30-09-19b


📚📚📚📚📚📚
തസ്കരൻ മണിയൻ പിള്ളയുടെ ആത്മകഥ
ജി.ആർ.ഇന്ദുഗോപൻ

 ഡിസി ബുക്സ്
 പേജ് 506
 വില 480

ഒരു തസ്കരൻ മലയാളിയുടെ ബോധമണ്ഡലത്തെ മുച്ചൂടും ഉഴുതു മറിക്കാൻ തുടങ്ങിയിട്ട് ഒരു വ്യാഴവട്ടം ആവുകയാണ് .ഉറക്കം കെടുത്തുന്ന വായനകൾ  സമ്മാനിക്കുന്നതായി മലയാളത്തിൽ ഇതുപോലെ അധികം പുസ്തകങ്ങൾ ഇല്ല.എത്ര ആഴത്തിലും പരപ്പിലും മനുഷ്യ മനസ്സറിയുന്നവനും  രണ്ടുജന്മമുണ്ട്.തസ്കരന്റെ അനുഭവങ്ങൾ അറിഞ്ഞിട്ടില്ലാത്ത ഒരു ജന്മവും,ആത്മകഥ വായിച്ചതിനുശേഷമുള്ള ഒരു ജന്മവും.അത്രമേൽ വിപുലമായ അനുഭവങ്ങളുടെ പൂരപ്പറമ്പാണ് മണിയൻപിള്ളയുടെ ജീവിതം.

     "കേരളത്തിലെ  കുടുംബങ്ങളിൽ കയറി മോഷ്ടിക്കുക അത്ര എളുപ്പമല്ല.  കാരണം മറ്റൊന്നുമല്ല . ഉറങ്ങാതെ വേദനിച്ച് കഴിയുന്ന പെണ്ണുങ്ങൾ ഒരുപാടുള്ള നാടാണ് ഇത്". ഇത് മണിയൻപിള്ളയുടെ വാക്കുകൾ ആയാലും, മണിയൻപിള്ളയെ കേട്ട, ജി ആർ ഇന്ദുഗോപൻെറ വാക്കുകൾ ആയാലും ഒരു നക്തഞ്ചരന്റെ വെളിപാടാണ്.രാത്രിയുടെ മറവിലിരുന്ന് വിവിധ ജീവിതങ്ങളിലൂടെ ആവർത്തിച്ചു കണ്ട സത്യത്തിന്റെ ചൂരുണ്ടതിന്.ഒരിക്കലും മറക്കാൻ കഴിയാത്ത നന്മമരങ്ങളുടെയും,ചേരുമരങ്ങളുടെയും ഉഗ്രവനമാണിത്.നാം സൂക്ഷിച്ചുനടക്കുക.

   ഏതോ കാഥികന്റെ വർണ്ണനകേട്ട് മുക്കം കാണാൻ ഇറങ്ങിയ മൂവരിലെ മണിക്കുട്ടന്റെ കഥ ഹൃദയസ്പർശിയാണ്.
റെയിൽവേ ജീവനക്കാർ ഉപയോഗിച്ച് ഉപേക്ഷിച്ച മൃതപ്രായയായ പെൺകുട്ടിയെ രക്ഷിച്ച, വിവാഹം കഴിച്ച് അവളാൽ ഉപേക്ഷിക്കപ്പെട്ട് ,താൻ വിശ്വസിച്ച നക്സലിസം പരാജയപ്പെടുന്നത് കണ്ടു വേദനിച്ച് ,മുഴുക്കുടിയനായി താമരശ്ശേരി അടിവാരത്ത്  ഏതോ കടമുറിയുടെ  മുകൾനിലയിലെ ചെറുമുറിയിൽ രണ്ടു ദിവസംപഴകിയ  ശവശരീരമായി ഒടുങ്ങിയവൻ .ബംഗ്ലാവിലെ മണിക്കുട്ടൻ .

ഷാപ്പിലെ നാൽവർ തല്ലു കൂട്ടത്തിലെ മറ്റുമൂന്നുപേർ. രണ്ട് കമർമാർ ,മൂന്നാമൻ മുട്ടി ഇബ്രാഹിം.  ഇബ്രാഹിം നല്ല തല്ലു കാരനായിരുന്നു പ്രായമായപ്പോൾ സരസനായി. ഒരു ദിവസം കള്ളേറ്റത്തിൽ തീവണ്ടിയുടെ വരവ് ഇഷ്ടപ്പെട്ടില്ല. തീവണ്ടിയുടെ അഹങ്കാരമടക്കാൻ, പാളത്തിൽ കയറിനിന്ന് ഏഴ് കഷണമായി . വലിയ വീട്ടിൽ ജനിച്ച കാക്ക കമർ റൗഡി ആയി തല്ലുകൊണ്ട്  ഒടുവിൽ  പള്ളിമുക്കിൽ ഉള്ള കാക്ക(ചേട്ടൻ)മാരുടെ കടകളിൽ ചെന്ന് തെണ്ടി, ഒരു കടത്തിണ്ണയിൽ കിടന്നു ചത്തു .മറ്റേ കമർ നാട്ടിലെ പെണ്ണുങ്ങളെ പറ്റിച്ച തേങ്ങയുമായും,രാത്രിയാത്രികരെപേടിപ്പിച്ച പണവുമായും ഷാപ്പി ലെത്തി കള്ളുകുടിച്ച് ഒടുവിൽ കലുങ്കിന് മുകളിൽ കയറി എന്തോ ജാട കാണിച്ച് ,ഉച്ചികുത്തി താഴെ തോട്ടിലെപാറയിൽ വീണ് ചത്തു.

      മയക്കുസുകുവിന്റെ രതിയാത്രയും,ബാർജീവനക്കാരൻ ശശിയുടെ തരികിടയും വായിച്ച് ഒടുവിൽ,സുകുവിനെ തീവണ്ടിയിൽ നിന്ന് തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചയാൾ ശശിയെന്നറിഞ്ഞു വിറങ്ങലിക്കാൻ,പ്രിയവായനക്കാരാ,മാനസികമായി നന്നായി തയ്യാറെടുക്കണേ.

    കൊല്ലം മയ്യനാട് കക്കോട്ടുമൂലക്കടുത്ത്  അമേരിക്കക്കാരുടെ വീട്ടിൽ, കള്ളൻ കബളിപ്പിച്ചതിന്റെ ആഘാതത്തിൽ ആത്മഹത്യ ചെയ്ത രണ്ടു പട്ടികളുടെ കഥ ഒരുവായനക്കാരനും മറക്കാനാവില്ല. കേസ് വെറുതെ വിട്ടു. കോടതിയിൽ  ഉടമസ്ഥൻ പറഞ്ഞു :"എൻറെ വീട്ടിൽ ആരും കയറിയിട്ടില്ല .ഈ സാധനങ്ങൾ ഏന്റേതു തന്നെയാണ്. ഞാനത് ഇയാൾക്ക് വെറുതെ കൊടുത്തതാണ്".

   വീട്ടുകാർ ഒരുകാര്യം ഓർക്കണം ഉപയോഗിക്കാത്ത സാനിറ്ററി നാപ്കിൻ പൊട്ടിച്ചിട്ട് ബാത്റൂമിലെ ചവറു തൊട്ടിയിൽ സ്വർണം ഒളിപ്പിക്കരുത്. അടുക്കളയിലോ സ്റ്റോറിലോ ആണ് സൗകര്യം. 50 പത്രങ്ങൾക്ക് ഇടയിൽനിന്ന്  ശരിയായ പാത്രം കണ്ടെത്താൻ കള്ളനാവില്ല.
(പക്ഷേ, അതിനിടയിൽ കുട്ടിക്കൂറപൗഡർടിന്നിൽ പണം വയ്ക്കരുത്.കോഴിക്കോട് വെള്ളയിൽ റയിൽവേസ്റ്റേഷനടുത്തുള്ള വീട്ടുകാരെപ്പോലെ.)

  റിലീസിന് തലേദിവസം ജയിലിൽ ചാടിയ ശിവൻപിള്ളയെ നമുക്ക് പെട്ടെന്ന് മനസ്സിലായെന്നുവരില്ല. അഥവാ മനസ്സിലായാലും കർണാടകത്തിലെ ഒരു ഗ്രാമത്തിൽ രണ്ടുവർഷംകൊണ്ട്  അതിസമ്പന്നനായി ,ഗുണ്ടു റാവുവിനോടും രാമകൃഷ്ണ ഹെഗ്ഡെയോടും ഒരേസമയം -ഒരാളോട് പരസ്യമായും മറ്റെയാളോടു രഹസ്യമായും -സീറ്റ് ചർച്ച നടത്തി ,നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങി, വ്യാജതിരിച്ചറിയൽ രേഖ ഉണ്ടാക്കി ,തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിച്ചു തുടങ്ങിയ സലിം പാഷയെ മനസ്സിലാവില്ല .ഇതൊക്കെ മനസ്സിലാക്കിയാലും താൻ രാജാവായി ജീവിച്ച മണ്ണിലൂടെ തെണ്ടാൻപോലുമാവാതെ തിരിച്ചുവന്ന മണിയൻപിള്ളയെ എങ്ങനെ മനസ്സിലാകാനാണ്!

      സ്ത്രീകളുടെ മനശാസ്ത്രം നിങ്ങൾ നന്നായി അറിഞ്ഞിരിക്കാം അഥവാ നിങ്ങൾ ഒരു സ്ത്രീ  ആയിരിക്കാം .എങ്കിലും നിങ്ങളുടെ അറിവുകൾ വളരെ തുച്ഛമായിരുന്നു എന്ന് മണിയൻപിള്ള നിങ്ങളെ ബോധ്യപ്പെടുത്തും.
 രണ്ടു കന്യാസ്ത്രീകളുടെ ലൈംഗിക തൃഷ്ണയാണോ ഒരു രാത്രിമുഴുവൻ സുഖം കൊടുത്തവന് രോഗം ബാധിച്ചപ്പോൾ അവർ കാട്ടിയ മാതൃവാത്സല്യമാണോ നിങ്ങളെ ഏറെ ആകർഷിക്കുക എന്ന് പറയാൻഞാനാളല്ല. ലൈംഗികതയെക്കുറിച്ച്  മണിയൻപിള്ള നൽകുന്ന ക്ലാസുകളെ കുറിച്ചും ഒന്നും പറയാനിവനില്ല . പക്ഷേ ഒരു മോഷ്ടാവ് എങ്ങനെയാവും ചിന്തിക്കുന്നതെന്ന്  മണിയൻപിള്ള പറഞ്ഞുതരുന്നത്  മനസ്സിരുത്തി വായിക്കൂ. കള്ളന്മാരിൽ നിന്നും   സ്വന്തം വീടിനെ, ധനത്തെ,പ്രാണനെ, സംരക്ഷിക്കാൻ ആ ഉപദേശങ്ങൾ സഹായിച്ചേക്കും.

ഹിന്ദുവായും മുസ്ലിമായും ക്രിസ്ത്യാനിയായും ജീവിച്ച ഒരു മനുഷ്യൻ മതത്തെ കുറിച്ച് പറയുന്നത് ആരെ ചിന്തിപ്പിക്കുക ഇല്ല! പോലീസുകാരോടൊപ്പം ഒരായുസ്സ് മുഴുവൻ, ശത്രുവായും മിത്രമായും ജീവിച്ച് ഓരോതരം പൊലീസുകാര(ി)നെയും നമ്മുടെ മുമ്പിൽ അയാൾ   നഗ്നരായി നിർത്തുകയാണ്. 'നാമിങ്ങറിയുവതല്പം' എന്ന് പൂർണ്ണമായ അർത്ഥത്തിൽ അത് നമ്മളോട് പറഞ്ഞു തരും

രതിയുടെയും ഉന്മാദ ത്തിൻറെയും പ്രായഭേദമില്ലാത്ത ശീലവും ശീലക്കേടുകളും; ചതിയുടെയും വിശ്വാസത്തിൻറെയും സീമകൾ ഇല്ലാത്ത ലോകവും ,- പലതും ഒളിക്കാതെയും ചിലതെല്ലാംഒളിച്ചും- അതിൻറെ വിശ്വരൂപം കാട്ടി നിൽക്കുന്ന മേച്ചിൽപ്പുറത്തേക്ക്പ്രിയപ്പെട്ട വായനക്കാരാ, സ്വാഗതം

രതീഷ്കുമാർ