29-07-19b

📚📚📚📚📚📚
കുഞ്ഞാലി മരക്കാർ(തിരനോവൽ)
ടി പി രാജീവൻ
ഡിസി ബുക്സ്
പേജ് 96
വില 100 

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു ഡിക്റ്ററ്റീവ് നോവൽ തുടർച്ചയായി  പ്രസിദ്ധീകരിക്കുന്നു എന്ന പരസ്യം അതിൻറെ വായനക്കാരെ ഞെട്ടിച്ചിരുന്നു.(ആ ഞെട്ടൽ വായനക്കാരുടെ കത്തുകളിൽ  പ്രതിഫലിച്ചിരുന്നു) നോവലിസ്റ്റ് ആവട്ടെ അതുവരെ ഒരു നോവൽ പോലും  എഴുതിയിട്ടില്ലാത്ത ടി പി രാജീവൻ. "പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ" വായിച്ചു തുടങ്ങിയപ്പോൾ   ആളുകൾ തങ്ങൾ പരസ്യം കണ്ട് ഞെട്ടിയതോർത്ത് ഞെട്ടിയിരിക്കും. അതു( നോവലും പിന്നീട് സിനിമ ആവിഷ്കാരവും )തന്ന കൗതുകമാണ് തിരനോവലിനോട് ആസക്തിയുണ്ടാവാൻ കാരണം
    മലയാളത്തിലെ ആദ്യത്തെ തിരനോവൽ 'കുഞ്ഞാലിമരയ്ക്കാർ' പിറവിയെടുത്തത് ഒരു പ്രത്യേക അന്തരീക്ഷത്തിലാണ്. ജയരാജ് 2008 ൽ ഗുൽമോഹറിൻറെ  സെറ്റിൽവച്ച്  ടി പി രാജീവിനോട് കുഞ്ഞാലിമരയ്ക്കാരുടെ കഥ സിനിമയാക്കാൻ പറ്റിയ തരത്തിൽ രചിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതിനു വേണ്ട സൗകര്യങ്ങളും ചെയ്തുകൊടുത്തു . പക്ഷെ എന്തുകൊണ്ടോ ആ സിനിമ നടന്നില്ല. പിന്നീടു പലരും  ഇതേ ആലോചനയുമായി ചെന്നെങ്കിലും കുഞ്ഞാലി മരയ്ക്കാർ സിനിമ ആയില്ല!
തൻറെ രണ്ടു മൂന്നു വർഷത്തെ    അന്വേഷണവും പഠനവും   മറ്റാരുടെയെങ്കിലും  പേരിൽ  പേരിൽ സിനിമയായേക്കാം എന്നസംശയം  അദ്ദേഹത്തിനുണ്ടെന്നു തോന്നുന്നു .തിരനോവൽ എന്ന ആശയം- ഒരു പക്ഷേ ലോകത്തിൽ തന്നെ ആദ്യമായി-ആ സംശയത്തിൽ നിന്ന് കൂടിയാവാം ജനിച്ചത്.

         തിരക്കഥ വായിക്കുന്ന പ്രയാസമില്ലാതെ വായിച്ചു പോകാം എന്നതാണ് ഈ തിര നോവലിൻറെ സൗകര്യം. ഒരു നോവൽ വായനയുടെ സുഖം  പ്രതീക്ഷിക്കുകയും അരുത്. കുഞ്ഞാലിമരയ്ക്കാരുടെ പതനം ഒരു മത കലഹത്തിന്റെ ഉപോൽപ്പന്നം കൂടിയാണെന്ന്  ചരിത്രം പറയുന്നത് തീക്ഷ്ണതയോടെ ഈ തിരനോവൽ പറയുന്നില്ല . എങ്കിലും കുഞ്ഞാലിയുടെ ഇളയുമ്മയുടെ മകനെ പറങ്കികൾ തട്ടിയെടുത്ത് കൂടെ കൂട്ടിമതം മാറ്റിയ കഥ ഇതിൽ ഹൈലൈറ്റ് ചെയ്തു നിൽക്കുന്നു. 65 സീനുകളിലൂടെ നാലാം കുഞ്ഞാലിമരക്കാരുടെ യുദ്ധവീര്യത്തിന്റെയും ദേശാന്തരയാനത്തിന്റെയും ഇതിഹാസം പുന സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

       കുറുപ്പത്തൂന്ന് കുഞ്ഞിക്കാവ് പെങ്ങളായി ഇറങ്ങിവന്ന കഥയിലുംമറ്റും വിശ്വാസ്യതയുണ്ടാവാൻവേണ്ട തൊങ്ങലുകളുടെ കുറവുണ്ട്. കുഞ്ഞാലിയുടെജീവിതത്തിലെ വൈകാരികാംശങ്ങൾ തിരനാടകത്തിൽ കുറവാണെന്നത്  മറ്റെരുകാര്യം.വിപുലമായ പഠനത്തിൽ കണ്ടെത്തിയവമുഴുവൻ ഇതിലുൾപ്പെടുത്താനായില്ല എന്ന തോന്നലോടെയാണ് ഞാനീപുസ്തകം അടച്ചുവയ്ക്കുന്നത്.
രതീഷ്കുമാർ
🌾🌾🌾🌾🌾🌾