29-04-19

ടെഹ്റാനിലെ തടവുകാരി
 മറീന നെമാത്
വിവർത്തനം: സുരേഷ്.എം.ജി
ഗ്രീൻ ബുക്സ്
പേജ് 330
വില 340
കണക്കു ക്ലാസിൽ മതത്തെ കുറിച്ച് മാത്രം സംസാരിക്കുന്ന അധ്യാപികയോട് നമുക്ക് നമ്മുടെ പഠന വിഷയത്തിലേക്ക് മടങ്ങി വരാമോ എന്നു ചോദിച്ച പെൺകുട്ടിയെ വിപ്ലവകാരി എന്ന് മുദ്രകുത്തി വിചാരണ ചെയ്തു വെടിവെച്ചുകൊല്ലാൻ വിധിച്ചു എന്നുകേട്ടാൽ നടുക്കം വരില്ലേ?ഇല്ലെങ്കിൽ മെറീന നെമാതിന്റെ ജീവചരിത്രം വായിച്ചാലും നടുങ്ങില്ല.

    1980 ആദ്യ നാളുകൾ. അയത്തൊള്ള ഖൊമേനി ഇറാഖിലെ അധികാരം ഷായിൽ നിന്നും പിടിച്ചെടുത്ത കാലം. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം മത വൽക്കരിക്കപ്പെട്ടു .മിക്ക അധ്യാപകരെയും പിരിച്ചുവിട്ടു .മതവാദികളെ നിയമിച്ചു.
      "എന്നും കാലത്ത് ഞങ്ങളുടെപ്രധാനാധ്യാപിക ഖനൂംമഹ്മൂദിയും ഉപപ്രധാന അധ്യാപികയായ ഖനൂം ഖൈർഖാരിയും ഒരു ബക്കറ്റ് വെള്ളവുമായി വന്ന് നിൽക്കും .കയ്യിൽ ഒരു തോർത്തും ഉണ്ടാകും ഓരോ കുട്ടിയെയും അവർ പരിശോധിക്കും ഏതെങ്കിലുമൊരു കുട്ടിയെ മേക്കപ്പിട്ട് കണ്ടാൽ അവർ അത് കഴുകിക്കളയും .ആ കുട്ടിക്ക് വേദനിക്കുന്നവരെ ഉരച്ച് കൊണ്ടിരിക്കും. ഒരുദിവസം ഈ പരിശോധനക്കിടെ എൻറെ ഒരു സുഹൃത്തായ നസീമിനെ മഹ്മൂദി വലിച്ചു മാറ്റി നിർത്തി. അവരുടെ പുരികം കൃത്യതയാർന്നതാണ് എന്നതായിരുന്നു കാരണം. അവ അങ്ങനെ വെട്ടിയൊതുക്കിയ താണെന്ന് അവർ ആരോപിച്ചു .നസീം കരഞ്ഞുകൊണ്ട് താൻ ഒന്നും ചെയ്തിട്ടില്ല എന്ന് പറയുന്നുണ്ടായിരുന്നു. പ്രധാനാധ്യാപിക അവളെ വേശ്യയെന്ന് വിളിച്ചു" നിരപരാധിയായ ആ കുട്ടിയോട് അവർ മാപ്പ് പറഞ്ഞതേയില്ല.

    വിപ്ലവം വിജയിച്ച രാജ്യത്ത് ജീവിക്കേണ്ടിവന്ന രക്തസാക്ഷികളാണ് മറീനയും അവളുടെ മുത്തശ്ശിയും ."വിപ്ലവം മുത്തശ്ശിയെയും എന്നെയും തകർത്തിരിക്കുന്നു. കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെയും ഇസ്ലാമിക വിപ്ലവത്തിന്റെയും പരിണതഫലം ഭീകര ഏകാധിപത്യ ങ്ങളായിരുന്നു. എൻറെ ജീവിതം മുത്തശ്ശിയുടെ ജീവിതത്തിന്റെ ഒരു ഏകദേശ പതിപ്പാണെന്ന് തോന്നി." റഷ്യൻ വിപ്ലവ വിജയത്തെത്തുടർന്ന് നാടുവിടേണ്ടിവന്ന മുത്തശ്ശിയുടെ ഓർമ്മക്കുറിപ്പുകൾ മൊഴിമാറ്റി വായിച്ചു നോക്കിയ മറീനയുടെ ചിന്തകളാണ് ഇവ .

     നമുക്ക് മെറീനയുടെ ജീവിതത്തിലേക്ക് വരാം. ടെഹ്റാനിൽ ജീവിച്ചിരിക്കുന്ന അപൂർവം ക്രിസ്ത്യൻ വിശ്വാസികളിൽ ഒരാളാണവൾ. ബൈബിളും ഖുറാനും വായിച്ചു പഠിച്ച ,ഇസ്ലാമിക് സ്കൂളിൽനിന്നും മത പഠനം നേടിയ, ക്രിസ്തുവിനെ രക്ഷകൻ എന്ന് കരുതുന്ന പെൺകുട്ടി .ഇസ്ലാമിക വിപ്ലവം വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ അവൾ ചില പ്രകടനങ്ങളിൽ പങ്കെടുത്തിട്ടുണ്ട് .മുഹാജിർ പ്രസ്ഥാനത്തിന്റെയോ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയോ സമരങ്ങളോട് അവൾ ഒരുതരത്തിലും ഐക്യപ്പെട്ടില്ല. ഒരു പക്ഷേ കമ്മ്യൂണിസ്റ്റ് വിപ്ലവമാണ് വിജയിച്ചിരുന്നത് എങ്കിലും താൻ ഇതേ നിലപാടുതന്നെ പുലർത്തിയെന്ന് ,അവളെ സമരത്തിലേക്ക് ക്ഷണിക്കാൻ വന്ന കമ്യൂണിസ്റ്റ് സുഹൃത്തുക്കളോട് അവൾ തുറന്നു പറയുന്നു .പക്ഷേ കൂട്ടുകാർ ഓരോരുത്തരായി ജയിലിലടയ്ക്കപ്പെട്ടപ്പോൾ തന്റെ വിധിയും ഏതാണ്ടിതാണെന്ന് അവൾ ഉറപ്പിച്ചു .പക്ഷേ രക്ഷപ്പെടാനാവില്ല .അവളെ അന്വേഷിച്ചുവരുന്ന പോലീസുകാർക്ക് അവളെ കിട്ടിയില്ലെങ്കിൽ വീട്ടിലുള്ളവരെ അറസ്റ്റ് ചെയ്യും. കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റിൽ ഉള്ളവർ കൊല്ലപ്പെടും.

     അവൾക്കൊരു പ്രണയമുണ്ടായിരുന്നു. അയാൾ ഷാ ഭരണത്തിനെതിരെ ഇസ്ലാമിക വിപ്ലവത്തിൽ പങ്കെടുത്ത് വെടിയേറ്റ് കൊല്ലപ്പെട്ടു .പിന്നീട് ഹങ്കറി ക്കാരായമാതാപിതാക്കളുടെ മകനായി ,ടെഹ്റാനിൽ ജനിച്ച ആന്ദ്രെയെ പരിചയപ്പെടുകയും, അതൊരു പ്രണയമായി വളരുകയും ചെയ്തു .

    1982 ജനുവരി പതിനഞ്ചാം തീയതി മറീന അറസ്റ്റ് ചെയ്യപ്പെടുമ്പോൾ; സ്കൂളിൽപോകാൻ മതം മാത്രം പഠിപ്പിക്കുന്ന അധ്യാപകരെ വെറുത്ത് അവൾ വീട്ടിലിരുന്ന് ,സ്വയം പതിനൊന്നാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു.

    ജയിലിൽ അനുഭവിക്കേണ്ടിവന്ന കൊടിയ പീഡനം .
തോക്കിന് മുന്നിൽ നിന്ന് അതിശയകരമായ മോചനം .
അതിനു കാരണക്കാരനായ അലിയുടെ ഭീഷണി.
 വീട്ടുകാരെ മരണത്തിൽ നിന്ന് രക്ഷിക്കാനായി അവൻറെ ഭാര്യയാക്കാനും ഇസ്ലാമതത്തിൽ ചേരാനും സമ്മതിക്കേണ്ടി വന്നത്.
 വിപ്ലവകാരികളുടെ ആഭ്യന്തര പോരിൽ അലി മരണപ്പെട്ടത് .
ജയിലിൽ നിന്നുള്ള മോചനം .
സഹതടവുകാർ ജയിലിൽ അനുഭവിക്കുന്ന കൊടിയ പീഡനങ്ങൾ
 ഒക്കെയും ഈ ജീവചരിത്രത്തിൽ  ഇറ്റു വീഴുന്ന ചോരയുമായി നമ്മെ കാത്തിരിക്കുന്നു.

      ഐഎസ് ഐഎസ് പോലെയുള്ള പുതിയ മതതീവ്രവാദ സംഘടനകൾ വന്നതോടെ തീവ്രവാദികളുടെ ആക്രമണങ്ങൾക്ക് വിധേയരാവുന്ന സ്ത്രീകളുടെ അവസ്ഥ അതിദയനീയമായി.
 നാദിയ മുറാദിന്റെയും മറ്റും കഥകളും ,
ടി ഡി രാമകൃഷ്ണൻ തുടങ്ങിയവരുടെ നോവലുകളും വായിച്ച്,
 ഒരു പീഡനവും മലയാളിയുടെ മനസ്സിനെ സ്പർശിച്ചേക്കില്ല എന്ന സ്ഥിതി ആയിട്ടുണ്ട്. എങ്കിലും 'എവിൻ' ജയിലിൽ അട്ടിക്ക് കിടന്ന 250ഓളം സ്ത്രീകളുടെ വേദന, വായനക്കാരുടെ ഉറക്കം കളയാതിരിക്കില്ല.
 സുരേഷ് എം ജി യുടെ വിവർത്തനവും ആ സങ്കടത്തെ വിവർത്തനം ചെയ്യുന്നത് തന്നെയാണ്. ആദ്യത്തെ 14 അധ്യായങ്ങളിൽ വർത്തമാനവും ഭൂതകാലവും ഇടവിട്ട് പറയുന്ന രീതിയേക്കാൾ കുറേക്കൂടി നല്ല രചനാരീതി സ്വീകരിക്കാമായിരുന്നു എന്ന് തോന്നുന്നു . ഒരു നോവലിൻറെ കാല്പനിക ചട്ടക്കൂട് ഒപ്പിക്കാൻ ആവാം അങ്ങനെ ഒരു തന്ത്രം സ്വീകരിച്ചത് അത് വെറുതെയായില്ല മാനേജിങ് എഡിറ്റർ കൃഷ്ണദാസ് :"മറീനയെ വധശിക്ഷയിൽ നിന്ന് മാറ്റി നിർത്തുന്നതും ,അവളെ ഭീഷണിപ്പെടുത്തിക്കൊണ്ട് മതം മാറ്റുന്നതും, ജയിൽപുള്ളി എന്നനിലയിൽ അവൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകിക്കൊണ്ട് അവളെ വിവാഹംകഴിക്കുന്നതുമൊക്കെയുള്ള ഭാഗങ്ങൾ. നോവലിൻറെ മർമ്മപ്രധാനമായ ഭാഗങ്ങൾ ....."എന്ന് എഴുതി പോയത്

രതീഷ് കുമാർ