14-08-19

🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
🐠🐠🐠🐠🐠🐠🐠🐠🐠🐠🐠🐠🐠🐠
മലയാളം സർവകലാശാല പ്രസിദ്ധീകരിച്ച ഭാഷാപഠനം: മലപ്പുറം എന്ന കൃതിയെ ആധാരമാക്കി തയ്യാറാക്കിയ കുറിപ്പുകളുടെ പതിന‍ഞ്ചാം ഭാഗമാണ് ഈ ലക്കം
🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑
മലപ്പുറം ഭാഷാഭേദത്തിലെ കാലാനുപ്രയോഗങ്ങൾ
കാലഭേദം സൂചിപ്പിക്കുന്നത് ക്രിയാധാതുവിനോട് ചേർക്കുന്ന പ്രയോഗങ്ങളിൽ മലപ്പുറം ഭാഷാഭേദം നിരവധി സവിശേഷതകൾ പുല൪ത്തുന്നുണ്ട്. ഇത്തരം അനുപ്രയോഗങ്ങളിൽ മലപ്പുറം ജില്ലയിൽ തന്നെ കണ്ടുവരുന്ന പ്രാദേശിക വ്യതിയാനങ്ങൾ മലപ്പുറം ഭാഷാഭേദത്തിന്റെ ബഹുമുഖതയും വൈവിധ്യവും വ്യക്തമാക്കുന്നു.

മാനക മലയാളത്തിലെ കാലാനുപ്രയോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി മലപ്പുറം ഭാഷാഭേദത്തിൽ നിലനിൽക്കുന്ന ചില അനു പ്രയോഗങ്ങൾ താഴെ⬇

1. ണ്, ക്ക്ണ്, ക്കുണു, ഇ്ണു
ഉദാ:
ഞാൻ വന്ന്ണ് (വന്നിരിക്കുന്നു/ വന്നിട്ടുണ്ട്)
അയാൾ പോയിക്ക്ണ് (പോയിരിക്കുന്നു/ പോയിട്ടുണ്ട്)
ഓ൯ പറഞ്ഞ്ക്കുണു ( പറഞ്ഞിരിക്കുന്നു/ പറഞ്ഞിട്ടുണ്ട്)
ഇവയിൽ  'ണ്' എന്ന് അനു പ്രയോഗത്തിൽ ധാതുവിന്റെ അവസാനത്തിലുള്ള സ്വരം സ്വൽപം ദീ൪ഘിക്കുന്നു. സ്വരത്തിൽ വരുന്ന ഈ ദീ൪ഘത്തെ  'ണ്' പ്രയോഗിക്കുമ്പോൾ ഉണ്ടാകുന്ന ലീനധ്വനി (Supra Segmental) ആയി കണക്കാക്കുന്നതാണ്.
പോയി  +  ണ്  = പോയീണ്
വന്ന്   + ണ്  = വന്ന്ണ്

2. ണ് ണ്ട്  ( ഉന്നു  + ഉണ്ട്)
വർത്തമാനകാല ക്രിയയ്ക്ക് ദാ൪ഢ്യം ലഭിക്കാൻ വേണ്ടിയാണ് ഉന്നുണ്ട് എന്ന അനു പ്രയോഗം മാനക മലയാളത്തിൽ ചേ൪ക്കുന്നത്.
ഉദാ:  ഞാൻ പഠിക്കുന്നുണ്ട്
മലപ്പുറം ഭാഷാഭേദത്തിൽ ഇത്
ഞാൻ പഠിക്ക്ണ് ണ്ട്
എന്നായി മാറുന്നു.
ഞാൻ വരണ് ണ്ട്
മലപ്പുറത്തെ ചില പ്രദേശങ്ങളിൽ ണ് ണ്ട് എന്നതിൽ ണ്ട് മാത്രമായും ഉപയോഗിച്ച് കാണുന്നുണ്ട്.
ഞാൻ വരണ്ട്
ഞാൻ ദുബായീൽ പോക്ണ്ട്

3. എയ്നി ((ആയിരുന്നു)
അനുജ്ഞായക വിധായകപ്രകാരങ്ങളിലും നിർദേശകപ്രകാരത്തിന്റെ ഭാവികാലത്തിലും ആയിരുന്നു എന്ന് അനുപ്രയോഗിച്ചാൽ ഒരു ക്രിയ വാസ്തവത്തിൽ നടന്നില്ലെന്ന പ്രതീതിയുണ്ടാവും. ഇത്തരം സന്ദർഭങ്ങളിൽ ആയിരുന്നു എന്നതിനു പകരം മലപ്പുറം മലയാളം  എയ്നി എന്നു പ്രയോഗിക്കുന്നതായി കാണാം.
ഉദാ:  മഴ പെയ്തെങ്കിൽ വിതക്കാമായിരുന്നു
(മഴ പെയ്തീന്യെങ്കിൽ വിതയ്ക്കേനി)
കള്ളനെ ഉടൻ പിടികൂടണമായിരുന്നു ( കള്ളനെ ഉടൻ പിടികൂടണേയ്നി)
മലപ്പുറം ഭാഷയിലെ മേൽപ്പറഞ്ഞ പദങ്ങളിൽ പലതും സമീപപ്രദേശങ്ങളിലും സമാനാ൪ത്ഥത്തിലോ ഭിന്നാ൪ത്ഥത്തിലോ പ്രയോഗത്തിലുണ്ടാകും. എന്നാൽ നിരവധി പ്രാചീന പദങ്ങൾ ഈ ഭാഷാഭേദപഠനത്തിലൂടെ ഉപയോഗത്തിലുണ്ട് എന്ന് കണ്ടെത്താനായി എന്നതാണ് ഇവിടെ സവിശേഷത.

മലപ്പുറം മലയാള നിഘണ്ടു (എട്ടാം ഭാഗം)
ദമ്മ്     - ശക്തി
ദമ്മ്ടല് - ബിരിയാണി ചെമ്പ് മൈദയോ മറ്റോ ഉപയോഗിച്ച് വായു കടക്കാത്ത വിധം ഉറപ്പിച്ച് അടച്ച് മുകളിൽ കനൽ ഇടൽ
ദണ്ണം /ദെണ്ണം  - രോഗം
ദസാബ്  - ദയ
ദ൪ജ     - സ്ഥാനം
ദാരണിക്ക് അ - ശ്രദ്ധിക്കുക
ദിഖ്റ്   - കൂട്ടത്തോടെ ദൈവനാമം ഉരുവിടുന്ന ചടങ്ങ്
ദീനം   - രോഗം
ദീൻ  - മതം
ദുഅഇരക്ക്അ - പ്രാർത്ഥിക്കുക
ദുനി  - ഒച്ച
ദുനിയിൽ - ഉച്ചത്തിൽ
ദുയിക്കുക - ദോഷം പറയുക
ദ്വാര്ക്ക  - ദുആ ഇരക്കുക / പ്രാ൪ത്ഥിക്കുക
നഖം വെട്ട്അ - നഖം മുറിക്കുക
നച്ചത്രം - നക്ഷത്രം
നജീസായ - അഴുക്കായ
നട്ക്കൂടെ - മദ്ധ്യേ
നടക്ക്ന്നോടം - വഴി, നടക്കുന്ന ഇടം
നടാടെ    - ആദ്യമായി
നടുവെരല് - നടു വിരൽ
നടുത്തമ്മോൻ  - നടുവിലെ അമ്മാവൻ
നടൂല്  - നടുക്ക്
നട്ക്ക്   - നടുക്ക്
നട്ടാട്ടുച്ച - നട്ടുച്ച
നനക്കേങ്ങ്  - നനക്കിഴങ്ങ്
നന്നാക്ക്അ - വൃത്തിയാക്കുക
നയിക്കുക   - അധ്വാനിക്കുക
നിരീക്കുക  - ചിന്തിക്കുക
നല്ലാള്     - മിടുക്കൻ
നല്ലീരം    - നല്ല ജീരകം
നല്ലേരിക്ക  - ചികിത്സയ്ക്ക് ശേഷമുള്ള വിശ്രമകാലത്തെ ദേഹപരിപാലനം
നസീബ്    - ഭാഗ്യം
നസ്ക്    - കീഴ് വായു ശബ്ദമില്ലാതെ പുറത്തു വരുന്നത്
നാക്കാലി  - കന്നുകാലി
നാടന്മാ൪  - നാട്ടിൻ പുറത്തുകാ൪
നാനാവിധമാക്ക്അ  - നശിപ്പിക്കുക
നാമല് വെക്ക്അ - രുചിക്കുക
നാമൂസ്  - ലാഘവബുദ്ധിയോടെ ചെയ്യുന്ന പ്രവൃത്തികൾ
നായി    - നാഴി (അളക്കുന്നത്)
നായി    - നായ (മൃഗം)
നായ്ക്കും നരിക്കും അല്ലാണ്ടാക്കുഅ - നശിപ്പിക്കുക
നാവി   - അടിവയർ
നാസ്ത  - പ്രഭാതഭക്ഷണം
നിക്കട്ടെ - മതി
നിമൃത്തിആക്ക്അ - ആവശ്യം പൂ൪ത്തികരിക്കുക
നിയ്യത്ത് വെയ്ക്കുക- തീരുമാനിക്കുക
നിലത്ത് ഒറക്കാതെ നടക്ക്അ - ആടി നടക്കുക, അസ്വസ്ഥമാകുക
നിസ്കാരപായ - നിസ്കരിക്കാൻ വേണ്ടി വിരിക്കുന്ന പായ
നിസ്കാരകുപ്പായം - സ്ത്രീകൾ നിസ്കാരസമയത്ത് ധരിക്കുന്ന വസ്ത്രം
നീര്  - ജ്യൂസ്/ പഴസ്ത്ത്
നീറ്അ  - നീറുക
നീളംള്ള  - നീളമുള്ള
നുകം    - ഉഴവുപകരണം
നുജൂം    - നക്ഷത്രം
നൂലൻ   - ഏഷണിക്കാരൻ
നെലോളി  - നിലവിളി
നെകം   - നഖം
നെട്ടാന്തരം പറയ്അ - പ്രസക്തമല്ലാത്ത കാര്യം പറയുക
നെഞ്ചയവുള്ള  - ഹൃദയവിശാലതയുള്ള
നെ൪മ്പ് കാട്ടുക - അഹങ്കാരം കാട്ടുക
നെഞ്ഞ്    -  നെഞ്ച്
നെലാവ്     - നിലാവ്
നെലം തല്ലി  - മുറ്റത്തെ ഇളകിയ മണ്ണ് തല്ലി ഉറപ്പിക്കുന്ന ഉപയോഗിച്ചിരുന്നത്
നെയ്ചോറ്  - നെയ്യ് ചേ൪ത്തുണ്ടാക്കുന്ന ചോറ്
നെറി/ഞെറി  - ഞൊറി
നെറൂല്     - ഏറ്റവും മുകളിൽ
നെറം    - നിറം
നെറം മാറുക  - വാഗ്ദാനം ലംഘിക്കുക
നെ൪മ്പിച്ചി - അഹങ്കാരിയായ പെൺകുട്ടി
നേക്ക്   - സൂത്രം, ഗമ, തന്ത്രം
നേ൪ച്ചപ്പെട്ടി  - നേ൪ച്ചയാക്കുന്ന നാണയങ്ങൾ ഇടാനുള്ള പെട്ടി
നേരത്തിന്   - സമയാസമയം
നേരം വൈകി -താമസിച്ച്
നോക്ക്യേമ്മല് നോക്ക്അ - വീണ്ടും വീണ്ടും പരിശോധിക്കുക
നോമ്പു തുറ - നോമ്പ് അവസാനിപ്പിക്കുന്നതിന് വേണ്ട ഭക്ഷണപാനീയങ്ങൾ ആഹരിക്കൽ
നൊമ്പലം  - വേദന ( പ്രസവവേദന)
നൊമ്പലം പിടിക്ക്യ - പ്രസവവേദന വരിക
നൊസ്സ്  - ഭ്രാന്ത്
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഭാഷാഭേദപഠനം മലപ്പുറം എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് മുകളിൽ നൽകിയിരിക്കുന്നത്.  പുസ്തകം തയ്യാറാക്കിയ ഗവേഷകരോടുള്ള  കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏