29-04-19b

സുഖം
കെ എൽ മോഹനവർമ്മ
പൂർണ പബ്ലിക്കേഷൻസ്.
പേജ് 71
വില35(2000)

സരസമായി കഥപറയാനുള്ള മോഹനവർമ്മയുടെ പ്രതിഭ തെളിഞ്ഞു കാണാവുന്ന നോവലാണ് സുഖം.
   ഹെഡ്മിസ്ട്രസ് ഗൗരിയമ്മസാറും ഭർത്താവ് റിട്ടയേഡ് അകൗൺന്റ് ജനറൽ ഓഫീസ് ക്ലർക്ക് കൃഷ്ണൻ കുട്ടിസാറും സുഖമായി താമസിക്കുന്ന വീടിന്റെ മുൻപിൽ ഒരു മുന്തിയ കാറ് വന്നുനിൽക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. ഗൗരിയമ്മ സാറിന്റെ ഭർത്താവ് മാത്രമായി ജീവിക്കുന്ന ആളെ ആഗതൻ കെ കെ സാറെന്നാണ് വിളിച്ചത്!. ബാല്യകാല സുഹൃത്തും സഹപാഠിയുമായ വിനയനാണ് ആഗതൻ. അയാൾക്ക് കൃഷ്ണൻ കുട്ടിയേക്കാൾ പതിനഞ്ചു വയസ് കുറവേ തോന്നൂ. ചെറുപ്പം,സുന്ദരൻ.

   തിരുവനന്തപുരത്തെ താമസത്തിനിടയിൽ ഇരുവരും കാണാറും, മുന്തിയ ഹോട്ടലിൽ നിന്ന് വീശാറും ഉള്ളത് മുൻകരുതൽ എന്നനിലയിൽ ഭാര്യയെ അറിയിച്ചിട്ടില്ല .അതിനാൽ ഈ ചങ്ങാത്തം തന്നെ  അവർക്ക് അപരിചിതമാണ്. വിനയനോടൊപ്പം അന്നൊരു യാത്ര പോകണം. ചില
സാമ്പത്തിക പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള യാത്ര. അതീവ രസകരമായാണ് ഈ യാത്ര വിവരിച്ചിട്ടുള്ളത്. ഒരു മൂത്രശങ്കയുടെ ഞെളിപിരി വായനക്കാരനും അനുഭവിക്കും.

    എന്താണ് സുഖം എന്ന് കൃഷ്ണൻകുട്ടി ആലോചിക്കാൻ കാരണം, ടിവി കേടായി മറ്റൊന്നും ചെയ്യാനില്ലാതെ ഇരുന്നപ്പോൾ ,അറിയാതെ ഒരു പുസ്തകമെടുത്ത് പത്തിരുപത് പേജ് വായിച്ചതുകൊണ്ടാണ് .ആ പുസ്തകം അവിടെ വരാനുള്ള കാരണവും രസകരമായി വിശദീകരിക്കുന്നുണ്ട്. കൃഷ്ണൻകുട്ടിയുടെ ആത്മാന്വേഷണത്തിന്റെ ഉത്തരം നൽകുന്നത് വിനയനാണ് .അതോടെ കൃഷ്ണൻകുട്ടി സുഖം എന്തെന്ന് അറിയാനും ആസ്വദിക്കാനും തുടങ്ങുന്നു. 

       ശുദ്ധ ഹാസ്യത്തിന്റെ നനുത്ത പശ്ചാത്തലത്തിൽ കേവലമായ ഒരു കഥ പറച്ചിലിലൂടെ ആഴത്തിലുള്ള ചില ചിന്തകളിലേക്ക് കഥാകൃത്ത് നമ്മെ കൂട്ടികൊണ്ടുപോകുന്നു. ബുദ്ധിജീവി നാട്യങ്ങളേതും ഇല്ലാത്ത രസകരമായ ഒരു കഥ വായിച്ചുകൊണ്ട് , ജൈവമനുഷ്യന്റെ ആത്മ സംഘർഷങ്ങളിലേക്ക് ഊളിയിടാൻ താല്പര്യമുണ്ടെങ്കിൽ കെ എൽ മോഹനവർമ്മ യുടെ സുഖത്തിലേക്ക് അര മണിക്കൂർ മാറ്റി വയ്ക്കുക.

 രതീഷ് കുമാർ