29-10-18

നാദിയ മുറാദ് 
പിവി ആൽബി 
റെഡ് റോസ് ബുക്സ് കുന്നംകുളം
 വില 100 രൂപ
'2018ലെ നോബൽ സമ്മാനജേതാവായ ഇറാക്കി യുവതിയുടെ തടവറ സ്മരണകൾ' എന്ന ടൈറ്റിലോടെ പുറത്തുവന്ന പുസ്തകമാണ് നാദിയ മുറാദ്. പക്ഷേ ഈ ടൈറ്റിൽ നമ്മെ അല്പം തെറ്റിദ്ധരിപ്പിക്കും .യുദ്ധ വിജയത്തിന് ലൈംഗിക അതിക്രമങ്ങൾ ഒരു ആയുധമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നതിനായി യുവതി നടത്തിയ പോരാട്ടങ്ങൾക്കുള്ള അംഗീകാരമായി നോബൽ സമ്മാനം ലഭിച്ച നാദിയയുടെ ജീവചരിത്രമാണ് ഈ കൃതി പറയുന്നത് .തൻറെ ഗ്രാമത്തിൽ ഐഎസ് ഐഎസ് ഭീകരരെ പേടിച്ച് ഒതുങ്ങിക്കഴിഞ്ഞ നാളുകൾ ,എങ്ങനെയും രക്ഷപ്പെടാമെന്ന് വിശ്വസിച്ചുകൊണ്ട് പേടിച്ചരണ്ട് കഴിച്ചുകൂട്ടിയ നാളുകൾക്കൊടുവിൽ അവൾ ഐ എസ് ഐ എസ് തടവറയിൽ ആയി. കൂടെയുണ്ടായിരുന്ന പുരുഷന്മാർ ഒക്കെ ഇസ്ലാംമതം സ്വീകരിക്കാത്ത കുറ്റത്തിന് കൊലചെയ്യപ്പെട്ടു .ശവ കൂമ്പാരങ്ങളിൽ നിന്ന് തൻറെ രണ്ടു സഹോദരന്മാർ രക്ഷപ്പെട്ടത് അവളറിഞ്ഞു. യുവതികളെ ലൈംഗിക അടിമകളായി പിടിച്ചുവെക്കുകയും ലേലം ചെയ്തു കൊടുക്കുകയും ചെയ്തു .തനിക്ക് നേരിട്ട ലൈംഗിക അതിക്രമങ്ങൾ തുറന്നു പറഞ്ഞതാണ് നാദിയയെ വേറിട്ട വ്യക്തിയാക്കിയത് .പത്തൊമ്പതാമത്തെ വയസ്സിൽ ,വിദ്യാർത്ഥിനിയായിരുന്ന നാദിയയെ, ഐഎസ് ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമയാക്കി ലേലം ചെയ്തുവെങ്കിലും, തലനാരിഴയ്ക്ക് തടവിൽ നിന്ന് രക്ഷപ്പെട്ട അവർ ഭീകരർ ലൈംഗിക അടിമകളാക്കി ദുരുപയോഗം ചെയ്ത 6700 ഓളം യസീദി വംശജരായ ഇറാക്കി യുവതികളുടെ പൊള്ളുന്ന ജീവിതാനുഭവങ്ങൾ ലോകത്തിനു മുമ്പാകെ അനാവരണം ചെയ്തു. ഇത്തരത്തിലൊരു വേദനിപ്പിക്കുന്ന കഥയുള്ള ഭൂമിയിലെ അവസാനത്തെ പെൺകുട്ടി താൻ ആയിരിക്കണം എന്ന ദൃഢനിശ്ചയത്തോടെ! പോരാടുന്ന ധീരയായ ഒരു മനുഷ്യാവകാശ പ്രവർത്തകയുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടമാണ് ഈ ജീവചരിത്രം. പെണ്ണിനെ കേവലം ലൈംഗിക ഉപകരണം മാത്രമായി കാണുന്ന ഒരു ജനതയെ നമുക്കിവിടെ കാണാം. ഭീകരർ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് തന്നെ ഈ സ്ത്രീകളുടെ സൗന്ദര്യം കാട്ടിയാണ് .അവിടെ മനുഷ്യത്വത്തിന് യാതൊരു വിലയുമില്ല. ആരെങ്കിലും വില കൊടുക്കുന്നുണ്ടെങ്കിൽ അവരെ തേടിയെത്തുന്നത് ഭീകരവാദികളുടെ മരണ ശിക്ഷയായിരിക്കും. എന്നിട്ടും നാദിയയെ രക്ഷിക്കാനും ഒരാളുണ്ടായി ഒരാളല്ല ഒരു കുടുംബം. പെൺകുട്ടി സഹിച്ചപീഡനങ്ങളും ,ഒരു ജനത അനുഭവിച്ച നൊമ്പരവും ,മനസ്സിനെ വല്ലാതെ മുറിവേൽപ്പിക്ക ഇല്ല എന്ന് കരുതുന്നവർ നാദിയ മുറാദ് വായിച്ചുനോക്കുക. ഒരുമാസത്തിനുള്ളിൽ പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥ മലയാളിക്ക് വേണ്ടി എഴുതിയുണ്ടാക്കിയ പിവി ആൽബി ഇക്കാരണംകൊണ്ടുതന്നെ ശ്രദ്ധേയനാണ്. പക്ഷേ ഒരു ജീവചരിത്രം ആയി വായിച്ചു പോകുമ്പോൾ ഇതിനേക്കാൾ എത്രയോ നന്നായി ആവിഷ്കരിക്കാമായിരുന്നു എന്ന് തോന്നിപ്പോകും.
രതീഷ് കുമാർ
🌾🌾🌾🌾🌾