വിട്ടുപോകൂ
വിജയലക്ഷ്മി
മാതൃത്വത്തിന്റെ നനവ് വിജയലക്ഷ്മിക്കവിതകളുടെ നിത്യഭാവമാണ്. അമ്മയായി നിന്ന് മകനോടോ മകളോടോ സംസാരിക്കുന്ന കവിതകളിൽ അതേറെ പ്രകടമാവുന്നു എന്നു മാത്രം. അത്തരത്തിലൊരു കവിതയാണ് 'വിട്ടു പോകൂ".
മലയാളത്തിൽ എൺപതുകളുടെ തുടക്കം പടിയിറങ്ങുന്ന ഉണ്ണികളുടേതായിരുന്നു; കവിതയിലും കഥയിലും. യാത്രാപ്പാട്ടും, യാത്രാമൊഴിയും അവയിൽ ജനപ്രീതി കൊണ്ട് വേറിട്ടു നിൽക്കുന്നു എന്ന് നിരീക്ഷിക്കാം. ഡി.വിനയചന്ദ്രനെയും ബാലചന്ദ്രൻ ചുള്ളിക്കടിനെയും മാത്രമെടുത്താൽ ( അവരാണൊന്നാം സ്ഥാനക്കാർ ) മൂന്നു പതിറ്റാണ്ടിന്റെ കൊഴിക്കലും കിഴിക്കലും കഴിയുമ്പോൾ, യാത്രാമൊഴി എതിരുകളെയെല്ലാം പടി ചാരിച്ചു എന്നു വ്യക്തമാണല്ലോ. വിജയലക്ഷ്മിയുടെ വിട്ടു പോകൂ എന്ന കവിത ബാലചന്ദ്രന്റെ യാത്രാമൊഴിയുമായി വല്ലാതെ സംവദിക്കുന്നുണ്ടെന്നു് എനിക്കു തോന്നു.
ഈ കവികളുടെ ദാമ്പത്യം ചേർച്ചയില്ലായ്മയുടെ സ്വരമുയർത്തിയിരുന്നു എന്ന കേട്ടുകേൾവിക്കപ്പുറം ആ ജീവിതത്തെ എനിക്കറിത്തതു കൊണ്ടു തന്നെ കവിതാ ചർച്ചയിൽ വ്യക്തി കടന്നു വരുന്നില്ല എന്ന് ആദ്യമേ സൂചിപ്പിക്കുന്നു.
അമ്മയോട് യാത്ര പറഞ്ഞാണ് ബാലന്റെ ഉണ്ണി പടിയിറങ്ങുന്നത്. ഉണ്ണിയെ പടിയിറക്കുന്ന അമ്മയാണ് വിട്ടു പോകൂ വിലെ കഥാപാത്രം.
അമ്മക്ക് ഉണ്ണി ജീവിതം നൽകിയ ചെന്നിനായകത്തെ മധുരിപ്പിച്ച അത്ഭുതമാണ്. കണ്ണിരിനെ ചിരിക്കരച്ചിലിലലിയിച്ച, കരച്ചിലിനു പകരക്കാരനാവുന്ന, അമ്മയെ ഭൂമിയാക്കുന്ന ഉപഗ്രഹം. പക്ഷേ ഏതാനും നാളിൽ തോളെരിയിക്കും കനൽക്കാവടിയുമായവൻ പിച്ചക്കിറങ്ങേണ്ടി വരുമെന്നമ്മക്കറിയാം. ആ യാത്രക്കൊടുവിൽ ഒരു തിരിച്ചുവരവു വേണ്ടിവന്നാൽ തണലോ ചേക്കയോ ആയി ( കാതലറ്റമരത്തിൻ നിലാത്തറയായോ, കൊടുംവേനലിലെ കരിന്തണലായോ) താനുണ്ടാവുമെന്നാണമ്മയുടെ സ്വാന്തനം. യാത്രാമൊഴിയിൽ ഉണ്ണിയാത്രയാവുന്നത് ദുരിതം കൊണ്ടൊരു നിറപറ നിറച്ചു വച്ചിട്ടാണ്. നിറമിഴിയിൽ ഒരു വഴിയും തിരിയാതെയാണ് യാത്ര! രാമ ദുഃഖങ്ങളേറ്റെടുക്കാനാണു യാത്ര! .ഈ യാത്രപറമച്ചിലിൽ ഉണ്ണിയുടെ നെഞ്ചകമേയുള്ളൂ. അമ്മയുടെ ദു:ഖമില്ല!താനായുണ്ടാക്കിയ തന്റെ വിധി താൻ തന്നെ അനുഭവിച്ചു തീർക്കാൻ ഒരുമ്പെടുന്ന ഉണ്ണിയുടെ ദുഃഖം അമ്മയുടെ മനസ്സു കാണാതെ പോകുന്നു!
ഈ മകനോടുള്ള അമ്മയുടെ മറുപടിയാണ് വിട്ടു പോകൂ. സർപ്പമാണിക്യമായി എന്റെ ശിരസ്സിൽ നീ ഇരിക്കയാണ് ,അതിനാലീ അമ്മക്ക് വിശ്രാന്തി ഇല്ല. ഞാനിവിടെ തളർന്നു തിരിച്ചെത്തുന്ന നിന്നെ സംരക്ഷിക്കാൻ കാത്തിരുന്നേക്കാം ,അതിനർത്ഥം നീ തിരിച്ചു വരണമെന്നല്ല. ഒരു തീപ്പക്ഷിയായി ചക്രവാള സീമകൾക്കപ്പുറത്തേക്ക് പോവുക. സമാന്തരങ്ങൾ സംയോജിക്കുന്നഅവിടെ എത്തി മേഘങ്ങളോട് മഴയുടെ ജീവ ഗാനമാലപിച്ച് അവയെ ഭൂമിയുടെ മഴയായി പരിവർത്തിപ്പിക്കാനുള്ള രാസത്വരകമാവാനാണ് അമ്മയുടെ ആശിസ് .
ഭ്രാന്ത മോഹങ്ങളുടെ സ്വയം നിർമ്മിച്ച തീച്ചൂളയിൽ ദഹിച്ചു കൊണ്ടിരികുന്ന (ബാലനെപ്പോലെയുള്ള) കവി മക്കൾക്ക് വിജയലക്ഷ്മിയിലെ അമ്മ കൊടുക്കുന്ന സന്ദേശമാണത്.
അവർ ഭാര്യാഭർത്താക്കൻമാരായിരുന്നു എന്നൊക്കെ ആക്ഷേപിക്കാൻ വരട്ടെ. പെണ്ണ് അമ്മയാവുമ്പോൾ "നിശ്ചയമന്നു ലോകാമ്പയായി " എന്ന മാതൃഹൃദയത്തിന്റെ അവസ്ഥാ മാറ്റമാണിതെന്നു് അവർക്ക് സമാധാനിക്കാം.
വളരെ ചെറിയ വാക്യങ്ങളിലൂടെ ജീവിതത്തിന്റെ മറുകരയിലേക്കൂളിയിടാനുള്ള വിജയലക്ഷ്മിയുടെ കൈയടക്കത്തിന് അടിവരയിടുന്ന കവിതയാണിത്. ഒപ്പം ഓരോ കവിതയിലും ഒരായിരം കവിതകളെ അനുസ്മരിക്കുന്ന സ്ഥിരം വിജയലക്ഷ്മി ശൈലിയുടെ അപര സാന്നിദ്ധ്യവും .
രതീഷ് - തോന്നലുകൾ
🌾🌾🌾🌾🌾
വിട്ടുപോകൂ - വിജയലക്ഷ്മി