29-05-19

👁👁👁👁👁👁👁👁👁👁👁👁👁
മലയാളം
സർവ്വകലാശാല
പ്രസിദ്ധീകരിച്ച
ഭാഷാഭേദപഠനം: മലപ്പുറം
എന്ന കൃതിയെ
ആധാരമാക്കി
തയ്യാറാക്കിയ
കുറിപ്പുകളുടെ
നാലാം ഭാഗമാണ്
ഈ ലക്കത്തിൽ.
👁👁👁👁👁👁👁👁👁👁👁👁👁👁
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲
മലപ്പുറം ജില്ലയിലെ ജനസംഖ്യ,
മലബാറിലെ ഭാഷാപഠനങ്ങൾ,
ഏറനാട്ടിലെ മാപ്പിളമാരുടെ ഭാഷാഭേദത്തെക്കുറിച്ച് ജീ.കെ.പണിക്കർ  നടത്തിയ പഠനം എന്നിവയാണ്
ഈയാഴ്ചത്തെ
ഭാഷാഭേദത്തിൽ
🙏🙏🙏🙏🙏🙏
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
മലപ്പുറം ജില്ലയിലെ ജനസംഖ്യ
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
1871-ൽ മദ്രാസ് പ്രസിഡൻസിയുടെ സെൻസസ് പ്രകാരം ഓരോ ദേശത്തെയും മതാടിസ്ഥാനത്തിലുള്ള സാമുദായിക വിന്യാസം താഴെ പറയുന്ന പ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്.
ദേശം           ഹിന്ദു       മുസ്ലീം
ഏറനാട്     146468     141016
വള്ളുവനാട് 216482    75945
പൊന്നാനി   226830    134056
ജില്ല രൂപീകരണം
•••••••••••••••••••••••••••
കേരളപ്പിറവിക്കു ശേഷം ആദ്യത്തെ സെൻസസ് നടന്നത് 1961-ലാണ്.മലബാറിൽ അന്ന് കണ്ണൂർ, കോഴിക്കോട്, പാലക്കാട് എന്നീ മൂന്നു ജില്ലകളാണ് ഉണ്ടായിരുന്നത്. 1971ആകുമ്പോഴേക്കും മലപ്പുറം ജില്ല യാഥാർത്ഥ്യമായി. ഏറനാട്, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ ദേശങ്ങൾ ചേർന്നാണ് മലപ്പുറം ജില്ലയുണ്ടായത്. 1971-ലെ സെൻസസ് പ്രകാരം മലപ്പുറം ജില്ലയിലെ വിവിധ സമുദായങ്ങളിലെ വളർച്ചാനിരക്ക് താഴെ പറയുന്ന പ്രകാരമാണ്.
വിഭാഗം   ശതമാനം  വളർച്ച
••••••••••••••••••••••••••••••••••••
ഹിന്ദു       34.08         +12.77
മുസ്ലിം      63.93           +47.98
കൃസ്ത്യൻ 0.37             +51.80
ജനസംഖ്യ
•••••••••••••
ഹിന്ദു..... 6.33ലക്ഷം
മുസ്ലിം...... 11.87ലക്ഷം
കൃസ്ത്യൻ...... 0.37ലക്ഷം

സാക്ഷരത
•••••••••••••••••
    2001 സെൻസസ് പ്രകാരം മലപ്പുറം ജില്ലയിലെ സാക്ഷരതാ നിരക്ക് 89.6ശതമാനമാണ്.2011 ലെ ജനസംഖ്യാ കണക്കെടുപ്പ് രേഖകൾ പ്രകാരം മലപ്പുറം ജില്ലയിലെ പ്രധാന മതവിഭാഗങ്ങളെക്കൂടാതെ ചെറുതെങ്കിലും സിഖ് (205), ബുദ്ധ(179), ജൈന (68) തുടങ്ങിയ മതക്കാരായ ആളുകളുടെ നേരിയ സാന്നിധ്യം ഉണ്ട്. മതാടിസ്ഥാനത്തിലുള്ള ജനസംഖ്യ താഴെ പറയുന്ന പ്രകാരമാണ്.
ഹിന്ദു------27.6%
മുസ്ലിം-------70.23%
കൃസ്ത്യൻ------1.98%
മറ്റുള്ളവ൪-------0.19%
താലൂക്കടിസ്ഥാനത്തിൽ മതവിഭാഗങ്ങളുടെ ജനസംഖ്യാ ക്രമം താഴെ പറയുന്ന പ്രകാരമാണ്.
ഹിന്ദു
പൊന്നാനി.... 13%
ഏറനാട്  ....... 21%
നിലമ്പൂർ......... 17%
പെരിന്തൽമണ്ണ... 14%
തിരൂർ         . . ...... 20%
തിരൂരങ്ങാടി.........  15%

മുസ്ലിം
പൊന്നാനി. ...... 8%
ഏറനാട്     ......... 23%
നിലമ്പൂർ...........     11%
പെരിന്തൽമണ്ണ..... 15%
തിരൂർ               ........ 24%
തിരൂരങ്ങാടി.      ......... 19%

കൃസ്ത്യൻ
ഏറനാട്....... 15%
നിലമ്പൂർ........ 60%
പെരിന്തൽമണ്ണ..  13%
തിരൂർ            ......  6%
തിരൂരങ്ങാടി... ...... 4%
(കണക്ക് കൂട്ടലുകളിൽ ചെറിയ പിശക് ഇവിടെ കാണുന്നു)

മലപ്പുറം: കേരള ചരിത്രത്തിൽ
••••••••••••••••••••••••••••••
കേരള ചരിത്രത്തിൽ മലപ്പുറത്തിന് ഒട്ടേറെ സംഭാവനകളുണ്ട്. തീരദേശ വാണിജ്യ പൈതൃകം, രാഷ്ട്രീയോത്സവം, അധിനിവേശ ചരിത്രം, വൈഞ്ജാനിക പൈതൃകം, ബൃട്ടീഷ് വിരുദ്ധ സമര പൈതൃകം... എന്നിങ്ങനെ വ്യത്യസ്ത തലത്തിൽ കേരള ചരിത്രവുമായി മലപ്പുറം ബന്ധപ്പെട്ടിരിക്കുന്നു.

തീരദേശ വാണിജ്യ പൈതൃകം----പൊന്നാനി തുറമുഖ വാണിജ്യ ചരിത്രം.

രാഷ്ട്രീയോത്സവം---മാമാങ്കം.

അധിനിവേശ ചരിത്രം----അറബി, പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ്.

വൈജ്ഞാനിക പൈതൃകം-----തിരൂർ പ്രദേശത്തെ സംസ്കൃത പാരമ്പര്യം., പൊന്നാനി പ്രദേശത്തെ അറബി പാരമ്പര്യം.
ബ്രിട്ടീഷ് വിരുദ്ധ സമര പൈതൃകം-----മലബാർ കലാപം, വാഗൺ ട്രാജഡി, ദേശീയ പ്രസ്ഥാന ചരിത്രം.
    ഇവയെല്ലാം മലപ്പുറത്തിന് ചരിത്രപ്രാധാന്യം നൽകുന്നു. ഒട്ടേറെ പഠനങ്ങൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ടെങ്കിലും പുനഃപാരായണ സാധ്യത നിലന്നിർത്തുന്ന ചരിത്ര ഘടകങ്ങളാണ് ഇവയെന്നത് കേരള ചരിത്രത്തിൽ മലപ്പുറത്തെപ്പറ്റിയുള്ള അന്വേഷണത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു.

🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
മലബാർ ഭാഷാപഠനങ്ങൾ
•••••••••••••••••••••••••••••
മലബാറിലെ ഭാഷയെക്കുറിച്ച് പൊതുവായ ചില പഠനങ്ങളിൽ മലപ്പുറം പ്രദേശവും പ്രത്യക്ഷപ്പെടുന്നുണ്ട്. മലപ്പുറം വാമൊഴിയുടെ സവിശേഷതകൾ ആഴത്തിൽ പുറത്തു കൊണ്ടു വരുന്ന പഠനങ്ങൾ ഉണ്ടായിട്ടില്ല. മലബാറിലെ മാപ്പിള മൊഴി യെക്കുറിച്ചുള്ള പഠനങ്ങളിൽ മലപ്പുറവും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാപ്പിള മലയാളത്തിന്റെയും അറബി മലയാളത്തിന്റെയും സാംസ്കാരിക പശ്ചാത്തല പഠനങ്ങൾ മലപ്പുറം ഭാഷാപഠനങ്ങളോട് ചേർത്തു വായിക്കാവുന്നതാണ്. മലബാറിലെ പൊതുവായ വാമൊഴി സവിശേഷതകളെ ക്കുറിച്ചുള്ള പഠനങ്ങൾ, അറബി മലയാള പഠനങ്ങൾ, ഏറനാടൻ ഭാഷാഭേദത്തെക്കുറിച്ചുള്ള പഠനം, ഭാഷാഭേദസ൪വ്വേ തുടങ്ങി പലതും ഇവിടെ ഓ൪ക്കാവുന്നതാണ്.
         മലബാറിലെ മാപ്പിള ഭാഷാസ്വത്വത്തെക്കുറിച്ച് രണ്ടു പദങ്ങൾ പ്രചാരത്തിലുണ്ട്. മാപ്പിളമലയാളവും അറബി മലയാളവും. മാപ്പിള മലയാളം വാമൊഴിയെയും അറബി മലയാളം വരമൊഴിയെയുമാണ് പ്രതിനിധീകരിക്കുന്നത്. എന്നാൽ ചില സന്ദർഭങ്ങളിൽ ഇവ രണ്ടും ഒന്നായും പ്രയോഗിച്ച് കാണാറുണ്ട്. വിപുലമായ സാഹിത്യ പാരമ്പര്യം അറബി മലയാളത്തിൽ ഉണ്ട്. ഏറ്റവും പഴക്കമുള്ള അറബി മലയാളം കൃതിയായ മുഹ് യുദ്ദീൻ മാല 1607-ൽ രചിച്ചതാണ്. ഖുർആൻ പാരായണ വുമായി ബന്ധപ്പെട്ട് അറബി മലയാളം അക്കാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നു.
   സംസ്കൃതം എഴുതാൻ കേരളത്തിലും തുളു നാട്ടിലും ഉപയോഗിച്ചിരുന്ന ആര്യ എഴുത്ത് തന്നെ 'റ', 'ഴ' ഇവ വട്ടെഴുത്തിൽ നിന്ന് ചേർത്ത് മലയാളഭാഷ എഴുതാൻ ഉപയോഗത്തിൽ വന്നതിന് സമാന്തരമായി സുറിയാനി ലിപി മലയാളത്തിനായി വഴക്കിയെടുത്ത 'കുറസോനി'യും അറബി ലിപി മലയാളത്തിനായി പരിഷ്കരിച്ച അറബി മലയാള ലിപിയും ഉപയോഗത്തിൽ വന്നു.
       പൊന്നാനി കേന്ദ്രീകരിച്ച് അറബി ഭാഷാപ്രചാരം ഒമ്പതാം ശതകത്തിനു മുമ്പ് മുതലേ ഉണ്ടായിരുന്നു. 'മഖ്ദൂം' കുടുംബം പൊന്നാനിയിൽ സ്ഥാപിച്ച മദ്രസ കേന്ദ്രീകരിച്ചുള്ള അറബി ഭാഷാ വ്യാപനം പൊന്നാനിയെ കേരളത്തിലെ മുസ്ലിങ്ങളുടെ 'മക്കയാക്കി മാറ്റി. അറബിയിലും ഇസ്ലാമിക തത്വ ശാസ്ത്രത്തിലും ഉപരി പഠനത്തിന് വിദേശ രാജ്യങ്ങളിൽ നിന്നുപോലും പൊന്നാനിയിൽ വിദ്യാർത്ഥികൾ എത്തിച്ചേർന്നു.
     മലപ്പുറത്ത് ശക്തമായ സംസ്കൃത പാരമ്പര്യം തൃക്കണ്ടിയൂർ കേന്ദ്രീകരിച്ച് നിലനിന്നുവെന്നതിന് ധാരാളം തെളിവുകളുണ്ട്. തൃക്കണ്ടിയൂർ അച്ച്യുതപ്പിഷാരടി, മേൽപ്പത്തൂർ നാരായണ ഭട്ടതിരി തുടങ്ങി ഒട്ടേറെ സംസ്കൃത പണ്ഡിതന്മാർ ഈ പ്രദേശത്തെ സജീവമായി നിലനി൪ത്തിയവരാണ്. സംസ്കൃതത്തെ തദ്ദേശീയവല്ക്കരിച്ച ഒരു വരമൊഴി പാരമ്പര്യം എഴുത്തച്ഛനിലൂടെ പ്രകടമാവുന്നുണ്ട്. എന്നാൽ മലപ്പുറം ജില്ലയുടെ വാമൊഴിയെ അടിമുടി മാറ്റിമറിക്കും മട്ടിൽ ഈ സ്വാധീനം പ്രകടമായി കാണുന്നില്ല. അറബി ഭാഷയുടെ ജനകീയവൽക്കരണം പ്രകടമായി വാമൊഴിയിൽ തെളിയുന്നുണ്ട്. വരമൊഴിയിൽ അറബി സ്വാധീനം ശക്തമല്ല. മലബാറിൽ അറബി ലിപിയിൽ മലയാളം എഴുതാനും വായിക്കാനുമുള്ള ശേഷി മാപ്പിളമാർക്കിടയിൽ ജനകീയമായി പ്രചരിച്ചിരുന്നു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, മലപ്പുറം, കോഡൂ൪, തിരൂർ, തിരൂരങ്ങാടി തുടങ്ങി വിവിധ പ്രദേശങ്ങളിൽ അറബി മലയാള അച്ചടി വ്യാപകമായി നടന്നിരുന്നുവെന്ന് അറബി മലയാള അച്ചടി ചരിത്രം വ്യക്തമാക്കുന്നു.
      1965നും 1968നുമിടയിൽ കേരള സർവകലാശാലയിലെ ഭാഷാശാസ്ത്ര വകുപ്പ് നടത്തിയ ഈഴവ ഭാഷാഭേദസ൪വ്വേ കേരളത്തിലെ മുൻനിര ഭാഷാഭേദ പഠനങ്ങളാണ്. 2600 വാക്കുകളും പ്രയോഗങ്ങളും വാക്യങ്ങളും ഉൾപ്പെട്ട പദപ്പട്ടിക അടിസ്ഥാനത്തിലാണ് സ൪വ്വേ നടത്തിയത്. ആദ്യ ഭാഗത്ത് 1800 വാക്കുകളിൽ 300 എണ്ണം ക്രിയകളായിരുന്നു. രണ്ടാം ഭാഗത്ത് പ്രയോഗങ്ങളും വാക്യമാതൃകകളുമാണ് ഉൾപ്പെടുത്തിയിരുന്നത്. സർവ്വേ റിപ്പോർട്ടിന്റെ നാലാമധ്യായത്തിൽ നിഘണ്ടുവിൽ 3000 വാക്കുകളുണ്ട്. ഓരോ വാക്കിനും വിവരം ശേഖരിച്ച മുഖ്യ പ്രദേശത്ത് നിലനിൽക്കുന്ന പ്രയോഗങ്ങളാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. 1500 ഓളം വാക്കുകളിലായി 2130ഓളം വ്യത്യാസങ്ങൾ കണ്ടെത്താൻ സ൪വ്വേയ്ക്ക് സാധിച്ചു.
🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳
മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ താലൂക്കായ ഏറനാട്ടിലെ മാപ്പിളമാരുടെ ഭാഷാഭേദത്തെക്കുറിച്ച് 1972ൽ ജീ. കെ. പണിക്കർ നടത്തിയ പഠനമാണ് മലപ്പുറം ഭാഷാഭേദപഠനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്


മാനകഭാഷയിൽ നിന്നും മലയാളത്തിലെ മറ്റു പ്രാദേശിക ഭാഷാഭേദങ്ങളിൽ നിന്നും ഏറനാടൻ ഭാഷാഭേദത്തെ വേറിട്ടു നിർത്തുന്ന ചില ഘടകങ്ങൾ അദ്ദേഹം തന്റെ പഠനത്തിൽ കണ്ടെത്തി.
     മൂ൪ധന്യ പ്രവാഹിയായ/ഴ/യുടെയും മൂ൪ധന്യഘ൪ഷമായ/ഷ/യുടെയും താലവ്യഘ൪ഷമായ/ശ/യുടെയും അഭാവമാണ് ഒന്ന്.
മഹാപ്രാണ സ്പ൪ശങ്ങളുടെ അഭാവം മറ്റൊന്ന്.
ദന്ത്യോഷ്ഠ്യഘ൪ഷമായ/ഫ/യുടെയും ദന്ത്യപാ൪ശ്വികമായ
/ ള /യുടെയും പ്രയോഗം.
വർത്തമാനകാല പ്രത്യയമായി 'ഉന്നു' വിന് പകരം 'ഇണ്'വിന്റെ ഉപയോഗം.
ഉദാ:  വരുന്നു (വരിണ്).
ക്രിയാ നാമങ്ങളിൽ അൽ പ്രത്യയത്തിന്റെ ഉയർന്ന ആവൃത്തി. ഈ ഭാഷാഭേദത്തിൽ ഏത് ക്രിയാധാതുവിനോടും 'അൽ' ചേർത്ത് അനായാസമായി നാമങ്ങൾ സൃഷ്ടിക്കുന്നു.
ക്രിയാ സഹായി ആയ 'ആറ് ' വിന്റെ അഭാവം. ഉദാഹരണത്തിന് "ചെയ്യാറുണ്ട്" എന്നതിന് പകരം "ചെയ്യലുണ്ട്".
  പ്രതിഗ്രാഹിക വിഭക്തിയെക്കുറിക്കാൻ -അ- എന്ന പ്രത്യയം ചേർക്കുന്നു.
ഉദാ: ഓനക്കണ്ടു.
സംബന്ധികാവിഭക്തി പ്രത്യയമായ -ഉടെ- ന്റെയ്ക്കും പകരമായി ഈ ഭാഷാഭേദത്തിൽ -അ-യും -ന്റ-യും ഉപയോഗിക്കുന്നു.
ഉദാ: ഓള മുടി, ഓന്റ മുടി.
   പ്രയോഗിക്കുന്ന വിഭക്തി പ്രത്യയമായ-ആൽ ന്റെ അഭാവം.
    സംയോജിത പദസംഹിതകൾ കൂടുതൽ കാണുന്നു.
    ക൪മണിപ്രയോഗങ്ങളുടെ അഭാവം.
    മറ്റ് ഭാഷാഭേദങ്ങൾക്ക് അപരിചിതമായ പദ സമ്പത്ത്.
                മറ്റു  ഭാഷാഭേദങ്ങളെ അപേക്ഷിച്ച് അറബി പദങ്ങളുടെ ഉപയോഗം ഈ ഭാഷാഭേദത്തിൽ കൂടുതലാണ്. വലിയ അളവിൽ സംസ്കൃത പദങ്ങളും കണ്ടു വരുന്നെങ്കിലും ഹിന്ദുക്കളിലെ ഉയർന്ന വിഭാഗങ്ങൾക്കിടയിലാണ് അവ കൂടുതൽ ഉപയോഗിച്ചു വരുന്നത്. സംസ്കൃത പദങ്ങളും പ്രധാനമായും നാമരൂപങ്ങളാണെങ്കിലും അവയെ ക്രിയാരൂപത്തിലേക്ക് മാറ്റി ഉപയോഗിച്ച് വരുന്നു. സ൪വ്വനാമങ്ങളുടെ കാര്യത്തിലും ഈ ഭാഷാഭേദം ഏറെ വ്യത്യസ്തത പുലർത്തുന്നു.
    പിൽക്കാല പഠനങ്ങളിലെല്ലാം ചൂണ്ടിക്കാട്ടിയ വ/ബ സ്വതന്ത്ര വിനിമയമാണ് ഈ പഠനത്തിലും മുഖ്യ ഉച്ചാരണ സവിശേഷതയായി ചൂണ്ടിക്കാണിക്കുന്നത്.
     മറ്റൊരു സ്വതന്ത്ര പരിവർത്തനം പദാന്ത്യത്തിലെ 'അൻ',  'അം'  എന്നിവ തമ്മിലാണ്.
      ഴ (ഗ), ഴ(യ), ഴ(വ), ഴ(ജ)  എന്നിങ്ങനെയുള്ള " ഴ" മാറ്റങ്ങൾ ഈ ഭാഷാഭേദത്തിന്റെ പ്രത്യേകതയാണ്.
      വ്വ(ഗ്ഗ), യ്യ(യ്ജ/ജ്ജ) എന്നിവയും ഉച്ചാരണവ്യത്യാസങ്ങളിൽ പ്രധാനപ്പെട്ടതാണ്.
      പദാദിയിലെ 'ഞ'യ്ക്ക് പകരം 'ന'യുടെ ഉപയോഗം , പദാദിയിലെ 'ഹ' കാരത്തിന്റെ ലോപം, ഓഷ്ഠ്യ വ്യഞ്ജനത്തിന് മുമ്പ് വരുന്ന 'ഉ' കാരം 'ഇ' കാരമായി മാറൽ എന്നിവയും മറ്റു ഭാഷാഭേദങ്ങളിൽ നിന്നും ഏറനാടൻ ഭാഷാഭേദത്തെ മാറ്റി നിർത്തുന്നു.
       മറ്റു പല ഭാഷാഭേദങ്ങളിലും കാണുന്ന ഇ/എ, ഉ/ഒരു എന്നീ സ്വരവിനിമയങ്ങൾ ഈ ഭാഷാഭേദത്തിലും വ്യക്തമാണ്. രണ്ടാം അക്ഷരത്തിൽ അകാരമുള്ളപ്പോൾ ആദ്യ അക്ഷരത്തിൽ 'ഇ-എ' തമ്മിലും 'ഉ-ഒ' തമ്മിലും വ്യത്യാസമില്ലാതിരിക്കലാണ് ഇത്.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഭാഷാഭേദപഠനം മലപ്പുറം
എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് മുകളിൽ നൽകിയിരിക്കുന്നത്.

പുസ്തകം തയ്യാറാക്കിയ
ഗവേഷകരോടുള്ള
 കടപ്പാട് രേഖപ്പെടുത്തുന്നു.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏