28-09-19

ഇന്നത്തെ നവ സാഹിതിയിലേക്ക് എല്ലാ സഹൃദയർക്കും ഹൃദ്യമായ സ്വാഗതം..🙏🌹🌹🙏
ഇതാണ് ഞാൻ
ആത്മായനം
ജസീന റഹീം

ഹോസ്റ്റലിൽ നിന്നും അവധി ദിവസം നോക്കി വീട്ടിലേക്ക് മടങ്ങവെ വഴിയിൽ വച്ച് എന്റെ കൂട്ടുകാരി സിന്ധുവിന്റെ സഹോദരൻ വാവയിൽ നിന്നാണ് അവൻ ഗൾഫിലേക്ക് - സൗദിയിലേക്ക്‌ - പറന്നതറിഞ്ഞത്... എന്നോട് പറയാതെ ..തമ്മിൽ കാണാതെ.. പോയല്ലോയെന്ന സങ്കടത്തെക്കാൾ ഇനിയെങ്കിലും ഒരാശ്വാസ തീരത്തണയുമല്ലോ എന്ന സമാധാനമായിരുന്നു.. പോകും മുമ്പ് തമ്മിൽ കാണാൻ നടത്തിയ ശ്രമങ്ങൾ പിന്നീടാണ് ഞാനറിഞ്ഞത്.. അത്രമേൽ നിസ്സാരമായി തള്ളിക്കളഞ്ഞ് പോകാനാവുന്ന ഒന്നായിരുന്നില്ല ഞങ്ങളുടെ ഇഷ്ടം.. എന്റെ ഹോസ്റ്റൽ താമസവും.. കത്തുകൾ കാരണം കൂടാതെ അപ്രത്യക്ഷമാകുന്നതും ടെലഫോണില്ലാതിരുന്നതുമൊക്കെ കാരണങ്ങളായിരുന്നു.. എങ്കിലും വീട്ടിൽ വരാമായിരുന്നു.. വീട്ടിലെങ്കിലും ഒന്ന് പറഞ്ഞിട്ടു പോകാമായിരുന്നല്ലോയെന്ന് ചുമ്മാ സങ്കടപ്പെട്ടു... ആദ്യമായി ഗൾഫിലേക്ക് പോകുന്ന തുടക്കക്കാരന്റെ വിഷമങ്ങളും വിസയ്ക്ക് കാശൊപ്പിക്കാൻ വേണ്ടിയുള്ള തത്രപ്പാടുകളൂം പിന്നീട് സുനിയിൽ നിന്നുമറിഞ്ഞപ്പോൾ ഒരു സഹായവും ചെയ്യാൻ കഴിയാത്ത എന്റെ നിസ്സഹായതയോർത്ത് നെടുവീർപ്പിടാനേ കഴിഞ്ഞുള്ളു..
വീട്ടിലേക്ക് വരുന്നൊരു എയർ മെയിൽ കവറിനായുള്ള കാത്തിരിപ്പിന്റെ നാളുകളായിരുന്നു പിന്നീട്..കോളേജിലെയും ഹോസ്റ്റലിലെയും കൂട്ടുകാരുമായി ചേർന്ന സന്തോഷമുള്ള ദിവസങ്ങളിലൂടെ പോകുമ്പോൾ മനസ്സിന്റെ വിങ്ങൽ സമർഥമായി മറച്ച് വയ്ക്കാൻ കഴിഞ്ഞു..
മ്യൂസിയത്തിൽ വച്ച് ഒരിക്കൽ ഡിഗ്രി ക്ലാസ്സിലെ കലാകാരനായ വെളുത്ത സന്തോഷിനെ കണ്ടു.. ഡിഗ്രിക്കു ശേഷം രണ്ടു വർഷങ്ങൾ കഴിഞ്ഞ് കാണുമ്പോഴേയ്ക്കും അവൻ ആളാകെ മാറി തുടങ്ങിയിരുന്നു.. ദൂരദർശൻ സീരിയലിലൊക്കെ അവൻ അഭിനയം തുടങ്ങിയിരുന്നു.. ഈ ലോകത്തെ തന്റെ ജീവിതം എത്ര ചെറുതാണെന്ന് ..പാവം ഞങ്ങളുടെ കൂട്ടുകാരൻ ..അന്നറിഞ്ഞിരുന്നില്ല..
റഹിം ഗൾഫിൽ പോയ വിശേഷമൊക്കെ കേട്ടപ്പോഴും ഞങ്ങൾ തമ്മിൽ പ്രണയത്തിലാണെന്നറിഞ്ഞപ്പോഴും അതിശയം കലർന്ന ആഹ്ലാദം അവനിലുണ്ടായി..
ഹോസ്റ്റലിൽ എന്റെ 205 ലെ സഹമുറിയത്തികളെക്കാൾ കൂടുതൽ 207 ലെ നിഷയും ബിന്ദുവും ഷീജയും 208 ലെ രാഗിണിയും ബിന്ദുവുമൊക്കെയായി കൂട്ടുകാർ.. ഞങ്ങൾ എല്ലാവരും ഒരേ കോളേജിലെ വിവിധ വിഷയക്കാർ ആണെങ്കിലും ഹോസ്റ്റലിലെ ഏറ്റവുമടുപ്പക്കാരായി മാറിയത് വളരെ പെട്ടെന്നാണ്.. നിഷ കണക്കും, മറ്റുള്ളവരെല്ലാം സംസ്കൃതവുമായിരുന്നു.. എല്ലാവരും സാധാരണ വീടുകളിൽ നിന്ന് വന്നവരായത് കൊണ്ടാകാം ഞങ്ങൾ പെട്ടെന്ന് കൂട്ടുകാരായത്.. എന്റെ അന്നത്തെ ആത്മമിത്രം നിഷയായിരുന്നു..നിഷയുമായി അടുക്കാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു.. നളപുരാണങ്ങൾ കേൾക്കാൻ കൊതിച്ച്,ജനക പാർശ്വത്തിലെത്തിയ ഭൈമിയെ പോലെ.. സകലഭൂതലഗതകഥകൾ ആരാനും ചൊല്ലിയാൽ അതിലവനെക്കുറിച്ചെന്തെങ്കിലും കേൾക്കാനായാലോ എന്ന മോഹമായിരുന്നു നിഷയിലേക്ക് എന്നെ അടുപ്പിച്ചത്.കാരണം പരിചയപ്പെട്ട അന്നു തന്നെ അവളുടെ വീട് എന്റെ പ്രിയപ്പെട്ടവന്റെ വീടിനടുത്താണെന്ന് ഞാൻ മനസിലാക്കിയിരുന്നു..
യൂണിവേഴ്സിറ്റി വിമൻസ് ഹോസ്റ്റലിലെ പൊടി മൂടിയ ഇടനാഴിയിൽ വച്ച് യാദൃശ്ചികമായി കണ്ടുമുട്ടുമ്പോഴും പരിയയപ്പെടുമ്പോഴും ഞങ്ങളറിഞ്ഞില്ല.. ഞങ്ങൾക്കിടയിൽ വിധി കോർത്തു വച്ച അദൃശമായൊരു സുവർണനൂലിന്റെ തിളക്കം..
നിഷ്ക്കളങ്കതയുടെ പര്യായമായിരുന്ന അവളെ  ഒരു വർഷം കൊണ്ട്  എങ്ങനെയൊക്കെയോ .. മാറ്റങ്ങൾ വരുത്തി.. എന്റെ ഡയലോഗുകൾക്ക് തിരികെ വെയ്റ്റുള്ള മറുപടികൾ പറയാൻ തക്കവിധം അവളുടെ നിഷ്ക്കളങ്കതയെ നിസാരമായി ഞാനങ്ങ് മായിച്ചു കളഞ്ഞു..
ഞായറാഴ്ചകളിൽ സിനിമ കണ്ടും .. മ്യൂസിയത്തും കിഴക്കേകോട്ടയിലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലും അലഞ്ഞു.. ജരാനരകൾ ബാധിക്കാത്ത ഓർമ്മകൾ സമ്മാനിച്ച ഒരു വർഷം.. രാവിലെ ഹോസ്റ്റലിലെ കുളിമുറിയ്ക്കും കക്കൂസിനും മുന്നിൽ ഞങ്ങൾ ക്യൂ നിന്നു.. മെസ്സിലെ പാറപോലെ ഉറച്ച അപ്പവും,കറികൾ തീരെ മോശമായ ഉച്ചയൂണും അത്താഴവും വായ് നിറയെ കുറ്റങ്ങൾ ചേർത്ത് തിന്നു തീർത്തു.. ഹോസ്റ്റലിലെ ഇഷ്ടമില്ലാച്ചോറിന് കറിയായി വീട്ടിൽ നിന്നും ഷീബയും മിനിയും ഡാലിയയയും സെലിനുമൊക്കെ കൊണ്ടുവരുന്ന കറികൾ കൂട്ടി നിറച്ചുണ്ടു... കിളിമാനൂർകാരൻ നജീബ്.. ഉമ്മയരച്ച മണമുള്ള മുളക് ചേർത്ത സ്പെഷ്യൽ ചമ്മന്തി എന്നും കൊണ്ടുത്തന്നു.. എന്റെ എക്കാലത്തെയും നല്ല കൂട്ടുകാരനെ ചമ്മന്തി മണത്തിലൂടെ ഇടയ്ക്കോർക്കുമ്പോൾ തൈക്കാട്ടെ ഗവ മോഡൽ സ്കൂളും.. ഞങ്ങളുടെ കോളേജും കൂടി ചേർന്നു നിൽക്കുന്നു..
ജനറൽ ക്ലാസ്സുകളും,പെഡഗോഗിയും .. മലയാളം ക്ലാസ്സുകളും,ടീച്ചിംഗ് നോട്ടുകളും ഒക്കെയായി മൂന്നു മാസങ്ങൾ പിന്നിട്ടു..
ജൂൺ 15 ലെ അവസാന കാഴ്ചയ്ക്കു ശേഷം മാസങ്ങൾ മൂന്നായിട്ടും ഗൾഫിൽ പോയ ആളിൽ നിന്നും ഒരു വിവരവുമില്ലാതെ വലഞ്ഞ ഞാൻആ സങ്കടങ്ങളെ  കോളേജിലെയും ഹോസ്റ്റലിലെയും കളി ചിരികൾ കൊണ്ട് പൊതിഞ്ഞു പിടിച്ചു... ഇനിയൊരിക്കലും കാണാത്ത വിധം.. ഒരു കത്തെഴുതാത്ത വിധം മറന്നു പോയോ എന്നൊരു നിഴലെന്റെ മനസ്സിനെ മൂടാൻ തുടങ്ങി..
എല്ലാ സങ്കടങ്ങൾക്കും മീതേയ്ക്ക് ആശ്വാസമായ ഒടുവിൽ ..സെപ്റ്റംബർ പാതിയോടെ ..സൗദിയിലെ റിയാദിൽ നിന്നും അവന്റെ കത്തെന്നെ തേടി വന്നു..
എല്ലാം ശരിയാകുമെന്ന പ്രതീക്ഷയോടെ.. പ്രാർഥിക്കണേയെന്ന് പറഞ്ഞു കൊണ്ടുള്ള ആദ്യ കത്ത്..അതിലെ മേൽവിലാസത്തിലേക്ക് ഞാൻ മറുപടികൾ അയച്ചു തുടങ്ങി..
അത്ര നാളും മനസിൽ സൂക്ഷിച്ച പ്രണയമത്രയും ഉപാധികളില്ലാതെ എന്നിലേക്കവൻ ചൊരിയുകയായിരുന്നു..
നാട്ടിലേക്ക് വരുന്നവരുടെ കയ്യിൽ കൊടുത്തു വിട്ടും .. നേരിട്ട് പോസ്റ്റ് ചെയ്തും ആഴ്ചയിൽ രണ്ടും മൂന്നും എയർ മെയിലുകൾ പ്രണയം നിറച്ചരികിലെത്തി., ടീച്ചിംഗ് നോട്ടിനെക്കാൾ കൂടുതൽ ഞാനവന് കത്തുകൾ എഴുതി..
ആ ഓണക്കാലത്തായിരുന്നു ക്ലാസിലെ മധുവിന്റെ കല്യാണം.. പൊതുവെ നാണം കുണുങ്ങിയായ അവൻ വിവാഹം കഴിഞ്ഞ് കൂടുതൽ വ്രീളാവിവശനായി കോളേജിൽ വന്നു. 'ഓണാവധി കഴിഞ്ഞയുടൻ ക്രിറ്റിസിസം ക്ലാസാരംഭിച്ചു...മോഹൻ മാഷ്.. മധു.. നജീബ്.. ഓരോരുത്തരായി ക്രിറ്റിസിസം ക്ലാസ്സെടുത്തു.. ക്ലാസിനു ശേഷം വിലയിരുത്തലുകൾ.. ഇഴ കീറിയ വിമർശനിങ്ങളിൽ ഭാവി അധ്യാപകരെ പാകപ്പെടുത്തിയെടുക്കാൻ ഓരോരുത്തരും.. നാരായണപിള്ള സാറും പരമാവധി ശ്രമിച്ചു... എന്റെ ദിവസമടുക്കും തോറും നെഞ്ചിടിപ്പ് കൂടി .. വീണുപോകുമെന്ന അവസ്ഥയായി.. ഒടുവിൽ ഒരു ദിവസം അവസാന പീരിയഡാണ് എനിക്ക് കിട്ടിയത്.. കുട്ടികൾ വീട്ടിൽ പോകാൻ ധൃതി കൂട്ടുന്ന അവസാന പീരിയഡിൽ എഴുത്തച്ഛന്റെ ' കദ്രുവും വിനതയും' എന്ന പദ്യഭാഗം മറ്റേതോ ലോകത്ത് നിന്ന് ഞാൻ ടീച്ചർ വേഷം കെട്ടി നിറഞ്ഞാടി.. വിയർത്തു കുളിച്ചിറങ്ങി വന്നപ്പോൾ .. നജീബ് ഓടി വന്ന് കൈ തന്ന് അഭിനന്ദിച്ചു.. എന്നിലെ ടീച്ചറിന് കിട്ടിയ ആദ്യ അംഗീകാരമായിരുന്നു അത്..

ബന്ധങ്ങൾ
ബഹിയ

കടക്കുവെച്ച്
അറുത്തു മാറ്റിയ
ചിലതുണ്ട്;
ചില മാമരങ്ങളും
പാഴ്ച്ചെടികളും.
മുറിപ്പാടുകളിലെ കരിച്ചിൽ
താഴോട്ടു പടർന്ന് മുച്ചൂടും കരിഞ്ഞുണങ്ങിപ്പോയി
അവയിൽ ചിലത്...
മറ്റു ചിലത്,
മുറിവായിലൂടെ
വെള്ളം കയറി
ചീഞ്ഞളിഞ്ഞാണ്
ഇല്ലാതായത്.
എന്നാൽ ചിലവ,
മുറിവ് കാര്യമാക്കാതെ
മുറിവായ്ക്കു താഴെ നിന്നും
ചിനപ്പുകൾ നീട്ടി,
കൊമ്പുകളും ചില്ലകളുമായി
പടർന്നു പടർന്നങ്ങിനെ...
ചിലതാകട്ടെ,
മുറിവായ്ക്കൊപ്പം
ശേഷിച്ച കുറ്റിയിലും
ഉണക്കമേറ്റ്‌
തീർന്നെന്ന് തോന്നിപ്പിച്ചെങ്കിലും,
ശക്തമായ അടിവേരിൽ നിന്ന്
പുതു ജന്മങ്ങളായ് വളർന്ന്
ഒറ്റയിൽ നിന്നും പലരായി...
മച്ചിയെന്നോണം
പാഴ്മരങ്ങളെന്ന്
പരിഹസിക്കപ്പെട്ട ചിലത്
പൂക്കാനും കായ്ക്കാനും
കൊമ്പുകൾ വെട്ടിമാറ്റുന്നത്
നല്ലതാണെന്ന് ആവർത്തിച്ചു തെളിയിച്ചു...
എന്നിരിക്കിലും;
വേരോടെ പറിച്ചു കളഞ്ഞവക്ക്
ഇനിയൊരിക്കലും
മറ്റൊരു അവസരവും
സാധ്യമേയല്ലത്രേ!

ഒറ്റച്ചിലമ്പ്
സ്വപ്നാ റാണി

മുടിയഴിച്ചിട്ടാടുകയാണ്
തെരുവിൻ നടുവിലൊരുവൾ -
അവൾക്കു ചുറ്റും
നീല രക്തം നദിപോൽ
കുതിച്ചൊഴുകുന്നു.
അതിൽ നീന്തും മത്സ്യങ്ങൾ
അവളുടെ കണ്ണുകൾ പോൽ
പിടഞ്ഞു കൊണ്ടിരുന്നു.
മരക്കൊമ്പിലൊരു ചിലന്തി
പുഴയിലേക്ക് നൂല്പാലം കെട്ടാൻ
പല ശാഖകളിൽ അതിരുകൾ
വരയ്ക്കുന്നു.
മുടിത്തെയ്യമായ്
അവൾ
ഉറഞ്ഞാടവേ
അർബ്ബുദ ബാധിതമായ നഗരം
ഒരു മുല പറിച്ചെറിയുന്നു.
കത്തിയെരിയുന്ന തെരുവീഥികളുടെ ചാരത്തിലെവിടെയോ
ഒറ്റച്ചിലമ്പ് തേങ്ങുന്നു...

ഇന്ത്യയെ വരയ്ക്കുമ്പോൾ...!
ഷറീന തയ്യിൽ

ഇന്ത്യയെ വരയ്ക്കുമ്പോൾ,
കൈവിറയ്ക്കരുത്,
കരുതലോടെ വേണം വരയ്ക്കാൻ,
ആദ്യം,
ഉച്ചിയിൽ നിന്ന്,
പാദത്തിലേക്കൊരു
രേഖാഖണ്ഡം വരയ്ക്കണം,
അതിലൂടെ,
സർക്കസഭ്യാസിയെപ്പോലെ,
ഒരുറുമ്പുനടത്തം നടക്കണം,
ഇടയ്ക്കു വച്ച് വരനിർത്തരുത്,
ഏച്ചുവരച്ചതിന്റെ പാടുകൾ,
മുഴച്ചു നിന്നേക്കും,
വെറുതേ കള്ളികളായി തിരിച്ച്,
വരയ്ക്കേണ്ടതില്ല,
ഒരൊറ്റ നിറവും,
ഒരൊറ്റ ലിപിയും മതി,
ശ്രദ്ധിയ്ക്കണം,
ഇന്ത്യയെ വരയ്ക്കുമ്പോൾ,
എഴുതിയ വാക്കിനു മുകളിൽ,
വരയിടാൻ മറക്കരുത്,
കഴിയുമെങ്കിൽ,
ഹൃദയഭാഗത്തൊരു,
ചുവന്നപുള്ളിവരയ്ക്കണം,
ഇടയ്ക്കിടെ,
മഷി പരക്കുന്ന പുള്ളിയാകരുത്,
ഒരൊറ്റമഴത്തുള്ളിയാലും,
പരക്കാതെ,അതങ്ങനതന്നെ
നിൽക്കണം,
എന്തിനെന്നാൽ,
അതൊരു സ്മാരകമാണ്,
വൈവിധ്യങ്ങളുടെ സ്മാരകം....!

ദാക്ഷായണി ...
ശ്രീധർ.ആർ.എൻ

"എടത്തേ മൂരിക്ക് ഒരു കൊതക്കേടുണ്ടല്ലോ അപ്പൂട്ട്യേ ...? "
പാറക്കോട്ടെ ഇടവഴിതിരിയവേ അപ്പൂട്ടി ശബ്ദംകേട്ട ഭാഗത്തേക്ക്
തലയുയർത്തിനോക്കി. തിണ്ടിന്റെ
 മുകളിൽ ഈർക്കിലും കടിച്ചുകൊണ്ടുനിൽക്കുന്നു... ,ദാക്ഷായണി.
അപ്പൂട്ടിക്കു ഈർഷ്യ തോന്നി..അവളുടെ കിന്നാരംപറച്ചിൽ അയാൾക്ക്‌ പണ്ടേ ഇഷ്ടമില്ല...എല്ലാ ആണുങ്ങളും അവളുടെ ചൊല്പ്പടിക്കു നിൽക്കും എന്നാ ഭാവം.
"എന്താന്നറിയില്ല .. ഇന്നലെ മുതലേയുണ്ട് ഒരു ഏനക്കേട് . "
"ഉം ... അതേയ് അപ്പുട്ട്യേ, ദെവസോം കിഴക്കൻകുന്നു കയറാറില്ലേ  .. ഇന്ന് ആ പൈസയ്ക്ക് മൂരിക്ക് എന്തേലും മരുന്ന് വാങ്ങിക്കൊടുക്ക് , ഒരീസം ദേവിയെ തൊഴുതില്ലെങ്കിലും ആകാശമിടിഞ്ഞു വീഴ്വൊന്നുല്ല."
അപ്പൂട്ടി ഒന്നും പറയാതെ മൂരികളെ തെളിച്ചു .ദാക്ഷായണിയാവട്ടെ കണങ്കാലിൽ വന്നിരുന്ന ഒരു കൊതുകിനെ അടിച്ചിട്ട് ഉയർത്തിപ്പിടിച്ച മുണ്ടിന്റെ കോന്തല താഴ്ത്താതെ അപ്പൂട്ടിയെ നോക്കി.
"ന്നെത്തന്നെ തെരഞ്ഞ് വന്ന് കുത്തും..
അശ്രീകരങ്ങള്....!"
അപ്പൂട്ടി പക്ഷെ തിരിഞ്ഞു നോക്കിയില്ല . കണങ്കാലിലെ രോമക്കാട്ടിൽ ചോരതേടുന്ന കൊതുകുകളോട് അയാൾക്ക് സഹതാപം തോന്നി.
അങ്ങാടിക്കടവിലെ മൂരിയുഴുത്തുകാരിലെ ഇളമുറയാണ് അപ്പൂട്ടി ..   ഒറ്റാന്തടി. പാറക്കോട്ടെ പഴയ കുടികിടപ്പുകാരൻ ചാത്തുണ്ണിയുടെ ഏകമകൻ. അച്ഛന് പതിച്ചു കിട്ടിയ പതിനാറ് സെന്റിലെ ചെറിയ കൂരയിൽ അയാളെന്ന മനുഷ്യനും രണ്ടു മൂരിയും പിന്നെ അന്തിക്കൂട്ടിനു വരുന്ന ഒരു നായയും .
അപ്പൂട്ടി അതിരാവിലെ മൂരികളേയും കൊണ്ട് ഉഴുത്തിനിറങ്ങും ,വെയിലു കനക്കാൻ തുടങ്ങിയാൽ പണിനിർത്തി മൂരികളെ കുളിപ്പിച്ച് തീറ്റാൻ വിടും .അയാളാവട്ടെ പാറക്കോട്ടെ വടക്കേപ്പുറത്ത് ചെന്ന് കഞ്ഞിയും കുടിച്ച്  ഉച്ചയോടെ അവറ്റകളെ തളച്ച്  കുളിയും പാസാക്കി  ഒന്നു ചെറുതായി മയങ്ങും .
വെയിലാറാൻ തുടങ്ങിയാൽ വെളുത്ത 
മല്ല് മുണ്ടുടുത്ത് മുടിചീകി കൈയ്യിലുള്ള ചില്വാനം മടിക്കുത്തിൽ തിരുകി
കിഴക്കൻകുന്നു ലക്ഷ്യം വെയ്ക്കും .
അന്നും അങ്ങാടിക്കടവ് ഗ്രാമം പതിവുകാഴ്ചകൾക്ക് നിറംപകർന്ന് വെയിലേറ്റു വാടിയിരിക്കുമ്പോഴാണ് അപ്പൂട്ടി കിഴക്കൻകുന്ന് ലക്ഷ്യംവെച്ചത് . ഒറ്റമുണ്ടിന്റെ കോന്തലക്കിലുക്കം കേട്ടിട്ടാവണം അദ്രുമാന്റെ
മീൻകൊട്ടയിലേക്കുറ്റുനോക്കുന്ന
കുറിഞ്ഞിയൊന്നു പകച്ചത്.
ഷാരോത്തെ വക പാടം കഴിഞ്ഞ് കുഞ്ഞിക്കോരന്റെ ഇടവഴിചേർന്ന് അപ്പൂട്ടി നടന്നു. പതിവുള്ള വഴികളിൽ പാദങ്ങൾ സുരക്ഷിത ചവിട്ടടികൾ സ്വയമേവ തേടുന്നുണ്ടായിരുന്നു. കുന്നിൻ മുകളിലായി പൊട്ടുപോലെ കാണുന്നിടമാണ് ലക്ഷ്യം,എല്ലാം പാറക്കോട്ടെ വകയാണ്...
അപ്പൂട്ടി നടന്നു കൊണ്ടേയിരുന്നു.
ദേവിയുടെ വീടിന്റെ പടിഞ്ഞാറെ
അതിരിലെ ഒതുക്കുകല്ലിൽ ചവിട്ടിക്കയറുമ്പോൾ പതിവുള്ള ആരവം ഇല്ലായിരുന്നു. സ്ഥിരക്കാർ പക്ഷെ അവിടെവിടെയായി ചടഞ്ഞിരുപ്പുണ്ട് . ആകെ ഒരു മൂകത ...!
"ന്താ ണ്ടായേ ...? "
അലക്ഷ്യമായി ബീഡി വലിക്കുന്ന രാമോട്ടിയോട് ആകാംഷയോടെ ചോദിച്ചു .
"ഇവടെ ആരൂല്ല .. ഓള് ഏടപ്പോയതാന്ന് അറിയേല ."
"ആരൂല്ലേ ...!" മറുചോദ്യമെറിഞ്ഞ് അപ്പൂട്ടി വീട് ലക്ഷ്യം വെച്ചു ...
എന്നാലും ദേവി എവിടെപ്പോയിക്കാണും..? പോലീസ് വന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ല. .. പണ്ടൊരിക്കിൽ അവര് വന്നപ്പോൾ കലങ്ങളൊക്കെ തല്ലിപ്പൊട്ടിച്ചിരുന്നു.
"വരിയുടയ്ക്കപ്പെട്ടവന്റെ ഷണ്ഡത്വം ...! അല്ലേ അപ്പൂട്ട്യേ... ഇനി എന്ത് ചെയ്യും ? സർഗ്ഗഭാവനകളേ ....മാപ്പ്! "
രാഘവൻ മാഷ് താടിയിൽ വിരലോടിച്ചു.
"ഒന്ന് ചിറി നനയ്ക്കാൻ ഇനി എന്താ ഒരു വഴി ..? " കുമാരൻ സായ് വ് അക്ഷമനായി വാതിലിൽ ഒന്നു കൂടി മുട്ടി.
ബോധ സീമകളിലെ പക്ഷിക്കൂട്ടങ്ങൾ ചിറകൊതുക്കി ചക്രവാളത്തിലേക്കുറ്റുനോക്കി.  ,പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്ന ആട്ടിൻപറ്റം കണക്കെ പലരും കുന്നിറങ്ങാൻ തുടങ്ങിയിരുന്നു. അപ്പൂട്ടി തന്റെ ദുർവിധിയെ ശപിച്ചു . ദാക്ഷായണിയുടെ കരിനാക്കാവും കാരണം .അയാൾ പിറുപിറുത്തു.
"പോവ്വാ അപ്പുട്ട്യേ.. " ഗോപാലന്റെ ദീന സ്വരം അയാളെ ചിന്തയിൽ നിന്നുണർത്തി .പാറക്കോട്ടെ കറവക്കാരനാണ് ഗോപാലൻ .. പരസ്പരമൊന്നുമുരിയാടാതെ അവരാ കുന്നിറിങ്ങി ..
കിഴക്കൻ കുന്നിലുദിച്ച ശോകഛായ അങ്ങാടിക്കടവിലും ദൃശ്യമായിരുന്നു .രാഘവൻ മാഷിന്റെ പാട്ടില്ല, രാമോട്ടിയുടെ വഴക്കുകളില്ല ,കുമാരൻ സായ് വിന്റെ വെടിവട്ടവുമില്ല ... അമ്മതിന്റെ ചായക്കടയിലെ ബഞ്ചിൽ ചടഞ്ഞുകൂടി അപ്പൂട്ടിയിരിപ്പുണ്ട് ,കൂടെ ഗോപാലനും
അകലെ നിന്നും പൊടിപറത്തി വരുന്ന മോട്ടോർകാറിൽ അവർ ദൃഷ്ടിയൂന്നി. അങ്ങാടിക്കടവത്തുകാർക്ക് പരിചയമുള്ള ഒരേയൊരു യന്ത്രമാണത്.
"മേനോനങ്ങുന്ന് ."
അങ്ങാടിക്കടവ് മൊത്തം ബഹുമാനത്താലെണീറ്റു ,ചക്രം മണ്ണിലുരഞ്ഞ് ഏങ്ങിനിന്നു.
"ഗോപാലാ തറവാട്ടിലേക്ക് വന്നോ, അപ്പൂട്ടീനേം കൂട്ടിക്കോ "
പാറക്കോട്ടെ പൂമുഖത്തിന് കുറച്ചകലെയായി ഇരുവരും നിന്നു.
"ഇന്നന്തൊ കുന്ന് കയറിയില്ലേ ...? "
"ആടെ  ഓളില്ല .. "
ഗോപാലൻ താഴോട്ട് നോക്കി . മേനോൻ ഒന്നു ചിരിച്ചു .
"ഗോപാലാ ഇത് ദാക്ഷായണിയെ ഏൽപ്പിക്കണം, വേണേൽ ഇവനേം കൂട്ടിക്കോ .ഇന്നത്തോടെ രണ്ടിലൊന്നറിയണം."
ഗോപാലൻ തിരിച്ചുനടന്നു ,അപ്പൂട്ടി എന്തു ചെയ്യണമെന്നറിയാതെ ശങ്കിച്ചെങ്കിലും ഗോപാലന്റെ പുറകേനടന്നു.
"ഞാനെങ്ങും പോവൂല ... ഒരു പ്രാശ്യം പോയതേ മതിയായി , ഓള് കൊടുവാളെടുത്ത് വെട്ടില്ലാന്നേയുള്ളൂ .. വാസനാ സോപ്പും പൗഡറും ആവും , ഈ അങ്ങുന്ന് എന്തിനാ ഓളെ പുറകേ നടക്കുന്നേ ...? "
"അയിനെന്താ ,ഇവിടുള്ള ആണുങ്ങള്
മുയുവനും ഓളെ കക്ഷത്തിലല്ലേ ..?"
"ആര് ? ഇഞ്ഞ് എന്തറിഞ്ഞിട്ടാ , ഒറ്റ ആണുങ്ങളും അടുക്കില്ല ഓളെ അടുത്തേക്ക് , കിട്ടാത്തേന്റെ ചൊരുക്ക് തീർക്കാൻ വേണ്ടാതീനം പറയുന്നതാ എല്ലാരും ."
ശരിക്കും അപ്പൂട്ടിയ്ക്ക് അതൊരു പുതിയ അറിവായിരുന്നു .. അപ്പോൾ അവൾ
തന്റെയടുത്ത് കാട്ടുന്നതോ..?
കാടുകയറുന്ന ചിന്തയുംപേറി ഇടത്തോട്ടുള്ള വരമ്പ്തെറ്റി അപ്പൂട്ടി തന്റെ കുടിയിലേക്ക് നടന്നു , ശരീരത്തോടെപ്പം മനസ്സും നിർമ്മലമായതിനാൽ അയാൾക്കെന്തോ ഒരു പരവശംതോന്നി .
മൂരികൾക്ക് വെള്ളവും പുല്ലും
കൊടുത്തശേഷം കോലായത്തിണ്ണമേലിരുന്ന് ചിന്താഭാണ്ഡം തുറന്നുവെച്ചു. ഇത്രനാളും പേറിനടന്നത് പലതും അബദ്ധങ്ങളായിരുന്നു എന്ന തിരിച്ചറിവ് അയാളെ വിഷമിപ്പിച്ചു .
ദാക്ഷായണി ഒരു രേഖാചിത്രമായി മനസ്സിന്റെ തിരശ്ശീലയിൽ കോറിയിടാൻ തുടങ്ങി ,
അവൾക്ക് തന്നോട് എന്തോ ഒരിതുണ്ടോ ...?
തന്നോടു മാത്രം ...!
നിലാവ്വീണ് മുറ്റത്തെ നാട്ടുമാവ് ചിരിക്കാൻ തുടങ്ങിയിരുന്നു , രാവിന്റെ തെളിച്ചം മിഴികളിൽ നിറച്ച മൂരികൾ അയാളെ സ്നേഹത്തോടെ നോക്കി .അന്നെന്തോ അന്തിക്കൂട്ടിന് വരാറുള്ള നായ വന്നിരുന്നില്ല.
ബാക്കിയുള്ള കഞ്ഞിയും കുടിച്ച് കൈതോലപ്പായ നിവർത്തി കിടക്കാനൊരുങ്ങവേ പതിവില്ലാത്തൊരു കാൽപെരുമാറ്റം  കേട്ടു .
ഇരുട്ടിൽ ഒരു സ്ത്രീരൂപം ,അയാളൊന്നു പകച്ചു .
ദേവി..!
"ന്താ ഈ മോന്തിക്ക് ..?"
"നിയ്ക്ക് ഒരൂട്ടം പറയാനുണ്ട് ,...നിന്നോടല്ല ."
"പിന്നെ ..?"
"ദാക്ഷായണിയോട് ..."
''ന്താ പ്പം ഓളോട്..?"
"അപ്പൂട്ട്യേ, നിനക്കറിയോ  ഞാൻ കൂടുന്ന സ്ഥലം പാറക്കോട്ടെ വകയാ ,
അഞ്ചു കൊല്ലായി .
കൂലിയായി തന്നതാ അങ്ങുന്ന്,
ന്റെ ആൺതുണയുടെ ജീവിതത്തിന്റെ കൂലി .... ! നിനക്കോർമ്മയുണ്ടോ ചന്ദ്രപ്പനെ ?"
ചന്ദ്രപ്പൻ ..? അപ്പൂട്ടി ഓർത്തു .. അതെ ,അയാളാവും . പണ്ട് ദാക്ഷായണിയെ മംഗലം കഴിക്കാൻ തീരുമാനിച്ച ചന്ദ്രപ്പൻ തന്നെ ,
"ആ ,ഏതോ വരുത്തന്റെ കൊടുവാളിൽ തീർന്ന ദാക്ഷായണിയുടെ ചന്ദ്രപ്പനല്ലേ..?"
" ഉം .. ആ വരുത്തനാ ന്റെ കെട്ടിയോൻ ,
പക്ഷെ കൊന്നത്  മൂപ്പരല്ല . മേനോനങ്ങുന്നാ ... !
കാത്ത് വെച്ചത് തട്ടിപ്പറിക്കാൻ വന്നതിനെ കൊത്തി നുറുക്കി ,..എന്നിട്ടോ ജയിലിൽ പോവാൻ ആളെ കൂലിക്കെടുത്തു . കുടുമ്മം രക്ഷപെടാൻ ഏറ്റതാ ,പക്ഷെ അങ്ങുന്ന് ഇപ്പോ അടവുമാറ്റി .ന്നോട് ഇറങ്ങാൻ പറഞ്ഞു ഇല്ലെങ്കിൽ പോലീസ് വന്നു എല്ലാം തകർക്കും എന്നു പറഞ്ഞിരിക്ക്യാ ...ഒരിക്കലെന്നെ കുടുക്കിയതാ . ഇനി നിന്നാൽ ഞാനും അകത്താവും ,അതോണ്ട് പോവ്വാ .. പക്ഷെ പോണേന് മുന്നേ ഓളോട് സത്യം പറയണം."
"ഓളോട്  അങ്ങ് പോയി പറഞ്ഞുടായിരുന്നോ , ന്തേ പോവാതെ ഇങ്ങോട്ട് വന്നു ... "
"ഓളെ പടിവരെ ചെന്നതാ .. അപ്പോളാ മേനോനങ്ങുന്ന് പോന്നത് കണ്ടത് , പന്തിയല്ലാത്തോണ്ട് മടങ്ങി .
നിയ്ക്കറിയാം  ഓൾക്ക് നിന്നോട് ഒരു ഇഷ്ട മുണ്ടെന്ന് , നീയ്യ് പറയണം ഈ സത്യങ്ങൾ ."
അപ്പൂട്ടിയൊന്നു  നടുങ്ങി ...
ഇന്ന് രണ്ടിലൊന്നറിയണം എന്ന് അങ്ങുന്ന്  പറഞ്ഞതയാളോർത്തു ..
ഗോപാലന്റെ വാക്കുകൾ, മേനോനങ്ങുന്നിന്റെ വെല്ലുവിളി , ദേവിയുടെ ഏറ്റുപറച്ചിൽ ... തിരശ്ശീലയിൽ ആക്രോശങ്ങളും അലർച്ചകളും നിറഞ്ഞു.
"നീ വാ .. അയാൾ ദേവിയുടെ കൈയ്യും പിടിച്ച് ഓടി .. "
ദാക്ഷായണിയുടെ മുറ്റത്തൊരാൾക്കൂട്ടം ..അതിനെ വകഞ്ഞു മാറ്റി അപ്പൂട്ടി ഭീതിയോടെ ചെന്നു . ദാക്ഷായണി തല കുമ്പിട്ടിരിക്കുന്നു .. തൊട്ടടുത്ത് കിടന്ന കൊടുവാളിന്റെ തുമ്പിൽ  നിന്നും രക്തമപ്പോഴുമുറ്റുന്നുണ്ടായിരുന്നു.
അയാൾക്കെന്തോ ദാക്ഷായണിയോട് ഒരനുകമ്പ തോന്നി , ഒന്നാശ്വസിപ്പിക്കാൻ ചെറുതായൊന്ന് തലോടാൻ ആ വിരലുകൾ വിറകൊണ്ടു
അപ്പൂട്ടിയെക്കണ്ടതും അകലെ മാറി നിന്ന നായ രാവിനെ നോക്കിയൊന്നു മോങ്ങി ...!

പിന്നിൽ പെയ്തു തീരുന്നത്
ശ്രുതി. വി.എസ്. വൈലത്തൂർ

എപ്പോഴെങ്കിലും
വന്നു പോകുന്ന
മഴയായിരുന്നു അത്
സ്വന്തമല്ലാത്തതു കൊണ്ട്
കണ്ണുനീർ തുള്ളിയെ-
ന്നൊന്നും വിളിക്കാൻ നിന്നില്ല
പുറകിലൂടെ വന്നങ്ങ്
പോയെന്നാരോ
പറയാൻ പറഞ്ഞു
കാടും ,മലയും ചവിട്ടി
മഴകിനാവ് കണ്ട്
വരാൻ ,ആ മഴക്ക്
അറിയില്ലത്രേ
എപ്പോഴെങ്കിലുമല്ലെ
ആകാശത്തേക്ക്
ഇന്നേ വരെ നോക്കി-
യിട്ടേയില്ലല്ലോ
അല്ല ....! ഭൂമിയിലും
നോക്കിയിട്ടില്ല
എപ്പോഴാണെന്ന്
അറിയുകയുമില്ല
ആരോ പറയുകയായിരുന്നു
പുറകിലൂടെ പോയെന്ന്
നനഞ്ഞതായി
തോന്നുന്നുമില്ല
എപ്പോഴെങ്കിലുമുള്ള
മഴയല്ലേ
പുറകിൽ പെയ്തു തീരട്ടെ
കാടും ,മലയും
മരങ്ങളും ,ഇലച്ചാർത്തുകളും
നനയാതെ
മണ്ണിൽ പടരട്ടെ
എന്റെ തെന്നിതെറിച്ച
നോട്ടമല്ലേ
ഭൂമിയിൽ എത്തുകയുമില്ലല്ലോ
നനവ് തട്ടാത്ത
മണ്ണിൽ .......
പുറകിലൂടെയെല്ലാം
പെയ്തൊഴിയുകയാണല്ലോ
 
എന്തോ .....?
സുരേഷ് കുമാർ. ജി

പാതിരാപ്പുള്ളിനെ പറപ്പിച്ച
താടിവേഷങ്ങളെ കടം കൊണ്ടു
കൂകി നോക്കുമൊരു രാത്രി വണ്ടി
ദൂരെയെങ്ങോ കിതച്ചു പോകുമ്പോൾ
പാതി വായിച്ച പുസ്തകത്താളിൻ
സൂചകം കണ്ടെടുക്കുന്ന പോലെ
ചന്ദനക്കുറി മാഞ്ഞു പോയിട്ടും
ഗന്ധമായിപ്പൊതിയുന്ന പോലെ
യാത്ര ചൊല്ലിപ്പിരിഞ്ഞിട്ടു വീണ്ടും
പിന്തിരിഞ്ഞൊന്നു നോക്കുന്നതെന്തോ ?
രാവു വാർമുടിക്കെട്ടഴിച്ചിട്ടും
വാന,മന്തിമങ്ങൂഴമെന്നോണം
നാമൊളിപ്പിച്ചു വെച്ചിരുന്നെന്നോ
ജീവിതം പോൽ ദുരൂഹമാമെന്തോ ..
വിജനമൂഷരഭൂമികളെന്നോ
ജലസമാധി കിനാക്കണ്ട പോലെ ..
പ്രണയമെന്നാൽ മരണമെന്നാണോ
പുനർജ്ജനിക്കാതിരിക്കട്ടെ നമ്മൾ..!

വറ്റാത്ത ഉറവ
സംഗീത ഗൗസ്

കഠിന വേനല്‍ചൂടില്‍  അവശയായി അവളടുത്ത് വന്നിരുന്നു, കൊടുക്കുന്നതെല്ലാം ഒന്ന് നോക്കി തല തിരിച്ച് ദയനീയമായി ചെറിയ ശബ്ദത്തില്‍ കരഞ്ഞ്, എന്തുപറ്റിയെന്നറിയാതെ ഞാനും, അടുക്കളയുടെ ഇരുമ്പ് വാതില്‍ തുറക്കുന്ന  ഒച്ചകേട്ടാല്‍ ഒാടിയെത്തിയിരുന്ന ആളാണ്, "ഇവള്‍ക്കിതെന്തുപറ്റി റബ്ബേ"എന്ന് സങ്കടപ്പെട്ട് പുറം തലോടിക്കൊണ്ട് ഇത്തിരി വെള്ളമെങ്കിലും കുടിക്ക് എന്ന് പറഞ്ഞ് അവളോട് ചേര്‍ന്നിരുന്നു..
കുറുകുന്ന ശബ്ദവും ഒട്ടിയ വയറും എന്നെ വല്ലാതെ നോവിച്ചുകൊണ്ടിരുന്നു..
"ഗൂഗിളില്‍ നോക്ക് ഉമ്മാ" എന്ന് ദൂരെയിരുന്ന് മക്കളും.ഇണക്കമുണ്ടെങ്കിലും പരിചയക്കുറവ്എന്നെഅസ്വസ്ഥയാക്കി..
ഒരുവെള്ളിയാഴ്ച്ച അവരെത്തി, മക്കള്‍.
എന്താടീ നീ ഒന്നും തിന്നാത്തതെന്ന് മോനും, എന്തുപോലെ മെലിഞ്ഞല്ലോ നീ എന്ന് മോളും, അവരോട് ഒട്ടിയിരുന്ന് അവള്‍ മെല്ലെ കരഞ്ഞു..
"വേഗം പോയി വാങ്ങിക്കൊണ്ടുവാ" ഗൂഗ്ളില്‍ പരതി എന്തോ പിടികിട്ടിയപോലെ മോള്‍ വിളിച്ച് പറഞ്ഞു,ഉമ്മാ കാശ് തരീന്ന് പറഞ്ഞ് രണ്ടാളും ധൃതിവച്ചു. ഇറച്ചിയില്‍നിന്ന് ലിവര്‍ പെറുക്കിയെടുത്ത് അവളുടെ പാത്രത്തിലിട്ടു, "വേവിക്കാതെ,കൊടുക്കണം ഉമ്മാ ഇവള്‍ക്ക് ഇതാണാ"വശ്യമെന്ന് പറയുന്നു..
ആര്‍ത്തിയോടെ തിന്നുന്നതും നോക്കിയിരുന്ന ഞങ്ങളുടെ കണ്ണുകളില്‍ ചെറിയ നനവ് പടര്‍ന്നു.
ജീവിതം തിരിച്ചുകിട്ടിയ അവളാകട്ടെ നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്നത് പോര എന്നപോലെ ഞങ്ങളോടുരുമ്മി നിന്നു.
വിശപ്പും,ദാഹവും മരണത്തോളമെത്തിച്ച ഒരുജീവന്‍ ,അസുഖകാരണങ്ങള്‍ കണ്ടെത്തി പരിഹരിച്ചതെത്ര നന്നായി,മനുഷ്യരുംഇങ്ങനെയാണ്, ജീവന്‍ രക്ഷിച്ചവരോട്, വിശപ്പ് മാറ്റിയവരോട് നന്ദിയും കടപ്പാടും സ്നേഹവും മനസ്സിലും പ്രവൃത്തിയിലും സൂക്ഷിച്ച്..
ഇന്നവള്‍ അമ്മയാണ്. ഒരു നീലക്കണ്ണുള്ള കുഞ്ഞിപ്പൂച്ചക്കുട്ടിയുടെ അമ്മ.വിളിച്ചാല്‍ഒാടിയെത്തുന്ന,കുഞ്ഞിന് പാല്കൊടുക്ക് എന്ന് പറഞ്ഞാല്‍ അനുസരണയോടെ, അകത്തേക്കുകയറി കുഞ്ഞിന് വയറ് നിറയെ പാല് കൊടുക്കുന്ന അമ്മ.
ഒറ്റക്കിരിക്കുകയാണെന്ന് അനുഭവപ്പെടാനിട നല്‍കാതെ ,ഇവനിപ്പോ എന്റെ കൂടെയുണ്ട്,രണ്ട് മാസമായില്ല പ്രായം ,കൂടെ നടന്നും ഒച്ചവച്ചും വിരലില്‍ കടിച്ചും. മക്കളെ പോലെ എന്റെ രാജകുമാരിയെപോലെ
ഒരു ചുന്ദരന്‍ !

എങ്ങിനെ ???
ശ്രീലാ അനിൽ

വിജനമാമേതോ കാടകത്താരുമേ
അറിയാതെ മന്ദമായൊരു പുഴ
ചുഴികളോ ചതികളോ ചേർക്കാതെയലസമായ് 
 ചിരി ചിതറിചിന്നി ഒഴുകും പോലെ       
ഹൃദ്യമാമേതോ പൂമണം പേറിയൊരു
തെന്നൽ വന്നറിയാതെ തഴുകി
തലോടി കടന്നു പോവുന്ന പോൽ 
മുഗ്ദ്ധമായ്  പടർന്നൊഴുകുന്നൊരു        
നിലാവിലലിഞ്ഞലിഞ്ഞൊരു നേർത്ത തണുവിൽ
ലയിച്ചുറങ്ങുന്നൊരു മന്ദാരമലരിതൾ പോലെ                    
മഴ കാത്തു നിന്നൊരു ചെറു തൈ മുല്ലയിൽ
അറിയാതെ വീഴുമൊരു മാരിനീർത്തുള്ളിയെ
വരവേൽക്കുമാ നിമിഷത്തിന്റെ
വലിയോരു ഹർഷത്തെപ്പോലെ 
ചാരുവാമൊരു ചിത്രശലഭത്തിനാഗമം
പൂവിനെയെന്നതു പോലെ 
മോഹനമായൊരു സന്ധ്യയെ
വാനമൊരു മഴവില്ലിൻ ശോഭയിൽ മുക്കിയൊരു
മായിക ചിത്രം വരയ്ക്കുമതു പോലെ
അത്രമേൽ രമ്യമൊരു സ്നേഹത്താലെന്നെ
നീ ഹൃത്തിൽ അണച്ചു ചേർക്കുന്നു 
അനുനിമിഷമെന്നെ പൊതിഞ്ഞു നിൽക്കുന്നു
അജ്ഞാതമേതോ കവചം
മറുവാക്കില്ലാതെ മറുചിരിയില്ലാതെ               
ഓർമ്മയെ തൊട്ടുണർത്താനായ്         
മധുരമൊരു നിമിഷാർദ്ധമേതുമേകാതേ                                  
അത്രമേൽ ആർദ്രമായ് പ്രാണന്റെ ചാരത്തായെന്നെ നീ എങ്ങനെ കാക്കും?  
പിന്നെ ഞാനെന്നെ തിരഞ്ഞലഞ്ഞീടവേ
അറിയുന്നു ഞാനിന്നു
നിന്നിലലിഞ്ഞതും നിന്നിലെ ഉണ്മയായ് വീണ്ടും ജനിച്ചതും
 
എന്റെ  നഗരം....
മുനീർ അഗ്രഗാമി

എന്റെ നഗരമിപ്പോൾ
ഒറ്റപ്പെട്ട ഒരാളെ പോലെ
കടപ്പുറത്ത് നിൽക്കുകയാണ്
ഹൃദയത്തിലെ
ആളൊഴിഞ്ഞ ഇടങ്ങൾ
അതിനെ വേദനിപ്പിക്കുന്നുണ്ട്
കാറ്റാടിമരം പോലും
അതിനോടു മിണ്ടുന്നില്ല
ഒരു മഴ
അല്പനേരം നെഞ്ചിലൂടെ നടന്ന്
എവിടെയോ മറഞ്ഞു പോയി
എന്റെ നഗരത്തെ ചിലപ്പോൾ
വലിയ തിരകൾ ചുംബിച്ചേക്കും,
ഇത്രയധികം ഒറ്റപ്പെടുമ്പോൾ.