31-12-2018

📗📘📕📗📘📕
ഒസ്സാത്തി
ബീന
നോവൽ
(DC Books)

ഈ പുസ്തകത്തെക്കുറിച്ച് ഞാനാദ്യം കേൾക്കുന്നത് പ്രിയ സുഹൃത്ത് അനിൽ മാഷിൽ നിന്നാണ്,,, പത്ത് പതിനഞ്ച് മാസങ്ങൾക്കു മുമ്പ്,,,,,
അതിനു ശേഷം ഗഫൂർ മാഷുമായി പരിചയപ്പെട്ടപ്പോൾ ഇതിലെ സാമൂഹിക യാഥാർത്ഥ്യം വടക്കൻ ജില്ലകളിൽ അതേപടി നിലനിൽക്കുന്നതാണെന്നും മനസിലാക്കാൻ കഴിഞ്ഞു. എന്തായാലും അന്നു മുതൽ വായിക്കണമെന്നാഗ്രഹിക്കുകയും പുസ്തകം വാങ്ങുന്ന സന്ദർഭങ്ങളിലൊക്കെ പലപ്പോഴും മറന്നു പോകുകയും ചെയ്ത ഈ പുസ്തകം ഇന്നലെ സഹോദരന്റെ പുസ്തക ശേഖരത്തിൽ കണ്ടപ്പോൾ അടക്കാനാവാത്ത സന്തോഷം തോന്നി,,, വനിതാ മതിലിനായുള്ള പരിശ്രമങ്ങൾ നടക്കുന്ന ഈ അവസരത്തിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട,,, ചിന്തിക്കേണ്ട വിഷയം തന്നെയാണ് ഇത് അനാവരണം ചെയ്യുന്നത്.

ബ്രിട്ടീഷ് ഭരണം നമുക്കു സമ്മാനിച്ച ജാതീയത,,,, ഇന്ത്യൻ സംസ്കാരത്തിന്റെ ഏറ്റവും വലിയ ശാപം,,,, അത് ഹിന്ദു മതത്തെ മാത്രമല്ല ഇതര മത വിഭാഗങ്ങളെയും ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്,,, തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള ഉച്ചനീചത്വങ്ങൾ, അവയുടെ ഗുണദോഷങ്ങൾ അനുഭവിക്കുക എന്നുള്ളത് ഇസ് ലാമിലും വ്യത്യസ്തമായിരുന്നില്ല. മത ഗ്രന്ഥങ്ങളിൽ മനുഷ്യ സമത്വവും സാഹോദര്യവും വിളംബരം ചെയ്യുന്നുണ്ടെങ്കിലും പ്രായോഗിക ജീവിതത്തിൽ അത് അനുവർത്തിക്കപ്പെടുന്നില്ല എന്ന സാമൂഹിക യാഥാർത്ഥ്യം വരച്ചിടാൻ ബീനയ്ക്കു കഴിഞ്ഞു.

കാലഹരണപ്പെട്ട മത നിയമങ്ങൾക്കുള്ളിൽ അനാഥവും നിസ്സഹായവും ആവുന്ന സ്ത്രീ ജീവിതത്തിന്റെ യഥാർത്ഥ ചിത്രമാണ് ഈ നോവൽ.

നോവലിൽ അഭിജാത മുസ് ലിം കുടുംബത്തിലെ അൻവർ എന്ന നല്ല മനുഷ്യന്റെ ഭാര്യയായി എത്തപ്പെടുന്ന സൽമ എന്ന പെൺകുട്ടിയാണ് കേന്ദ്ര കഥാപാത്രം. അവൾ മുസ് ലിം സമുദായത്തിലെ ക്ഷുരകവൃത്തി ചെയ്യുന്ന ഒസ്സാൻ മൊയ്തൂട്ടിയുടെ മകളാണ്. കോളേജിൽ പഠിച്ചു കൊണ്ടിരിക്കുന്ന 18 വയസ് മാത്രം പ്രായമുള്ള സുന്ദരിയായ പെൺകുട്ടിയാണ് സൽമ. പഠനം കഴിഞ്ഞു മതി വിവാഹം എന്നാഗ്രഹിക്കുന്ന അവൾ
തന്നെ ഇഷ്ടപ്പെട്ടു വിവാഹം കഴിക്കാനെത്തിയ അൻവറിന്റെ, വിവാഹശേഷം വിദ്യാഭ്യാസം തുടരാം എന്ന വാക്കിൽ വിശ്വസിച്ച് വിവാഹത്തിന് തയ്യാറാകുന്നു,,, എന്നാൽ
വിധിവിഹിതം മറ്റൊന്നായിരുന്നു,,

 തന്റെ ഭർത്താവിനോടൊപ്പം വിരുന്നിനു പോകാൻ അവൾക്ക് അനുവാദമില്ലായിരുന്നു. പോയിടത്താകട്ടെ വാപ്പുമ്മ കൂടെയുണ്ടായിരുന്നു. ( വിളിക്കാൻ കുടുംബക്കാർ തയ്യാറായതുമില്ല) സ്വന്തം  വീട്ടിൽ പോകാനോ അൻവറുമൊരുമിച്ച് ഭക്ഷണം കഴിക്കാനോ എന്തിന് പകൽനേരങ്ങളിൽ ഒന്ന് സംസാരിക്കാൻ പോലും അവളെ വീട്ടുകാർ അനുവദിച്ചില്ല.  ഗർഭകാലത്തുപോലും വിശ്രമം അനുവദിക്കുകയോ സ്വന്തം വീട്ടിൽ നിൽക്കാനോ അനുവദിക്കാത്ത ഉമ്മമാർ സദാസമയവും അവളെയും അവളുടെ വാപ്പയേയും ആക്ഷേപിച്ചു കൊണ്ടേയിരുന്നു, മാനസിക പീഡനം ഏൽക്കാത്ത ദിവസങ്ങൾ ഭർതൃവീട്ടിൽ ഇല്ലാതെയായി. ഇങ്ങനെ പോയാൽ സൽമ വിവാഹ ജീവിതം വെറുത്തു പോകും എന്ന് അൻവറിന് അറിയാമെങ്കിലും കുടുംബ കലഹം ഇല്ലാതിരിക്കാൻ അവനൊന്നും പ്രതികരിക്കുന്നില്ല. അൻവറിന്റെ ഇളയ സഹോദരി നസ്രിയയും ഭർത്താവും മാത്രമാണ് സൽമയെ അംഗീകരിച്ചിരുന്നത്.

സൽമയ്ക്ക് ധാരാളം പൊന്നു നൽകിയാണ് സഹോദരങ്ങൾ അവളെ ഉയർന്ന കുടുംബത്തിലേക്ക് പറഞ്ഞു വിട്ടത്. വളരെ സന്തോഷത്തിൽ കഴിഞ്ഞിരുന്ന അവളുടെ സന്തോഷമെല്ലാം വളരെ പെട്ടെന്ന് തന്നെ അവസാനിച്ചു. ഒടുവിൽ അൻവറിന് ഗൾഫിൽ പോകാൻ വേണ്ടി അവളുടെ സ്വർണ്ണമെല്ലാം വിൽക്കേണ്ടി വരുന്നു. താനുള്ളപ്പോൾ തന്നെ സൽമ അനുഭവിക്കുന്ന ദുരിതങ്ങൾ, തന്റെ അഭാവത്തിൽ എന്തുമാത്രം ആയിരിക്കും എന്നുള്ളത് അൻവർ ചിന്തിക്കുന്നുണ്ട്,,,ഗൾഫിൽ പോയതിനു ശേഷവും സമ്പാദ്യമെല്ലാം വീട്ടുകാർക്കു വിനിയോഗിക്കുകയും പിന്നീട് വീട്ടിൽ നിന്നും മാറിത്തമസിക്കണം എന്ന് ഉപ്പ പറയുകയും ചെയ്തപ്പോൾ അൻവർ ആകെ തകർന്നു പോകുന്നു. മാത്രമല്ല താൻ സംരക്ഷിച്ചിരുന്ന കടമുറി സഹോദരന്റെ നിക്കാഹിനു വേണ്ടി ഉപ്പ വിൽക്കാൻ തയ്യാറാകുന്നതു കൂടി അറിഞ്ഞപ്പോൾ മാതാപിതാക്കളും മക്കളെ വേർതിരിവോടെ കാണുന്ന യാഥാർത്ഥ്യം അവൻ തിരിച്ചറിയുന്നു. ഗൾഫിൽ പോകാൻ പണമില്ലാതിരുന്ന അവസരം അവന്റെ കടവിൽക്കാൻ ഉപ്പറയുന്നതേയില്ല. പകരം സൽമയുടെ ആഭരണങ്ങളാണ് വിൽക്കുന്നത്. എങ്കിലും സൽമയ്ക്കു സന്തോഷമുണ്ട്. മാറിത്താമസിച്ചാലെങ്കിലും തന്റെ ദുരിതങ്ങൾ അവസാനിക്കുമല്ലോ എന്ന ചിന്ത... അതു കൊണ്ടു തന്നെ സൽമയേയും കുഞ്ഞിനേയും ഗൾഫിലേക്ക് കൊണ്ടു പോകാനുള്ള ശ്രമം ഉപേക്ഷിച്ച് അൻവർ വീടു വയ്ക്കാൻ തുടങ്ങുന്നു,,, ഇതിനിടയിൽ അനുജന്റെ വിവാഹം, അനുജനും മൂത്ത സഹോദരിക്കും ഭർത്താവിനും സൽമയോടുള്ള അവഗണന,,,, സൽമ യുടെ വീട്ടുകാരുടെ അപകർഷബോധം (ഉപ്പയ്ക്കും ഉമ്മയ്ക്കും മാത്രം,,,സഹോദരങ്ങൾ അങ്ങനെ ചിന്തിക്കുന്നില്ല,,, പുതിയ തലമുറയുടെ സാമൂഹികബോധം).ഗൾഫിൽ നിന്നുള്ള ആദ്യ വരവിൽ അൻവറെ വിളിക്കാൻ സൽമയെ കൂട്ടാതെ സഹോദരങ്ങൾ മാത്രമായുള്ള യാത്ര,,
സൽമയുടെ വീട്ടുകാർക്ക് ഒന്നും കൊണ്ടുവരാതെ പിന്നീട് നാട്ടിലെ കടയിൽ നിന്നും അവർക്കു വേണ്ടുന്ന തുണിത്തരങ്ങൾ വാങ്ങേണ്ടുന്ന ഗതികേട്.ഒരു ഫോൺ പോലും ഉപയോഗിക്കാനുള്ള സൽമയുടെ സ്വാതന്ത്ര്യ നിഷേധം, അവൾടെ സഹോദരൻ ഗൾഫിൽ നിന്നും അവൾക്കായി കൊടുത്തു വിടുന്ന സമ്മാനങ്ങൾ അൻവർ കൊടുത്തു വിടുന്നതാണെന്നും അവൾ കള്ളം പറയുന്നതാണെന്നുമുള്ള ധാരണയിൽ അവൾ കേൾക്കേണ്ടി വരുന്ന വഴക്കുകളും അവഹേളനങ്ങളും,,, ഇങ്ങനെ ധാരാളം കുടുംബ ചിത്രങ്ങൾ,,,,

നോവൽ തുടങ്ങുന്നതു തന്നെ അൻവറിന്റെ മരണം ചിത്രീകരിച്ചു കൊണ്ടാണ്. പ്രവാസ ജീവിതത്തിനിടയിൽ സംഭവിച്ച കാർഡിയാക് അറസ്റ്റ്.അതിനു ശേഷം പ്രവാസകാലത്തെ അൻവറിന്റെ ചിന്തകളിലൂടെയാണ് ആഖ്യാനം പുരോഗമിക്കുന്നത്,,,,,

നാളേറെ കഴിഞ്ഞപ്പോൾ ഉപ്പയ്ക്കും,,,,പിന്നെ ഇളയ മരുമകളുടെ സ്വഭാവം മനസിലായപ്പോൾ ഉമ്മമാർക്കും സൽമയോടുള്ള അവഗണന മാറുന്നുണ്ട്,,, പക്ഷേ ഇളയ മകന്റെയും മൂത്ത മകളുടെയും തീരുമാനത്തിലാണ് കുടുംബ കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നത്,,,

അൻവറിന്റെ മരണശേഷം സൽമയും കുട്ടികളും (ഇളയ കുട്ടിക്ക് മൂന്നു മാസം പ്രായം ) സ്വന്തം വീട്ടിലേക്ക് പോകുന്നു. അൻവറിന്റെ അധ്വാനത്തിലുണ്ടാക്കിയ വീട് അവർക്കു കിട്ടും എന്ന് ചിന്തിക്കുന്നുവെങ്കിലും സൽമയെയും കുട്ടികളെയും അംഗീകരിക്കാൻ തയ്യാറാകാത്ത കുടുംബം അത് കൊടുക്കാൻ തയ്യാറാകുന്നില്ല,,, കുട്ടികളുടെ കാര്യം പോലും അവർ അന്വേഷിക്കുന്നില്ല,,,

തനിക്കുള്ളതെല്ലാം ഭർത്താവിന്റെ ഉയർച്ചയ്ക്കു വേണ്ടി ചിലവഴിച്ചിട്ടും ഭർത്താവിനുള്ള അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട / നീതി നിഷേധിക്കപ്പെട്ട സൽമ,,,, അവൾ ജീവിക്കാൻ തന്നെ തീരുമാനിക്കുന്നു,,,

സൽമയുടെ ദുരിത ജീവിതത്തോടൊപ്പം സാധാരണക്കാരായ പ്രവാസികളുടെ ജീവിതദുരിതങ്ങളും ആശങ്കകളും വളരെ ഭംഗിയായി വരച്ചിടാൻ ബീനയ്ക്കു കഴിഞ്ഞു.

സമൂഹം എത്ര വിദ്യാസമ്പന്നമായാലും സംസ്കാര സമ്പന്നരെന്ന്  അഹങ്കരിക്കുന്ന നാം ഉള്ളിന്റെയുള്ളിൽ ചീഞ്ഞളിഞ്ഞ മൃതദേഹത്തെക്കാൾ ശോചനീയമായ കാഴ്ചപ്പാടുകൾ സൂക്ഷിക്കുന്നു ഇന്നും.

വി.കെ ശ്രീരാമൻ പറഞ്ഞതു പോലെ "ബീന സ്വയം അനുഭവിച്ചു തീർക്കുന്ന ഒരു ജീവിതത്തിന്റെ നേർ പകർപ്പായി തോന്നുമീ കഥയിലൂടെ കടന്നുപോകുമ്പോൾ."
അത്രയും തീഷ്ണമായ വായനാനുഭവം പകർന്നു തരുന്ന കൃതി,,,
ഒറ്റയിരുപ്പിൽ വായിച്ചു തീരുന്നതിനിടയ്ക്ക് പലപ്പോഴും കണ്ണുനിറഞ്ഞ് അക്ഷരങ്ങൾ കാണാതായി,,,,
നവോത്ഥാനത്തിന്റെ ഈ അവസരത്തിൽ വായിക്കുക,,, ചിന്തിക്കുക,,, പ്രതികരിക്കുക,,,

വായിക്കാൻ പ്രേരണ നൽകിയ അനിൽ  മാഷിന് നന്ദി, സ്നേഹം🙏😍

സ്നേഹത്തോടെ,
സബുന്നിസ

🌾🌾🌾🌾🌾