27-02-19


🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആറു മലയാളിക്ക് നൂറു മലയാളം എന്ന പരിപാടിയിലേക്ക് എല്ലാ തിരൂർ മലയാളികളെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
ഇന്ന് നേരെ കണ്ണൂരിലേക്ക് പോകാം. അവിടത്തെ വിശേഷങ്ങളാണ് ഇന്നു പങ്കു വെക്കുന്നത്
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

കണ്ണൂരിന്റെ ഭാഷ
-----------------------------
വടക്കൻ കേരളത്തിലെ തനതു രൂപത്തിലുള്ള ഭാഷ രൂപപ്പെടുന്നതിന് തുളു_കന്നട എന്നീ ഭാഷകളുടെ സാമീപ്യം കാരണമായി പറയുന്നുണ്ട്. അതോടൊപ്പം തമിഴിന്റെ സ്വാധീനവും പ്രകടമാണ്. മയ്യഴിപ്പുഴ മുതൽ കാലിക്കടവ് തോട് വരെ നീണ്ടു കിടക്കുന്ന ഒരു പ്രദേശമാണ് കണ്ണൂർ ജില്ല. കാസർഗോഡ്, വയനാട്, കോഴിക്കോട് എന്നിവ അതിർത്തി ജില്ലകളും. ഹിന്ദു മതം, ഇസ്ലാം മതം, ക്രിസ്തു മതം ഇവയോടൊപ്പം വിവിധ തരം ആദിവാസി സമൂഹവും കാലങ്ങളായി ഇവിടെയുണ്ട്. ഹിന്ദു സമുദായത്തിലെ വിവിധ ജാതികളോടൊപ്പം ആദിവാസി വിഭാഗങ്ങളിലെ മലയാള൪, കരിമ്പാല൪, കുറിച്യ൪, പണിയ൪, മാവില൪, വേട്ടുവ൪, ചെറവൻമാ൪, ചിങ്കത്താൻമാ൪ തുടങ്ങിയവരും ഈ ജില്ലയിൽ വാസമുറപ്പിച്ചവരാണ്. ഇവരുടെയെല്ലാം ഭാഷ.... ഭാഷാഭേദങ്ങൾ... ഇതെല്ലാം ചേർന്നതാണ് കണ്ണൂർ ഭാഷ. ഭൂമി ശാസ്ത്രപരമായിത്തന്നെ ഭാഷയിൽ വ്യത്യാസം പ്രകടമായി കാണുന്ന പയ്യന്നൂർ, ചിറക്കൽ, തലശ്ശേരി ഭാഗങ്ങളുമുണ്ട്.
                                         പ്രാദേശിക ഭാഷാഭേദങ്ങൾ വ്യത്യസ്ത ജാതിമത സമൂഹങ്ങൾ ക്കനുസരിച്ച് സാമൂഹിക ഭാഷാഭേദങ്ങളായി രൂപപ്പെട്ടു വരുന്നു. കണ്ണൂർ ജില്ലയിലെ ഹിന്ദു വിഭാഗത്തിൽ ഏറ്റവും താഴെ പുലയരും മുകളിൽ നമ്പൂതിരി സമുദായ വുമാണ് നില നിൽക്കുന്നത്. പുലയ ഭാഷാഭേദം, നമ്പൂതിരി ഭാഷാഭേദം, മറ്റു ജാതികളിലെ ഭാഷാഭേദം, മുസ്ലിം ഭാഷാഭേദം, ക്രിസ്ത്യൻ ഭാഷാഭേദം എന്നിവയുടെ പഠനം വേർതിരിച്ചു തന്നെ നടത്തേണ്ടതാവശ്യമാണ്.

പുലയ ഭാഷാഭേദം
~~~~~~
മറ്റു സമുദായങ്ങളിലെന്ന പോലെ പുലയരുടെ ഭാഷയിലും വ്യത്യാസങ്ങൾ പ്രകടമായി കാണുന്നുണ്ട്. പദങ്ങൾ മുതൽ സംസാര ഭാഷയിലെ മാറ്റങ്ങൾ കൂടി താഴെ വിശദമായി പ്രതിപാദിക്കുന്നു
കൌക്കോല്~കഴുക്കോൽ
കഉ്ത~~കഴുത
കറിയാമ്പില~~കറിവേപ്പില
ഉറുപ്പ്യ~~രൂപ
പുയ്ത്ത~~മുഷിഞ്ഞ
സൊഉ്ക്ക്~~ഭംഗി
ഒവ്ക്ക്~~ഒഴുക്ക്
പൂവട്ടൻ~~~കഷണ്ടി
പൂയി~~~പൂഴി
പിരിയം~~പുരികം
പൊറോട്~~കാലിന്റെ പുറകുവശം
സുവാവം~സ്വഭാവം
ബ്൪ത്തി~സൌന്ദര്യം

മറ്റു ചില പദങ്ങൾ
അലോമനി~അലൂമിനിയം
പൈനഞ്ച്~പതിനഞ്ച്
പൊതപ്പ്~പുതപ്പ്
എശരം/ഏരം~~ഉയരം
മൌഉ്~മഴു
പൊയ~പുഴ
കെരണ്ട്~~കിണ൪
വണ്ണാരം~ഭണ്ഡാരം
ബെര്ത്തം~സുഖക്കുറവ്
ബെളക്ക്~വിളക്ക്
തമിശം~സംശയം
മെയ്തിരി~മെഴുകുതിരി
കൊയല്~~കുഴൽ
മയ~~മഴ
വയ്യില്~~പുറകിൽ

ക്രിയാ പദങ്ങൾ
കലമ്പ്വാ~~വഴക്ക് പറയുക
തിരിയ്വ~മനസ്സിലാക്കുക
മക്കാറാക്ക്വാ~തമാശയാക്കുക
മനാരാക്ക്വാ~വൃത്തിയാക്കുക
ബെര്ന്ന്~വരുന്നു
വെളെട്ത്തു~സൂത്രം ഒപ്പിച്ചു.

പേരുകളിൽ
സ്ത്രീകൾ-------പുരുഷൻ
കരിഞ്ചി__കരിമ്പൻ
ഉമ്പാച്ചി__കാരി
ചപ്പില___കൊട്ടൻ
കരിമ്പത്തി_ചോയി
പൊക്കിച്ചി__പിത്താരി
വെള്ളച്ചി___വട്ട്യൻ

സർവ്വ നാമ പദങ്ങൾ
നാൻ~ഞാൻ
ഞാങ്ങ~ഞങ്ങൾ
നിങ്ങ~~നിങ്ങൾ
ഈട~ഇവിടെ
ആട്ന്ന്~അവിടെ നിന്ന്

ബന്ധ പദങ്ങൾ
ഒമ്മി~അമ്മ
ഉമ്മൻ~നേരെ ഏട്ടൻ
ഏട്ത്ത്യമ്മ~ജ്യേഷ്ഠ ഭാര്യ
മൂത്തൊമ്മി~അച്ഛന്റെ മൂത്ത സഹോദരി
വലീച്ഛൻ~~അച്ഛന്റെ മൂത്ത സഹോദരി ഭർത്താവ്
അമ്മയുടെ അമ്മ~താച്ചി/തൊണ്ടമ്മ
അമ്മയുടെ അച്ഛൻ~അച്ഛപ്പൻ/തൊണ്ടച്ചൻ
അമ്മയുടെ മൂത്ത സഹോദരൻ~അമ്മോമൻ
അമ്മയുടെ ഇളയ സഹോദരൻ~മാമൻ
അമ്മയുടെ കാരണവ൪~മുത്തറ്/(കാ൪ന്നോര്)
അച്ഛന്റെ അച്ഛൻ~അച്ഛപ്പൻ/അച്ചാച്ചൻ
അച്ഛന്റെ അമ്മ~അച്ഛമ്മ) /അച്ചൊമ്മി
അച്ഛന്റെ മൂത്ത സഹോദരൻ~മൂത്തപ്പൻ/മൂത്തച്ഛൻ
അച്ഛന്റെ അനുജൻ~എളേപ്പൻ/എളേച്ചൻ/ആപ്പൻ
അച്ഛന്റെ മൂത്ത സഹോദരി~മൂത്തമ്മ/മൂത്തൊമ്മി
അച്ഛന്റെ അനുജത്തി~എളേമ്മ
മകന്റെ ഭാര്യ~എണങ്ങത്തി

മറ്റു ചില ക്രിയാ പദങ്ങൾ
വെരുത്ത് വെരുവ~വരിക
ചക്ക പൊളക്കൽ~ചക്ക പിള൪ത്തൽ
തുമ്മാൻ ചവക്ക്വ~വെറ്റില മുറുക്കൽ
തൂറലെളി~വയറിളകി
അലാക്കായിപ്പോയി~ബുദ്ധിമുട്ടായിപ്പോയി
അരീരിക്ക്വ~~അനുഗ്രഹിക്കുക
എളക്കെടാ ഓന അടിക്കല്ലാ~വിടെടാ അവനെ അടിക്കരുത്
കെനട് കുയിച്ചു~കിണ൪ കുഴിച്ചു

വാക്യഘടന
അനക്കൊന്നും കയ്ല~എനിക്കൊന്നും കഴിയില്ല
കാന്തിക്ക് കണ്ട് സയിക്കാൻ കയ്ഞ്ഞില്ല~ഗാന്ധിക്ക് കണ്ടു സഹിക്ക ാനായില്ല
ഓന് പറഞ്ഞാ തിരിയൂല~അവന് പറഞ്ഞാൽ മനസ്സിലാവില്ല.

പോക+അരുത് എന്ന നിഷേധാ൪ത്ഥം ഇവിടെ പോറ്, നിക്കറ്, എന്നിങ്ങനെ പ്രയോഗിക്കുന്നു. അരുത് എന്നതിനു പകരം "അറ് " എന്ന് ചുരുക്കി ഉപയോഗിക്കുന്നു.

മറ്റു സമുദായക്കാരെ ഇവ പ്രത്യേക പേരുകളിലാണ് വിളിക്കുന്നത്. ബ്രാഹ്മണർ തുടങ്ങിയ ഉയർന്ന ജാതിക്കാരെ" ചൊവ്വ൪", "ചൊവ്വത്തി "എന്നും വിളിക്കുന്നു. നമ്പ്യാൻമാരെ "എളങ്ങേല്", ചേത്ത്യാര് എന്നും വിളിക്കുന്നു. തിയ്യരെ "തണ്ടയൻ", "തണ്ടത്തി" എന്നും വിളിക്കുന്നു.

ഇംഗ്ലീഷ് ഭാഷാ രീതിയിലുള്ള വാക്യ ഘടന രീതിയും ഈ ഭാഷാഭേദത്തിലുണ്ട്.
"" ഓള് പായിച്ചീറ്റു അയ്ന "(അവൾ ഓടിച്ചു വിട്ടു അതിനെ)

"പോയി യോള് ഓന്റ കൂട" (പോയി അവൾ അവന്റെ കൂടെ)

"കൊട്ക്കണേ ചോറ്".

കണ്ണൂരിലേക്ക് ആദ്യമായി വന്ന കോട്ടയംകാരന് പറ്റിയ അമളി വായിച്ചറിഞ്ഞാലോ..?ബിജുകുമാർ എഴുതിയ ലേഖനത്തിൽ നിന്നും...
"...........................
ഇനി പറയാന്‍ പോകുന്നത് എനിയ്ക്കു പറ്റിയതല്ല, കോട്ടയംകാരനായ എന്റെ ഒരു ബന്ധുവിന് പറ്റിയതായി പറഞ്ഞു കേട്ടതാണ്. അങ്ങേര്  ഒരിയ്ക്കല്‍ ഞങ്ങളെ സന്ദര്‍ശിയ്ക്കാനായി വരുകയാണ്. കോട്ടയത്തു നിന്നും  കണ്ണൂര് ട്രെയിനു വന്നിറങ്ങിയ ശേഷം ഒരു ഹോട്ടലില്‍ ചോറുണ്ണാന്‍ കയറി. ഊണൊക്കെ കഴിഞ്ഞ് ഇല മടക്കി വച്ച്  കൈകഴുകാന്‍ എഴുനേറ്റു, കോട്ടയത്തൊക്കെ അങ്ങനെയാണ്. അതു കണ്ട് സപ്ലൈയര്‍ പറഞ്ഞു:

“ഇലയെടുത്ത് ചാടണം..”

പാവം ബന്ധു അന്തം വിട്ടു നിന്നു. ആദ്യമായാണ് കണ്ണൂരില്‍ വരുന്നത്. ഊണുകഴിഞ്ഞാല്‍ ഇവിടെ ഇങ്ങനെ ഒരു വ്യായാമപരിപാടിയുണ്ടെന്ന് എങ്ങനെ അറിയാന്‍ ? പറഞ്ഞതു തന്നോടല്ലന്ന മട്ടില്‍ അങ്ങേര്‍ പോകാനാഞ്ഞു. അപ്പോള്‍ വീണ്ടും സപ്ലൈയര്‍ ഉച്ചത്തില്‍:

“ഇങ്ങളോടല്ലേ പറഞ്ഞീനി ഇലയെടുത്ത് ചാടാന്‍..”

അതോടെ ബന്ധുവിന്, രക്ഷയില്ലെന്ന് മനസ്സിലായി. സ്വതവേ തന്റേടമില്ലാത്ത ആ സാധു ഇലയെടുത്ത് കൈയില്‍ പിടിച്ച്  മേല്‍പ്പോട്ടും കീഴ്പ്പോട്ടും രണ്ടു ചാട്ടം ചാടി. ഇതു കണ്ട് അന്തം വിട്ടത് സപ്ലൈയറും മറ്റുള്ളവരുമാണ്.

“ഇയാളെന്തിനേ ഇലയെടുത്തു തുള്ളുണേ..! ഇങ്ങളത് അവ്ടെ കൊണ്ടു ചാടറാ ! “

കൈകഴുകുന്നിടം ചൂണ്ടി സപ്ലൈയര്‍ പറഞ്ഞു. പാവം ബന്ധു ! കാര്യങ്ങളൊക്കെ മനസ്സിലാക്കി വന്നപ്പോഴേയ്ക്കും നാണക്കേടിന്റെ പരകോടിയിലെത്തിയിരുന്നു.

ഇനിയിപ്പോള്‍ ബസ്‌സ്റ്റാന്‍ഡിലേയ്ക്കാണു പോകണ്ടത്. കണ്ണൂര് രണ്ടുണ്ട് ബസ്‌സ്റ്റാന്‍ഡ്. ഒന്നു മുനിസിപ്പല്‍ ബസ്‌സ്റ്റാന്‍ഡും മറ്റൊന്ന് സിറ്റി സ്റ്റാന്‍ഡും. സിറ്റിബസ് മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ കയറാതെ, സമീപത്തു കൂടി പോകുകയേ ഉള്ളു. ഇതൊന്നുമറിയാത്ത പാവം, സിറ്റി ബസില്‍ കയറി മുനിസിപ്പല്‍ സ്റ്റാന്‍ഡിലേയ്ക്ക് ടിക്കറ്റെടുത്തു. സ്റ്റാന്‍ഡെത്തിയിട്ടും ബന്ധു ഇറങ്ങാത്തതു കണ്ട കണ്ടക്ടര്‍ പറഞ്ഞു:

“ഈടെ കീഞ്ഞാളാ..ഈടെ കീഞ്ഞാളാ..”

 പാവം, കണ്ണു തള്ളി കണ്ടക്ടറെ നോക്കി.

“ഇങ്ങളു കീയുന്നില്ലേനി ?“ കണ്ടക്ടര്‍.

“ എനിയ്ക്ക് മുനിസിപ്പല്‍ സ്റ്റാന്‍ഡിലായിരുന്നു ഇറങ്ങേണ്ടത്..”

“ഇതന്നെപ്പാ മുനിസിപ്പസ്റ്റാന്റ്..ഇങ്ങളു കീഞ്ഞാട്ടെ..”

ബന്ധു പിന്നെ വീടെത്തുന്ന വരെ വായ് തുറന്നില്ലത്രേ..!"

https://youtu.be/2oucv3IRsi4

കണ്ണൂർ ജില്ലയിലെ പുലയ ഭാഷാഭേദം ഏതൊക്കെ രീതിയിലാണ് എന്നു മനസ്സിലാക്കാൻ മുകളിൽ നൽകിയ ഉദാഹരണങ്ങളിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കട്ടെ.
[🏕🏕🏕🏕🏕🏕🏕🏕🏕🏕🏕🏕🏕