30-03-19

ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാനിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." കഴിഞ്ഞയാഴ്ചയിലെ ബാക്കി ഇപ്പോൾ വായിക്കാം..👇🏻
ആത്മായനം തീക്ഷ്ണ ഭാവങ്ങളിലൂടെ മുന്നോട്ട്..👇🏻

ഇതാണ് ഞാൻ...
ആത്മായനം
ജസീന റഹീം
ആണി രോഗമുള്ളവരുടെ ചെരിപ്പിട്ടാൽ രോഗം പകരുമെന്ന് മുതിർന്നവർ പറഞ്ഞിട്ടും ഉപ്പുപ്പ ചെരുപ്പ് ഊരിയിടുന്ന തക്കം നോക്കി അതുമെടുത്തിട്ട് നടന്നിരുന്നു ഞാൻ.. കാലിന്റെ ഉപ്പൂറ്റിയിലെ തൊലി ഇടക്കിടെ ഉപ്പുപ്പ ബ്ലേഡ് വച്ച് ചെത്തിക്കളയുമായിരുന്നു.. ഉപ്പൂറ്റിയിലായിരുന്നു ആണിയധികവും..അതിനാൽ വിരലുകൾ ചെരുപ്പിൽ ഊന്നി നടന്ന് വിരലുകളും ചെരുപ്പുകളും തേഞ്ഞ് തീർന്നു.. എന്നിട്ടും ഒരിടത്തും അടങ്ങിയിരിക്കാതെ പറങ്കിമാവിൽ കയറിയും കുരുമുളക് പറിച്ചും ഉഷാറായി ഉപ്പുപ്പ നടന്നു..
      ഉമ്മുമ്മായെ കുറിച്ചുള്ള എന്റെയോർമ്മകൾക്ക് അടുപ്പിൽ ചുട്ട് തല്ലിയെടുത്ത പറങ്കിയണ്ടിയുടെയും വറുത്തരച്ച തീയലിന്റെയും മണമാണ്.. രുചിയേറിയ കറികളിലൂടെയായിരുന്നു ഉമ്മുമ്മായെ എന്നും ഇഷ്ടപ്പെട്ടിരുന്നത്.. ആറു മക്കളെ തീറ്റിപ്പോറ്റാൻ വയറ് മുറുക്കിയുടുത്ത പാവം .. അന്നത്തെ കഷ്ടപ്പാടിന്റെ കഥകൾ ഉമ്മ ഇന്ന് എന്റെ മക്കളോട് പറയുമ്പോൾ അവരത് കേട്ട് ആർത്തുചിരിക്കുമ്പോഴും ..ആ പഴംകഥകൾ ദാരിദ്ര്യത്തിന്റെയും ഓട്ടത്തുണികളുടെയും വല്ലായ്മകളിൽ നൊന്തവയായിരുന്നു..
      ഒരിക്കൽ ഉമ്മ യുവതിയായ കാലത്ത്.. ഉപ്പുപ്പായോടൊപ്പം കടയിൽ പോകാൻ .. ഇടാനൊരു നല്ല ഉടുപ്പില്ലാതെ കരഞ്ഞപ്പോൾ ചെറുപ്പക്കാരിയായ മകൾക്കിടാൻ ഉമ്മുമ്മ സ്വന്തം കുപ്പായം നൽകിയതും.. ഉമ്മ കരഞ്ഞു കൊണ്ട് ഗതികെട്ട് പാകമല്ലാത്ത കുപ്പായമിട്ടു പോയതും ഇന്ന് എന്റെ മക്കൾക്ക് വെറും ചിരിക്കഥകളായി മാറി.. പലപ്പോഴുംകപ്പയും ചക്കയും മാത്രമിട്ട് വേവിച്ച് ആറു വയറിനെ ഊട്ടിയ ഉമ്മുമ്മായും വില കൂടിയ അരിയെക്കാൾ റേഷനരിച്ചോറിഷ് ടപ്പെടുന്ന ഉമ്മായുമൊക്കെ പറയാതെ പറഞ്ഞ ചില ജീവിത പാഠങ്ങളുണ്ട്..
      ആർഭാടങ്ങളോട് അന്നുമിന്നും ഭ്രമമില്ലാതെയാണ് ജീവിക്കുന്നത് .. വില കൂടിയ തുണികളിൽ തൊട്ടാൽ പൊള്ളുന്ന വിരലുകളാണെന്റേത്.. ജീവിതം തന്ന ചില അപകർഷതകൾ ഇന്നും ഉള്ളിലുള്ളത്  കൊണ്ടാവാം പൊങ്ങച്ചക്കല്യാണങ്ങളിലും ആഘോഷങ്ങളിലും നിന്ന് പിൻവലിഞ്ഞ് മാറാൻ ശ്രമിക്കുന്നത്...
      ഓല മേഞ്ഞ.. ചാണകം മെഴുകിയ.. കുളിരുറഞ്ഞ വീട്ടിൽ ഉമ്മുമ്മ ഒരുക്കിയ ചോറും കറികളും കഴിച്ചുറങ്ങിയുണർന്ന എത്രയെത്ര അവധിക്കാലങ്ങൾ.. ഉമ്മുമ്മ തീരെ അവശയാകും വരെ എല്ലാ വർഷവും പറങ്കിയണ്ടി ചുട്ടു തല്ലി വൃത്തിയാക്കി ..അതുമായി കരുനാഗപ്പള്ളിയിലെ വലിയ പള്ളിയിലേക്ക് നടത്തിയ യാത്രകളിൽ പലപ്പോഴും ഞങ്ങൾ കുട്ടികളെയും ഒപ്പം കൂട്ടിയിരുന്നു.. ഒരു വർഷമെങ്കിലും പോകാൻ വൈകിയാൽ വലിയപള്ളിയിലെ ഖബറിടങ്ങളിലുറങ്ങുന്ന ഷെയ്ഖ്മാർ ഉമ്മുമ്മായുടെ സ്വപ്നങ്ങളിലേക്ക് പരിഭവവുമായെത്തി.. കരുനാഗപ്പള്ളിക്കാരിയായ ഉമ്മുമ്മ കൊട്ടാരക്കരയിലെത്തിയിട്ടും.. മറക്കാതെ .. മുടങ്ങാതെ ..ഭക്തിപൂർവ്വം പോയിരുന്നത് കരുനാഗപ്പള്ളിയിലെ ഷെയ്ഖ്മാരുടെ ഖബറിടങ്ങളിൽ മാത്രമായിരുന്നു..
🔷🔷🔷🔷🔷🔷🔷🔷

ഓർമയുടെ ചെടി
ദേവി.കെ.എസ്
വരികൾക്കിടയിൽ
ചുഴലിക്കാറ്റിനെ
ഒളിപ്പിച്ച കവിതയിൽ
ഓർമ്മയുടെ ഒരു ചെടിയിൽ പൂക്കൾ ഓടി നടക്കുന്നു.
മഞ്ഞ.. ചുവപ്പ്... നീല
ഏത് നിമിഷവും കാറ്റു കടിച്ചു കുടയാവുന്ന
പൂന്തോട്ടത്തിന്റെ നിറങ്ങൾ..
കാറ്റിന്റെ തൊണ്ടയിൽ കുടുങ്ങാവുന്ന
നിറങ്ങൾ.
എന്നിട്ടും കവിതയുടെ ഒരു തുടം വെള്ളവുമായി
മഴ നടക്കുന്നു ചെടികളെ ചിരിപ്പിക്കുന്നു
"ഇപ്പൊ പൊന്തും
ഇപ്പൊ പൊന്തും "
എന്നു ഭീഷണി മുഴക്കി കാറ്റ്
ഇടയ്ക്കിടെ
പൊടിപടലത്തോടെ ചുമക്കുന്നു
കവിത മാറത്തടക്കിപ്പിടിച്ച
ചെടിയെ
" ന്റെ മക്കളെ "
എന്നു വിളിച്ചു
ചുട്ടുപൊള്ളിയ
ഭൂമിയിലേക്ക് മുഖമമർത്തി
കിടക്കുന്നു...
🔷🔷🔷🔷🔷🔷🔷🔷
👇🏻
ആശുപത്രിയിലിരുന്ന് നാരങ്ങ അടർത്തുമ്പോൾ...
വിനോദ്.കെ.ടി
ആശുപത്രിയിൽ
ഐസിയുവിനു മുന്നിലിരുന്ന്
നാരങ്ങ അടർത്തിയിട്ടുണ്ടോ?...
സൗഹൃദത്തിന്റെ
കണ്ണെരിച്ചിലുകളടങ്ങുന്ന
പുറന്തോടായിരിക്കില്ല
നിങ്ങളോർക്കുന്നത്....
അല്ലികൾക്കു മുകളിലെ
പ്രായമേറുന്തോറും
കയ്ച്ചു പോയെന്ന്
തെറ്റിദ്ധരിച്ച
വെളുത്ത ഞരമ്പുകളായിരിക്കില്ല
നഖങ്ങൾക്കുള്ളിൽ
പറ്റിയിരിക്കുന്നത്....
പരസ്പര സ്നേഹത്തിന്റെ
മധുരം
മാത്രമിറ്റുന്ന
അല്ലികളിൽ നിന്നും
ഡെറ്റോൾ മണമുള്ള
വെറുംനിലത്ത്
വീണു കിടക്കുന്നതു കാണാം
ജന്മ ജന്മാന്തരങ്ങൾക്കപ്പുറത്തേക്ക്
നാം സൂക്ഷിക്കേണ്ടതായ
കുറേ മധുരം പൊതിഞ്ഞ
വിത്തുകൾ....
🔷🔷🔷🔷🔷🔷🔷🔷

മുഖം
ഷജിബുദ്ദീൻ.ബി
    തികച്ചും അപ്രതീക്ഷിതമായി ഒരാള്‍ എന്‍റെ മുഖം വലിച്ചു കീറി.പലപല കഷണങ്ങളായി നുളളിക്കീറി തറയില്‍ വലിച്ചെറിഞ്ഞു.ചോരവാര്‍ന്നു തറയില്‍ കിടന്ന മുഖത്തിന്‍റെ കഷണങ്ങളെ അനുകമ്പയോടെ മണ്ണുപറ്റാതെ ഞാന്‍ പെറുക്കിയെടുത്തു.ഒാരോരോ ഭാഗങ്ങളായി ചേര്‍ത്തു വയ്ക്കാന്‍ തുടങ്ങി. ആദ്യം  കണ്ണുകള്‍ തമ്മില്‍ മാറിപ്പോയി...പിന്നെ ചുണ്ടുകളും മാറിപ്പോയി....പലവട്ടം തിരിച്ചും മറിച്ചും വച്ചിട്ടും എന്‍റെ പഴയ മുഖം തിരിച്ചു കിട്ടിയില്ല. ചിരിച്ചപ്പോഴൊക്കെ അതൊരു തരം വികൃതച്ചിരിയായി....കണ്ടവരൊക്കെ മുഖം തിരിച്ചു....
     രണ്ടു  ദിവസം ഇരുളറയില്‍ വിഷാദം കുടിച്ചിരുന്ന ശേഷം ഒരു ഗിഫ്റ്റ് സെന്‍ററില്‍ പോയി.
  നല്ലനിറത്തിലും ആകര്‍ഷണീയമായ രൂപത്തിലുമുള്ള നിരവധിയെണ്ണം വാരിയിട്ട്  സെയില്‍സ്മാന്‍ ചോദിച്ചു,''ഏതു വേണം സാര്‍?''
        തത്ത മൈന,മയില്‍ തുടങ്ങി പട്ടി,പൂച്ച. കരടി,കാട്ടുപോത്ത്,കാണ്ടാമൃഗം വരെ അതിലുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു, ''ഇതൊന്നും വേണ്ട. തിരിച്ചറിയാനാകാത്ത വിധം മാംസത്തില്‍ ഒട്ടിയിരിക്കണം.എന്‍റെ ഈ തൊലിയുടെ നിറമായിരിക്കണം.''   
       ആദ്യം ഒന്ന് അമ്പരന്ന സെയില്‍സ്മാന്‍ ഒരു കച്ചവടം പോകണ്ടല്ലൊ എന്നു കരുതിയാകണം അവന്‍റെ പണ്ടകശാലയ്ക്കകത്തേയ്ക്ക് ഊളിയിട്ടു കയറി. സമയം കടന്നുകൊണ്ടിരുന്നപ്പോള്‍ എന്നെ വന്നു വലയം ചെയ്ത നിരാശയുടെ മുഖച്ചടവിനെ മായ്ച്ചുകൊണ്ട് അവന്‍  പൊതിക്കെട്ടുകള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു വന്നു.
''ഇത് ശരിയാകുമൊ എന്നു നോക്കണം സാര്‍.''
 നല്ല ഇലാസ്തികതയുള്ളയും തൊലിയുടെ വര്‍ണമാര്‍ന്നതുമായ   ഒരെണ്ണം.  അതെടുത്ത് അണിഞ്ഞുകൊണ്ട്  അവനെ നോക്കി ഞാന്‍ ചിരിച്ചു.
        ''വഹ്...! മനോഹരമായ  ചിരി.''അവനില്‍ നിന്നും ഒരു വിലയിരുത്തല്‍ അടര്‍ന്നു വീണു.
       വഴിയില്‍ വച്ചു കണ്ടവരെല്ലാം നന്നായി ചിരിച്ചു. അക്കൂട്ടത്തില്‍ എന്‍റെ മുഖം വലിച്ചു കീറിയവനുമുണ്ടായിരുന്നു. അയാള്‍ക്ക് എന്നെ മനസിലായതേയില്ല.
      വീട്ടില്‍ ചെന്ന്‌ അലച്ചിലിന്‍റെ ക്ഷീണം മാറ്റാനായി മുഖം കഴുകിയ ശേഷം കണ്ണാടിയില്‍ നോക്കിയ ഞാന്‍ അന്തിച്ചു പോയി,ഇതേതു ഞാന്‍....?
🔷🔷🔷🔷🔷🔷🔷🔷

അടർന്ന ഇല 
കൃഷ്ണദാസ്.കെ
അമ്മ മരം ഉള്ള കാലം
എല്ലാ ഇലയും മക്കളാണ്.
നല്ല  ബന്ധത്തിന്  ഒരു അടരൽ സാധ്യയുണ്ട്.
അമ്മയുടെ മടിതട്ടിലേയ്‌ക്ക് 
ഇലകൾ പതിക്കുന്നത് മണ്ണിന്റെ ജൈവാംശങ്ങളിൽ അലിഞ്ഞു
നേടിയ  സ്നേഹത്തിന്
പ്രത്യുപകാരമാവാൻ വേണ്ടിയാണ്.
കൂടപ്പിറപ്പായ ഇലകൾക്ക് ആശ്വാസവും ,
സഹജീവികൾക്ക് ആത്മവിശ്വാസവുമാവാൻ
വേണ്ടിയാണ്.
ഭാവിയേ ഓർത്തുള്ള ഉൽകണ്ഠയോ  ,ദുഃഖമോ ,
അകാരണ ഭയമോ തീരേ ഇല്ല .
അടർന്നു വീഴുന്ന ഒരു ദിനം
ആഗതമാവും എന്ന അറിവാണ്
ഇലയേ ഇലയാക്കുന്നത്.
മണ്ണിൽ പതിച്ചാൽ
ചെയ്തു തീർക്കാനുള്ള
കടമയാണ് കൈമുതൽ.
അമ്മയോട് പറ്റി നിന്ന ഇലകൾ
ഒരു ദിവസം അടർന്ന് മാറുന്നത് 
കൂടേ ചേർന്നവർക്കു വേണ്ടി
ഉടലു വീഴുവോളം നന്മയായ്
തളിർക്കാൻ വേണ്ടിയാണ്.
അടർന്നു വീഴുമ്പോഴും
കാറ്റും വെയിലും
കരിയിലയാക്കി വിസ്മൃതിയിലേയ്ക്ക് തള്ളുമ്പോഴും
കുലത്തോടും
കൂടപ്പിറപ്പോടും
അവസാനം വരെ
ഇല കാണിക്കുന്ന അന്തസ്സ് 
വലിയ ഓർമ്മപ്പെടുത്തലാണ്.
പ്രകൃതിയിലെന്തും
ഇങ്ങനെയാണത്രേ !
തിരിഞ്ഞു നോക്കാൻ മറക്കണ്ട !
കുറേ മുന്നോട്ടു പോകാനുള്ളതല്ലേ ?
🔷🔷🔷🔷🔷🔷🔷🔷

രഘു, മറ്റൊരു നജീബ്
ബെന്യാമിന്റെ നജീബ് മലയാളക്കരയിലുണ്ടാക്കിയ തീക്കാറ്റിന്റെ ചൂട് ഇനിയും മാറിയിട്ടില്ല.. ഇപ്പോഴിതാ, പ്രവാസ ജീവിതത്തിന്റെ കനൽപ്പാതകളിലൂടെ നാട്ടിലെത്തി, പൊള്ളുന്ന ഒരു കൂട്ടം കവിതകളുമായി സൈക്കിളിൽ ഊരു ചുറ്റുന്ന ഒരു ഏകാന്ത യാത്രികൻ.. കോട്ടയം പാലായ്ക്കടുത്ത് കുടക്കച്ചിറ സ്വദേശിയായ കെ.ആർ.രഘു.പത്താംതരം മാത്രം പഠിച്ച, കവിതയുടെ ലോകത്തെ പറ്റി ഒരു പിടിപാടുമില്ലാതിരുന്ന, അൻപത്തി മൂന്ന് വയസ്സു വരെ സാഹിത്യ ലോകത്തേക്കെത്തിയിട്ടില്ലാത്ത ഒരു മനുഷ്യനു പിറകെ കവിത കരഞ്ഞു വിളിച്ച്‌ ഓടി നടക്കുകയാണ്.. ദാരിദ്ര്യത്തിന്റെ തീക്ഷ്ണപാതകൾ ഒരുപാട് താണ്ടിയ, നിവൃത്തിയില്ലാതെ സ്വന്തം വൃക്ക പോലും വിൽക്കാൻ ശ്രമം നടത്തിയവൻ.. പിന്നീട് കഷ്ടപ്പെട്ട് കൃഷിയിൽ ഡിപ്ലോമ നേടി സർവ്വീസ് സഹകരണ ബാങ്കിൽ ജോലി തരപ്പെടുത്തിയെങ്കിലും പ്രാരാബ്ധങ്ങളുടെ മലവെള്ളപ്പാച്ചിലിൽ കരകയറാനായില്ല.. ഒടുവിൽ, ഉള്ളതെല്ലാം വിറ്റു പെറുക്കി, ഇറാഖ് - കുവൈത്ത് യുദ്ധത്തിന്റെ അവസാന കാലത്ത് പ്രവാസത്തിലേക്ക് കാലെടുത്തു വെച്ചു.. അവിടെ, അദ്ദേഹത്തെ കാത്തിരുന്നത് നജീബിയൻ അനുഭവങ്ങളുടെ തീക്ഷ്ണതന്നെ... ഒടുവിൽ നിവൃത്തിയില്ലാതെ, ഒരു പാതിരാവിൽ അറബിയുടെ ആൾക്കാരുടെ കണ്ണ് വെട്ടിച്ച് ഉടുതുണിക്ക് മറുതുണിയില്ലാതെ, കാലിൽ ചെരുപ്പു പോലുമില്ലാതെ ഉഗ്രവിഷ സർപ്പങ്ങൾ നിറഞ്ഞ കുറ്റിപ്പടർപ്പുകൾക്കിടയിലൂടെ ഓടിയോടി റിയാദ് നഗരത്തിന്റെ വെളിച്ചത്തിലേക്ക്... പുതിയ സ്‌പോൺസറുടെ കൂടെ വർക്ക്ഷോപ്പിൽ ജോലി.. അതിനിടയിൽ, ഇഖാമ ഇല്ലാത്തതിന്റെ പേരിൽ പോലീസ് പിടികൂടി... മൂന്നു മാസക്കാലം കാരാഗൃഹവാസം.... ഒടുവിൽ, ഗൾഫിലെവിടെയോ ജോലിയിലുണ്ടായിരുന്ന, അമ്മയുടെ അനുജത്തിയുടെ മകന്റെ കാരുണ്യം കൊണ്ട് നാട്ടിലേക്ക് .. അവിടെ വിധി അദ്ദേഹത്തിന് കാത്ത് വെച്ചത് ഭാര്യയുടെ മരണം, കടങ്ങൾ, അപമാനങ്ങൾ, വഞ്ചനകൾ, ഭ്രാന്തൻ എന്ന പരിഹാസങ്ങൾ എന്നിവയൊക്കെയായിരുന്നു.... പിന്നെ, മൗനത്തിന്റെ വാൽമീകത്തിൽ തല പൂഴ്ത്തി വീട്ടിനടകത്ത്... ഉറക്കമില്ലാത്ത രാത്രികളിൽ കാവ്യാംഗന അദ്ദേഹത്തെ തലോടി.. സാന്ത്വനിപ്പിച്ചു .. വാക്കുകൾ അഗ്നിയായി ഡയറിത്താളുകൾ പൊള്ളിച്ചു... മൗനത്തിൽ അടയിരുന്നു.... പിന്നീടെപ്പോഴോ മക്കൾ കണ്ടെടുത്ത ആ ഡയറി പലരുടെയും സഹായത്താൽ രണ്ട് കവിതാ സമാഹാരങ്ങളായി സമൂഹത്തോട് സംവദിച്ചു. പിടിയരി പോലെ ഒരു കവിത, വേരിന് രണ്ടറ്റമുണ്ട് എന്നിവയാണ് കവിതാ സമാഹാരങ്ങൾ.... പൊള്ളുന്ന അനുഭവങ്ങളുടെ പ്രവാഹം..
"കരിപിടിച്ച പകൽപ്പാത്രം
രാത്രിമഴയിൽ തേച്ചു കഴുകി
രാവിലെ വീണ്ടും അടുപ്പത്ത് വെച്ചു.
അതിനുള്ളിൽ നുറുക്കിയിട്ട
ഹൃദയം വെന്തുകൊണ്ടിരിക്കുന്നു.. "എന്നെഴുതാൻ ആ തീക്ഷ്ണാനുഭവങ്ങളുടെ കരുത്ത് മാത്രം മതിയാവില്ലേ?!!... ഇപ്പോൾ അദ്ദേഹം തന്റെ പുസ്തകങ്ങളുമായി സൈക്കിളിൽ ഊര് ചുറ്റുകയാണ്. യാത്രകൾ അദ്ദേഹത്തിന് അകലങ്ങളിലേക്ക് പിടിച്ച് വലിക്കുന്ന ജീവന്റെ അഭയമാണ്...എന്റെ, മുഖപുസ്തക സുഹൃത്തായ അദ്ദേഹത്തിന്റെ കവിതകൾ അനുഭവിക്കാൻ അക്ഷമയോടെ കാത്തിരിപ്പാണ് ഞാൻ.. നിങ്ങളും വായിക്കൂ..
(കടപ്പാട്: വാരാന്ത്യ മാധ്യമം)
വെട്ടം ഗഫൂർ
🔷🔷🔷🔷🔷🔷🔷🔷

ആരുമില്ല.
കെ.ആർ.രഘു
ആളൊഴിഞ്ഞ കവലയിൽ.....
മഴയും വെയിലുമേറ്റ്
നിറം മങ്ങിയ കൊടികൾ
ചുരുണ്ടു കിടക്കുന്നു
പാറാതെ......

എവിടെയോ
ഒരാൾ മരിച്ചിട്ടുണ്ട്
ശവം ദഹിപ്പിക്കുന്ന മണം.....
എനിക്ക്
ഓക്കാനം വരുന്നു.

തുടച്ചു കളയാൻ
കീറിയെടുത്ത
പോസ്റ്ററുകൾക്കിടയിൽ
ഹാ....... ചെയുടെ ഒരു ചിത്രം.
🔷🔷🔷🔷🔷🔷🔷🔷
🙏🌹🌹🌹🙏