26-11-18b

📚📚📚📚📚

📚📚📚📚📚
കാബൂളിലെ പെൺകുട്ടികൾ
📚📚📚📚📚

'ലോകത്തില്‍ എന്തുമാകാന്‍ ഞാനിഷ്ടപ്പെടുന്നു
ഒരു സ്ത്രീയായൊഴിച്ചെന്തും
ഞാനൊരു തത്തയാകാം
പെണ്ണാടാകാം
മാനോ,മരത്തില്‍‍ പാര്‍ക്കുന്ന കുരുവിയോ ആകാം.
---------------------------
ഞാന്‍ പ്രകൃതിയിലെ എന്തുമാകാം
പക്ഷേ,ഒരു പെണ്ണാകാനില്ല
ഒരു അഫ്ഗാന്‍ പെണ്ണാകാനില്ല''.
    റോയ കാബൂള്‍

സ്ത്രീകളുടെ പേര് ഉച്ഛരിക്കാത്ത ഒരു സമൂഹം. അവളുടെ പേര് ഉറക്കെ പറയുന്നത് അപമര്യാദയായി കരുതിപ്പോരുന്ന ജനവിഭാഗം. അതെ അഫ്ഗാന്‍ ജനങ്ങള്‍ ഇന്നും ഈ കാഴ്ച്ചപ്പാടില്‍ ഉറച്ചുവിശ്വസിക്കുന്നവരാണ്. കുടുംബത്തിലെ മുതിര്‍ന്ന പുരുഷനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അഫ്ഗാന്‍ സ്ത്രീകളെ സമൂഹം തിരിച്ചറിയുന്നത്. ഇന്നയാളുടെ ഭാര്യ, അല്ലെങ്കില്‍ മകള്‍, സഹോദരി, സഹോദരിയുടെ പുത്രി അവളുടെ വിളിപ്പേരുകള്‍ വിശേഷണങ്ങളാണ്. സ്ത്രീക്ക് ഒറ്റയ്ക്ക് ഒരു നിലനില്‍പ്പില്ലെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നവണ്ണം അവരിന്നും കാലങ്ങളായി പിന്തുടരുന്ന ഈ വിശേഷണങ്ങളില്‍ സ്വന്തം സ്ത്രീകളുടെ വ്യക്തിത്വത്തെ അരുംകൊല ചെയ്യുന്നു.
ഒരു കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ പോലും പെറ്റമ്മയുടെ പേര് വേണ്ടതില്ലെന്ന് അഫ്ഗാന്‍ സമൂഹം വിശ്വസിക്കുന്നു. വിവാഹക്ഷണക്കത്തുകളില്‍ പോലും വരന്റേയും അച്ഛന്റേയും പേരുമാത്രമേ കാണാനാകൂ.

വംശപരമ്പര നിലനിര്‍ത്താനും കുടുബ ഭാരം ചുമക്കാനും കുടുംബത്തില്‍ ഒരാണ്‍കുട്ടി കൂടിയെ തീരു എന്ന ചിന്താഗതി ലോകത്തെല്ലായിടത്തും സമാനം  തന്നെ. എന്നാല്‍ അഫ്ഗാനി കുടുംബങ്ങള്‍ അവിടെ വ്യത്യസ്തമാകുന്നത്, കുടുബത്ത്  ആണ്‍കുട്ടികള്‍ ഇല്ലെങ്കില്‍ ഉള്ള പെണ്‍കുട്ടികളിലൊരാളെ ആണ്‍കുട്ടിയാക്കി തീര്‍ക്കുന്നതിലൂടെയാണ്. മുടി മുറിച്ചും, ആണ്‍വേഷങ്ങള്‍ ധരിപ്പിച്ചും ആണ്‍ പേര് നല്‍കിയും അവര്‍ തങ്ങളുടെ പെണ്‍കുട്ടിയെ കുടുംബത്തിലെ ആണ്‍തരിയാക്കുന്നു. വ്യത്യസ്ത ദേശങ്ങളില്‍ സ്ത്രീത്വം മറച്ച് വച്ച് സാമൂഹ്യപദവിയും ജീവിത സ്വാതന്ത്ര്യവും തിരിച്ച് പിടിക്കാന്‍ പുരുഷവേഷം കെട്ടിയ സ്ത്രീകള്‍ ചരിത്രത്തിലുണ്ട്.എന്നാല്‍ ആചാരത്തിന്‍റെയും വിശ്വാസത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും അഭിമാനത്തിന്‍റെയും പേരിലെല്ലാം  അഫ്ഗാനിസഥാനില്‍ ഇന്നും ഇത് തുടരുന്നു.ലോകത്തെ സ്തബ്ധമാക്കിയ ആ അനുഭവവിവരണമാണ് പ്രശസ്ത സ്വീഡിഷ് സാമൂഹിക പ്രവര്‍ത്തകയായ ജെന്നി നോര്‍ദ്ബെര്‍ഗ്  ''കാബൂളിലെ പെണ്‍കുട്ടികള്‍'' എന്ന ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്.

 നിരന്തരം അധിനിവേശത്തിനും യുദ്ധത്തിനും  ഇരയാകുന്ന  ഒരു രാജ്യത്ത് , കടുത്ത യാഥാസ്ഥിതികകമായ സമൂഹത്തില്‍ പുരുഷ മേധാവിത്വത്തിന്‍റെ ഹുങ്കിനു കിഴില്‍ ജീവിക്കേണ്ടി വരുന്ന അഫ്ഗാന്‍ സ്ത്രീകളുടെയും ആണ്‍കുട്ടികളില്ലാത്ത വീട്ടില്‍ ആണ്‍വേഷം കെട്ടി ഒരു കുടുംബത്തെ അപമാനത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും കരയറ്റാന്‍ ശ്രമിക്കുന്ന ദൗര്‍ഭാഗ്യവതികാളായ (ഭാഗ്യവതികളായ)പെണ്‍ ജീവിതങ്ങളെയും നമുക്കീ പുസ്തകത്തില്‍ കാണാം. പുരുഷാധിപത്യത്തിന്‍റെ  കൈപ്പിടിയിലമര്‍ന്ന്  സ്വന്തമായി ശബ്ദമോ മുഖമോ ഇല്ലാത്ത  അഫ്ഗാന്‍ സ്ത്രീകളുടെ പ്രതിനിധികളെയാണ്  ഈ പുസ്തകത്തില്‍ ഗ്രന്ഥകാരി നമ്മുടെ മുമ്പില്‍ തുറന്ന് വയ്ക്കുന്നത്. കേന്ദ്ര കഥാപാത്രമായ അസിതയുടെ മകള്‍  മെഹ്റാന്‍ മുതല്‍  ഷാഹിദ് വരെയുള്ള അഫ്ഗാനിലെ ഒാരോ പെണ്‍കുട്ടിയുടെയും  ദുരന്ത ചിത്രങ്ങള്‍ നമ്മെ  ഒട്ടൊന്ന്  നൊമ്പരപ്പെടുത്തുക തന്നെ ചെയ്യും.

പുസ്തകം - കാബൂളിലെ പെണ്‍കുട്ടികള്‍
എഴുത്ത് - ജെന്നി നോര്‍ദ്ബെര്‍ഗ്.
വിവര്‍ത്തനം - കബനി
പ്രസാധനം - സമത തൃശൂര്‍
വില - 200
കുറിപ്പ് തയ്യാറാക്കിയത് - ജോയിഷ് ജോസ്
9656935433

🌾🌾🌾🌾🌾