29-06-19


************
ഇതാണ് ഞാൻ....
ആത്മായനം
ജസീന റഹീം
അന്നത്തെ ഹൈദ്രാബാദ് യാത്ര നടക്കുമ്പോൾ എന്റെ ഡിഗ്രി രണ്ടാം വർഷ ക്ലാസ്സുകൾ ആരംഭിച്ചിരുന്നു.. മുതിർന്ന ഒരു പെൺകുട്ടിയായിട്ടും ഉമ്മായും വാപ്പായും എന്ത് ധൈര്യത്തിലാണ് എന്നെ ..അവർക്കൊപ്പം - രണ്ട് ഇക്കാമാരോടും മൂത്തുമ്മായോടും കൂടെ.. അത്രയും അകലെ മറ്റൊരു സംസ്ഥാനത്തേക്ക് ട്രെയിൻ കയറി പോകാൻ വിട്ടത് എന്നത് പിന്നീടും എന്നെ ഒരുപാട് ചിന്തിപ്പിച്ചിരുന്നു...
എന്റെ ക്ലാസിലെ കൂട്ടുകാരോട് ഞാനീ യാത്രയെ പ്പറ്റി പറഞ്ഞിരുന്നുവോ..? അഥവാ ഇതൊക്കെ പറയാനും വേണ്ടി അടുപ്പം എല്ലാവരോടുമായിത്തുടങ്ങിയോ.. എന്നറിയില്ല..സുജ.. നാൻസി.. ഷാർലറ്റ് ഗ്രൂപ്പിൽ കൂടിയ ശേഷമാണ് അവരുടെ കൂട്ടുകാരനായ റഹിം കുട്ടിയെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത്.. ഒരേ ക്ലാസ്സിൽ ഒരു വർഷം പഠിച്ചിട്ടും ഞാൻ കാണാതിരുന്ന കൂട്ടുകാരൻ..
സ്പോർട്സ് ക്വാട്ടയിൽ കോളേജിൽ ചേർന്നയാൾ.. എപ്പോഴും ഫുട്ബോളും .. സ്പോട്സുമൊക്കെയായി ക്ലാസിൽ വരവ് കുറവായിരുന്നു ..
ഒരിക്കൽ അർബൻ സാർ ക്ലാസ്സെടുക്കവെ വാതിൽക്കലെത്തിയ ഒരാൾ അകത്തേക്ക് എത്തി നോക്കി കേറിക്കോട്ടെ .. എന്ന മട്ടിൽ നിന്നു..
ക്ലാസിൽ  കയറാൻ സാർ അനുവാദം കൊടുത്ത നിമിഷം ഓടി അകത്തു കയറി ടീച്ചേഴ്സ്പ്ലാറ്റ്ഫോമിന്റെ ചുറ്റും എന്തോ തിരക്കി നടന്നു.. ഇത് കണ്ട സാർ എന്താണ് നോക്കുന്നതെന്നന്വേഷിച്ചപ്പോൾ പ്ലാറ്റ്ഫോമിന്റെ അടിയിൽ നിന്ന് വലിച്ചെടുത്ത രണ്ട് കിത്താബുകൾ സാറിനെ ഉയർത്തിക്കാണിച്ചു .. ഇത് കണ്ട സാർ "ഇവൻ ഇക്കണക്കിന് കെട്ടുന്ന പെണ്ണിനെ എവിടെയെങ്കിലും കൊണ്ട് വച്ചിട്ട് മറന്ന് പോകുമല്ലോ .."എന്ന് കളിയാക്കിയപ്പോൾ ക്ലാസ്സിൽ കൂട്ടച്ചിരി ഉയർന്നു..
ഈ ചെക്കനെന്താ ഒരിക്കലും ക്ലാസ്സിൽ വരാത്തതെന്നും.. ഈ സാധനത്തിനെ കാണാറേയില്ലല്ലോയെന്നും ഞാനോർത്തു.. സ്വന്തം ക്ലാസിൽ കയറിയില്ലെങ്കിലും മറ്റു ക്ലാസുകളിൽ പതിവായി കയറിയിറങ്ങുമെന്ന് ഞാനറിഞ്ഞത് പിന്നെയും നാളുകൾ കഴിഞ്ഞായിരുന്നു...
ഹൈദ്രാബാദിലേക്കുള്ള ഞങ്ങളുടെ യാത്ര ട്രെയിനിലായിരുന്നു.. ഞാനും അബൂക്കായും ഷാജൂക്കായും മൂത്തുമ്മായും.. എന്തുകൊണ്ടോ എല്ലാ ബന്ധുക്കൾക്കും അബൂക്കായെക്കാളിഷ്ടം ഷാജൂക്കായോടായിരുന്നു.. ഇക്കാടെ നർമ്മബോധം.. ശാന്തത.. നിർമമ ഭാവം.. എല്ലാവരോടുമുള്ള സ്നേഹം.. ഒക്കെയാവാം കാരണം ..
അവരോടൊപ്പമുള്ള യാത്ര .. സ്വന്തമായി ആങ്ങളമാരില്ലാത്തതിനാൽ അവരെ കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന എനിയ്ക്ക്.. പ്രത്യേകിച്ചും ഷാജൂക്കായോടൊപ്പം.. ഒരുപാടാഹ്ളാദമെന്നിൽ നിറച്ചു... ട്രെയിനിലെ കൂർത്ത അപരിചിത നോട്ടങ്ങളെ ഞാൻ സധൈര്യം നേരിട്ടു.. സുരക്ഷിതത്വത്തിൽ മധ്യേയൊരു യാത്ര..
ഹൈദ്രാബാദിലെത്തുംവരെ ഹിന്ദിക്കാരി ദീദിയെ കാണാനുള്ള തിടുക്കമായിരുന്നു.. ഞാനവരെ എന്തു വിളിക്കണമെന്ന് അബൂക്കയോട് നേരത്തേ ഞാൻ ചോദിച്ചു മനസിലാക്കിയിരുന്നു..
ഹൈദ്രാബാദിൽ ട്രെയിനിറങ്ങി.. ബസിലും ഓട്ടോയിലുമായി ഇക്ക ഞങ്ങളെയും കൊണ്ട് ജമീലയുടെ വീട്ടിലേക്ക്‌ തിരിച്ചു.. അതു വരെ കാണാത്ത ..തിക്കും തിരക്കും ആൾക്കൂട്ടവും വഴിയോരക്കടകളും.. മനസിലാവാത്ത തെലുങ്ക്.. ഹിന്ദി ഭാഷകളും ആകെക്കൂടി മറ്റൊരു ലോകമായിരുന്നു അവിടം.. ഞങ്ങളവിടെയെത്തുമ്പോൾ വൈകുന്നേരമായിരുന്നു.. യാത്രാ ക്ഷീണവും വിശപ്പും ഞങ്ങളെ തളർത്തി.. ട്രെയിനിലെ ഭക്ഷണവും ഹോട്ടൽ ഭക്ഷണവും ഇഷ്ടമില്ലാത്ത ഞങ്ങൾക്ക് നാട്ടിലെ ഭക്ഷണം ഇവിടെയെങ്ങാനും കിട്ടുമോയെന്ന കൊതി തോന്നിപ്പിക്കാൻ തക്കവണ്ണമുള്ളതായിരുന്നു രണ്ടു ദിവസത്തെ യാത്ര..
നല്ല വെളുത്തുരുണ്ട ഒരു പെൺകുട്ടിയായിരുന്നു ജമീല.. ഇത്രയും നല്ല കുട്ടിയെ ഈ വീട്ടുകാർ എന്തിന് അന്യനാട്ടിൽ നിന്നു വന്ന ഒരാൾക്ക് വിവാഹം ചെയ്ത് കൊടുത്തുവെന്ന് ഞാൻ ചിന്തിച്ചെങ്കിലും വീടും.. വീട്ടിലെ അംഗങ്ങളുടെ ബാഹുല്യവുമാകാം.. കാരണമെന്ന് ആർക്കും മനസ്സിലാകുമായിരുന്നു
************

മഴയുടെ കനിവ് തേടി..
നസീറ നൗഷാദ്

പൊരിവെയിൽ വേനൽ
 വിരാമമായ് ഭൂമിക്ക്
കുളിരാർന്നു പെയ്തോ-
രെൻ പൊൻമഴയേ
കനം തൂങ്ങും മിഴിയുമായ് കേഴുന്നു ഇനിയെന്റെ കുടിലിനകത്തു നീ പെയ്തിടല്ലേ...

കടലാണ് മുന്നിലെ-
ന്നോർമ്മ വേണം
ഈ കടലിന്റെ മക്കളേ
കാക്കവേണം...
രൗദ്രം വെടിഞ്ഞു നീ
പെയ്തു കൊള്ളൂ
ഈ കടലിൻ മക്കൾ-
ക്കാശ്വാസമേകൂ...

അരവയറുണ്ണുവാനമ്മ-
യൊരുക്കിയ
ചോറ്റു കലത്തിൽ
നീ പെയ്തിറങ്ങി...
പകലന്തി മുഴുവനും
പണിയെടുത്തെന്നച്ചൻ
നടു നീർത്തു നിദ്രയെ
പുൽകിടുമ്പോൾ
വിശക്കും വയറിന്റെ
ചൂളം വിളിയുമായ്
അച്ഛന്റെ നെഞ്ചോടു
ചേർന്നു കിടന്നു ഞാൻ...

കൈതോലപ്പായയെ
നനച്ചു കുതിർത്തു നീ
ചാരത്തു വന്നതറിഞ്ഞീല
ഞാൻ...
ഞെട്ടിയുണർന്നച്ച-
നെന്നെയുണർത്താതെ
നനയാത്തോരോരത്തായ്
ചേർത്തൂ കിടത്തീ...
ചോരുന്നിടത്തെല്ലാം
പാത്രം നിരത്തി വേപഥുവോടെ
നെടുവീർപ്പിടുന്നമ്മ...

കട്ടിലിൻ മീതെ കിടക്കുമെൻ
മുത്തശ്ശി തണുവോടെ
കൂനി വിറച്ചിരുന്നു...
വെള്ളം കയറിയ
കുഞ്ഞു മുറിക്കകം
കളിവഞ്ചി ചേലിലിറക്ക വേണം...
വാശി പിടിച്ചു കൊച്ചനിയത്തിയും
അമ്മ തൻ സ്വൈര്യം
 കെടുത്തിടുമ്പോൾ...

കുഞ്ഞു തുടയിൽ
തലങ്ങും വിലങ്ങും
അടിയേറ്റ പാടിൽ
തഴുകിത്തലോടി
ഒഴുകിയിറങ്ങിയ
മിഴിനീർക്കണങ്ങൾ
തൻ പുറം കയ്യാൽ
തുടച്ചു കൊണ്ടെന്നമ്മ,
ആധി തൻ നെരിപ്പോടെ-
രിയുന്ന മനസ്സും
അടയാത്ത മിഴിയുമായ്
നേരം വെളുപ്പിച്ചു...

കളിയില്ല, ചിരിയില്ലാ-
തെൻ കളിമുറ്റം
മുട്ടോളം വെള്ളത്തിൽ
സങ്കടക്കടലായ്...
രൗദ്രമാം ഭാവമോടാർത്തലച്ചീടും
തിരമാലയാണെന്റെ
കണ്മുന്നിലെന്നും...
എങ്ങു പോം ഞങ്ങൾ
കടലിന്റെ മക്കൾ
വഴി കാണാതുഴലുന്ന
പാവങ്ങൾ ഞങ്ങൾ...
************

അക്ഷരങ്ങൾ
ജലീൽ കൽപകഞ്ചേരി

അക്ഷരങ്ങൾ
വിളക്കാവുമ്പോൾ
അറിവിന്റെ വാതായനങ്ങൾ
തുറന്നിടുക നീ...,


ചിന്തകളിൽ തുടിക്കുന്ന
പ്രകാശം
നാടിന് നന്മയായ്
ഭവിക്കുകിലതിൽപരമൊരു നേട്ടമെന്തുണ്ട്
ഭൂവിൽ മഹത്തരം ...,

നന്മയുടെ അക്ഷരങ്ങൾ
നീ പഠിക്കുകിൽ,
നിനക്കത് എന്നെന്നും
ഗുണമായ് മാറിടും
അറിവിന്റെ വാതായനങ്ങൾ
തുറന്നിടുമ്പോള്‍,  അക്ഷരങ്ങൾ
അമൃതായിടും, അഖിലർക്കും
ഉയിരായിടും, എങ്ങും
അക്ഷരങ്ങള്‍ ഉണർവേകിടും
അത്, നിന്‍ വീട്ടാര്‍ക്കുമേറെ 
നന്മയായ് ഭവിച്ചിടും , 
നാളെ നാടുമൊരു
സ്വർഗ്ഗമായ് ജ്വലിച്ചിടും,
അജ്ഞത മരണതുല്യമാകുമ്പോള്‍,
അഴകാണറിവെന്നും, 
അമൃതാകുന്ന അക്ഷരങ്ങളിലാണ്
ലോകസ്പന്ദനമെന്നതുമറിയും നാം..!!!.
************

എന്റെ അമ്മ
ധന്യ നരിക്കോടൻ
വേനൽമഴ വടക്കു പുറത്തേക്ക് ചാഞ്ഞു വരുമ്പോഴേക്കും മുറ്റത്തു ചീന്തിയിട്ട ഉണക്ക മടലുകൾ വാരിയെടുത്തോടുന്ന ഒരമ്മയെ നിങ്ങൾക്കറിയുമോ..?

തൊടികളിലാകെ മഞ്ഞ നിറം കുടിച്ച സന്ധ്യകളിലൊന്നിൽ
വാലൻത്തുമ്പികളെ നോക്കി മഴക്കോളുണ്ടെന്നാവലാതിപ്പെട്ട് അയക്കലുണങ്ങാതുണികളെടുത്തോടുന്ന ഒരമ്മയെ നിങ്ങൾക്കറിയുമോ..?

ഇടിമിന്നലിടയ്ക്കിടെ മോന്തായം തൊട്ട് കളിക്കുമ്പോൾ നെഞ്ചിടിപ്പിലേക്ക് കയ്യമർത്തി മക്കളെ ചേർത്തു നിർത്തുന്ന ഒരമ്മയെ നിങ്ങൾക്കറിയാമോ..?

ഇടിമിന്നലടങ്ങുന്ന ഓരോ വേളയിലും മഴയിരുട്ടിലേക്ക് മിഴികളെറിഞ്ഞ് ഉരുകി തീരുന്ന ഒരമ്മക്കിളിയെ നിങ്ങളറിയുമോ..?
കാലിലൊരുറുമ്പ് കടിച്ച നോവിലേക്ക് വിരലമമർത്തിയുഴിഞ്ഞു സാരമില്ലെന്നെന്റെ മിഴികളൊപ്പുന്ന ഒരമ്മത്തുടിപ്പാണത്..!
വെയിലു വെട്ടിയിട്ട വഴിയിലൂടെ ഓടിത്തളർന്നെത്തുന്ന കുഞ്ഞിക്കാൽ കിതപ്പുകളെ ഈറൻ തോർത്താൽ തുടച്ച് ദാഹനീരേകിയാ നെഞ്ചിൻ
തണലിലേക്ക് വാരിയണയ്ക്കുന്ന സ്നേഹസ്പർശമാണിത്..
ഉരൾതാളത്തിനൊപ്പമരിപൊടിക്കുമ്പോൾ അതേ നേരത്തു തന്നെ അടുപ്പത്തെയരിത്തിളയ്ക്കൊപ്പം വെന്തു നീറുന്ന ഒരമ്മത്തിളപ്പുമാണത്...
അച്ഛന്റെ ഓർമ്മകളിൽ ഇല്ലായ്മകളെ നെഞ്ചോടു ചേർത്ത് വച്ച് കടുക് ഡപ്പയിലെ ചില്ലറയെണ്ണി ഞങ്ങളുടെ കണ്ണുകളിലേക്ക് ഒരു പുഞ്ചിരിയിറ്റിക്കാറുണ്ടമ്മ..
ഇതെന്റെയമ്മ..എന്നുമെന്റെയോരോ തുടിപ്പിലും ഉയിരായ് നിറഞ്ഞും ജീവിതപ്പാച്ചിലിന്റെ ഓരോ നോവിടങ്ങളിലും ഒരു തലോടലായ് നിലയ്ക്കാതെ പെയ്യുമാ നിത്യ സ്നേഹം.!!
************

ചിരി പുരാണം
സതീഷ് തോട്ടത്തിൽ
മാഷെന്നെ കണ്ടിട്ട്
ഒന്ന് ചിരിക്കുകപോലും ചെയ്തില്ലെന്ന്
അവള്‍ ഫോണിലൂടെ
പരിഭവവും പരാതിയും പറഞ്ഞപ്പോള്‍
മറ്റെന്തെങ്കിലും ഓര്‍ത്തങ്ങ് നടന്നുപോയപ്പോള്‍ മറന്നുപോയതാകാം
എന്നങ്ങ് പറഞ്ഞ് ചിരിപ്രശ്നം തീര്‍ത്തെങ്കിലും
ചിരിക്കാതെപോയതില്‍ എനിക്കും വല്ലായ്മതോന്നി.
മുമ്പെങ്ങോ പഠിച്ചുപോയ കുട്ടിയാണ്.
പൊതുവേ ഞാന്‍ ചിരിയില്‍
അമാന്തവും പിശുക്കും കാണിക്കാറില്ല.
കുട്ടികളോട് ചിരിക്കുന്നതിനാല്‍
സൗഹൃദങ്ങള്‍ക്ക് ആഴവമുണ്ട്.
ചില ചിരികള്‍ കാണാനും അനുഭവിക്കാനുമായ്  മാത്രം ചിലരോടെല്ലാം
വര്‍ത്താനം നീട്ടിനീട്ടി കൊണ്ടുപോയിട്ടുണ്ട്.
അവരറിയാതെ അവരുടെ ചിരിയില്‍
മതിമറന്നിട്ടുമുണ്ട്.
അതങ്ങ് പൊട്ടിവിടരുമ്പോള്‍
വല്ലാത്തൊരനുഭൂതിയാണ്.
(ചിരി തുടങ്ങിയാല്‍ നിര്‍ത്താന്‍ പാടുപെടുന്നൊരാളുണ്ടായിരുന്നു.
ചിരിക്കുന്നുണ്ടാവണം എവിടെയിങ്കിലുമിരുന്ന് )

ബുദ്ധന്റെ മൗനമന്ദഹാസം പ്രസിദ്ധമാണ്.
സെന്നിന്റെ ഉല്‍പ്പത്തിപോലും
ബുദ്ധന്റെ ചിരിയില്‍ നിന്നായിരുന്നു.
ഒരിക്കല്‍ പ്രബോധനം നല്‍കുന്നതിന് മുമ്പായി ബുദ്ധന്‍
ഒരു പര്‍വതത്തില്‍ പാര്‍ത്തുവരികയായിരുന്നു.
അവിടെയെത്തിയ ഒരു ഭക്തന്‍ ഭവ്യതയോടെ
ബുദ്ധന് ഒരു പൂവ് സമര്‍പ്പിച്ചു.
ആ പൂവ് കയ്യിലെടുത്ത് പൂവിനെനോക്കി
നിശ്ശബ്ദനായി ബുദ്ധന്‍ പുഞ്ചിരിച്ചു.
ഇത് കണ്ട്
സദസ്സിലിരുന്ന ഒരാള്‍ മാത്രം പുഞ്ചിരിച്ചു.
ഈ രണ്ട് പുഞ്ചിരിയിലൂടെയുണ്ടായ
മഹത്തായ വിനിമയത്തില്‍ നിന്നാണ്
സെന്‍ബുദ്ധമതത്തിന്റെ തുടക്കം.

മദ്രാസില്‍ ജിദ്ദുകൃഷ്ണമൂര്‍ത്തിയുടെ
പ്രഭാഷണം കേള്‍ക്കാന്‍
ന്യൂസിലാന്റില്‍നിന്നും എല്ലാവര്‍ഷവും
പ്രായമുള്ള ഒരു സത്രീയെത്തും.
അവര്‍ ജിദ്ദുകൃഷ്ണമൂര്‍ത്തിയോട്
സംശയങ്ങളോ ചോദ്യങ്ങളോ ചോദിക്കാറേയില്ല.
എന്നിട്ടും എന്തിനാണ് നിങ്ങള്‍ ഇത്രയും ദൂരം താണ്ടി ഇവിടെയെത്തുന്നത് ?
അതിനവര്‍ക്കുത്തരമുണ്ടായിരുന്നു.
ഞാന്‍ വരുന്നത് മുഖ്യമായും
ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ പുഞ്ചിരി കാണാനാണ്.
ഇത്രയും നിഷ്കളങ്കമായ പുഞ്ചിരി
ലോകത്ത് മറ്റെവിടേയും എനിയ്ക്ക് കാണാനായിട്ടില്ല.

മതത്തേയും ചിരിയേയും ഒരുമിച്ച് കൊണ്ടുപോയിരുന്നു മുല്ലനസ്രുദ്ദീന്‍.
തന്റെ അന്ത്യമൊഴിയില്‍ മുല്ല എഴുതി
''തന്റെ ശവക്കല്ലറക്ക് കല്ലൊന്നും വേണ്ട
ഒരു പൂട്ടിയ വാതില്‍മാത്രം മതി.
താക്കോല്‍ കടലിലേക്ക് എറിയണം '
ആളുകള്‍ ശവകുടീരം കാണാന്‍
താല്‍പ്പര്യത്തോടെയെത്തും.
ചുവരുകളില്ലാത്ത വാതില്‍ മാത്രമുള്ള
ശവകുടീരത്തില്‍ കിടന്ന്
മുല്ലയങ്ങനെ ചിരിക്കുന്നുണ്ടാകും.

മന്ദഹാസ ധ്യാനം പോലുമുണ്ട്.
ഒരാള്‍ക്ക് സുന്ദരനാകാന്‍ സുന്ദരിയാകാന്‍
ഈ ധ്യാനത്തിലൂടെയാകും..
************

നീ..

ദിവ്യ. സി.ആർ
അവളെന്നോടു
പറഞ്ഞതനുസരിച്ച്
'നീ' പ്രണയനൈരാശ്യത്തിൻെറ
ഉത്തുംഗശൃംഖത്തിലേറി ,
കണ്ണുകളിൽ വിഷാദം
കനം വച്ചിറങ്ങി ;
നരയിൽ പടർന്ന താടി
നെഞ്ചോളം വളർത്തി ;
ഏകാന്തതയിലേക്ക്
'ദിവ്യ തേജസ്സ്'
കാത്തിരിക്കുന്ന
ബൗദ്ധ ഭിക്ഷുകി !!
എവിടെ...?
നിരയൊന്നു തെറ്റിയ
തൂവെള്ള നരയോട്
കൊറിവച്ച് ;
കണ്ണുകളിൽ കുസൃതി
യൊളിപ്പിച്ച് ;
വാർദ്ധക്യം മറയ്ക്കാൻ
നീപെട്ട പാടും
തരളിതമാം നിൻ
കാമുക ഹൃദയവും
ഞാനല്ലേ കണ്ടുള്ളൂ....
************

പെണ്ണിന്റ കണ്ണീര്...
പ്രീതി രാജേഷ്

ആര്  ദേഷ്യപ്പെട്ടാലും
കണ്ണുകളാണ് ആദ്യം നിറയുക
കുടു കുടെ ചാടുന്ന
കണ്ണീരിലൊക്കെയും
ഞാനെന്നെ തന്നെ 
നഷ്ടപ്പെടുത്തുകയായിരുന്നു
ഇനി കരഞ്ഞു തോൽക്കില്ല
ജീവിച്ചു ജയിക്കുമെന്ന്
വിചാരിക്കുംതോറും
കെട്ടുപോയ
ആത്മവിശ്വാസം
ഉള്ളിലുടഞ്ഞു പൊട്ടുമ്പോഴും
കണ്ണ് ചതിക്കും
പെണ്ണാണ്  കരയുന്നത്
പെണ്ണിന്റെ കണ്ണീര്
വീടിനു നന്നല്ലാ
പതിവ് ചൊല്ലുകളൊക്കെയും
പകുതിയിൽ തന്നെ അസ്തമിപ്പിച്ചു
പടിയിറങ്ങി പോകുമ്പോഴും
കണ്ണ് നിറഞ്ഞെങ്കിലും
ചിരിക്കാൻ ശ്രെമിച്ചു
ചിരിച്ച് ചിരിച്ച്
ഞാൻ എന്നെത്തന്നെ
മറന്നുപോയെന്ന്
ഇന്ന് ആരൊക്കെയോ
ഒളിഞ്ഞും തെളിഞ്ഞും
പറയുന്നത് കേട്ടു
നമുക്ക് ചിരി മതി
ആയുസ്സുകൂട്ടുന്ന ചിരി..
************

സ്നേഹത്തിര
ശ്രീലാ അനിൽ

മഴത്താളമായ് പെയ്യുകയാണു നീ,
പ്രിയരാഗമായെന്റെ
നിറവിൽ

അരിയനിൻ ഹൃദയത്തിനകതാരിലിപ്പൊഴും
ഒരുവേള പുതുമഴ പൊഴിയാം

ഇനിയേതുമഴയുമെൻ
ഹൃദയത്തിൽ പെയ്യുക
നവഹർഷമാരികളാകും
ഘനശ്യാമമേഘങ്ങൾ
എന്നുള്ളിൽ കുറുകുന്ന
മയിൽപ്പേടയെ തൊട്ടുണർത്തും

നീ പെയ്തു തീരില്ല
മഴമേഘജാലമടങ്ങില്ല
 കരിമേഘത്തുണ്ടുകൾമാനത്തണയുമ്പോൾ
ഒരുമിച്ചു നനയാതെ നനഞ്ഞ
മഴകളാണോർമ്മയിൽ

ദൂരങ്ങളാവാം നമുക്കിടയിലെങ്കിലും
ഇപ്പൊഴും നമ്മെ നനയ്ക്കുകയാണൊരേ മഴമുകിൽ

പെരുമഴക്കാലങ്ങൾക്കിപ്പുറം
ശാന്തിതൻ സ്നേഹത്തിരകളിൽ
മുങ്ങി നിവരുകയാണു ഞാൻ
************


നീറ്റലായി ഒപ്പീസ് ..
വെട്ടം ഗഫൂർ
ഹൃദ്യമായ ഒരു നോവായി ഇപ്പോൾ ഫർസാന അലിയുടെ ഒപ്പീസ് കരളിൽ പടരുകയാണ്.. നിസ്സഹായരായ മനുഷ്യ ജീവികളെ നിത്യ വിരുന്നിൽ ചേർക്കാൻ കർത്താവിനോട് മന്ത്രിക്കുന്ന അച്ഛന്റെ ഒപ്പീസ് വായനയിൽ നിന്ന് ജീവിത സായന്തനത്തിൽ സ്നേഹത്തിന്റെ തീവ്രത മതി വരുവോളം അനുഭവിക്കാൻ ഭാഗ്യം കിട്ടാതെ പോയ ജോസഫിന്റെ കരളലിയിക്കുന്ന കരച്ചിലിലൂടെ, മുന്നോട്ട് നീങ്ങുമ്പോൾ, ഹോം നഴ്സായി വേഷമാടുന്ന എൽസയുടെ ഹൃദയത്തെപ്പോലും അത് മഥിച്ചു കളയുന്നു... സ്വരം തെറ്റിയ ഒരു പാട്ട് പോലെ കടന്നു വന്ന പ്രായാന്തരമുള്ള ജോസഫിന്റെയും മീനമ്മയുടെയും പ്രണയത്തെ തികച്ചും മാസ്മരികമായ ഭാഷയിലാണ് കഥാകാരി കോറിയിടുന്നത്. ഇൻറർസോൺ കലോത്സവത്തിൽ ഏതോ കുട്ടി ചൊല്ലിയ
"ഓർമകൾ വീണു ചിതറിയെൻ പാതയിൽ
നിന്നെ മാത്രമായി പതിയെ ഞാൻ തിരയവേ " എന്ന കവിതാ ശകലം ആ പ്രണയ നൗകയുടെ തുഴയായിത്തീർന്നു.എല്ലാ വെല്ലുവിളികളെയും പോരാടി ജയിച്ച് അവൾ നേടിയ പ്രണയസാഫല്യത്തിന് പകരം വിധി ഒരുക്കി വെച്ചത് മഹാദുരന്തത്തിന്റെ തീയനുഭവമായിരുന്നു....അവൾ പഴയതുപോലെ 'ജോസപ്പാ ' എന്നൊന്ന് വിളിക്കുന്നത് കേൾക്കാൻ എൽസക്കൊപ്പം ഓരോ ആസ്വാദകനും മോഹിച്ചു പോകും.കെട്ടിക്കോളാമെന്ന പാഴ് മോഹം നൽകി എല്ലാം കവർന്ന്, ആസിഡിൽ പക തീർത്ത മറ്റൊരു കാമുകനെ അറിയുമ്പോഴാണ് ജോസഫ് -മീനമ്മ ദാമ്പത്യത്തിന്റെ,ആ പ്രണയചാരുതയുടെ ഹൃദ്യത നമുക്ക് കൃത്യമായി അനുഭവവേദ്യമാവുക... ജോസഫിന്റെ പേച്ചുകളിലൂടെയും എൽസയുടെ നിരാശയിലൂടെയും പകർന്നു കിട്ടുന്ന വിരുദ്ധ ദ്വന്ദ്വമാണ് കഥയെ ഹൃദ്യമായ നോവാക്കി മാറ്റുന്നത് എന്നതിൽ തർക്കമില്ല.വികൃതമായ ഒരു ചോദ്യചിഹ്നം പോലെയുള്ള മീനമ്മയുടെ രൂപം, ആരുമല്ലാതായിരുന്ന ഒരാളുടെ മരണത്താൽ എന്റെ ഹൃദയം ചീളുകളായി പിളരുന്നത് ആദ്യമായിട്ടാണ്,മേൽക്കൂരയിലെങ്ങും കൊരുത്തു നിൽക്കാതെ പായുകയായിരുന്നു മീനമ്മയുടെ നോട്ടം തുടങ്ങി കവിത തുളുമ്പുന്ന ഒരുപാട് പ്രയോഗങ്ങൾ കഥയെ ഹൃദ്യമായ ഒരനുഭവമാക്കി മാറ്റുന്നു ... ഒറ്റ ശ്വാസത്തിൽ വായിച്ചു തീർന്നാലും മായാത്ത ഒരു നോവായി ഒരു പാട് കാലം ഫർസാന അലിയുടെ ജോസഫ് നമ്മെ വിടാതെ പിന്തുടരും, തീർച്ച...
************