28-01-2019

📚📚📚📚📚📚
അഗ്നി
സി.രാധാകൃഷ്ണൻ
പൂർണ്ണ
വില: 60
വാക്കുകൾ കൊണ്ട് വരച്ചിട്ട തുടർച്ചിത്രങ്ങളാണ് അഗ്നി എന്ന നോവൽ. കഥ പറഞ്ഞു പോവുകയല്ല, കഥാസന്ദർഭങ്ങൾ ഒറ്റയൊറ്റ ജീവചിത്രങ്ങായി ചേർത്തുവയ്ക്കുകയാണ് ചെയ്യുന്നത്.
    ആട്ടിൻതലവിൽക്കുന്ന ഒരു ഇറച്ചിക്കടയുടെ ദൃശ്യത്തിലാണ് നോവൽ ആരംഭിക്കുന്നത്. മൂസയുടെ ഇറച്ചിക്കട.
  ലക്ഷ്മി കുട്ടിയുടെ നിറചെനയുള്ള ആടിനെ മൂസ ബലമായി കൊണ്ടുപോകുന്ന ചിത്രമാണ് രണ്ടാമത്തെ അധ്യായം; വള വിൽപ്പനക്കാരി ചെട്ടിച്ചി യുമായി മൂസ കച്ചവടം നടത്തുന്ന ഒരു ചിത്രവും,

    മൂന്നാം അധ്യായത്തിൽ രണ്ടു ചിത്രങ്ങളാണ് മൂസയും ആമിനയും ചേരുന്നപിതൃപുത്രിബന്ധത്തിന്റെ ഒരു ചിത്രവും, സുലൈമാനും ആമിനയും തമ്മിലുള്ള പ്രണയത്തിൻറെ ഒരു ചിത്രവും.

നോവലിൻറെ ഒന്നാം ഭാഗം മുഴുവനും ഇത്തരം ചാരു ചിത്രങ്ങൾകൊണ്ട് കഥ പറയുകയാണ് സി രാധാകൃഷ്ണൻ ചെയ്യുന്നത്. ഒന്നാം ഭാഗത്തിൽ പതിമൂന്നും രണ്ടാം ഭാഗത്തിൽ പത്തൊൻപതും അധ്യായമുള്ള നോവലിൽ ഒന്നാം ഭാഗത്തിന്റെ സ്വഭാവികമായ തുടർച്ചയാണ് രണ്ടാംഭാഗം എന്നിരിക്കെ രണ്ടു ഭാഗമായി തിരിച്ചത് രചനാരീതിയിൽ പുലർത്തുന്ന വ്യത്യസ്തത കൊണ്ടാവാം.

   മൂസയുടെ വാക്കും പ്രവർത്തിയും തമ്മിലുള്ള അന്തരം സ്നേഹത്തിന് കാര്യത്തിൽ മാത്രമാണുള്ളത് .അയാൾ പരുക്കനാണ് .മകളോട് പെരുമാറുന്നതും അതേ പരുക്കൻ മട്ടിലാണ് .പക്ഷേ നിറഞ്ഞൊഴുകുന്ന സ്നേഹം പ്രവർത്തികളിൽ തുടിച്ചുനിൽക്കുന്നു. ആ മനസ്സിലെ അഗ്നിയാണ് ഈ ഈ നോവലിൻറെ ജീവൻ. സുന്ദരമായ വാക്യങ്ങൾ മാത്രം ഉപയോഗിക്കുക എന്നത് സി രാധാകൃഷ്ണന്റെ രചനാ വ്രതമാണ് .അത് ഈ നോവലിലും അങ്ങനെ തന്നെ നിൽക്കുന്നു. ചെറിയ വാക്യങ്ങളിലൂടെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരയ്ക്കാനുള്ള കഴിവ് ഗദ്യസാഹിത്യകാരന്മാർ ശ്രീ ശ്രീ രാധാകൃഷ്ണനോടൊപ്പം മലയാളത്തിൽ മറ്റാർക്കും ഉണ്ടെന്നു തോന്നുന്നില്ല . ഈ നോവലിലെ വെട്ടത്തുനാടൻ മാപ്പിള ഭാഷയുടെ സൗന്ദര്യം കൂടിയാകുമ്പോൾ വായനാസുഖം ഇരട്ടിയാവുന്നു .

     ചേലൊത്ത ഒരു കഥ പറയുക, പ്രണയവും സ്നേഹവും മത്സരിക്കുന്ന കഥ .ഇത്തരം കഥകൾ നൂറുകണക്കിന് നാം വായിച്ചിട്ടുണ്ടാവാം. എങ്കിലും ഈ നോവൽ നമുക്ക് പുതുമയുടെ വായനാനുഭവം സമ്മാനിക്കുന്നു എന്നിടത്താണ് ശ്രീ സി രാധാകൃഷ്ണൻ എന്ന കലാകാരൻ, സാഹിത്യകാരൻ നമ്മെ അമ്പരപ്പിക്കുന്നത്

.ഇതിന്റെ സിനിമാ വിഷ്ക്കാരത്തെക്കുറിച്ച് ഇന്നലെ ചാനൽ സംപ്രേക്ഷണം ചെയ്ത ഡോക്യുമെൻററിയിൽ ശ്രീ.സി.രാധാകൃഷ്ണൻ തന്നെ നമ്മോട് സംസാരിച്ചിരുന്നു.
രതീഷ് കുമാർ