27-05-19b

📚📚📚📚📚📚
ഗണപതി ചെട്ട്യാരുടെ മരണം ഒരു വിയോജനക്കുറിപ്പ് 
ബാബു ഭരദ്വാജ് 
ലിപി പബ്ലിക്കേഷൻസ് കോഴിക്കോട്
പേജ് 74
 വില 40 രൂപ(2007)

(മലയാള മാദ്ധ്യമ പ്രവർത്തകനും, നോവലിസ്റ്റുമായിരുന്നു ബാബു ഭരദ്വാജ്. മികച്ച നോവലിനുള്ള 2006-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം കലാപങ്ങൾക്കൊരു ഗൃഹപാഠം എന്ന നോവലിനു ലഭിച്ചിട്ടുണ്ട്.1948 ജനുവരി 15ന് തൃശ്ശൂർ ജില്ലയിലെ മതിലകത്ത് ജനിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് 2016 മാർച്ച് മുപ്പതിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.

കൃതികൾ
പ്രവാസിയുടെ കുറിപ്പുകൾ.
ശവഘോഷയാത്ര .
പപ്പറ്റ് തീയേറ്റർ .
ഗണപതി ചെട്ടിയാരുടെ മരണം ഒരു വിയോജനക്കുറിപ്പ്. മൃതിയുടെ സന്ധി സമാസങ്ങൾ .
കണ്ണുകെട്ടി കളിയുടെ നിയമങ്ങൾ. കലാപങ്ങൾക്കൊരു ഗൃഹപാഠം. പരേതാത്മാക്കൾക്ക് അപ്പവുംവീഞ്ഞും .
കറുത്ത ബാല്യം .
മീൻതീറ്റയുടെ പ്രത്യയശാസ്ത്രവിവക്ഷകൾ.
അദൃശ്യ നഗരങ്ങൾ.
ശവഘോഷയാത്ര.
പഞ്ചകല്യാണി.
കലാപങ്ങൾക്കൊരു ഗൃഹപാഠം.

    പ്രൗഢമായ ഒരു ഭാഷാരീതിയാണ് ബാബു ഭരദ്വാജിന്റെ ഗണപതി ചെട്ട്യാരുടെ മരണം ഒരു വിയോജനക്കുറിപ്പ് എന്ന നോവലിനെ ശ്രദ്ധേയമാക്കുന്നത് .ഗണപതി ചെട്ടിയാർ, അമ്മ, കുഞ്ഞിരാമമേനോൻ ,നളിനാക്ഷൻ ,ദിവാകരൻ, സരള, ജമീല ,കുമുദം, എന്നിവരാണ് ഈ നോവലിലെ കഥാപാത്രങ്ങൾ." ഗണപതി ചെട്ടിയാരെ കുറേക്കാലമായി ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു. മറ്റുള്ളവരുടെ ജീവിതപുരാണം കൊണ്ടാണല്ലോ എന്നെപോലുള്ളവർ കഴിഞ്ഞു കൂടുന്നത്. എൻറെ അന്നവും അഹന്തയും ഒക്കെ അതുതന്നെ" എന്ന മുഖവുരയോടെയാണ് അനുവാചകനെ കഥയിലേക്ക് ക്ഷണിക്കുന്നത്. താൻ കഥ കെട്ടി ഉണ്ടാക്കുകയാണ് എന്ന് ഇടയ്ക്കു പറയുകയും, ഒരു സംഭവത്തിന്റെ നേരനുഭവം കണ്ടെത്തി അവതരിപ്പിക്കുന്നത് പോലെ എഴുതുകയും ചെയ്യുന്നതിൽ, ഈ നോവലിലൂടെ താൻ പറയാൻ ഉദ്ദേശിക്കുന്ന മനുഷ്യാവസ്ഥകളെ കുറിച്ച് അനുവാചകൻെറ ശ്രദ്ധ ആഴത്തിൽ പതിയേണ്ടതുണ്ടെന്ന് പറയാതെ പറയുകയാണ് ചെയ്യുന്നത് ."ആരോ എഴുതി ഒരുപാട് ചർച്ചകൾക്കുശേഷം ശരിപ്പെടുത്തി എടുത്ത ഒരു സ്ക്രിപ്റ്റ് അനുസരിച്ചാണ് നമ്മുടെയൊക്കെ ജീവിതം. സിനിമയിലേതുപോലെ സൂപ്പർസ്റ്റാർ നായകനടൻ പറയുന്നതനുസരിച്ച് അതിൽ മാറ്റമൊന്നും വരുത്താൻ പറ്റില്ല "എന്ന രചനയുടെ രീതിശാസ്ത്രവും ആദ്യമേതന്നെ പറഞ്ഞുവയ്ക്കുന്നു. അമ്മയും മകനുമായുള്ള ബന്ധം ഒരു റെയിൽപ്പാത പോലെ സമാന്തരമായി മുമ്പോട്ടുപോകുന്നതല്ല. അല്ലെങ്കിൽ കുറഞ്ഞപക്ഷം എല്ലാ ബന്ധങ്ങളും അങ്ങനെയല്ല. ആ ബന്ധത്തിൽ ഉണ്ടാവുന്ന ചുഴിയും മലരികളും അതിനുള്ള കാരണവും സവിശേഷ സന്ദർഭത്തിൽ അതിനുണ്ടാകുന്ന പരിണാമവുമാണ് ഈ നോവലിൽ തികച്ചും ബൗദ്ധികമായ കരുതലോടെ അവതരിപ്പിക്കുന്നത് .മറ്റു കഥാപാത്രങ്ങളെല്ലാം ആ സംഭവത്തിന് സാക്ഷികളോ ആധികരണങ്ങളോ മാത്രമാണ്. മാതൃഭക്തിയും രതിയും കുഴഞ്ഞു പോകുന്ന മനസ്സിൽ അതിലൊന്ന് മറ്റതിന്റെ താളം തെറ്റിക്കുമ്പോൾ ജീവിതത്തിലെ ആകെ താളം തെറ്റി പോയേക്കാം. ഗണപതി ചെട്ടിയാർ മരിക്കേണ്ടതുണ്ടായിരുന്നോ ,അത് കഥ അവസാനിപ്പിക്കാനുള്ള കുറുക്കുവഴി യാണോ എന്നൊന്നും കഥാകൃത്തിന് തന്നെ ബോധ്യമില്ല. ആകെ കഥയുടെ തലവാചകത്തിൽ ഒരു ഭേദഗതി നിർദ്ദേശിക്കാനുള്ള ശ്രമം:'ഗണപതി ചെട്ടിയാരുടെ ജീവിതവും മരണവും ചില ചിന്തകളും ഗുണപാഠങ്ങളും' എന്ന പേര് ആകുന്നതല്ലേ നല്ലത് എന്നൊരു ആലോചനയോടെ നോവൽ അവസാനിക്കുന്നു

രതീഷ് കുമാർ

🌾🌾🌾🌾🌾🌾