27-05-19

📚📚📚📚📚📚
ഡിൽഡോ 
ദേവദാസ് വി എം
ലോഗോസ് ബുക്സ്
പേജ് 98
വില100
മലയാളത്തിന് തീരെ അപരിചിതമായ രചനാരീതികൊണ്ട് ശ്രദ്ധേയമായ ഒരു പുസ്തകം പരിചയപ്പെടാം.

6 മരണങ്ങളുടെ പൾപ്പ് ഫിക്ഷൻ പാഠപുസ്തകം എന്നൊരു രണ്ടാം പേരുകൂടി ഈ പുസ്തകത്തിന് ദേവദാസ് നൽകുന്നുണ്ട്. ഈ നോവൽ മരണങ്ങളുടെ കൂടി കഥയാണ് .ഇതിൽ അഞ്ചു മരണം പ്രധാന സംഭവവുമായി നേരിട്ട് ബന്ധപ്പെടുന്നതും, ആറാമത്തേത് അതുമായി പരോക്ഷമായി ബന്ധപ്പെടുന്നതുമാണ്. കഥ പറയുന്ന രീതി അത്യന്തം  പുതുമയുള്ള ഒന്നാണ് .
നാല് കൊലപാതകം, ഒരു ആത്മഹത്യ ,ഒരു സ്വാഭാവിക മരണം :ഈ ആറു മരങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നത് ഡിൽഡോ ആണ് .ആ പദം   അപരിചിതമായവർക്ക് വേണ്ടി പരിചയപ്പെടുത്താം,
ഒപ്പം നോവലിസ്റ്റ് പരിചയപ്പെടുത്തുന്ന  അതിൻറെ  ചരിത്രവും.

     ഡിൽഡോ - കൃത്രിമലിംഗം .ലോകത്തലെ ആദ്യ ഡിൽഡോ കണ്ടെത്തിയത് ജർമ്മനിയിലെ ഹോൾ ഫെൽഡ് ഗുഹയിലാണ്, 30000 വർഷം പഴക്കമുള്ളത് . 2500 വർഷങ്ങൾക്ക് മുമ്പ് തന്നെ ഇത് ഈജിപ്തിൽ പ്രചാരത്തിലുണ്ടായിരുന്നു. പുരാതന ഗ്രീസിലും ഭാരതത്തിലും ഉപയോഗിക്കപ്പെട്ടിരുന്നു .5- 6 നൂറ്റാണ്ടുകളിലെ ഗ്രീക്ക് ശില്പങ്ങളിൽ ഡിൽഡോയുടെ സാന്നിധ്യം കാണാം. വാത്സ്യായനൻ  കാമശാസ്ത്രത്തിൽ അപദ്രവ്യങ്ങൾ എന്ന വിഭാഗത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

      ഈ മരണങ്ങളോ കൊലപാതകങ്ങളോ ഡിൽഡോകളുടെ പരിചയമോ ഉപയോഗമോ കൊണ്ട് ഉണ്ടാകുന്നതല്ല. സാഹിത്യം എഴുതി സൂക്ഷിക്കാൻ തുടങ്ങിയ കാലം മുതൽ പറഞ്ഞുതുടങ്ങിയ അവിശ്വസ്തദാമ്പത്യം ഒരു പുതിയ വേഷം ധരിക്കുകയാണ്. സാധാരണഗതിയിൽ ഒരു നോവലിനെ കുറിച്ച് ഈ രൂപത്തിൽ  ആലോചിക്കുക തന്നെ പ്രയാസം .
ഒരു പാഠപുസ്തകത്തിന്റെ രൂപത്തിലാണ്  ഇതിൻറെ സംവിധാനം .ആകെ  ആറു പാഠങ്ങൾ ,ഓരോ പാഠത്തിനും  പ്രത്യേകം അഭ്യാസം .അഭ്യാസത്തിൽ ചോദ്യങ്ങളും ഉത്തര സൂചനകളും .ഈ സൂചനകൾ മാപ്പുകൾ ചിത്രങ്ങൾ നിർവ്വചനങ്ങൾ എന്നിവയിലൂടെ നോവലിൻറെ എക്സ്റ്റൻഷനായിവളരുന്നു.

    ഇതിന് അവതാരിക തയ്യാറാക്കിയ (അനവതാരിക) മേതിൽ രാധാകൃഷ്ണൻ "ഡിൽഡോ> ദിൽ ദോ> ഹൃദയം തരൂ"എന്ന തലക്കെട്ടിൽ ചെറുതെങ്കിലും ഗംഭീരമായ ആസ്വാദനം നടത്തിയിട്ടുണ്ട്. അതൊക്കെ വായിച്ച് പുസ്തകത്തിലേക്ക് ചെല്ലുമ്പോൾ പഴയ വീഞ്ഞ് പുതിയ ലേബലിൽ എന്ന് തോന്നിയാൽ വായനക്കാരെ കുറ്റം പറയാനുമാവില്ല.

രതീഷ് കുമാർ

🌾🌾🌾🌾🌾🌾