ടും  സ്വിസ്സ് ഗ്രാമങ്ങളിൽ കൂടി ജർമനിയിലെയ്ക്ക്  ,സ്റ്റുട്ട്ഗർട്ടിൽ ഹോട്ടലിൽ
രാത്രി താമസം. അവസാന ദിവസം സഹയാത്രികൻ ആയ പയസ് സാറിന്റെ ഇരുപത്തഞ്ചാം വിവാഹവാർഷികമാണെന്നറിഞ്ഞ്  ഡിന്നർ ടൈമിൽ ഒരു കേക്ക് മുറിച്ച് അതാഘോഷിയ്ക്കുകയും ചെയ്തു.
യൂറോപ്പിലെ അവസാന രാത്രി ആയിരുന്നു അത്.
   അടുത്ത ദിവസം രാവിലെ ബെൻസ് മ്യൂസിയത്തിലേയ്ക്ക് ആണ് പോയത്.
വാഹനപ്രേമികളെ സംബന്ധിച്ചിടത്തോളം ഒരതിശയ കാഴ്ചയാണ് ബെൻസ് മ്യൂസിയം.
കാൾ ബെൻസ് 1886 ൽ ബെൻസ് കാർ കണ്ടുപിടിയ്ക്കുന്നതു തൊട്ട് ഇതുവരെയുള്ള അതിന്റെ ചരിത്രവും കഥകളും ജീവസ്സുറ്റതായി ടെക്നോളജി ഉപയോഗിച്ചു നമ്മളെ കാട്ടിത്തരുന്നു. പഴയ കാലത്തെ ഐതിഹാസികമായ റേസിംഗ് കാറുകൾ അവിടെ പ്രദർശിപ്പിച്ചിരിയ്ക്കുന്നത് കൗതുകകരമാണ്. പല കാലങ്ങളിലെ പലതരം ബെൻസ് കാറുകൾ , എൻജിനുകൾ, ഭാവിയിലെ കാറുകൾ എല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്. ചുവരുകളിൽ ഉള്ള ഫോട്ടോകൾ ചരിത്രം വിളിച്ചോതുന്നവയാണ്. ഹിറ്റ്ലറും രണ്ടാം ലോക മഹായുദ്ധവും അക്കാലത്തെ ലോക ഭരണാധികാരികളും ഓഷ്‌വിട്സ് ക്യാമ്പും എല്ലാം ചിത്രങ്ങളിൽ ഉണ്ട്. ഉച്ചയോടെ അവിടെ നിന്നും പുറത്തിറങ്ങി ഒരു ഹോട്ടലിൽ നിന്നും ലഞ്ച് കഴിച്ചു.ജർമനിയിൽ കൂടി ഫ്രാങ്ക്ഫുർട് എയർപോർട്ടിലേയ്ക്ക്  . തിരികെയുള്ള ആ യാത്രയിൽ ബസിൽ തന്നെ ഒന്ന് കൂടി ഫോൺ തെരയവേ സഹയാത്രികനായ ബെന്നി സർ അത് കണ്ടുപിടിച്ചു. അങ്ങനെ ഇരട്ടിച്ച സന്തോഷത്തോടെ  അവിടത്തെ ഒരായിരം ഓർമകളുമായി ഇന്ത്യയിലേയ്ക്ക്.
ഒപ്പം കുറെ ചിത്രങ്ങളും

യൂറോപ്പിലെ വിസ്മയക്കാഴ്ചകളിലേക്ക്...👇🏻










*****************
തിരിച്ചു പോകുന്നവർ
സുരേഷ് കുമാർ.ജി
ഉടലിലേക്കു
              പറക്കുന്ന പക്ഷികൾ
ഒടുവിൽ വന്നു
                ചേക്കേറും മരങ്ങളി-
ന്നിലപൊഴിച്ചിരിക്കുന്നു
                             ശരത്ക്കാല-
മൊടുവിൽ ആലിംഗനം
                  ചെയ്ത മാതിരി .....

വിജന ദ്വീപങ്ങളിലേക്കു
                           യാത്ര പോയ്
തിരികെയെത്താതിരുന്ന
                      പായ് വഞ്ചികൾ
വരികയില്ല ,സുഗന്ധ
                        ദ്രവ്യങ്ങൾ കൊ-
ണ്ടിനിയുമോർമ
              യുറഞ്ഞ തീരങ്ങളിൽ

ഇളകി ജീർണ്ണിച്ച
                 പുസ്തകത്താളുകൾ
മൃദുലമായൊരു
        സ്പർശത്തെയെന്നപോൽ
എഴുതിയെന്നോ
                        മറന്ന കവിതകൾ
ഒടുവിൽ ശീർഷകം
               കണ്ടെത്തിടുന്ന പോൽ
കളിയരങ്ങേ
                     മറന്നൊരു ചേങ്ങില
പഴയൊരുത്സവ
          മോർത്തെടുക്കുന്ന പോൽ
ഇനി വരില്ലയെ -
                   ന്നാകിലുമോർമ തൻ
തൊടിയിലാരോ
                       നടന്ന പ്രതിദ്ധ്വനി ...

പരിണയത്തിലേ -
            യ്ക്കെത്തി ദുരന്തമായ്
പരിണമിക്കും
                 പ്രഹേളികയെങ്കിലും ,
സഫലമാകാതെ
                    പോകും പ്രണയമേ
കവിതയായി നീ
               തീരുന്നതെങ്ങനെ .....?
*****************
തേൻ വിഷം
ഗഫൂർ കരുവണ്ണൂർ
നീ കേൾക്കാനില്ലാത്തതിനാലാണോ
എന്റെ മൊഴികൾ
കട്ടൻ ചായ പോൽ കടുപ്പമായത്.
നിന്റെ ചെവി വട്ടമുണ്ടെങ്കിലോ
മഞ്ഞ് നൂലിഴ പോലെ ആർദ്രം .
നീയെനിക്കായുള്ള വാക്കുകളിൽ
ഇന്ധനം നിറയ്ക്കുന്ന
തപസ്സിലാണോ?
നിന്റെ ഗുഹാ വാസത്തിലൊന്നും
നമ്മുടെ പുറപ്പാടിന്റെ മുന കൂർക്കില്ല.
നമുക്ക്ചേർന്നിരുന്ന് തീക്കായണം
വാക്കിന്റെ മുന തീയിൽ കുത്തി
കൂർപ്പിക്കണം .
മലയറിവിന്റെ ഔഷധക്കൂട്ടിൽ മുക്കി
വിഷത്തെ ചെറുക്കണം .
സംവാദത്തിലേക്ക്
നാമയക്കുന്ന വാഗ്വസ്ത്രത്തെ
എതിരിടാൻ
അവർ ഒറ്റയൊറ്റയായ്
വിഷമധുരവുമായ്
ചെവിക്കു ചെവി ചൊല്ലുകയാണ് .
നേരറിവിന്റെ കാട്ടുപച്ചകൾ
പുരട്ടി കൊടുക്കണം
കൂട്ടുകാർക്ക് .
അവർ ചിന്തകളെ ചുരണ്ടിയെടുക്കുകയാണ് .
ഏകനാവുമ്പോൾ
കടുത്തു പോകാൻ അത്ര മേലുണ്ടോർമകൾ.
നമ്മുടെ കൽപനാ പ്രപഞ്ചം
മുഴങ്ങുന്നുണ്ടുളളിൽ.
പിന്നോട്ട് വലിക്കുന്നവരെ കുതറി
മുന്നോട്ടായാനുണ്ടേറെ .
ദൈവങ്ങൾ അവർക്ക്
കൂലി പട്ടാളങ്ങൾ .
സത്യം നുണയുടെ
കാവൽക്കാരൻ മാത്രം .
ഇക്കാലമിത്തിരി
കണ്ണടഞ്ഞു പോയാൽ
പിന്നെ നമുക്കില്ല പൂക്കാലം .
നീ കേൾവിപ്പുറത്തേക്ക്
നീങ്ങിയിരിക്കുക .
മഞ്ഞുടുപ്പഴിച്ച് സൂര്യ
ചുംബന മേൽക്കുക.
ഞാൻ വരും
നട്ടുച്ചയിൽ
നമുക്കൊരുമിച്ചു പൊള്ളാം ...
*****************
ഞാൻ....
സുനിത ഗണേഷ്
ഞാനൊരു കടലാണ്
നീ, മഥിക്കുമ്പോൾ
മായാജാലം
തീർക്കും
പാലാഴി...
ഞാനൊരു തിരയാണ്
തണൽത്തീരം തേടി
യലഞ്ഞ, യൊരു
പാഴ്ത്തിര
ഞാനൊരു കുഞ്ഞോളം,
തീതുപ്പുന്ന
വ്യാളികൾ നിറഞ്ഞ
അലയാഴിയിൽ
പ്രാണഭയത്തോടെ
ഒളിച്ചിരിക്കുന്നവൾ....
ഞാനൊരുപ്പു തുള്ളിയാണ്
കദനപ്രപഞ്ചം
ഉള്ളിലേറ്റി
വിങ്ങുന്ന
നീർ മുത്ത്......
*****************
ഇനിയൊരു കുറിപ്പായാലോ..👇🏻
ഇപ്പോഴും കൊന്നകൾ പൂത്തുനിൽക്കുന്നുണ്ട്, ചിലയിടങ്ങളിൽ....
അസ്ലം തിരൂർ
നിഷ്കളങ്കതയുടെ പര്യായങ്ങളെ തേടിപ്പോകുമ്പോഴെല്ലാം സുവർണദളങ്ങൾ അഴകു വിടർത്തുന്ന കൊന്നപ്പൂവിന്റെ ചിരി പോലൊരാൾ എന്റെ മനസ്സിന്റെ മുറ്റത്തു വന്നു നിൽക്കാറുണ്ട്... ഓരോ വിഷു നാളിലും കൊന്നപ്പൂക്കൾ കാൺകേ, വർഷങ്ങൾക്കിപ്പുറവും  നിർമ്മലമായ ആ ചിരി മനസ്സിലോടിയെത്താറുമുണ്ട്.
വർഷങ്ങൾക്കു മുമ്പ് ഫോട്ടോഗ്രാഫി രംഗത്ത് സജീവമായി നിൽക്കുന്ന സമയത്ത് പ്രിയ സുഹൃത്ത് ദാസേട്ടന്റെ കെയറോഫിലാണ്
 " പരമേശ്വരേട്ടന്റെ" മകൾ "പ്രിയ" യുടെ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ ആൽബം തയ്യാറാക്കുവാനുള്ള ഓർഡർ കിട്ടുന്നത്.
കാമറക്കു മുന്നിലും അല്ലാത്തപ്പോഴും എപ്പോഴും പ്രസന്നമായ ചിരിയുമായി  നിൽക്കുന്ന "പ്രിയ"യും നിറഞ്ഞ സ്നേഹത്തോടെ ഞങ്ങളെ സ്വന്തക്കാരെപ്പോലെ കണ്ട അച്ഛനും അമ്മയും സഹോദരനും വിവാഹ നിശ്ചയച്ചടങ്ങിന്റെ ഫോട്ടോയെടുപ്പ് ഏറെ ആസ്വാദ്യകരമായ ഒരനുഭവമാക്കി മാറ്റി.
കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ ഒരു വിധം ഭംഗിയായി തയ്യാറാക്കിയ ആൽബവുമായി ഒരു വിഷുത്തലേന്ന് ഞങ്ങൾ പ്രിയയുടെ വീട്ടിലെത്തി. അമ്മ ഭാർഗ്ഗവി ടീച്ചറെ ആൽബം ഏൽപ്പിച്ചു...
 നിശ്ചയ ദിവസം തന്ന അഡ്വാൻസ് തുകകഴിച്ചുള്ള ബാക്കി  എത്രയെന്ന് പറഞ്ഞു...
നിശ്ചയ ദിവസത്തെ അനുഭവം വെച്ച്
ആ തുക ഇപ്പോൾ തന്നെ കൈപ്പറ്റാനാകുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ നിന്നു. വിവേചിച്ചറിയാനാകാത്ത സമ്മിശ്ര വികാരങ്ങളുമായി അച്ഛൻ "പരമേശ്വരേട്ടൻ"  ഒന്നു രണ്ടു വട്ടം അങ്ങോട്ടുമിങ്ങോട്ടും നടന്നു...
ബാലൻസും പ്രതീക്ഷിച്ചു   നിന്ന എന്നെയും സുഹൃത്ത് ആരിഫിനെയും നിരാശപ്പെടുത്തിക്കൊണ്ട്  "എന്നാ ശരിട്ടോ" ( സ്ഥലം വിട്ടോളൂ എന്നർത്ഥം) എന്നൊരു ഒറ്റ വാക്യം ഞങ്ങൾക്കു നേരെ തൊടുത്ത് അദ്ദേഹം അകത്തേക്കു പോയി...
ഒരു കാര്യം തീർച്ചയായി,
ആ വീട്ടിലെ ആദ്യ ഓർഡറെന്ന നിലയിൽ
വളരെ ശ്രദ്ധയോടെയും,താത്പര്യത്തോടെയും ചെയ്ത ആൽബം പാർട്ടിക്ക് അത്രയ്ക്കങ്ങടു ബോധിച്ചിട്ടില്ല...
നിരാശ കീഴ്പ്പെടുത്തിയ മനസ്സുമായി ഞങ്ങൾ സ്റ്റുഡിയോയിലേക്ക് തിരിച്ചു... "നല്ല പടങ്ങളായിരുന്നല്ലോ മിക്കവയും... നമ്മൾ സാധാരണ ചെയ്യുന്നതിലും നന്നായി ഡിസൈൻ ചെയ്തിട്ടുമുണ്ട്.. എന്താണ് സംഭവിച്ചത് " ഇത്യാദി ഉത്തരമില്ലത്ത ചോദ്യങ്ങൾ പരസ്പരം ചോദിച്ച് ഞങ്ങൾ നിരാശ മറക്കാൻ ശ്രമിച്ചു....
അല്ലെങ്കിലും നമ്മുടെ കാഴ്ചയല്ലല്ലോ മറ്റൊരാളുടെ കാഴ്ച...
എന്നാലും ആൽബം ഇഷ്ടപ്പെട്ടെന്നോ ഇല്ലെന്നോ അവർക്കു പറയാമായിരുന്നു... അതറിയാനുള്ള അവകാശം ഞങ്ങൾക്കുണ്ടല്ലോ...!
 ബാലൻസ് ഇനി കിട്ടുമ്പോൾ കിട്ടട്ടെ!
അല്ലെങ്കിലും ചിലരൊക്കെ നമ്മൾ കരുതുന്നതുപോലെയായിരിക്കണമെന്നില്ലല്ലോ!
സ്വയം ആശ്വസിക്കാൻ ശ്രമിച്ചു... ബാലൻസ് കിട്ടാതിരിക്കില്ല...!

പിറ്റേ ദിവസം വിഷു ദിനം.. എന്റെ പ്രിയതമ "ശബ്ന" യുടെ ജന്മദിനവും അന്നു തന്നെയാണ്.... കാലത്ത് ഏഴു മണിയായിക്കാണും.. അതേക്കുറിച്ച് എന്തോ പറഞ്ഞു നിൽക്കുമ്പോഴാണ് താഴെ കാളിംഗ് ബെൽ മുഴങ്ങുന്ന ശബ്ദം.... വഴിയെ ഉപ്പ വിളിച്ചു പറയുന്നു.. "അസ് ലമിനെക്കാണാൻ ആരോ വന്നിരിക്കുന്നു."
ഇതാരപ്പാ ഇത്ര രാവിലെ എന്നോർത്ത് പൂമുഖത്തെത്തിയപ്പോൾ അത്ഭുതം കൊണ്ട് വാ പൊളിച്ചെന്നു തന്നെ പറയാം... കണിക്കൊന്ന പൂത്ത ചിരിയുമായി "പരമേശ്വരേട്ടൻ''...
ഇരിക്കാൻ പറഞ്ഞു.. ഇതെന്തു പറ്റി ? എങ്ങനെ വീടു കണ്ടു പിടിച്ചു? എന്തേ വന്നു? അതും കാലത്ത് തന്നെ? അത്ഭുതത്തിലും, ആശ്ചര്യത്തിലും കോർത്ത എന്റെ ചോദ്യങ്ങൾക്ക് "ഏയ് ഒന്നൂല്യ... കാലത്ത് വെറുതെ നടക്കാനിറങ്ങിയപ്പോൾ... വെറുതെ ഒന്നു കണ്ടിട്ട് പോകാമെന്നു കരുതി " എന്ന മറുപടി...
തിരൂരിലെ കെ.ജി പടിയിൽ നിന്നും എത്ര നടന്നാലും എന്റെ തുമരക്കാവിലേക്കെത്താൻ കുറച്ചു പ്രയാസപ്പെടേണ്ടതുണ്ടെന്ന് മനസ്സു പറഞ്ഞു.... അന്നത്തെ എന്നെ അന്വേഷിച്ചു കണ്ടെത്താനും... അവ്യക്തമായ ഒരു കാരണം ആ മറുപടിയെ ദുർബലമാക്കി....
ചായയെടുക്കട്ടെ എന്ന ചോദ്യത്തിന് ഒന്നും വേണ്ട എന്ന മറുപടി... പിന്നെ ചിരിച്ചു കൊണ്ട് ഒരു കെട്ടു നോട്ടുകൾ നീട്ടിയിട്ടു പറഞ്ഞു. " ആൽബം വളരെ നന്നായിട്ടുണ്ട് ട്ടോ!എല്ലാർക്കും ഇഷ്ടായി.. ഇതു വെയ്ക്കൂ... പറഞ്ഞ തുക മുഴുവനുമുണ്ട്... ഇന്നലെ നിങ്ങൾ വന്ന സമയത്ത് അലമാരയുടെ "കീ" കാണാനുണ്ടായിരുന്നില്ല... ആ ഒരു ടെൻഷനിലായിരുന്നു ഞാൻ... അതു കൊണ്ടാ ഇന്നലെ ബാലൻസ് തരാൻ കഴിയാതിരുന്നത്... നിങ്ങളെ വെറും കയ്യോടെ മടക്കി അയച്ചതോർത്ത് ഇന്നലെ രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞിട്ടില്ല... അതുകൊണ്ടാണ് കാലത്തു തന്നെ വീടന്വേഷിച്ച് ഇറങ്ങിയത്."... ഒറ്റ ശ്വാസത്തിൽ അദ്ദേഹം വാചകം പൂർത്തിയാക്കിയപ്പോൾ
കരയണോ അതോ ചിരിക്കണോ എന്നറിയാതെ ആ മുഖത്തു നോക്കി വാക്കുകൾ നഷ്ടപ്പെട്ട് ഞാൻ നിന്നു...
 ചിരി വിടാതെ "പരമേശ്വരേട്ടൻ '' അടുത്തുള്ള മേശ ചൂണ്ടിപ്പറഞ്ഞു
ആ കാശ് അവിടെ വെച്ച് കയ്യൊന്ന് നീട്ടൂ... കാര്യമെന്തന്നറിയാതെ ഞാൻ കൈ നീട്ടി.. നൂറിന്റെ പിടക്കുന്ന ഒരു പുത്തൻ നോട്ട് എന്റെ കയ്യിൽ വെച്ചിട്ട് അദ്ദേഹം പറഞ്ഞു "ഇതെന്റെ വക വിഷുക്കൈനീട്ടം"
"ഏയ്... അതൊന്നും വേണ്ട.. " ഞാൻ കൈ വലിക്കാൻ ശ്രമിച്ചു...
" ഇതു വാങ്ങണം... എന്റെ മകനു തരുന്നതുപോലെ തരികയാണ് '' അദ്ദേഹം എന്റെ കൈത്തലം മടക്കിക്കൊണ്ടു പറഞ്ഞു. എന്റെ പ്രതിരോധം ദുർബലമായി...
ഇപ്പോൾ ശരിക്കും  കണ്ണുകൾ നിറഞ്ഞു.... എന്റെ ജീവിതത്തിലെ ആദ്യത്തെ വിഷുക്കൈനീട്ടം.
"ശരി കാണാ ട്ടോ" എന്ന് പറഞ്ഞ് ആ സ്നേഹ സ്വരൂപം
പടികടന്ന് പോകുമ്പോൾ നന്ദിയെന്നോ സന്തോഷം എന്നോ ഒരു ഉപചാരവാക്കു പോലും പറയാൻ മറന്ന് എന്റെ മിഴികൾ വീണ്ടും സജലങ്ങളായി.
പിന്നീടുള്ള ഓരോ വിഷു ദിനവും ആ സ്നേഹം നിറഞ്ഞ ഓർമ്മ ഞങ്ങളുടെ മനസ്സിലുണരും... ആൽബത്തിന്റെ ബാലൻസായ ആയിരങ്ങൾക്കും പതിനായിരങ്ങൾക്കും മാസങ്ങളും ചിലപ്പോൾ വർഷങ്ങളും ഞങ്ങളെ നടത്തുന്ന പല കറുത്ത രൂപങ്ങളുടെയും മുന്നിൽ അന്തസ്സിന്റെയും തറവാടിത്തത്തിന്റെയും ഈ പ്രകാശഗോപുരം ഇടക്കിടെ തെളിഞ്ഞു വരാറുണ്ട്... ഓരോ വിഷുദിനത്തിലും വാക്കുകളിൽ  ഒട്ടൊരു സ്നേഹം ചേർത്ത് ശബ്ന പറയും " പാവം പരമേശ്വരേട്ടൻ"....
പിന്നീട് പ്രിയയുടെ വിവാഹവും, സഹോദരൻ ഡോ.പ്രവീണിന്റെ വിവാഹവും ഞാൻ തന്നെ കവർ ചെയ്തു... ഇടയ്ക്കിടെ ഞാനും കുടുംബവും പരമേശ്വരേട്ടനെയും കുടുംബത്തെയും സന്ദർശിച്ചു സൗഹൃദം പങ്കുവെച്ചു....
കുറച്ചു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഇക്കഴിഞ്ഞ ആഴ്ച പരമേശ്വരേട്ടനെ കാണാൻ പോയി... കണ്ടപാടെ വിടർന്ന ചിരിയുമായി ഭാർഗവി ടീച്ചർ "എവിടെ അസ് ലം കാണാനില്ലല്ലോ" എന്ന് സ്നേഹമറിയിച്ചു... അച്ഛൻ അൽപം ക്ഷീണിച്ചുവെങ്കിലും അന്നത്തെ സ്നേഹം നിറഞ്ഞ ചിരിയുമായി മുന്നിൽ നിന്നു... ടൗണിൽ പോയി മടങ്ങി വന്ന പ്രിയ അന്നത്തെ അതേ പ്രസരിപ്പോടെ കാലിക്കറ്റ് മെഡിക്കൽ കോളേജിലെ സഹോദരൻ ഡോ.പ്രവീണിന്റെയും, പത്താം തരത്തിലെത്തുന്ന തന്റെ മൂന്നു മക്കളുടെയും കനറാ ബാങ്ക് മാനേജരായ ഭർത്താവിന്റെയുമൊക്കെ വിശേഷങ്ങൾ പങ്കുവെച്ചു...
റമദാൻ മാസമായതിനാൽ ചായക്കുള്ള ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു ഞാൻ യാത്ര പറഞ്ഞിറങ്ങി...
" ഇടയ്ക്കു ഭാര്യയെയും മകനെയും കൂട്ടി വരൂ ട്ടോ "
 ഇറങ്ങാൻ നേരം അമ്മ  ഓർമ്മിപ്പിച്ചു...
മെയ് മാസത്തിന്റെ പൊള്ളുന്ന ഈ പകലിൽ മനസ്സ് സ്നേഹ മഴയിൽ കുളിരുന്നു... വഴിയിലൊരിടത്തൊരു മതിൽക്കെട്ടിനോട് ചാരി ഒരു കൊന്നമരത്തിൽ കൊന്നപൂത്തുനിൽക്കുന്നു... വിഷു കഴിഞ്ഞ് മാസമൊന്നു കഴിഞ്ഞിരിക്കുന്നു.... മനസ്സ് പറഞ്ഞു.... "ഇപ്പോഴും കൊന്നകൾ പൂത്തുനിൽക്കുന്നുണ്ട്... ചിലയിടങ്ങളിൽ"...
*****************