27-11-19

🍁🍁🍁🍁🍁🍁🍁🍁🍁
ഭാഷാഭേദപഠനം: മലപ്പുറം കഴിഞ്ഞ ലക്കത്തോടെ അവസാനിച്ചു. പുതിയ ഭാഷാഭേദം അവതരിപ്പിക്കുന്നതിനിടയിലാണ് കാരശ്ശേരി മാഷുടെ പുസ്തകത്തിലെ ആദ്യഭാഗം അവതരിപ്പിക്കുന്നത്. മാന്യ വായനക്കാർ ക്ഷമിക്കുക.
✍✍✍✍✍✍✍✍✍✍✍
☘🎋☘🎋☘🎋☘🎋☘🎋☘🎋☘🎋
എം.എൻ.കാരശ്ശേരി എഴുതിയ വാക്കിന്റെ വരവ് എന്ന പുസ്തകത്തെ അധികരിച്ചു കൊണ്ട് തയ്യാറാക്കിയതാണ് ഇന്നത്തെ ആറുമലയാളിക്ക് നൂറു മലയാളം
🎋☘🎋☘🎋☘🎋☘🎋☘🎋☘🎋☘
🔥🍀🔥🍀🔥🍀🔥🍀🔥🌲🔥🍀🔥🍀
ഇന്നത്തെ വാക്കിന്റെ വരവ് എന്ന ഭാഗത്ത് ആമുഖം എന്താണീ മലയാളം ചക്കാത്ത് എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
🍀🔥🍀🔥🍀🔥🍀🔥🍀🔥🍀🔥🍀🔥
വാക്കിന്റെ വരവ്
വൈജ്ഞാനിക സാഹിത്യമണ്ഡലത്തിൽ ശ്രദ്ധേയമായ ഒരു സ്ഥാനമാണ് ഭാഷാപഠനത്തിനുള്ളത്. ഭാഷയുടെ അടിത്തറ തിരിച്ചറിയാനും, കാലം അതിന്മേൽ സൃഷ്ടിച്ച അടരുകളെ വേർതിരിച്ചു മനസ്സിലാക്കുവാനും, അതിൽ വേരുകളാഴ്ത്തി ശ്രേഷ്ഠഭാഷാപദവിയോളം വള൪ന്ന മാതൃമലയാളത്തിന്റെ നിറവും സൌരഭ്യവും നമ്മെ അനുഭവിപ്പിക്കുവാനും മലയാളഭാഷാപഠനരംഗത്തിനേ കഴിയൂ. ഭാഷാപഠനത്തിന്റെ കിരീടങ്ങളും ചെങ്കോലുകളും അക്കാദമികളിൽ നിന്നും വാങ്ങാൻ കഴിയില്ല. അത് നാം കണ്ടും കേട്ടും നേടുക തന്നെ വേണം. നാട്ടുവരമ്പത്തു നിന്നും നാടിന്റെ നടവഴികളിൽ നിന്നും നമുക്കിത് നേടാനാവും.അതിനുനേരെ കണ്ണു തുറന്നു വെച്ചിരിക്കുന്ന ഒരു അക്കാദമിക് പണ്ഡിതനു മാത്രമേ ഭാഷയും ജീവിതവും ചുറ്റുപാടുകളും സംസ്കൃതിയും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ വളരെയെളുപ്പത്തിൽ ഉൾക്കൊള്ളാനും ഉൾക്കൊണ്ടത് വളരെ ലളിതമായി വിവരിക്കുവാനും കഴിയൂ. പത്രപ്രവർത്തകൻ, അധ്യാപകൻ, എഴുത്തുകാരൻ, സാംസ്കാരിക വിമർശകൻ തുടങ്ങി വിഭിന്ന തലങ്ങളിൽ പ്രവർത്തിക്കുന്നയാളാണ് എം. എൻ. കാരശ്ശേരി. അദ്ദേഹത്തിന്റെ  പുസ്തകമാണ് വാക്കിന്റെ വരവ്
കഴിഞ്ഞ ഏതാനും ദശകങ്ങളായി കാരശ്ശേരി മാഷിന്റെ ഭാഷാനിരീക്ഷണങ്ങളുടെ തിരഞ്ഞെടുത്ത താളുകളാണ് ഈ പുസ്തകം. പന്ത്രണ്ടു ഭാഗങ്ങളാണ് ഇതിൽ ഉള്ളത്. ഇവയിൽ പദച്ചർച്ച, വ്യാകരണം, ശൈലിചിന്ത, ചിഹ്നഭാഷ, വാമൊഴി, പരിഭാഷ, സാഹിത്യ ഭാഷ, ഭാഷയും സമൂഹവും, ഭാഷയും രാഷ്ട്രീയവും, ഗൂഢഭാഷ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു.

എന്താണീ മലയാളം?
മലയാളം എന്ന വാക്കിന് 'മലകളുടെ നാട് ' എന്നാണ൪ഥം. കേരളത്തിലെ വ്യാകരണഗ്രന്ഥങ്ങളിൽ ഏറ്റവും പ്രാമാണികമായ കേരളപാണിനീയം ആരംഭിക്കുന്നതു തന്നെ " മലയാളം തുടക്കത്തിൽ ദേശനാമമായിരുന്നു " എന്നു പറഞ്ഞു കൊണ്ടാണ്.
ദേശനാമവും ഭാഷാനാമവും ഒന്നായിരിക്കുന്നത് വളരെ സ്വാഭാവികമാണ്. ഏതു സമൂഹവും ഏതു നാടും ഭാഷയുടെ പേരിൽ അറിയപ്പെടുന്നു. അറബികൾ, ഇംഗ്ലീഷുകാർ തുടങ്ങിയ പേരുകൾ ഉദാഹരണം. തമിഴ്നാട്, കർണാടക മുതലായ സംസ്ഥാനനാമങ്ങളും അങ്ങനെ തന്നെ. ദേശം തന്നെ സമൂഹവും സമൂഹം തന്നെ ദേശവും. രണ്ടും - മണ്ണും മനുഷ്യരും - ഭാഷയിൽ ആവിഷ്കാരം കൊള്ളുന്നു.
ഒരു ഭാഷ എന്നത് കുറെ പദങ്ങളോ വ്യാകരണ രചനാരീതികളോ വ്യാകരണവിധികളോ മാത്രമല്ല; അത് സംസാരിക്കുന്ന സമൂഹത്തിന്റെ സാംസ്കാരിക സ്വത്വം തന്നെയാണ്. മഴ എന്ന പദം പോലെ മുണ്ട് എന്ന വേഷം. നമ്മുടെ സാധാരണ വാക്യഘടനാസമ്പ്രദായം കർത്താവ്,  ക൪മം , ക്രിയ എന്ന രീതിയിലാണല്ലോ. ( ഉദാ:
പരീക്കുട്ടി കറുത്തമ്മയെ സ്നേഹിച്ചു) . വേഷം, ശരീരഭാഷ,  ഭക്ഷണം തുടങ്ങി എത്രയോ കാര്യങ്ങൾ ചേർന്നാണ് മലയാളിയെ നിർണയിക്കുന്നത്.
മലയാളിമനസ്സിന് സവിശേഷമായ നന്മകളും തിന്മകളും ഉണ്ട്. സാധ്യതകളും പരിമിതികളുമുണ്ട്. സാമാന്യമായി പറഞ്ഞാൽ ഉത്സാഹം ഇപ്പറഞ്ഞ മനസ്സിന്റെ ഭാവങ്ങളിലൊന്നാണ്. അതുകൊണ്ടാണ് ഏതു നാട്ടിലേക്കും ഏതു തൊഴിലിലേക്കും മലയാളികൾ ഇറങ്ങിപ്പുറപ്പെടുന്നത്. നാട്ടിൽ പണിയില്ലാത്തതുകൊണ്ടല്ല, ഇപ്പറഞ്ഞ മനസ്സ് ഉള്ളതുകൊണ്ടു കൂടിയാണ് മലയാളികൾ പുറപ്പെട്ടുപോകുന്നത്.
മലയാളിയുടെ കലാബോധം എന്നൊന്നുണ്ട്. അതിന്റെ പ്രത്യക്ഷമാണ് കേരളീയ കലകളുടേതും.കഥകളി, അയ്യപ്പൻകൂത്ത്, ഒപ്പന, ചവിട്ടുനാടകം, തോറ്റംപാട്ട്, തെയ്യം, തിറ, കോൽക്കളി, കാളപൂട്ട്, ദഫ്മുട്ട് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കലാവിഷ്കാരങ്ങൾ ഇപ്പറഞ്ഞതിന് ഉദാഹരണമാണ്. സാംസ്കാരിക സ്വത്വത്തിന്റെ ഏത് അംശത്തിലും നിറഞ്ഞു നിൽക്കുന്നത് ഭാഷ തന്നെയാണ്.
നിങ്ങളുടെ മുഖച്ഛായയിലും ശരീരവടിവിലും കുടിയിരുപ്പുള്ള ഒന്നാണ് മലയാളിത്തം. അതുകൊണ്ടാണ്, പ്രശസ്ത കഥാകാരൻ യു. എ. ഖാദറെ ആദ്യം കാണുന്നവ൪ അദ്ദേഹം മലയാളിയാണോ എന്നു സംശയിച്ചു പോകുന്നത്. ഖാദറിന്റെ പിതാവ് കൊയിലാണ്ടിക്കാരനാണേലും മാതാവ് ബ൪മ്മക്കാരിയാണ്. മാതാവിന്റെ ചില അംശങ്ങൾ ആ ശരീരവടിവിൽ അവിടവിടെ കാണാനുണ്ട്. അദ്ദേഹത്തിന്റെ വേഷവും ശരീരഭാഷയും എന്നപോലെ ഭാഷാരീതിയും തീ൪ത്തും നാട്ടുമലയാളത്തിന്റെതാണ് എന്നുകൂടി ഓർക്കുക.
നമ്മൾ മലയാളം ആകുന്നു. ദയവായി മനസ്സിരുത്തണം. നിങ്ങളും ഞാനും പറയുന്നതും ചെയ്യുന്നതുമായ നല്ലതും ചീത്തയുമായ എല്ലാം മറ്റുള്ളവ൪ വരവുവെയ്ക്കും; നമ്മൾ തന്നെയാണ് മലയാളം.

ചക്കാത്ത്
മലയാളത്തിൽ "ചക്കാത്ത് " എന്നൊരു വാക്കുണ്ട്. " വെറുതെ കിട്ടിയത് " എന്നർഥം.
മലബാറിലും തിരുവിതാംകൂറിലും വിനിമയസാധ്യതയുള്ള വാക്ക്. അധികം സന്ദർഭങ്ങളിലും പരിഹാസത്തോടെ ഉപയോഗിക്കുന്നത്. അല്ലെങ്കിൽ വിമർശനത്തിന്. കൊടുക്കാൻ പാടില്ലാത്തത് കൊടുത്തു ;അല്ലെങ്കിൽ വാങ്ങാൻ പാടില്ലാത്തത് വാങ്ങി എന്ന താൽപര്യത്തിലാണ് പ്രയോഗം. " സർക്കാരിന്റെ മരം ചക്കാത്തായി മുറിച്ചു കൊണ്ടു പോവുകയാണ്" എന്നോ "അയാൾക്ക് അവാർഡ് ചക്കാത്തായി കിട്ടിയതാണ്" എന്നോ, " മൂപ്പർക്ക് എന്തും ചക്കാത്തായി കിട്ടണം " എന്നോ ഒക്കെയുള്ള ശൈലികൾ ഓർത്തു നോക്കുക - ചക്കാത്തിന് ' വിലകെട്ടത്' എന്നു വരെ അ൪ഥമാവും.
'ശബ്ദതാരാവലി' അടക്കമുള്ള നിഘണ്ടുക്കൾ ഈ വാക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. - ഉർദുവിൽ നിന്ന് കടം കൊണ്ട വാക്ക് എന്ന നിലയിൽ. പക്ഷേ ഉർദുവിലും അതുപോലെ തന്നെ പാർസിയിലും ഈ പദം അറബിയിൽ നിന്നാണ് കടന്നു ചെന്നത്. അതിന്റെ ശരിയായ രൂപം " സക്കാത്ത് " എന്നാണ്. ഇപ്പോഴും ലിപി നേരെയല്ല. വാക്കിന്റെ തുടക്കത്തിൽ കാണുന്നത് ' സ' യല്ല.അതിന്റെ ഉച്ചാരണം ഇംഗ്ലീഷിലെ  Z നു തുല്യമാണ്. അതിന് അറബി നിഘണ്ടുക്കളിൽ കാണുന്ന അ൪ഥം വളരുക, നന്നാവുക,അഭിവൃദ്ധിപ്പെടുക, സൻമാർഗിയാവുക, ഫലപുഷ്ടിയുള്ളതാവുക, അനുയോജ്യമാവുക എന്നെല്ലാമാണ്. വളർത്തുന്നത്, വളരുന്നത് എന്നീ താൽപര്യങ്ങളിലാണ് സാധാരണ ഉപയോഗം.
പക്ഷേ, കേരളത്തിലും അന്യനാടുകളിലെല്ലാം മുസ്ലീങ്ങൾ 'സക്കാത്ത് ' ഉപയോഗിക്കുന്നത് ഒരു സാങ്കേതികപദം എന്ന നിലക്കാണ്. ആ സാങ്കേതികപദത്തിന് ' നിർബന്ധദാനം ' എന്ന൪ഥം. ഈ നിർബന്ധദാനമാവട്ടെ, ഇസ്ലാം മതത്തിന്റെ നി൪ബന്ധാനുഷ്ഠാനങ്ങളിലൊന്നാണ്.

ദാനവും നി൪ബന്ധദാനവും തമ്മിൽ എന്താണ് വ്യത്യാസം?
ഇസ്ലാം മതത്തിന്റെ ക൪മാനുഷ്ഠാനങ്ങളിൽ രണ്ടു തരം ദാനങ്ങളുണ്ട്.
1.സദഖ : ഇഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ളത് ആ൪ക്കുവേണമെങ്കിലും ദാനം ചെയ്യാം. - ഇതാണ് സദഖ. ഇതു പുണ്യക൪മമാണെങ്കിലും നി൪ബന്ധ ക൪മ്മമല്ല. സദഖ ചെയ്യാതിരുന്നാൽ പാപമില്ല.
2. സക്കാത്ത്: വാർഷിക വരുമാനത്തിൽ സ്വന്തം ആവശ്യം കഴിച്ച് നീക്കിയിരിപ്പുള്ളതിൽ നിന്ന് നിശ്ചിത ശതമാനം നിശ്ചിത വിഭാഗത്തിൽപ്പെടുന്നവ൪ക്ക് ദാനം ചെയ്യണം. - ഇതാണ് സക്കാത്ത്. നി൪ബന്ധക൪മ്മമാണ്. അനുഷ്ഠിച്ചാൽ പുണ്യമുണ്ട്. ഒഴിവാക്കിയാൽ പാപവും.
സക്കാത്ത് എന്ന പദത്തിന് നമ്മുടെ നാട്ടിൽ സംഭവിച്ച മൂല്യശോഷണത്തെപ്പറ്റി ഒന്നാലോചിച്ചു നോക്കൂ. ആ വാക്ക് എത്രമാത്രം വിലകെട്ടുപോയി! മഹത്തായ സങ്കൽപ്പങ്ങൾക്കും വലിയ സാംസ്കാരിക ചിഹ്നങ്ങൾക്കും കാലം കൊണ്ടും ദേശം കൊണ്ടും സംഭവിക്കുന്ന തക൪ച്ച ' ചക്കാത്ത് ' എന്ന മലയാള തദ്ഭവപദം ഉദാഹരിക്കുന്നുണ്ട്. ചൂഷണവിരോധത്തിന്റെയും ദരിദ്രന്റെ അവകാശത്തിന്റെയും അടയാളമായി ചരിത്രത്തിന്റെ വഴിയിൽ അത് ഒരു കാലത്ത് തീപ്പന്തം പോലെ നിന്നിരുന്നു.
🌻🌻🌻🌻
വാക്കിന്റെ വരവ് എന്ന പുസ്തകത്തിൽ നിന്നാണ് മുകളിൽ കൊടുത്ത ഭാഗം തയ്യാറാക്കിയത്. എഴുത്തുകാരൻ എം എൻ കാരശ്ശേരി മാഷോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.