29-12-2018


ഇരുപത്തിനാലു മണിക്കൂർ
ശ്രീല അനിൽ
ഒരു ദിവസത്തിനിരുപത്തിനാല് മണിക്കൂർ ഉണ്ടത്രേ,,,,,
എത്ര കൂട്ടിയിട്ടും എന്റെ ദിവസത്തിന് അത്ര വരുന്നില്ലല്ലോ,,,,
മനസ്സിന്റെ അലാറം കേട്ട്,,,,
മടിപ്പുതപ്പ് കുടഞ്ഞെറിഞ്ഞ്,,,,
കണ്ണുകൾ ഇറുക്കിയടച്ച്,,,
കൂട്ടിന് പുലർച്ചയെ കൂടി വിളിച്ചെഴുന്നേൽപ്പിച്ച്,,,,
ആരംഭിക്കയാണ്,,,,,
പിന്നെയൊരൊൻപത് മണി വരെ നിമിഷങ്ങളങ്ങനെ,,,
ചിറക് വിരിച്ച് പറന്നു പറന്നു പോകും,,,,,
എത്ര പെട്ടെന്നെന്നോ,,,,
എങ്ങനെ നോക്കിയാലും ആ നാലു മണിക്കൂർ എനിക്കൊരു രണ്ടു രണ്ടര മണിക്കൂറേ കാണൂ,,,,,
പിന്നെ തത്രപ്പെട്ടൊരോട്ടം,,,, എത്ര ദൂരമെങ്കിലും എനിക്കത് പത്ത് മിനിറ്റായ് മാറും,,,,
ഒൻപതരക്ക് സ്‌കൂളിലെത്തി,,,,
നാലര നാലേമുക്കാലിന്,,,
തിരിച്ച് യാഥാർഥ്യങ്ങളിലേക്ക് കൺമിഴിക്കുമ്പോൾ,,,,
കഴിഞ്ഞു പോയത് എന്തൊക്കെ,,,, എന്നോർത്തെടുക്കാനാവത്തത്ര,,,
തളർന്നിരിക്കും,,,,
ശരിക്കുള്ള ജോലി,,,,
കൃത്യമായി പാഠങ്ങൾ പകർന്നു നൽകുക,,,,
ഈ വെപ്രാളത്തിനിടയിൽ
അതും കൂടി,,,,
അത് മാത്രം,,,,
ചെയ്യാൻ സമ്മതിക്കുമോ?????
കഴിഞ്ഞ അഞ്ചാറുമണിക്കൂറുകൾ കൃത്യമായെണ്ണാൻ ഇടക്കിടെ മണികൾ മുഴങ്ങുന്നുണ്ട്,,,,
എന്നതൊരു നേര്,,,
മടക്കത്തിൽ അലസമലസമായ്,,,,
വീണ്ടും അത്ര നേരം ഒറ്റക്കിരുന്നു മുഷിഞ്ഞ വീടിന്റെ കിന്നാരങ്ങൾക്ക് കാതോർത്ത്,,,,
അപ്പോൾ സമയത്തിനും മടുത്തിരിക്കും,,, അത് കുറച്ചൊരു മെല്ലെ നടപ്പ് പോലെ തോന്നും,,,,
എന്നെപ്പോലെ,,,,
കിടക്ക വിളിച്ച് വിളിച്ച് മടുക്കുമ്പോൾ,,,
ഒരു കിടക്കൽ,,,,
ഒരു സ്വപ്നവും മുഴുവൻ കണ്ടു തീർക്കാതെ,,,,
വീണ്ടും,,,,
അതു കൊണ്ടാണു ഞാൻ ആവർത്തിക്കുന്നത്,,,,,
ഇവിടെ ഒരുദിവസം,,,
ഇരുപത്തിനാലു മണിക്കൂറില്ലെന്ന്

ഒരു യുവതിയുടെ വിവാഹാലോചന
ഗഫൂർ കരുവണ്ണൂർ
നിലത്തു നിന്നാൽ
ഉറുമ്പരിക്കുമെങ്കിൽ
തലയിലേറ്റിയാൽ
പേനരിക്കുമെങ്കിൽ
ഇങ്ങോട്ടയയ്ക്കേണ്ട.
മല കയറണം
തപ്പുകൊട്ടി പ്രാവിനെ പറത്തണം
വെയിലു കായണം
ചെറുകിഴങ്ങ് തൊലിയുരിച്ച് തിന്നണം വാഴക്കാണി തേവി
മുഴുവിനെ പിടിക്കണം
കറണ്ടുപോയാൽ
പോസ്റ്റിൽ കയറണം.
അടുത്തവീട്ടിലെ കുഞ്ഞിന്
വലിവ് വരുമ്പോൾ
വണ്ടി വിളിക്കാനോടണം
ചെളി ചവിട്ടിയാൽ
വെയിലുകൊണ്ടാൽ
ചൊറിയും ചിരങ്ങും
വരുന്നതാണെങ്കിൽ ഉള്ളിലഴുക്കുള്ളയൊന്നിനെ
എന്തിനു കൂടെക്കിടത്തണം....

പുനർജ്ജനി
സ്വപ്നാ റാണി
രാവിൽ
നില തെറ്റി വീണ നക്ഷത്രത്തെ
ഉപയോഗത്തിലില്ലാത്ത
വാക്കിനെയെന്ന പോലെ
വാനം മറന്നുകളഞ്ഞു.
വെളിച്ചമസ്തമിച്ച താരകത്തെ
ഭൂമി,
തന്റെ അഗാധതയിലേക്ക്
ചേർത്തണച്ചു'
കൊടുങ്കാറ്റുകളും പേമാരികളും
എത്രയാവർത്തിച്ചിട്ടും
ഭൂകമ്പങ്ങളുടെ സംഹാര താണ്ഡവങ്ങൾ
കടന്നു പോയിട്ടും
അമ്മയുടെ ഗർഭപാത്രത്തിലെന്നപോൽ
സുരക്ഷിതമായി ഒരാത്മാവ്!
കാലങ്ങൾക്കപ്പുറമെപ്പോഴോ
പുനർജ്ജനിയുടെ
കാഹളമുയരുമ്പോൾ
മുള പൊട്ടി പുറത്തെത്തിയ
ചെടിയിൽ
ഒരു കാടു മുഴുവൻ
പൂത്തു നിന്നു.

പണം
ഡോ.വിനിത അനിൽ കുമാർ
പണമെടുക്കാതെന്റെ പേഴ്സെടുക്കാതെ,
പതിവു യാത്രയ്ക്കൊരു പൂതിയുണ്ടായ്..
പതിവുപോൽ ബസ്സിന്റെ പുറകങ്ങു മണ്ടിയാ-
ശകടത്തിനുള്ളിൽക്കടന്നു പറ്റി..
"ടിക്കറ്റ്, ടിക്കറ്റ് " ,ചോദ്യവും തോണ്ടലും,
പതിവിന്നു മാറ്റമതൊട്ടുമില്ല;
പതിവുപോൽ സഞ്ചിയിൽ തപ്പി ഞാൻ കൈയിട്ടു,
പതിതയായ് ഖേദം പകർന്നു നോക്കി;
"ടിക്കറ്റു കാശണ്ടെടുത്തോണ്ടു കേറണം'',
പതിവുദേഷ്യത്തിന്റെയീർഷ്യഭാവം;
"കാശില്ല, പേഴ്സില്ല !'' വായൊന്നു പൊത്തി ഞാൻ-
നോക്കിയച്ചൂടനാം കണ്ടക്ടറെ ;
"ശല്യങ്ങളിങ്ങനെ നേരം മെനക്കെടു-
ത്താനായി രാവിലേ പോന്നുകൊള്ളും..''
ബെല്ലിന്റെ സിംഗിൾ മുഴങ്ങുന്നു സത്വരം,
നെഞ്ചലച്ചമ്മറിയാ വണ്ടി നിന്നൂ;
തലയുയർത്താതെയാ പടവുകൾ നോവാതെ,
ജാള്യത ഭാവിച്ചിറങ്ങീടവേ,
മുറുമുറുപ്പായി, മുഖം കോട്ടലായെന്നെ
മുച്ചൂടു മൂടുന്നപസ്വരങ്ങൾ..
കൈകാട്ടി നിർത്തിച്ചൊരോട്ടോയിലായി പി-
ന്നെന്റെയഹന്തതൻ യാത്രയല്പം;
നല്ലൊരു ദൂരത്തിനപ്പുറം ചെന്നിട്ടു,
നിർത്തുവാൻ കല്പിച്ചിറങ്ങി, പിന്നെ
സഞ്ചീടറകളങ്ങോരോന്നു തപ്പി-
ത്തളർന്നു നോക്കുമ്പൊളാ മാന്യദേഹം,
ചാടിയിറങ്ങി നിന്നാക്രോശ രുദ്രനായ്:
''പെണ്ണായിപ്പോ,യല്ലേൽ...'' എന്നലറി.
പാട്ടും തിളക്കവും കോട്ടിട്ട കുട്ട്യോളു-
മുള്ളൊരു വസ്ത്രക്കട കയറി;
അഞ്ചു നിലകളും കേറിയിറങ്ങി, പ-
ത്തായിരം രൂപയ്ക്കു ബില്ലു കിട്ടി;
സഞ്ചി പരതിപ്പരതി നിന്നപ്പളേ,
മാനേജരദ്ദേഹമൊന്നു മൂളി ;
വർണ്ണശബളക്കവറുകൾ പുച്ഛത്തി-
ലപ്പുറത്തേയ്ക്കങ്ങു തള്ളി നീക്കി;
ഒന്നും പറഞ്ഞില്ലയെങ്കിലും രൂക്ഷമാ-
നോട്ടത്തിലെല്ലാം മനസ്സിലായി...
ലഡ്ഡുവും പേടയും വാങ്ങീട്ടു, "രൂപ ഞാൻ
പിന്നെത്തരാ " മെന്നു ചൊന്നു നോക്കി..
ജോറാണു സംഗതി ! അപ്പൊഴും വക്രിച്ച-
മൗനത്തിലുത്തരം സ്പഷ്ടമായി...
പണമെന്ന മാന്ത്രികക്കുതിര മേലേറി ഞാൻ
ചെയ്തെത്ര യാത്രകൾ ! ചിന്തിച്ചു പോയ്;
ഇക്കണ്ട ലോകർക്കു പ്രത്യഭിവാദങ്ങൾ
ചെയ്തൊരെൻ മൂഢത്വമോർത്തു പോയി !!
തിരികെ മടങ്ങുന്ന ബസ്സിലും വഴിയിലും
നില്ക്കുന്നു പലതരം പണസഞ്ചികൾ...
ടിക്കറ്റെടുക്കുവാനെന്നോ മറന്നിട്ട
നൂറിന്റെ നോട്ടു ഞാൻ നീട്ടി നല്കി...

സ്വർണ്ണക്കൂട്ടിൽ....
ഗസ്ന ഗഫൂർ
സ്വർണ്ണക്കൂട്ടിൽ അകപ്പെട്ട പക്ഷി......
പക്ഷി?
കുരുവിയല്ല,തത്തതല്ല
ഞാൻ..........
ഒരിക്കൽ ശബ്ദമുറക്കുമ്പോൾ,
ഹൃദയം മടുക്കുമ്പോൾ.....
ഞാൻ.... പരുന്ത്
ആരേയും പിച്ചിചീന്താൻ കരുത്തുള്ള
പരുന്ത്.
വേദനകൾ...നൊമ്പരങ്ങൾ
എന്നെ വരിഞ്ഞു മുറുക്കുമ്പോൾ
ഞാനെന്ന പരുന്ത് ഭ്രാന്തിയാകും,
സ്വർണ്ണക്കൂടിന്റെ അഴികൾ പറിച്ചെടുത്ത്
സ്വതന്ത്രയാകും.....
 പിന്നെ,
 പറന്ന്.......പറന്ന്
 അങ്ങകലേക്ക്........

സങ്കടക്കാഴ്ചകൾ
ലാലു.കെ.ആർ
ക്ഷേത്രം
പുണ്യപുരാതനം .
ദേവി
ശക്തിസ്വരൂപിണി.
മുഴങ്ങുന്നു മൈക്കിൽ
തുടരെത്തുടരെ
അനൗൺസ്മെന്റുകൾ
'സൂക്ഷിക്കുക
പോക്കറ്റടിക്കാരെ '
ഒരു കൈയാൽ പോക്കറ്റു-
പൊത്തിപ്പിടിച്ചു
മറുകൈയാൽ ദേവിക്ക്
സല്യൂട്ടടിച്ചു നിൽക്കുന്നു
കുറേ ഭക്തജനങ്ങൾ

കവിതയെ പ്രണയിച്ചതിന്
സിദ്ദീഖ് സുബൈർ
'തീരാകൊതിയോടെ
നിന്നോടടുത്തപ്പോൾ
വെറുപ്പതിൻ കയ്പു
രുചിച്ചു ഞാനും...

തീകാളും പകയോടെ
നോക്കിലോകർ,
കവിയെന്ന്ചൊല്ലി
'കപി'യായിതീർക്കാൻ
അനേകമാൾക്കാർ...

കരുത്തില്ലെതിർക്കുവാൻ,
ഉള്ളതോ തൂലികയൊന്നുമാത്രം,
അതിലെഴും ശക്തിയറിഞ്ഞവർ,
അറിയാതെ
സാദരം ചേർന്നുനിൽക്കും...

ആരെല്ലാം മാറ്റിനിറുത്തിയാലും,
അകക്കണ്ണിൻ
കോണിലൊരിടത്ത്,
അലകടലായി
നീയിരച്ചുപൊന്തും...

'ലോകരിൽ വാക്കിലല്ലകാര്യം,
നെഞ്ചിൻ തുടിപ്പിലാണുനേര് '

നേരില്ലാകാലത്തും
നേരിൻ തുടിപ്പുമായി,
കവിത
പുലരട്ടെയെന്നുമെന്നും...'

ഡിസംബർ 
അനാമിക
പെയ്തൊഴിയാ
നീഹാരമായ്
ഡിസംബർ
മിഴിതുടക്കവേ
ഹിമകണം
പൊഴിയുന്നു  ചേമ്പിലത്താളതിൻ
പുണ്യമായ്
നിറയുന്നു
ശീതളിമയിലൊളിക്കുന്നു
പോയകാലമാം
മൗനജലരേഖകൾ
ഋതുവർണ്ണവേരു കൾ
കാലമണലിതിൽ
പടരുന്നു
തൊടിയിലായ്
നിഴൽച്ചിത്രങ്ങൾ
പോറുന്നു
നിയതിയും
ഓർമ്മഗന്ധങ്ങൾ
പേറുമാവീഥികൾ
നീളുന്നനന്തമായ്
ഇവിടെയീക്കാഴ്ചയിൽ
ഓർമ്മമരങ്ങൾ
ഇലകൊഴിക്കവേ
എത്രഋതുക്കൾതൻ
സ്വപ്നാടനങ്ങൾ,
കണ്ണീരുറവകൾ,
വറ്റാക്കനവതിൻ
അംഗുലീസ്പർശങ്ങൾ,
ഇന്നലകളിൽ
നിറഞ്ഞതാം
മയൂരനടനങ്ങൾ,
മഹായാത്രകൾ
മംഗളം ചൊല്ലിപ്പിരിഞ്ഞതാം  സന്ധ്യകൾ
പ്രിയ ഡിസംബറേ
നിൻ
പകലിരവുകൾ
നിശ്ശബ്ദസംഗീതം
പൊഴിക്കവേ
ഭൂമി ഹൃദന്തത്തുടിപ്പിലായി
ഒരു ഹിമകണം
ശ്രുതിചേർന്നു
നിന്നുവോ
കാലമൊരു
പഥികനായ്
തീർഥാടനം
തുടരവേ
ഡിസംബറേ
നീയകലുന്നു
പോയകാലത്തിൻ
പൂക്കൂടയിൽ
വസന്തം
പൊഴിച്ചിട്ട്
വാടാത്ത
മലരതിൽ
മൃദുഹാസമെന്നപോൽ


ശിരസും ഉടലും(കഥ)
ഷജിബുദ്ദീൻ.ബി
   മണ്ണടരിന്‍റെ ആഴങ്ങളിലേയ്ക്ക് വേരോടിച്ച്, മാനത്തെ എത്തിപ്പിടിക്കനെന്നോണംചില്ലകള്‍ വിടര്‍ത്തി വ്യാപിച്ചു നില്‍ക്കുന്ന ഒരു വടവൃക്ഷത്തെപ്പോലെ ഭൂഗോളമാകെ പടരുന്ന ഷോപ്പിംഗ് മാള്‍ ശൃംഖല.അതിന്‍റെ എന്‍റെ നാട്ടിലെ അല്‍ഭുതം.കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഉല്‍ഘാടനം ചെയ്യപ്പെട്ടത്.
മാനംതൊട്ട ആ കെട്ടിടത്തിലേയ്ക്ക് ഉടലുപുതയ്ക്കാന്‍ ഒരു പുതുവസ്ത്രം വാങ്ങണമെന്ന മോഹവുമായി(വീടിനടുത്ത വസ്ത്രാലയങ്ങളോട് ഈ അത്ഭുതം വന്നശേഷം എനിക്കൊരു പുച്ഛം തോന്നുന്നുണ്ട്.)ഞാന്‍ ഓട്ടോ പിടിച്ചെത്തി.
ഷോപ്പിംഗ് മാളിന്‍റെ പ്രവേശനകവാടത്തിനരികിലായി നിരീക്ഷണക്യാമറയുടെ ചുവട്ടിലായി അതാ രണ്ടു കണ്ണുകള്‍. പാഞ്ഞുനടന്ന ഒരു ബര്‍മുഡക്കാലിനടിയില്‍പ്പെട്ട് ചതയേണ്ടതായിരുന്നു. അതിനുമുന്‍പ് ഞാന്‍ അത് കൈയ്യിലെടുത്തു.കണ്ണുകളെന്നെ അനുകമ്പയോടെ നോക്കി.
അവിടം മുതല്‍ എന്‍റെ മനസ് ലക്ഷ്യം തെറ്റി.
നാലാം നിലയിലെ സുഗന്ധവ്യാപാരകേന്ദ്രത്തിലെ ആറാം കവാടത്തിനരികില്‍ ലിഫ്റ്റിനകത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂക്കിനെ ലഭിച്ചു.പൊടി തുടച്ചു മാറ്റി മൂക്കിനെ ഞാന്‍ വൃത്തിയാക്കി.അത് ഒരു ദീര്‍ഘനിശ്വാസം കൊതിക്കുന്നുണ്ട്. ഏറിയാല്‍ പതിനെട്ടൊ ഇരുപതോ വയസ്സേ പ്രായം വരൂ.വരുംഭാവിയില്‍ അതൊരു മുക്കുത്തിയിടാന്‍ കൊതിക്കുന്നുണ്ട്.മൂക്കിനെ  ഞാന്‍  ബാഗില്‍  വച്ചു.
ഗസലുകള്‍ ഗീതമൊരുക്കുന്ന അന്‍ചാം നിലയില്‍ നിന്നുമാണ് ചെവികള്‍ ലഭിച്ചത്.കാതുകുത്തുകല്യാണം കഴിഞ്ഞിരിക്കുന്നു.പക്ഷെ കമ്മലുകളാരോ കവര്‍ന്നിട്ടുണ്ട്.രകതം വാര്‍ന്നിരിക്കുന്നു. അതും ഞാന്‍ ബാഗിലാക്കി.
ഷോപ്പിംഗ് മാളിലേയ്ക്ക് പ്രവേശിച്ചപ്പോള്‍ മുതല്‍ക്കേ മൂത്രശന്‍ക കലശലായിരുന്നു. ഒത്തരി അലഞ്ഞാണ് മൂത്രപ്പുര കണ്ടെത്തിയത്.അതിനുള്ളില്‍ നിന്നുമാണ് കവിളുകള്‍ ലഭിച്ചത്.കവിളത്ത് കവിത പൂവിട്ടു തുടങ്ങിയിട്ടേയുള്ളു. ചെരുപ്പിലുടക്കാതെ ഞാന്‍ അതിനെ കോരിയെടുത്തു.ആരെന്കിലും കണ്ടുവൊ...? ഹൊ...! ഇതിനകത്താരു കാണാന്‍...

ഞാന്‍ വാങ്ങാന്‍ പോയതെന്ത്....?എനിക്കു ലഭിച്ചതെന്ത്...?
വാങ്ങാന്‍ കൊതിക്കുന്നത് വില്ക്കാത്ത ഒരു വ്യാപാരിയാണ് ജീവിതം.
ഒരു മോഷ്ടാവിനെപ്പോലെ പതുങ്ങി ഞാന്‍ പുറത്തിറങ്ങി.അലാറം മുഴങ്ങുമെന്ന് ഞാന്‍  ഭയന്നിരുന്നു.പക്ഷേ അതുണ്ടായില്ല.
ബസ്റ്റാന്‍റിനടുത്തുള്ള ഇലക്ട്രിക് പോസ്റ്റില്‍ തൂക്കിയിട്ട നിലയിലാണ് തലമുടി ലഭിച്ചത്.ഇരുളിനെ നൂലാക്കി നീളത്തില്‍ കെട്ടി തുമ്പത്തു പൂവച്ചപോലെ.ജട പിടിച്ചു തുടങ്ങിയിരിക്കുന്നു.കാച്ചെണ്ണ കൊതിക്കുന്നു.
ഓട്ടോപിടിച്ച് ഞാന്‍ വീട്ടിലേയ്ക്ക് തിരിച്ചു.ആ ഓട്ടോയ്ക്കകത്തു നിന്നുമാണ് അധരങ്ങള്‍ ലഭിച്ചത്.അവ നനവു നഷ്ടപ്പെട്ട് ഉണങ്ങിത്തുടങ്ങിയിരിക്കുന്നു.
വീട്ടിലെത്തിയ ഞാന്‍ എല്ലാം  കൂടി  ചേര്‍ത്തൊട്ടിക്കാന്‍ തുടങ്ങി.കണ്ണൊട്ടിച്ചപ്പോള്‍ കൂട്ടുകാരി.കവിളൊട്ടിച്ചപ്പോള്‍ ചേച്ചി.മൂക്കൊട്ടിച്ചപ്പോള്‍ അയല്‍പക്കത്തെ മാധവിയാന്‍റി.ചുണ്ടൊട്ടിച്ചപ്പോള്‍ അനിയത്തി.കാതൊട്ടിച്ചപ്പോള്‍ അമ്മ.ഒടുവില്‍ ആ അഴകിയ തലമുടിചേര്‍ത്തു വച്ചപ്പോള്‍ അത് ഞാന്‍ തന്നെയായി മാറി.
പെട്ടെന്നാണ് ഓര്‍മ്മ വന്നത്.കണ്ണാടി മുന്നിലെത്തി ഞന്‍ എന്നെ നോക്കി.
ഈശ്വരാ കഴുത്തിനു താഴെ ശൂന്യം...
അപ്പോഴെന്‍റെ ഉടല്‍...?
ശിരസ് ഉടലുതേടിയുള്ള യാത്രയിലാണിപ്പോള്‍...

ആമേൻ
നരേന്ദ്രൻ
കൺതുറന്നു നോക്കുക.
ഗലീലക്കടലിനു മുകളിലൂടെ
അവൻ വരും.
നിങ്ങളിലെ മരണമില്ലാത്ത ഉണർവ്വായി,ബോധമായി.
ആ കൈകൾ തൊടുമ്പോൾ
കെട്ടുകൾ അഴിയും.
മിഴികൾ തുറക്കും.
മരണം കീഴ്പ്പെടുത്തിയ
കല്ലറകളിൽ നിന്ന് ജീവൻ
ഉയിർക്കും.
മണ്ണിൽ നിന്ന് ഒരു ഒലീവുമരം
ആകാശത്തോളം വളരും.
ആകാശമോ
അളവില്ലാത്ത അനുഗ്രഹങ്ങൾ
വർഷിക്കും...
ഉവ്വ്, ആമേൻ...

അലച്ചിൽ
മഞ്ജുള
എല്ലാ അലച്ചിലുകളും
അവസാനിക്കുന്നൊരിടമുണ്ട്.
അതവളോടു മാത്രം പറയേണ്ടതുമാണ്.
അവൾ;
ഏഴു കല്ലുള്ള മൂക്കുത്തിച്ചുവപ്പിൽ
ഉടഞ്ഞുണർന്ന സ്വപ്നഗന്ധി.
നിലാവിൽ പരന്നൊഴുകാതെന്നെ
ചുറ്റിപ്പിടിച്ചു ഖനീഭവിപ്പിക്കും ആത്മരൂപി.
അവളിലേയ്ക്ക്
സമവാക്യങ്ങൾ തെറ്റുമ്പോൾ
എൻ്റെയലച്ചിലിനും
വഴി തെറ്റാൻ തുടങ്ങുന്നു.
രണ്ടാമത്തെ ഇടവഴിയുടെ
നാലാമത്തെ വളവിൽ
നിറഞ്ഞു പൂത്ത ലാങ്കിച്ചുവട്ടിൽ
പച്ച വളയിട്ട കൈകളിൽ
കരഞ്ഞു കലങ്ങിയ രണ്ടു കണ്ണുകൾ
അവളൊളിച്ചു വച്ചിരുന്നു.
നിലാവു മണക്കാത്ത മഴക്കാലത്ത്
കണ്ണീർക്കവിത കൊണ്ട് നിശ്ചലമായൊരു ശില്പം തേടിയലയവെ
മാഞ്ഞു തീർന്ന വഴികളിൽ
രണ്ടു കൺപീലികളെനിക്ക് വഴികാട്ടിയായി.
എല്ലാ അലച്ചിലിനുമൊടുവിൽ
നിന്നിൽ മാത്രമെത്തുമ്പോൾ..
ഞാനെന്നും ഉള്ളുരുകിക്കരയുന്നു.
വഴികളവസാനിച്ചവൻ്റെ
തൊണ്ടയിൽ നിന്നുയരുന്ന
കണ്ണീരുപ്പു ചവച്ചു രസിച്ച്
നീയെന്നിൽ
തേടിയലയുന്നതെന്താണ്??
അലഞ്ഞലഞ്ഞുരുകി , വഴിയിൽ
ഇടറി വീണ വിലാപസ്വരം ഏറ്റുവാങ്ങാനാകാതെ
ഞാനിന്നും...
ഉപാധികളോടെ
കണ്ണീരൂർന്ന്..
ഒരു തിരുവാതിരക്കാറ്റു പോൽ...
ഏകാകിയായ്...
തണുത്തു വിങ്ങി ബാക്കിയാവുന്നു..
ഓരോ ഓർമ്മച്ചരടു മുറുകുമ്പോഴും
മുനിഞ്ഞു കത്തിക്കൊണ്ട്.....

വിശപ്പ് 
ജിഷ.കെ
അടുപ്പുകൾ പുകയൂതിക്കത്തിച്ച്
ഒരു വൻമതിൽ
പടുത്തുയർത്തു०.
വിശപ്പിന്റെ കയ്യെത്താവുന്നതിനുമപ്പുറമത്
ഉയർന്നുപൊങ്ങു०.

മുറ്റത്തിരുന്ന്  വിശപ്പ്
കൊത്തങ്കല്ല് കളിക്കു०.

കണ്ണുകളെരിഞ്ഞൊരക്ഷമ
അടുപ്പിലേക്ക്
തള്ളിക്കയറി
ചുവന്ന കനലുകൾ
രുചിച്ച് നോക്കു०.

വയറൊട്ടി നില്ക്കുന്ന അടുപ്പുകല്ലുകൾ
തണുത്ത  ചാരമെടുത്തണിയു०.

വെന്ത വിശപ്പിലേക്കാളിക്കത്തുന്ന തീ
ദേഹമുപേക്ഷിച്ചിടു०.
വിശപ്പിലൂടിഴഞ്ഞ്
ഗതി കിട്ടാത്ത വേവുകൾ
പതുക്കെ  അലയാനിറങ്ങു०.

ഒരു ചി ത്തഭ്റമത്തിലത്
ചങ്ങലകൾ
ആർത്തിയോടെ
 വാരി
വിഴുങ്ങു०.

തെരുവിന്റെ ഉറ്റവരിൽ നഗ്നമായൊരു
നാവിനെ
വിശപ്പോമനിച്ച്
വളർത്തു०.

ഉന്നതരുടെ ശില്പശാലകളിൽ
പറവക്കണ്ണിലടയാളപ്പെടുത്തിയ
വിശപ്പിന്റെ സൂചനാചിത്റത്തിന്
അ०ഗീകാര പ്രശസ്തി പത്റ०
നൽകപ്പടു०.

വറ്റിയൊരു പുഴയിലേക്ക്
രണ്ട് മീൻകണ്ണുകളെയടർത്തിയിട്ട്
വിശപ്പ്  പലായനം തുടരു०

കുട
പവിത്രൻ തീക്കുനി
വെയിലില്ലായിരുന്നു
മഴയും.
എന്നിട്ടും നീയെന്നെ ചൂടി നടന്നു.
ഇടയ്ക്ക് ചരിച്ചുപിടിച്ചു.
ഇടയ്ക്ക് മറച്ചും.
ഇല്ലാത്ത കുന്നിന്റെ നെറുകയിലെ
വീടെത്തിയപ്പോള്,
ഒടിച്ചുമടക്കി, പുറത്തുവെച്ചു
നീയകത്തേക്ക് പോയി
വയ്കാതെ വാതിലടച്ചു.
“ഒരു നോട്ടം കൊണ്ട്
എന്റെ സുര്യനെ നീ കീഴടക്കി…
ഒരു മന്ദ സ്മിതം കൊണ്ട്
എന്റെ റോസ്സാപ്പുവ്
നീ അടര്ത്തിയെടുത്തു….
ഒരു ചുംബനം കൊണ്ട്
എന്റെ നക്ഷത്രത്തെ
നീ ശ്വാസം മുട്ടിച്ചുകൊന്നു…
പ്രണയപര്വം
ഒരു ചില്ലക്ഷരം
കൊണ്ടെങ്കിലും നിന്റെ
ഹൃദയതിലെന്നെ
കുറിച്ചിരുന്നെങ്കില്
ഒരു ശ്യാമവര്ണം
കൊണ്ടെങ്കിലും നിന്റെ
പ്രണയത്തിലെന്നെ
വരച്ചിരുന്നെങ്കില്,
ഒരു കനല്ക്കട്ട
കൊണ്ടെങ്കിലും നിന്റെ
സ്മ്രിതികളിലെന്നെ
ജ്വലിപ്പിച്ചുവെങ്കില്,
ഒരു വെറും മാത്ര
മാത്രമെങ്കിലും നിന്
കനവിലേക്കെന്നെ
വിളിച്ചിരുന്നെങ്കില്,
അതുമതി തോഴി,
കഠിനവ്യഥകള്
ചുമന്നുപോകുവാന്‍
കല്പാന്തകാലത്തോളം

ഓരോസ്നാപ്പിലും
റഫീഖ് അഹമ്മദ്
ഫോട്ടോഗ്രാഫർ ഒരു പോരാളിയാണ്.
അയാളുടെ കയ്യിലുള്ളത് ഒരു തോക്കാണ് .
അതുകൊണ്ടയാൾ കാലത്തെ തുരുതുരാ വെടിവച്ചിടുന്നു.
നിമിഷങ്ങളായി മുഹൂർത്തങ്ങളായി  സന്ദർഭങ്ങളായി .
സമയത്തിന്റെ കബന്ധങ്ങൾ ചിതറിക്കിടക്കുന്നു.
കാലത്തെ നിശ്ചലമാക്കാൻ ഒരു യന്ത്രത്തിനുമാവില്ല
ക്യാമറക്ക്‌ അല്ലാതെ.
ഫോട്ടോഗ്രാഫർ വെടിവെച്ചിടുന്നത്
സമയത്തെ മാത്രമല്ല.
ഓരോരോ നേരത്ത്  ഉണ്ടാ
യിരുന്ന നമ്മളെക്കൂടിയാണ്.
അതാ,പഴയ ഞാൻ,തടിച്ച ഞാൻ, മെലിഞ്ഞ ഞാൻ
വിവാഹത്തിനു മുമ്പത്തെ ഞാൻ,ശേഷമുള്ള ഞാൻ
രോഗിയായിരുന്ന ഞാൻ,ജയിച്ച ഞാൻ,
പെൻഷൻ പറ്റി പൂച്ചെണ്ട്
പിടിച്ച് ഇരിക്കുന്ന ഞാൻ.
സമയത്തിൻറെ കബന്ധക്കൂമ്പാരങ്ങൾക്കിടയിൽ നിന്ന്
അങ്ങനെ നമ്മൾ നമ്മുടെ ശവങ്ങളെ തിരിച്ചറിയുന്നു.
ഫോട്ടോഗ്രാഫർക്ക്‌ അല്ലാതെ മറ്റാർക്കും ഒരാളുടെ നിഴലിനെ
അയാളിൽ നിന്ന് അഴിച്ചെടുക്കാനാവില്ല,
മരണത്തിനു പോലും.
ഒരർത്ഥത്തിൽ ഫോട്ടോഗ്രാഫറാണ് നിങ്ങളെ സൃഷ്ടിക്കുന്നത്.
നിങ്ങൾ ജീവിച്ച വർഷങ്ങളിലെ,
ഏതോ ഒരു നിങ്ങളെ അയാളാണ് നിർമ്മിച്ചത്.
നിങ്ങൾ ഇല്ലാതായിക്കഴിഞ്ഞാൽ
അയാൾ ഉണ്ടാക്കിയ അയാളുടെ നിങ്ങൾ
നിങ്ങളുടെ പേരിൽ അറിയപ്പെടും.
വാസ്തവത്തിൽ താൻ ആരോടാണ്
യുദ്ധം ചെയ്യുന്നതെന്ന്
ഫോട്ടോഗ്രാഫർക്ക് അറിഞ്ഞുകൂട.
ഒരിക്കലും ജയിക്കില്ല എന്നും.
പക്ഷെ കാലത്തെ ഇങ്ങനെ കബളിപ്പിക്കാൻ
അയാളെപ്പോലെ മറ്റാർക്കുമാവില്ല .
അയാൾ സമയനദിയിൽനിന്ന് കൈക്കുമ്പിളിൽ
ഇത്തിരി കോരിയെടുക്കുന്ന ആളല്ല.
കാലച്ചുമരിന് പിന്തിരിഞ്ഞ് നിൽക്കുന്നവനുമല്ല,
പോരാളി തന്നെയാണ്.
എല്ലാ നിഴൽ യുദ്ധങ്ങളിലും ജയിക്കുന്ന
പോരാളി..

കയർ
വിനോദ് ആലത്തിയൂർ
എത്ര പിരിഞ്ഞിരുന്നാലും
നമ്മൾ
ഒറ്റക്കെട്ടാണെന്ന്
കയർ..
[8:57 AM, 1/2/2019] Prajitha Teacher: നമ്മൾ
ദേവി.കെ.എസ്
അകന്നകലേക്ക് മറഞ്ഞിട്ടും
വിറച്ചു നീങ്ങുന്ന
ഞാഞ്ഞൂൽക്കഷണങ്ങളെപ്പോൽ
തുടിക്കുന്നുണ്ട്
നമ്മളിൽ നമ്മൾ!
[8:57 AM, 1/2/2019] Prajitha Teacher: അമ്മക്കോഴി
വെട്ടം ഗഫൂർ
നെഞ്ചിലെ നെരിപ്പോട്
മക്കൾക്ക് പകുത്ത് നൽകിയവൾ...
മാനത്തേക്ക് തലയുയർത്തി
ജാഗ്രതയുടെ തണലായവൾ....
ചിറകിനുള്ളിൽ സുരക്ഷയുടെ
കൂടൊരുക്കി സംതൃപ്തിയാണ്ടവൾ...
മണ്ണിൽ മാന്തി മാന്തി അന്നത്തിന്റെ
ആഴം താണ്ടി പട്ടിണി കിടന്നവൾ ...
ആപത്തിൽ സൂചനയുടെ കാഹളമായി
കാകനോ എറിയനോ കവരാതെ
നിധി കാക്കും ഭൂതമായ് കാവലിരുന്നവൾ...
മക്കളോ,കൊത്തിയാട്ടിയാൽ പിന്നെഏഴയലത്തുപോലും
കണ്ട ഭാവമില്ലാത്തവർ......
അമ്മയോ, അതെന്ത് കുന്തമെന്ന്
മണ്ണാർന്ന കൊക്കിലൂടൂറ്റം കഥിച്ചവർ
എന്റെയന്നമാണെന്റെ ജീവിതമെന്ന
മിഥ്യയിൽ തള്ളയെ കൊത്തിക്കീറാൻ
പിറകെയോടിയോടി
കലപില കൂട്ടുന്നവർ...
എങ്കിലുമിതെന്റെയുണ്മയെന്ന
ബോധത്തിൽ ചിറക് കുടഞ്ഞ്,
പതുങ്ങിയൊതുങ്ങിയങ്ങനെ,
അടുക്കളക്കോലായ മൂലയിൽ
ആർക്കും വേണ്ടാതെ നീറ്റലോടെ
പതുങ്ങിയിരിപ്പവൾ,അമ്മക്കോഴി ......