27-04-19


ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാനിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." കഴിഞ്ഞയാഴ്ചയിലെ ബാക്കി ഇപ്പോൾ വായിക്കാം..
ആത്മായനം തീക്ഷ്ണ ഭാവങ്ങളിലൂടെ മുന്നോട്ട്..
പ്രീഡിഗ്രിക്കാലത്തിന്റെ രസഭാവങ്ങൾ തുടരുന്നു..
ഇതാണ് ഞാൻ...
ആത്മായനം
ജസീന റഹീം
ഞങ്ങൾ ക്ലാസു കട്ടു ചെയ്ത് പുറത്തെവിടെയും കറങ്ങിയില്ല.. മറിച്ച് ബിന്ദുവിന്റെ സ്വന്തം വീട്ടിലും.. അവൾടെ മൂത്ത ചേച്ചിയായ ഉഷച്ചേച്ചിയുടെ മാമ്മൂട്ടിലെ വീട്ടിലും ..ഇളയ ചേച്ചിയായ ജയച്ചേച്ചിയുടെ വീട്ടിലുമായിരുന്നു ഞങ്ങൾ സമയം ചെലവഴിച്ചത്.. കോളേജ് വിടുന്ന സമയമാകുമ്പോൾ ബസിൽ കയറി വീട്ടിലേക്ക് പോയി.. പക്ഷേ പലപ്പോഴും ഞാൻ മാമൂട്ടിൽ നിന്നും കരിക്കോട് സാരഥി ജംങ്ഷനിൽ നിന്നും ബസ് കയറുന്നതും ജാസിന്റെ ശ്രദ്ധയിൽ പെട്ടു .. അവൾ അത് വീട്ടിൽ പറയുകയും ഉമ്മായുടെ വഴക്ക് ഇഷ്ടം പോലെ വാങ്ങിത്തരികയും ചെയ്തു..
   ഒന്നാം വർഷ പ്രീഡിഗ്രി റിസൾട്ട് വന്നപ്പോൾ കെമിസ്ട്രിയുടെ മാർക്ക് വീട്ടിൽ പറയാനാവാതെ കുറേ ദിവസം ഒളിച്ചു വച്ചു.. നാല്പതിൽ നാല് മാർക്ക് ആ കോളേജിൽ തന്നെ വേറെ ആർക്കും ഉണ്ടായിരുന്നില്ല.. എത്രയൊക്കെ ഒളിപ്പിച്ചു വച്ചാലും ഇംപ്രൂവ്മെന്റിന് ഫീസ് വാങ്ങണ്ടത് വീട്ടിൽ നിന്നായതിനാൽ ഒടുവിൽ മാർക്ക് വീട്ടിൽ പറയേണ്ടി വന്നു.. കെമിസ്ട്രി അതികഠിനമായ വിഷയമാണെന്നും കോളേജിൽ ആരും കെമിസ്ട്രിക്ക് ജയിച്ചില്ലെന്നും ക്ലാസ്സിൽ കൂടുതൽ പേർക്കും പൂജ്യമാണെന്നും.. ഉമ്മായെ ധരിപ്പിക്കാൻ ഞാൻ ശ്രമിച്ചു.. ബിന്ദുവും സിംലയും പത്തിൽ കൂടുതൽ മാർക്ക് വാങ്ങി കെമിസ്ട്രിക്ക് ജയിച്ചിരുന്നു.. അവർ രണ്ടും കണ്ടെഴുതി ജയിച്ചതാണെന്നും.. ഞാൻ ഇംപ്രൂവ്മെന്റിന്  നന്നായി പഠിച്ച് ജയിച്ചോളാമെന്നും ഉറപ്പ് നൽകി വല്ല വിധേനയും രക്ഷപ്പെട്ടെങ്കിലും.. ക്ലാസിൽ കയറാതെ കറങ്ങി നടക്കുന്നതാണ് തോൽവിക്ക് കാരണമെന്ന് ജാസ് തറപ്പിച്ച് പറഞ്ഞു കൊണ്ടിരുന്നു.. സെക്കന്റ് ലാംഗ്വേജ് മലയാളത്തിന് കിട്ടിയ നാല്പതിൽ നാല്പത് മാർക്കായിരുന്നു ആകെയൊരാശ്വാസം..
   രണ്ടാം വർഷമെങ്കിലും മര്യാദയ്ക്ക്  പഠിക്കണമെന്ന് തീരുമാനമെടുത്തെങ്കിലും കാര്യങ്ങൾ പഴയതുപോലെ തന്നെ തുടർന്നു.. ഈ സമയത്ത് കരിക്കോട് ബിന്ദുവിന്റെ ഇളയ ചേച്ചിയ്ക്ക് വീടുപണി നടക്കുന്ന സമയമായിരുന്നു. ഒരു ദിവസം ട്യൂഷൻ കഴിഞ്ഞ് കോളേജിൽ പോകാതെ ബിന്ദുവിന്റെ വീട്ടിലേക്ക് വച്ചുപിടിച്ചു.. അമ്മയുണ്ടാക്കിയ മീൻകറിയൊക്കെ കൂട്ടി ചോറുമുണ്ട് പണി നടക്കുന്ന വീട് കാണാൻ പോയി .. വാർക്ക വീടുകൾ നാട്ടിലാകെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ കാലം.. അതു വരെ ഓടിട്ട വീട്ടിൽ മാത്രം കഴിഞ്ഞിട്ടുള്ളതിനാൽ കൗതുകത്തോടെ പുത്തൻ വീടിനകമൊക്കെ നോക്കി നോക്കി ഞാൻ സ്റ്റോർ റൂമിൽ കയറി..സ്റ്റോർ റൂമിനകം കണ്ട് തിരികെയിറങ്ങാൻ നോക്കിയ ഞാൻ ഞെട്ടിപ്പോയി.. സ്റ്റോർ റൂമിന്റെ വാതിൽ പുറത്ത് നിന്ന് അടച്ചിരിക്കുന്നു... ഞാൻ വാതിലിൽ മുട്ടിയിട്ടൊന്നും ആരും വന്നില്ല.. ബിന്ദുവും സിംലയും സ്ഥലം വിട്ടിരുന്നു.. ആകെ ഭയന്ന് വിറച്ച് വിയർത്ത് കുളിച്ച് അര മണിക്കൂറോളം ഞാൻ കതകിലടിച്ച് കൊണ്ടിരുന്നു.. ശബ്ദം കേട്ട് ബിന്ദുവിന്റെ അച്ഛൻ ഓടി വന്ന് കതക് തുറന്ന് എന്നെ പുറത്തിറക്കുകയും വിവരമറിഞ്ഞ് എല്ലാവരും ബിന്ദുവിനെയും സിംലയെയും വഴക്കു പറയുകയും ചെയ്തു.. അവർ ചുമ്മാ രസത്തിന് പുറത്ത് നിന്ന് പൂട്ടിയെങ്കിലും പിന്നീടത് മറന്നു പോവുകയായിരുന്നു.. ഞാനവരോട് പിണങ്ങിയെങ്കിലും അവർ പറഞ്ഞ തമാശകളിൽ മുങ്ങി  പരിഭവമലിഞ്ഞു പോയി..
                       ഇതിനിടയിൽ ഇളയ മാമായ്ക്ക് രണ്ടാമതൊരു മകൾ കൂടി ജനിച്ചു.. ജിലു.. രസ്നയിലെ സുന്ദരിക്കുട്ടിയെ പോലെ ഉച്ചിയിൽ മുടിയൊക്കെ കെട്ടി വച്ചൊരു മിടുക്കത്തി.. മാമ ഇതിനിടയ്ക്ക് ഗൾഫു ജീവിതം അവസാനിപ്പിച്ചിരുന്നു.. കുറച്ചു കാലം മധ്യപ്രദേശിൽ വല്യ മാമാടെ അടുത്ത് ജോലിക്കായി കുടുംബത്തെ കൂട്ടി പോയി.. അവിടെ താമസിച്ച കാലം ഇളയ മാമാടെ മക്കളായ ജിനുവിനെയും ജിലുവിനെയും മക്കളില്ലാത്ത വല്യമാമ ആവോളം കൊഞ്ചിച്ചു.. അവർ അവിടെ നിന്ന് തിരികെ നാട്ടിലേക്ക് പോരാൻ നേരം കുഞ്ഞുങ്ങളെ പിരിയുന്ന സങ്കടം കൊണ്ട് ..വല്യമാമ അനിയനോട് ജിലൂവിനെ താൻ നന്നായി വളർത്തിക്കോളാമെന്നും  അവളെ മാമായ്ക്ക് കൊടുത്തിട്ട് പോകാനും അപേക്ഷിച്ചു.. എന്നാൽ സ്വന്തം കുഞ്ഞിനെ പിരിഞ്ഞിരിക്കാൻ പറ്റാത്തതിനാൽ മക്കളുമായി ഇളയ മാമ നാട്ടിലേക്ക് മടങ്ങി.. ഇതിനിടെ മൂന്നാമതൊരു ആൺകുട്ടി കൂടി മാമായ്ക്ക് പിറന്നു.. അതോടെ ജിലുവിനെ തനിക്ക് തരാൻ വല്യമാമ നേരിട്ടും ബന്ധുക്കൾ വഴിയും ചോദിച്ചു കൊണ്ടേയിരുന്നു.. മക്കളില്ലാത്ത ചേട്ടന്റെ സങ്കടം കണ്ട് ഒടുവിൽ ഇളയ മാമ തന്റെ രണ്ടാമത്തെ മകളെ ജ്യേഷ്ഠനു നൽകി.. എന്നാൽ മാമായുടെ സ്വത്തിൽ കണ്ണുവച്ചിരുന്ന ഞങ്ങൾക്ക് അതൊരു കനത്ത അടിയായിരുന്നു.. മാത്രമല്ല മാമാടെ സ്നേഹവും കുറയുമെന്ന സങ്കടവുമായി.മാമ ഒരു തവണ നാട്ടിൽ വന്നിട്ട് തിരികെ  പോയപ്പോൾ ജുലുവുമായി ട്രെയിൻ കയറി.. ജുലുവാകട്ടെ അത്യാവശ്യം നിർബന്ധവും വാശിയും വല്യവായിൽ നിലവിളിയുമൊക്കെയുള്ള കുട്ടിയായിരുന്നു. അവൾടെ വാശികൾ വല്യ മാമ  സാധിച്ചു കൊടുത്തിരുന്നു.. അതു കൊണ്ട് തന്നെ സ്വന്തം വാപ്പിയോടും ഉമ്മിയോടും സഹോദരങ്ങളോടും റ്റാറ്റാ പറഞ്ഞ് അവൾ കൂളായി മൂത്താപ്പയോടും മൂത്തുമ്മയോടുമൊപ്പം ട്രെയിൻ കയറി മധ്യ പ്രദേശിലേക്ക് പോയി..
                    പിന്നീട് ഓരോ അവധിക്കാലത്തും തിളങ്ങുന്ന ഉടുപ്പുകളണിഞ്ഞ്  വായ് നിറയെ ഹിന്ദിയുമായി തനി ഉത്തരേന്ത്യൻ കുട്ടിയായി അവൾ വന്നു പോയി.. ഓരോ തവണ വരുമ്പോഴും തടിച്ചുരുണ്ടെങ്കിലും മുഖത്തിന്റെ ഭംഗിയേറി വന്നു.. ഞങ്ങൾ അവളെക്കൊണ്ട് ഹിന്ദി പാട്ടുകൾ പാടിക്കയും ഹിന്ദി സിനിമയിലെ നൃത്തങ്ങൾ ചെയ്യിക്കുകയും ചെയ്തു.. ഏക്.. ദോ ..തീൻ പാടി ജൂഹി ചൗളയെ പോലെ.. മാധുരി ദീക്ഷിതിനെ പോലെ അവൾ ഞങ്ങൾക്കു മുന്നിൽ തകർത്താടി..
                    അവളുടെ ഇഷ്ടങ്ങളും വാശികളും മാമ സസന്തോഷം നിറവേറ്റുന്നത് കണ്ട് അസൂയ കൊണ്ട് കണ്ണ് കാണാതായ ഞാൻ മാമായ്ക്ക് കത്തെഴുതുന്നതും നിർത്തി.. മുമ്പ് മാമാടെ നര പിഴുതെടുക്കാനും കാല് ഞെക്കി കൊടുക്കാനും മത്സരിച്ചിരുന്ന ഞങ്ങൾ അതൊന്നും ശ്രദ്ധിക്കാതായി.
                    ഞങ്ങളഞ്ചായിരുന്നതിൽ നിന്നും മൂന്നു പേർ ചവറയിലേക്ക് പിരിഞ്ഞ് പോയതോടെ ഞങ്ങളുടെ അവധിക്കാലങ്ങളേറെയും ചവറയിലായി.. ചിലപ്പോൾ അവർ കുണ്ടറയിലേക്ക് വന്നു.. ഞങ്ങളെ വിളിച്ചു കൊണ്ട് പോകുന്നതും തിരിച്ചാക്കുന്നതും ഹമീദായിരുന്നു.. എന്നാൽ ഞങ്ങൾ മുതിർന്നതോടെ ബന്ധുവീടുകളിൽ നിൽക്കാൻ വിടുന്നതിനെ വാപ്പ എതിർക്കാൻ തുടങ്ങി.. വാപ്പായെ വല്ല വിധേനയും സമ്മതിപ്പിച്ചായിരുന്നു ചവറയിലും മറ്റും പോയിരുന്നത്..
                    നെടുവത്തൂരെ ലൈലാ മൂത്തുമ്മാടെ മോൾ നജിത്തയുടെ കല്യാണമായിരുന്നു എന്റെ ഓർമ്മയിലെ ആദ്യ കല്യാണം.. നജീത്തായ്ക്ക് ഇരുപത് വയസ് കഴിഞ്ഞിട്ടും മൂത്താപ്പ മകളെ കെട്ടിച്ചു വിടുന്നതിൽ ഒരു ശ്രദ്ധയും കാട്ടാതെ ലഹരിയിൽ മാത്രം ശ്രദ്ധയൂന്നി ജീവിച്ചു.. അതേസമയം തന്നെ മൂത്താപ്പാടെ ഇളയ പെങ്ങൾ ഷാഹിദയുടെ കല്യാണവും നടന്നിട്ടില്ലായിരുന്നു.. മൂത്താപ്പാടെ മറ്റു പെങ്ങന്മാർ വിവാഹപ്രായമായ രണ്ടു യുവതികളെക്കുറിച്ച് നിരന്തരം സംസാരിക്കുകയും ആശങ്കപ്പെടുകയും ചെയ്തു.. എന്നാൽ മൂത്താപ്പ ഇതൊന്നും തന്റെ പ്രശ്നമല്ലെന്ന മട്ടിൽ വൈകുന്നേരങ്ങളെ ആനന്ദമയമാക്കി എല്ലാം മറന്ന്കഴിഞ്ഞു.. മൂത്തുമ്മയാകട്ടെ വീട്ടു ജോലിയും സങ്കടങ്ങളും കൊണ്ട് വളഞ്ഞുകൂനാൻ തുടങ്ങി..
     ഒടുവിൽ നജീത്തായ്ക്ക് കരിക്കോട് നിന്നും കല്യാണാലോചന വന്നു.. ആൻഡമാനിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ജോലിക്കാരനായ സലാമിക്കയുമായി ഇത്താടെ കല്യാണമുറപ്പിച്ചു.. അന്ന് വീടുകളിൽ നിന്ന് കല്യാണച്ചടങ്ങുകൾ ആഡിറ്റോറിയങ്ങളിലേക്ക് ഓടിക്കയറാൻ തുടങ്ങിയിരുന്നു.. എങ്കിലും നെജിത്താടെ കല്യാണം നെടുവത്തൂരെ ഒരു സ്കൂളിൽ വച്ചായിരുന്നു.. പുത്തൻ പായകൾ ..തുണികൾ ..പാത്രങ്ങൾ ഒക്കെയായി വീടൊരുങ്ങി.. ഞങ്ങളൊക്കെ ദിവസങ്ങൾക്കു മുമ്പെ കല്യാണ വീട്ടിൽ തമ്പടിച്ച് തിന്നും കുടിച്ചും ആഘോഷമാക്കി..
     അതിനു മുമ്പ് ഞാൻ കണ്ട കല്ല്യാണം.. വർഷങ്ങൾക്ക് മുമ്പ്.. ഇളയ മാമായുടെതായിരുന്നു. കേരളപുരത്തെ പ്രശസ്തമായ കുറ്റിയിൽ കുടുംബത്തിൽ നിന്നാണ് മാമ കല്ല്യാണം കഴിച്ചത്.. മങ്ങിയ കല്യാണച്ചിത്രങ്ങളിൽ.. വീട്ടിൽ വച്ചു നടന്ന കല്ല്യാണവും ..ഒരുങ്ങി കട്ടിലിൽ ചമ്രം പടിഞ്ഞിരുന്ന മുല്ലപ്പൂ ചൂടിയ കല്യാണപ്പെണ്ണുമുണ്ട്..നജീത്താടെ കല്യാണത്തിന് അധ്വാനിക്കാൻ ആങ്ങളമാരായി അബൂക്കായും ഷാജൂക്കായുമുണ്ടായിരുന്നു.. നെടുവത്തൂർ റോഡിൽ നിന്ന് വയലിലൂടെ കുറേ ദൂരം നടന്ന് പിന്നെ കുത്തനെ കയറ്റം കയറി വേണം മലയിലെ വീട്ടിലെത്താൻ.. സാധനങ്ങളൊക്കെ ഇക്കാമാർ തലച്ചുമടായി എത്തിച്ചു.. കല്യാണ വീട്ടിലേക്ക് ഷാജൂക്ക പായ് ചുമന്ന് വന്നത് അതീവ രസകരമായിരുന്നു.. പായ്ക്കെട്ട് തലയിലേറ്റി കച്ചവടക്കാരെ പോലെ ഉറക്കെ വിളിച്ചു.. " പായ് വേണോ...പായ്... പായ് വേണോ .. പായ്.. ഒരു പായ്ക്ക് ഒരു ബ്രാ ഫ്രീ... " പായയ്ക്ക് ഫ്രീയായി കൊടുക്കുന്ന സാധനത്തിന്റെ പേര് ഇക്ക പതിയെയാണ് വിളിച്ചത്.. എന്നിട്ടും വഴിയരികിലെ വീടുകളിൽ നിന്ന് ആളുകൾ തല നീട്ടി നോക്കി.
               എന്തു ഭക്ഷണമൊരുക്കിയാലും യാതൊരു പിശുക്കമില്ലാതെ  ആവശ്യത്തിലേറെ വക്കുന്ന സ്വഭാവക്കാരിയാണ് അന്നുമിന്നും മൂത്തുമ്മ... കല്യാണത്തിന് സദ്യ ഒരുക്കിയതും അങ്ങനെ തന്നെയായിരുന്നു.. വീട്ടിൽ നിന്നും കല്യാണം നടക്കുന്ന സ്കൂളിലേക്ക് എല്ലാവരും നടന്നാണ് പോയത്..
       കല്യാണം ഭംഗിയായി നടന്നു..  ചെക്കന്റെ ഭാഗത്ത് നിന്നും ആളുകൾ കുറവായിരുന്നെങ്കിലും.. പെൺ വീട്ടുകാർ വിളിച്ചവരെല്ലാം വന്നെങ്കിലും ..അയൽക്കാർക്ക് വിതരണം ചെയ്തിട്ടും ഒരു പാട് ഭക്ഷണം കുഴിച്ചു മൂടേണ്ടി വന്നു.. അന്ന് പെണ്ണും ചെറുക്കനും ചെറുക്കന്റെ വീട്ടിൽ പോയതിന്റെ പിന്നാലെ  വീടു കാണാൻ പോയ പെൺ വീട്ടുകാരുടെ സംഘത്തിൽ ഞാനുമുണ്ടായിരുന്നു.. ഞങ്ങളവിടെ എത്തിയ സമയം തന്നെ ചെറുക്കന്റെ ബന്ധുക്കൾ തമ്മിൽ ചെറുതല്ലാത്ത കശപിശ ഉണ്ടാകുകയും വലിയ ബഹളത്തിൽ കല്യാണം കലാശിക്കുകയും ചെയ്തു.. പെണ്ണിനേം ചെക്കനേം കൂട്ടി ഞങ്ങൾ മടങ്ങി.. എന്നാൽ പിറ്റേന്നു രാവിലെ വീട്ടിലെ തല മൂത്തോരെല്ലാം ചേർന്ന് ഒരു തീരുമാനമെടുത്തു.. "ഈ ബന്ധം ശരിയാവില്ല... ഇതിവിടെ അവസാനിപ്പിക്കാമെന്ന്..." കല്ല്യാണവീട് മരണവീടിനു തുല്യമായി ,..നജീത്ത കരച്ചിലായി.. ശാന്തനായ സലാമിക്ക ആരോടും മറുത്തൊന്നും മിണ്ടാതെ നിശബ്ദത പാലിച്ചു.. ഇന്നലെ കൂട്ടിച്ചേർന്നൊരു ബന്ധം ഇന്ന് മുറിയ്ക്കപ്പെടുന്നതിന്റെ വേദനയിൽ എല്ലാവരും വിറങ്ങലിച്ചു നിന്നു.
*******************

പ്രണയഗന്ധം
സംഗീത ഗൗസ്
പ്രണയത്തിൻപുഴയുടെ തീരത്ത്
ഒരുവട്ടം പോകാത്തതാരുണ്ട്
ഒാളങ്ങലലയടിച്ചുയരുന്ന നേരത്ത്
ഒാർമ്മകൾ ചികയാത്തതാരുണ്ട്

പ്രണയം തളിരട്ട് പൂവായ് വിരിയും
അതിമുഗ്ദ ഗന്ധത്തിലഖിലം നിറയും
അകതാരിലനുരാഗം ശ്രുതിയൊന്ന് മീട്ടും
അതുവരെഅറിയാത്ത ഈണങ്ങൾ മൂളും

പ്രണയം കൺകളിൽകടലൊന്ന് തീർക്കും
കനവിന്റെ തിരകളാൽ കവിതകൾ പാടും
ഇരുഹൃദയങ്ങളെ ഇഴചേർത്തു നിർത്തും
ഇണയരയന്നങ്ങളെപോൽ കുറുകും

പ്രണയം നടന്നൊരാവഴികളിൽ നീളെ
വെയിലേറ്റു തളരാതെ തണലിന്നു താഴെ
വാടാതെ വീണരാപ്പൂക്കൾക്കു മീതെ
വാചാലമൗനത്തിൻ കഥയുണ്ടതേറെ..
*******************

വികാരങ്ങൾ  വ്രണപ്പെടാനുള്ളതാണ്....
വിനോദ് ആലത്തിയൂർ
സഹോദരാ,
ദൈവത്തോടുള്ള
നിന്റെ പ്രാർത്ഥനയിൽ
എന്നെ ഉൾപ്പെടുത്തരുത്..
റോഹിംഗ്യൻ വള്ളങ്ങളിൽ
തുളയടക്കാൻ കഴിയാത്ത അള്ളാഹു.
മിന്നൽ രക്ഷാചാലകത്തിന് കീഴെ
അനുഗ്രഹം ചൊരിയുന്ന യേശു.
കുഞ്ഞുങ്ങളുടെ
ശയനപ്രദക്ഷിണത്തിൽ
സംപ്രീതനാകുന്ന ജാതിദൈവം.
നീ
മതമറക്കുടയിലൊളിപ്പിച്ച
ദൈവത്തോടുള്ള പ്രാർത്ഥനയിൽ
എന്നെ ഉൾപ്പെടുത്തരുത്.
അവൻ ക്ഷണനേരം കൊണ്ട്
വ്രണപ്പെടുന്ന വികാരമുള്ളവനാണ്.
മാംസ-മനനിബദ്ധമല്ലാതെ
മതനിബദ്ധമായ  രാഗംകണ്ട്
ആനന്ദിക്കുന്നവനാണ്.
സഹോദരാ,
എനിക്കെന്റെ ഇടനെഞ്ചിൽ
ഒരു  ജാലകച്ചിത്രം
പച്ചകുത്തിത്തരണം,
എന്നിൽ ഒളിച്ചിരിക്കുന്ന
സാധാരണ മനുഷ്യന്
ഇടക്കെങ്കിലും
ഒന്നു പറന്നുപോകാനാണ്....!
*******************

ഇനി,ഒരു വൈവിധ്യമാകാം ..
കാലികമായ ഒരു സിനിമാവലോകനം👇🏻

വ്യത്യസ്തയുടെ അതിരൻ
(സിനിമാവലോകനം)
ശ്രീല അനിൽ
ഒരു വ്യത്യസ്ത ചിത്രം,,, അതിരൻ,,,,
ഛായഗ്രാഹക മികവുകൊണ്ട്,,,
പശ്ചാത്തല ശബ്ദ അവതരണ പ്രത്യേകത കൊണ്ട്,,,,, ഭിന്നശേഷിയുള്ളവരുടെ ജീവിത ചിത്രങ്ങളുടെ സങ്കലനം കൊണ്ട് വ്യത്യസ്തത പുലർത്തുന്നു,,, ഈ ചലച്ചിത്രം,,
ചിത്രത്തിൽ ആദ്യ കാഴ്ചകൾ തൊട്ട് ദുരൂഹത ആരംഭിക്കയായി,,, ഊട്ടിയിലെ കാട്ടിനു നടുവിലുള്ള ബംഗ്ലാവിലേയ്ക്കുള്ള നായകന്റെ  യാത്രയാണ്,,,,, തുടക്കം,,
'കാടിന്റെ ആകാശകാഴ്ചയിൽ നിന്നും വിഷ്വൽസിന്റെ മായികത ആരംഭിക്കുന്നു,,,
കാടെത്ര നിഗൂഢ മോഹനം എന്നോർമ്മിപ്പിക്കുന്ന ,,,
കൊതിപ്പിക്കുന്ന,,,,, കാഴ്ചകൾ,,, കാടകത്തിന്റെ വശ്യത അവിടെ തുടങ്ങുകയായി,,,,
കാട്ടിലെ സസ്യസമൃദ്ധിയായി,,,,
കാട്ടിലെ മഴപ്പെരുമയായി,,,,
കാറ്റായി,,,, രാത്രിയുടെ ഭംഗിയായി.,,,,
അത് ചിത്രം ഉടനീളം തുടരുന്നുമുണ്ട്,,,,

ഫഹദ് ഫാസിലിന്റെ കഥാപാത്രം കാടിനു നടുവിലുള്ള മെൻറൽ ഹോസ്പിറ്റലിൽ  എത്തുന്നത് ,,,, ഹോസ്പിറ്റലിന്റെ പരിശോധകനായ ഗവ ഡോക്ടറായാണ്,,,

ഏതോ മന്ത്രക്കൂടാരം പോലെ ദുരൂഹത നിറയുന്ന ,,,, കൊട്ടാരം,,,,,കുറെ ജീവനുകൾ,,, ജീവിതങ്ങൾ,,,
 പ്രേക്ഷകനും ചിലതൊക്കെയേ പിടി കിട്ടൂ എന്ന അവസ്ഥ,,,

അതിനിടയയിൽ നിത്യയെന്ന കഥാപാത്രത്തെ നാടകീയമായി അവതരിപ്പിക്കുന്നു,,,,
സായി പല്ലവിയുടെ നിത്യ,,, ഓട്ടിസം ബാധിച്ച,,,,,,, ഓർമ്മകൾ മായ്ക്കപ്പെട്ട,,,
ക്രൂരമായ ശാരീരിക ഉപദ്രവങ്ങൾക്ക് വിധേയയായ ,,,,,ഒരു പെൺകുട്ടിയായി,,,
ഓരോ ഷോട്ടിലും ജീവിച്ചു,,,
സംസാരമില്ലാതെ പ്രേക്ഷകന്റെ മനസ്സിനോട് സംവദിക്കാൻ നിത്യ ക്കാകുന്നു,,,

70 കളിലെ കഥയാണിവിടെ പറയുന്നത്,,,,
ചില ഫ്ലാഷ് ബാക്കുകളിൽ നിന്നും നിത്യയുടെ അവസ്ഥയും,,, അവളെ പ്പോലെ തന്നെ ഭിന്നശേഷിക്കാരനായ മുറച്ചെറുക്കനേയും അവതരിപ്പിക്കുന്നുണ്ട്,,,
അവർ തമ്മിൽ ഇഴപിരിച്ചു നോക്കാനാവാത്ത,,, ഒരിഷ്ടം ,,,ഒരു പരസ്പര പൂരകത്വം ഉണ്ടായിരുന്നു,,, എന്ന് പ്രേക്ഷകനറിയുന്നു,,,
മാനസീക വൈകല്യമുള്ളവരേക്കാൾ,, കൊടിയ വൈകൃതങ്ങൾ സ്ഥിര ബുദ്ധി ഉണ്ടെന്നവകാശപ്പെടുന്നവർ,, കാണിക്കുമ്പോൾ നിത്യയും വിനയനും വ്യത്യസ്തരാവുന്നു,,,
അവരെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്,,, സ്വാർഥത്തിന്റെ നിറം പുരളുന്നില്ല,,,,
അത് പ്രണയമോ ആത്മബന്ധമോ എന്താണെന്നറിയില്ല ,,,
എന്തായാലും വളരെ ആത്മാർഥമാണ്,,,,,ശക്തമാണ് എന്ന പറച്ചിലാണ് ഈ കഥയുടെ മർമ്മം,,,,,
അവർ തമ്മിലുള്ള അതിരുകളില്ലാത്ത ബന്ധമാണ് അതിരൻ പറയുന്നത്,,,
വളരെ മികച്ച ചിത്രമെന്ന് അവകാശപ്പെടാൻ പറ്റുന്ന ചിത്രമൊന്നുമല്ല ഇതെങ്കിലും,,
കണ്ടിറങ്ങിയാലും മനസ്സിലെന്തൊക്കെയോ ബാക്കി വെക്കുന്നു അതിരൻ,,,
*******************

ഉള്ളിൽ ഉള്ളത്
സായി.പി.കെ
ഉണ്ണാറായ് എന്നൊരു തോന്നൽ
ഉണ്ടാകുന്നൊരു സമയത്ത്
മുന്നിൽ വന്നവളോതിയിന്ന്
ഉള്ളിക്കറിയാണുച്ചയ്ക്ക്...
ഉണ്ണാൻ വരുവോനറിയണമോ
ഉണ്ടാക്കിയവനുടെ കണ്ണീര്...
ഉളളതുചൊന്നാലവളുടെ ഉള്ളം
ഉള്ളി കണക്കെന്നോർത്തോളൂ...
ഉള്ളിൽ ഉള്ളത് കാണാനായി
ഉരിഞ്ഞു നോക്കാനുള്ളൊരു കൗതുകം
ഉണ്ടാക്കുന്നത് കണ്ണീരാണ്..
ഉള്ളി പഠിപ്പിക്കും പാഠം
ഓരോന്നായ് ഉരിഞ്ഞു കളഞ്ഞാൽ
ഉള്ളിൻ ഒന്നും അവശേഷിക്കാ
എന്നൊരു സത്യം അറിയുമ്പോൾ നിൻ
കഥയും തീരും കണ്ണീരും ...
*******************

എന്റെ കുഞ്ഞനുജത്തിക്ക്...
ലിജീഷ് പള്ളിക്കര
ഇത്രവേഗത്തിലോടുമോ കാലം,
ഏട്ടന്റെ കുഞ്ഞുമോൾ വളർന്നുപോയോ ?
ജീവന്റെ ജീവനായ് കാത്തൊരു കുഞ്ഞേ
നീ ഇന്നുമെല്ലെ പടിയിറങ്ങുന്നോ ?ഹൃദയത്തിൽ പാതിയടർന്നുപോകുന്നു
കണ്ണീരുമൂടി കാഴ്ചമറയുന്നു
ആലിലത്താലിയിൽ പുതിയൊരു ജീവിതം
പുതിയൊരു ലോകത്തിലെന്റെ കുഞ്ഞും.
ഏട്ടന്റെ കാൽതൊട്ടു വന്ദിച്ചനേരം
തടകെട്ടിനിർത്തിയ കണ്ണുനീർപൊട്ടി
ചേർത്തുപിടിച്ചു നെറുകയിൽമുത്തി
ഒഴുകിപ്പരന്നനിൻ കണ്ണുനീരിൽ
അറിയുന്നു ഞാനിന്നു നിന്റെ സ്നേഹം
ഇനിയില്ലയേട്ടന്റെ ശാസനയൊന്നും
വെറുതേ പിണങ്ങുവാൻ പിന്നെയിണങ്ങുവാൻ
ഓടിയെത്തുന്നേരം പൂമുഖപ്പടിയിൽ
"ഏട്ടാ '' എന്നൊരു വിളിയുമായി
എന്നെ കാത്തിരിക്കാനിനിയാരുണ്ട് ?
ദീർഘസുമംഗലി മന്ത്രമോതി
തലയിൽ കൈവെച്ചനുഗ്രഹിച്ചു
ഇനിയെന്നു കാണും പൊന്മകളേ
അറിയാതെയിടനെഞ്ചു പിടഞ്ഞുപോയി.
ആണ്ടുകൾ പത്തുമൊരെട്ടുമോടി
അന്നുതൊട്ടിന്നോളം പിരിഞ്ഞതുമില്ല
അറിയുന്നു ഞാനിന്നു ജീവിത സത്യം
അഴിയാത്ത ബന്ധങ്ങൾ വേദനതന്നെ
സുഖദുഃഖപൂർണ്ണമീ ജീവിതത്തിൽ
പതിതൻ ജീവനായ് മാറുക നീയും.
ഏട്ടന്റെ കൈച്ചരടഴിയുന്ന വേളയായ്
ശുഭയാത്ര നേരാം പൊന്നുമോളേ....
കാലം പെണ്ണായ് മാറ്റിയിട്ടും
ഏട്ടന്റെ നെഞ്ചിൽ പറ്റിക്കിടന്നു നീ
കരിവള,ച്ചാന്തും കൺമഷിയും
ഇനിയാർക്കുവേണ്ടി വാങ്ങിടേണം ?
തീരാത്തനൊമ്പരത്തീക്കടലിൽ
നീറുന്ന നേരത്തീവലംകൈയിൽ
കണ്ണുനീർവീണു നനഞ്ഞൊരു താളിൽ
എന്നും നീ കളിയാക്കിച്ചൊല്ലാറുള്ള
പൊട്ടക്കവിയുടെ ഹൃദയം പറിച്ചു,
താളമില്ലാത്തൊരു കവിത തരാം .
*******************

അന്യർക്ക് പ്രവേശനമില്ല
വി.എം.ബഹിയ
കെട്ടിവെച്ച
ഭാണ്ഡങ്ങൾക്കകത്തിരുന്ന്
വിഴുപ്പായ് മാറിയ
സ്നേഹങ്ങളൊക്കെയും
അലക്കി വെളുപ്പിച്ചെടുത്ത്
വെളിവാക്കുന്നൊരു വേളയുണ്ട്.
ഇനി തുറക്കില്ലെന്നടഞ്ഞ
മിഴികൾക്കു മുന്നിൽ
രംഗബോധമുള്ള
കോമാളിയാകുന്ന വേള.
മനുഷ്യനായിരിക്കിലും
ജഢമായ് കണക്കാക്കപ്പെട്ടവളുടെ
ജഢത്തിന്ന് കാണുവാനായപ്പോൾ
ഏവരും
സ്നേഹമൊഴുക്കും.
'നിങ്ങളെന്നെ സ്നേഹിക്കുന്നെങ്കിൽ
ആ സ്നേഹം
പകർന്നു തരിക'യെന്നവൾ
ഇരന്നു വന്നപ്പോഴെല്ലാം
അറിഞ്ഞില്ലെന്നു നടിച്ച്
മാറ്റിനിർത്തിയവരാണവർ.
അവളുടെ
സ്നേഹഭ്രാന്തുകൾക്ക്
ഉയിരുള്ളപ്പോൾ
ഔഷധമേകാത്തവർ.
അവളെ യാത്രയാക്കാൻ
അവരൊഴുക്കും കണ്ണീർ,
ജീവിച്ചിരുന്നപ്പോൾ
അവളൊഴുക്കിയ കണ്ണീരിന്
പകരമാവതെങ്ങിനെ?
ഒരുനിമിഷമൊന്ന്
എണീക്കാനായിരുന്നെങ്കിലവൾ,
ശവത്തിനു
സ്നേഹം വേണ്ടെന്നോതി,
മരണാനന്തരം
തന്നെ തേടിവന്നവരെയവൾ
കാർക്കിച്ചു തുപ്പിയേനേ...
അതിനാൽ,
ജീവിച്ചിരുന്നപ്പോൾ നീട്ടാത്ത സ്നേഹവുമായാരും
ഈ വഴി വന്നേക്കരുത്.
അവളുടെ ശാന്തിയിൽ
പരിഹാസം പുരട്ടരുത്.
അനക്കമറ്റവൾക്ക്
നാറും മുന്നേ
മണ്ണടിയാൻ
തിരക്കൊഴിച്ചിടുക.
*******************

പെണ്ണ്
ദിവ്യ.സി.ആർ
പെണ്ണെന്നാലതു പൊന്നാണെന്നു
പറഞ്ഞതും ചില പെണ്ണുങ്ങൾ.
പൊന്നിൻ തിളക്കം കുറഞ്ഞതിനാലോ
പാഴ്ത്തിരിയെന്നും പെണ്ണുങ്ങൾ !
 കളിച്ചു ചിരിച്ചൊരു ബാല്യത്തിൽ
കുരുന്നു കതിരായി തളിരിട്ടു.
കിനാവുകാണും കൗമാരത്തിൽ
കാമിനിയായവൾ നാണിച്ചു.
ഭാര്യയായി മറ്റൊരു ലോകത്തിൽ
ഭാരം പേറി തൻ തോളാൽ..
ഭാരതിയെ പോൽ പോരാടി,
ഭദ്രയായവൾ ധീരയായി.
അമ്മയായവൾ ധരണിയിൽ നിറയും
ആദിമത് ചൈതന്യം പകർന്നു നൽകി.
ആശ്രയമായവൾ മക്കൾക്കെന്നും
അതിജീവനത്തിൻ പാഠം നൽകി.
വാർദ്ധക്യമെന്നൊരു നാളിൽ
വയോജന സദനം തേടുന്നു മക്കൾ !
വില കുറഞ്ഞൊരു പാഴ് വസ്തു പോൽ
വലിച്ചെറിയുന്നൂ തെരുവിലേക്കായി...
*******************