26-08-19

📚📚📚📚📚📚
ഒരച്ഛൻറെ ഓർമ്മക്കുറിപ്പുകൾ
പ്രൊഫ:ടി വി ഈച്ചരവാരിയർ

കറൻറ് ബുക്സ്
പേജ് 154
വില 140
 ഈച്ചരവാരിയർ ലോകത്തോട് ചോദിക്കുന്നു :"എൻറെ നിഷ്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ്  മഴയത്ത് നിർത്തിയിരിക്കുന്നത്"
             ഭരണകൂടത്തിൻറെ എൻറെ ഇരകളായിതീർന്ന മക്കളെ ഓർക്കുന്ന അച്ഛനമ്മമാർക്ക് വേണ്ടി കണ്ണീരുകൊണ്ടും  അജയ്യമായ സഹനശക്തി കൊണ്ടും ഒടുങ്ങാത്ത പോരാട്ടവീര്യം കൊണ്ടും ഒരു ബിംബമായി തീർന്നയാളാണ് ഈച്ചരവാര്യർ .
രാജനെ തിരിച്ചു കിട്ടാൻ വേണ്ടി ഈച്ചരവാര്യർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് റിട്ട് ഫയലിൽ സ്വീകരിച്ച് നാലുനാളിനുള്ളിൽ മനോരമ എഴുതിയ എഡിറ്റോറിയലും,ഏശുദാസന്റെ 'അസാധു 'വിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുന്നതിന്റെ അടുത്തദിവസം വന്ന വാർത്തയെ തുടർന്ന് അണിയറയിൽ നടന്ന  പ്രവർത്തനങ്ങളുടെ ഫലമായി രണ്ടാമതു വന്ന പരുഷ ലേഖനവും, പലരുടെയും  പ്രസംഗങ്ങളും, രാജനേയും പിതാവ് ഈച്ചരവാര്യരെയും ചിലരെങ്കിലും തെറ്റായി മനസ്സിലാക്കുവാൻ  കാരണമായിട്ടുണ്ട്. അടിയന്തരാവസ്ഥയും പുലിക്കോടനും, ജയറാം പടിക്കലും, കേട്ടുകേൾവി മാത്രമാകുന്ന പുതിയ തലമുറയും; അടിയന്തരാവസ്ഥ കണ്ടും കേട്ടും അറിഞ്ഞ പഴയ തലമുറയും ഒരുപോലെ വായിക്കേണ്ട പുസ്തകമാണ് ഒരച്ഛൻറെ ഓർമ്മക്കുറിപ്പുകൾ. ഒരു രാത്രിയിൽ ഭയചകിതനായി, പോലീസ്പിടിയിലിവാതെ  രക്ഷിക്കണം, അഭയം തരണം എന്ന അപേക്ഷയുമായി വന്നയാൾ ;പിന്നീട് മുഖ്യമന്ത്രി ആയപ്പോൾ, അയാളുടെ മുമ്പിൽ പോലീസ് കസ്റ്റഡിയിൽ ആയിപ്പോയ തൻറെ മകനെ രക്ഷിക്കാൻ അപേക്ഷയുമായി ചെന്നു നിൽക്കേണ്ടി വരുന്നു. സ്വന്തം കുട്ടികളുടെ ഭാവി പോലും ഓർക്കാതെ കമ്മ്യൂണിസ്റ്റ് നേതാവിനെ രക്ഷിക്കാൻ ശ്രമിച്ച മനുഷ്യന് മനുഷ്യത്വം മരവിച്ച മറുപടിയാണ് തിരികെ ലഭിച്ചത്. ശക്തിയുള്ളഭാഗത്തേക്ക് ചാഞ്ഞുപോകുന്ന മനുഷ്യരെ മാത്രമല്ല ,എന്തൊക്കെ നഷ്ടം വന്നാലും സത്യത്തിന്റെ ഭാഗത്തുനിൽക്കണം എന്ന് വിചാരിക്കുന്ന ചിലരെയും കൂടി ഈ പുസ്തകം നമുക്ക് കാട്ടിത്തരും. അടിയന്തരാവസ്ഥയ്ക്കുശേഷം ആദ്യം ഫയൽ ചെയ്യപ്പെട്ട ഹേബിയസ് കോർപ്പസ് ഹർജിയുടെ സമ്പൂർണ്ണ വിധി പകർപ്പുകൂടി അടങ്ങിയ ഈ പുസ്തകം നമ്മെ പൊള്ളിക്കുക തന്നെ ചെയ്യും. നമുക്ക് പുസ്തകത്തിലെ ഒരു ഭാഗത്തേക്ക് പോകാം
"കക്കയം ക്യാമ്പിൽ കൊണ്ടുവന്ന എൻറെ മകൻ രാജനെ ആദ്യം ഭീകരമായി മർദ്ദിച്ചു. കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ ഒരു തോക്ക് എടുത്തിരുന്നത്രെ .അത് എവിടെ എന്ന് ചോദിച്ചായിരുന്നു മർദ്ദനം. ചെറിയ ജീവിതത്തിനിടയിൽ ഒരു ചെറിയ പ്രഹരം പോലും രാജൻ അനുഭവിച്ചിട്ടുണ്ടാവില്ല. ആദ്യത്തെ മർദനത്തിൽ തന്നെ രാജൻ തളർന്നു. പിന്നീട് അവൻറെ കൈകാലുകൾ ബെഞ്ചിനു പുറകിലേക്ക് വെച്ച് കൂട്ടിക്കെട്ടി .ഉരുട്ടൽ ആയിരുന്നു മുറ. അമ്മേ എന്ന് വിളിച്ച് അവൻ കരഞ്ഞു .അപ്പോൾ അവൻറെ വായിൽ തുണി കുത്തിക്കയറ്റി .മർദ്ദനത്തിന് ഒടുവിൽ സഹിക്കാൻ വയ്യാതെ  തോക്ക് എടുത്തു തരാമെന്ന്  രാജൻ പറഞ്ഞത്രേ .അപ്പോൾ പോലീസുകാർ ഉരുട്ടൽ നിർത്തി .പിന്നെ അവനെ താങ്ങിപ്പിടിച്ച് ജയറാം പടിക്കലിന്റെ മുന്നിൽ കൊണ്ടുപോയി. തോക്ക് കാണിച്ചുതരാൻ രാജനെ ജീപ്പിൽ കയറ്റി ഇരുത്താൻ അദ്ദേഹം കൽപ്പിച്ചു. അപ്പോൾ രാജൻ കരഞ്ഞു. തോക്ക് എവിടെയാണെന്ന് തനിക്കറിയില്ലെന്നും  മർദ്ദനത്തിൽ വേദന സഹിക്കാതെ  അങ്ങനെ പറഞ്ഞു പോയതാണെന്നും രാജൻ പറഞ്ഞു .അപ്പോൾ പുലിക്കോടൻ നാരായണൻ ബൂട്ട്സിട്ട കാലുകൊണ്ട് രാജന്റെവയറ്റിൽ ചവിട്ടി. ഒരു നിലവിളിയോടെ രാജൻ പുറകോട്ടു മറിഞ്ഞു. നിലത്ത് വീണ് കൈകാലിട്ടടിച്ച് ഒന്ന് പിടഞ്ഞു .പിന്നെ രാജൻ അനങ്ങിയില്ല . മരിച്ചു എന്ന് ഉറപ്പായപ്പോൾ പോലീസുകാർ ആദ്യമൊന്ന് പരിഭ്രമിച്ചു . ഒരുത്തൻ  കാഞ്ഞു എന്ന് കാവൽ നിന്ന  പോലീസുകാരൻ പറയുന്നത്  കുട്ടികൾ ആരൊക്കെയോ കേട്ടു". 'അർദ്ധരാത്രി രാജൻറെ മൃതദേഹം ചാക്കിൽ കെട്ടി ഏതോ കൊടും കാടിൻറെ മധ്യത്തിൽ കൊണ്ടുപോയി പഞ്ചസാരയിട്ട് കത്തിച്ചു.

ആരോ പറഞ്ഞു: 'പുലിക്കോടൻ നാരായണൻ ചവിട്ടി കൊല്ലുന്നതിന് മുമ്പ് രാജൻ ജീവനുവേണ്ടി യാചിച്ചു'."മക്കളെ മതി ഇനി കഥ വേണ്ട"

ഏതൊക്കെ സാക്ഷികൾ കൂറുമാറുമെന്ന് അപ്പുക്കുട്ടൻ വള്ളിക്കുന്ന് എന്ന പത്രപ്രവർത്തകൻ പറഞ്ഞത് കൃത്യമായിരുന്നു എന്ന് ഈച്ചരവാര്യർ ഓർക്കുന്നു.

     മരിച്ചു പോയോ ജീവിച്ചിരിക്കുന്നോ എന്ന് തിരിച്ചറിയാനാവാതെ സ്വന്തം  മകനെ തേടിയുള്ള അച്ഛൻറെ  യാത്രയിലെ സഹായികൾ. മകനെ അക്ഷരാർത്ഥത്തിലും അച്ഛനെ മാനസികമായും കൊന്നുകളഞ്ഞ അധികാരി വർഗ്ഗം ഒരിക്കലും ഓർക്കരുതെന്നു വിചാരിച്ചുപോവുന്ന സംഭവങ്ങൾ നമുക്ക് മറക്കാതിരിക്കാൻ ഇതുപകരിക്കും.

രതീഷ് കുമാർ
🌾🌾🌾🌾🌾🌾