27-07-19


ഇന്നിന്റെ മോഹങ്ങൾ
ലാലൂർ വിനോദ്

പകലൊന്നുരുട്ടി വെളുക്കാം..
പൂത്ത പൂവുകൾ നാളെ കൊഴിയാം..
നോവിന്റെ ചില്ലമേൽമൊട്ടിട്ടൊ-
രോർമകൾ ഹിമബിന്ദുവായ് പൊഴിഞ്ഞേക്കാം...
കോപം നിറഞ്ഞൊരുചുണ്ടിലും പുഞ്ചിരിപ്പൂ നിലാവുദിച്ചേക്കാം..
തളരുന്ന നേരത്തു നമ്മളിൽ അറിയാതെ കാരുണ്യ
പൂമഴപെയ്യാം..
കനവിന്റെ മായപ്പന്തലൊരുക്കാം.
ഭാഗ്യജാതകമൊന്നു കുറിക്കാം
ഉടയോന്റെ കണ്ണിലെ നോട്ടമൊന്നു
ലഭിച്ചാൽ നിനക്കൂഴിയിൽ.
നാളെ മന്നവനാകാം..
തോൽവി  ചാരെ വരുംനേരമെല്ലാം
വിധിയെ പഴിച്ചു നടക്കാം..
വിജയം വരുംനാളിലെല്ലാം  അഹമെന്ന
കുട ചൂടി വാഴാം..
ഇല്ലായ്മയിൽ കണ്ണീർപൊഴിക്കാം
ഉണ്ടായ്മയിൽ കൈമലർത്താം
പശിയറിയാത്തവർക്കറിയുമോ
എപ്പോഴും വിശപ്പിന്റെ
ആഴത്തിര..
ഇന്നുപൊഴിക്കും വിയർപ്പിനെല്ലാം
നാളെയൊരു കതിരു പൂക്കാം
നിന്നുള്ളിലടവെച്ച വാക്കുകൾ
ഒക്കെയും നാളെയൊരു
കവിതയാവാം..
നമ്മളൊന്നെന്ന ഭാവംനിറഞ്ഞാൽ
മാനസം ശ്രീകോവിലാക്കാം
വൈരം വെടിഞ്ഞു നാം
സ്നേഹം വിതച്ചാലെവിടെയും
സ്വർഗമാകാം..
******************** 
 
പെയ്തു തോരാത്ത മഴ
യൂസഫ് നടുവണ്ണൂർ

അടർന്നുവീണ
നക്ഷത്രങ്ങൾ
ഭൂമിയിൽ
പ്രണയമായി നിറയുന്നു.
മഴ
പറഞ്ഞു തുടങ്ങുകയായി...
കിനാവുകളുടെ ഉൽക്കണ്ഠകൾ
നെയ്തെടുത്ത
എന്റെ ചോദ്യങ്ങളിൽ
അവൾ
തണുത്ത കൈവിരലുകളാൽ
ഉത്തരങ്ങളെഴുതി.
വരണ്ട മനസ്സിൽ
ചാലുകളായ്
പുഴയായ്
മഹാപ്രവാഹമായ്
സമുദ്രമായ്
ചുഴികളും
മലരികളുമില്ലാതെ
എന്നിൽ നിറഞ്ഞു കവിഞ്ഞു
പെട്ടെന്ന്
വെളിച്ചം മാഞ്ഞു.
ആകാശത്തു നിന്ന്
ഇരുട്ട് മഴ പോൽ പെയ്യാൻ തുടങ്ങി
പൂവിതളുകളിൽ നിന്ന്
കണ്ണീർ കണങ്ങൾ
മഴത്തുള്ളികൾ പോലെ!
കുത്തിയൊലിക്കുന്ന
കർക്കടക രാത്രികളിൽ
അടക്കിപ്പിടിച്ച നിശ്വാസങ്ങൾ പോലും
കൊടുങ്കാറ്റിന്റെ ഊക്കിനെ തൊട്ടു.
പിന്നീടവൾ
പെയ്തുതോർന്നു.
ചാഞ്ഞു പെയ്ത-
ഓർമ്മകൾ പറിച്ചെറിഞ്ഞ ആധിയോ
പിടിച്ചു വലിച്ച അടുപ്പങ്ങൾ
നക്കി വെളുപ്പിച്ച ജാള്യതയോ
ഇല്ലാതെ
കാർകൂന്തലിൽ അവശേഷിച്ച
ജലകണവും കുടഞ്ഞു കളഞ്ഞ്
ഒരൊഴിവു ദിവസം പോലെ
അലസയായി...
******************** 
  
മഴയുടെ ഭാവഭേദങ്ങൾ.
സംഗീത ഗൗസ്

കുടിലിനുമുകളിൽ
അതൊരു ശോകസംഗീതം
ആർത്തലച്ച് പെയ്ത്
പലായനത്തെ ഒാർമ്മപ്പെടുത്തുന്നുണ്ട്
കുന്നിൻ ചെരുവുകൾ
ഉരുൾപ്പൊട്ടലിന്റെ
കഥ പറഞ്ഞ് ഭൂമിയെ
പേടിപ്പിക്കുന്നുണ്ട്
പടർന്നിടതൂർന്ന മരത്തിന് താഴെ ഇടം തേടിയവരിൽ മനുഷ്യരും മൃഗങ്ങളുംഉണ്ട്,കൗതുകമായിരിക്കുന്നു
കൂടുകൾ നനഞ്ഞുതിർന്ന് ആധിയിൽ പെൺകിളികൾ കരയുന്നുണ്ട് ആൺകിളികൾ കലപില കൂട്ടുന്നുമുണ്ട്
മരപ്പൊത്തിൽ മഴനിറഞ്ഞ് പാമ്പും പരുന്തുകളും നിശബ്ദരാണ്..
പാടം നിറഞ്ഞ് തോടു കവിഞ്ഞ് തവളകൾ ഒച്ചയിട്ട്, മീനുകൾ നീന്തി നിവർന്ന് ചേർന്ന് ഒഴുകിപ്പരന്ന് കരകവർന്നെടുത്ത് കടല് തേടി പായുന്നുണ്ട്..
കട്ട പതിച്ച മുറ്റം
കെട്ടിയുറപ്പിച്ച നിരത്തുകൾ
ഭൂമിക്കടിയിലെ വരൾച്ച അറിഞ്ഞില്ല,
നഗരങ്ങൾ ഒരുമഴയിൽ
പുഴകളായി..
വെള്ളക്കെട്ടുകളായി..
അലർട്ടുകൾക്ക് നിറം മാറുന്നതുറ്റുനോക്കിയിരിപ്പാണ്, കാടുകൾ ഒറ്റമരമായി മാറുന്നതറിഞ്ഞിട്ടും അറിയാത്ത പോലെ..
മഴപറഞ്ഞു,ദുർഗന്ധം,ശമിച്ചില്ലേ ? വഴിയരികിൽ തള്ളിയ പൊതികളിൽ ഫ്ലാറ്റുകളിലെ ഭൂമിയെകുറിച്ചുള്ള വീണ്ടുവിചാരം കഴുകി കളഞ്ഞിട്ടുണ്ട്..
ഇനിയുമേറെയുണ്ട്..
ഗ്ലാസിന് കുറുകെയായി നീങ്ങിക്കൊണ്ടിരിക്കുന്ന മഴപ്പാട് മായ്ക്കും വടികൾ
കാഴ്ച്ചയൊരുക്കി നീങ്ങുമ്പോൾ പ്രണയിനി പറഞ്ഞു
മഴ, പാട്ടാണ്
പെരുമഴയോ ?
മനസ്സാണ്..നമ്മുടെ
മഴ ചിലപ്പോൾ ഇതരമതസംഗമവേദിയാണ്.
ഒരു കൂരക്ക്താഴെ
ആര്ആരെന്നാരായാത്ത മനുഷ്യ സ്നേഹമാണ്..
******************** 
  
ആമ്പൽപ്പൂക്കളും ചക്കവരട്ടും
റൂബി നിലമ്പൂർ

മഴയ്ക്കൊപ്പം മൂളിത്തുടങ്ങിയൊരു പാട്ട് എന്നെയുംകൊണ്ട് പുഴകടന്നു. പുഴയ്ക്കപ്പുറം പാടത്ത് കഴുത്തോളം  ചെളിയിൽ പുതഞ്ഞ  വെള്ളാമ്പൽ പൂക്കൾ എന്നെ ചുമ്മാ  തോണ്ടി വിളിച്ചു. പണ്ട്, ഉമ്മവീട്ടിലെ ഒരവധിക്കാലത്ത് കലപിലപെയ്ത മഴയിലേക്ക് ഓടിയിറങ്ങിയ ബാല്യം. തൊട്ടപ്പുറത്തെ അമ്പലക്കുളത്തിന്റെ  തണുത്ത പടവുകളിലൊന്നിൽ കൈമുട്ടുകളൂന്നി...... കുഞ്ഞുകണ്ണുകളിൽ മഴ നിറച്ച് അമ്പലക്കുളത്തിലെ  കിട്ടാത്ത  ആമ്പൽപൂക്കളെ കിനാവിൽ ഉമ്മവെച്ചുമ്മവെച്ച്..... !ഞാനെന്ന  ഏഴുവയസ്സുകാരി ഉമ്മച്ചിക്കുട്ടി വിരൽ തൊട്ടുപോയാൽ അശുദ്ധമായേക്കാവുന്ന അമ്പലക്കുളത്തിലെ  നീല ജലം. ! ആ  നീല നിശ്ശബ്ദതയിലേക്ക് നോക്കിനോക്കി അമ്പലപ്പറമ്പിലെ ഇരുപത്തൊന്ന്  പടവുകൾ കയറി ,  ബാലന്മാഷുടെ മോൾ  വിദ്യക്ക്  ഉമ്മച്ചി സ്നേഹം പകുത്തു പൊതിഞ്ഞു കെട്ടിത്തന്ന  കലത്തപ്പം വാട്ടിയ വാഴയിലയുടെ  സുഗന്ധമായി മാഷ്ക്ക്  നൽകി  മടങ്ങും... !  മടങ്ങുമ്പോൾ മറ്റൊരിലച്ചീന്തിൽ എന്റെ  കൈവെള്ളയിൽ  മാഷ്  വെച്ചു തരുന്ന ചക്കവരട്ട്   മതമില്ലാത്ത മധുരമായി എനിക്കൊപ്പം തറവാടിന്റെ പടിപ്പുര കടന്ന് അകത്തെ നെഞ്ചകങ്ങളിൽ മധുരമായ് ഊറിയത്  ഇന്നലെയെന്നപോൽ ഓർമ്മയിൽ നനഞ്ഞു  കുതിരുന്നു.......... !!
******************** 
 
അവസാനത്തെ മരം...!
ഷറീന തയ്യിൽ

വായു കുത്തിനിറച്ച
സഞ്ചിയിൽ
ഗുണനിലവാരത്തിന്റെ,
ചിഹ്നം പതിക്കുമ്പോൾ,
നഗരപ്രാന്തത്തിലെ ,
ഒറ്റമരച്ചോട്ടിൽ,
ഒരാൾ...!
കരിപാറുന്ന,
നാസാരന്ധ്രങ്ങൾ
ഒരിറ്റു ,ജീവശ്വാസത്തിനു വേണ്ടി,
അന്തരീക്ഷത്തിൽ,
പരതിതോറ്റ്,
വിജൃംഭിച്ച്,
ഒടുക്കം,
വിഷം കുടിച്ച്,
വീർപ്പടക്കുന്ന കാഴ്ച്ച...!
ഒറ്റമരമേ...
ഇരുമ്പു കൂടിനുള്ളിൽ
തളച്ച,
നിന്റെ ഉച്ഛാസങ്ങളെ,
ഏതു ചുറ്റളവിലാണ്,
പിടിച്ചുകെട്ടിയിരിക്കുന്നത്?
ഏതു മാപിനിയാണ്,
ഞാൻ കട്ടെടുത്ത
ജീവവായുവിനെ,
അടയാളപ്പെടുത്തുന്നത്?
വായു വിൽപ്പനക്കാരന്റെ,
തോക്കിൻ കുഴലിൽ
പിടഞ്ഞൊടുങ്ങിയ,
സ്നേഹങ്ങളേ...
ഒടുക്കത്തെ ശ്വാസം പോലും,
നിനക്കന്യമാക്കപ്പെട്ടത്,
ഏതു ചൂതാട്ടക്കാരന്റെ
വാതുവെയ്പ്പിലാണ്?
മുമ്പേ നടന്നവന്റെ,
കാൽവെയ്പ്പിൽ
പിടഞ്ഞമർന്ന ,
അസൂയ പൂക്കൾക്ക്,
ജീവന്റെ നിറമാണ്,
തുടുപ്പാണ്...!
വായുവിൽപ്പനക്കാരന്റെ,
പറ്റുപുസ്തകത്തിൽ,
ഒരിടം കിട്ടുന്ന കാലമേ,
നമുക്കിടയിലെ ദൂരം..
കുറഞ്ഞു കുറഞ്ഞ്,
ഒരു ബിന്ദുവായി
അവശേഷിക്കും മുമ്പേ ...
ഈ... ഒറ്റമരത്തിന്റെ ചില്ലയിൽ,
എനിക്ക് ശുദ്ധവായു ശ്വസിച്ച്,
അവസാന ശ്വാസം ,
ആഞ്ഞുവലിയ്ക്കണം...!
കരിം പുക തുപ്പുന്ന
കറുത്ത കാലത്തിൽ നിന്നും
ഓടിയൊളിക്കണം...!
******************** 
 
ഒളിച്ചോട്ടം
ബുഷ്റ

ശരീരം മാത്രമേ നിങ്ങൾക്കു ഞങ്ങളിൽ നിന്നൊളിപ്പിക്കാനായിട്ടുള്ളൂ.
അതുപോലെത്തന്നെയു ണ്ടിപ്പോഴുമോർമയിൽ, തെളിമയൊട്ടും ചോരാതെ, വാക്കുകളുടെ മൂർച്ചയും ചടുലതയും ഇപ്പോഴും കെട്ടു പോയിട്ടൊന്നുമില്ല.
ഞങ്ങളിൽ നിന്നൊളിച്ചു പോയിട്ട്, വർഷങ്ങളെത്രയായി?
ഇന്നലെ നിങ്ങളുടെയാ പഴയ സ്നേഹിതയെ കണ്ടു.
ഞങ്ങളോടു വഴക്കിടാറുള്ളപ്പോഴൊക്കെ ചെന്നിരിക്കാറില്ലേ-
ആ കോലായിൽ, അവിടെ വച്ചു തന്നെ .
''തീരെ വയ്യ! ഒന്നു വായോ"ന്നു പറഞ്ഞാലെന്തു ചെയ്യും!
ചെന്നു കാണാൻ സമയമുണ്ടായിട്ടൊന്നുമല്ലാന്നറിയാലോ.
അതു പിന്നെ, നിങ്ങളുണ്ടായിരുന്നെങ്കിൽ ഇങ്ങനെയവർ ഞങ്ങളെ വിളിക്കയില്ലായിരുന്നല്ലോ.
കണ്ടപ്പോഴല്ലേ രസം,പഴയ  ഉപദേശപ്പെട്ടിയൊന്നും തുറന്നില്ല.
ഒറ്റ കരച്ചിലായിരുന്നു ആദ്യം, മന:സ്താപം കൊണ്ടൊന്നുമല്ലന്നേ,പിന്നെ,എന്നെ കെട്ടിപ്പിടിച്ചു കൊണ്ടവർ  പറയുകയാ,നിങ്ങൾ മുന്നിൽ വന്നു നില്ക്കുമ്പോലുണ്ടെന്ന്.
 അതിന്, വയ്യാണ്ടായാൽ ഓരോരോ തോന്നലുകളാണെന്നാണവരുടെ മക്കളൊക്കെ പറഞ്ഞത്.
മരുമക്കളും പേരക്കുട്ടികളുമായി ഒരു പടയ്ക്കാളുണ്ടവിടെ.
പക്ഷെ,
വീട്ടിലെ കണ്ണാടിയിലുമിപ്പോൾ എന്നെയങ്ങനെ കാണാനാവുന്നില്ല!
നിങ്ങളോളം നരച്ച മുടിയും
ചുളുങ്ങിയ കണ്ണുകളും അങ്ങനെയല്ലെ ന്നിനിയെങ്ങനെ കരുതും?
അതുമാത്രമോ, താടി, കഴുത്ത് കൈകാലുകൾ, ശരീര ഭാഗങ്ങൾ, എല്ലാം ഞാൻ പരിശോധിച്ചു.
എന്നിലെ നിങ്ങളുടെ പകർന്നാട്ടങ്ങളെ എങ്ങനെയിനി മറയ്ക്കാനാണ്.
നിങ്ങൾ ഒളിച്ചു പോയതിൽ പിന്നെ അനാഥമായെന്നുറച്ചു വിശ്വസിച്ചു പോയ എന്റെയാ മനസ്സെവിടെ?
ഒളിച്ചു പോയതപ്പോൾ നിങ്ങളല്ലെന്നുണ്ടോ?

******************** 
  
ആഴങ്ങൾ തേടുന്ന വേരുകൾ..
റബീഹ ഷബീർ

വസന്തം പൂത്തുലഞ്ഞ കാടുകൾ
പൂക്കളെ പൊഴിച്ചൊരു കറുത്ത
കുട ചൂടുന്നു.
പ്രകാശരശ്മികളെ വിധിയുടെ
കൈകളാൽ മറച്ചുകൊണ്ടൊരു
കരിനിഴൽ വീഴ്ത്തുന്നു.
വേർപാടിന്റെ മുൾക്കാടുകൾ,
വള്ളിപ്പടർപ്പുകൾ,
ശ്വാസംമുട്ടിക്കും പോലെ
കഴുത്തിൽ ചുറ്റിവളരുന്നു.
ജീവന്റെ ശ്വാസങ്ങളേന്തി
ചിറകുതളരാതെന്റെ ശലഭങ്ങൾ
വേരാഴങ്ങളിലേക്ക് അതിവേഗം
പറന്നുപോകുന്നു.
ജീവന്റെയാഴങ്ങൾ തേടി
നീല നിറമുള്ള വേരുകളെന്നിൽ
പടർന്നനേകം ശാഖകളാകുന്നു.
ചുവന്ന രക്തത്തിന്റെ
ദിശാബോധമപ്പോൾ
ഉണർന്നു കുതിക്കുന്നു.
അബോധങ്ങളിൽ നിന്ന്
ബോധങ്ങളിലേക്ക്, ചുണ്ടുകൾ
വിറകൊള്ളുന്നു.
നീണ്ട മൗനത്തിൽ നിന്നൊരു
കറുത്തപക്ഷി പറന്നുപോകുന്നു.
ആശ്വാസത്തിന്റെ നെടുവീർപ്പു-
കളപ്പോൾ ഉയർന്നുതാഴുന്നു.
കടലാഴങ്ങളിലേക്കു കുഴഞ്ഞുപോയ
പുഞ്ചിരിയെ അദൃശ്യമായ്
വന്നാരോ, ചുണ്ടുകളിലേക്ക്
വലിച്ചുകയറ്റുന്നു.
ജീവന്റെയാഴങ്ങൾ തേടിപ്പോയ
വേരുകളിൽ വസന്തത്തിന്റെ
മുളപൊട്ടുന്നു.
നമ്മൾ രണ്ടിതളുള്ളൊരൊറ്റ-
പ്പൂവായ് പുനർജ്ജനിക്കുന്നു!
******************** 
 
അദ്ധ്യാപകർ
കൃഷ്ണദാസ്.കെ

അദ്ധ്യാപകനും വിദ്യാർത്ഥിയും  വൈജാത്യത്തിന്റെ അതിർത്തിയാണ്
 ഇന്ന് പങ്കിടുന്നത്.
അദ്ധ്യാപകൻ നിശ്ചലതയുടെ ജന്മിത്തത്തിലും
വിദ്യാർത്ഥി ചലനാത്മകതയുടെ മുതലാളിത്തത്തിലും.
സ്വാതന്ത്ര്യത്തിന്റെ ആകാശം വിദ്യാർത്ഥിയുടെ വിശാല സാധ്യതയാകുമ്പോൾ
മരുഭൂമിയിലെ നീരുറവയെ
അദ്ധ്യാപകൻ സ്വപ്നം കാണുന്നു.
അദ്ധ്യാപകൻ ഒന്നായി നിൽക്കുന്നു. വിദ്യാർത്ഥി പലതായി വ്യാപിക്കുന്നു.
സാധ്യതയുടെ വിശാലവിഹായസ്സിൽ സഞ്ചരിച്ച് സ്വര സ്ഥാനം വിദ്യാർത്ഥി ചിട്ടപ്പെടുത്തുമ്പോൾ  നിർണ്ണയിയ്ക്കപ്പെട്ട താളവട്ടത്തിനിടയ്ക്ക് പരിചിതമായത് മാത്രം  അദ്ധ്യാപകൻ കൊട്ടി നിറയ്ക്കുന്നു.
 പുതിയ ആകാശമോ പുതിയ ഭൂമിയോ
 വിയർപ്പൊഴുക്കി അദ്ധ്യാപകൻ ഇന്ന് സ്വന്തമാക്കുന്നില്ല.സ്വയം നിർമ്മിച്ചു വെച്ച അതിർത്തിക്കുള്ളിൽ എന്തിനെയും പാകപ്പെടുത്താനുള്ള  പരിശ്രമത്തിലാണ് . അതിർത്തികൾ വെട്ടിപ്പൊളിച്ച് സാധ്യതയിലേയ്ക്ക് പ്രവഹിയ്ക്കാൻ
മനസ്സ് ഇന്ന് പര്യാപ്തമല്ല.
യവന ദാർശനികരെയോ ഉപനിഷത് ചിന്തകരെയോ പോലെ  കൊണ്ടും കൊടുത്തും മുന്നേറിയ ഗുരുക്കന്മാരല്ല അദ്ധ്യാപകർ.മുടക്കുമുതൽ തിരിച്ചുപിടിച്ച് ജീവിതത്തേ ഉല്ലാസമാക്കാനുള്ള ഓട്ടം നടത്തുന്നവരാണ്.ഭൂതകാലത്തിന്റെ ആവനാഴിയിലെ ശേഷിപ്പുകളാണ് പലപ്പോഴും എടുത്തു ഉപയോഗിക്കുന്നത്. ഉന്നം പിഴച്ചും
മർമ്മം പിഴച്ചും ആയുധങ്ങൾ അസ്ഥാനത്ത് പോയി പതിയ്ക്കുന്നു.പഴയ പൽചക്രങ്ങളിൽ പലതും കട്ടപ്പുറത്താണ്  .ഇനിയെന്ത്??
 ഒഴുക്കിനെതിരെ നീന്തിക്കയറാനുള്ള കാഴ്ചയും കാഴ്ചപ്പാടും രൂപപ്പെടുമ്പോൾ വിദ്യാർത്ഥിയിലേയ്ക്കുള്ള അകലം നേർത്തു വരും.അറിവും അറിവിന്റെ മേഖലയും പുതുക്കുമ്പോൾ അദ്ധ്യാപകൻ വിദ്യാർത്ഥിയാവും.മതിലുകൾ ഇല്ലാതാവും .
അതിർത്തികൾ ലംഘിയ്ക്കാനും
പുതിയ ഭൂമികൾ കണ്ടെത്താനും  ഇടയാക്കും. നന്മകൾപൂക്കുന്ന ആകാശത്ത് മൂല്യങ്ങൾ വിരിയും.എന്താ ഉൾക്കണ്ണ് തുറന്നാലോ ??
******************** 
 
ഉണ്മ
ശ്രീലാ അനിൽ

എത്ര ദൂരത്തു നി
           ന്നാകിലും നിന്റെയീ
വാക്കുകൾ വന്നു
    തൊടുന്ന നേരത്തെടോ
പൂക്കളായ് വന്നെന്നെ
                   മൂടിയിട്ടങ്ങനെ
നേർത്ത സുഗന്ധം
       നിറയ്ക്കുകയാണവ ...
ജന്മാന്തരങ്ങൾക്കു
            മപ്പുറമെന്ന പോൽ..,
നൽകാതിരുന്ന നിൻ
        ചുംബനമെന്ന പോൽ...
പിന്നെയും വന്നു
             തുടിയ്ക്കുകയാണവ
എന്നെ വന്നിന്നു
   തൊടുന്ന നിൻ വാക്കുകൾ
ദുഖോഷ്ണ തപ്തമാ
                    മെന്റെദിനങ്ങളെ
മായിക സ്വപ്ന
           വസന്തമാക്കുന്നവ ...!
അത്ര ഭ്രമാത്മക
                മായതു കാരണം
എന്റെ മൗനത്തെ
            തുടുപ്പിക്കയാണവ ....
ആത്മാവിനാഴത്തി
                ലാർത്തിരമ്പുന്നവ
പ്രേമ പ്രവാഹത്തിൻ
                     ധാരയാകുന്നവ
കാതങ്ങൾക്കപ്പുറ
           മോർമകളായ് പെയ്തു
കാലത്തിനപ്പുറ
   ത്തേയ്ക്കു
പോകുന്നവ .!
ജീവിതപ്പൂവിന്റെ
         ഗന്ധമാകുന്നവ....
ഊഷ്മളമായെന്റെ
        ചാരത്തണഞ്ഞവ..
അത്രമേലെന്നെ നീ
         ചേർത്തണച്ചീടവേ
നവ്യാനുരാഗമായ്
          മാറുകയാണവ....
വാക്കെന്റെ ഉണ്മയിൽ
       ഞാനെന്ന നേരിനെ
നാമാക്കി മാറ്റുന്ന
        സ്നേഹ നിറവവ.....
******************** 
 
ബന്ധങ്ങൾ
ലാലു .കെ .ആർ

അകലെ നഗരത്തിൽ
കൂട്ടുകാരൻ മരിച്ചപ്പോൾ
നാട്ടിലെ കൂട്ടുകാർ
തീരുമാനിച്ചവർ ഏകകണ്ഠം
പോകണം ,ടൂറിസ്റ്റ് -
ബസ്സ് വിളിക്കണം
പണമല്ല, ബന്ധങ്ങളാണ് മുഖ്യം.
ഇപ്പോൾ
ടൂറിസ്റ്റുബസ്സിൽ
സൈഡ് സീറ്റിനായവർ
തല്ലുകൂടുന്നു
********************



🌹വാക്കുകൾ ഏറ്റവും കുറച്ചു പറഞ്ഞ്,ആ കുറവിനെ കൂടുതൽ ധ്വനിപ്പിക്കുക എന്ന രചനാശൈലി കൊണ്ട്  മലയാള സാഹിത്യലോകത്ത് തന്റേതായ ഇടം തീർത്ത..ഇന്നലെ അന്തരിച്ച.. നമ്മുടെ പ്രിയ കവി ആറ്റൂർ രവിവർമ്മയ്ക്ക് ഹൃദയ പ്രണാമം അർപ്പിച്ചു കൊണ്ട് തുടങ്ങിയ  നവസാഹിതി തീർത്തും അവസരോചിതം🙏 ജ്യോതിബായ് പരിയാടത്ത് ആലപിച്ച സംക്രമണം, ദാസ് ആലപിച്ച ഓട്ടോവിൻ പാട്ട് എന്നിവ നമ്മുടെ പ്രിയ കവിക്കുള്ള ആദരവായി മാറി. നമുക്ക് ഏറെ പ്രിയങ്കരരായ എഴുത്തുകാരെക്കുറിച്ചുള്ള ഡോക്യുമെന്ററികൾ മലയാളത്തിൽ  കുറവാണ്.ഈ ഒഴിവുകളിലേക്കാണ് അൻവർ അലി ആറ്റൂരിനെക്കുറിച്ചുള്ള മറുവിളി യുമായി എത്തിയത്.  ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററിയുടെ ആദ്യ 20 മിനിറ്റ് 50 സെക്കൻഡ് ആണ് ഇന്ന് ഗഫൂർമാഷ് പോസ്റ്റ് ചെയ്ത യൂട്യൂബ് ലിങ്ക്.
ഇനി നവസാഹിതീസൃഷ്ടികളിലേക്ക്...
🌹ജീവിതത്തിന്റെ ക്ഷണികതയിലും വൈരുദ്ധ്യങ്ങളിലും നമ്മളൊന്നെന്ന ഭാവം നിറച്ച മനസിനാൽ സ്നേഹം വിതച്ച്  സ്വർഗ്ഗം നേടാം എന്ന ആശയം നമ്മിലെത്തിക്കുന്നു ലാലൂർ വിനോദ് എഴുതിയ  ഇന്നിന്റെ മോഹങ്ങൾ എന്ന കവിത. താളാത്മകമായ ഈ കവിതയുടെ ആലാപനവും ഏറെ മനോഹരം👌👌
🌹മഴ പെയ്തു തോർന്നിട്ടും തോരാത്ത അനുഭൂതി തരുന്നു യൂസഫ് നടുവണ്ണൂർ മാഷ് എഴുതിയ പെയ്തു തോരാത്ത മഴ "ചാഞ്ഞുപെയ്യുന്ന ഓർമ്മകൾ"... നല്ല പ്രയോഗം👌രജനി ടീച്ചറുടെ കവിതാവതരണം വേറൊരു മഴയായി പിന്നെയും പെയ്തിറങ്ങി...

🌹മഴയനുഭവങ്ങൾ ഓരോരുത്തർക്കും വ്യത്യസ്തം..കുടിലിലും കുന്നിൻ ചെരുവിലും  താമസിക്കുന്നവർക്ക് മഴ മനസ്സിൽ ഭീതി നിറക്കുന്നു...വനനശീകരണം ,പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ താളംതെറ്റൽ, നഗരവത്കരണം, പ്രളയം തുടങ്ങിയ സാമൂഹ്യപ്രശ്നങ്ങൾ ചേർത്തിണക്കിയ മനോഹരമായ കവിതയാണ് സംഗീതാഗൗസ് എന്ന എന്റെ പ്രിയ സംഗീതച്ചേച്ചിയുടെ മഴയുടെ ഭാവഭേദങ്ങൾ എന്ന കവിത.
🌹റൂബി നിലമ്പൂർ എഴുതിയ  മഴയോർമ്മആമ്പൽപ്പൂക്കളും ചക്കവരട്ടും  ആകട്ടെ  സ്നേഹം പകുത്ത് പൊതിഞ്ഞ് വാഴയിലയിൽ കെട്ടിയ കലത്തപ്പത്തിന്റെ കൊതിയൂറും  മണവും ചക്ക വരട്ടിന്റെ സ്വാദും നിഷ്കളങ്കമായ ബാല്യവും ഒരുപോലെ നിറയുന്ന  നല്ല കുളിരോർമ്മ....
🌹ഷെറീന  എഴുതിയ  അവസാനത്തെ മരം എന്ന കവിത ആദ്യവായനയിൽ ഉരുളക്കിഴങ്ങ് കർഷകരുടെ ദെെന്യദയും ലെയ്സ് കമ്പനിക്കാരുടെ ധാർഷ്ട്യവും മനസ്സിൽ കൊണ്ടു വന്നു .പിന്നീടുള്ള വായനയിൽ കച്ചവടവൽക്കരണത്തിനും രാഷ്ട്രീയത്തിനും അപ്പുറത്തുള്ള ദൈന്യതയിലേക്ക് മനസിനെ കൂട്ടിക്കൊണ്ടുപോയി...

🌹ബുഷറ എഴുതിയ ഒളിച്ചോട്ടം  വാർധക്യത്തിന്റെ നിസ്സഹായത ചൂണ്ടിക്കാട്ടുന്നു.
🌹റബീഹയുടെ ആഴങ്ങൾ തേടുന്ന വേരുകൾ_  വസന്തം പൂത്തുലഞ്ഞ കാട്ടിലേക്ക് പെട്ടെന്ന് കടന്നെത്തിയ വിധി വിളയാട്ടം കരിനിഴൽ വീഴ്ത്തിയെങ്കിലും പ്രതീക്ഷയും ദിശാബോധവും ജീവന്റെ ആഴങ്ങൾ തേടി പോയ വേരുകളിൽ  വസന്തത്തിന്റെ മുള കിളിർപ്പിക്കുന്നു.. പ്രതീക്ഷാനിർഭരമായ കവിത. 🙏
🌹ഒഴുക്കിനെതിരെ നീന്തി കയറാനുള്ള കാഴ്ചയും കാഴ്ചപ്പാടും രൂപപ്പെടുമ്പോൾ... അധ്യാപകൻ വിദ്യാർത്ഥിയാകുമ്പോൾ... നന്മകൾ പൂക്കട്ടെ🙏🙏 മൂല്യങ്ങൾ വിരിയട്ടെ🙏🙏 കൃഷ്ണദാസ്മാഷ് എഴുതിയ കുറിപ്പ് അധ്യാപകർ സമകാലികപ്രസക്തം👌
🌹ശ്രീല അനിൽ ടീച്ചറുടെ ഉണ്മ ഉണ്മയായി തിളങ്ങുന്നു..പയറ്റിത്തെളിഞ്ഞ കവയിത്രി
🌹ലാലു.കെ.ആർ എഴുതിയ കുറുങ്കവിത ന്യൂജൻലോകത്തെ പൊള്ളത്തരങ്ങളിലേക്ക് വിരൽചൂണ്ടുന്നു..
🌹എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ജസീന ടീച്ചറുടെ ആത്മായനം അടുത്തയാഴ്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കട്ടെ...
ഗഫൂർമാഷേ... മനസ്സുനിറഞ്ഞ അഭിനന്ദനങ്ങൾ... ഇത്രയും വെെവിദ്ധ്യത്തോടെ പംക്തി അവതരിപ്പിക്കുന്നതിന്...ഒരു ഡിജിറ്റൽ ആനുകാലികം ഒരുക്കിത്തരുന്നതിന്...🙏🙏🌹🌹




Prajitha